ആരോടും തോന്നാത്തൊരിഷ്ടം ~ രചന: നിവിയ റോയ്
ജെയിംസ് ….കാതറിൻ വന്നിട്ടുണ്ട്.
പൂന്തോട്ടത്തിൽ എന്തോ പണികൾ ചെയ്തുകൊണ്ടിരുന്ന ജെയിംസിനോട് കാർ പാർക്ക് ചെയ്യുന്നതിനിടയിൽ ചില്ലുകൾ താഴ്ത്തി ബെറ്റി ചേച്ചി പറഞ്ഞു .
കാറിൽ നിന്നും ഇറങ്ങി വരുന്ന എന്നെ കണ്ടതും
ജയിംസിന്റെ മുഖത്ത് സന്തോഷം പടർന്നു .
തോട്ടത്തിലെ പനിനീർപൂവുകൾക്കിടയിൽ, അനുവാദമില്ലാതെ വളർന്ന കളകൾ പറിച്ചുമാറ്റുന്ന ജോലി നിർത്തി ജെയിംസ് മെല്ലെ എഴുന്നേറ്റു.
ബെറ്റി ചേച്ചി അപ്പോൾ, കാറിൽ നിന്നും ഊർന്നിറങ്ങി തോട്ടത്തിലെ പൂമ്പാറ്റകൾക്കു പിറകെ പതറിഓടുന്ന എന്റെ മൂന്നു വയസ്സുകാരൻ സാംകുട്ടന്റെ പിന്നാലെ ഓടുന്ന കണ്ടു .
ജെയിംസ് ഇപ്പോൾ സുന്ദരനായ ഒരു യുവാവായിരിക്കുന്നു. അവന്റെ അടുത്തേക്ക് നടക്കുമ്പോൾ ഞാൻ ഓർത്തു.
ഒട്ടും പ്രതീഷിക്കാതെയുള്ള എന്റെ വരവ് അവനെ അതിശയപ്പെടുത്തി എന്ന് തോന്നുന്നു.അതോ അവന് എന്നെ മനസ്സിലായോ എന്നും എനിക്കറിയില്ല.അവൻ എന്നെ തന്നെ നോക്കി നിൽക്കുകയാണ് .
ഒരു യുവാവിന്റെ കണ്ണിമക്കാതുള്ള നോട്ടത്തിൽ ഏതൊരു പെണ്ണിനും തോന്നുന്ന വല്ല്യായ്മ എനിക്കും തോന്നി
കാറ്റത്തു ഇളക്കി മറിയുന്ന തോളറ്റം വെട്ടിയിട്ട മുടികളെ ഒതുക്കിയും …ഉലയുന്ന ചൈനീസ് സ്കേർട്ടിൽ പിടിച്ചും എന്റെ വല്ല്യായ്മ ഞാൻ മറച്ചു , ഞാൻ അവന്റെ അടുത്ത് എത്തി ചോദിച്ചു .
നിനക്കു സുഖമാണോ?
ബൊമ്മെ …..എന്ന് എന്നെ വിളിച്ചുകൊണ്ടു അവൻ ഉറക്കെ ചിരിച്ചു.അവൻ അങ്ങനെയാണ് എന്നെ വിളിച്ചിരുന്നത് .അവന്റെ സന്തോഷം ആ ചിരിയിൽ നിറഞ്ഞു നിന്നു.
അവനെന്നെ അത്ര പെട്ടന്ന് തിരിച്ചറിഞ്ഞതിൽ എനിക്ക് അത്ഭുതം തോന്നി
അവന്റെ കണ്ണുകൾ നിറഞ്ഞു വന്നു …
അവന് എന്നോട് എന്തക്കയോ പറയണമെന്നുണ്ടെന്നു അവന്റെ ചേഷ്ടകളിലൂടെ എനിക്ക് മനസ്സിലായി .പക്ഷേ ഇപ്പോൾ അവന് സംസാരിക്കുവാൻ നല്ല ബുദ്ധിമുട്ട് ഉള്ളത് പോലെ തോന്നി .
അവന് പണ്ട് ചെറിയ രീതിയിൽ ഓട്ടിസം ഉണ്ടായിരുന്നു.ഇപ്പോൾ അത് കൂടിയിട്ടുണ്ടാവുമോ? അതോ സന്തോഷം കൊണ്ടാണോ അവന് ഒന്നും പറയാൻ പറ്റാത്തത് ?എനിക്ക് ഒന്നും മനസ്സിലാവുന്നില്ല.
എന്നെ നീ മറന്നില്ലല്ലേ …?സന്തോഷം നിറഞ്ഞ ഒരു പുഞ്ചിരിയോടെ ഞാൻ ചോദിച്ചു
എന്റെ ചോദ്യത്തിന് അവൻ ഒരു മറുചോദ്യമാണ് ചോദിച്ചത് .
എനിക്ക് നീ ഒരു ഉമ്മ തരുമോ ?
അവന്റെ മറയില്ലാത്ത ആ ചോദ്യം കേട്ട് പരിഭ്രമിച്ചു ഞാൻ ചുറ്റും നോക്കി
കൂടെ ജോലി ചെയ്യുന്ന മറ്റുകുട്ടികൾ ഇതൊന്നും ശ്രദ്ധിക്കുന്നേയില്ല …
തോട്ടത്തിനടുത്തുള്ള കെട്ടിടത്തിന്റെ നീണ്ട വരാന്തയിൽ കുറച്ചു പേര് തുണികളിൽ ചായം മുക്കുന്ന തിരക്കിലാണ്
തങ്ങളുടെ കൈകളിൽ പറ്റിയ ചായം നോക്കി അവര് ഇടക്കിടക്ക് ചിരിക്കുന്നു….
വേറെ ചിലർ സ്ട്രൗബെറി പഴങ്ങൾ കഴുകുന്നു….
കുറച്ചു പേര് ബട്ടൺ മഷ്‌റൂം പാക്കറ്റിൽ നിറക്കുന്ന തിരക്കിൽ …
അവരാരും ഇതൊന്നും ശ്രദ്ധിക്കുന്നില്ല തങ്ങളുടെ ജോലികളിൽ മുഴുകിയിരിക്കുകയാണ് ….
മറ്റുള്ളവരുടെ കാര്യങ്ങളിൽ നിന്നുള്ള അവരുടെ ഒഴിഞ്ഞു നിൽപ്പ് കണ്ടപ്പോൾ യഥാർഥത്തിൽ അവർക്കെല്ലാം നമ്മളെക്കാൾ വിവേകവും ബുദ്ധിയും ഉണ്ടെന്ന് എനിക്ക് തോന്നി.
എന്റെ തോളൊപ്പം വെട്ടിയിട്ട മുടി കണ്ട് , പെൺകുട്ടികൾക്ക് നീണ്ട മുടിയാണ് ഭംഗി എന്ന് എന്നെ കേൾപ്പിച്ചു അവർ അടക്കം പറഞ്ഞില്ല ….
