ഒരു പട്ടാളക്കാരന്‍റെ ഭാര്യ – രചന : NKR മട്ടന്നൂർ
അച്ഛനും ഇന്ത്യന്‍ പട്ടാളത്തിലായിരുന്നു.25 വര്‍ഷത്തെ സേവനം കഴിഞ്ഞു വിരമിച്ചു. നാട്ടുകാര്‍ക്കെല്ലാം അച്ഛനോട് നല്ല ബഹുമാനമായിരുന്നു. അതുകൊണ്ട് എനിക്കും അനിയനും ആ പരിഗണന കിട്ടാറുണ്ട്.
അമ്മ അച്ഛനെ അനുസരിച്ചു മാത്രം ശീലിച്ചതു കൊണ്ട് ആ വലയത്തിനുള്ളില്‍ സുരക്ഷിതരായിരുന്നു ഞങ്ങളും. പഠനത്തില്‍ മാത്രം ശ്രദ്ധയൂന്നാനും നല്ല മാര്‍ക്കോടെ എപ്പോഴും പാസ്സാവാനും എനിക്കും അനിയനും കഴിയാറുണ്ട്. ഡിഗ്രി സെക്കന്‍റിയറിന് പഠിക്കുകയാണ് ഞാന്‍.
പരീക്ഷയുടെ ഒരുമാസം മുന്നേയാ അച്ഛന്‍ പറഞ്ഞത് എന്നെ പെണ്ണുകാണാന്‍ ‘അദ്ദേഹം’ വരുന്ന കാര്യം. ശ്രീഹരി…ആളൊരു പട്ടാളക്കാരനായതു കൊണ്ടാവാം. ഡിഗ്രി കഴിഞ്ഞിട്ടു മതി വിവാഹം എന്ന് എനിക്കു അച്ഛന്‍ തന്ന വാക്ക് മാറ്റാന്‍ കാരണമായത്.
ഒന്നു വന്നു കാണട്ടെ അങ്ങനെ പറഞ്ഞ അച്ഛനാ അദ്ദേഹം വന്നു പോയപ്പോൾ, സേതുലക്ഷ്മിയുടേയും ശ്രീഹരിയുടേയും വിവാഹം നമുക്ക് അവളുടെ പരീക്ഷ കഴിഞ്ഞുടന്‍ നടത്തണമെന്ന് അമ്മയോട് പറഞ്ഞത്. ആ ഏട്ടനെ സത്യത്തില്‍ എനിക്കും ഇഷ്ടമായിരുന്നു. ഒത്ത ഒരു പുരുഷന്‍. അങ്ങനെ ഒരാള്‍ക്കു വേണ്ട എല്ലാ നന്മകളും നിറഞ്ഞൊരാള്‍.
നല്ല വിനയവും സ്നേഹം നിറഞ്ഞ സംസാരവും മുതിര്‍ന്നവരോടുള്ള ബഹുമാനവും ഒക്കെ കണ്ടിട്ടാവാം അച്ഛന്‍ അങ്ങനെ ഒരു തീരുമാനത്തിലെത്തിയത്. അനിയനും അമ്മയ്ക്കും അച്ഛനും ഇഷ്മായ ആ ഏട്ടനോട്. നിനക്കെന്നെ ഇഷ്ടമായോ എന്ന ചോദ്യത്തിന് ഞാനും തലയാട്ടി സമ്മതിച്ചു. എന്‍ഗേജ്മെന്‍റ് നടത്തി. പരസ്പരം വിരലുകളില്‍ മോതിരം അണിയിച്ചു. ചെറിയൊരു ചടങ്ങായിട്ട്.
ശ്രീയേട്ടന് വേഗം പോവണം. മുന്നോ നാലോ മാസം കഴിഞ്ഞാല്‍ രണ്ടു മാസത്തെ ലീവിന് വന്നു കല്യാണം നടത്താമെന്ന് മുതിര്‍ന്നവര്‍ തമ്മില്‍ ധാരണയിലെത്തി. വീട്ടില്‍ ആര്‍ക്കും ഇഷ്ടമല്ലായിരുന്നു ശ്രീയേട്ടന്‍ എനിക്കു തന്ന ആ സമ്മാനം. ഒരു ടച്ച് ഫോണ്‍..അദ്ദേഹം തന്നെ അതില്‍ ആവശ്യമുള്ളതെല്ലാം സെറ്റ് ചെയ്തു തന്നു.
