ദിവ്യ പ്രണയം – രചന : NKR മട്ടന്നൂർ
ദിവ്യയെ എനിക്കു വേണായിരുന്നു. ഇപ്പോഴാണങ്ങനെ തോന്നിയത്. ഇന്നലെ വരെ അവളെന്നരികിലുണ്ടായിരുന്നു. ഇന്നു രാവിലെ ഒരു വാദ്ധ്യാര്‍ വന്നു അവളെ പെണ്ണുകാണാന്‍.
ഇന്നലെ ദിവ്യ എന്നോട് നാളെ പത്തുമണിക്ക് വീട്ടിലേക്ക് വരണം എന്നേ പറഞ്ഞിരുന്നുള്ളൂ. പതിവിലും അണിഞ്ഞൊരുങ്ങിയ പെണ്ണിന്‍റെ മുഖത്തെ നാണം കണ്ടപ്പോഴേ ഒരു പന്തികേട് തോന്നിയുള്ളൂ. ഒടുവില്‍ അഞ്ചുപേര്‍ ഒരു കാറില്‍ വന്നു മുറ്റത്തിറങ്ങി. ദിവ്യയുടെ വീട്ടുകാരോടൊപ്പം ഞാനും അഥിതികളെ സല്‍ക്കരിക്കാന്‍ കൂടി.
വരാന്തയുടെ കോണില്‍ പോയി നിന്നു ഞാനാ കാഴ്ച കണ്ടപ്പോഴായിരുന്നു ഉള്ളിലെവിടേയോ ഒരു നീറ്റലനുഭവപ്പെട്ടത്. ഒരു ട്രേയിൽ ചായയുമായ് ദിവ്യ അവര്‍ക്കു മുന്നിലേക്ക് പോവുന്നതും അവനു മുന്നില്‍ നിന്ന് ചായ നീട്ടുന്നതും വരെ കണ്ടു. പിന്നെ വീട്ടിലേക്ക് പോയി. എവിടേയോ എന്തോ ഒരു വല്ലായ്മ. അകത്തു കേറിവാതില്‍ കുറ്റിയിട്ടു കിടക്കയില്‍ വീണു. കുറേ നേരം കിടക്കാന്‍ കഴിഞ്ഞില്ല. എഴുന്നേറ്റു ഡയറിയില്‍ സൂക്ഷിച്ചുവെച്ച കുറേ ഫോട്ടോകള്‍ കയ്യിലെടുത്തു. പിന്നേയും കിടക്കയില്‍ പോയി കിടന്നു. എന്തിനെന്നറിയാത്തൊരു നോവ് നെഞ്ചില്‍ കെട്ടി നില്‍ക്കുന്നു.
ദിവ്യ ഇവിടെ എത്തിയിട്ട് മൂന്നുവര്‍ഷമാവുന്നു. അവര്‍ ഞങ്ങളുടെ പഴയ വീട്ടില്‍ വാടകയ്ക്കാ താമസിക്കുന്നത്. ദിവ്യയുടെ അച്ഛനൊരു സര്‍ക്കാറോഫീസിലെ പ്യൂണാണ്. അമ്മ സ്വസ്ഥം. ആണും പെണ്ണുമായ് ദിവ്യ മാത്രം. കോളജില്‍ പഠിക്കുന്നു. താമസം തുടങ്ങിയ ആദ്യ നാളുകളിലൊന്നും അവള്‍ അടുത്തേക്ക് വന്നിരുന്നില്ല. ഒരു നാള്‍ ഒരുസംഭവമുണ്ടായി. അതോടുകൂടിയാ പരസ്പരം മിണ്ടാന്‍ തുടങ്ങിയത്.
