നിറഞ്ഞ കണ്ണുകൾ (ഒരു പ്രവാസി കഥ) – രചന: അബ്ദുൾ റഹീം പുത്തൻചിറ
“മോനെ വഴി ഇതു തന്നെയല്ലേ…” ടാക്സി ഡ്രൈവർ ജീവനോട് ചോദിച്ചു “അതേ ചേട്ടാ…” പാതി മായക്കത്തിലായിരുന്ന ജീവൻ മറുപടി പറഞ്ഞു. സമയം വെളുപ്പിന് മൂന്നു മണി ആയിരിക്കുന്നു.
“എത്ര നാളായി മോനിപ്പോ ഗൾഫിൽ…” അയാൾ വീണ്ടും ചോദിച്ചു. “മൊത്തം എട്ടു വർഷമായി. പക്ഷേ ഇപ്പൊൾ നാട്ടിൽ വന്നു പോയിട്ട് രണ്ടര വർഷം ആകുന്നു. രണ്ടു വർഷം ആയപ്പോൾ ലീവ് ഉണ്ടായതാണ്. പക്ഷെ കൊറോണ വന്നു എല്ലാം നശിപ്പിച്ചു. ഉള്ള ജോലിയും പോയി. റൂം വാടക പോലും കൊടുക്കാൻ പറ്റാത്ത അവസ്ഥയായി. എന്തിനു പറയുന്നു ഭക്ഷണത്തിനു പോലും ബുദ്ധിമുട്ടായി…” ജീവൻ പതിയെ എന്നോണം പറഞ്ഞു. “ഇപ്പോഴാ ഒരു ആശ്വാസം ആയേ…നമ്മുടെ നാട്, അതു വിട്ടു ഒരു കളിയില്ല…അല്ലെ ചേട്ടാ…” ജീവൻ ചിരിയോടെ പറഞ്ഞു.
“ഉം….” ഡ്രൈവർ ഒന്നു മൂളി. “ചേട്ടൻ പോയിട്ടുണ്ടാ ഗൾഫിൽ…””പിന്നേ, അഞ്ചു കൊല്ലം അവിടെ ഉണ്ടായി. കല്യാണം കഴിഞ്ഞു കുട്ടികൾ ആയപ്പോൾ നിർത്തി. അവരുടെ കളിയും ചിരിയും വിട്ട് പോകാൻ മനസ്സ് അനുവദിച്ചില്ല…” അതുകൊണ്ട് ഇപ്പോൾ ടാക്സി ഓടിച്ചു ജീവിക്കുന്നു. “ഉം…സത്യം പറഞ്ഞാൽ ഇതാണ് ചേട്ടാ നല്ലത്. നാട്ടിൽ ഒരു ജോലി. എല്ലാവർക്കും ആഗ്രഹം അതാണ്. പക്ഷേ…നമ്മുടെ കുടുംബം കര കേറാൻ ചിലപ്പോൾ നമ്മൾ പ്രവാസികൾ ആകും. വീട്ടുകാരുടെ സന്തോഷമല്ലേ ചേട്ടാ നമ്മുടെ സന്തോഷം…” ജീവൻ ചാരി കിടന്നുകൊണ്ട് പറഞ്ഞു.
“ചേട്ടനൊരു കാര്യമറിയോ…” ജീവൻ വളരെ ഉഷാറായി ചോദിച്ചു. “എന്താണ്….” “ഞാൻ കഴിഞ്ഞ പ്രാവിശ്യം നാട്ടിൽ വന്നപ്പോൾ വീട്ടുകാരെ അറിയിച്ചില്ല. ഒരു കൂട്ടുകാരനെ വിളിച്ചു പറഞ്ഞു. അവൻ കാറുമായി വന്നു. എന്നിട്ട് വീട്ടുകാർ അറിയാതെ അവർ ഭക്ഷണം കഴിക്കുമ്പോ കയറി ചെന്നു. അവർ ഞെട്ടി. പെങ്ങളോക്കെ അന്തം വിട്ടു…ചേട്ടൻ പോലും ഞെട്ടിത്തരിച്ചു. അവസാനം ആകെ ബഹളമായി…” ജീവൻ അതു മനസ്സിൽ ഓർത്ത പോലെ പറഞ്ഞു.
“ഈ പ്രവിശ്യത്തെ വരവ് അവരെ അറിയിച്ചിട്ടുണ്ടാ…” ഡ്രൈവർ ചോദിച്ചു. ആ വിളിച്ചു പറഞ്ഞിരുന്നു. “മോൻ കല്യാണം കഴിച്ചതാണോ…?” “ഏയ് അല്ല…ഈ പ്രാവിശ്യാം കല്യാണം കഴിക്കാൻ പ്ലാൻ ചെയ്തു ഇരുന്നതാ. ഇനി എന്തായാലും സമയം ഉണ്ടല്ലോ. കല്യാണം കഴിച്ചു കുറച്ചു നാൾ നാട്ടിൽ നിന്നിട്ടേ പോകുന്നുള്ളൂ…” ജീവൻ പറഞ്ഞു.