അച്ഛന്‍റെ ഒരു കീപാഡ് ഫോണ്‍ മാത്രേ ഉള്ളൂ ഞങ്ങളുടെ വീട്ടില്‍ ആകെ. അനിയനോട് പഠിച്ചു ജോലി നേടിയിട്ട് വാങ്ങിയാല്‍ മതി ആളെ വഴിതെറ്റിക്കുന്ന, ആ സാധനം എന്നായിരുന്നു അച്ഛന്‍ പറഞ്ഞിരുന്നത്. അതിനാല്‍ ആ സ്മാര്‍ട്ട് ഫോണ്‍ വീട്ടിലെ വി. ഐ.പി ആയിരുന്നു. അതിനെല്ലാമപ്പുറം എനിക്കു മനസ്സില്‍ പുകയുന്നൊരു വസ്തു ഉണ്ടായിരുന്നു. ഒരു വല്യ ശല്യം.
കോളജിലെ എന്‍റെ ക്ലാസ്മേറ്റ് ദേവന്‍. എനിക്കു പിറകേ ആണ് അവന്‍ എപ്പോഴും. എന്നെ ഇഷ്ടമാണെന്ന് ഒരായിരം വട്ടം പറഞ്ഞു കഴിഞ്ഞു അവന്‍. എനിക്കു അവനോട് അങ്ങനെ ഒന്നും തോന്നിയിട്ടില്ല ഇതുവരെ. പിന്നെ എന്‍റെ ജീവിതത്തിലെ നിര്‍ണ്ണായകമായ ആ ‘തീരുമാനം’ എടുക്കാനുള്ള അധികാരം ഞാന്‍ അച്ഛനില്‍ സമര്‍പ്പിച്ചതു കൊണ്ടും ദേവനെ ഞന്‍ ശ്രദ്ധിക്കാറേ ഉണ്ടായിരുന്നില്ല. എങ്കിലും സേതൂ എന്നു വിളിയുമായ് കാണാം കോളജില്‍ ഞാന്‍ പോവുന്നിടങ്ങളിലെല്ലാം.
ആളൊരു സുന്ദരനാണ്. പക്ഷേ സേതുവിന് വേണ്ടാ അവനെ. പരീക്ഷ നന്നായി എഴുതുവാന്‍ കഴിഞ്ഞിരുന്നു. കുറച്ചു ദിവസത്തെ അവധിക്കു ശേഷം വീണ്ടും ക്ലാസുകള്‍ തുടങ്ങി. ഡിഗ്രി അവസാനവര്‍ഷം. ദേവനെ കാണുമ്പോള്‍ ഇപ്പോള്‍ എന്തെന്നില്ലാത്ത ദേഷ്യം വരാന്‍ കാരണം മനസ്സില്‍ ശ്രീയേട്ടന്‍ വന്നതു കൊണ്ടാവാം.
ആ ദേഷ്യം അവഗണനയായ് മാറിത്തുടങ്ങി. അതവന് സഹിക്കാന്‍ കഴിയാത്തതാവും പിന്നെ, എന്നെ കാണുമ്പോള്‍ അറിയാത്ത ഭാവത്തില്‍ ദേഹത്ത് സ്പര്‍ശിക്കുവാന്‍ ശ്രമിച്ചു. പിന്നെ അവനോട് ശരിക്കും വെറുപ്പായി. അകന്നു മാറി നടന്നു.
ഓണത്തിനടുപ്പിച്ച് ശ്രീയേട്ടന് ഒരു മാസത്തെ ലീവേ അനുവദിച്ചു കിട്ടിയുള്ളൂ. അതിനാല്‍ വീട്ടില്‍ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ നേരത്തേ തുടങ്ങി. ശ്രീയേട്ടന്‍ നാട്ടിലെത്തിയാല്‍ മൂന്നാം നാള്‍ വിവാഹം നടത്താനുള്ള തീയ്യതിയും കാരണവന്‍മാര്‍ കുറിച്ചു വാങ്ങി. ക്ലാസ്സിലെ മുഴുവന്‍ കുട്ടികളേയും അധ്യാപകരേയും വിവാഹത്തിന് പ്രത്യേകം ക്ഷണിച്ചിരുന്നു. അപ്പോഴും ഒരു മുഖം തെളിയാതെ നില്‍ക്കുന്നത് കണ്ടില്ലെന്ന് നടിച്ചു.
