ഉമാമഹേശ്വരി – രചന: ദിവ്യ കശ്യപ്
“മോളെ..ദേ ഇതൊന്നു നോക്കിയേ…ഈശ്വരാ ….ഈ കുട്ടി ഇതെവിടാണ്…കുട്ട്യേ….ഇങ്ങോടൊന്നു വരൂ…”
“എന്തേ…കരുണൻ മാമേ…ഞാൻ പൂജാമുറിയിലായിരുന്നു…”
“ദേ..മോളെ..ഇതു കണ്ടോ…ഇന്നത്തെ പത്രത്തിൽ…”
കണ്ണട ഊരി സാരിതുമ്പാലെ തുടച്ചു തിരികെ വെച്ചുകൊണ്ടു ഞാൻ പത്രത്തിലേക്ക് നോക്കി…
ഈ വർഷത്തെ സരസ്വതിസമ്മാൻ പ്രശസ്ത മലയാളി എഴുത്തുകാരി ഉമാമഹേശ്വരിക്ക്
പത്രത്തിൽ വെണ്ടക്ക അക്ഷരത്തിൽ തന്റെ പേര് കണ്ടു പ്രത്യേകിച്ചു ഒന്നും തോന്നിയില്ല…
അല്ലെങ്കിലും ഇതുപോലെ എത്ര എത്ര പുരസ്കാരങ്ങൾ…ഒന്നും കണ്ടു കണ്ണു മഞ്ഞളിച്ചിട്ടില്ല…ഒന്നിനോടും പ്രത്യേകിച്ചു താൽപ്പര്യവുമില്ല…പിന്നെ തിരസ്കരിക്കാറില്ല…അതു മറ്റൊന്നുംകൊണ്ടല്ല…തന്നെ ഇഷ്ട പ്പെടുന്ന തന്റെ വായനക്കാർ…അവരെ നിരാശപ്പെടുത്താൻ വയ്യ…
എഴുത്ത്…അതെന്നാണ് തന്നെ കാർന്നു തിന്നാൻ തുടങ്ങിയത്?…ഡിഗ്രിക്ക് ചേരാൻ തയ്യാറെടുക്കുന്ന സമയം…ആയിടെയായിരുന്നു അമ്മയുടെ മരണം…
അമ്മയുടെ അസാന്നിധ്യത്തിന്റെ ശൂന്യതയിൽ നിന്നു ഒരു മോചനത്തിനായാണ് വല്ലതും മാത്രമൊക്കെ പുസ്തകത്താളിൽ കുത്തിക്കുറിച്ചിരുന്ന താൻ അല്പം വിശാലമായി എഴുതാൻ തുടങ്ങിയത്…
പിന്നെയങ്ങോട്ട് ഒരു പ്രവാഹമായിരുന്നു
ഒരു ശക്തിക്കും തടയാനാവാത്ത അക്ഷരപ്രവാഹം…
ക്ലാസ് തുടങ്ങിക്കഴിഞ്ഞും അത് നിലച്ചില്ല..നിലയ്ക്കാത്ത..നിലാമഴ പോൽ എഴുത്തിനോടുള്ള പ്രണയം കൂടിക്കൂടി വന്നു…
അന്നും ഇന്നും പ്രശസ്തി ആഗ്രഹിച്ചിരുന്നില്ല…അതുകൊണ്ടു തന്നെ പഠിക്കുന്ന സമയത്ത് എഴുതിക്കൂട്ടിയതോന്നും തന്നെ പുറംലോകം കണ്ടിരുന്നില്ല…
ഇടയ്ക്കെപ്പോഴോ ഓണാവധി കഴിഞ്ഞു നേരത്തെ എത്തിയ ഹോസ്റ്റലിലെ എന്റെ റൂംമേറ്റ് സ്വാതിയാണ് ഈ അക്ഷരക്കൂട്ടുകളുടെ യൊക്കെ ഉറവിടം തപ്പിയെടുത്തത്…
പിന്നീടങ്ങോട്ട് അതിനൊക്കെ അച്ചടിമഷി പുരട്ടാൻ വേണ്ടി ഓടി നടന്നതും അവൾ തന്നെ…
അന്ന് ‘കവിത’ എന്ന തന്റെ പേരു വെയ്ക്കാൻ പോയ അവളോട് അതു വേണ്ടാ എന്നു പറഞ്ഞപ്പോൾ…
“എന്നാൽ നീ തന്നെ ഒരു തൂലികാ നാമം കണ്ടുപിടിക്കെന്നായി..”