“വീട്ടിൽ ആരൊക്കെയുണ്ട്…?” “ഞാൻ, അമ്മ, പെങ്ങൾ, ഒരു ചേട്ടൻ, ചേട്ടന്റെ ഭാര്യയും കുട്ടിയും…” “എല്ലാവരും ഒരു വീട്ടിൽ തന്നെയാണോ…?” “ആ..ചേട്ടൻ ഞങ്ങളുടെ പറമ്പിൽ തന്നെ പുതിയ വീട് വെച്ചു. കുറച്ചു പൈസ ഞാൻ തന്നെയാ കൊടുത്തത്. ഇപ്പോൾ പഴയ വീട് പൂട്ടി കിടക്ക…അതു ക്ലീൻ ചെയ്തു ഇടാൻ പറഞ്ഞിട്ടുണ്ട്…ചിലപ്പോൾ അവിടെ കിടക്കാൻ അവർ സമ്മതിക്കില്ല. ചേട്ടന്റെ പുതിയ വീടിന് മുകളിൽ ഒരു റൂം ഉണ്ട്. അതു ആരും ഉപയോഗിക്കുന്നില്ല. എന്നെ ചിലപ്പോൾ അവിടെ താമസിപ്പിക്കും…” ജീവൻ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.
“ഇവിടെ നിർത്തിക്കോ ചേട്ടാ…അതാണ് വീട്…” അയാൾ വണ്ടിയൊതുക്കി. ജീവൻ ഇറങ്ങി കയ്യിലുള്ള ബാഗും ഇടുത്തുകൊണ്ട് വീട്ടിലേക്ക് കയറി. “അതേയ് ചേട്ടൻ പൊയ്ക്കോട്ട….” ജീവൻ തിരിഞ്ഞു നിന്നു ഡ്രൈവറോട് പറഞ്ഞു. ആ ഡ്രൈവർ പുഞ്ചിരിച്ചുകൊണ്ട് വണ്ടിയിൽ കയറി. ജീവൻ കാളിങ് ബെൽ അടിച്ചു കുറച്ചു അകലെ മാറി നിന്നു. കുറേ കഴിഞ്ഞു ജനലിന്റെ അവിടെ കുറച്ചു തലകൾ പ്രത്യക്ഷപ്പെട്ടു.
“ഞാനാ…ചേട്ടാ…ജീവൻ…ഉള്ളിൽ നിന്നും മറുപടി വന്നില്ല. “എവിടാ റൂം…?” ജീവൻ വീണ്ടും വിളിച്ചു ചോദിച്ചു. “നീ എന്തിനാ ഇപ്പോൾ ഇങ്ങോട്ട് വന്നേ…” ചേട്ടന്റെയാണ് ചോദ്യം.
എന്താ ചേട്ടാ ചോദിച്ചേ…
“നിനക്ക് ഗവണ്മെന്റ് ക്വാറന്റീൻ സെന്ററിൽ പൊയ്കൂടായിരുന്നോ…അതല്ലേ നല്ലത്…” “ചേട്ടാ അതിനു ഇനിക്ക് അസുഖമൊന്നും ഇല്ല. എല്ലാം ടെസ്റ്റും കഴിഞ്ഞു. അതുകൊണ്ടാ അവർ വീട്ടിലേക്ക് വിട്ടത്. പതിനാലു ദിവസം ക്വാറന്റീൻ ഇരിക്കണം. നിങ്ങൾ പേടിക്കണ പോലെയൊന്നും ഇല്ല. ഞാനാ പഴയ വീട്ടിൽ കിടന്നോളം…”
“അതൊന്നും ശരിയാകില്ല. നീ തിരിച്ചു പോകാൻ നോക്ക്. എല്ലാം കഴിഞ്ഞിട്ട് വന്നാൽ മതി…” “ഞാൻ എവിടെ പോകാൻ…” “ഹോട്ടലിൽ പോയി താമസിച്ചൂടെ…” ചേട്ടന്റെ ഭാര്യയാണ് അതു പറഞ്ഞത്. “അതിന് എന്റെ കയ്യിൽ പൈസയൊന്നും ഇല്ല. ജോലി ഇല്ലാതെ മൂന്നു മാസമാണ് റൂമിൽ ഇരുന്നത്. ടിക്കറ്റ് എടുക്കാൻ തന്നെ ഒരുപാട് ബുന്ധിമുട്ടി…” നിസ്സഹായവസ്ഥയോടെ ജീവൻ പറഞ്ഞു.