പതിയെ പതിയെ രണ്ടു കുടുംബങ്ങളും നന്നായ് അടുത്തു. ഈയടുത്ത കാലത്താണ് ഞങ്ങള്‍ വല്യ കൂട്ടായത്. ഏതാവശ്യത്തിനും എന്‍റരികിലേക്ക് ഓടി വരുമായിരുന്നു. ഞങ്ങള്‍ ഭേദപ്പെട്ട നിലയിലായിരുന്നതിനാല്‍ ഞാന്‍ അവളെ കണ്ടറിഞ്ഞ് സഹായിക്കാറുണ്ടായിരുന്നു. ദിവ്യയുടെ അച്ഛന്‍റെ വരുമാനം വീടുപണി നടക്കുന്നതിനാല്‍ ഒന്നിനും തികയാതെ പോന്നു. പലപ്പോഴും ദിവ്യയുടെ കണ്ണുകള്‍ അറിയാതെ നിറയാറുണ്ട്. ഒന്നും വേണ്ടാന്ന് പറയുമെങ്കിലും അവള്‍ നന്നായി അണിഞ്ഞൊരുങ്ങി നടക്കുന്നത് കാണാനുള്ള മനസ്സിന്‍റെ കൊതി കാരണം ഞാന്‍ വേണ്ടതു പോലെ സഹായിച്ചു.
ദിവ്യയുടെ അമ്മ ഒരു മകനുളള സ്നേഹം എനിക്കു തരാറുണ്ട്. കണ്ണടഞ്ഞു പോയി ഓര്‍മ്മകളുടെ ഭാരത്താല്‍. മൊബൈല്‍ ഫോണില്‍ കോള്‍ വന്നപ്പോഴായിരുന്നു ഉറക്കത്തിലായിരുന്നു എന്നറിഞ്ഞത്. ദിവ്യയോടൊത്ത് നടക്കുകയായിരുന്നു എവിടേക്കോ. പെണ്ണ് വാ തോരാതെ സംസാരിക്കുന്നുണ്ടായിരുന്നു. ദേഹത്തൊട്ടി നടക്കുകയായിരുന്നു.
കണ്ണു തുറന്നു നോക്കുമ്പോള്‍ പാട്ടുണ്ട്. കോള്‍ എടുത്തു.
മാഷേ എവിടാ…? ഒന്നും മിണ്ടാതെ നിന്നു.
ചോദ്യം…മുറിക്കകത്താണോ…? ഉം…അറിയാതെ മൂളി.
എന്നാല്‍ വാതിലു തുറന്നാട്ടെ. ഒന്നുമോര്‍ക്കാതെ പോയി വാതില്‍ തുറന്നു. ഒരു സുഗന്ധവുമായ് ദിവ്യ മുറിക്കുള്ളിലേക്ക് കയറി വന്നു. ഏതോ ഓര്‍മ്മയാല്‍ തിരിഞ്ഞു കിടക്കയിലേക്ക് നോക്കുമ്പോഴേക്കും ദിവ്യ ആ ഫോട്ടോസ് കയ്യിലെടുത്തു കഴിഞ്ഞിരുന്നു. ആഹാ..കൊള്ളാല്ലോ. ഓരോ ചിത്രം മറിക്കുമ്പോഴും അവളുടെ കണ്ണില്‍ ഒരായിരം ഭാവങ്ങള്‍ മിന്നിമറഞ്ഞു.
എന്‍റെ ഫോണില്‍ ഞാന്‍ അവളറിയാതെ പകര്‍ത്തിയ ദിവ്യയുടെ പലതരം ഫോട്ടോകളായിരുന്നു അതെല്ലാം. മുറ്റത്ത് തനിയെ കൊത്തംക്കല്ല് കളിക്കുന്നതും കയറിന്‍റെ രണ്ടറ്റം പിടിച്ചു താളത്തില്‍ ചാടുന്നതും , പൂത്തുമ്പിയെ പിടിക്കാന്‍ പോവുന്നതും കുറിഞ്ഞിപൂച്ചയെ കൊഞ്ചിക്കുന്നതും. അങ്ങനെ അങ്ങനെ അവളുടെ എത്രയോ ഭാവങ്ങള്‍. അവസാനത്തെ ഫോട്ടോയിലേക്ക് നോക്കി നിന്നു ഒരുപാട് നേരം. ഞാനവള്‍ക്ക് പുറംതിരിഞ്ഞു നിന്നു. വരാന്‍ പോവുന്ന ചോദ്യങ്ങളേ ഓര്‍ത്തു. അതിനുള്ള ഉത്തരങ്ങള്‍ തേടി മനസ്സില്‍.
