ചിരിക്കുമ്പോൾ ഒരുകവിളിൽ മാത്രം തെളിയുന്ന നുണക്കുഴി കവിളുള്ളവൾ. ഞാനുമവളായി പെട്ടന്നു കൂട്ടായി. സത്യത്തിൽ…

സ്നേഹപൂർവ്വം, ശ്രീജിത്ത്‌ ആനന്ദ് തൃശ്ശിവപേരൂർ

നാട്ടിലെ ആൽതറയിൽ കൂട്ടുകാരുമായുള്ള കളിച്ചിരിക്കൾക്കും അമ്പലകുളത്തിലെ കുളിക്കും വിരാമമിട്ടതു പോസ്റ്റുമാൻ ഗോപിയേട്ടൻ അപ്പോയ്ന്റ്മെന്റ് ലെറ്റർ കയ്യിൽ കൊണ്ടു തന്നപ്പോഴാണ്. മംഗലാപുരത്താണ് പോസ്റ്റിങ്ങ്‌, ഗേറ്റ് കീപ്പർ.

വീട്ടിൽ നിന്നൊരു മാറിനിൽപ്പ് ആദ്യമെന്നുവേണം പറയാൻ…മാറി നിന്നാലും അമ്മവീട്ടിൽ, അതും വിരലിൽ എണ്ണാവുന്ന ദിവസം. പകലൊക്കെ മാമന്റെ മക്കളുടെ കൂടെ കളിച്ചു കടന്നുപോകും. സന്ധ്യക്കു വിളക്ക് വെച്ചുകഴിഞ്ഞാൽ ഒരു മൂകതയാണ്. അമ്മയെ കാണാൻ തോന്നും. കരഞ്ഞാൽ മോശകേടല്ലേ എന്നു കരുതി കരയില്ല. പിന്നേ പിന്നേ സങ്കടം കൂടും….രണ്ടുസം കഴിയുമ്പോഴേക്കും വീട്ടിൽ പോവാനുള്ള ആഗ്രഹം തീവ്രമാകും.

അങ്ങിനെ സങ്കടപ്പെട്ടു ഇരിക്കുമ്പോൾ കോട്ടൺ സാരി ഉടുത്തു കയ്യിലു പലഹാരപൊതിയായി ഒരാള് വരുന്നത് കാണാം, അമ്മയാണ്…കാർമേഘം വന്നുനിറഞ്ഞ മനസു ഒരു നിമിഷം കൊണ്ടു തെളിയും. കാണാതിരുന്നിട്ടു അമ്മയെ കാണുമ്പോഴുള്ള സന്തോഷത്തിനപ്പുറം വേറെ എന്തുണ്ട്…ഓടി ചെന്നു കൈപിടിച്ചു ചോദിക്കും നമ്മളു ഇന്നു തന്നെപോവില്ലേ…? ആ ശ്രീകുട്ടാ…

അതു കേൾക്കേണ്ട താമസം, കിണറ്റിൻ കരയിലേക്ക് ഓടും. അമ്മമ്മ തൊട്ടിയിൽ കോരിവെച്ച വെള്ളം എടുത്തു കുളിതുടങ്ങും. അച്ചാച്ചൻ വാങ്ങി തന്ന പാരഗൺ ചെരുപ്പ് ചകിരി കൊണ്ടു ഉരച്ചുകഴുകി വെളുപ്പിക്കും. അമ്മ, അമ്മാമയുമായി വിശേഷങ്ങൾ
പറഞ്ഞു തീരുമ്പോഴേക്കും ഞാൻ സ്വന്തമായി ഡ്രെസ്സെടുത്തിട്ടു റെഡിയായിട്ടുണ്ടാവും.

കളിച്ചു കിട്ടിയ ലേബലും ഗോലികളും ഭദ്രമായി അമ്മ കൊണ്ടുവന്ന കവറിൽ എടുത്തു വെക്കും. പോരുമ്പോൾ അമ്മാമ്മയുടെ കണ്ണു നിറയും. കെട്ടിപിടിച്ചു ഉമ്മ തന്നിട്ട് ചോദിക്കും, ഇനിയെന്നാവരികാന്നു…? അതു കാണുമ്പോൾ സങ്കടം തോന്നും. അമ്മേടെ മുഖത്തു നോക്കുമ്പോൾ ഇനി അടുത്ത സ്കൂൾ പൂട്ടലിനു വരാമെന്നു പറയാൻ പറയും.

