നിർമ്മലം – രചന: ഭദ്ര മനു
ഹാപ്പി മദേഴ്സ് ഡേ അച്ഛേ…ഓഫീസിൽ നിന്നും വന്ന മനുവിന് തന്റെ കയ്യിലിരുന്ന ഗ്രീറ്റിങ് കാർഡ് കൊടുത്തു കൊണ്ട് 7വയസുകാരൻ അല്ലു അയാളുടെ മടിയിലേക്ക് ചാടിക്കേറി. മനു വാത്സല്ല്യത്തോടെ മകന്റെ തലയിൽ തലോടി.
അല്ലുനോട് ആരാ പറഞ്ഞെ ഇന്ന് മദേഴ്സ് ഡേ ആണെന്ന്…?
സ്കൂളീന്ന് ടീച്ചറ് പറഞ്ഞു. എന്നിട്ട് എല്ലാവർക്കും സ്ക്കെച്ചുപേനയും ചാർട്ടും തന്നിട്ട് ഇത്പോലെ കാർഡ് ഉണ്ടാക്കി വീട്ടിൽ കാണിക്കണമെന്നും പറഞ്ഞു. മനു കയ്യിലിരുന്ന കാർഡൊന്നു നോക്കി ഇളംറോസ് കാർഡിൽ മുൻപിൽ തന്നെ “happy mothers day” എന്ന് എഴുതിയിരുന്നു.
പതുക്കെ അയാൾ അതിന്റെ ഉള്ള് തുറന്നു. അതിൽ പാന്റ്സും ഷർട്ടും ധരിച്ചു നീണ്ട മുടിയും മീശയും പൊട്ടും ഉള്ളൊരു പുരുഷനോ സ്ത്രീയോ എന്നറിയാത്തൊരു രൂപവും ആ രൂപത്തിന്റെ കയ്യിൽ തൂങ്ങി ഒരു കൊച്ച് കുട്ടിയേയും വരച്ചിരുന്നു.
ഇതാരാ അല്ലു??? അയാൾ ചിരിയോടെ ചോദിച്ചു.
ആ വലുത് അമ്മ…മറ്റേത് അല്ലു…അമ്മയെ ഇങ്ങനെയാണോ വരയ്ക്കുന്നത്.
അത് അച്ഛ തന്നെയല്ലേ പറഞ്ഞെ ഒരിക്കെ…അല്ലുന്റെ അച്ഛനും അമ്മയും എല്ലാം അച്ഛ തന്നെയാണെന്ന്…മറുപടിയ്ക്കായി വാക്കുകൾ കിട്ടാതെ മനു വിയർത്തു. ആദ്യം ഞാൻ വരച്ചപ്പോൾ ഇത്രയും മുടിയൊന്നും ഇല്ലായിരുന്നു അച്ഛേ….ഞാൻ വരച്ചു ടീച്ചറെ കാണിച്ചപ്പോൾ ടീച്ചർ പറഞ്ഞു. ഇതമ്മയുടെ പടമല്ല അച്ഛന്റെ പടം ആണെന്ന്….അമ്മയുടെ പടത്തിനു കൊറേ മുടിണ്ടാവും…അമ്മ പൊട്ട് തൊടും എന്നൊക്കെ…അപ്പൊ ഞാൻ വീണ്ടും വരച്ചു.
കൊള്ളാട്ടോ…അച്ഛയ്ക്ക് ഇഷ്ട്ടായി….മനുവിന് അറിയാതെ നെഞ്ചിലൊരു വേദന നിറഞ്ഞു….അയാൾ കുഞ്ഞിനേയും എടുത്തു മുറിയിലേക്ക് നടന്നു. രാത്രി അല്ലുവിനെ കുളിപ്പിക്കുകയും ഭക്ഷണം കൊടുക്കുമ്പോഴും ചെയ്യുമ്പോൾ അയാളുടെ കണ്ണ് നിറഞ്ഞു കൊണ്ടിരുന്നു…നന്ദനയുണ്ടായിരുന്നുവെങ്കിൽ…..രാത്രി നെഞ്ചിലേക്ക് ചേർന്ന് കിടന്നു ഉറങ്ങുന്ന അല്ലുവിനെ അയാൾ വിഷമത്തോടെ തഴുകി.