അങ്ങനെ അച്ഛനമ്മമാരുടെ അനുഗ്രഹാശംസകളോടെ ആ വീട്ടിലേക്ക് ഞാന്‍ വലതുകാല്‍ വച്ച് അദ്ദേഹത്തിന്‍റെ ഭാര്യയായ് കയറിച്ചെന്നു. ഒരു സന്തോഷക്കുറവ് ശ്രീയേട്ടന്‍റെ മുഖത്ത് കാണാനുണ്ടായിരുന്നു. അതിന്‍റെ കാരണം രണ്ടാം നാള്‍ ആണ് എനിക്കു മനസ്സിലായത്. ഇന്ത്യാ – ചൈനാ അതിര്‍ത്തിയില്‍ ഒരു പുതിയ സംഘര്‍ഷം രൂപം കൊണ്ടത് കാരണം ഏത് നിമിഷവും തിരികേ വിളിക്കപ്പെടാം. പെട്ടെന്ന് കയറി പോവേണ്ടി വരും…ഞാനാ ഹൃദയം തൊട്ടറിയുന്നതിന് മുന്നേ, ശ്രീയേട്ടനില്‍ ഒന്നലിഞ്ഞു ചേരാന്‍ കഴിയുന്നതിന് മുന്നേ, അതു സംഭവിച്ചു..
വിളി വന്നു…അതിര്‍ത്തിയിലേക്ക് പറക്കാന്‍. ചേര്‍ത്തു പിടിച്ചു നെറ്റിയിലും ചുണ്ടിലും എന്‍റെ നിറമിഴികളിലും ചുണ്ടമര്‍ത്തിയിട്ട്, വിവാഹം കഴിഞ്ഞതിന്‍റെ നാലാം നാള്‍ ശ്രീയേട്ടന്‍ അതിര്‍ത്തിയിലേക്ക് പോയി. ഒരു പട്ടാളക്കാരന് രാജ്യത്തിന്‍റെ സുരക്ഷ കഴിഞ്ഞേ കുടുംബമോ ബന്ധങ്ങളോ ഉള്ളൂ. ധൈര്യമായ് നില്‍ക്കണമെന്ന് പറഞ്ഞു.
അതിര്‍ത്തിയില്‍ ഞങ്ങളുണ്ടാവണം എപ്പോഴും. ശത്രുക്കള്‍ പെരുകുകയാ ഞങ്ങളുടെ രാജ്യത്തെ നശിപ്പിക്കാന്‍. അങ്ങനെ ഒരുത്തനും വിട്ടു കൊടുക്കില്ല എന്‍റെ രാജ്യത്തിന്‍റെ ഒരു തരി മണ്ണു പോലും. ആ കണ്ണുകളില്‍ അഗ്നി കാണാം. എനിക്കഭിമാനം തോന്നി. വിരല്‍ത്തുമ്പുകളിലൂടെ ഒരു തരിപ്പ് ഹൃദയത്തിലേക്ക് പടര്‍ന്നു കയറി. ഒരു പട്ടാളക്കാരന്‍റെ ഭാര്യയാവാന്‍ കഴിഞ്ഞത് ഒരു ഭാഗ്യമായെന്ന് ഹൃദയമറിയുന്നു.
വന്ദേ മാതരം….ഹൃത്തടങ്ങളിലെവിടേയോ ആരുടേയോ ശബ്ദം പെരുമ്പറ മുഴക്കുന്നു. ഒരു സല്യൂട്ട് എനിക്കും തന്നു. ഏതു തരം പ്രലോഭനങ്ങളേയും അതിജീവിക്കാന്‍ പഠിക്കണം എന്നു പറയുമ്പോള്‍ ആ കണ്ണുകളില്‍ ഒരു പ്രത്യേക ഭാവമായിരുന്നു. അങ്ങനെ ഞാന്‍ വീണ്ടും കോളജിലേക്ക് പോയിത്തുടങ്ങി.
ശ്രീയേട്ടന്‍ കിട്ടുന്ന ഇടവേളകളിലെല്ലാം വിളിച്ചു. ഒരു യുദ്ധത്തിനുള്ള സാധ്യത തെളിഞ്ഞു വരുന്നുണ്ടെന്ന വാര്‍ത്ത ടി.വി.യില്‍ നിന്നുമാണ് കേട്ടത്. അച്ഛന്‍ പറഞ്ഞത് ഒന്നും ഭയപ്പെടാതെ ഓരോ സൈനികനു വേണ്ടിയും പ്രാര്‍ത്ഥിക്കാനായിരുന്നു. എല്ലാവര്‍ക്കും കാത്തിരിക്കാന്‍ നിന്നെപ്പോലെ ആരെങ്കിലും ഉണ്ടാവില്ലേന്നും ചോദിച്ചു. അതേ….അതാണ് സത്യം.