ബസ്റ്റോപ് വരെ അച്ചാച്ചൻ വരും. ബസിൽ കേറിയാൽ ഫ്രണ്ടിലെ സീറ്റിൽ പോയിരുന്നു ഡ്രൈവറുചേട്ടൻ വണ്ടിഓടിക്കുന്നതും നോക്കി ഇരിക്കും. ഓർമകളാണ്…

ഓർമകളിൽ മുഴുകി കട്ടിൽ പടിയിൽ തല ചായ്ച്ചു ഇരിക്കുമ്പോഴാണ്. അമ്മ വിളിച്ചത്. കൊണ്ടുപോകാനുള്ളതൊക്കെ എടുത്തു വെച്ചോ ശ്രീകുട്ടാ…?

ആ അമ്മേ…

വെളുപ്പിന് പോണ്ടതല്ലേ കിടക്കാൻ നോക്കു, ഉറക്കമൊഴിക്കണ്ട…രാവിലെ എണീറ്റു കുളിച്ചു കൃഷ്ണന്റെ മുൻപിൽ വിളക്കു കൊളുത്തികഴിഞ്ഞു അമ്മയുണ്ടാക്കിയ ദോശയും ചമ്മന്തിയും കഴിക്കുമ്പോൾ പറഞ്ഞു ഇനി ഇതു കഴിക്കണമെങ്കിൽ ഒരുമാസം കഴിയണം അല്ലേ അമ്മേ…എന്നു പറഞ്ഞപ്പോൾ അമ്മേടെ കണ്ണു നിറയുന്നുണ്ടായിരുന്നു.

കാര്യം ജോലി കിട്ടി പോവാണെങ്കിലും വീട്ടിൽ നിന്നിറങ്ങുമ്പോൾ ചങ്കിലാരോ പിടിച്ചു ഞെക്കിയപോലെ. അടക്കിപിടിക്കാൻ പറ്റാത്തതെന്തൊ കണ്ണിൽ വന്നു നിറയും പോലെ. തിരിഞ്ഞു നോക്കിയില്ല. അവിടെ നിൽക്കുന്നവരുടെ മുഖം കാണാതെ കാണാൻ കഴിയുന്നുണ്ട്. പണ്ട് അമ്മയെ കാണാതെ സങ്കടപ്പെട്ടു പടിക്കു പുറത്തേക്കു നോക്കി ഇരുന്ന ആറുവയസുകാരനെ പോലെ മനസു നീറുന്നുണ്ടായിരുന്നു.

ജോലി ചെയ്യുന്ന സ്ഥലം കുറച്ചു ഉൾഗ്രാമത്തിൽ ആയിരുന്നു. വല്ലപ്പോഴും വരുന്ന ട്രെയിൻ. അല്ലാത്തപ്പോഴൊക്കെ ഗേറ്റ് ഉയർന്നു കിടക്കും. അന്നന്നത്തെ കാര്യങ്ങക്കു വേണ്ടി ജോലി ചെയ്യുന്നവർ. പൈനാപ്പിൾ കയറ്റി പോകുന്ന ട്രാക്ടറുകൾ, കാളവണ്ടികൾ, ഇടക്കൊക്കെ കടന്നുപോകുന്ന കാറുകൾ…മുന്നിലെ കാഴ്ചകളാണ്.

പിന്നെ ഒരു കുഞ്ഞു ഷെഡ് കെട്ടി ഒരു ചായക്കടയും. മല്ലിക അക്കയും മകൾ ശിവന്തികയും, അവളു നാലാം ക്ലാസ്സിൽ പഠിക്കുന്നു. ആ കടയുടെ പിന്നിലെ കൊച്ചുറൂമിൽ തന്നെയാണ് താമസം. ചായ ഒരു ശീലമായതുകൊണ്ടു ഇടക്കിടെ ഞാനവിടെ പോകും.