പുറത്ത് ചാറുന്ന മഴയിലേക്ക് നോക്കിയിരിക്കെ അയാൾക്ക് നന്ദനയെ ഓർമ വന്നു. കോളേജ് കാലത്ത് തോന്നിയ പ്രണയം…എല്ലാരേയും എതിർത്തു കൊണ്ട് ഒരു വിവാഹം. രണ്ട് വർഷം കഴിഞ്ഞു അല്ലുവിന്റെ ജനനം. എന്ത് ആവശ്യത്തിന് വിളിച്ചാലും ഓടി വരുന്ന രണ്ട് ആത്മാർത്ഥ കൂട്ടുകാർ….ഹരിയും അനൂപും….എന്ത് സന്തോഷം നിറഞ്ഞ ജീവിതമായിരുന്നു.
ഒരു കുറവും വരുത്താതെ നോക്കിയിട്ടും എവിടെയാണ് തന്റെ ശ്രദ്ധയൊന്നു പാളി പോയത്. വെറും 7മാസമുള്ള അല്ലുവിനെയും രണ്ടര വർഷം കൂടെ ജീവിച്ച തന്നെയും ഉപേക്ഷിച്ചു എങ്ങനെയാണു അവൾക്ക് അനൂപിന്റെ കൂടെ ഇറങ്ങി പോവാൻ തോന്നിയത്. ആത്മാർത്ഥ സുഹൃത്തായിട്ടും എങ്ങനെ അനൂപിന് അങ്ങനെയൊരു ചതി തന്നോട് ചെയ്യാൻ തോന്നി.
തന്നെക്കാൾ മുൻപ് അനൂപ് അവളെ സ്നേഹിച്ചിരുന്നു പോലും…പക്ഷെ അവളോട് തുറന്നു പറയാൻ അന്ന് അവന് ധൈര്യം പോരായിരുന്നു. അവളൊരു ഭാര്യയായി…കുഞ്ഞിന്റെ അമ്മയായി…അപ്പോഴാണ് അവനത് തുറന്നു പറയാൻ ധൈര്യം തോന്നിയത്. അവന്റെ കാര്യം പോട്ടെ…നന്ദന..അവൾക്കെങ്ങനെ സാധിച്ചു. തന്നെ മറക്കാൻ…സ്വന്തം കുഞ്ഞിനെ മറക്കാൻ…മനുവിന് സഹിക്കാൻ കഴിയാത്ത വിഷമം തോന്നി.
കാത്തിരുന്നു ഒരു വർഷം. തിരികെ വരുമെങ്കിൽ വരട്ടെ. കുഞ്ഞിനെ ഓർത്തെങ്കിലും താൻ എല്ലാം പൊറുക്കുമായിരുന്നു. വീണ്ടും ഒപ്പം ജീവിക്കുമായിരുന്നു. പക്ഷെ വന്നില്ല…ഇപ്പൊ വർഷം 7കഴിഞ്ഞു. അനൂപുമായുള്ള എല്ലാ ബന്ധങ്ങളും അവിടെ തീർന്നിരുന്നു. ഇനിയതെല്ലാം ഓർത്തിട്ട് എന്ത് കാര്യം…അയാൾ എല്ലാം മറക്കാൻ ശ്രമിച്ചു കൊണ്ട് കണ്ണടച്ചു.
********************
പിറ്റേന്ന് അയാൾ ഓഫീസിൽ തിരക്കിട്ട ജോലിയിലായിരിക്കെ പ്യൂൺ അയാളെ തിരക്കി വന്നു. മനുസാറിനെ ചോദിച്ചു ഒരാള് വന്നിട്ടുണ്ട്. ആരാ പ്രസന്നാ…? അറിയില്ല സാറെ…ഒരു പെണ്ണാണ്. പെണ്ണോ….അതാരാ തന്നെ തിരക്കി ഒരു പെണ്ണ്. അയാൾ വെളിയിൽ ഇറങ്ങി നോക്കിയെങ്കിലും ആരെയും കണ്ടില്ല. അയാൾ തിരിച്ചു ഓഫീസിലേക്ക് കേറാൻ തുടങ്ങി.