സത്യത്തിൽ എനിക്ക് എഴുത്തുകാരിയായി അറിയപ്പെടാൻ ആഗ്രഹമില്ലായിരുന്നു…
എഴുത്തുകാരിയെന്നല്ല…ഒന്നും..ഒന്നുമാകാൻ ആഗ്രഹമില്ലായിരുന്നു…
എന്റെ നാട്ടിൽ ..എന്റെ വീട്ടിൽ…എന്റെ വീടിന്റെഇടവഴിയിൽ…അർധനാരീശ്വരന്റെ അമ്പലപ്പടവിൽ…വിശാലമായ പച്ചപ്പാടവരമ്പിൽ…വെച്ചുകെട്ടില്ലാതെ എനിക്ക് സ്വതന്ത്രമായി നടക്കണമായിരുന്നു…
എഴുത്തുകാരിയാണ് ഞാനെന്നു… ആരറിഞ്ഞാലും എന്റെ നാട്ടുകാർ അറിയരുതെന്നു എനിക്ക് നിർബന്ധമുണ്ടായിരുന്നു… ഞാനൊരു എഴുത്തുകാരിയായാൽ.. പ്രശസ്തിയുടെ മുഖാവരണം എന്നിൽ വന്നുചേർന്നാൽ.. അവർക്ക് ഞാൻ ..ഞാനല്ലാതാകും…
പക്ഷെ കാലം എനിക്ക് ആ കവചം ചാർത്തി തന്നു…
എന്റെ നാട്ടിൽ ഞാൻ കാഴ്ചവസ്തുവായി…എഴുത്തുകൾ പൂര്ണതയിലെത്തിച്ചു പ്രകൃതി എന്നെ പ്രശസ്തയാക്കിയപ്പോൾ… പുരസ്കാരങ്ങളുടെ തേരോട്ടം തുടങ്ങിയപ്പോൾ… സ്വന്തം അച്ഛൻ പോലും അല്പം ബഹുമാനത്തോടെയാണ് എന്നെ നോക്കിയത്…മറ്റാരെയോ നോക്കും പോലെ..
സ്വാതിയുടെ നിർബന്ധത്തിനു വഴങ്ങി ഒരു പേര് കണ്ടുപിടിക്കേണ്ടി വന്നപ്പോൾ മറ്റൊന്നും ചിന്തിച്ചില്ല…
“മഹേശ്വരന് പാതിയായവൾ..അതാരാണോ..””അതു മനസിലാണെങ്കിലും…”””അതു തന്നെ മതി..
“”ഉമാ മഹേശ്വരി””
“മോളെ…നമുക്ക് പോകണ്ടെ?..ടിക്കറ്റ് ബുക് ചെയ്യണ്ടേ…അതിപ്പോ ഏതാ ദില്ലിക്കുള്ള ഫ്‌ളൈറ്റ്??ആനന്ദിനെ ഒന്നു വിളിച്ചാലോ..?
“ആനന്ദേട്ടനെ വിളിച്ചു ബുദ്ധിമുട്ടിക്കണ്ട..നമുക്ക് ട്രെയിനിൽ പോകാം കരുണൻ മാമേ…അതാ സുഖം…അടുത്ത മാസമല്ലേ…സമയമുണ്ട്…”ഞാൻ പറഞ്ഞു..