ശിവന്തിക…ഒരു നിഷ്കളങ്കമായ ചിരിയുടെ സ്വന്തമായുള്ളവൾ. ചിരിക്കുമ്പോൾ ഒരുകവിളിൽ മാത്രം തെളിയുന്ന നുണക്കുഴി കവിളുള്ളവൾ. ഞാനുമവളായി പെട്ടന്നു കൂട്ടായി. സത്യത്തിൽ വലിയൊരു സൗഹൃദവലയത്തിൽ നിന്നു ഒറ്റപെട്ടു വന്ന എനിക്കു അവളേ ഉണ്ടായിരുന്നുള്ളു ഒന്നു മിണ്ടാനായിട്ടു….

കടയുടെ ഒരു കാലിൽ ആണി തറച്ചു വെച്ചേക്കുന്ന ഫോട്ടോയാണ് മല്ലികാ അക്കയുടെ നെറ്റിയിൽ സിന്ദൂരം ഇല്ലാത്തതിന്റെ കാരണം എന്നെനിക്കുമനസിലായി. ഒരിക്കൽ അതിനെ പറ്റിചോദിച്ചപ്പോൾ എപ്പോഴും ചിരിച്ചു സംസാരിക്കുന്ന അക്കയുടെ കണ്ണിൽ നനവ് പടരുന്നത് കണ്ടപ്പോൾ പിന്നൊന്നും ചോദിച്ചില്ല. അല്ലെങ്കിലും സങ്കടങ്ങൾ ഉള്ളിലൊതുക്കട്ടെ. തുറന്നു പറച്ചിലുകൾ കേൾവിക്കാർക്കൊരു കഥയായാലോ.

നാട്ടിൽ വന്നു തിരിച്ചുപോവുമ്പോൾ അമ്മയുണ്ടാക്കിയ ഉണ്ണിയപ്പവും അവലോസുണ്ടയും എല്ലാം ഞാൻ അവൾക്കു കൊടുക്കും. അവൾ ചിരിക്കും. മുഖത്തു പാൽ പുഞ്ചിരി നിറയും.

ഒരുദിവസം നാട്ടിൽ പോയി തിരിച്ചു വന്നപ്പോൾ മല്ലിക അക്കയുടെ മാടക്കട അടഞ്ഞുകിടന്നു. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സ്വാമിയാണ് പറഞ്ഞത്. മല്ലിക പോയി എന്നു…അറ്റാക്ക് ആയിരുന്നു.

ചിരിച്ചമുഖമുള്ള അമ്മയെ പോലെ വിളമ്പി തന്ന അമ്മയെ പോലെ ചേച്ചിയെ പോലെ കരുതലുള്ള അക്ക മണ്ണോടു ചേർന്നിരിക്കുന്നു. നാട്ടിൽ പോയ നിമിഷത്തെ ഓർത്തു എനിക്കെന്നോട് തന്നെ ദേഷ്യം തോന്നുന്നു. ഗേറ്റ് റൂമിലിരുന്ന് നോക്കുമ്പോൾ റാന്തൽ വിളക്കിന്റെ വെളിച്ചത്തിൽ ഇരുന്നു പാഠഭാഗങ്ങൾ ഉറക്കെ വായിക്കുന്ന ശിവ അവിടെയില്ല.

അവളെ നെഞ്ചോടു ചേർത്തു സ്നേഹിച്ച അവളുടെ അമ്മ അവളെ ഒറ്റക്കാക്കി പോയിരിക്കുന്നു. അവളിതെങ്ങിനെ സഹിച്ചിട്ടുണ്ടാകും. അമ്മയെ ഓർമവന്നു കണ്ണുകൾ നിറഞ്ഞൊഴുകി അവളെവിടെയായിരിക്കും. ഒരുനോക്കുപോലും കാണാൻ പറ്റിയില്ലല്ലോ. വിജനമായിടത്തു ഞാനും ഗേറ്റ് റൂമും ഒറ്റക്കായപോലെ…

