രചന: ശാരിലി
നീ ഇങ്ങിനെ എത്രകാലം എന്നു വെച്ചാ സുധീറേ…ഞാൻ പറയാനുള്ളതു പറഞ്ഞു. ഇനി നിൻ്റെ ഇഷ്ടം പോലെ ചെയ്യാ…
അങ്ങാടിയിലേക്ക് പുറപ്പെടുന്നതിനു മുൻപായി തോട്ടും വക്കത്തെ പാലത്തിൻമേൽ തനിച്ചിരിക്കുന്ന സുധീറിനോട് തെല്ലു വിഷമത്തോടെയാണ് ശിവരാമൻ അതു പറഞ്ഞത്.
ശിവരാമനും സുധീറും ചെറുപ്പം മുതൽ ഒന്നിച്ചു പഠിച്ചു വളർന്നവരാണ്. ശിവരാമൻ ഇപ്പോൾ അങ്ങാടിയിൽ ഒരു പച്ചക്കറി കട നടത്തുന്നു. ഒന്നു രണ്ടു കൊല്ലം പ്രവാസ ജീവിതം അസാനിപ്പിച്ച് പെണ്ണിനോടും കുട്ടികളോടും കൂടി നാട്ടിൽ സന്തോഷമായി ജീവിക്കുന്നു. സുധീറാകട്ടെ ഗൾഫ് ജീവിതം നന്നായി അങ്ങു ഇഷ്ടപ്പെട്ട പോലെയായിരുന്നു.
ഒരുമിച്ചുള്ള വിദേശവാസത്തിൽ കൂട്ടുകാരനായ ശിവരാമൻ നാടു പിടിച്ചിട്ടും…എന്തെങ്കിലും സമ്പാദിച്ചിട്ടേ താനിനി നാട്ടിലേക്കുള്ളൂ വാശിയിൽ വീണ്ടും അഞ്ചാറു കൊല്ലം കൂടി തള്ളി നീക്കി. എന്നിട്ട് ഒന്നും ഇല്ലാത്തവനെ പോലെ വീണ്ടും പിറന്ന മണ്ണിലേക്ക് തിരിച്ചു പോന്നു.
സുധീറേ ഞാൻ പറയുന്നതൊന്നും നിൻ്റെ ചെവിയിൽ കേറുന്നില്ല എന്നുണ്ടോ…ഇന്നാണ് തിങ്കളാഴ്ച്ച.
അറിയാം ശിവാ…രാവിലെ മുതൽ ആ കാര്യം ആലോചിച്ചിരുന്ന് തലക്ക് ഭ്രാന്തു പിടിച്ച പോലെയായി.
ഏത് നിൻ്റെ വിവാഹ കാര്യമോ…? ശിവൻ പരിഹസിച്ചു കൊണ്ടു ചോദിച്ചു.
അതേ…അതു തന്നെ അതിലൊരു കുഴപ്പം ഉണ്ട്.
എന്തു മാങ്ങാത്തൊലിയാടാ…മുപ്പത്തിയാറ് വയസ്സായ നിനക്ക് പെണ്ണു തരുന്ന അവരെയാണ് സ്തുതിക്കേണ്ടത്. എന്നിട്ട് ഇപ്പോൾ കുഴപ്പം ഉണ്ടുപോലും…സുധീറേ നീ ജന്മം കെട്ടാൻ പോകുന്നില്ല. എനിക്ക് വേറെ പണിയുണ്ട്.
അതല്ല ശിവാ, ഇന്നലെ രാത്രിയാണ് കൗസല്യ ചേച്ചീ ആ കാര്യം പറഞ്ഞത്. പെണ്ണിന് കാലിനു ചെറിയ ഒരു ഞാണ്ടലുണ്ടൈന്ന്. പെട്ടന്ന് അറിയില്ല ന്നാലും…ഒരു ചട്ടുകാലിയെ…അതു കേട്ടപ്പോൾ തന്നെ മനസ്സു ചത്തു.
അതാണോ കാര്യം. നിൻ്റെ ഈ പാലത്തുമ്മേ വന്നിരുന്നുള്ള ആലോചന കണ്ടപ്പോഴേ എനിക്കു തോന്നി ഈ കല്യാണവും നടക്കാൻ പോകുന്നില്ലന്ന്…നിനക്ക് പറ്റിയ ഐശ്വര്യറായ് ഇവിടെ അടുത്തെങ്ങും എൻ്റെ അറിവിൽ ഇല്ല. ഒരു സംസാരത്തിനു നിൽക്കാതെ ബൈക്കിൽ കയറിയ ശിവനെ സുധീർ തടഞ്ഞു നിറുത്തി. എന്തു പോക്കാടാ നീ ഇതിനു മറുപടി പറഞ്ഞു പോടാ…
സുധീറേ നിറക്കറിയൂ ല്ലേ…എൻ്റെ ഭാര്യ ബീനയെ…?
