ഒരു സ്വപ്നത്തിൻ ചിറകിൽ – രചന: നിവിയ റോയ്
എന്തിനാ മിത്രക്കുട്ടി ഇങ്ങനെ കരയണെ…? അവളുടെ വീട്ടിൽ ജോലിക്കു നിൽക്കുന്ന ആയമ്മ ചോദിച്ചു
കഥ വായിച്ചിട്ട് ….
ങ്ഹാ ….പണ്ട് എനിക്കും ഈ സ്വഭാവം ഉണ്ടായിരുന്നു. ചിലപ്പോൾ ആ വിഷമം കുറേ നാള് മനസ്സിൽ കിടക്കുകയും ചെയ്യും …..
എന്നും രാവിലെ മിത്രക്കുട്ടി തന്റെ വീൽചെയർ ഉരുട്ടി ജനലോരത്തു വന്നിരിക്കും ….
പിന്നെ അവളുടെ നീണ്ടു മെലിഞ്ഞ കൈവിരലുകൾ മൊബൈലിൽ പരതികൊണ്ടിരിക്കും
അയാളുടെ കഥകൾ കണ്ണുകൾ കണ്ടുപിടുക്കുമ്പോൾ തോൽവി സമ്മതിച്ചതുപോലെ വിരലുകൾ നിശ്ചലമാകും
കഥ വായിക്കും മുൻപേ അയാളുടെ പ്രൊഫൈൽ പിക്ചറിലേക്ക് നോക്കി അവൾ പുഞ്ചിരിക്കും
ചിലപ്പോൾ കഥകളിലൂടെ അയാൾ അവളെ ചിരിപ്പിക്കും. ചിരിക്കുമ്പോൾ അവൾ വീൽ ചെയറിൽ ചാരി
നീലാകാശത്തേക്കു നോക്കി കിടക്കും ….
അവളുടെ നീലനിറം കലർന്ന കൃഷ്ണമണിയിൽ വെള്ള മേഘങ്ങൾ ഓടി തളരും …..
ജന്നലിനോട് ചേർന്ന് നിൽക്കുന്ന മുത്തശ്ശി മാവിന്റെ ശിഖരത്തിൽ ഓടിനടക്കുന്ന അണ്ണാൻകുഞ്ഞിനോടു അവൾ കഥ പറയും
മനസ്സിലായിട്ടാണോ എന്തോ അണ്ണാൻ കുഞ്ഞു ഇടക്കിടക്ക് ചിലക്കും
ചിലപ്പോൾ അയാൾ അവളെ കരയിക്കും. അപ്പോഴും അവൾ വീൽ ചെയറിൽ ചാരികിടക്കും
പക്ഷേ കണ്ണുകൾ ഇറുക്കി അടച്ചിട്ടുണ്ടാവും… കൂട്ടി അടച്ച കണ്ണുകൾക്കിടയിലൂടെ പീലി നനച്ചു കണ്ണീർ തുള്ളികൾ മുത്തുമാല കണക്കെ ഒഴുകി കഴുത്തു നനക്കുമ്പോൾ തന്റെ തൂവല്കൊണ്ടു ഒപ്പി എടുക്കും …..
കമന്റ് ബോക്സിൽ ‘വളരെ മനോഹരം’ എന്ന് പല തവണ എഴുതി പിന്നെ മായിച്ചു …എന്തോ ഒരു ഉൾഭയം…
തനിക്കു പരിചയമില്ലാത്തതു കൊണ്ടാണ് എന്ന് അവൾ സ്വയം സമാധാനിക്കും …
എന്നോ ഒരിക്കൽ അവൾ അയാൾക്ക് മറുപടി അയച്ചു. പിന്നെ തന്റെ വീൽ ചെയർ ഉരുട്ടിക്കൊണ്ടു അവിടമാകെ പലപ്രാവശ്യം ചുറ്റി നടന്നു…
അടുക്കളയിൽ പോയി തട്ടിൽ എന്തൊക്കയോ പരതി
എന്താ പതിവില്ലാതെ ….മിത്രക്കുട്ടി ഇവിടെ ?
എനിക്ക് ലേശം പൊടിയരി ഒരു പാത്രത്തിലിട്ട് തരുമോ ആയമ്മേ ?
കുട്ടി പറഞ്ഞാ പോരെ ആയമ്മ കൊണ്ടുതരുവല്ലോ ….എന്തിനാ കുട്ട്യേ പൊടിയരി ?