എന്റെ സ്കേർട്ടും ടോപ്പും ചുണ്ടിലെ കടുത്ത ചായവും പുച്ഛത്തോടെ നോക്കി ചിരിച്ചില്ല…..
എന്നെ നോക്കി ചില കുട്ടികൾ കൈ വീശി കാണിച്ചു ചിരിച്ചു. വിളറിയ മുഖത്തോടെ തിരിച്ച് ഞാനും.
വീണ്ടും എന്റെ ശ്രദ്ധയെ തിരിച്ചു കൊണ്ടു അവൻ ചോദ്യം ആവർത്തിച്ചു
എന്റെ കൈയിൽ തൂങ്ങി നടന്ന ചേച്ചിയുടെ പത്തു വയസ്സുകാരി അതുകേട്ട് വാപൊത്തി കുടുകുടാ ചിരിച്ചു
എന്തോ വലിയ കാര്യമാണ് അവൻ ചോദിച്ചതെന്നു അവൾക്കു മനസ്സിലായി
ഇപ്രാവിശ്യം ബുദ്ധിയുള്ള അവരെ നോക്കുന്ന ടീച്ചർമാർ അതുകേട്ടു …അടക്കി ചിരിച്ചു …അവനെ അവര് വിളിച്ചു
ജെയിംസ് ….ഇവിടെ വാ …
അവൻ യാതൊരു ഭാവഭേദവുമില്ലാതെ എന്നെ നോക്കി നിൽക്കുകയാണ്
അക്കൂട്ടത്തിലെ ഒരു ടീച്ചർ അവന്റെ അടുത്തേക്ക് വന്ന് കൈക്കു പിടിച്ചു വലിച്ചു കൊണ്ടു എന്നോട് പറഞ്ഞു.
സോറി അവന് എന്തു പറയണം പറയണ്ട എന്നൊന്നും അറിയില്ല ….ബുദ്ധിക്കുറവുള്ളതല്ലേ?ആ ടീച്ചർ എന്തോ വല്യ കുറ്റം ചെയ്തപോലുള്ള നിഴൽ അവരുടെ മുഖത്തു കണ്ടു .
അത് സാരമില്ല ……ഞാൻ ചിരിച്ചു.
അവന് എന്നെ അറിയാമെന്നു അവർക്കു അറിയില്ലല്ലോ എന്ന് ഞാൻ ഓർത്തു.
ഞാൻ വിദേശത്തുനിന്നും അവധിക്കു എന്റെ വല്യമ്മച്ചിയുടെ മകൾ ബെറ്റി ചേച്ചിയുടെ വീട്ടിൽ, എന്റെ മകനോടൊപ്പം എത്തിയതാണ് .
ചേച്ചിയുടെ വീടിനു അടുത്തുള്ള ബുദ്ധിമാന്ദ്യമുള്ള കുട്ടികളെ സ്വയം തൊഴിൽ ചെയ്യുവാൻ പര്യപ്തമാക്കുകയും അതിലൂടെ അവർക്കു ചെറിയ വരുമാനം നേടികൊടുക്കുകയും ചെയ്യുന്ന അവരുടെ കമ്പനിയുടെ ഒരു സ്ഥാപനം സന്ദർശിക്കുവാൻ ഞങ്ങൾ പോയതാണ്.
അവിടെയാണ് ജെയിംസ് ഇപ്പോൾ ജോലി ചെയ്യുന്നത് എന്ന് ചേച്ചി പറഞ്ഞിരുന്നു.അവനെകാണുവാനും കൂടിയുള്ള ആഗ്രഹം കൊണ്ടാണ് ഞാൻ അവിടെ വന്നത്
ഇവിടെ വെച്ച് ജെയിംസ് എന്നെ വീണ്ടും കാണുകയാണ് .
ഇതിനു മുൻപ് കുറേ വർഷങ്ങൾക്കു മുൻപ് … അന്ന് പത്താം ക്ലാസ്സ് പരീക്ഷ കഴിഞ്ഞ ഒരു വേലനാവധിക്കു എന്റെ പ്രിയപ്പെട്ട ബെറ്റി ചേച്ചിയുടെ വീട്ടിൽ വെച്ചാണ് ഞാൻ അവനെ ആദ്യമായി കാണുന്നത് .ചേച്ചിയുടെ ഭർത്താവ് ആൻഡ്രു ചേട്ടൻ അവിടെ ഒരു എസ്റ്റേറ്റിൽ മാനേജർ ആയി ജോലി ചെയ്യുന്നു.
ചേച്ചിയുടെ വീട് ഒരു ചെറിയ കുന്നിൻ മുകളിൽ എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു കൂറ്റൻ ബംഗാളവ് .ചുറ്റും മഞ്ഞ മന്ദാര പൂവുകൾ സ്വർണ്ണം പാകിയ മനോഹരമായ പൂന്തോട്ടം.
നല്ല പിച്ചി പൂവിന്റെ ഗന്ധം ആ തൊടിയാകെ പരന്നൊഴുകിയിരുന്നു. പല വർണ്ണത്തിലെ ചേല ചുറ്റിയ ഗ്ലാഡിയോല പൂവുകൾ തോട്ടത്തിനിരുവശത്തും തലയാട്ടി നിന്നിരുന്നു.
പുറകുവശത്തായി പച്ചക്കറി തോട്ടം.ഇതൊക്കെ നോക്കി നടത്തുന്നത് ജയിംസിന്റെ അച്ഛനാണ് .കുശിനി പണിക്കു അമ്മയും .
വീട്ടുവളപ്പിൽ കുറേ പഴങ്ങളുടെ മരങ്ങൾ ഉണ്ട്. പലതിന്റെയും പേരുകൾ എനിക്ക് അറിയില്ല. അതിലെ സബർജിൽ മരത്തിൽ നിറയെ കായ്കൾ കുലകുത്തി കിടക്കും .നല്ല മധുരമാണ് ആ പഴത്തിന്…
ചേച്ചി നമുക്ക് ഇത് പറിച്ചാലോ …?
അത് കയ്യെത്തില്ല മോനെ …കയറി പറിക്കണം …എല്ലാം അങ്ങ് ഉയരത്തിലാണ്.മുകളിലേക്ക് നോക്കിക്കൊണ്ട് ചേച്ചി പറഞ്ഞു. സ്നേഹക്കൂടുതൽ കൊണ്ട് ചേച്ചി എന്നെ മോനേ എന്നാണ് വിളിച്ചിരുന്നത്.
ജെയിംസിനെ വിളിക്കാം …അവൻ മരത്തിൽ കയറി പറിച്ചു തരും ….പാവമാണ് കുറച്ചു ബുദ്ധിക്കുറവുണ്ട് …
അവിടെ നിന്നും ഗേറ്റിനു പുറത്തേക്കു തലനീട്ടി താഴെ കാണുന്ന അടുപ്പിച്ചടുപ്പിച്ചു കെട്ടിയ വീടുകളുടെ ലയത്തിലേക്കു നോക്കി ചേച്ചി അവനെ നീട്ടി വിളിച്ചു.