കൂടെയുള്ളവരെ ഒരു ദിവസം കാണാതാവുമ്പോഴേ അവരു നമുക്കു എത്രത്തോളം പ്രിയപെട്ടവരായിരുന്നു എന്നു മനസ്സിലാവൂ…അല്ലേ…? രാവിലേതന്നെ സ്വാമിയണ്ണന്റെ ക്വാർട്ടസിൽ പോയി. അവളെ എങ്ങോട്ട് കൊണ്ടുപോയി എന്നറിയാൻ…

അകന്ന ബന്ധത്തിലുള്ള ഒരാളു വന്നു കൊണ്ടുപോയി എന്നറിഞ്ഞു. ഇവിടെ ഒരു സമുദായം ഉണ്ട് അവിടുത്തെ പറമ്പിലാണ് അവരെ ദഹിപ്പിച്ചതു. അവിടെ പോയാൽ അഡ്രസ് ചിലപ്പോൾ കിട്ടുമെന്ന് അണ്ണനാണ് പറഞ്ഞത്. അഡ്രസ്സ്കിട്ടി തഞ്ചാവൂർ ആണ്. ലീവ് എഴുതിക്കൊടുത്തു യാത്ര തിരിക്കുമ്പോൾ അവളെ ഒന്നു കാണാൻ കഴിയണേ എന്നുമാത്രമായിരുന്നു പ്രാർത്ഥന.

കരിമ്പുതോട്ടങ്ങൾക്കിടയിലുള്ള വഴിയിലൂടെ ഓട്ടോ സഞ്ചരിച്ചു. ഒരു കുഞ്ഞു വീടിന്റെ മുന്നിൽ ചെന്നു നിന്നു. അപരിചിതനായ എന്നെ കണ്ടു അയാൾ കാര്യം തിരക്കി. ശിവയെ തിരക്കി ചെന്നതാണെന്നു അറിഞ്ഞപ്പോൾ മുടി നെറുകയിൽ കെട്ടിയ സ്ത്രീ. വായിലുള്ള മുറുക്കാൻ ശബ്ദത്തോടെ മുറ്റത്തേക്ക് തുപ്പി എന്തൊക്കെയോ തമിഴിൽ എന്തൊക്കെയോ പുലമ്പുന്നുണ്ടായിരുന്നു.

കുറച്ചകലെമാറി കളിക്കുന്ന കുട്ടികളിൽ എന്റെ കണ്ണുകൾ അവളെ തിരഞ്ഞു. അവളുമാത്രം ഇല്ലായിരുന്നു. ഞാനവിടെ നിന്നിട്ടും ഭർത്താവിനെ വകവെക്കാതെ സംസാരിച്ചഅവളെ അയാളൊന്നു നോക്കുക മാത്രം ചെയ്തു.

തന്നെ വിലകല്പിക്കാതെയുള്ള അവളുടെ പെരുമാറ്റത്തിന്റെ ചളിപ്പുമറച്ചു മാറ്റാനായി അയാൾ പറഞ്ഞു…കൊഞ്ചം മാറി നിന്നു പേസലാം. അയാൾക്ക്‌ നാലുമക്കളാണ്. അതിന്റെ കൂടെ ശിവയെ കൂടി ആ വീട്ടിലേക്കു കൊണ്ടുവന്നപ്പോൾ മുതൽ പുകിലാണ്. സഹികെട്ടു അയാളവിടുത്തെ ഒരു മഠത്തിൽ കൊണ്ടാക്കി. അതാവുമ്പോൾ ഭക്ഷണമെങ്കിലും മുടങ്ങാതെ കിട്ടുമത്രേ…വാക്കുകളിൽ കുറ്റബോധം നിഴലിച്ചു കിടക്കുന്നു.

