ജീൻസും സ്ലീവ്ലെസ്സ് ടോപ് ഒക്കെ ഇട്ടു പെണ്ണുങ്ങളെ കണ്ടപ്പോൾ പെണ്ണ് ആദ്യം നോക്കിയത്…

ഒരു ജീൻസ് അപാരത – രചന: മഞ്ജു ജയകൃഷ്ണൻ

പനി പിടിച്ചു വീട്ടിൽ ഇരിക്കുന്ന ഈ സമയത്തു പെണ്ണിനോട് ഇടി കൂടി …

സ്വതവേ വീർത്ത അവളുടെ കവിൾ ഒന്നൂടെ വീർപ്പിച്ചു അവൾ നടന്നു…. അല്ലെങ്കിലും ഉടക്കി നടന്നാൽ പെണ്ണിന് ജാഡ കൂടുതലാണ്…..

‘ഒന്ന് ചേർത്തു പിടിച്ചാൽ’ ഒന്നും ഇപ്പോൾ പെണ്ണ് അടങ്ങാറില്ല.. അവൾ പിടിച്ച മുയലിനു മൂന്നല്ല അഞ്ചു കൊമ്പ് ഉണ്ടെന്നു പറയേണ്ടി വരും…..

പെണ്ണ് ഇൻഫീരിയോരിറ്റി കോംപ്ലക്സിൽ ഈഗോക്ക് ജനിച്ച ഐറ്റം ആണ്…

കൊള്ളാവുന്ന ഒരു പെണ്ണിനെ നോക്കി പോയാൽ പെണ്ണിന് ചൊറിഞ്ഞു വരും… ‘നിങ്ങൾക്കു കാണാൻ അല്ലേ ഞാൻ ഉള്ളെ’ എന്നൊക്കെയുള്ള ചോദ്യമാണ്…

‘നിന്റെ മരമോന്ത കണ്ടു മടുത്തിട്ടാടീ ‘ എന്നു പറഞ്ഞതിന്റെ ക്ഷീണം മാറി വരുന്നതെ ഉണ്ടായിരുന്നുള്ളൂ….

രണ്ടാഴ്ച പെണ്ണ് അടുക്കളയിൽ കേറിയില്ല….

ഹോസ്റ്റലിൽ നിന്നു അത്യാവശ്യം പാചകം ഒക്കെ പഠിച്ചതു കൊണ്ട് ‘പോടീ പുല്ലേ’ എന്നും പറഞ്ഞു പാചകം ഓക്കേ ചെയ്തു….

എന്നോടുള്ള ദേഷ്യം പെണ്ണ് ഭക്ഷണതോടു കാട്ടിയില്ല. ‘വെട്ടി വിഴുങ്ങി ‘ കിടന്നു ഉറങ്ങും… ബെഡ്റൂമിലും ‘ഗെറ്റ് ഔട്ട്‌ ‘ അടിച്ചു….അതു കൊണ്ട് അധികം താമസിയാതെ ഞാൻ അടിയറവു പറഞ്ഞു….

അങ്ങനെ ഇരിക്കുമ്പോൾ ആണ് ഓഫീസിലെ മനുവിന്റെ കല്യാണത്തിന്റെ റിസപ്ഷനു പെണ്ണും കൂടെ വരുന്നുണ്ട് എന്നു പറയുന്നത്…..

ഒരിക്കൽ പെണ്ണിന് വയ്യാത്തതു കൊണ്ട് ‘എന്റെ ഷർട്ട്‌ അമ്മ കഴുകി ഇട്ടു’… അതിനു വരെ ദേഷ്യപ്പെട്ട കാന്താരി ആണ്….

പോസ്സസീവ്നെസ് കണ്ടു പിടിച്ചതു ഇവളാന്നോ എന്നു വരെ ഞാൻ സംശയിച്ചിട്ടുണ്ട്…..

ഓഫീസിൽ നല്ല കിടിലൻ പെൺപിള്ളേർ ഉണ്ട്….. അവരുമായി നല്ല കമ്പനി ആണ് താനും… ‘ആരുടേയും പേര് പോലും അറിയില്ല ‘ എന്നു പറഞ്ഞാണ് എന്റെ നടപ്പ്….