പല വീടിന്റെയും അടുക്കള ഭാഗത്തെ ചിമ്മിനിയിലൂടെ നീല കളറിലെ നല്ല വാസനയുള്ള പുക ഉയരുന്നുണ്ട്
അവരൊക്കെ തേയിലതോട്ടത്തിലെ പണികഴിഞ്ഞു വന്നു ഭക്ഷണം വയ്ക്കുന്ന തിരക്കിലാണെന്നു തോന്നുന്നു
ആണുങ്ങൾ തട്ടുകളായി തിരിച്ച കൃഷി ഇടങ്ങളിൽ പണി ചെയ്യുന്നുമുണ്ട്
അവൻ ഇപ്പ വരും …
തലയിൽ സ്കാർഫ് കെട്ടിയ ഒരു മെല്ലിച്ച സ്ത്രീ പുറത്തേക്കിറങ്ങി തമിഴ് ചുവയുള്ള മലയാളത്തിൽ മുകളിലേക്ക് ഞങ്ങളെ നോക്കി പറഞ്ഞു
അവന്റെ അമ്മയാ …ചേച്ചി പറഞ്ഞു.
അപ്പോൾ ദൂരേ ഇരുണ്ട പച്ചപ്പാർന്ന മല നിരകളെ സാവധാനം നുകർന്ന് നുകർന്ന് കോട മഞ്ഞു ഊർന്നിറങ്ങുന്നുണ്ടായിരുന്നു.
പോക്കുവെയിലിന്റെ തലോടലിൽ പച്ചപുൽത്തകിടി പട്ടുപോലെ തിളങ്ങി നിന്നു .
ഇളം കാറ്റിന്റെ തലോടലിൽ തണുത്ത തളിരിലകൾ കൂട്ടത്തോടെ പരാതി പറഞ്ഞു കലപില കൂട്ടുന്നുണ്ട് ..
ആ കാഴ്ചകൾ അങ്ങനെ ആസ്വദിച്ചിരിക്കുമ്പോൾ അവൻ ആ കുന്നിൻ ചെരുവിലൂടെ കിതച്ചോടിയെത്തി
എന്താ അക്കാ ..?ഗേറ്റ് തുറക്കുന്നതിനിടയിൽ അവൻ ചോദിച്ചു
നല്ല എണ്ണക്കറുപ്പുള്ള ഒരു കരിമാടി കുട്ടൻ.അവൻ നല്ല ഉരുണ്ടിട്ടാണിരുന്നത്. പറ്റെ വെട്ടിയ മുടി നേരെ ഉയർന്നു നില്കുന്നു. അയഞ്ഞ ഒരു കടും നീല സ്വറ്ററും തവിട്ട് നിറത്തിലുള്ള ഒരു ട്രൗസറുമാണ് അവന്റെ വേഷം.
കുറച്ചു സബർജിൽ പറിക്കണം …..?
ഇപ്പഴോ …?അവന്റെ സംസാരത്തിലും തമിഴ് ചുവ കലർന്നിട്ടുണ്ട്. സംസാരിക്കുവാൻ ലേശം ബുദ്ധിമുട്ടും ഉണ്ട്.
അനിയത്തി വന്നിട്ടുണ്ട് അവൾക്ക് വേണ്ടിയാ….
അപ്പോളാണ് വാതിലിലെ ചവിട്ടുപടിയിൽ ഇരിക്കുന്ന എന്നെ അവൻ കണ്ടത്
ഇത് അനിയത്തിയാ …?ബൊമ്മ പോലെയുണ്ട് …അത് പറഞ്ഞു അവൻ കുലുങ്ങി ചിരിക്കുമ്പോൾ ദേഷ്യത്തോടെ ഞാൻ എന്റെ തലയിൽ വച്ചിരുന്ന ചുവന്ന കമ്പിളിനൂലിന്റെ തൊപ്പി വലിച്ചൂരി
എന്റെ അടുത്ത് ഇരുന്നു ഒരു പാവക്കുട്ടിയുമായി കളിക്കുന്ന ചേച്ചിയുടെ മോളുടെ കൈയിലെ പാവയെ നോക്കി അവൻ പറഞ്ഞു.
ദേ ഇതുപോലെ ഉണ്ട് ….ഈ പാവക്കുട്ടി കുറച്ചു മെലിഞ്ഞതാണ് എന്നെ ഉള്ളു.നീ നല്ല ഉരുണ്ടും…വീണ്ടും അവൻ കുലുങ്ങി ചിരിച്ചു.
അപ്പോഴേക്കും ചേച്ചിയുടെ മകൾ വാവാച്ചി അവന്റെ അടുത്തക്കു കൈകൾ നീട്ടി ചിരിച്ചു.
അവളെ പൊക്കി എടുത്തു അവൻ കൊഞ്ചിക്കുകയാണ്
എന്റെ കണ്ണുകൾ നിറഞ്ഞു വന്നതുകൊണ്ട് ചേച്ചി പറഞ്ഞു
മോനെ അവൻ നിന്നെ കളിയാക്കിയതല്ല …നീ നല്ല സുന്ദരിക്കുട്ടി ആണെന്നാണ് പറഞ്ഞത്
അപ്പോഴേക്കും കൊച്ചിനെ ചേച്ചിയുടെ കൈയിൽ കൊടുത്തു അവൻ മരത്തിൽ ചാടിക്കേറിക്കഴിഞ്ഞിരുന്നു
നല്ല മധുരമുണ്ട് അക്കാ …അതിലൊന്ന് കടിച്ചു ചവച്ചുകൊണ്ടു അവൻ പറഞ്ഞു .
പറിച്ച പഴങ്ങൾ അവൻ താഴെ പുൽത്തകിളിയിലേക്കു എറിഞ്ഞിട്ടു …
ഞാൻ അതിലൊരെണ്ണം എടുത്തു കടിച്ചുനോക്കിയപ്പോൾ നല്ല മധുരം
അവൻ മരത്തിൽ നിന്നും ഇറങ്ങി എന്റെ അടുത്തു വന്ന് ചോദിച്ചു
ബൊമ്മ എങ്ങനുണ്ട് …?നല്ല മധുരം ഇല്ലേ ?
എന്നിട്ട് അവൻ തന്റെ കറയുള്ള കൈ നീട്ടി എന്റെ കവിളിൽ തൊട്ടുകൊണ്ടു പറഞ്ഞു
നല്ല തക്കാളി പഴം പോലെയുണ്ട് ….
ചേച്ചി ഇവനോട് എന്നെ ബൊമ്മ എന്ന് വിളിക്കണ്ടാന്നു പറ. ദേഷ്യത്തോടെ ഞാൻ പറഞ്ഞു
ജെയിംസ് …..അവളെ കാതറിൻ എന്ന് വിളിച്ചാ മതി
അതുകേട്ടു ചേച്ചി ചിരിച്ചു കൊണ്ട് അവനോട് പറഞ്ഞു
എന്തു പേര അത് …എനിക്ക് വിളിക്കാൻ കിട്ടുന്നില്ല ബൊമ്മെന്നു വിളിക്കാനാണ് എളുപ്പം
എന്റെ വാവച്ചിയുടെ കവിളും തക്കാളി പഴം പോലെയുണ്ട് എന്ന് പറഞ്ഞു, അവളുടെ കവിളിൽ പിടിച്ചു ഒരു ഉമ്മ കൊടുത്തു അവൻ തുള്ളിച്ചാടി പോയി
പിറ്റേന്ന് രാവിലെ വാതിലിൽ അവന്റെ ശക്തിയിലുള്ള കൊട്ടലും വിളിയും കേട്ടാണ് ഞാൻ ഉണർന്നത് .