“അടുത്ത മാസം ..എന്നു പറയുമ്പോൾ..ഇന്നെത്രാ തിയതി എന്നോർമായുണ്ടോ കുട്ടിക്ക്…ഇന്ന് പതിനെട്ടായിരിക്കുന്നു…”
“എന്റെ മഹാദേവ…എല്ലാം എടുപിടീന്നു വേണമല്ലോ..സമയം തീരെയില്ല..”കരുണൻ മാമ ധൃതിയിൽ അകത്തേക്ക് പോയി…
ഈ കരുണൻ മാമേടെ ഒരു കാര്യം.. ഇനി അവാർഡ് ഞാൻ കൈനീട്ടി വാങ്ങുന്ന വരെ ആൾക്ക് ഒരു സമാധാനവും ഉണ്ടാവില്ല…ഞാൻ ചിരിയോടെ ഓർത്തു..
രക്തബന്ധത്തിനും അപ്പുറം ചില മനുഷ്യബന്ധങ്ങൾ നമ്മെ നിസ്സഹായരാക്കാറുണ്ട്..അതിനു ഒരു ഉത്തമ തെളിവ്.. എന്റെ കരുണൻ മാമ..
വര്ഷങ്ങൾക്കുമപ്പുറം ഏതോ ഒരു പുരസ്കാരചടങ്ങിൽ പങ്കെടുത്തു മടങ്ങും വഴി തീവണ്ടിയിലെ ഉച്ചമയക്കത്തിനു ശേഷം കണ്ണുതുറന്നപ്പോൾ… ഉച്ചച്ചൂടിൽ തിങ്ങിനിറഞ്ഞ തീവണ്ടിയിൽ താൻ നീട്ടിവെച്ചിരിക്കുന്ന കാലിന്റെ സ്ഥാനത്ത് ഇരിക്കാൻ അല്പം ഇടം കിട്ടുമോ എന്നറിയാൻ താൻ മയക്കം വിട്ടെഴുന്നേൽക്കുന്നതും നോക്കി അക്ഷമയോടെ കാത്തുനിന്ന ദൈന്യതപൂണ്ട കണ്ണുകൾ…പേര് പോലെ തന്നെ കാരുണ്യമുള്ളവൻ..
ദീർഘമായ യാത്രയ്ക്കിടക്കെപ്പോഴോ
ആളുകൾ പൊഴിഞ്ഞു പൊഴിഞ്ഞു ഞങ്ങൾ മാത്രമായപ്പോൾ…..
നാട്ടിലെ വീടുവിറ്റ് മകന് മുംബൈയിൽ
വീട് വെയ്ക്കാൻ പൈസ കൊടുത്തതും
ഏട്ട് വർഷത്തെ മകന്റെ ഒപ്പമുള്ള ജീവിതത്തിലെ കയ്പ്പുരസങ്ങളും മരുമകളുടെ കുത്തുവാക്കും ഒക്കെ വിഷയമായി വന്നു…
കടത്തിണ്ണയിലായാലും സ്വന്തം നാട്ടിലെ മണ്ണിൽ കിടന്നു മരിക്കാൻ നാട്ടിലേക്ക് തീവണ്ടി കയറിയ ഒരു സഹൃദയൻ…
ഞാനധികം സംസാരിക്കാത്ത കൊണ്ടാവണം ആൾ ഇടക്ക് കയ്യിലെ വലിയ തുകൽ ബാഗ് തുറന്നു ഒരു കെട്ട് പുസ്തകമെടുത്തു സീറ്റിൽ വെച്ചിരുന്നു വായന തുടങ്ങി…
പുസ്തകങ്ങളിലേക്കു മിഴിപായിച്ച ഞാൻ കണ്ടു…എല്ലാം പ്രശസ്ത എഴുത്തുകാരി ഉമാമഹേശ്വരിയുടേതാണ്…
കൗതുകത്തോടെ അതിലോരെണ്ണം എടുത്ത എന്നോട് ഗംഭീരം ആണെന്നു ആംഗ്യം കാണിച്ചു ആൾ..
