രചന: ദിവ്യ അനു അന്തിക്കാട്
ഒരു നീണ്ട രാത്രി നമ്മുടെ മുന്നിലുണ്ട് നമുക്ക് സംസാരിച്ചിരിക്കാം ഇന്ന് മുഴുവൻ…
റാം…ഇതിനാണോ എന്നെ വിടാതെ പിന്തുടർന്നും കാല് പിടിച്ചും ഒരു രാത്രിക്കുവേണ്ടി കെഞ്ചിയത്…? റാം…റാമിന് അറിയാമോ എത്ര വലിയവലിയ ആളുകൾ എനിക്ക് വേണ്ടി ക്യൂ നിൽക്കുന്നുണ്ടെന്നു…? തന്റെ ഭ്രാന്തിന് എന്തിനെന്റെ വിലപ്പെട്ട രാവുകൾ…?
“രാഗിണി…”
“നോക്ക് റാം, എന്റെ പേര് രാഗിണി എന്നല്ല എനിക്കാ പേരെന്തുകൊണ്ടോ ഒട്ടും പിടിക്കുന്നില്ല. എന്നെ ആ പേര് വിളിക്കരുത്. എന്റെ പേര് “ഋതു” എന്നാണ്…നോക്കു എത്രനല്ല പേരാണത്..!! മാറിമാറിവരുന്നവർക്കു മുന്നിൽ വേഷങ്ങൾ അണിഞ്ഞും അഴിച്ചും, ആ എനിക്ക് ഋതു എന്നല്ലാതെ ഏത് പേര് ചേരും…?”
“നീ നീയെന്റെ രാഗിണിയാണ്. എന്റെ പ്രണയം…എന്റെ ജീവിതം മാറ്റി മറിച്ച എന്റെ പ്രണയം. നിന്റെ രൂപം, നിന്റെ നടത്തം എല്ലാം എന്റെ രാഗിണിയുടേത് പോലെത്തന്നെ…”
“ദൈവമെന്നൊരു ശക്തി അതുണ്ടെന്നതിന്റെ തെളിവാണ് ഞാനിപ്പോഴും ജീവനോടിരിക്കുന്നത്. അല്ലെങ്കിൽ വർഷങ്ങളോളം എന്റെ രാഗിണിയുടെ ഓർമ്മയിൽ ജീവിച്ചിരുന്നെനിക്കു ജീവിതം മടുത്തു ആത്മഹത്യാ ചെയ്യാൻ ഇത്രയും ദൂരം വരാനും ആത്മഹത്യാ ശ്രമത്തിൽ നിന്നും രക്ഷിച്ച പോലീസിന്റെ കൂടെ നിന്നെ കാണാനും കഴിയുമായിരുന്നോ…?”
“നിനക്കെന്റെ രാഗിണിയുടെ ഗന്ധമല്ല, ഞാൻ പ്രണയിച്ചിരുന്ന എന്റെ രാഗിണിക്ക് ചന്ദനത്തിന്റെ ഗന്ധമായിരുന്നു. കാച്ചെണ്ണയിൽ തിളങ്ങിയ അവൾക്കു വല്ലാത്തൊരു വശ്യ ഗന്ധമായിരുന്നു. നിന്നെക്കാളും നിറയെ തലമുടിയും…അങ്ങനെ ഒരുപാട് മാറ്റങ്ങളുണ്ടെങ്കിലും നീ…നീയെന്റെ രാഗിണിയുടെ ഛായ തന്നെയാണ്…”
“എന്റെ കഥ കേൾക്കണോ നിനക്ക്…? അല്ലെങ്കിൽ നീ കേൾക്കണം. കോളേജിൽ തുടങ്ങിയ പ്രണയമായിരുന്നു ഞാനും എന്റെ പെണ്ണും…വീട്ടുകാർ എതിർക്കില്ലെന്ന് ഉറപ്പുള്ളൊരു ബന്ധം. പിജി കഴിഞ്ഞിറങ്ങി എനിക്ക് ജോലികിട്ടി വിദേശത്തേക്ക് പോകും മുൻപേ വീട്ടുകാർ ഞങ്ങളുടെ വിവാഹ നിശ്ചയം നടത്തി. ഞാൻ പോകുമ്പോൾ നിറകണ്ണുകളോടെ നോക്കി നിന്ന എന്റെ രാഗിണിയെ അവസാനമായി കണ്ടതന്നായിരുന്നു…”
“പത്തുവർഷം കഴിഞ്ഞിന്നുവരെ അവളെവിടെ പോയെന്നർക്കുമറിയില്ല. അവളുടെ അമ്മ മരിച്ചിട്ട് പോലും അവൾ വന്നില്ല. ജീവിച്ചിരിപ്പുണ്ടോ എന്നുപോലും ആർക്കുമറിയില്ല…”
“ഒന്ന് നിർത്തുമോ റാം…മനം മടുക്കുന്നു തന്റെ കഥ കേട്ടിട്ട്. ഒരു പ്രണയം. എനിക്ക് വിശ്വാസമില്ലാത്ത ഒരേഒരു കാര്യം പ്രണയം മാത്രമാണ്. മനുഷ്യർക്കിടയിൽ ഒരേ ഒരു ബന്ധം മാത്രമേ ഉള്ളു…അത് ശാരീരികമായ പ്രണയം മാത്രം. റാം വരൂ തനിക്ക് തന്റെ രാഗിണിയെ നഷ്ടപ്പെട്ടതിന്റെ വേദന മറക്കാൻ ഞാൻ സഹായിക്കാം. വരൂ റാം….”