മുഖം വായും കഴുകി തിരിഞ്ഞ എനിക്കു മുൻപിൽ പേരക്ക നീട്ടി അവൻ പറഞ്ഞു
നല്ല ചുവന്ന പേരക്കായ.എന്റെ തോട്ടത്തിലേയാ
പിന്നെ അവൻ വീടിന്റെ പച്ചക്കറി തോട്ടത്തിലേക്ക് ഇറങ്ങി.
പൂത്തൊട്ടിയിൽ വെള്ളം നിറച്ചു ചെടികൾ നനച്ചു
ക്യാബേജിന്റെ ഇലകൾ കറണ്ട് തിന്നുന്ന പുഴുക്കളുടെ മേൽ ചാരം വിതറി …പച്ച ക്യാരറ്റ് കണ്ടപ്പോൾ തിന്നാൻ എനിക്ക് കൊതി തോന്നി
ഞാൻ ഒരെണ്ണം മണ്ണിൽ നിന്നും പറിച്ചെടുത്തു .നല്ല ഓറഞ്ച് കളറിലെ ഇളം ക്യാരറ്റ്
ഇതു കണ്ടതും അവൻ ഓടി വന്നു
ഞാൻ ശരിക്കും പേടിച്ചു.അവന് കുറച്ചു ബുദ്ധികുറവുള്ളതാണ് ദേഷ്യം വന്നാൽ അവൻ എന്തും ചെയ്യും.
എന്റെ കൈയിൽ നിന്നും ആ ക്യാരറ്റ് അവൻ പിടിച്ചു വാങ്ങി
നിന്റെ കൈ ചെളി പറ്റി ചീത്തയാകും …ഞാൻ പറിച്ചു തരാം.
എന്ന് പറഞ്ഞു തന്റെ അഴുക്കു പുരണ്ട കൈകൊണ്ട് എന്റെ കൈ തുടച്ചു
പിന്നെ പിടിച്ചു വലിച്ചു കൊണ്ടുപോയി വിറകു പുരയുടെ തണലത്തു എന്നെ ഇരുത്തി.
എന്നെ വെയിലത്ത് ഇറങ്ങാൻ അനുവദിച്ചില്ല
പിച്ചിപ്പൂക്കൾ ചേമ്പിലയിൽ പറിച്ചു കൊണ്ടു വന്നു വാഴ നാരുകൊണ്ടു അവൻ മനോഹരമായി മാല കെട്ടി
നിന്നെ ഇതൊക്കെ ആരാ പഠിപ്പിച്ചേ.എന്റെ ചോദ്യം കേട്ട് അവൻ ചിരിച്ചു
ഞാൻ പഠിക്കാൻ പോകുന്ന സ്കൂൾ ഉണ്ട് .അവിടെ ഞങ്ങൾ മാലകെട്ടും. അവിടെ ആളുകൾ വന്ന് മേടിക്കും
ആരാ പഠിപ്പിച്ചു തന്നതെന്നു പറ ..?
പേരൊന്നും എനിക്ക് അറിയില്ല ബൊമ്മെ .ചുമലുകൾ കുലുക്കി അവൻ പറഞ്ഞു
നീ എന്താ അവരെ വിളിക്കുന്നെ..?
ചിലപ്പോൾ ചേച്ചിന്നു വിളിക്കും അപ്പോ വഴക്കിടും മിസ്സ് എന്ന് വിളിക്കാൻ പറയും
ഞാൻ അതൊക്കെ വിളിക്കാൻ മറക്കും.
മാല കെട്ടലിൽ ശ്രദ്ധ തിരിച്ചു കൊണ്ടു അവൻ പറഞ്ഞൂ
അവൻ എപ്പോളും എന്തെങ്കിലും സംസാരിച്ചു കൊണ്ടേ ഇരുന്നു …
അവന്റെ ആ തമിഴ് ചുവയുള്ള സംസാരവും കഥകളുമൊക്കെ എനിക്ക് ഇഷ്ടമായി.
ഒരിക്കലും അവൻ അടങ്ങിയിരുന്നു ഞാൻ കണ്ടിട്ടില്ല. നിന്നുകൊണ്ടാണ് സംസാരിക്കുന്നതെങ്കിൽ കാല് പുറകോട്ടു മടക്കി കൈയിൽ പിടിക്കും .ഇല്ലെങ്കിൽ കൈ കൂട്ടി ഉരസകയോ കമ്പു കൊണ്ടു അഭ്യസങ്ങൾ കാണിച്ചു കൊണ്ടിരിക്കുകയോ ചെയ്യും
എന്നും രാവിലേ എത്തുന്ന അവനെ കാണാതെ അന്നൊരിക്കൽ ഞാൻ വിഷമിച്ചിരിക്കുമ്പോഴാണ് കുശിനിയിൽ നിന്നും അവരുടെ അമ്മ കരഞ്ഞുകൊണ്ട് ചേച്ചിയോട് എന്തോ പറയുന്നത് കേട്ടത്
ജെയ്‌മ്സിനു നല്ല സുഖമില്ല …
എന്തു പറ്റി …?ചേച്ചി ചോദിച്ചു
ഇന്ന് അവൻ കാലത്തുതൊട്ട് ഒന്നും പറഞ്ഞാൽ കേൾക്കുന്നില്ല ഭയങ്കര ദേഷ്യം. അവന്റെ അപ്പ അവനെ കുറേ തല്ലി
അയ്യോ എന്തിനാ ആ പാവത്തിനെ തല്ലിയത് ….അവൻ അറിഞ്ഞുകൊണ്ടല്ലല്ലോ …?
പിന്നെ അവൻ വന്നപ്പോൾ അവന്റെ മുഖത്തും കാലിലുമൊക്കെ അടിയുടെ പാട് നീലിച്ചു കിടന്നിരുന്നു
നിന്നെ അപ്പ തല്ലിയോ ?
എന്റെ ചോദ്യത്തിന് മറുപടിയായി അവൻ മങ്ങിയ അവന്റെ ബനിയൻ പൊക്കി അടികൊണ്ടു തിണർത്ത പാടുകൾ എന്നെ കാണിച്ചു.
നീ എന്തിനാ അവരോട് ദേഷ്യപെടുന്നത് അവരു പറഞ്ഞാൽ കേട്ടൂടേ…?
നിറഞ്ഞ കണ്ണുകൾ അവൻ കാണാതെ താഴ്ത്തി ഞാൻ ചോദിച്ചു.