പൂന്തോട്ടത്തിൽ ചങ്ങാലി പ്രാവുകൾ വന്നിരുപ്പുണ്ട് ….നല്ല രസമുണ്ട് അവകളുടെ കുണുങ്ങി കുണുങ്ങിയുള്ള നടത്തവും കുറുങ്ങലുമൊക്കെ കേൾക്കാൻ .
കുറച്ചു അരി ഇട്ട് കൊടുത്താൽ ഇത്തിരി ഏറേ നേരം അവിടെ ഇരിക്കൂലോ …എനിക്ക് എന്തെങ്കിലും പറയാൻ കൂട്ടും ആവൂലോ ..
പാത്രത്തിലെ പൊടിയരി വിതറി അവയെ വിളിക്കുമ്പോളും
ഇടക്കിടക്ക് അയാളുടെ മറുപടി വന്നോ എന്ന് അവൾ ഫോണിൽ നോക്കി കൊണ്ടിരുന്നു
പിന്നെ ദേ …അയാളുടെ മറുപടി വന്നു കിടക്കുന്നു
ഒരു ചെമ്പരത്തിപ്പൂ പോലെ ചുവന്നു തുടിക്കുന്ന ഒരു ഹാർട്ട് ….അതുകണ്ട് അവൾ ചിരിച്ചു.. അവൾക്കു ആകെ അറിയുന്നത് സ്മൈലികളെയും പിന്നെ കരയുന്ന ഇമോജികളേയുമാണ് …
ജീവിതത്തിൽ ഇന്നുവരേയും അവൾ അനുഭവിച്ചിട്ടില്ലാത്ത ഒരു സന്തോഷം അവളുടെ ഹൃദയത്തെ വീർപ്പുമുട്ടിക്കാൻ തുടങ്ങി …
പിന്നീട് രണ്ട് മൂന്നു പ്രവാശ്യം അയാൾക്കു മറുപടി അയക്കുമ്പോൾ അവൾ വിയർക്കുകയും കൈകൾ വിറക്കുകയും ചെയ്തു ..
ആയമ്മ മിത്രക്കുട്ടിയുടെ തോളറ്റം വരെയുള്ള ചുരുൾ മുടി
ചീകി ഒതുക്കുന്നതിനിടയിൽ അവൾ പറഞ്ഞു
ആയമ്മേ … അച്ഛനും അമ്മയ്ക്കും പേടിയാണ്. അച്ഛന്റെ പെങ്ങൾക്കും എന്നെപ്പോലെ ഇങ്ങനെ ആയിരുന്നു .ഒരു ദിവസം കടുത്ത പനി വന്നു .പനി മാറി കഴിഞ്ഞു അച്ഛൻ പെങ്ങള് പിന്നെ എണീറ്റിട്ടില്ല ….ഇരുപത് വയസ്സിൽ അവര് മരിച്ചു …
എന്നും അമ്മയെ കെട്ടിപിടിച്ചു കിടക്കുമ്പോൾ ഞാൻ വായിച്ച കഥകൾ അമ്മയെ പറഞ്ഞു കേൾപ്പിക്കും
ഞാൻ ഉറങ്ങിക്കഴിയുമ്പോൾ ഇടക്കു അമ്മ എഴുന്നേറ്റു എന്റെ മൂക്കിന്റെ താഴെ വിരൽ തുമ്പ് വെച്ചു നോക്കും …
ചിലപ്പോൾ ഞാൻ അറിയും അപ്പോൾ അമ്മയെ പറ്റിക്കാൻ വേണ്ടി ശ്വാസം പിടിച്ചു കിടക്കും
അമ്മ പേടിച്ചു എന്നെ കുലുക്കി വിളിക്കുമ്പോൾ എനിക്ക് ചിരി വന്നു പോകും അപ്പോൾ ഞാൻ ഉറക്കെ ചിരിക്കും …
അതുകേട്ട് അവൾക്കൊപ്പം ചിരിക്കുമ്പോൾ ആയമ്മയുടെ കണ്ണീര് തറയിൽ വീണു ചിതറിയത് അവൾ കണ്ടില്ല
അപ്പോ അമ്മ പറയും പേടിപ്പിച്ചു കളഞ്ഞല്ലൊ കുട്ട്യേന്ന്
അമ്മമാർക്കും അച്ഛൻമാർക്കും കുട്ട്യോളോട് എന്തു സ്നേഹമാണല്ലേ….