സ്വയം വിവസ്ത്രയാകാൻ തുടങ്ങിയ ഋതുവിന്റെ വസ്ത്രങ്ങൾ പിടിച്ചു നേരെയാക്കി കൊടുത്തിട്ട് റാം പറഞ്ഞു… “ഒരു പുരുഷന് വസ്ത്രമില്ലാതെ നിൽക്കുന്ന സ്ത്രീയോട് പ്രത്യേകിച്ചു ഒരു ഇഷ്ടവും തോന്നില്ല ഋതു…മറിച്ചു എല്ലാ വസ്ത്രത്തോടും കൂടിയ അവളോട് അവളുടെ പെരുമാറ്റം കൊണ്ടോ, അല്ലെങ്കിലവളുടെ അഴകുകൊണ്ടോ അവളിലൊരു പ്രണയം തോന്നും. ആ പ്രണയത്തിൽ നിന്നുമാത്രമേ യഥാർത്ഥ ശാരീരികഇഷ്ടം തോന്നുകയുള്ളൂ….”
“മതി, നിർത്തു റാം…പത്തുവർഷത്തോളം എന്നിൽ വരുന്ന ഭൂരിഭാഗം ആളുകൾക്കും ഇരുട്ടിൽ വരുന്ന പ്രണയം മാത്രമേ ഞാൻ കണ്ടിട്ടുള്ളു, അനുഭവിച്ചിട്ടുള്ളു…എനിക്കും ആ പ്രണയം മാത്രമാണിഷ്ടം. എന്നെ തിരിച്ചുകൊണ്ടാക്കൂ റാം. തനിക്കൊന്നും എന്നെ പറ്റത്തില്ല. എനിക്ക് തന്നെയും. സൊ എനിക്ക് ഈ രാവ് കളയാനാകില്ല താൻ വന്നില്ലെങ്കിലും കുഴപ്പമില്ല ഞാൻ ടാക്സിയിൽ പൊയ്ക്കൊള്ളാം.”
ഇതും പറഞ്ഞവൾ ഇറങ്ങുമ്പോൾ റാം അവളെ തിരികെ വിളിച്ചില്ല. കാരണം അവൾക്കു ബാഹ്യമായ രൂപമേ ഉള്ളു രാഗിണിയെപ്പോലെ…മനസ്സുകൊണ്ടവൾ വേറെ ആരോ…ഒരിക്കലും തനിക്കുമനസ്സിലാകാത്ത സ്വഭാവമുള്ളവൾ…
“ടാക്സിയിൽ ഇരുന്ന് അവൾ പഴയ രാഗിണിയെന്ന ഇന്നത്തെ ഋതുവിന് സ്വന്തം ചെറിയച്ഛന്റെ പീഡനത്തിരയാവേണ്ടിവന്നതും, ആരോടുമൊന്നും പറയാനാകാത്ത വിധത്തിൽ മാനസികനില തെറ്റുന്ന അവസ്ഥയോളം എത്തിച്ചേർന്നതും ആരോടും പറയാനാകാതെ നാട് വിട്ടതുമെല്ലാം പലപ്പോഴും പേടിസ്വപ്നമായി ദേഹമുലയ്ക്കാറുണ്ടായിരുന്നു. നാടുവിട്ട് എത്തിച്ചേർന്നത് എന്തിനെ ഭയപ്പെട്ട് ഓടിയോ അതിനേക്കാൾ വലിയതിലേക്കായിരുന്നു.”
“അതെ ഇന്നത്തെ ഋതുവിലേക്കുള്ള ദൂരം അതാർക്കും ചിന്തിക്കാൻ പോലുമാകാത്ത അത്രയും ദൂരമാണ്….”
“റാമിനെ ആദ്യം മുബൈയിൽ വച്ച് കണ്ടപ്പോൾ ഒന്ന് പതറിയെന്നുള്ളത് നേരാണ്. പക്ഷെ തിരിച്ചു കിട്ടാത്ത ലോകത്തെ കുറിച്ചിനിയെന്തു ചിന്ത, എന്ത് വിഷമം…”
“ഭയ്യ പൻവേൽ സിറ്റി ഹോട്ടൽ കെ പാസ്സ് ജാനാ ഹേ…”
കാറിൽ നിന്നിറങ്ങി ഇടുപ്പിലെ സാരി കുറച്ചുകൂടെ താഴോട്ടാക്കി അവൾ നടന്നു, മുബൈ സിറ്റിയുടെ നിശാപുത്രി ഋതുവായി….