അടുത്തിരുന്ന പെൺകുട്ടികൾ അവനോടായി ചോദിച്ചു.ഡാ ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത എന്താണെന്ന് അറിയോ

നിഴൽ – രചന: Jerin Dominic

ആഹാ…നമ്മുടെ ചോക്ലേറ്റ് ബോയ് വന്നല്ലോ…മനു ക്ലാസ്സിലേക്ക് കയറിയപ്പോൾ ക്ലാസ്സിലെ കുട്ടികളുടെ കമന്റ്‌ ആയിരുന്നു അത്. അതുംകേട്ട് ഒരു പുഞ്ചിരി വരുത്തി അവൻ അവന്റെ സീറ്റിൽ ഇരുന്നു.

അടുത്തിരുന്ന പെൺകുട്ടികൾ അവനോടായി ചോദിച്ചു…ഡാ ഇന്നത്തെ ദിവസത്തിന്റെ പ്രത്യകത എന്താണെന്ന് അറിയോ നിനക്ക്…അവൻ അവരെയൊന്നു നോക്കി.

യെസ്, അറിയാം…ആഹാ !! എന്നാ പറ എന്താണെന്ന്…മനു എല്ലാരേയും നോക്കി. തന്റെ നേർക്കാണ് എല്ലാരുടെയും ശ്രെദ്ധ എന്ന് മനസ്സിലാക്കിയ അവൻ പറഞ്ഞു തുടങ്ങി. ഇന്ന് മെയ്‌ 10. എനിക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത ദിവസം…എല്ലാരും അവന്റെ മുഖത്തേക്ക് നോക്കി

അതെന്താടാ…? പറയാം, അറിയണോ എന്റെ കഥ നിങ്ങൾക്ക്…ക്ലാസ്സിൽ എല്ലാർക്കും ആകാംഷ കൂടി. അറിയണം എന്ന രീതിയിൽ അവനെ നോക്കി.

ഇന്ന് മാതൃദിനം. അമ്മമാർക്കുള്ള ദിവസം. 22 വർഷം മുന്നേ ഇതേ ദിവസം ആണ് എന്റെ അമ്മ എനിക്ക് ജന്മം നൽകിയത്.

ആഹാ !! അടിപൊളി. ഇതാണോ ഇത്ര ലോജിക് ആയിട്ട് പറഞ്ഞു വന്നത്.

അല്ലടോ, ഇന്ന് എനിക്ക് 22വയസ് തികയുന്നു. അമ്മ ഈ ലോകം വിട്ടു പോയിട്ടും 22 വർഷം ആയി. പെട്ടന്ന് എല്ലാരുടെയും മുഖത്തെ ചിരി മാഞ്ഞു.

എന്താ എല്ലാരും ഇങ്ങനെ നോക്കുന്നത്.

സോറി മനു, നിന്റെ അമ്മ…ഇതൊന്നും ഞങ്ങൾക്ക് അറിയില്ലായിരുന്നു. നല്ലൊരു ദിവസം ആയിട്ട് വെറുതെ…കൂടത്തിൽ ഒരാൾ പറഞ്ഞപ്പോൾ മനു അവളെനോക്കി ഒന്ന് പുഞ്ചിരിച്ചു.

ആര് പറഞ്ഞു എനിക്ക് അമ്മ ഇല്ലന്ന്…എനിക്ക് അമ്മ ഉണ്ട്. അല്ലെങ്കിലും അമ്മ ആകാൻ പത്തുമാസം വയറ്റിൽ ചുമന്നു പ്രസവിക്കണം എന്നുണ്ടോ, മുലപ്പാൽ നുകർന്നു നൽകണം എന്നുണ്ടോ…വേണ്ട…ഒന്നും വേണ്ട, കുഞ്ഞിനെ സ്നേഹത്തോടെ ഒന്ന് ലാളിക്കാൻ, കരയുമ്പോൾ ആ മാറോടു ചേർത്ത് ഉറക്കാൻ ആ ചൂടേറ്റ് കുഞ്ഞ് ഉറങ്ങുമ്പോൾ തന്നിലെ മാതൃത്വം മനസ്സിലാക്കിയ പെണ്ണ് ആദ്യമായി ആ കുഞ്ഞ് “മ്മേ…” എന്ന് വിളിക്കുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയാൽ..!! ഇത്രയും പോരെ ഒരു അമ്മയാകാൻ..!! ഇത്രയും പറഞ്ഞു നിർത്തി മനു എല്ലാരുടെയും മുഖത്തേക്ക് നോക്കി.