ഇറങ്ങാൻ നേരം കടത്തിണ്ണയിൽ കിടന്നു മരിക്കേണ്ട..എന്റെ വീട്ടിൽ കിടന്നു മരിക്കാം പോരുന്നോ.. എന്നു ചോദിച്ചപ്പോൾ സ്നേഹത്തോടെ നിരസിച്ചു ആൾ…
ആ പുസ്തകത്തിലെ ഉമാമഹേശ്വരി വിളിച്ചാൽ വരില്ലേ.. എന്ന ചോദ്യത്തിന് പകപ്പോടെ തന്നെ നോക്കിയപ്പോൾ കിട്ടിയ പുരസ്‌കാര ഫലകം എടുത്തു പേര് കാട്ടി കൊടുക്കേണ്ടി വന്നു…
അന്ന് മുതൽ ഇന്ന് വരെ ഒരു നിഴലായുണ്ടു…തന്നോടൊപ്പം..ചിലസമയം അച്ഛനായി..ചിലപ്പോൾ ഒരു മുതിർന്ന കാരണവരായി…
സ്നേഹം തോന്നാൻ മറ്റൊരു കാരണവുമുണ്ട്…അച്ഛന്റെ പേരു തന്നെയാണ് ആൾക്കും...കരുണാകരൻ…അച്ഛാ.. എന്നു വിളിക്കാൻ തോന്നിയില്ല…അതുകൊണ്ടു കരുണൻ മാമയാക്കി…
ദിവസങ്ങൾ ഓട്ടപ്രദക്ഷിണം നടത്തിക്കൊണ്ടിരുന്നു..ഇതിനിടയിൽ ഒരുപാട് ഫോണ് വിളികൾ..നേരിട്ടെത്തി അഭിനന്ദനം അറിയിച്ചവർ..
ഒരു അഭിമുഖത്തിന് വേണ്ടി തത്രപ്പാട് നടത്തിയവർ…ഇന്നുവരെ ഒരു അഭിമുഖത്തിനും ഇരുന്നു കൊടുത്തിട്ടില്ല…ഇത്തവണയും അതു തന്നെ എല്ലാവരോടും പറഞ്ഞു…””താൽപര്യമില്ല””
അങ്ങനെ ദില്ലിയിലെത്തി…സർക്കാർ വക അതിഥിമന്ദിരത്തിൽ ഒരു ദിനം തങ്ങി പിറ്റേദിവസം പുരസ്കാരചടങ്ങു..
തുടരെ തുടരെയുള്ള ഫോണ് വിളികൾ…അതെന്റെ എഴുത്തിനു ഭംഗം വരുത്തുന്നുണ്ടായിരുന്നു..
പൊതുവെ സൗമ്യനായ കരുണൻ മാമ ആരോടോ അല്പം പരുഷമായി സംസാരിക്കുന്നു..
“ഇല്യാ.. നടക്കില്ലാന്നു പറഞ്ഞാൽ നടക്കില്ല…”
“ആരാ കരുണൻ മാമേ..”ഞാൻ ചോദിച്ചു…
“ഒരു മാധ്യമപ്രവർത്തകൻ…’ഡൽഹി ടൈംസിൽ’ നിന്നാണത്രെ…മലയാളിയാ…
“ഉം…”ഞാൻ അലസമായി മൂളി…
അരമണിക്കൂർ കഴിഞ്ഞപ്പോൾ സെക്യൂരിറ്റി വന്നറിയിച്ചു…
“മാഡം, ഒരാൾ കാണാൻ വന്നിരിക്കുന്നു..അത്യാവശ്യമാണെന്ന് പറയുന്നു…”
ഞാൻ കരുണൻ മാമയെ നോക്കി..
“ഞാൻ പോയി നോക്കിയിട്ട് വരാം..”കരുണൻ മാമ അയാളോടൊപ്പം പുറത്തേക്കിറങ്ങി..
കുറച്ചു കഴിഞ്ഞപ്പോൾ തിരികെ കയറി വന്നു…
“നേരത്തെ ഫോണിൽ വിളിച്ച കക്ഷി യാ..ഒരു രക്ഷയുമില്ല..ഭയങ്കര വാചകകസർത്ത്…ഒരു പത്തു മിനിറ്റ് മതിയെന്ന്…”
എന്റെ മൗനം സമ്മതം എന്നു കരുതിയാവണം കരുണൻ മാമ ആളെ വിളിക്കാൻ പോയി…
“നമസ്കാരം മാഡം..”വാതിലിനടുത്ത് വെച്ചു തന്നെ ഉച്ചത്തിൽ പറഞ്ഞു കൈകൾ കൂപ്പിക്കൊണ്ടു ആൾ എന്റടുക്കലെക്കു വന്നു…
ഞാൻ കണ്ണട ഊരിവെച്ചത് കണ്ടാവണം ആൾ എന്നോട് പറഞ്ഞു..
