ഒരു വാലന്റൈൻ പ്രണയം – രചന : ബിന്ദു സന്തോഷ്
അവൾ സീതാലക്ഷ്മി. നല്ല വെളുത്ത നിറം. മനോഹരമായ കണ്ണുകൾ…നീണ്ടു ഇടതൂർന്ന മുടി…
ഈ ഒൻപതാം ക്ലാസ്സുകാരി സുന്ദരിക്കുട്ടിയുടെ മുഖം എന്തേ സങ്കടം കൊണ്ടുവാടിയിരിക്കുന്നു. കുടുംബത്തോടൊപ്പം മറ്റൊരു ഗ്രാമത്തിലേക്ക് അവൾ താമസം മാറുന്നു. സ്കൂളും അധ്യാപകരെയും കൂട്ടുകാരെയും പിരിയുന്നതായിരുന്നു അവളുടെ സങ്കടം.
നിറയെ തെങ്ങും കവുങ്ങും പാടങ്ങളും തോടുകളും ഉള്ള, പുഴയൊഴുകുന്ന…കുന്നിൽ മേലെ കാറ്റു വീശുന്ന പാലക്കാടൻ ഗ്രാമം അവളെ സ്വീകരിച്ചു. അമ്പലക്കുളത്തിൽ കുളിക്കാനും കഥകൾ പറയാനും പുതിയ കൂട്ടുകാർ….സങ്കടം ഉള്ളിലൊതുക്കി അവൾ പുതിയ സ്കൂളിൽ പഠിക്കാൻ തുടങ്ങി.
സ്കൂളിലും കോളേജിലും പുതിയ കൂട്ടുകാർ. പഠിക്കാൻ മിടുക്കിയായ സീത ഇന്നൊരു ബാങ്ക് ഉദ്യോഗസ്ഥയാണ്. പുതിയ ജീവിതം സന്തോഷകരമായി മുന്നേറുന്ന കാലം…ഒരുനാൾ അപ്രതീക്ഷിതമായി ഒരു ഫോൺ കാൾ…സീതയല്ലേ എന്നെ മനസ്സിലായോ?…തീരെ മനസ്സിലായില്ല….എടോ, ഞാൻ തന്നോടൊപ്പം സ്കൂളിൽ പഠിച്ച കിഷോർ…വേഗം തിരിച്ചറിഞ്ഞു.
കണക്കു ക്ലാസ്സുകളിൽ ഒന്നാമതെത്താൻ മത്സരിച്ചു കണക്കു ചെയ്യാറുള്ള കിച്ചു എന്ന കിഷോർ…കിച്ചു, നീ ഇപ്പോൾ എവിടെയാ. എന്റെ നമ്പർ എങ്ങനെ കിട്ടി? ഫേസ് ബുക്ക് ഒക്കെ ഇറങ്ങിയ കാലം മുതൽ ഞാൻ നിന്നെ തിരയാറുണ്ട് സീതേ….
കിഷോറിന് വില്ലേജ് ഓഫീസിൽ ആണ് ജോലി. കുട്ടിക്കാലത്തെ കുറിച്ചും സ്കൂളിലെ കൂട്ടുകാരുടെയും ഒക്കെ ഓർമ്മകൾ പങ്കുവെച്ചും അവർ വേറൊരു ലോകത്ത് എത്തിയ പോലെ…പറഞ്ഞിട്ടും പറഞ്ഞിട്ടും തീരുന്നില്ല…അങ്ങനെ ദിവസവും കഥകൾ, തമാശകൾ ഒക്കെ പങ്കു വെച്ചു. കുട്ടിക്കാലത്തു പിരിഞ്ഞ ശേഷം പിന്നെ കണ്ടിട്ടുപോലുമില്ല. എന്നും പതിവ് പോലെ മെസ്സേജ്ലൂടെ ഗുഡ് നൈറ്റ് അയച്ചു പിരിയും.