മനുവേട്ടാ…ആരുടെയോ വിളി കേട്ട് അയാളൊന്നു നിന്നു. തിരിഞ്ഞു നോക്കിയ അയാളൊന്ന് ഞെട്ടി. 7വർഷങ്ങൾക്ക് മുൻപ് തന്നെ ഉപേക്ഷിച്ചു പോയ നന്ദന. അവൾ അയാളുടെ അരികിലേക്ക് വന്നു. അയാൾ അവളെ അടിമുടിനോക്കി. അവളെന്തു മാത്രം മാറിയിരിക്കുന്നു. തടിച്ചു വീർത്തിരിക്കുന്നു. കണ്ണുകൾക്ക് അടിയിൽ കറുപ്പ് വീണു വിളറി വിളർത്തു ഭംഗിയെല്ലാം നഷ്ടപ്പെട്ടൊരു പെൺകോലം. അയാൾക്ക് എന്തോ മനസൊന്നു നീറി.
മനുവേട്ടാ….നന്ദന ഇടറിയ ശബ്ദത്തോടെ വിളിച്ചു.
മനു ഏട്ടനോ…? മനു…അത് മതി…അയാൾ പുച്ഛത്തോടെ ചുണ്ട് കോട്ടി. ഏഴ് വർഷങ്ങൾക്ക് മുൻപ് എന്നെയും എന്റെ കുഞ്ഞിനേയും വേണ്ടെന്ന് വെച്ചു പോയ എന്റെ ഭാര്യ വീണ്ടും എന്നെ തേടി വന്നത് എന്തിനാണോവോ…?
എനിക്ക് എന്റെ മോനെയൊന്നു കാണണം…നന്ദന വിറയലോടെ പറഞ്ഞു.
നിന്റെ മോനോ..? അവനെന്റെ മാത്രം മോനാണ്. അല്ലെങ്കിൽ തന്നെ നിനക്ക് എന്ത് അർഹതയുണ്ടെടി ആ കുഞ്ഞിനെ കാണാൻ…ഏഴ് വർഷങ്ങൾക്ക് ശേഷം വന്നിരിക്കിന്നു മോനെ കാണാൻ.
നിനക്ക് അറിയോ നീ പോയതിൽ പിന്നെ മുലപ്പാലിന് വേണ്ടി കരഞ്ഞ എന്റെ കുഞ്ഞിന് പലപ്പോഴും ഞാനെന്റെ ചൂണ്ടുവിരൽ വായിൽ വെച്ചു കൊടുത്തിട്ടുണ്ട്. തന്റെ കുരുന്ന്ചുണ്ട് കൊണ്ട് പാല് കുടിക്കാൻ എന്ന രീതിയിൽ അവൻ എന്റെ വിരല് നുണയുമ്പോൾ എന്റെ ചങ്കു നീറിയിട്ടുണ്ട്. അമ്മിഞ്ഞപാല് കുടിച്ചു വളരണ്ടേ എന്റെ മോൻ പശുവിൻ പാല് കുടിച്ചാ വളർന്നത്. അമ്മയുടെ നെഞ്ചിൽ മുഖം ഉരുമി കിടക്കേണ്ടെ അവൻ എന്റെ നെഞ്ചിൽ കിടന്നാ വളർന്നത്.