നിശബ്ദമായി എല്ലാരും അവനെത്തന്നെ നോക്കി. ചിലരുടെയൊക്കെ കണ്ണൊക്കെ നിറഞ്ഞു വരുന്നത് അവൻ കണ്ടു…ആരാടാ നിന്റെയാ അമ്മ…?

എന്റെ ചേച്ചി…സ്വന്തം ചേച്ചി, എന്നേക്കാൾ 13 വയസ്സിനു മൂത്ത ആള്. പക്ഷേ ഇന്നേവരെ ഞാൻ ചേച്ചി എന്ന് വിളിച്ചിട്ടില്ല പകരം അക്ഷരം തെറ്റാതെ അമ്മേ എന്ന് മാത്രമേ വിളിച്ചിട്ടൊള്ളു ഞാൻ. അതെന്റെ ചേച്ചി അല്ല, എന്റെ അമ്മയാണ്. എന്റെ മാത്രം അമ്മ…

ഞങ്ങൾക്ക് ഒന്ന് കാണാൻ പറ്റുവോ നിന്റെ അമ്മയേ…

നിങ്ങളൊക്കെ എന്നും കാണുന്നുണ്ട് എന്റെ അമ്മയേ. ഇവിടെ ഉണ്ട് ആള് നമ്മളെ പഠിപ്പിക്കുന്നും ഉണ്ട്. അവന്റെ സംസ്സാരത്തിൽ എല്ലാരും ഞെട്ടി.

ആണോ..!! എന്നിട്ടെന്താ ഇതുവരെ പരിചയപ്പെടുത്താഞ്ഞത്. ആരാ..!!

നമ്മുടെ എല്ലാരുടെയും പ്രിയപ്പെട്ട മിസ്സ്‌…

ആര്..!! ശ്രീലക്ഷ്മി മിസ്സ്‌..!! മിസ്സ്‌ ആണോ നിന്റെ….

യെസ്…

ഡാ..!!

അതെ…അതാണെന്റെ അമ്മ. ആർക്കും ഒന്നും പറയാൻ വാക്കുകൾ കിട്ടാണ്ടായി. കാരണം ശ്രീലക്ഷ്മി മിസ്സ്‌ അത്രയും സ്വാതീനം ചെലുത്തുന്നുണ്ടായിരുന്നു എല്ലാരുടെയും ലൈഫിൽ

***********************

ഹോസ്പിറ്റലിൽ ഓപ്പറേഷൻ തിയേറ്ററിൽ മുന്നിൽ എന്താണ് അവസ്ഥ എന്ന് ചിന്തിച്ചു നിന്ന് ശ്രീയുടെയും അച്ഛന്റെയും ചിന്തകൾ മുറിച്ചു OT വാതിൽ തുറന്നു ഒരാണ്കുഞ്ഞിനെ നേഴ്സ് അച്ഛന്റെ കയ്യിൽ കൊടുത്തപ്പോൾ ആ മുഖം കാണാൻ ഏറ്റവും ആഗ്രഹിച്ചിരുന്നത് ശ്രീ ആയിരുന്നു. പക്ഷേ അച്ഛന്റെ മുഖത്തെ ചിരി മാഞ്ഞത് എന്തിനാണെന്ന് ശ്രീക്കു മനസ്സിലായില്ലെങ്കിലും അമ്മയുടെ വെള്ളയിൽ പൊതിഞ്ഞ ശരീരം കണ്ടപ്പോൾ ശ്രീയും വാവിട്ട് കരഞ്ഞിരുന്നു. കുഞ്ഞിന്റെ നിർത്താതെയുള്ള കരച്ചിൽ രണ്ടുപേരെയും നിരാശയിൽ ആഴ്ത്തി.

അവസാനം സ്വയം അമ്മയുടെ വേഷം അമ്മായിയിൽ നിന്ന് അവള് ഏറ്റെടുക്കുമ്പോൾ ശ്രീയ്ക്കും അറിയില്ലായിരുന്നു അവള് ഉണ്ണിയുടെ അമ്മയായി മാറുമെന്ന്…

മുലപ്പാലിന് പകരം ആട്ടിൻപാൽ തിളപ്പിച്ച്‌ ആറ്റി കുപ്പിയിൽ ശ്രേദ്ധയോടെ ഉണ്ണിക്കു കൊടുത്തു ആ മാറിൽ ചേർത്ത് താരാട്ട് പാടി അവനെ ഉറക്കുമ്പോൾ അവൾ പോലും അറിയാതെ ശ്രീ എന്ന 13 കാരി പെൺകുട്ടി അമ്മയിലേക്ക് മാറിയിരുന്നു.