മാഷേ….പിന്നില്‍ നിന്നും പിടിച്ചെന്നെ അവള്‍ക്കഭിമുഖമായ് നിര്‍ത്തി. എന്തായിത് ..? അതിലൊരു ഫോട്ടോ എന്‍റെ കണ്ണിനുമുന്നില്‍ കാട്ടി. ഉമ്മറപ്പടിയില്‍ ചാരിയിരുന്ന് വിദൂരതയിലേക്ക് നോക്കുന്ന മനോഹരിയായ ദിവ്യ. അഴിച്ചിട്ട മുടിയിഴകള്‍. ആകെ ഒരു പ്രത്യേക ചന്തമുണ്ട്.
അത് ദിവ്യ…..
ഉം..അതു മനസ്സിലായി. അതിന് പിറകില്‍ എഴുതിയത്…?
ഞാനാ അക്ഷരങ്ങളിലേക്ക് നോക്കി. ഒരുനാള്‍ ഞാന്‍ സ്വന്തമാക്കും ഈ മുഖം. ഞാനവളുടെ മുഖത്തേക്ക് നോക്കി. ഒരു നിമിഷം എന്‍റെ മിഴികളിലൂടെ ആ നോട്ടം കയറിയെന്‍ ഹൃദയകവാടം വരെ വന്നു. പിന്നെ ഒന്നും മിണ്ടാതെ ആ ഫോട്ടോയുമായ് പൊയ്ക്കളഞ്ഞു. മനസ്സില്‍ നേരിയ കുറ്റബോധം നിഴലിട്ടു. ചെയ്തത് തെറ്റാണല്ലോ…? അനുവാദമില്ലാതെ ആരുടേയും ഫോട്ടോ പകര്‍ത്താന്‍ പാടുള്ളതല്ല. ഇവിടെ ഒന്നല്ല ഇരുപതോളം ഫോട്ടോസ് എടുത്തു സൂക്ഷിച്ചിട്ടുണ്ട്. പോരാതെ പലതിനും അടിക്കുറിപ്പെഴുതിയിട്ടുണ്ട്. എന്‍റെ മനസ്സ് മുഴുവന്‍ ആ അടിക്കുറിപ്പിലൂടെ വായ്ച്ചെടുക്കാം.
ഇന്നലെ വരെ ഒന്നിച്ചു കളിച്ചു നടന്നതാ. അടി കൂടാറുണ്ട്. അവള്‍ മാത്രാ പിണങ്ങാറ്. അരമണിക്കൂറിനപ്പുറം പോവാറില്ല ആ പിണക്കം. ഞാനങ്ങോട്ട് പോയി മിണ്ടാറാ പതിവ്. എങ്കിലും അവളെ സ്വന്തമാക്കണമെന്നതിന് സമയമായില്ലെന്ന തോന്നലായിരുന്നു മനസ്സു നിറയേ. എന്നെങ്കിലും…അവള്‍ക്കെന്നെ ഇഷ്ടമാണെന്ന് പറയുന്നതും കൊതിച്ചു കാത്തു നിന്നതാ ഞാന്‍. മനസ്സില്‍ പിന്നേയും പിടപ്പ്.