എന്താ ബൊമ്മെ നീ ഈ പറയുന്നത്….?ദേശ്യം …അത് തനിയെ വരുന്നതല്ലേ.പിന്നെ ഒന്നും ഓർമ്മയില്ലെനിക്ക്.
അന്ന് ഉച്ചതിരിഞ്ഞുള്ള പതിവു നടത്തത്തിനിടയിൽ അവിടെ അടുത്തുള്ള പുഴയിൽ അവൻ എന്നെ കൊണ്ടു പോയി.
പുൽത്തകിടിക്കിടയിലൂടെ നന്നേ വീതികുറഞ്ഞു മെലിഞ്ഞു വളഞ്ഞു ഒഴുകുന്ന ഒരു കൊച്ചു പുഴ
പുൽത്തകിടിയിൽ ധാരാളം കറുപ്പും വെളുപ്പും പശുക്കൾ മേയുന്നുണ്ട് ….
അവയെ നോക്കി തോളത്തിട്ട തോർത്തിൽ ഇടക്ക് മുഖം തുടച്ചു. നിലക്കടല കൊറിച്ചു രണ്ട് പേർ മരത്തണലിൽ ഇരിപ്പുണ്ട്. ഇടയ്ക്ക് അവർ ഞങ്ങളെ നോക്കുന്നുമുണ്ട് .
ആ പുൽത്തകിടി അവസാനിക്കുന്ന ഭാഗത്തു ഇരുവശത്തുമായി അടുക്കി പണിത വീടുകളുടെ നിര കാണാം
വീടുകൾക്ക് മുൻപിലായി ഇരുമ്പുവലകൊണ്ടു തീർത്ത വേലികെട്ടിനുള്ളിൽ പല നിറത്തിലെ പൂക്കൾ
പുഴയ്ക്ക് ആഴം കുറവാണെങ്കിലും എനിക്ക് ഇറങ്ങാൻ പേടി
വാ നീ ഇറങ്ങി വാ …?അവൻ വിളിച്ചു
എനിക്ക് പേടിയാ ….?കൈകൾ കുടഞ്ഞു കൊണ്ടു ഞാൻ കരയിൽ നിന്നു.
അവൻ ഓടി വന്നു എന്റെ കൈയിൽ പിടിച്ചു വലിച്ചു
വെള്ളത്തിൽ ഇറക്കി.
ഐസ് പോലെ തണുത്ത വെള്ളം തെളിനീരുപോലെ ഒഴുകുന്നു
അതിൽ പല നിറത്തിലെ മീൻ കുഞ്ഞുങ്ങൾ വെട്ടി വെട്ടി നീന്തി പോകുന്നു…അവന്റെ കൈയിലുള്ള കരിമ്പനടിച്ച തോർത്തിൽ ഞങ്ങൾ മീൻ പിടിച്ചു .വലിയ കാട്ടു ചേമ്പിലയിൽ കുമ്പിള് കുത്തി വെള്ളം നിറച്ചു പൊടി മീനുകളെ അതിലിട്ടു.
ഇടയ്ക്ക് തണുത്ത വെള്ളം അവൻ എന്റെമേൽ തെറുപ്പിക്കും…ഞാൻ ദേഷ്യപ്പെട്ടാലും അവൻ ചിരിക്കും
അന്ന് നനഞ്ഞു ഒലിച്ചു വീട്ടിലെത്തിയ എന്നെ കണ്ടു ചേച്ചി അവനെ ഒത്തിരി വഴക്കിട്ടു.
നീ എന്തിനാ തങ്കച്ചിയെ അവിടെ കൊണ്ടുപോയത് അറിയാത്ത സ്ഥലം അല്ലേ ?അവളുടെ അപ്പഅമ്മ അറിഞ്ഞാൽ എന്നെ വഴക്കിടില്ലേ ?
ബൊമ്മയുടെ കൂടെ ഞാൻ ഉണ്ടല്ലോ പിന്നെ എന്തു
പേടിക്കാൻ ….?അവൻ ചോദിച്ചു
അന്ന് നേരം വെളുത്തപ്പോൾ എനിക്ക് നല്ല പനി ….എന്തിനാ മോൻ വെള്ളത്തിൽ ഇറങ്ങാൻ പോയെ ?
ചേച്ചി… പപ്പയോടും മമ്മയോടും പറയണ്ട …അവര് അറിഞ്ഞാൽ വന്ന് എന്നെ കൊണ്ടുപോയെങ്കിലോ…?
ഞാൻ പറയില്ല.മോൻ ഇനി അങ്ങോട്ടൊന്നും പോകരുത് . മോൻ ഇവിടെ ആയിരിക്കുമ്പോൾ പപ്പക്കും മമ്മക്കും സമാധാനത്തിൽ ജോലിക്കു പോകാമല്ലോ എന്ന് കരുതിയാണ് ഇങ്ങോട്ടു വിട്ടത് .അപ്പോ ഞാൻ ഇതെങ്ങനെ പറയാനാ ?
കമ്പിളി പുതപ്പിക്കുന്നതിനിടയിൽ ചേച്ചി സ്നേഹത്തോടെ ശാസിച്ചു.
പപ്പ വിളിക്കുമ്പോൾ ചേച്ചി റൂം ചൂടാക്കാൻ ചിമ്മിനിയിൽ തീയിടുകയായിരുന്നു …ചേച്ചിയും ഞാനും എന്റെ പനിയെക്കുറിച്ചു ഒന്നും പറഞ്ഞില്ല
പനി പിടിച്ചു വിറച്ചു കിടക്കുന്ന എന്റെ അടുത്ത് അവനിരുന്നു.
എന്റെ തണുത്ത കൈപത്തിയും കാൽ വെള്ളയും അവന്റെ പരുക്കൻ കൈ ഉരസി ചൂടാക്കി
മയക്കത്തിലേക്ക് ആണ്ടു പോയ ഞാൻ പെട്ടന്ന് എഴുന്നേറ്റു
ചേച്ചി ഓടി വാ
ഞാൻ ഉറക്കെ ചേച്ചിയെ വിളിച്ചു എനിക്ക് ഛര്ദിക്കാൻ വരുന്നുണ്ട് . എഴുനേൽക്കാൻ വയ്യ
ചേച്ചി ബക്കറ്റ് എടുക്കാൻ ഓടി
എനിക്ക് ഓക്കാനം വന്നു.പിടിച്ചു നിർത്താൻ പറ്റുന്നില്ല.
അവൻ തന്റെ രണ്ട് കൈയും കുമ്പിളാക്കി എനിക്ക് മുന്നിൽ പിടിച്ചു ….