ഒരുനാൾ പതിവില്ലാതെ അവൻ ചോദിച്ചു, പോവാണോ നീ?… എന്താടാ…എടീ, ഇത്തിരി കഴിഞ്ഞു പോകാം… ദേ, നീ ഇങ്ങനെ പറഞ്ഞാൽ എനിക്കു പോകാൻ തോന്നില്ലാട്ടോ…. ഇല്ല, മോളെ, നീ സന്തോഷം ആയി ഉറങ്ങൂ. ഞാൻ കുറച്ചു നേരം കൂടി നിന്റെ ഫോട്ടോ നോക്കി ഇരിക്കട്ടെ.
സീതയുടെ നെഞ്ചിൽ എന്തോ ഒരു ഫീൽ…എന്താടാ, വിട്ടുപോവാൻ തോന്നാത്തത്…സത്യം, എനിക്കും അതേ ഫീൽ ആണെടീ……… മുൻപെങ്ങും തോന്നാത്ത മധുരമായ ഒരു അനുഭൂതി. എത്രയോ അകലെ ആയിട്ടും എങ്ങനെയോ പരസ്പരം ബന്ധിക്കപ്പെട്ടതു പോലെ. ആത്മാക്കൾ പരസ്പരം തിരിച്ചറിഞ്ഞതുപോലെ…
ആ സുപ്രധാന ദിവസത്തിന്റെ പ്രത്യേകത പിറ്റേദിവസം ആണ് ഓർത്തത്. വാലന്റൈൻസ് ഡേ, ഫെബ്രുവരി 14ലേക്ക് കടന്നു ആ രാത്രി. ദൈവമേ, കൃത്യം ആ സമയത്തു വാലന്റൈൻ സായിപ്പിന്റെ ബാധ കേറിയോ ആവോ. സായിപ്പിന്റെ ആത്മാവ് അങ്ങനെ കറങ്ങി നടന്നപ്പോൾ ആണ് രണ്ടു പേര് ചാറ്റ് ചെയ്യുന്നത് കണ്ടത്. കേറി ആവേശിച്ചു കാണും.
വീണ്ടും കിന്നാരം പറച്ചിലിന്റെ… കൊച്ചു വർത്തമാനത്തിന്റെ…നാളുകൾ. ഇടയ്ക്കു കണ്ണീരിൽ കുതിർന്ന പിണക്കവും, പിന്നീട് വർണ്ണങ്ങൾ ചാർത്തിയ…മധുരമായ ഇണക്കവും. ഏറ്റവും അതിശയം ചിലപ്പോൾ ഒരേ സമയം രണ്ടു പേരും ഒരേ ഡയലോഗ്. സംസാരം ആയാലും മെസ്സേജ് ആയാലും…
എടാ, എനിക്കു നിന്നെ ഒന്നു കാണാൻ പറ്റുമോ?
വേണ്ടാ ഡീ മോളെ, ഓഫീസിൽ ഭയങ്കര തിരക്കാ…
കണ്ടോ, നിനക്ക് എന്നെ കാണാൻ ആഗ്രഹമില്ല…
അതല്ലെടീ, ആഗ്രഹം ഒക്കെ ഉണ്ട്. പക്ഷെ വിവാഹം കഴിക്കാത്ത നമ്മൾ ഇങ്ങനെയൊക്കെ കാണുന്നത് തെറ്റല്ലേ?
എടാ, എനിക്കു കുറച്ചു സമയം താ, കാണാൻ അതിയായ മോഹം കൊണ്ടല്ലേ…ആലോചിക്കാമെന്നു…അവന്റെ ഒരു മറുപടി.
ദൈവമേ, ഇങ്ങനെ പുറകോട്ടു വലിയുന്ന ഒരുത്തൻ…ഇവന് ഒരു സ്നേഹവും ഇല്ലെന്നു തോന്നിപ്പോകും ചിലപ്പോൾ. എന്നാൽ അവന്റെ വിളി കേൾക്കാതെ, വിശേഷം അറിയാതെ ഒരു ദിവസം പോലും കഴിയാൻ ആവില്ല. ഒരു നേരം വൈകിയാൽ ടെൻഷൻ അടിച്ചു ചാവും…അതിന് അവൻ കളിയാക്കും. ഞാൻ എന്താടീ ഹോമിയോ ഗുളികയാണോ നിനക്ക് മൂന്ന് നേരവും തരാൻ…ഒടുവിൽ അവൻ സമ്മതിച്ചു, ഒന്നു കാണാൻ.