എങ്ങനാ ഇങ്ങനെ സ്നേഹിക്കാൻ പറ്റണെ ?
മിത്രക്കുട്ടിക്കും കുട്ടികൾ ഉണ്ടാകുമ്പോൾ അങ്ങനെയിരിക്കും
ഈ ആയമ്മയുടെ ഒരു കാര്യം. അടുക്കളയിലേക്കു നീങ്ങുന്ന അവരെ നോക്കി ചിരിക്കുമ്പോൾ അവളുടെ മുഖം ചുവന്നിരുന്നു
മിത്രകുട്ടിക്കു പതിനാറ് വയസ്സ് വൃശ്ചികമാസത്തിലെ കാർത്തിക നാളിൽ പൂർത്തിയായി
അവളെ ഒരു കൊച്ചു കുട്ടിയെപ്പോലെയാണ് അച്ഛനും അമ്മയും ആയമ്മയും നോക്കുന്നത്
ഒരു നോട്ടം കൊണ്ടുപോലും അവളെ ആരും നോവിച്ചിട്ടില്ല.അവൾക്കു ചെറിയ പനി വന്നാൽ കൂടെ അച്ഛനും അമ്മയ്ക്കും പേടിയാണ്. അവര് അവളുടെ അടുത്തുന്നു മാറാതെ കൂട്ടിരിക്കും
ഒരിക്കൽ അവൾക്കു നല്ല പനി വന്നു.അച്ഛനും അമ്മയും അവളുടെ അടുത്തിരുന്ന് മാറാതെ അവളെ ശുശ്രുഷിച്ചു. അവര് പേടിച്ചിരുന്നത് പോലെ തന്നെ സംഭവിച്ചു .പനി മാറി കഴിഞ്ഞു അവൾ പിന്നെ നടന്നിട്ടില്ല ….
ഇടക്കിടക്കു അവളുടെ കാല് തടവി അവൾ കാണാതെ അമ്മ ചുവര് നോക്കി കരയും. അപ്പോൾ അവരുടെ നിശ്വാസങ്ങൾ ചുവരിൽ തൂക്കിയിട്ടിരിക്കുന്ന ചിലങ്കയിൽ തട്ടി കിലുങ്ങും ..
മിത്രക്കുട്ടിയുടെ അച്ഛൻ അവളെ ഒരുപാട് ചിരിപ്പിക്കും…..തമാശകൾ പറഞ്ഞും ഗോഷ്ടികൾ കാണിച്ചും.
അച്ഛൻ അവളെ കുടുകുടാ ചിരിപ്പിക്കുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകും …അയാളുടെ ഹൃദയവും …
പണ്ട് പഠിക്കുന്ന കാലത്ത് കൂട്ടുകാർ അയാളോട് പതിവായി ചോദിക്കുന്ന ഒരു ചോദ്യം ഉണ്ടായിരുന്നു
എങ്ങനാടാ ഇങ്ങനെ ആളുകളെ ചിരിപ്പിക്കാൻ പറ്റുന്നത് ….?
അന്ന് അയാൾക്കു അതിനു മറുപടി ഒരു പൊട്ടിച്ചിരി ആയിരുന്നു.
ഇന്ന് അയാൾക്കു അതിനു വ്യക്തമായ ഒരു ഉത്തരമുണ്ട്. കാലം അയാൾക്കു വേണ്ടി തുന്നിക്കൊണ്ടിരുന്നത് ഒരു കോമാളിയുടെ വേഷം ആയിരുന്നെന്ന് …
പിന്നീടെപ്പോളോ മിത്രക്കുട്ടി അവളുടെ പ്രിയപ്പെട്ട എഴുത്തുകാരനുമായി ചങ്ങാത്തം കൂടി
എന്നും അവൾ അയാൾക്ക് മെസ്സേജ് അയക്കും …ഒരുപാട് താമസിച്ചു വരുന്ന അയാളുടെ മറുപടിക്കായി കാത്തിരിക്കും …കൂടുതൽ അടുത്തപ്പോൾ അവൾ അയാളെ മാഷേ എന്ന് വിളിച്ചു
മറുപടി വന്നുകഴിയുമ്പോൾ മൂന്നാല് ആവർത്തി വായിച്ചു ചിരിക്കും….അയാളുടെ മറുപടികൾ തീരെ ചെറുത് ആയിരുന്നെങ്കിലും അവളുടെ കൊച്ചു ലോകത്തെ വലിയ സന്തോഷം ആയിരുന്നു അത്….