“നിസ്സഹായാവസ്ഥ…”

എനിക്കവളെ കാണണം അണ്ണാ…എന്നുപറഞ്ഞപ്പോൾ കോലായിൽ കിടക്കുന്ന ഷർട്ട്‌ എടുത്തിട്ട് അയാളെന്റെ കൂടെ പോന്നു. മഠത്തിന്റെ പടികടന്നു ചെല്ലുമ്പോൾ തന്റേതല്ലാത്ത കാരണത്താൽ ഒറ്റപെട്ടുപോയ ഒരുപാടു കുട്ടികളെ കണ്ടു. മുറ്റത്തു നിൽക്കുന്ന ജമന്തിചെടികൾക്ക് വെള്ളം ഒഴിക്കുന്ന ശിവയെ ഞാൻ കണ്ടു. മനസിന്റെ അടിത്തട്ടിൽ നിന്നു വിളിയുണർന്നു.

ശിവാ…അക്ഷരങ്ങൾ തൊണ്ടയിൽ കുടുങ്ങി ചിതറിപോകുന്നു. എന്നെ കണ്ടതും അവളോടിവന്നു. അണ്ണാ…എന്നും വിളിച്ചു. കെട്ടിപിടിച്ചു കുറേ കരഞ്ഞു. ചുറ്റുപാടുകൾ നിശബ്ദമായി അനുഭവപെട്ടു. ഒരു ഏട്ടന്റെയും കുഞ്ഞനിയത്തിയുടെയും സങ്കടങ്ങൾ തോരാതെ പെയ്തു. കണ്ടുനിന്നവരും ആ മഴയിൽ നനഞ്ഞുപോയി.

ഫോർമാലിറ്റികൾ കഴിഞ്ഞു മഠത്തിന്റെ പടിയിറങ്ങുമ്പോൾ, എന്റെ ഉള്ളം കയ്യിൽ അവളുടെ കുഞ്ഞുകൈ സുരക്ഷിതമായിരുന്നു. തിരിച്ചു നാട്ടിലേക്കു ചെല്ലുമ്പോൾ ഒരുപാടു ചോദ്യങ്ങൾ ഉണ്ടാകും. മുന്നോട്ടുള്ള ജീവിതത്തിനു വിലങ്ങുതടിയാവില്ലേ എന്നു പലരും ചോദിക്കും. കുറ്റപ്പെടുത്തലുകൾ ഉണ്ടാകും ആക്ഷേപങ്ങൾ ഉണ്ടാകും. എല്ലാ ചോദ്യങ്ങൾക്കും എനിക്കൊരു ഉത്തരമേ എനിക്കു ഉണ്ടായിരുന്നുള്ളു. എന്റെ കുഞ്ഞനുജത്തിയാണ്. ഇവളും കൂടി ചേർന്നതാണ് ഇനിയെന്റെ ജീവിതം.

ഞാൻ പോലും അറിയാതെ എന്റെ ജീവിതത്തിലേക്ക് കടന്നുവന്നവളാണ്. അടർത്തിമാറ്റാൻ പറ്റാത്തഅത്രയും ഞാനവളെ ചേർത്തു പിടിച്ചിരിക്കുന്നു. ഇനിയും ആ കുഞ്ഞുമുഖത്തു ചിരി നിറയണം. ചിരിക്കുമ്പോൾ ഒരു കവിളിൽ നുണക്കുഴി തെളിയണം.

ആദ്യം കുറച്ചുദിവസങ്ങൾ വീടു ഉറങ്ങിയിരുന്നു. ചുറ്റിലുമുള്ളവരുടെ ചോദ്യങ്ങളിൽ അച്ഛനും അമ്മയും തളർന്നു പോയിരുന്നു. പിറ്റേ മാസം ലീവിനു വന്നപ്പോൾ ഗേറ്റിന്റെ മുൻപിലെ നെയിം ബോർഡിലെ പേരുകണ്ടു. കണ്ണൊന്നു നിറഞ്ഞു.

“ശിവന്തിക”

ആ പേരിൽ തൃക്കാർത്തികക്കു ദീപം തെളിയിച്ചപോലെ വീടിനു ഭംഗിയുള്ളതായി എനിക്കു തോന്നി. അല്ലെങ്കിലും സ്നേഹത്തിൽ അലിയാത്ത ഏതു മനസുകളാ ഈ ഭൂമിയിലുള്ളത്.