ചേച്ചി ബക്കറ്റുമായി ഓടി വരുമ്പോൾ ഞാൻ അവന്റെ കയ്യിലും മേത്തുമെല്ലാം ഛർദിച്ചു കഴിഞ്ഞിരുന്നു
എനിക്കു വല്ലായ്മാ തോന്നി അവൻ അപ്പോളും എന്നെ ആശ്വസിപ്പിക്കുകയാണ്
ചേച്ചി എന്നെ തുടച്ചു ഡ്രസ്സ്മാറി കിടത്തിയപ്പോഴേക്കും അവൻ പോയി കുളിച്ചു വന്നു
ചിമ്മിനിയുടെ അടുത്ത് ഒരു തടി പലകയിൽ ഇരുന്നു.കെട്ടു
തുടങ്ങുന്ന തീ ഊതി ആളിക്കത്തിച്ചും അതിലേക്കു വിറകു കഷ്ണങ്ങൾ ഇട്ടുകൊടുത്തും കുറേ വിശേഷങ്ങൾ പറഞ്ഞും ഞാൻ ഉറക്കത്തിലർക്കു വഴുതി വീഴുന്നതും നോക്കി അവൻ അവിടെതന്നെ ഇരുന്നു
മോൻ ഉറങ്ങി കുറേ കഴിഞ്ഞാണ് അവൻ പോയത് പിറ്റേന്ന് ചേച്ചി പറഞ്ഞു
രണ്ടു ദിവസങ്ങൾക്കു ശേഷം ഞാൻ ഹോസ്റ്റലിലേക്ക് പോകുന്ന ദിവസം രാവിലെ തന്നെ അവൻ വന്നു എന്റെ ലഗേജുകളെല്ലാം അവനാണ് കാറിന്റെ ഡിക്കിയിൽ എടുത്തു വെയ്ക്കുന്നത്.
അവനോട് യാത്ര പറയുമ്പോൾ എന്റെ കണ്ണുകൾ അനുസരണയില്ലാതെ നിറഞ്ഞൊഴുകി. എന്തിനാ ബൊമ്മ കരയുന്നതു ഇനിയും വരുമല്ലോ ?
ആർച്ചു പോലുള്ള ഗേറ്റിൽ പടർത്തിയ വള്ളി റോസയിൽ നിറയെ പിങ്കു റോസാപ്പൂക്കൾ …ഞാൻ അതിലൊരെണ്ണം പറിച്ചു അവനു കൊടുത്തു. എന്റെ കണ്ണുകൾ അപ്പോഴും നിറഞ്ഞു തുളുമ്പിയിരുന്നു….
ഇത് എന്റെ വീട്ടിൽ നിറച്ചുമുണ്ട് .
ഒന്നു മണപ്പിച്ചിട്ടു ദൂരേക്ക് എറിഞ്ഞുകൊണ്ടു അവൻ പറഞ്ഞു
ഞങ്ങളെയും കൊണ്ടു കാറ് നീങ്ങുമ്പോൾ അവൻ ഒപ്പം ഓടി .പിന്നെ കാറിന്റെ സ്പീഡ് കൂടുമ്പോൾ അവൻ പിന്നിലായി പിന്നിലായി മറയുന്നതു കണ്ണാടിയിൽ ഞാൻ നോക്കിക്കണ്ടു …
വാവാച്ചി എന്റെ മടിയിൽ നിന്നു പിൻസീറ്റിലെ ചില്ലിൽ കൂടി അവനെ നോക്കി കൈ ആട്ടി വിളിക്കുന്നുണ്ടായിരുന്നു …
ഹോസ്റ്റലിൽ തലയണ ചേർത്തു പിടിച്ചുറങ്ങുമ്പോൾ പച്ച പുൽത്തകിടിയും കുപ്പിയിലെ പുള്ളിയുടുപ്പിട്ട മീനുകളും സ്വപ്നത്തിൽ പതിവ് വിരുന്നുകാരായി.
ഹോസ്റ്റൽ വളപ്പിലെ ഗ്രാന്റിസ്റ് മരങ്ങളുടെ തണലിൽ നടക്കുമ്പോൾ പലരും കൂട്ടുകൂടാൻ വന്നിട്ടും ഒപ്പം ആരെയും കൂട്ടിയില്ല ….എന്റെ സ്വപ്നങ്ങളെ കൂട്ടുപിടിച്ചു ഒറ്റയ്ക്ക് നടക്കാനായിരുന്നു എനിക്ക് ഇഷ്ടം
ആ ശീലം പണ്ടേ എനിക്ക് കിട്ടിയതാണ് .പപ്പയും മമ്മയും ജോലിക്കുപോകുമ്പോൾ ക്വാർട്ടേഴ്സിന്റെ നിറയെ കണ്ണാടി ജന്നലകളുള്ള വീട്ടിൽ ,പുറത്തേക്കു നോക്കി ഞാൻ നില്ക്കും .പരന്നു വിസ്‌തൃതമായ മലഞ്ചെരുവും താഴെ മഞ്ഞുകൾ തുപ്പുന്ന പുഴയും നോക്കി ചില്ലു കൂട്ടിലെ ഒരു പക്ഷിയെപ്പോലെ …
അങ്ങോട്ട് എന്നെ കൊണ്ടുപോകരുത് എന്ന് പറഞ്ഞതുകൊണ്ടാകാം
എന്നെ നോക്കുന്ന ബർമ്മക്കാരി നാനി എന്നെ അങ്ങോട്ട് കൊണ്ടു പോയിട്ടില്ല ….
കൂട്ടംക്കൂടി നിൽക്കുന്ന മരത്തോപ്പുകളിൽ നാനി എന്റെ കൈപിടിച്ച് പോകാറുണ്ട്. വീണുകിടക്കുന്ന കരിയിലകൾ പെറുക്കി ഞാൻ എന്തോക്കയോ കളിച്ചിരുന്നു.
എന്നോട് എപ്പോളും വാത്സല്യത്തോടെ മാത്രമേ നാനി പെരുമാറിയിട്ടുള്ളു . മലയാളം നാനിക്ക് നല്ല വശമില്ല .ഹിന്ദിയിലാണ് പപ്പയോടും മമ്മയോടും സംസാരിച്ചിരുന്നത്.
അതുകൊണ്ടു നാനിയും ഞാനും തമ്മിലുള്ള സംസാരം തീരെ കുറവാണ്.എങ്കിലും ഞങ്ങളുടെ ഇടയിൽ ഭാഷകൾക്കതീതമായ ഒരു ആത്മബന്ധം ഉണ്ടായിരുന്നു.
എന്റെ സ്റ്റോക്കിൻസുകൾ എപ്പോളും നാനി മാറി തരാറുണ്ട് അപ്പോഴൊക്കെ അവര് ഇടക്കിടക്ക് എന്നെ നോക്കി ചിരിക്കും .
അപ്പോൾ നാനിയുടെ ഇളം മഞ്ഞ കലർന്ന വെളുത്ത മുഖത്ത് വീഴുന്ന ചുളിവുകൾക്കിടയിൽ കറുത്ത വരകൾ പ്രത്യക്ഷപെടും .എന്റെ തലയിൽ വാത്സല്യപൂർവ്വം തലോടും ….