അവന്റെ വളർച്ചയുടെ ഓരോ ഘട്ടത്തിലും ജന്മം കൊണ്ട് അച്ഛനെങ്കിലും കർമം കൊണ്ട് അമ്മയും കൂടി ആവേണ്ടി വന്നവനാ ഞാൻ. ഒരമ്മ സ്നേഹത്തോടെ വെച്ചു വിളമ്പി വാരി കൊടുത്തത് കഴിക്കേണ്ടേ ഈ പ്രായത്തിൽ രാവിലെ വന്നു വൈകുന്നേരം പോവുന്ന ഒരു ജോലിക്കാരൻ ഉണ്ടാക്കി വെയ്ക്കുന്ന ആഹാരമാണ് കഴിക്കുന്നത്. ഇങ്ങനെ ഒരുപാട് കാര്യങ്ങളുണ്ട് എന്റെ കുഞ്ഞിന് ഒരമ്മയിൽ നിന്ന് കിട്ടാതെ പോയ പലതും….നിനക്ക് അതൊന്നും മനസിലാവില്ല…ആവുമായിരുന്നുവെങ്കിൽ നീ ആ കുഞ്ഞിനെ മറന്നു പോവില്ലായിരുന്നു.
മനുവേട്ടാ…ഞാൻ…നന്ദന വിക്കി.
വേണ്ട….ഒന്നും കേൾക്കണ്ട….എന്നെ ഓർക്കേണ്ട….നീ പ്രസവിച്ച കുഞ്ഞിനെയെങ്കിലും ഓർക്കായിരുന്നു നിനക്ക്. എങ്ങനെ തോന്നിയടി നിനക്ക് ഇത്രയും നീചയാവാൻ. ഇനിയും പറയണമെന്നുണ്ട് നിന്നോട് പലതും. പക്ഷെ നിന്നെ പോലെയൊരുത്തിയോട് മിണ്ടാൻ പോലും എനിക്ക് അറപ്പാണ്. അയാൾ അവളെ അവജ്ഞയോട് കൂടി നോക്കികൊണ്ട് തിരിച്ചു ഓഫീസിലേക്ക് നടന്നു….പിന്നെയൊന്നു തിരിഞ്ഞു നോക്കി.
പിന്നെ ഞാൻ അറിയാതെ എന്റെ മോനെ കാണാൻ നീ ശ്രമിച്ചാൽ ഞാൻ പിന്നെ പെരുമാറുന്നത് ഇങ്ങനെ ആവില്ല. അവന് അമ്മയില്ലടി അച്ഛനെയുള്ളൂ അച്ഛൻ മാത്രം…അയാൾ നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് അകത്തേക്ക് കയറിപോയി.
******************
ഒരാഴ്ചയ്ക്ക് ശേഷം….
എടാ മനു….ഞാനാ ഹരി…
എന്താ ഹരി അയാൾ ഫോൺ ചെവിയോട് ചേർത്തു. എടാ നന്ദനയെ സൂയിസൈഡ് ചെയ്ത നിലയിൽ കണ്ടുവെന്ന്….ഒപ്പം അവനെയും…
ങേ…?? മനു ഞെട്ടി. അതെ ഡാ സത്യം. അവർ തമ്മിൽ എന്തൊക്കെയോ പ്രോബ്ലെംസ് ഉണ്ടായിരുന്നു. ഒരാഴ്ച മുൻപ് അവരുടെ വീട്ടിൽ പോലീസ് ഒക്കെ വന്നിരുന്നു എന്നൊക്കെയാ പറയുന്നത്. എന്തായാലും നീ ഒന്നിങ്ങു വാ…
അതിന് എനിക്ക് എവിടെയാണ് എന്നൊന്നും അറിയില്ല…മനു ഒഴിവാകാൻ ശ്രമിച്ചു. ഞാൻ വന്നു നിന്നെ കൂട്ടാം. നീ റെഡി ആയി നിൽക്ക്…ഹരി ഫോൺ കട്ട് ചെയ്തു. ഹരിയുമായി പണ്ടത്തെ അടുപ്പം അനൂപിനും തനിക്കും ഇപ്പോഴുമുണ്ട്. അത്കൊണ്ട് തന്നെയാണ് ഈ വാർത്ത അറിഞ്ഞപ്പോ അവൻ തന്നെ വിളിച്ചത്.
