നഷ്ടസ്വപ്നം – രചന :NKR മട്ടന്നൂർ
ഞാനാ പറഞ്ഞത് മീരയോട് അച്ഛന്‍റെ വാക്കുകള്‍ അനുസരിക്കാന്‍. എത്ര നാള്‍ വരെ കാത്തിരിക്കാനും മീര തയ്യാറാണെങ്കിലും അച്ഛന്‍ വല്ലാതെ സമ്മര്‍ദ്ദത്തിലാക്കുവാന്ന് പറഞ്ഞു. എന്തിനാ ഈ കാത്തിരിപ്പെന്ന് ചോദിച്ചു ഒത്തിരി വട്ടം.
ഒരു ബാങ്കു മാനേജരുടെ അന്തസ്സിനും അഭിമാനത്തിനും ചേര്‍ന്നൊരു ബന്ധമാ ഒത്തു വന്നിരിക്കുന്നത്. രാകേഷിനെ പോലൊരു ഓട്ടോ മെക്കാനിക്കിന് ഒരിക്കലും എങ്ങനെ ചേര്‍ത്താലും ചേരാതെ കിടക്കുകയാ മീരയെന്ന രാജകുമാരിയെ പോലുള്ള പെണ്ണ്.
മീരാ….അര്‍ഹതയൊന്നും നോക്കാതെ ഈ മിഴികളെ പ്രണയിച്ചു പോയതാ ഞാന്‍. എന്നെ ഓര്‍ത്തില്ല എന്‍റെ നിലയോ വിലയോ ഓര്‍ത്തില്ല ഞാന്‍. ഒന്നും മോഹിച്ചായിരുന്നില്ലാ. ഈ കണ്ണുകളെന്നും കാണാന്‍ കൊതിച്ചതും വഴിയോരത്ത് കാത്തിരുന്നതും. ഈ ചാരത്തിരുന്നപ്പോള്‍
സമ്മതം ചോദിക്കാതെ നെയ്തു കൂട്ടിയ സ്വപ്നങ്ങളുണ്ട്. അതു മതിയാവോളം നെഞ്ചില്‍ സ്വരുക്കൂട്ടി വെച്ചിട്ടുണ്ട്. അതൊക്കെ മതി ഇനിയുള്ള കാലം ജീവിച്ചു തീര്‍ക്കാൻ.
ആരോടൊത്തെങ്കിലും ഒരു ജീവിതം പങ്കു വെയ്ക്കുവാണേല്‍. അതിന്നായ് ഒത്തിരി കൊതിച്ചതും ഒരുപാട് മോഹിച്ചതും ഈ മുഖമായിരുന്നത് യാദൃശ്ചികമാവാം. അന്നു മീര…രാകേഷിന് ഇണങ്ങിയവളായിരുന്നു. പക്ഷേ മുകളിലിരിക്കുന്ന ആ മനസ്സിന് തോന്നിയിട്ടുണ്ടാവും ഇവനീ അപ്സരസിനോടൊത്ത് അങ്ങനെ കൊതിച്ചും സുഖിച്ചും പ്രണയിച്ചും വാഴേണ്ടാന്ന്.
എഴുതിയ പരീക്ഷകളെയെല്ലാം തോല്‍പിച്ച് വിജയം മാത്രം കൊയ്തെടുക്കാറുള്ള നിന്നെ ഏറ്റവും മേലേ കേറി ഇരുന്ന് ആ ആകാശജീവി അനുഗ്രഹിച്ച് ഒരുപാട് ഉയരങ്ങളില്‍ കൊണ്ടു ചെന്നിരുത്തി. ഞാനാ പിറകേ നടന്നതും കുറേ മോഹങ്ങളെ നെയ്തു കൂട്ടിയതും. എല്ലാം നല്ലതിനാവും അല്ലേ. ചേരുന്നതേ ചേര്‍ക്കാവൂ. നഷ്ടപ്പെടുന്നതേ അരികിലെത്തൂ എന്നൊരു ജാതകാ എന്‍റേത്. ആവണം അങ്ങനെ തന്നെ ആവണം. അതാണല്ലോ എന്‍റെ എന്നത്തേയും വിധി. ഓര്‍ക്കുവോ എന്നെങ്കിലും…? മറക്കാതിരിക്കുവാനും മാത്രം ഞാനാരുമല്ലായിരുന്നു അല്ലേ…?
ഏട്ടാ…മതി…ഇനിയും ഇനിയും എന്നെ നോവിക്കല്ലേ. ഞാനിതാ ഈ അരികിലുണ്ട്. ഒരു താലി എന്നില്‍ ചാര്‍ത്താന്‍ ഇപ്പോള്‍ ഈ നിമിഷം നിങ്ങള്‍ തയ്യാറാണെങ്കില്‍ എനിക്കതിന് സമ്മതമാ ഇപ്പോഴും. നിങ്ങള്‍ തന്നെയാ അതിനെ എതിര്‍ക്കുന്നത്. ഒരു ബാങ്ക് മാനേജരെന്ന പദവിക്ക് ഒരിക്കലും ചേരാത്തതാ ഓട്ടോ മെക്കാനിക്കെന്നും പറഞ്ഞ് എന്നെ അകറ്റി നിര്‍ത്തുവാ നിങ്ങള്‍.
അതു ശരിയല്ലേ മീരാ. മുന്നോട്ടുള്ള യാത്രയില്‍ അതൊരു തെറ്റ് തന്നെയാവും എപ്പോഴും. ഈ പ്രണയം അതൊരു നഷ്ടസ്വപ്നമാവണം. രാകേഷിന് ഒരിക്കലും നേടാനാവാത്തൊരു സ്വപ്നം അതാവണം എന്നുമീ മീര……!