നീ നല്ലൊരു കാന്താരിയാ. ഇച്ചായനെപ്പോഴും ഇച്ചിരി എരുവാ ഇഷ്ടം.നിന്നെ എനിക്കത്രക്കു ഇഷ്ടായി

രചന: ദിവ്യ അനു അന്തിക്കാട്‌

ദാണ്ടെ കിടക്കുന്നു പെണ്ണ് വീണ്ടും. നിനക്ക് വല്ല ബോധോം ഒണ്ടോ പെണ്ണെ…? നാല് കാള വയസ്സായി. നീ ഇങ്ങനെ മരംകേറി മറിയാമ്മയായി നടക്കാനാണോ പരിപാടി…? തെക്കേതിലെ ഗ്രെസ്സി നിന്റെ പ്രായമല്ലയോ. കെട്ടും കഴിഞ്ഞു കുട്ടി ഒന്നായി. നീയിങ്ങനെ പിള്ള കളിച്ചു നടന്നേരെ…അയിന് നിന്നെ പറഞ്ഞിട്ടെന്ന കാര്യം അതിയാനെ പറഞ്ഞ മതിയല്ലോ..!!

“ദാണ്ടമ്മച്ചി പല തവണ പറഞ്ഞിട്ടുണ്ട് എന്നെ പറഞ്ഞേരെ എന്റപ്പനെ പറഞ്ഞേക്കല്ല്…നേരാ ന്റെ അപ്പന്റെ പുറകെ കുരുമുളക് പറിക്കാനും, റബ്ബറു വെട്ടാനും കൂടെ കൂടാൻ എനിക്ക് വല്യേ ഇഷ്ടമാ. അത് കുഞ്ഞു നാള് മുതൽക്കേ ഉള്ള ശീലമല്ലയോ, മാറത്തില്ല….” അമ്മച്ചി ഏതാണ്ടൊ പിറുപിറുത്തു പോയി.

സത്യത്തിൽ കോളേജിലിച്ചിരി സമരത്തിലൊക്കെ പെട്ടൊണ്ട് ഒരുമാസം വീട്ടി പോയിരുന്നോളാൻ ഓർഡർ കിട്ടി. അപ്പച്ചൻ കേട്ട പാതി പറഞ്ഞു കൊച്ചുപെണ്ണേ നീ ഇങ്ങുപോന്നേരെ റബ്ബറ് വെട്ടാൻ നീ ഒണ്ടേലെ അപ്പനൊരു ഉഷാറുള്ളൂ. അപ്പൊ തൊടങ്ങീതാ അമ്മച്ചി കോളേജിനു പൊറത്താക്കിയപ്പോ അപ്പൻ വഴക്കു പറഞ്ഞില്ലെന്ന്…

അപ്പനൊരൊന്നൊന്നര അപ്പന. മ്മടെ ചങ്കും കരളും ഒക്കെ മ്മടെ അപ്പന. അമ്മച്ചിയോടും കുഞ്ഞോനോടും സ്നേഹല്യാ എന്നല്ല അപ്പന്റെ കൂടെ കട്ടക്ക് നടക്കുന്നൊരു സുഖം, അത് വേറെയാ…ഇങ്ങനെ ചാടി തുള്ളി നടക്കുന്ന എന്നെ കെട്ടാൻ നല്ല മനസ്സുള്ള ആരേലും ഉണ്ടേൽ വന്ന മതി. ഇല്ലേൽ വേണ്ടെന്നേ മ്മക്കിങ്ങാനൊക്കെ അങ്ങ് അപ്പന്റെ വാലായി നടക്കാം. അല്ല പിന്നെ…

പാലകാരത്തി അച്ചായത്തിന്നു പറഞ്ഞാലേ ഇച്ചിരി ഉശിരൊള്ളത….

അങ്ങനൊക്കെ പോയ്കൊണ്ടിരിക്കുമ്പോഴാ ഒരാലോചന വന്നത്. കക്ഷി കോട്ടയത്തൊരു വല്യേ പ്ലാന്ററ….പുള്ളിക്കാരൻ വന്നു കണ്ടേച്ചും പോയി.

അയാൾക്ക്‌ പെണ്ണുകാണാൻ വരുമ്പോ ഒരു വല്യേ ആവശ്യം. ചട്ടേം മുണ്ടും ഉടുത്തേച്ചു നിക്കണമത്രേ….അമ്മച്ചിയോട് ഒരു കുന്നാരം വഴക്കിട്ടു പറ്റില്ലെന്ന് പറഞ്ഞേച്ചും. പക്ഷെ അപ്പൻ വന്നേച്ചു പറഞ്ഞു….”മക്കളങ്ങു അമ്മച്ചി പറയുന്നത് കേൾക്കു….”