സ്കൂൾ വിട്ട് വന്നാൽ ശ്രീ ആദ്യം ഉണ്ണിയുടെ അടുത്തേക്ക് ആയിരുന്നു പോക്ക് അതുകഴിഞ്ഞേ അവളുടെ കാര്യങ്ങൾ പോലും ശ്രീ നോക്കിയിരുന്നൊള്ളു സ്കൂളിൽ നിന്ന് വരുന്നവരെ അച്ഛനും അത്യാവശ്യം വന്നാൽ അമ്മായിയും ഉണ്ടായിരുന്നു അവനു കൂട്ടായ്…ചില സമയങ്ങളിൽ ശ്രീ എടുത്താൽ മാത്രമേ അവൻ കരച്ചിൽ നിർത്തിയിരുന്നൊള്ളു. അത്രമാത്രം അവരടുത്തുപോയിരുന്നു.

“നീയാണ് ഇനി ഉണ്ണിക്കു അമ്മ”എന്ന് അമ്മായി തോളിൽ തട്ടി അവളോട്‌ പറയുമ്പോൾ അവളും ചിന്തിച്ചു തുടങ്ങിയിരുന്നു ഉണ്ണിയുടെ അമ്മ ഞാനാണെന്ന്….ആദ്യമായി “മ്മേ” എന്നവൻ വിളിച്ചപ്പോൾ ശ്രീ അവനെ എടുത്തു കവിളിൽ ഉമ്മകൾക്കൊണ്ടു മൂടുമ്പോൾ ശ്രീയുടെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു. പതിയെ ആ വീട് സന്തോഷപൂരിതമാകാൻ തുടങ്ങി. ശ്രീയുടെ കളിക്കൂട്ടുകാരൻ ആയി, അവൾക്കു അനിയനായി അതിനുമപ്പുറം ശ്രീയുടെ മകനായിത്തന്നെ ഉണ്ണി വളർന്നു.

“അമ്മയെന്താ ഇന്ന് സ്കൂളിൽ വരാഞ്ഞത്, എല്ലാരുടെയും അമ്മമാർ വന്നല്ലോ”

“ഉണ്ണി അത്…അതുപിന്നെ ഞാൻ”

“വേണ്ട ഒന്നും പറയണ്ട, ഇനി എന്റെ അമ്മതന്നെ ഇറങ്ങി വന്നു ഇത് നിന്റെ ചേച്ചിയാണ് എന്ന് പറഞ്ഞാലും ഞാൻ ചേച്ചി എന്ന് വിളിക്കില്ല. ആ നെഞ്ചിലെ ചൂടുപറ്റിയല്ലേ ഞാൻ വളർന്നത്. അമ്മയില്ലാത്ത വിഷമം ഞാൻ അറിഞ്ഞിട്ടുണ്ടോ…എനിക്ക് അമ്മേന്നു വിളിക്കാൻ ചേച്ചി മാത്രം മതി. ഈ ജന്മം അതങ്ങനെ തന്നെയായിരിക്കും.”

അത് പറഞ്ഞു അവൻ അടുക്കളയിൽ നിന്ന് പുറത്തേക്ക് പോയപ്പോഴും ശ്രീ അവനെത്തന്നെ നോക്കി നിൽക്കുകയായിരുന്നു. അതുകണ്ടു അടുക്കളയിൽ വന്ന അച്ഛൻ ശ്രീയോട് ചോദിച്ചു, എന്താ മോളെ ആലോചിച്ചു നിൽക്കണത്. കണ്ണൊക്കെ നിറയുന്നുണ്ടല്ലോ….

അച്ഛാ, നമ്മുടെ ഉണ്ണി, അവൻ….

എല്ലാം ഞാൻ കേട്ടു, നീ ഭാഗ്യവതി ആണ് മോളെ….അവനു വിഷമം ആയിക്കാണും, അത്രയും കാര്യമായി അവൻ രാവിലെ പറഞ്ഞതല്ലേ സ്കൂളിൽ വരണമെന്ന്…അവന്റെ അവസ്സാനത്തെ വാക്കുകൾ മോള് കേട്ടോ…നെഞ്ചിൽ തട്ടിത്തന്നെയാണ് അവനത് പറഞ്ഞത്. നിന്റെ മകൻ തന്നെയാടി ഉണ്ണി, യാതൊരു സംശയവും വേണ്ട….