എവിടെ വരണം. നിന്റെ നാട്ടിലെ അക്ഷയ സെന്റർ ന് മുന്നിൽ വരാം. ഈശ്വരാ, ആ ദിവസം എത്താനുള്ള കാത്തിരിപ്പ്. ഒടുവിൽ ഒരു ഉച്ച തിരിഞ്ഞ നേരം. ക്ഷമ ഇല്ലാതെ അവൾ ആദ്യം എത്തി. കറുപ്പിൽ വെള്ള ഡിസൈൻ ഉള്ള ചുരിദാർ, വെള്ള പാന്റും ഷാളും. അതാ അവൻ ബൈക്കിൽ വരുന്നു…ഹെൽമെറ്റ് മാറ്റി. ഈശ്വരാ, കൃത്യം മാച്ചിങ് ഷർട്ടും പാന്റും . ഇതെങ്ങനെ സംഭവിച്ചു. അല്ലെങ്കിലും സമാനതകൾ കൊണ്ടു അവൻ എപ്പോഴും അതിശയിപ്പിച്ചിട്ടേയുള്ളൂ.
വാഹനത്തിൽ നിന്നിറങ്ങി അവൻ വരുന്നു. സീതയുടെ നെഞ്ചിടിപ്പ്ന് വേഗം ഏറി. പേടിയും ആകാംക്ഷയും ത്രില്ലും… കിഷോർ മുഖം നിറയെ പുഞ്ചിരിയുമായി അടുത്തു വന്നു. വലതു കൈ പിടിച്ചു അവന്റെ നെഞ്ചോട് ചേർത്തു. അവന്റെ ആത്മാവിലേക്ക് അവളെ ചേർത്തു വെച്ചത് പോലെ… ആ കൈകളുടെ മൃദുലതയിൽ മയങ്ങി നിന്നു.
സീതയ്ക്ക് അവന്റെ മുഖത്തേക്ക് നോക്കാൻ നാണവും എന്നാൽ നോക്കി കൊണ്ടേ ഇരിക്കാൻ മോഹവും…വെളുത്ത നിറമുള്ള അവളുടെ മുഖം ചുവന്നു. മുഖത്ത് ആയിരം ഭാവങ്ങൾ മിന്നിമറയുന്നു. ആദ്യ കാഴ്ചയുടെ ത്രില്ലിൽ അവൻ അവളുടെ കവിളിലും മൂക്കിലും ചുണ്ടിലും ഒക്കെ തൊട്ടു തഴുകി നോക്കി…അതാ ചുവന്ന ചുണ്ടുകളിൽ തേൻ കിനിയുന്നുവോ…കണ്ണെടുക്കാൻ വയ്യാ മുഖത്തു നിന്ന്.
പാതി ബോധത്തിൽ എന്തൊക്കെയോ സംസാരിച്ചു. കണ്ടിട്ടും കണ്ടിട്ടും മതിവരുന്നില്ല. ബൈക്കിൽ ഒരു ചെറിയ കറക്കം. ബേക്കറിയിൽ നിന്ന് ഒന്നിച്ചൊരു ഐസ്ക്രീം. ആദ്യമായി ആ ബൈക്കിൽ കയറിയപ്പോൾ വിറക്കുന്നുണ്ടായിരുന്നു…കൈ വേണെങ്കിൽ തോളിൽ വെച്ചോളാൻ…അവന്റെയൊരു ഔദാര്യം…സീതക്ക് അതൊരു അവകാശം ആയിരുന്നു.