പോണോ വേണ്ടയോ…അയാളൊന്ന് ചിന്തിച്ചു. പോണം. ഒരിക്കൽ ചങ്കിൽ കൊണ്ട് നടന്ന പെണ്ണാണ്. എത്രയൊക്കെ വെറുപ്പ് ഉള്ളിൽ ഉണ്ടെങ്കിലും അവസാനമായി ഒന്നു കാണണം. അയാൾ പെട്ടന്ന് വസ്ത്രം ധരിച്ചു…ഹാളിലേക്ക് ചെല്ലുമ്പോൾ അല്ലു അവിടെ കളിക്കുന്നുണ്ടായിരുന്നു.
അച്ഛ എങ്ങോട്ടാ പോണേ…അല്ലു അയാളുടെ പാന്റ്സിൽ പിടിച്ചു വലിച്ചു. അയാൾ അല്ലുവിനെ സങ്കടത്തോടെ വാരിയെടുത്തു മുഖത്ത് മാറിമാറി ഉമ്മ വെച്ചു. മോനെയും കൊണ്ട് പോണം….എന്തൊക്കെ ആയാലും അവന്റെ അമ്മയാണ്. ആ സത്യം തനിക്ക് അംഗികരിക്കാതെ വയ്യല്ലോ….
********************
ഹരിക്ക് ഒപ്പം അവർ താമസിചിരുന്ന വീട്ടിൽ എത്തുമ്പോൾ നന്ദനയുടെ മൃതദേഹം മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. അനൂപിന്റെ ബോഡി അവന്റെ വീട്ടുകാർ പോസ്റ്റ്മാർട്ടം കഴിഞ്ഞപ്പോൾ കൊണ്ട് പോയിരുന്നു. അല്ലുവിനെ ഹരിയുടെ കയ്യിൽ ഏൽപ്പിച്ചു ഹരി ബോഡിയുടെ അടുത്ത് ചെന്ന് അവളുടെ മുഖത്തേക്ക് നോക്കി. എന്തിന് എന്നറിയാതെ അയാളുടെ കണ്ണ് നിറഞ്ഞു തുളുമ്പി.
എങ്ങനെ ജീവിച്ചിരുന്ന പെണ്ണായിരുന്നു. സ്വന്തം വീട്ടുകാരെ പോലും വെറുപ്പിച്ചു തനിക്കൊപ്പം ജീവിതം തുടങ്ങി. അത് മടുത്തപ്പോൾ അതിനേക്കാൾ നല്ലതെന്നു തോന്നിയ വേറെയൊരു ബന്ധത്തിലേക്ക് പോയി. എന്നിട്ട് എന്തായി…? ആരാരുമില്ലാത്ത ഒരു അനാഥശവമായി ഇങ്ങനെ…
മനു തിരിച്ചു ചെന്ന് ഹരിയുടെ അടുത്ത് ഒന്നുമറിയാതെ നിന്ന അല്ലുവിനെ വാരിയെടുത്തു ബോഡിക്ക് അരികിലേക്ക് നടന്നു. അവളുടെ മുഖത്തിന് അടുത്തേക്ക് മനു കുഞ്ഞിനെ കുനിച്ചു. ഒരുമ്മ കൊടുക്ക് മോനെ…അയാൾ ഇടർച്ചയോടെ പറഞ്ഞു. അല്ലു മടിയോടെ നന്ദനയുടെ നെറ്റിയിൽ ചുംബിച്ചു. മനു അല്ലുവിന്റെ കുഞ്ഞികൈകൾ കൊണ്ട് നന്ദനയുടെ കാലിൽ ഒന്ന് തൊടുവിച്ചു. പിന്നെ തൊഴുതു കണ്ണിൽ വെയ്പ്പിച്ചു.
ഇതാരാ അച്ഛേ…? അല്ലു പേടിയോടെ ചോദിച്ചു. അത്…പിന്നെ…മോനെ…അത്…മനുവിന് വാക്കുകൾ കിട്ടിയില്ല.
അതോ…അതൊരു ആന്റി…മറുപടി പറഞ്ഞത് ഹരിയായിരുന്നു. അധികം നേരം അവിടെ നിർത്താതെ ഹരി അല്ലുവിനെ കാറിൽ കൊണ്ട് പോയിരുത്തി.