അങ്ങനെ ഞാനും എന്‍റെ രാജ്യത്തിന്‍റെ സുരക്ഷയ്ക്ക് വേണ്ടി കൊടും തണുപ്പിലും പൊടിയിലും കാറ്റിലും ഉണ്ണാതെയും ഉറങ്ങാതേയുംകാവലിരിക്കുന്ന ഓരോ സൈനികനു വേണ്ടിയും പ്രാര്‍ത്ഥിച്ചു..മനമുരുകി തന്നെ… കോളജിലേക്ക് പോവുന്നതായിരുന്നു ഏക ആശ്വാസം. രമിതയുടെ വാചക കസര്‍ത്തില്‍ സമയം പോവണതറിയില്ല.
ദേവന്‍ ഇപ്പോള്‍ വല്ലാത്തൊരു നോട്ടമാ.ശരീരം ചുഴിഞ്ഞുള്ള ആ നോട്ടം കാണുമ്പോള്‍ ദേഷ്യം ഇരച്ചു കയറും. കണ്ണുകളിലെ ഭാവം പോലും മാറിയിട്ടുണ്ട്. ശ്രീയേട്ടന്‍ വിളിച്ചിട്ട് നാലു ദിവസങ്ങള്‍ കഴിഞ്ഞിരുന്നു. അങ്ങനേയേ കുറച്ചു നാള്‍ വിളിക്കാനാവൂ എന്നു പറഞ്ഞിരുന്നു. എങ്കിലും വാട്സാപ്പില്‍ ഒരു കുഞ്ഞു സന്ദേശം എന്നും തേടി വരുന്നതാ ഒരു ശക്തി. ഒടുവില്‍ സംഘര്‍ഷത്തിന് അയവു വന്നതായുള്ള വാര്‍ത്തകള്‍ ടിവിയില്‍ കണ്ടു. പിറ്റേ ദിവസം വിളിച്ചൊത്തിരി നേരം സംസാരിച്ചു.
ആ ആശ്വാസവുമായ് കോളജില്‍ എത്തുമ്പോഴതാ ആളൊഴിഞ്ഞ കോണില്‍ ദേവന്‍ നില്‍ക്കുന്നു. എന്തോ ഒന്നിനുള്ള പുറപ്പാടാണെന്ന് മനസ്സ് മുന്നറിയിപ്പ് തന്നത് കൊണ്ട് കരുതലോടെയാ ആ മുന്നിലൂടെ കടന്നു പോയത്. അപ്പോഴതാ പിന്നില്‍ നിന്നും വിളിക്കുന്നു. സേതൂ…ഒന്നു നിന്നേ…..നിന്നു…എന്താണെന്ന് കണ്ണുകളാല്‍ ചോദിച്ചു. അവന്‍ അരികില്‍ വന്നു, പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു തുടങ്ങി.
തന്നെ എനിക്കു ഒരുപാട് ഇഷ്ടമായിരുന്നു. അതൊരുപാട് തവണ തന്നെ അറിയിച്ചിട്ടുമുണ്ടായിരുന്നു. എന്നാല്‍ ഒരിക്കല്‍ പോലും താന്‍ അനുകൂലമായൊരു മറുപടി എനിക്കു തന്നിട്ടില്ല. പക്ഷേ ഒരിക്കല്‍ പോലും എന്നെ ഇഷ്ടമല്ലെന്ന് പറഞ്ഞതുമില്ല. അതുകൊണ്ട് നിന്നെ എന്നെങ്കിലും സ്വന്തമാക്കാമെന്ന പ്രതീക്ഷയോടെ ഞാന്‍ കാത്തിരിക്കുകയായിരുന്നു.
പക്ഷേ … ഞങ്ങളാരുമറിയാതെ മറ്റൊരാളുമായ് തന്‍റെ വിവാഹ നിശ്ചയം നടന്നതറിഞ്ഞതോടെയാ ഞാന്‍ തകര്‍ന്നു പോയത്. ഇപ്പോള്‍ എനിക്കു എന്നോട് തന്നെ വെറുപ്പാണ്. സേതുവുമൊത്തൊരു ജീവിതം സ്വപ്നം കണ്ടതും ഒരുപാട് മോഹങ്ങളെ താലോലിച്ചതും ഇപ്പോള്‍ വെറുതേയായി. എല്ലാം മറക്കാന്‍ നോക്കി. അതിനും കഴിയുന്നില്ല.
