മനോവേദന – രചന : അബ്ദുൾ റഹീം
അമ്മേ ചായ…
ജോലി കഴിഞ്ഞു വന്നപാടെ ബാഗ് സോഫയിലിട്ട് മനു റൂമിലേക്ക് പോയി. ഇവനെന്താഡീ ഇങ്ങനെ…കുറച്ചുനാളായി ഞാൻ ശ്രദിക്കുന്നു. വന്നപാടെ റൂമിൽ കയറിയിരിക്കുന്നു. കുളി കഴിഞ്ഞു വന്ന രാഘവേട്ടൻ ദേവകിയോടു ചോദിച്ചു.
എന്തു പറ്റിയാവോ എന്റെ മോന്, ആദ്യമൊക്കെ വന്നാൽ അടുക്കളയിൽ വന്നു ചായയും കുടിച്ചു പാടത്തു കളിക്കാൻ പോയ ചെക്കനാ..ഇപ്പോ എപ്പോളും റൂമിൽ കയറി ആ കുന്ത്രാണ്ടാവും പിടിച്ചു ഒരേ ഇരിപ്പാ..ചോറു തിന്നാൻ പോലും പുറത്തേക്കു ഇറങ്ങുന്നില്ല. ദേവകി ചേച്ചി വിഷമത്തോടെ പറഞ്ഞു.
ഗീതയെന്തേ..? രാഘവേട്ടൻ ചോദിച്ചു. അവൾ വന്ന പാടെ അപ്പുറത്തെ പിള്ളേരേം കൊണ്ട് പറമ്പിലോട് പോയിട്ടുണ്ട്. ഇനി വിളക്കു വെക്കുന്ന സമയത്തു നോക്കിയാൽ മതി.
രാഘവേട്ടനും ദേവിക ചേച്ചിക്കും രണ്ടു മക്കളാണ് മനുവും ഗീതയും. മനു ഒരു പ്രൈവറ്റ് കമ്പനിയിൽ സെയിൽസ്മാൻ ആയി ജോലിചെയ്യന്നു. ഗീത ഡിഗ്രി സെക്കന്റയെർ പഠിക്കുന്നു. റേഷൻ കടയിൽ നിന്നു വന്ന രാഘവേട്ടൻ ദേവകിയോടു ചോദിച്ചു, അവൻ ഇല്ലേ…?
റൂമിൽ നിന്നും ഇടക്ക് അവന്റെ ചിരിയൊക്കെ കേൾക്കുന്നുണ്ട് ദേവകി ചേച്ചി ശബ്ദം താഴ്ത്തി രാഘവേട്ടനോടായി പറഞ്ഞു. ഇടക്ക് ഒറ്റക്കു സംസാരിക്കുന്നുമുണ്ട്…നമുക്കവനെ വല്ല ജ്യോത്സനെ കാണിച്ചാലോ ?
എന്റമ്മേ….അത് ഒറ്റയ്ക്ക് സംസാരിക്കുന്നതല്ല വാട്സ് ആപ്പിൽ വോയ്‌സ് മെസ്സേജ് വിടുന്നതാ. ഇത് കേട്ടു കൊണ്ട് വന്ന ഗീത അവരോടായി പറഞ്ഞു. എന്തായാലും എനിക്കാകെ പേടിയാകുന്നു. നാളെത്തന്നെ ഞാൻ ജ്യോത്സ്യനെ കാണാൻ പോകുകാ…ആരു വന്നില്ലെങ്കിലും ഞാൻ പോയ്കോളാം, ദേവകി ചേച്ചി കരച്ചിലോടെ പറഞ്ഞു.
ഈ അമ്മക്ക് വട്ടാ….ഗീത അതും പറഞ്ഞു മനുവിന്റെ റൂമിലേക്കു പോയി. ചേട്ടാ ഫോണൊന്നു തരോ…? മിന്നുനെ വിളിക്കാനാ…ഗീതയുടെ കൂട്ടുകാരികളിൽ ഒരാളാണ് മിന്നു. രൂക്ഷമായ നോട്ടമായിരുന്നു മനുവിന്റെ മറുപടി.
നീ കുറേ നാളായി മിന്നുനേം ചിന്നൂനേം വിളിക്കുന്നു…ഒരു വട്ടമെങ്കിലും അവർ എന്നോട് സംസാരിച്ചിട്ടുണ്ടോ..? അവർക്കു ഐസ്ക്രീം വേടിക്കാനെന്നും പറഞ്ഞു എത്രവട്ടമാ നീ എന്റെ കയ്യിൽ നിന്നും പൈസ വാങ്ങിക്കൊണ്ടുപോയത്…മനു അലറുകയായിരുന്നു…ഗീത ശരിക്കും ഭയന്നു ആദ്യമായാണ് ചേട്ടൻ തന്നോട് ഇങ്ങനെ സംസാരിക്കുന്നത്.
ഒരു വട്ടമെങ്കിലും നീ അവർക്കു എന്നെ പരിചയപ്പെടുത്തി കൊടുത്തിട്ടുണ്ടോ…? ഒരേ ഒരു വട്ടം…? ഈ വാക്കുകൾ മനസ്സിൽ നിന്നുള്ള വേദനയായിരുന്നു.
നിനക്കറിയോ…? ഇന്നു സ്കൂൾ ഗ്രൂപ്പിൽ ഓരോരുത്തർ അവരുടെ പ്രണയങ്ങളെ കുറിച്ചാണ് സംസാരിച്ചത്. കിഴക്കേതിലെ അനൂപില്ലേ, അവൻ അവന്റെ അഞ്ചു പ്രണയങ്ങളാ പറഞ്ഞത്…നിയാസും പറഞ്ഞു, അവന്റെ മൂന്നു പ്രണയം. ദിൽഷാദും, ഉമേഷും പറഞ്ഞു ഓരോ പ്രണയങ്ങൾ.
അതൊക്കെ പോട്ടെ തെക്കേതിലെ കുള്ളൻ ഗിരിയില്ലേ… അവൻക്കും ഉണ്ടായെന്ന് ഒരു പ്രണയം. അതു കേട്ടപ്പോൾ എന്റെ നെഞ്ചു തകർന്നു. അവസാനം അവർ എന്നോട് ചോദിച്ചു ഞാനെന്തു പറയാനാ….? ഞാൻ മറുപടി പറയാതെ ഒഴിഞ്ഞു മാറി. പേരിനു പോലും ഒരെണ്ണം ഇല്ല….പേരിനു പോലും….!! ഇതു പറയുമ്പോൾ മനുവിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. അവന്റെ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു. അതും പറഞ്ഞു മനു കുളിക്കാൻ കയറി….
അപ്പോളും മനുവിന്റെ മൊബൈലിൽ മെസേജുകൾ വന്നുകൊണ്ടിരുന്നു…അതൊക്കെ ആരോടെയൊക്കെയോ പ്രണയങ്ങളായിരുന്നു. ഇതൊക്കെ കേട്ടു ഒന്നും മനസിലാകാതെ രാഘവേട്ടനും ദേവകി ചേച്ചിയും മുഖത്തോടു മുഖം നോക്കി നിന്നു.
ജ്യോത്സ്യനെ മാത്രം കണ്ടാൽ പോര ബ്രോക്കർ കേശവനേം കാണണം….രാഘവേട്ടൻ ആരോടെന്നില്ലാതെ പറഞ്ഞു.