“അയ്യോ..മാഡം..എന്റേത് കൂളിംഗ് ഗ്ലാസ് അല്ലാട്ടോ…ഊരാൻ പറ്റില്ല..ഇടതു കണ്ണു അടിച്ചുപോയതാ..എടുത്താൽ ഒരു ലുക്കുമില്ല…”
ആ നിരയൊത്ത പല്ലുകൾ കാട്ടിയുള്ള ചിരി എന്നിൽ എന്തോ ഒരു ഓർമയുണർത്തി..ഒപ്പം ഒരു അപകർഷതാബോധവും..നിരതെറ്റിയ എന്റെ പല്ലുകളെ കുറിച്ചോർത്തു…
പത്തുമിനിട്ടെന്നു പറഞ്ഞിട്ട് എന്റെ സമയം മുഴുവൻ ആൾ ചൂഴ്ന്നെടുക്കുകയാണ്…പക്ഷേ ആൾ ഒരു രസികൻ..ഞാനും ഇരുന്നു പോയി..ഇടയ്ക്കെപ്പോഴോ നാടും നാട്ടാരും വിഷയമായി വന്നു..
ആമ്പല്ലൂരാണ് നാടെന്നും അർധനാരീശ്വരന്റെ അമ്പലത്തിന്റെ തെക്കേ ഇടവഴിയിലാണ് വീടെന്നും പറഞ്ഞപ്പോൾ ആ കണ്ണിൽ വിസ്മയം…
വീട്ടിൽ ആരൊക്കെയുണ്ടെന്ന ചോദ്യത്തിന് ‘അമ്മ മരിച്ചുപോയീന്നും മുപ്പത്തെഴു കഴിഞ്ഞ മകൾ ഇന്നും ഒറ്റക്ക് കഴിയുന്നതിൽ പ്രതിഷേധിച്ചു അച്ഛനും കൂടെ വരാതെ ഒറ്റക്ക് നാട്ടിൽ കഴിയുന്നു എന്നു മറുപടി പറയേണ്ടി വന്നു..
ചായയുമായി വന്ന കരുണൻ മാമ ചോദിച്ചു…
“എന്താണാവോ പേര്..?”
“മഹേശ്വർ പ്രതാപ് വർമ്മ” ഗാംഭീര്യത്തോടെയുള്ള മറുപടി…
മഹേശ്വർ എന്ന പേരു എന്നിൽ ഒരു കൊളുത്ത് വീഴ്ത്തിയ പോലെ..
“അപ്പൊ നമ്മൾ പറഞ്ഞു വന്നത്…ആഹ്!! എന്താ അവിവാഹിതയായി തുടരുന്നത്…?”ആൾ വിടാൻ ഭാവമില്ല..
അതിനു എന്തു മറുപടി പറയണമെന്ന് എനിക്കറിയില്ലായിരുന്നു..
അപക്വമായ ഒരു പ്രണയത്തിന്റെ തിരുശേഷിപ്പെന്നോ…അതോ ഇനിയും പ്രണയം തിരിച്ചറിഞ്ഞിട്ടില്ലാത്ത ഒരാൾക്കായുള്ള കാത്തിരിപ്പെന്നോ….അതോ അമ്മവീട്ടിൽ അവധിക്കാലം ചിലവഴിക്കാനെതിയ തമ്പുരാൻചെക്കനോട് ചോവോത്തി പെണ്ണിന് തോന്നിയ അഭിനിവേശം കൊണ്ടെന്നോ….
പക്ഷെ പറയേണ്ടെന്നു കരുതിയതൊക്കെയും പറഞ്ഞുപോയി അറിയാതെ….