ഉം പിന്നെ അറിയാണ്ട്…
നീ പലപ്പോഴും ചോദിക്കാറില്ലേ. ശിവൻ്റെ പെണ്ണ് എന്താ ആരോടും മിണ്ടാതിരിക്കുന്നതെന്ന് അവൾ ഊമയായിട്ടുമൊന്നുമല്ല. മിണ്ടാതിരിക്കുന്നത്. അവൾക്ക് ഒരു വിക്ക് ഉണ്ട്. അത് മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കേണ്ട എന്നു കരുതിയാണ് മിണ്ടാതിരിക്കുന്നത്. എനിക്ക് ഈ കാര്യം വിവാഹത്തിന് മുൻപേ അറിയാമായിരുന്നു. ഞാൻ എൻ്റെ വീട്ടുകാരോടു പോലും പറഞ്ഞില്ല. സ്ത്രിയുടെ കുറവുകളല്ല കഴിവുകളാണ് നാം തിരിച്ചറിയേണ്ടത്. ഒന്നുമില്ലങ്കിലും നിന്നെക്കാളും നാലക്ഷരം കൂടുതൽ ആ കുട്ടി പഠിച്ചിട്ടുണ്ട്. ഇന്നല്ലങ്കിൽ നാളെ അതിൻ്റെ ഗുണം നിനക്കു കിട്ടും.
എടാ സുധീറേ…പെൺകുട്ടികൾക്ക് എന്തെങ്കിലും കുറവുകൾ ഉണ്ടെങ്കിൽ ആ കുറവുകൾ അവർ നികത്തുന്നുത് നമ്മളെ സ്നേഹിച്ചു കൊന്നിട്ടായിരിക്കും. അനുഭവത്തിൽ നിന്നാണ് ഞാൻ പറയുന്നത്. കാലിലെ ആ ചെറിയ കുറവിന് അതിൻ്റെ പതിൻമടങ്ങ് അവരുടെ ബുദ്ധിയിലും, മനസ്സിലും സൗന്ദര്യത്തിലും ചേർന്നിട്ടുണ്ടാകും…നീ ധൈര്യമായി കെട്ടിക്കോടാ…ആ കുട്ടി Psc ടെസ്റ്റ് എഴുതിയിരിക്കാന്നല്ലേ കൗസല്യ ചേച്ചി പറഞ്ഞത്. നിനക്ക് ഭാഗ്യം ഉണ്ടേൽ നീ രക്ഷപ്പെടും.
ശിവാ ഞാൻ ഉറപ്പിച്ചു. നമുക്ക് പെണ്ണുകാണാൻ പോകാം…
കൊച്ചു കള്ളൻ ഗവർമെൻറ് ജോലി എന്നു കേട്ടപ്പോൾ തന്നെ കണ്ണുമത്തെളിച്ചു അല്ലേ…
അതൊന്നുമല്ല. എനിക്കുമില്ലേ കുറവുകൾ. അഞ്ചാറു കൊല്ലം ഗൾഫിൽ കിടന്നുന്ന് പറഞ്ഞിട്ട് എന്താ കാര്യം. വല്ല മെച്ചമുണ്ടായോ…വയസ്സു കൂടിയതു മിച്ചം. പിന്നെ ശിവൻ പറഞ്ഞില്ലേ…കുറവുകൾ ഉള്ളവരുടെ ആ സ്നേഹം അതു സത്യമാടാ…ഞാൻ പലയിടത്തും കണ്ടിട്ടുണ്ട്.
അവൻ്റെ മുഖത്തെ ചിരി കണ്ടപ്പോൾ ശിവൻ്റെ മനസ്സുനിറഞ്ഞു. പെണ്ണിനെ നേരിട്ടു കണ്ടില്ലെങ്കിലും മനസ്സിൽ അവർ ഉറപ്പിച്ചിരുന്നു. ഇവൾ തന്നെ സുധീറിൻ്റെ പെണ്ണ്…ഞാൻ കട തുറന്ന് ആ പയ്യനെ ഏൽപ്പിച്ചു വരാം. നീ വേഗം വസ്ത്രം മാറി ഇങ്ങോട്ട് വാ. നമുക്ക് ഇവിടെ നിന്ന് പോകാം.