അപ്പന്റെ വാക്ക് ധിക്കരിച്ചു ശീലമില്ലാത്തോണ്ട് ചട്ടേം മുണ്ടും ഉടുത്തു കാതിൽ അമ്മാമേടെ തോടയും എടുത്തിട്ട് അസ്സൽ ഒരച്ചയത്തിയായി നിൽപ്പായി. കണ്ടു കഴിഞ്ഞപ്പോ അയാൾക്ക്‌ എന്നെ അപ്പൊ തന്നെ വീട്ടിൽ കൊണ്ടുപോണം എന്നൊരു മുഖഭാവം.

കാര്യങ്ങൾ കയ്യീന്ന് പോയി എന്തായാലും. കെട്ടുറപ്പിച്ചതും ഉള്ളിലൊരു വിറയല്. ഉള്ളിലെ പെണ്ണ് പുറത്തു ചാടിയെന്നു മനസ്സിലായി. എന്ന ചെയ്യാനാ വല്ലാത്തൊരു പേടി. ഇനി എന്നും ചട്ടേം മുണ്ടും ഇടേണ്ടി വരോ എന്നുതുടങ്ങി ഒരുനൂറ്‌ പേടി.

അങ്ങനെ കല്യാണ തലേന്ന് ആ സാഹസം കാണിക്കുവാൻ നേരം അപ്പനെ ഓർത്തു. പക്ഷെ പേടി അതിനും മുന്നിൽ നിൽക്കുന്ന കാരണം അപ്പന്റെ മുറിയിൽ കേറി വോഡ്‌ക എടുത്തു ഒറ്റവലിക്ക് പാതി ബോട്ടിൽ തീർത്തു.

അമ്മച്ചി, അപ്പൻ അങ്ങനെല്ലാരും കതകി വന്നു തട്ടുന്നുണ്ട്. പുറത്തുവന്നതും മിണ്ടാനൊന്നും പറ്റാത്ത വിധം ആകെയൊരു കറക്കം. അമ്മച്ചി മോന്തക്കിട്ടൊന്നു തന്നപ്പോ കറക്കം കൂടി.

കെട്ടിന്റെ നേരം ചെറുക്കനെല്ലാം മനസിലായൊണ്ട് അപ്പൻ വന്ന് കാലൊക്കെ പിടിക്കുന്നുണ്ട് അയാളുടെ…ആളുകൾ ചോദിച്ചുതുടങ്ങി എന്നതാ മറിയ കൊച്ചിനൊരു വല്ലായ്ക. അമ്മച്ചി പറഞ്ഞു. ഇന്നലെ ചുട്ടുപൊള്ളുന്ന പനിയാരുന്നു. ഡ്രിപ്പ് ഇട്ടാരുന്നു രാത്രി തന്നെ. ഞാൻ അമ്മച്ചീനെ ഒന്നൊളിഞ്ഞു നോക്കി. ഇത്രേം നുണയൊക്കെ അറിയാമോ…? മിടുക്കി.

അങ്ങനെ ആദ്യരാത്രി സത്യമിടൽ ചടങ്ങു നടക്കുവാണ് കെട്ടിയോന്റെ വീട്ടിൽ….

“ബൈബിളിൽ കൈവച്ചു തുടങ്ങിക്കോ…”

കെട്ടിയോൻ ചൊല്ലിക്കൊടുത്ത സത്യവാചകങ്ങൾ ഏറ്റുപറഞ്ഞു. “ഇനി മേലിൽ എന്തൊക്കെ പ്രശ്നം വന്നാലും കള്ള് കുടിക്കത്തില്ല, അഥവാ കുടിക്കണമെന്ന് തോന്നിയാൽ നിന്റെ കെട്ടിയോനായ പ്ലാന്റർ എബിച്ചായനും കമ്പനി കൊടുക്കണം…”

ങേ…? എന്തോന്നാ പറഞ്ഞെ…?

ആന്നേടി കൊച്ചെ ! നിനക്ക് എന്ന വേണേലും ഇച്ചായനോട് പറഞ്ഞേരെ, മ്മക്ക് നടത്താംന്നെ…എന്റെ കൊച്ചിന് അപ്പന്റെ പുറകെ നടക്കാനല്ലേ ഇഷ്ടം. ഇനി അതീ ഇച്ചായന്റെ കൂടെ ആക്കിയേരെ കൊച്ചെ. നിന്നെ എനിക്കത്രക്കു ഇഷ്ടായി. നീ നല്ലൊരു കാന്താരിയാ. ഇച്ചായനെപ്പോഴും ഇച്ചിരി എരുവാ ഇഷ്ടം…

“കർത്താവെ എന്റെ കിളിപോയതല്ലെന്നുറപ്പായി. നന്നീണ്ട് ഈശോയെ കട്ടക്ക് നിക്കുന്ന ഇങ്ങേരെ തന്നതിന്…”