ശ്രീയുടെ കല്യാണം കഴിഞ്ഞു പോയപ്പോൾ ഒത്തിരി വേദനയോടെ അവൻ അവളെ യാത്രയാക്കി. ഒരുതുള്ളി കണ്ണീർ അവൻ പൊഴിച്ചില്ല ശ്രീ ആ പടി ഇറങ്ങുന്നതുവരെ….അച്ഛാ, ന്റെ അമ്മ, അമ്മ പോയല്ലേ…അതുവരെ പിടിച്ചു നിന്ന കണ്ണുകൾ അച്ഛന്റെ ഷർട്ട്‌ നനയിച്ചു.

ഓടിക്കിതച്ചു ശ്രീ ഹോസ്പിറ്റലിൽ എത്തിയപ്പോൾ തന്നെ കണ്ടു ഒബ്സെർവഷൻ റൂമിന് മുന്നിൽ ബെഞ്ചിൽ തല താഴ്ത്തി ഇരിക്കുന്ന അച്ഛനെ…എന്താ, എന്താ അച്ഛാ ന്റെ ഉണ്ണിക്കു പറ്റിയത്…?

മോള് പോയപ്പോൾ അവനു സഹിക്കാൻ പറ്റിക്കാണില്ല, വൈകുന്നേരം ബോധം കെട്ടുവീണു, ചെറിയ വിറയലും ഉണ്ടായിരുന്നു, ഇവിടെ കൊണ്ടുവന്നപ്പോൾ നല്ല പനിയും ഉണ്ടായിരുന്നു, പനി വല്ലാണ്ട് കൂടിപ്പോയി അതുകൊണ്ട് ഒബ്സെർവഷൻ റൂമിലേക്കു മാറ്റി.

ഈശ്വരാ..!! എന്റെ മോൻ…ശരീരം തളർന്നു പോകുന്നതുപോലെ ശ്രീക്കു തോന്നി. അച്ഛന്റെ അടുത്ത് ശ്രീയും ഇരുന്നു. മനുവിന് ബോധം തെളിഞ്ഞിട്ടുണ്ട് അമ്മയേ കാണണം എന്ന് പറഞ്ഞു. ചെല്ല് മോളെ,, പോയി ഉണ്ണിയുടെ അടുത്ത് ഇരിക്ക്…ശ്രീ ഏട്ടനെ ഒന്ന് നോക്കി….പോയിട്ട് വാ ഞാനും അച്ഛനും ഇവിടെ ഉണ്ടാകും…ശ്രീ ഉണ്ണിയുടെ അടുത്തേക്ക് പോയി.

മോന് ബുദ്ധിമുട്ട് ആയില്ലേ, എനിക്കറിയില്ല ഞാൻ എന്താ ഇപ്പൊ പറയേണ്ടതെന്ന്…സാരമില്ല അച്ഛാ ശ്രീ എല്ലാം പറഞ്ഞിരുന്നു. ഇത് ഞാൻ പ്രതീക്ഷിച്ചിരുന്നു. ശ്രീയും ഉണ്ണിയും തമ്മിലുള്ള ബന്ധം അത്രയ്ക്ക് ദൃഢത ഉണ്ട്.

അമ്മേ..!! ശ്രീയിയെ കണ്ടപാടെ അവൻ വിളിച്ചു. എന്താടാ ഇത്…ഉണ്ണിയുടെ നെറുകയിൽ തലോടി ശ്രീ ചോദിക്കുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. അമ്മയില്ലാണ്ട് എനിക്ക് പറ്റണില്ല. 13 വയസ്സുള്ള ഇവനെ ഞാൻ എന്ത് പറഞ്ഞാണ് മനസ്സിലാക്കിക്കുക എന്ന് ശ്രീക്കും അറിയില്ലായിരുന്നു.

************************

അതിനു ശേഷവും അമ്മയെനിക്കുവേണ്ടി ഒത്തിരി കഷ്ട്ടപെട്ടു. ഇപ്പൊ അമ്മയ്ക്ക് എന്നെപോലെ രണ്ടു കുട്ടികളും ഉണ്ട്. ഇരട്ടകൾ ആണ്. B. Com കഴിഞ്ഞു ഞാൻ പോലും അറിയാതെ ഇവിടെ എനിക്ക് അഡ്മിഷൻ ആക്കി.

എല്ലാം കഴിഞ്ഞു മനു എല്ലാരുടെയും മുഖത്തേക്ക് മാറിമാറി നോക്കി. ആരും ഒന്നും മിണ്ടാതെ അവന്റെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു. പലരുടെയും കണ്ണുകൾ നിറഞ്ഞിരുന്നു. അവന്റെ കണ്ണുകളും നിറഞ്ഞിരുന്നു.