കഴിഞ്ഞ ജന്മത്തിൽ പ്രണയിച്ചു കൊതി തീരാതെ പിരിഞ്ഞവരാണോ നമ്മൾ. രണ്ടുപേരുടെയും എപ്പോഴുമുള്ള സംശയം. എത്ര സംസാരിച്ചാലും തീരാത്ത പകലുകൾ…ചിലപ്പോൾ രാത്രികളും… എന്താണ് ഇത്രയും നേരം സംസാരിക്കാൻ… ആർക്കും തോന്നാം? അവനോടു സംസാരിക്കുമ്പോൾ, സങ്കടങ്ങളും സന്തോഷങ്ങളും പങ്കു വെക്കുമ്പോൾ… കിട്ടുന്ന നിർവൃതി…അതിനൊപ്പം വെക്കാൻ മറ്റൊരു സന്തോഷം അവൾക്കില്ല.
അപൂർവ്വമായ കൂടിക്കാഴ്ചകൾ മാത്രേ ഉണ്ടായിട്ടുളളൂ. എന്നാൽ സീതക്ക് കിഷോറിനെ എത്ര കണ്ടാലും മതിയാവില്ല. അവന്റെ കവിളുകളിൽ ഒന്നു തലോടാൻ… ആ ചുണ്ടുകളിലൂടെ ഒന്നു വിരലോടിക്കാൻ… എത്ര കൊതിച്ചിട്ടുണ്ട് അവൾ. അവനൊന്നു പിണങ്ങിയാൽ…വഴക്കു പറഞ്ഞാൽ… അവളുടെ മനസ്സ് കലങ്ങും. പിന്നെ കണ്ണുനീരിന്റെ തോരാ മഴയാവും. ആ ഓർമയിൽ പോലും അവൾക്ക് കണ്ണു നിറയും.
വീട്ടിൽ വിവാഹാലോചന തുടങ്ങിയ കാര്യം അവൾ കിഷോറിനോട് പറഞ്ഞു. എന്റെ സീതയെ ഞാൻ ആർക്കും വിട്ടു കൊടുക്കില്ല, മോളെ. എന്നാൽ അനിയത്തിയുടെ വിവാഹം കഴിയാതെ നിന്റെ കാര്യം വീട്ടിൽ പറയാൻ കഴിയില്ല പെണ്ണേ. നീ കാത്തിരിക്കണം. ഒടുവിൽ കിഷോറിന്റെ സഹോദരി വിവാഹിതയായി. നാളെ കിഷോർ വീട്ടുകാരെയും കൂട്ടി വരുന്നു. സീതയെ പെണ്ണുകാണാൻ….
എന്റെ കൃഷ്ണാ, അവനെ എനിക്കു നഷ്ടപ്പെടുത്തരുതേ. അവനില്ലാതെ എനിക്കൊരു ജീവിതമില്ല. ഊണിലും ഉറക്കത്തിലും അവൻ മാത്രമാണ് മനസ്സിൽ. അവന്റെ ഇഷ്ടങ്ങൾ…കുസൃതികൾ ഒക്കെ ഒക്കെ ആസ്വദിക്കാൻ….വഴക്കിടുമ്പോൾ അവനെ വരച്ച വരയിൽ നിർത്തി അനുനയിപ്പിക്കാൻ…അവനോടൊപ്പം ഒരു ജീവിതം നീയെനിക്കു തരണേ, ഗുരുവായൂരപ്പാ. അവനെ നീയെനിക്കു സ്വന്തം ആയിട്ട് തരണേ…
കിഷോറിന്റെയും സീതയുടെയും ആഗ്രഹം ആയിരുന്നു പ്രണയം പൂത്തു വിടരാൻ തുടങ്ങിയ ഫെബ്രുവരി 14ന് തന്നെ വിവാഹം നടത്തണമെന്ന്. അങ്ങനെ ആ വാലന്റൈൻ ദിനത്തിൽ ഇണക്കിളികൾ കൂട്ടു കൂടി…കൊക്കുരുമ്മി ചിറകുകൾ ചേർത്തു അവർ ചൂടു പകർന്നു.