എന്താവും അവള്‍ കരുതുക. ഛെ….വേണ്ടായിരുന്നു. ആ ഫോട്ടോസ് കിടക്കയില്‍ വെയ്ക്കേണ്ടായിരുന്നു. ഒരു വര്‍ഷം കൊണ്ടു എടുത്തതാ ഇരുപതോളം ഫോട്ടോകള്‍. ഇന്നുവരെ ഒരു സംശയത്തിന് ഇട നല്‍കിയിട്ടില്ല അവള്‍ക്ക്. എപ്പോഴോ ഒന്നുറങ്ങി. നാലുമണിയായപ്പോള്‍ എഴുന്നേറ്റ് കുളിച്ചു. മുറ്റത്ത് നിന്നാല്‍ കാണാം അവളുടെ വീടും ഉമ്മറവും. അവളാ വരാന്തയില്‍ ചടഞ്ഞു കൂടി ഇരിക്കുന്നത് കണ്ടു. അസ്വസ്ഥത മാറാത്തതിനാല്‍ ഞാനാ മുറ്റത്തേക്ക് നടന്നു.
എന്നെക്കണ്ടപ്പോള്‍ എഴുന്നേറ്റ് നിന്നു. മുഖത്തേക്ക് നോക്കുന്നില്ല. ഞാനാ മുന്നില്‍ പോയി നിന്നു. ആരുമില്ലേ ഇവിടെ ..? വെറുതേ വിളിച്ചു ചോദിച്ചു. അവളെന്‍റെ കണ്ണുകളില്‍ നോക്കി. ഞാനുണ്ട്…ഞാനേ ഉള്ളൂ…അച്ഛനുമമ്മയും…? അവര്‍ വീടു പണിയുന്നിടത്തേക്ക് പോയി.
ഞാനുണ്ടായിരുന്നു ഏട്ടന്‍റെ കൂടെ എപ്പോഴും. എന്താ ഇതുവരെ എന്നെ കാണാഞ്ഞത്…?അത്…ഞാനൊന്നു പരുങ്ങി. ദിവ്യയുടെ മനസ്സറിയാന്‍ കഴിഞ്ഞില്ല. പലപ്പോഴും ഞാനീ മുന്നില്‍ വന്നു പരുങ്ങലോടെ നിന്നിട്ടുണ്ട്. നാവിന്‍ തുമ്പിലെത്തിയ അക്ഷരങ്ങളെ ദിവ്യയെ കാട്ടാതെ ഒളിച്ചു വെച്ചിട്ടുണ്ട്. ഒരുവട്ടം…. ഒരേയൊരു പ്രാവശ്യം… എന്നോട് പറയാമായിരുന്നില്ലേ..? ഏട്ടന്‍റെ സ്നേഹം എനിക്കു തരാവോന്ന്.? അല്ലെങ്കില്‍ എന്നെ ഏട്ടന് ഇഷ്ടമാണോ എന്നെങ്കിലും ചോദിക്കാമായിരുന്നു.
ദിവ്യ അങ്ങനെ ചെയ്തോ ഈ കാലമത്രയും ഞാന്‍ നിഴലു പോലെ കൂടെയുണ്ടായിരുന്നില്ലേ…? അഥവാ ദിവ്യയ്ക്ക് എന്നെ അങ്ങനെകാണാന്‍ കഴിഞ്ഞില്ലെങ്കിലോ എന്നോര്‍ത്താണ് ഞാന്‍ ഒന്നും പറയാതിരുന്നത്. അവളെന്‍റെ അരികിലേക്ക് വന്നു നിന്നു.
ഏട്ടാ …ഈ സ്നേഹം കൊതിക്കാനുള്ള അര്‍ഹത എനിക്കുണ്ടോ എന്നൊരു സംശയമായിരുന്നു എന്‍റുള്ളം നിറയേ. ഏട്ടനെ വെറുക്കാനോ അകറ്റാനോ ഒരു കാരണം പോലും എന്നിലുണ്ടായിട്ടില്ല. പക്ഷേ സ്നേഹിക്കാന്‍ ആയിരം കാരണങ്ങളുണ്ടുതാനും. എങ്കിലും ഞാനെന്‍റെ മോഹങ്ങളെ ഉള്ളിലൊളിച്ചു വെയ്ക്കുകയായിരുന്നു. പറഞ്ഞു പോയാല്‍ തെറ്റായി പോവുമോ എന്നോര്‍ത്ത്. എങ്കിലും എനിക്കറിയാമായിരുന്നു ദിവ്യ ഏട്ടന്‍റെ മനസ്സിലുണ്ടെന്നുള്ളത്.