പത്തു മണിയോടു കൂടി അവർ ആ ഓടുമേഞ്ഞ വീടിൻ്റെ മുന്നിലെത്തി. മുറ്റത്ത് പ്രാവിനെ തീറ്റ കൊടുത്തുകൊണ്ട് ഒരു പെൺകുട്ടിയിരിപ്പുണ്ട്. ബൈക്കിൽ നിന്നിറങ്ങിയ രണ്ടു പേരും ആ കാഴ്ച കുറച്ചു നേരം നോക്കി നിന്നു. ശിവാ ഇനി ഈ കുട്ടിയെങ്ങാനും ആകുമോ…പെണ്ണ്…
ശ്ശോ…നീ വല്ല കണ്ണുപൊട്ടൻ ആണോ..ആ കുട്ടിയേയും നിന്നേയും ഒന്നു ചേർത്തുവെച്ചു നോക്കിക്കേ…അമാവാസിയും പൗർണ്ണമിയേയും പോലുണ്ട്. ഇത് വല്ല വിരുന്നുകാരായിരിക്കും. അവരുടെ സംസാരത്തിനിടയിലേക്കാണ് കൗസല്യ ചേച്ചീ കടന്നു വന്നത്.
പിള്ളേരേ നിങ്ങളു വന്നുവോ. ഞാൻ വിചാരിച്ചു വരത്തില്ല എന്ന്. വാ…എന്താ പുറത്തു തന്നെ നിന്നു കളഞ്ഞത് അകത്തേക്ക് വരൂ…കൗസല്യ ചേച്ചിയോട് സംസാരിക്കുന്നതിനിടയിൽ ആ കുട്ടി എഴുന്നേറ്റ് പോയതവർ അറിഞ്ഞില്ല. ഭാവിയിലെ അമ്മായിഅച്ഛനോട് ഗൾഫിലെ കാര്യങ്ങളും വീട്ടുകാര്യങ്ങളേയും കുറിച്ച് സംസാരിക്കുമ്പോഴും സുധീറിൻ്റെ കണ്ണുകൾ ചിരിയിട്ട വാതിൽ പഴുതിനപ്പുറേത്താക്കിയിരുന്നു.
അമ്പലത്തിൻ്റെ ശ്രീകോവിൽ തുറക്കുന്ന പോലെ വാതിൽ രണ്ടായി തുറന്നു കൊണ്ട് മഹാലക്ഷ്മി പോലെ അവൾ കടന്നു വന്നു. സുധീർ കണ്ണുകൾ അടച്ചു തുറന്നു. സ്വപ്നമല്ല എന്ന് ഒരിക്കൽ കൂടി ഉറപ്പു വരുത്തി. അവൻ്റെ നെഞ്ചിൽ ചെണ്ടകൾ താളമേളം മുഴക്കി. ശിവൻ കുശുമ്പ് കലർന്ന ഒരു നോട്ടം സുധീറിനെതിരെ തൊടുത്തുവിട്ടു. കുറച്ചു സമയത്തിനു മുൻപായി ഉമ്മറ്ത്തിരുന്ന ആ കുട്ടി, സാരിയുടുത്ത് കൈയ്യിൽ ചായ ഗ്ലാസ്സുമായി തൻ്റെ മുന്നിൽ…
കൈവിട്ടുപോയ ജീവിതം തിരിച്ചു കിട്ടിയ അ മനസ്സിന്റെ നൈർമല്യത്തോടെ അവൻ ആ ചായ ഗ്ലാസ്സ് ഏറ്റുവാങ്ങി. വിരലുകൾ പരസ്പരം സ്പർശിച്ചപ്പോൾ ശരീരത്തിലൂടെ ഒരു മിന്നൽ കടന്നു പോയി. കൂടുതലൊന്നും ആലോചിക്കാനില്ലായിരുന്നു. ചായ വാങ്ങി കുടിക്കുന്നതിനിടയിൽ കൗസല്യ ചേച്ചി പറഞ്ഞ ആ കാലിലെ കുഴപ്പം അവനു ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. നാണം കുണുങ്ങി നിൽക്കുന്ന അവളുടെ മുഖത്തേക്ക് നോക്കി വിറയാർന്ന ശബ്ദത്തിൽ ചോദിച്ചു.
കുട്ടിയുടെ പേര്…? സംഗീത…
ആ തേൻ മൊഴി അവൻ്റെ കാതിൽ അലയടിച്ചു നിന്നു. അവൻ്റെ ചുണ്ടുകൾ മന്ത്രിച്ചു. സുധീർ & സംഗീത. എനിക്കിഷ്ടായി…നാണത്താൽ അവനൊരു പുഞ്ചിരി സമ്മാനിച്ച് അവൾ അകത്തേക്ക് നടന്നപ്പോൾ കണ്ടു കൊതി തീർന്നിരുന്നില്ല അവന്…
ശിവൻ, കുട്ടിയുടെ വീട്ടുകാരോട് അടുത്ത വിരുന്നിൻ്റെ കാര്യങ്ങൾ ചർച്ച ചെയ്യുമ്പോൾ സുധീറിൻ്റെ മനസ്സിൽ വിവാഹ പന്തലിലെ നിമിഷങ്ങൾ തെളിയുകയായിരുന്നു.