ഒരു വസന്തകാലത്തു അവരുടെ സ്നേഹക്കൂട്ടിലേക്കു ഒരു കുഞ്ഞു സുന്ദരി കൂടി എത്തി. അവളുടെ കളി ചിരികൾ ദിവസങ്ങൾക്കു മാരിവില്ലിന്റെ അഴകേകി. അവളുടെ കൊലുസിന്റെ കിലുക്കം അവരുടെ ഹൃദയ താളമായി…അവൾ നന്ദിത…വീടിന്റെ വിളക്കായി മാറി.
ഒരുനാൾ കിഷോറിന് പഴയ സുഹൃത്ത് ജയ്‌സൺന്റെ വിളി വന്നു….എന്റെ കിഷോറേ…നിന്നെ ഞങ്ങൾ എന്തു മാത്രം തിരഞ്ഞു. നമ്മുടെ കൂട്ടുകാരെയെല്ലാം കിട്ടി. നീ മാത്രം എവിടെ ആയിരുന്നെടാ……കിഷോർ തന്റെ പാലക്കാടൻ ഗ്രാമ ജീവിതവും ഓഫിസ് കഥകളും പങ്കു വെച്ചു. പഴയ കൂട്ടുകാരുടെ കൂട്ടായ്മയിലേക്കാണ് ജയ്‌സൺ അവനെ ക്ഷണിച്ചത്. അങ്ങനെ ആ ദിവസം എത്തി.
കൂട്ടുകാർ കാത്തിരുന്ന സംഗമദിനം. കിഷോർ സീതയെയും മകൾ നന്ദിതയെയും കൂട്ടിയാണ് എത്തിയത്. അതൊരു വല്ലാത്ത സർപ്രൈസ് ആയിപ്പോയി. കിഷോറിനൊപ്പം സീതയെ കണ്ട കൂട്ടുകാർക്കു അത്ഭുതവും അതിശയവും ആനന്ദവും ഒന്നിച്ചു തോന്നി. ആൺസുഹൃത്തുക്കൾ കിഷോറിനെ വളഞ്ഞു…എടാ, മിണ്ടാപ്പൂച്ചയായിരുന്ന നീ ഇവളെ എങ്ങനെ സ്വന്തമാക്കി…എവിടുന്നു കിട്ടി ഇവളെ…ആരും അറിയാതെ എങ്ങനെ ഒപ്പിച്ചെടുത്തു നീ…കൂട്ടുകാരികൾ സീതയെ പൊതിഞ്ഞു.
ഇരുപതാണ്ടുകൾക്കു ശേഷമുള്ള അപ്രതീക്ഷിതമായ കൂടിച്ചേരലിൽ…സന്തോഷത്തിന്റെ പാരമ്യതയിൽ…ഹൃദയങ്ങൾ തുള്ളിത്തെറിച്ചു. ചിരിയോടെയും കരച്ചിലോടെയും അവർ കെട്ടിപ്പുണർന്നു. എന്തെല്ലാം പറയാനുണ്ട് അവർക്ക്. അമ്മയുടെ തനിപ്പകർപ്പായ നന്ദൂട്ടി, സീതയുടെ കുട്ടിക്കാലത്തെ രൂപം തന്നെ.
അച്ഛന്റെയും അമ്മയുടെയും ജീവിതത്തിലെ വാലന്റൈൻ ദിനത്തിന്റെ പ്രാധാന്യം പൊന്നുമോൾ എല്ലാവരോടും പങ്കുവെച്ചു. ആ സംഗമത്തിൽ പറഞ്ഞിട്ടും തീരാത്ത കഥകളോടെ…അത്ഭുതത്തോടെ…നെഞ്ചിൽ മധുര മനോഹരമായ നിമിഷങ്ങളും പേറി കൂട്ടുകാർ യാത്രയായി….
സ്നേഹക്കൂട്ടിലെ അടുത്ത സംഗമത്തിന് വീണ്ടും ഒന്നിക്കാൻ…സ്നേഹം ഒന്നോടെ ഹൃദയത്തിലേക്ക് ആവാഹിക്കുവാൻ… ഒന്നിച്ചൊരു വെള്ളച്ചാട്ടം പോലെ ആർത്തുല്ലസിക്കാൻ…ഇനിയും കൂട്ടുകാർ ഒത്തു കൂടും…..