ഇരു വീട്ടുകാരും എങ്ങനെയാവും പ്രതികരിക്കുക..?ഏട്ടന്‍റെ വീട്ടുകാര്‍ക്ക് എന്നെ അംഗീകരിക്കാനാവുമോ..?ആങ്ങനെയൊക്കെ ചിന്തിച്ചു ഒരുപാട് വേദനിച്ചിട്ടുണ്ട് പലപ്പോഴും. എങ്കിലും ഞാനിന്നലെ വരെ ഒരു പ്രതീക്ഷ കാത്തുസൂക്ഷിച്ചിരുന്നു എന്‍റുള്ളില്‍. അവള്‍ അകത്തേക്ക് കയറി പോയി.
വാ ഞാന്‍ ചായയുണ്ടാക്കിത്തരാം. ഞാന്‍ വരാന്തയില്‍ നിന്നു. ഈ സ്നേഹം കാണാതെ പോയാൽ, ഈ മനസ്സിനെ നഷ്ടപ്പെടുത്തിയാല്‍ ഒരിക്കലും മാറാത്തൊരു വേദനയാവും അത്.
ഏട്ടാ …അകത്തൂന്ന് ദിവ്യയുടെ വിളി കേട്ടു. കള്ളനെ പോലെ അവിടെ നില്‍ക്കാതെ കേറി വാ. ഞാന്‍ അടുക്കളയിലേക്ക് പോയി. അടുപ്പില്‍ തീ കത്തിച്ച് ചായയ്ക്ക് വെള്ളം വെയ്ക്കുകയായിരുന്നു. ഞാന്‍ പിന്നിലൂടെ പോയി അവളുടെ വയറില്‍ കൈകോര്‍ത്തു ചേര്‍ത്തുപിടിച്ചു. ആ ഉടലിലാകെ ഒരു വിറയല്‍ പടരുന്നതിഞ്ഞു.
ഏട്ടാ എന്തായിത്… ആരുടേയും സമ്മതം വാങ്ങാതെ സ്വന്തമാക്കിയോ…? അവളെന്‍റെ കൈ വിടുവിച്ച് എന്‍റെ മുന്നിലേക്ക് തിരിഞ്ഞു നിന്നു. ഞാനവളെ സ്നേഹത്തോടെ എന്നോട് ചേര്‍ത്തമര്‍ത്തി. നീ എന്‍റെ കൂടെ ഉണ്ടാവണം എന്നും. നിന്നെ അന്നു റോഡീന്ന് പട്ടി ഓടിച്ചിട്ട് പേടിയോടെ ഓടി വന്നെന്നെ കെട്ടിപ്പിടിച്ചത് ഓര്‍ക്കുന്നുവോ…? അന്നേ ഈ നെഞ്ചില്‍ നിനക്കായ് ഒരു കൂടുകൂട്ടിയതാ ഞാന്‍. അതൊരു നിമിത്തമാവും. നമ്മളെ ഒന്നിപ്പിക്കാനൊരു നിമിത്തം. ആ നെറ്റിയില്‍ പതിയെ തലോടി. അവളും എന്നോട് ചേര്‍ന്നു നിന്നു. എനിക്കും വേണം ഈ ഏട്ടനെ എന്‍റെ ജീവിതകാലം മുഴുവന്‍. ആ നെറ്റിയില്‍ ഒന്നു ചുണ്ടമര്‍ത്തി.