ഉയർന്ന വിദ്യഭാസം നേടിയ മമ്മക്കു ജോലി ചെയ്യുക ഒരു അഭിനിവേശം തന്നെയായിരിന്നു.അവരുടെ വിവാഹം കഴിഞ്ഞു നാലു വർഷങ്ങക്കു ശേഷമാണ് ഞാൻ ജനിച്ചത്. അന്ന് മമ്മ എനിക്ക് വേണ്ടി നീണ്ട അവധി എടുത്തിരുന്നു.
എന്നെ സ്കൂളിൽ ചേർത്തപ്പോൾ വീണ്ടും മമ്മ ജോലിയിൽ പ്രേവേശിച്ചു. ഞാൻ ഏഴാം തരം എത്തിയപ്പോളാണ്മ, മ്മ ആഗ്രഹിച്ചപോലെ ഉയർന്ന പദവിയിലേക്ക് സ്ഥലം മാറ്റത്തോടൊപ്പം ജോലിക്കയറ്റം ലഭിച്ചത്.
മമ്മയുടെ സ്വപ്നമായിരുന്നു സാക്ഷൽകരിക്കുന്നതു എന്നാൽ സ്ഥലം മാറ്റം മമ്മ എന്നെയോർത്തു വേണ്ടാന്നു വെയ്ക്കാൻ തീരുമാനിച്ചു.
അതിനുശേഷം എപ്പോളും പ്രസന്നവതിയായിരുന്ന മമ്മ പെട്ടന്ന് പ്രസരിപ്പൊക്കെ നഷ്ടമായപോലെയായി .ഒരു ഡിപ്രെഷൻ പോലെ .മമ്മയുടെ ഈ മാറ്റം പപ്പയെയും എന്നെയും ഏറേ വേദനിപ്പിച്ചു .മമ്മയുടെ സ്വപ്നസാഷാത്കാരത്തിനായി, എന്റെ സമ്മതത്തോടു കൂടി അവർ എന്നെ ബോർഡിങ് സ്കൂളിലേക്ക് മാറ്റി.
അവിടെ പ്രത്യേകിച്ച് എനിക്ക് ബുദ്ധിമുട്ടൊന്നും തോന്നിയില്ല .ഇടക്കൊക്കെ നാനിയെ ഓർത്തു കണ്ണുകൾ നിറഞ്ഞു .
ആ സമയത്‌ത് എപ്പോളോ പുസ്തകങ്ങളുമായുള്ള എന്റെ ചങ്ങാത്തം കൂടുതൽ ദൃഢമായി ….അവർ എന്റെ പ്രിയ കൂട്ടുകാരായി.കൂടെ പഠിക്കുന്ന കുട്ടികളുമായി ചങ്ങാത്തം ഉണ്ടായിരുന്നെങ്കിലും, അത് എനിക്ക് തീരെ ശീലമില്ലാതിരുന്നതുകൊണ്ടായിരിക്കാം.
ഞാൻ എന്റെ ലോകത്തിലേക്ക് ആരെയും ക്ഷണിച്ചില്ല. അപരിചിതരെപ്പോലെ അവരെന്റെ ഹൃദയത്തിന്റെ വാതിലിനു പുറത്തു നിന്നു ….അത്രമാത്രം .
അവിടേക്കു എന്റെ അനുവാദം കൂടാതെ ജെയിംസ് കടന്നു വന്നു …അവന്റെ ഹൃദയത്തിൽ ഞാൻ ഉണ്ടായിരുന്നുവോ?എനിക്ക് അറിഞ്ഞുകൂടാ….ഞാൻ ഒരിക്കലും ചോദിച്ചിട്ടുമില്ല …
പിന്നെയുള്ള വെക്കേഷന് ചേച്ചിയുടെ വീട്ടിലേക്കു പോകാൻ തിടുക്കമായിരുന്നു….
പപ്പക്കും മമ്മക്കും അതായിരുന്നു സൗകര്യവും.
അടുത്ത അവധിക്കാലവും അവനോടൊപ്പം ആ കുന്നിൻ പുറമാകെ ഞാൻ ഓടി നടന്നു .
ഞാൻ അവിടുന്ന് പോന്നു കഴിഞ്ഞു ഫോൺ വിളിക്കുമ്പോൾ ചേച്ചി പറയും…
മോൻ പോന്നിട്ടു അവന് ഭയങ്കര വിഷമമായിരുന്നു .രണ്ട് ദിവസം ഒന്നും കഴിച്ചില്ല എന്നൊക്കെ ….
പിന്നത്തെ വർഷം ഞാൻ ചെന്നപ്പോൾ അവൻ തീർത്തും മാറിയിരുന്നു
അവന്റ മുഖത്ത് പൊടി മീശ മുളച്ചു …ശബ്ദം കനത്തു തുടങ്ങിയിരുന്നു …സ്വഭാവം മാത്രം മാറിയില്ല ….
എങ്കിലും ചേച്ചി പഴയ പോലെ ഞങ്ങളെ ഒറ്റയ്ക്ക് പുറത്തു വിട്ടില്ല .ഞങ്ങൾ എപ്പോഴും ചേച്ചിയുടെ കൺവെട്ടത്തു തന്നെയായിരുന്നു .
അപ്രാവശ്യം തിരിച്ചു പോരുന്ന ദിവസം അവന്റെ കൈവെള്ളയിൽ ചുവന്ന മഷി പേനയിൽ ഞാൻ ഒരു ഹാർട്ട് വരച്ചു .അത് നോക്കി അവൻ കുറേ ചിരിച്ചു
ബൊമ്മെ ഇതു എന്താ …?ഇലയുടെ കളർ ഇതല്ല …
പച്ച കളർ അവന്റെ ഓർമയിൽ വരുന്നില്ല …മുറ്റത്തേക്ക് ചാടി ഒരു ഇല പറിച്ചു അവൻ എനിക്ക് നേരെ നീട്ടി …
ഇതു കണ്ടോ ,…?
ഇതാ കളർ ….അവന്റെ ട്രൗസറിന്റെ പിറകിൽ കൈ ഉരസി തുടക്കുമ്പോൾ അവൻ പറഞ്ഞു
പാവം ബൊമ്മ ഇതുപോലും അറിയില്ല
ഞാൻ ചിരിച്ചുകൊണ്ടു തലയാട്ടി.
പിന്നെ ചേച്ചിയൊക്കെ ട്രാൻസ്ഫർ ആയി മറ്റൊരു എസ്റ്റേറ്റിലേക്കു പോയി. ഞാനും ദൂരെയുള്ള കോളേജിലേക്ക് മാറി…
പിന്നെ എപ്പോളോ അവനും മറവിയിലേക്കു നടന്നു.
പിന്നെ വിവാഹം ….ഭർത്താവിനൊത്തു വിദേശത്തേക്ക്.മോന്റെ വരവ് ….അങ്ങനെ ജീവിതം തിരക്കായി …
ഇപ്പോൾ നാട്ടിൽ വന്നതാണ് .അപ്പോളാണ് ജെയിംസിനെ വീണ്ടും കാണുന്നത് …
മോനെ പോകാം നേരം ഇരുട്ടിതുടങ്ങി .