നിങ്ങൾ ആ കുട്ടീടെ ആരെങ്കിലും ആണോ…? അവിടെ കൂടി നിന്നവരിൽ വെള്ള വസ്ത്രം ധരിച്ച ഒരാൾ മുന്നോട്ട് വന്നു. അതെ….ഞങ്ങൾക്ക് അറിയുന്ന കുട്ടിയാണ് ഹരി പറഞ്ഞു.
ഞാൻ ഇവിടുത്തെ വാർഡ് മെമ്പർ ആണ്. ഈ കുട്ടിയും ഭർത്താവും തമ്മിൽ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അടിയും ബഹളവും ഒഴിഞ്ഞു നേരമില്ലായിരുന്നു. ഒരിക്കൽ പോലീസ് ഒക്കെ ഇടപെട്ട് ഒത്തുതീർപ്പ് ആക്കിയതാണ്. പക്ഷെ എന്ത് ചെയ്യാനാ…രണ്ട്പേരും ഒരുമിച്ചങ്ങു തൂങ്ങി…ആ ചെക്കന്റെ ബോഡി അവന്റെ വീട്ടുകാർ കൊണ്ടുപോയി. ഇതിനെ ആർക്കും വേണ്ട. വാർഡ് മെമ്പർ എന്ന നിലയിൽ എനിക്ക് എന്തെങ്കിലും ചെയ്തല്ലേ പറ്റൂ…ആരും തേടി വരാത്തത് കൊണ്ട് ഇവിടുത്തെ പൊതുശ്മശാനത്തിൽ അടക്കാൻ ആണ് തീരുമാനം. പക്ഷെ ആ കുഞ്ഞിനെ എന്ത് ചെയ്യുമെന്നാണ്.
കുഞ്ഞോ…? ആരുടെ കുഞ്ഞ്…? മനു ചോദിച്ചു. അനൂപിനും നന്ദനയ്ക്കും ഒരു പെൺകുഞ്ഞുണ്ട്. അതിനെ അപ്പുറത്തെ വീട്ടിൽ ഏല്പിച്ചാണ് അവർ ഈ കടുംകൈ ചെയ്യ്തത്. എന്നിട്ട് ആ കുഞ്ഞ് എവിടെ…? ഹരി തിരക്കി. വാ…മെമ്പർ അവരെയും കൊണ്ട് വീടിന്റെ സൈഡിലേക്ക് നടന്നു.
അവിടെ കൂടി നിന്ന സ്ത്രീകളിൽ ഒരാളിൽ നിന്നും മെമ്പർ ഒരു കുഞ്ഞിനെ ശ്രദ്ധയോടെ എടുത്തു മനുവിന്റെ കയ്യിൽ കൊടുത്തു. പനിനീർപൂ പോലെ ഭംഗിയുള്ള ഒരു പെൺകുഞ്ഞ്. മനുവിന്റെ കയ്യിലിരുന്നു അവളൊന്നു ചിണുങ്ങി…പിന്നെ വിരൽ വായിലിട്ടു നുണഞ്ഞു നുണഞ്ഞു കിടന്നു….മനു ഹരിയെ നോക്കി.
നീ വാ…ഹരി മനുവിനെയും കൊണ്ട് കുറച്ചു മാറി നിന്നു. നമുക്ക് നന്ദനയെ അറിയാമെന്നു ഇവർക്ക് മനസിലായ സ്ഥിതിക്ക് ഈ കുഞ്ഞിന്റെ കാര്യത്തിൽ നമ്മൾ തന്നെ ഒരു തീരുമാനം എടുക്കേണ്ടി വരും. മ്മ്…എന്തായാലും ശവദാഹം കഴിയട്ടെ….മനു നിർവികാരതയോടെ പറഞ്ഞു. കുഞ്ഞിനെയും അല്ലുവിനെയും ഹരിയെ ഏൽപ്പിച്ചു മനു നന്ദനയുടെ ശവദാഹത്തിന് പോയി വന്നു. തിരികെ വരുമ്പോഴേക്കും അവിടെ കൂടിയിരുന്ന ആളുകളൊക്കെ പോയിരുന്നു.