പെൺപിള്ളേർ ആയി കൂട്ടാണ് എന്നൊക്കെ അറിഞ്ഞാൽ പെണ്ണ് ‘കാലേ വാരി നിലത്ത് അടിക്കും ‘.

മറ്റുള്ള പെൺകുട്ടികളുടെ സുന്ദരമായ വാട്സ്ആപ്പ് പ്രൊഫൈൽ പിക്ചർ കാണുമ്പോൾ പെണ്ണിന്റെ മുഖം വാടും. ‘മൊത്തം പുട്ടിയാടി ‘ എന്നൊക്കെ പറഞ്ഞു ഒരുവിധം സമാധാനിപ്പിച്ചാണ് ഇരുത്തുന്നത്……

ഇതിപ്പോ സംഗതി കയ്യിൽ നിന്നും പോകുന്ന മട്ടാണ്.. എല്ലാത്തിനെയും നേരിൽ കാണാൻ പോകുവാണ്….

പലതും പറഞ്ഞിട്ടും പെണ്ണ് അടുത്തില്ല…. കൂടെ ചാടിക്കേറി പോന്നു…. ‘ആള് നല്ല കമ്പനി ആണുട്ടോ’ എന്നൊക്കെ കേട്ടപ്പോൾ പെണ്ണിന്റെ മുഖം ചുവന്നു വന്നു…

“വീട്ടിലേക്കു വാ… കാണിച്ചു തരാം ” എന്നു കൂടെ കേട്ടപ്പോൾ എനിക്ക് തൃപ്തിയായി…

ജീൻസും സ്ലീവ്ലെസ്സ് ടോപ് ഒക്കെ ഇട്ടു പെണ്ണുങ്ങളെ കണ്ടപ്പോൾ പെണ്ണ് ആദ്യം നോക്കിയത് ഞാൻ അതു കാണുന്നുണ്ടോ എന്നതായിരുന്നു….

എന്തെങ്കിലും നിവർത്തി ഉണ്ടായിരുന്നു എങ്കിൽ എന്നെ ദൃതരാഷ്ട്രർ ആക്കിയേനെ…..

‘വേണ്ടാ വേണ്ടാ ‘ എന്നു ഞാൻ ആയിരം പ്രാവശ്യം പറഞ്ഞതല്ലേ എന്നു ചോദിക്കണം എന്നുണ്ടെങ്കിലും എല്ലാം ഉള്ളിലോതുക്കി ഞാൻ നിന്നു….

വീട്ടിൽ ഒരുമാസത്തെ ‘ലോക്ക് ഡൌൺ’ അടുക്കളയിലും ബെഡ്‌റൂമിലും ഞാൻ പ്രതീക്ഷിച്ചു……

വീട്ടിൽ ചെന്നയുടനെ പെണ്ണ് പ്രഖ്യാപിച്ചു….

“എനിക്കും ജീൻസ് വേണം…………… “

ഭാഗ്യത്തിനു സ്ലീവ്ലെസ്സ് ടോപ് പറഞ്ഞില്ല…

ചുരിദാർ തന്നെ ഇടാൻ തുടങ്ങിയത് ഈയിടെ ആണ്…

കാണുമ്പോൾ ധാവണി ആയിരുന്നു വേഷം… നല്ല നാടൻ പെണ്ണ്.. മുടി നിറയെ കാച്ചെണ്ണ ഒക്കെ വച്ച് ചന്ദനം ഒക്കെ തൊട്ട് …..ഒറ്റ നോട്ടത്തിൽ അങ്ങ് ഇഷ്ട്ടായി…..

ധാവണിയിൽ നിന്നും സാരിയിലേക്ക് മാറി എന്നതോഴിച്ചാൽ വേറെ ഒരു മാറ്റവും വന്നില്ല…. ഒരുപാട് നിർബന്ധിച്ചിട്ടാണ് ചുരിദാർ തന്നെ ഇട്ടു തുടങ്ങിയത്……

അലുവയും മത്തിക്കറിയും പോലെ പെണ്ണിന്റെ ശാലീനതയും ജീൻസും അങ്ങ് ചേരാതെ നിന്നു…..