അഞ്ചിൽ പഠിക്കുമ്പോൾ വീടിനടുത്തെ മുല്ലശ്ശേരി തറവാട്ടിൽ അവധിക്കാലം ആഘോഷിക്കാനെത്തിയ തമ്പുരാൻകുട്ടിയെ കളിക്കൂട്ടുകാരനായി കിട്ടിയ മൂന്നാം ക്ലാസ്‌കാരിയെ കുറിച്ചു..
പുതിയ കൂട്ടുകാരനെകിട്ടിയ ഗമയിൽ നാട്ടിലെ കൂട്ടുകാരെ അല്പം പുച്ഛത്തോടെ നോക്കിയ മുന്നിൽ മേൽനിരയിലെ രണ്ടു പല്ലില്ലാത്തവളെ കുറിച്ചു…
ഇടയ്ക്കെപ്പോഴോ..”മഹിയേട്ടാ..മഹിയേട്ടന്റെ ശരിക്കുള്ള പേരെന്താണ്” എന്നു ചോദിച്ചപ്പോൾ ..
“അതൊന്നും നിനക്കു പറയാൻ പറ്റില്ല..പല്ലില്ലാത്തകൊണ്ടു ആ ഓട്ടയിലൂടെ കാറ്റുപോകും എന്നു പറഞ്ഞ മഹിയേട്ടനെ കുറിച്ചു…
വീട്ടിലെ മേശപ്പുറത്തു കണ്ട ..അമ്പലത്തിലെ വഴിപാട് രശീതിൽ ‘മഹേശ്വരൻ..തിരുവാതിര’ എന്നു കണ്ടു ആരാണ് എന്നമ്മയോട് തിരക്കിയ പ്പോൾ മുല്ലശ്ശേരിയിലെ കുട്ടിയുടെ… വഴിപാട് മേടിക്കാൻ അച്ഛൻ വെച്ചിരിക്കുന്നത്..എന്നു അമ്മ പറഞ്ഞതിനെ കുറിച്ചു…
അഞ്ചിലെ അവധി കഴിഞ്ഞു പോയ ആൾ പിന്നീട് വന്നത് ഒന്പതിലെ അവധിക്കാലത്ത് ആണ്…
ആൾ വലുതായിരുന്നു.. പൊടിമീശയൊക്കെ വെച്ചിരുന്നു…
പഴയകളിക്കൂട്ടുകാരിയെ മറന്നിരുന്നു..
അമ്പലത്തിലെ ഉത്സവത്തിന് വളക്കടയുടെ മുന്നിൽ വെച്ചുകണ്ടപ്പോൾ കാണാത്ത ഭാവത്തിൽ നടന്നു നീങ്ങിയ… പക്ഷെ ..മേടയിലെ ഗായത്രി ചേച്ചിയെ നോക്കി തിളങ്ങുന്ന കണ്ണോടെ ചിരിക്കുന്ന കണ്ടപ്പോൾ.. ആ മുടിയിൽ പിടിച്ചു വലിക്കുന്ന മഹിയേട്ടനെ കണ്ടപ്പോൾ കയ്യിൽ വാങ്ങിപ്പിടിച്ചിരുന്ന കുപ്പിവളകൾ ഞെരിച്ചുടച്ചു കൈകൾ മുറിച്ചതിനെ കുറിച്ചു…
വിഷുതലേന്നു പടക്കം പൊട്ടിച്ചുകൊണ്ടിരുന്നപ്പോൾ മനപ്പൂർവം ആളിന്റെ ദേഹത്തേക്ക് എറിപ്പടക്കം എറിഞ്ഞുവീഴ്ത്തിയതിനെ കുറിച്ചു…
അതു പക്ഷേ കണ്ണിൽ ആണ് വീണതെന്നു പിന്നീടാണ് അറിഞ്ഞത്…
നാട്ടിലെ ചികിത്സയൊന്നും ശരിയാവാതെ വലിയതമ്പുരാൻ മകനെ മുംബൈക്ക് കൊണ്ടുപോയതിനെ കുറിച്ചു…
പിന്നീട് എപ്പോഴോ.. മനപൂർവമാണ് പടക്കം എറിഞ്ഞതെന്നു അമ്മയോട് പറയുന്നത് കേട്ട ..മുല്ലശ്ശേരിയിലെ ആശ്രിതനായ അച്ഛൻ ഓടിച്ചിട്ടു പിടിച്ചു കയ്യിൽ പഴുപ്പിച്ച ചട്ടുകം വെച്ച ഏഴാം ക്ലാസ്‌കാരിയെ കുറിച്ചു…
അമ്മയിൽ നിന്നറിഞ്ഞ മുല്ലശ്ശേരിയിലെ മഹേശ്വരന്റെ പാതിയായി മനസിൽ സ്വയം സങ്കൽപിച്ചു “ഉമാമഹേശ്വരി” എന്ന തൂലികാ നാമം സ്വീകരിച്ചതിനെ കുറിച്ചു..