ഞാനെന്താ ചെയ്യേണ്ടത്….താന്‍ പറഞ്ഞു താ. ചിലപ്പോള്‍ തോന്നും സേതു ഇല്ലാതെ ജീവിക്കുന്നതിലും നല്ലത് മരണമാണെന്ന്. എനിക്കറിയാം സേതു ഒരിക്കല്‍ പോലും എന്നെ സ്നേഹിച്ചിട്ടില്ലാ എന്ന്..എന്നാലും എപ്പോഴെങ്കിലും ഒന്നു പറയാമായിരുന്നില്ലേ…? സേതുവിന് ദേവനോട് വെറുപ്പാണെന്ന്. അങ്ങനെ കാണാന്‍ കഴിയില്ലാ എന്നെങ്കിലും. ഞാനെന്‍റെ ഉള്ളില്‍ ഇത്രയും മോഹം വളര്‍ത്തില്ലായിരുന്നു. നിന്നെ ഇത്രമേല്‍ സ്നേഹിക്കില്ലായിരുന്നു.
അവന്‍റെ കണ്ണുകളിലെ സങ്കടം കണ്ടപ്പോള്‍ ഉള്ളിലെവിടേയോ ഒരു നീറ്റലുണ്ടായി. എങ്കിലും അതു പുറത്ത് കാട്ടാതെ അചഞ്ചലയായ് പറഞ്ഞു.
ദേവാ…ഞാനിന്നൊരാളുടെ ഭാര്യയാണ്. അതും ഒരു പട്ടാളക്കാരന്‍റെ…വിവാഹം കഴിഞ്ഞ് നാലാം നാള്‍ അതിര്‍ത്തിയിലേക്ക് രാജ്യത്തിന്‍റെ സുരക്ഷയ്ക്കായ് അകന്നു പോയ ആ മനുഷ്യനെ ഓര്‍ത്ത് മാത്രം ജീവിക്കുന്നൊരു പെണ്ണ്. ഞങ്ങള്‍ പരസ്പരം ഒന്നും പങ്കു വെച്ചിട്ടില്ല ഇതു വരെ. പക്ഷേ ഒരു പെണ്ണിനുള്ളതെല്ലാം ഞാന്‍ എന്‍റെ മരണം വരേ കാത്തു സൂക്ഷിക്കും അദ്ദേഹത്തിന് വേണ്ടി മാത്രം.
അവരെ ഇനി എനിക്കു കാണാനാവുമെന്നോ ഒന്നിച്ചൊരു ജീവിതം സാധ്യമാകുമെന്നോ ഒന്നും അറിയില്ലെനിക്ക്. പക്ഷേ ഒന്നറിയാം അദ്ദേഹത്തിന്‍റെ ഭാര്യയായ് ജീവിച്ചു മരിക്കണമെനിക്ക്. അതിനിടയില്‍ എന്‍റെ മനസ്സിലൂടെ ഞാന്‍ കാണില്ല ആരേയും. എന്നെ ഒരു സൈനികന്‍റെ പത്നിയായ് ഒരു സഹോദരിയായ് കാണാന്‍ ശ്രമിക്കുക. ജീവിതം തിരിച്ചു സ്നേഹിക്കത്തവര്‍ക്കു വേണ്ടി വെറുതേ പാഴാക്കാതെ ദേവനെ സ്നേഹിക്കാന്‍ കഴിയുന്നൊരാള്‍ക്കു വേണ്ടി മാറ്റി വെയ്ക്കൂ.
നടന്നകലുമ്പോള്‍ മനസ്സിനൊരു ആശ്വാസം തോന്നി. ഇനി അവന്‍ ആ മനസ്സുമായ് ഒരിക്കലും വരരുത് എന്‍റെ മുന്നിലേക്ക്. ശ്രീയേട്ടാ സേതുലക്ഷ്മി ഒരു പതിവ്രത ആയിരിക്കും…എന്നും…എപ്പോഴും…ഒരിക്കലും ആരുടെ പ്രലോഭനങ്ങളിലും വീഴില്ല.