“ചേട്ടൻ പോയേ…ഞങ്ങൾക്ക് പേടിയാ…ഗവണ്മെന്റ ക്വാറന്റീൻ സെന്റർ ഇല്ലേ…അവിടെ പൊയ്ക്കൂടെ…” പെങ്ങളാണ് അതു പറഞ്ഞത്. ജീവന്റെ കണ്ണുകൾ നിറഞ്ഞു. കയ്യിലിരുന്ന ബാഗ് താഴേക്ക് ഊർന്നു വീണു. “അമ്മയെന്തേ…” ജീവൻ സങ്കടം ഉള്ളിലൊതുക്കി ചോദിച്ചു. “അമ്മ ഉറങ്ങാ…” “ഉം..ജീവൻ മൂളി..ഉറങ്ങിക്കോട്ടെ…ഉണർത്തേണ്ട ജീവൻ പതിയെ പറഞ്ഞു.
“ഒരു ഗ്ലാസ് വെള്ളം തരോ. ഭയങ്കര ദാഹം…” അതു ചോദിക്കുമ്പോൾ അവന്റെ കണ്ണിൽ നിന്നും വെള്ളം വന്നിരുന്നു. കുറച്ചുനേരം അങ്ങനെ നിന്നിട്ട് ആരും ഒന്നും പറയാതെ നിന്നപ്പോൾ ജീവൻ ബാഗുമെടുത്തു തിരിഞ്ഞു നടന്നു. അപ്പോൾ അവനെ കാത്തു അയാൾ അവിടെ നിന്നിരുന്നു. അയാളുടെ കയ്യിൽ ഒരു വെള്ളക്കുപ്പിയും ഉണ്ടായിരുന്നു. അയാളെ കണ്ടതും അവൻ പൊട്ടിക്കരഞ്ഞു.
“കരയേണ്ട…ചിലർ ഇങ്ങനെയാണ്…ഞാനും കുറച്ചുനാളായി ഇതു കാണുന്നു. അതുകൊണ്ടാണ് പോകാതെ നിന്നത്. മോൻ വാ..നമുക്ക് പോകാം…” അവനെയും കാറിൽ കയറ്റി അയാൾ വണ്ടി സ്റ്റാർട്ട് ചെയ്തു.
“പ്രവാസികളുടെ അവസ്ഥ ഇപ്പോൾ ഇങ്ങനെയൊക്കെ തന്നെയാ…പണ്ടത്തെ അത്തറു മണക്കുന്ന പെട്ടിയല്ല നിങ്ങളുടെ കയ്യിൽ ഉള്ളതെന്ന് അവർക്ക് നന്നായി അറിയാം. കൊറോണ കൊണ്ട് വരുന്നത് പ്രവാസികൾ ആണെന്നാണ് ചിലരുടെ വിചാരം. മോനെ പോലെ ഒരുപാട്പേർ താമസിക്കുന്നത് ഗവൺമെന്റ് ക്വാറന്റീൻ സെന്ററിൽ ആണ്. ഞാൻ അവിടെ വിളിച്ചു പറഞ്ഞിട്ടുണ്ട്. അതാകുമ്പോൾ എല്ലാവരും പ്രവാസികളാ…ഒരു പ്രവാസിക്കേ മറ്റൊരു പ്രവാസിയുടെ വിഷമം മനസ്സിലാകു…”
അയാൾ അങ്ങനെ പറഞ്ഞിട്ടും അവന്റെ കരച്ചിലിന് കുറവുണ്ടായിരുന്നില്ല. അപ്പോഴേക്കും ആ കാർ ഒരു ക്വാറന്റീൻ സെന്ററിൽ എത്തിയിരുന്നു. ബാഗുമെടുത്തു പോകാൻ നിന്ന അവൻ തിരിഞ്ഞു കരച്ചിലോടെ അയാളോട് പറഞ്ഞു.
“ചേട്ടനൊരു കാര്യം കൂടി അറിയോ…ഞങ്ങൾ താമസിക്കുന്ന ഫ്ലാറ്റിൽ ഒരാൾക്ക് കൊറോണ പോസ്റ്റിവ് ആയി. ഞങ്ങൾ അവനെ ചവിട്ടി പുറത്താക്കുകയല്ല ചെയ്തേ…ഒരു റൂമിലുള്ള ആളുകൾ അവനു വേണ്ടി വേറൊരു റൂം ഒഴിഞ്ഞു കൊടുത്തു. മൂന്നുനേരം ഭക്ഷണം കൊടുത്തു. അവനെ ഞങ്ങൾ ചേർത്തു നിറുത്തി. ഞങ്ങൾ അങ്ങനെയാ അവിടെ കഴിഞ്ഞത്. പക്ഷേ ഇവിടെ….”
കരച്ചിൽ അവന്റെ വാക്കുകളെ വിഴുങ്ങി. അതുകണ്ട് അയാളുടെയും കണ്ണുകൾ നിറഞ്ഞു.
ഒരു സംഭവ കഥ….