എന്തിനാ മനു നീ കരയുന്നത്, നിന്നോട് ഞങ്ങൾക്ക് എന്നും ബഹുമാനം മാത്രമേ ഉള്ളു…ഇനി അത് കൂടുകയേയുള്ളു, നീ ഭാഗ്യവാൻ ആണെടാ…ക്ലാസ്സിലെ ഏക ആൺകുട്ടി ആയതുകൊണ്ട് മാത്രമല്ല. അതിനു പിന്നിൽ പല കാരണങ്ങളും ഉണ്ട്. അല്ലടാ നിന്റെ ജന്മദിനം ആയിട്ട് ചിലവൊന്നും ഇല്ലേ…ഞങ്ങള് 15 പേർക്കും ഓരോ ഡയറി മിൽക്ക് സിൽക്ക് ഓരോന്ന് പോന്നോട്ടെ….

അയ്യടാ അതുമതിയോ എല്ലാത്തിനും സിൽക്ക് മാത്രം മതിയോ അതോ വേറെ എന്തെങ്കിലും…

തല്ക്കാലം അതുമതി ബാക്കി പിന്നെ.

അയ്യടാ !!! ഓരോ കോലുമുട്ടായി അങ്ങ് വാങ്ങിത്തരും, വേണമെങ്കിൽ അതും തിന്നു ക്ലാസ്സിൽ ഇരുന്നോ…

അത് നിന്റെ കെട്ട്യോൾക്ക് കൊണ്ടോയി കൊടുത്താമതി, ഞങ്ങള്ക്ക് സിൽക്ക് തന്നെ വേണം.

ഇതെന്താ ചന്തയോ…? ശബ്ദം കേട്ട് എല്ലാരും നിശബ്ദരായി. ഈശ്വരാ !!! ശ്രീലക്ഷ്മി മിസ്സ്‌…എന്താ അഞ്ജന ഇത്. ഇവിടെ മാത്രമല്ല അപ്പുറത്തും ഇപ്പുറത്തും ഒക്കെ ക്ലാസ്സ്‌ നടക്കുന്നുണ്ട്. എന്താ ഇതിന് മാത്രം ബഹളം നടത്താൻ ഇവിടെ….

അത് മിസ്സിന് അറിയില്ലേ, ഇന്ന് മനുവിന്റെ പിറന്നാൾ അല്ലെ…അതും ഈ മാതൃദിനത്തിൽ….

ആണോ മനു…Happy Birthday Manu…

ഒന്നും അറിയാത്ത പോലെ ശ്രീ ഉണ്ണിയെ വിഷ് ചെയ്യുന്നത് കണ്ടപ്പോൾ ക്ലാസ്സ്‌ മൊത്തത്തിൽ കൂട്ടച്ചിരി ആയി. എന്താ എന്നർത്ഥത്തിൽ ശ്രീ എല്ലാരേയും നോക്കി. അഞ്ജന ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റു, മിസ്സേ എന്തിനാ ഈ നാടകം ഒക്കെ…ശ്രീ അവളുടെ മുഖത്തേക്ക് നോക്കി.

ഞങ്ങൾക്കെല്ലാവർക്കും അറിയാം മിസ്സേ ഇപ്പൊ എല്ലാം…ഉണ്ണിയേയും അവന്റെ ഈ അമ്മയെയും ഒക്കെ. ശ്രീ ഒന്ന് ഞെട്ടി എല്ലാരേയും നോക്കി. മിസ്സിനോടും മനുവിനോടും എന്നും ഞങ്ങൾക്ക് ബഹുമാനം മാത്രമേ തോന്നിയിട്ടുള്ളൂ. പക്ഷേ ഇങ്ങനെ ഒരു ബന്ധം ഉണ്ടെന്ന് അറിയില്ലായിരുന്നു ഞങ്ങൾക്ക് ആർക്കും. എന്തായാലും മിസ്സ്‌ ഭാഗ്യം ചെയ്ത ആളാണ്‌. ഞങ്ങളായിട്ട് ആരോടും ഒന്നും പറയില്ല മിസ്സേ…

കയ്യിലിരുന്ന പുസ്തകം താഴെ വെച്ച് ഉണ്ണിയുടെ അടുത്ത് ചെന്ന് അവനെ ചേർത്ത് പിടിക്കുമ്പോൾ നോക്കിനിന്നവരുടെ മാത്രമല്ല ഉണ്ണിയുടെയും ശ്രീയുടെയും കണ്ണുകൾ കൂടി നിറഞ്ഞിരുന്നു.