നമുക്ക് പോയാലോ മനു..? പോവാം…ഹരിയായിരുന്നു വണ്ടി ഓടിച്ചിരുന്നത്. മനുവിന്റെ മടിയിലായിരുന്നു കുഞ്ഞ്. അത്രയും നേരം കാറിൽ കിടന്നു ഉറങ്ങുകയായിരുന്ന അല്ലു എണീറ്റപ്പോൾ അച്ഛന്റെ കയ്യിൽ ഒരു കുഞ്ഞിനെ കണ്ട് ഒന്നും മനസിലാവാതെ അയാളെ നോക്കി.
ഇതാരുടേയാ ഈ വാവ…? അവൻ ആ കുഞ്ഞിന്റെ കവിളിൽ അരുമയായി തലോടി. ഇത് നമ്മള് കണ്ട ആന്റിടെ വാവ…മനുവിന്റെ തൊണ്ടയിടറി. അതിന് നമ്മള് എന്തിനാ ഈ വാവയെ കൊണ്ട് പോണേ…? ആ ആന്റി മരിച്ചു പോയില്ലേ മോനെ…അപ്പൊ വാവയ്ക്ക് ആരൂല്ല…അതാ നമ്മള് കൊണ്ട് പോണേ…മനു ഒരു കൈ കൊണ്ട് അല്ലുവിനെയും നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു.
അല്ല മനു….ഈ കുഞ്ഞിനെ എന്ത് ചെയ്യാനാ ഉദ്ദേശം…? ഹരി ചോദിച്ചു. അറിയില്ല ഹരി….എന്തായാലും അവിടെ ഇട്ടിട്ട് പോരാൻ കഴിയില്ലല്ലോ.
ഞാൻ ഒരു വഴി പറയാം. നീ അമ്മ തൊട്ടിൽ എന്ന് കേട്ടിട്ടില്ലേ. ഇവിടെ അടുത്ത് ഒരെണ്ണം ഉണ്ട്. നമുക്ക് അവിടെ ആക്കാം. അതാവുമ്പോൾ ആ സ്ഥാപനത്തിൽ ഉള്ളവർ വന്നു എടുത്തു വളർത്തിക്കോളും. അവിടെ ഒരു തൊട്ടിൽ കാണും അതിൽ കിടത്തി ബെൽ അമർത്തിയാൽ മതി. ആരെങ്കിലും വന്നു എടുത്തോളും. മ്മ്…മനു മൂളി…
അയാൾ ആ കുഞ്ഞിനെ നോക്കി. ഏറിയാൽ അഞ്ചു മാസം പ്രായമേയുള്ളൂ…കവിളത്തും നെറ്റിയിലും പൊട്ട് കുത്തിയിരിക്കുന്നു. മരിക്കും മുൻപ് എപ്പോഴോ നന്ദന തൊട്ട് കൊടുത്തതാവും. കുഞ്ഞിചുണ്ട് ലേശം മലർത്തി പിടിച്ചു കൈ രണ്ടും ചുരുട്ടി പിടിച്ചു അച്ഛനും അമ്മയും ഈ ലോകം വിട്ടുപോയത് അറിയാതെ അവൾ ശാന്തയായി ഉറങ്ങുകയായിരുന്നു. അല്പം കൂടി മുന്നോട്ട് പോയി ഹരി പറഞ്ഞ അമ്മതൊട്ടിലിനു മുൻപിൽ ചെന്ന് കാർ നിന്നു.