ചേച്ചിയുടെ ശബ്ദത്തിൽ ഓർമകളുടെ പിടി വിട്ട് എന്റെ കണ്ണുകൾ അവനെ തിരഞ്ഞു …
അവൻ അപ്പോൾ തോട്ടത്തിന്റെ അങ്ങേ അറ്റത്തു എത്തിയിരുന്നു …
ഞാൻ സാവധാനം അവന്റെ അടുത്തേക്ക് നടന്നു
ജെയിംസ് ഞാൻ പോകുവാണ്.
അവൻ എന്നെ നോക്കി .
ആ തോട്ടത്തിലെ ഒരു ചുവന്ന റോസ പൂവുമായി അവൻ എന്റെ അടുക്കൽ ഓടി വരുമ്പോൾ ഞാൻ ഓർത്തു. ചേച്ചിയൊക്കെ അടുത്ത മാസം മലേഷ്യക്ക് പോകും.ഇനി ഒരിക്കലും ഞങ്ങൾ തമ്മിൽ കണ്ടെന്നു വരില്ല.
നിന്റെ മുടിയിൽ ഇതു ഇരിക്കില്ല ..
തോളറ്റം വെട്ടിയിട്ട എന്റെ മുടിയിൽ നോക്കി അവൻ പറഞ്ഞു.
അതിങ്ങു തന്നേക്ക് ….ഞാൻ പറഞ്ഞു
ആ റോസ പൂ തരുമ്പോൾ ഞാൻ അവന്റെ കൈകൾ ചേർത്തു പിടിച്ചു …എല്ലുകൾ ഉന്തിയ അവന്റെ കവിളിൽ എന്റെ ചുണ്ടുകളിലെ ചായം പതിഞ്ഞു .
ഒരു നിമിഷം അവൻ എന്നെത്തന്നെ നോക്കി പിന്നെ തുള്ളിച്ചാടി ഓടി തന്റെ സഹപാഠികളോടും കൂട്ടുകാരോടും ഉറക്കെ തന്റെ സന്തോഷം വാക്കുകളില്ലാതെ എന്തോ ശബ്ദം പുറപ്പെടുവിച്ചു കൊണ്ട് അവൻ പറയുന്നത് അവിടെ നിന്നും നടന്നു നീങ്ങുമ്പോൾ ഞാൻ കേട്ടു
ആ കൂട്ടികൾ അതൊന്നും കര്യമാക്കുന്നില്ല .കാറിലിരുന്ന് ഞാൻ അവനെ തിരിഞ്ഞു നോക്കുമ്പോൾ …അവനവിടെ തുള്ളിച്ചാടി നടക്കുന്നുണ്ട് …
അപ്പോഴും ബുദ്ധിയുള്ള ടീച്ചർമാർ ചിരിക്കുന്നുണ്ടായിരുന്നു. കൺവെട്ടത്തു നിന്നു അവൻ മറയുവോളം ഞാൻ നോക്കിയിരുന്നു …അവൻ ഒന്ന് തിരിഞ്ഞു നോക്കിയിരുനെങ്ങിൽ എന്ന് മനസ്സ് വല്ലാതെ കൊതിച്ചിരുന്നു ….
വർഷങ്ങൾ പലതും കൊഴിഞ്ഞു വീണു .പീന്നീട് ഒരിക്കലും ഞങ്ങൾ തമ്മിൽ കണ്ടിട്ടേയില്ല .
ഇടക്കുള്ള ഫോൺ വിളികളിൽ എപ്പോഴോ ചേച്ചി പറഞ്ഞു
മോനെ ജെയിംസിന് തീരെ പാടില്ല .എല്ലുകൾ പൊടിയുന്ന അസുഖം .ഇപ്പോൾ സ്കൂളിൽ പോകുന്നില്ല വീട്ടിൽ തന്നെയാണ് .ഇനിയും എത്രനാൾ ….
ചേച്ചി ഇനി അവനെക്കുറിച്ചു ഒന്നും എന്നോട് പറയണ്ട….
ഫോൺ വെച്ച് കഴിഞ്ഞു മുന്നിലെ കണ്ണാടിയിൽ നോക്കി ഞാൻ എന്നോട് പറഞ്ഞു, എന്തിനാ ഞാൻ അങ്ങനെ പറഞ്ഞത് എന്ന് അറിയാമോ ?
അന്ന് അവനെ ചുംബിക്കുമ്പോൾ അവന്റെ മനസ്സിൽ എന്തായിരുന്നുവെന്ന് എനിക്ക് അറിയില്ല …പക്ഷേ അപ്പോൾ എനിക്ക് ഒരു അമ്മയുടേയോ സഹോദരിയുടെയോ മനസ്സായിരുന്നില്ല. മറിച്ച് ഈ ലോകത്തിലെ തന്നെ ഏറ്റവും നല്ല ഒരു കാമുകിയുടെ മനസ്സായിരുന്നു.
അതുനു മുൻപോ അതിനു ശേഷമോ അത്രയും നല്ലൊരു കാമുകി എന്നിൽ ഉണ്ടായിട്ടില്ല. ആ മനസ്സ് ഒരിക്കലും നഷ്ടപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല .അവന് ഒന്നും സംഭവിക്കാൻ പാടില്ല ഒരിക്കലും …..
വേദന നിറഞ്ഞ മനസ്സുമായി സോഫായിൽ കുറച്ചു നേരം കണ്ണുകളടച്ചു ചാരി കിടന്നു ….പിന്നെ എന്റെ ഫോണിൽ എനിക്കിഷ്ടമുള്ള കുറച്ചു പാട്ടുകൾ വാവാച്ചി പാടി അയച്ചു തന്നിട്ടുണ്ട് .ഞാൻ വെറുതെ അതൊക്കെ ഒന്നു നോക്കി .
വാവാച്ചി അവളിപ്പോൾ ഇരുപതു വയസ്സുള്ള ഒരു സുന്ദരിക്കുട്ടിയാണ് . നല്ല പാട്ടുകാരിയും. അതിലെനിക്ക് ഏറേ ഇഷ്ടമുള്ള ഒരു പാട്ടു ഞാൻ പ്ലേയ് ചെയ്തു
‘വരുവന്നില്ലാരുമിങ്ങോരുനാളു മീ വഴി-ക്കറിയാം അതെന്നാലുമെന്നും പ്രിയമുള്ളൊരാളാരോ വരുവാനുണ്ടെന്നു ഞാൻ വെറുതെ മോഹിക്കുമല്ലോ…..എന്നും വെറുതെ മോഹിക്കുമല്ലോ ….’
ആ പാട്ടിന്റെ വരികൾ മൂളിക്കൊണ്ട് കണ്ണടച്ച് ഞാനങ്ങനെ കിടന്നു .അപ്പോൾ എന്റെ കണ്ണിൽ നിന്നും അടർന്നു വീഴുന്ന നീർമണികളിൽ ഒരു പതിനഞ്ചു വയസ്സുകാരിയുടെ സ്വപ്ങ്ങളുടെ നിറമുണ്ടായിരുന്നു ….