ഓരോരുത്തർക്കും ചേരുന്ന വേഷം ഉണ്ടെന്നും സാരിയിൽ നിന്നെ വെല്ലാൻ സാക്ഷാൽ ഐശ്വര്യറായിക്കു പോലും കഴിയില്ല എന്നു പറഞ്ഞിട്ടും പെണ്ണ് അടങ്ങിയില്ല…

‘ഞാൻ ഇട്ടാൽ അയ്യേ… ഫഹദ് ഫാസിൽ ഇട്ടാൽ ഓഹോ ‘ എന്ന ഡയലോഗ് അടിക്കാനും മറന്നില്ല….

ഒടുവിൽ ജീൻസ് മേടിക്കേണ്ടി വന്നു…

കുളിച്ചു കുളിപ്പിന്നലും പിന്നി… നല്ല വട്ടപൊട്ടും നെറ്റിയിൽ ചന്ദനവും തൊട്ടു മുടിയിൽ മുല്ലപ്പൂവും ചൂടി ….. കയ്യിൽ നിറയെ സ്വർണവളയും കഴുത്തിൽ വലിയ താലിമാലയും ഇട്ടു….. നല്ല ലൂസായ ടോപ്പും ജീൻസും…. പോരാത്തതിന് ഒരു ഷാളും..

എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ പോലെ കണ്ണിൽ ഒരു ‘കൂളിംഗ് ഗ്ലാസും ‘…

എന്നിട്ടൊരു ചോദ്യവും ‘സൂപ്പർ അല്ലേ ചേട്ടാ ‘ എന്ന്….

‘ചാളമേരി ‘ എന്നു വിളിക്കാൻ തോന്നിയെങ്കിലും എന്റെ വിളികൾ എല്ലാം പതിവു പോലെ മനസ്സിലോതുക്കി….

അവളെയും കൊണ്ട് പുറത്തു പോകുന്നതിലും നല്ലത് ‘ നാട് വിടുന്നതാണ്’ എന്നെനിക്ക് തോന്നി…

അവളുടെ മുന്നിൽ നിന്നു ചിരിച്ചാൽ എന്റെ അടിയന്തിരത്തിനു സാമ്പാറും ഇഡലിയും നാട്ടുകാർക്കു കൊടുക്കേണ്ടി വരും എന്നത് കൊണ്ട് ഞാൻ ചിരി കടിച്ചമർത്തി നിന്നു….

അപ്പോളാണ് അവളുടെ വീട്ടുകാരുടെ വരവ്….. അവളുടെ സ്വന്തം അമ്മ തലയറിഞ്ഞു ചിരിക്കുന്ന കണ്ട് എന്റെ മനസ്സ്‌ കുളിർത്തു…

“നീയെന്താടീ ഫാൻസി ഡ്രെസ്സിനു പോണുണ്ടോ ” എന്നു കൂടെ ചോദിച്ചപ്പോൾ അവളുടെ പതനം പൂർത്തിയായി…

സ്വന്തം അമ്മ ആയതു കൊണ്ട് മറ്റൊന്നും പറയാതെ ദേഷ്യപെട്ടു എന്തൊക്കെയോ പിറു പിറുത്തു പെണ്ണ് ജീൻസ് എടുത്തു ദൂരെ ഇട്ടു….

അങ്ങനെ വലിയൊരു അപകടത്തിൽ നിന്നും ഞാൻ രക്ഷപെട്ടു…

ജീൻസ് ഇട്ട പെണ്ണുങ്ങളെ കണ്ടതു കൊണ്ട് ഇത്രയേ വേണമെന്ന് പറഞ്ഞുള്ളു .. വല്ല ബിക്കിനിയും ആയിരുന്നു എങ്കിൽ………

Nb:ജീൻസിനോട് ഒരു വിരോധവും ഇല്ല. എല്ലാവർക്കും ചേരുന്ന വസ്ത്രം ഇടുന്നതിനെ മാത്രമാണ് ഇവിടെ പരാമർശിച്ചത്….