പറഞ്ഞു നിർത്തിയപ്പോൾ ഒരു നിശബ്ദത…എല്ലാവരിലും…
മൂഡ് മാറ്റാനായി ഞാൻ ചോദിച്ചു..
“മഹേശ്വറിന്റെ ഫാമിലിയൊക്കെ..?”
“ഒറ്റത്തടി…പരമസുഖം”…ചിരിച്ചു കൊണ്ടുള്ള മറുപടി…
“വിവാഹം…?”ഞാൻ പകുതിയിൽ നിർത്തി…
“തമ്പുരാൻകുട്ടിയാണെങ്കിലും..കാശുണ്ടെങ്കിലും..ഒരു കണ്ണടിച്ചു പോയവന് ആരു പെണ്ണുതരാനാണെടോ…?”
“ഒൻപതാം ക്ലാസ്സിലെ ആദ്യപ്രണയവും കാഴ്ച തിരിച്ചുകിട്ടില്ല എന്നറിഞ്ഞപ്പോൾ ഇട്ടിട്ടുപോയി…പിന്നെയാരെയും പ്രണയിക്കാനും പോയില്ല…”
ചൂണ്ടക്കുരുക്കിൽ കുരുങ്ങിയ മീൻ പ്രണവായുവിനായി പിടയുന്ന പിടച്ചിലോടെ ശ്വാസം വിലങ്ങി ആളെ നോക്കിയപ്പോൾ ..
കൂളിംഗ് ഗ്ലാസ് ഊരിമാറ്റി പാതിയടഞ്ഞ ഇടത്തെ കണ്ണുകാട്ടി പൊട്ടിച്ചിരിച്ചു ആൾ…
മകൾ ഒറ്റക്കായതിന്റെ പ്രതിഷേധത്തിൽ വരാൻ തയ്യാറാകാത്ത അച്ഛനോട് ഇത്രടം വരാനും ഇനി മുതൽ ഈ മകൾ ഒറ്റയ്ക്കല്ല എന്നു പറയാനും ആൾ പറഞ്ഞപ്പോൾ…..
ഒരു വേവോടെ ആ ഇടതു കണ്ണിൽ ചുംബനങ്ങൾ കൊണ്ടു മൂടി ആ നെഞ്ചിലേക്ക് വീണപ്പോൾ എന്നെ ചേർത്തുപിടിച്ചു കൊണ്ടു..എന്റെ ചട്ടുകം വെച്ചു പൊള്ളിയ വലതു കൈയിലെ മായാത്തമുറിപ്പാടിൽ ചുണ്ടുകൾ ചേർത്തിരുന്നു എന്റെ മഹിയേട്ടൻ…..
ആമ്പല്ലൂരിലെ അർധനാരീശ്വരനും തന്റെ പാതിമെയ്യായവളോട് ഒരല്പം കൂടി ചേർന്നിരുന്നു അപ്പോൾ….
💓കാലം ചിലപ്പോൾ അങ്ങനെയാണ്…ആത്മാർത്ഥമായ ചില കാത്തിരുപ്പുകൾക്കു മാധുര്യം കുറച്ചേറെ കൊടുക്കും…💓