മനു കുഞ്ഞുമായി അമ്മതൊട്ടിലിന്റെ അരികിലെത്തി. അറിയാതെ അയാളൊന്നു തിരിഞ്ഞു അല്ലുവിനെ നോക്കി. അല്ലു ഒന്നും മനസിലാവാതെ അയാളുടെ പ്രവൃത്തിയെ തന്നെ ശ്രദ്ധിക്കുകയായിരുന്നു. അയാൾക്ക് നെഞ്ചിലൊരു വിങ്ങൽ അനുഭവപെട്ടു. അയാൾ കുനിഞ്ഞു കയ്യിലെ കുഞ്ഞിനെ ഉമ്മ വെച്ചു. പെട്ടന്ന് അവളൊന്നു വിറച്ചു. അയാൾ ശ്രദ്ധയോടെ തൊട്ടിലിലേക്ക് കിടത്താൻ കുഞ്ഞിനെ ശരീരത്തിൽ വേർപെടുത്തിയപ്പോഴേക്കും അവൾ ചുണ്ട് വിറപ്പിച്ചു കൊണ്ട് ശബ്ദത്തിൽ കരയാൻ തുടങ്ങി.
പകച്ചു പോയ മനു പെട്ടന്ന് അവളെ തന്റെ നെഞ്ചിലേക്ക് അടുപ്പിച്ചു പിടിച്ചു. വീണ്ടും ആ നെഞ്ചിലെ ചൂട് കിട്ടിയതും കുഞ്ഞ് കരച്ചിൽ നിർത്തി. അവൾ തന്റെ കുഞ്ഞികണ്ണുകൾ വിടർത്തി അയാളെ നോക്കി എന്തോ ശബ്ദമുണ്ടാക്കി. ആ കുരുന്നിന്റെ നോട്ടം അയാളുടെ മനസിലേക്ക് തുളച്ചു കയറി. ഏഴാം മാസത്തിൽ അമ്മയെ നഷ്ട്ടമായ അല്ലു അയാളുടെ ഓർമയിൽ തെളിഞ്ഞു.
ഇല്ല മോളെ…നിന്നെ ഇവിടെ തനിച്ചാക്കി പോവാൻ എനിക്കാവില്ല. മനു കുഞ്ഞിന്റെ മുഖത്ത് തുരാ തുരാ ഉമ്മ വെച്ചു. ഹരി അയാളുടെ അരികിലെത്തി അയാളുടെ തോളത്തു കൈ വെച്ചു. വയ്യ ഹരി…ആരാരുമില്ലാത്ത ഈ കുഞ്ഞിനെ ഇങ്ങനെ ഉപേക്ഷിച്ചു പോവാൻ എനിക്ക് വയ്യ…ഞാൻ നോക്കിക്കോളാം ഇവളെ….
പക്ഷെ അതൊരു പെണ്കുഞ്ഞാ…നിനക്ക് കഴിയില്ല മനു അതിനെ വളർത്താൻ.
അറിയാം….ഞാനൊരു ജോലികാരിയെ വെയ്ക്കും. അതും അല്ലെങ്കിൽ എന്റെ അമ്മയെ….അല്ലെങ്കിൽ മക്കൾ ഇല്ലാതെ വർഷങ്ങൾ ആയി വിഷമിക്കുന്ന എന്റെ ചേച്ചിയെ ഏൽപ്പിക്കും. എന്തായാലും ഇവിടെ ഇട്ടിട്ട് പോവില്ലട. ഒന്നുമില്ലേലും എന്റെ അല്ലുവും ഈ കുഞ്ഞും ഒരമ്മയുടെ മക്കൾ അല്ലേ…മനുവിന്റെ കണ്ണുകൾ നിറഞ്ഞു. ഹരി ഒന്നും മിണ്ടാതെ കാറിലേക്ക് കേറി. മനുവും തിരിച്ചു കാറിൽ കേറി.
അരികിൽ ഇരുന്ന അല്ലുവിന്റ നിറുകയിൽ അയാൾ നിറഞ്ഞ കണ്ണുകളോടെ ഉമ്മ വെച്ചു…ശേഷം മടിയിലെ കുഞ്ഞിനെയും…നിന്റെ അനിയത്തിയാ…നിന്റെ മാത്രം…അയാൾ മനസ്സിൽ പറഞ്ഞു….അവളിനി അങ്ങനെ വളരട്ടെ….