ഇയാൾ എന്തു ചെയ്യുന്നു …?
ഒരിക്കൽ ആ എഴുത്തുകാൻ ചോദിച്ചു. തന്റെ തളർന്നു പോയ കാല് തടവിക്കൊണ്ട് അവൾ പറഞ്ഞു
കുട്ടികളെ നൃത്തം പഠിപ്പിക്കുകയാണ് ….
നാലു വർഷമായി നിശ്ചലമായി ചുമരിൽ തൂക്കിയിട്ടിരുന്ന ചിലങ്കകൾ കാറ്റ് തട്ടി അപ്പോൾ വിതുമ്പി …
ഒരിക്കൽ കടുത്ത കൈകാൽ വേദന കടിച്ചമർത്തി മിത്രക്കുട്ടി ഡോക്ടറെ കാണാൻ ആശുപത്രി വരാന്തയിൽ ഇരിക്കുമ്പോൾ
എതിർവശതിരിക്കുന്ന ആ ചെറുപ്പക്കാരൻ അവളെ
നോക്കി പുഞ്ചിരിച്ചു …
ചിരിക്കുമ്പോൾ അയാളുടെ കറുത്ത ഫ്രെയിം ഉള്ള കണ്ണടക്കുള്ളിൽ കണ്ണുകൾ ചെറുതായി ….
അവളും ചിരിച്ചു അയാൾക്കു തന്നോട് സഹതാപം തോന്നിയിട്ടുണ്ടാവും അവൾ ഓർത്തു .
സഹതാപത്തിന്റെ നോട്ടങ്ങൾ ഭയന്ന് ഒരിക്കൽ പോലും അറിയാതെപോലും അയാളുടെ കണ്ണുകളുമായി തന്റെ കണ്ണുകൾ കൂട്ടിമുട്ടരുതെന്നു കരുതി അവൾ മുൻപിലെ വെളുത്ത ചായം തേച്ച ഭിത്തിയിലേക്കു നോക്കി ഇരുന്നു.
പോകാൻ നേരം മൊബൈൽ എടുക്കണമെന്ന് പറഞ്ഞിരുന്നു .പക്ഷേ തന്റെ വേദനയും കാര്യവും ഒക്കെ കണ്ട് അമ്മ എടുക്കാൻ മറന്നു. ഉണ്ടായിരുന്നെങ്കിൽ അതിൽ തന്റെ മുഖം മറയ്ക്കാമായിരുന്നു…
തനിക്കു ഓടി പോയി എടുക്കാൻ പറ്റില്ലല്ലോ .ചിലപ്പോൾ മാഷിന്റെ മെസ്സേജ് വന്നിട്ടുണ്ടാകും .അവളങ്ങനെ ഓരോന്ന് ആലോചിച്ചിരിക്കുമ്പോൾ
അവളുടെ മനോഹരമായ കൂട്ടു പുരികങ്ങളും നീല രാശി പടർന്ന കണ്ണുകളും അവൾ കാണാതെ അയാൾ ഇടക്കിടക്കു നോക്കുന്നുണ്ടായിരുന്നു ….
ഇതുവരെ ആരോടും തോന്നാത്ത ഒരു ആകർഷണം അയാൾക്കു അവളോട് തോന്നി ….
അവൾ അറിയാതെ അയാൾ അവളെ തന്റെ കണ്ണുകൊണ്ടു ഒപ്പിയെടുത്തു ഹൃദയത്തിൽ വരച്ചിട്ടു. അവൾ അത് അറിഞ്ഞതേയില്ല…
അയാൾക്കും ആരെയും ആകർഷിക്കാൻ തക്ക സൗന്ദര്യം ഉണ്ടായിരുന്നു
അവൾ വീട്ടിൽ വന്നതും തന്റെ മൊബൈലിന്റെ അടുത്തേക്ക് നീങ്ങി
അവൾ പ്രതീക്ഷിച്ചതുപോലെ ഫോണിൽ അയാളുടെ മെസ്സേജ് ഉണ്ടായിരുന്നു
ഇന്ന് കണ്ടില്ലല്ലോ എവിടെ ആയിരുന്നു …?ഇന്ന് ഒരു നൃത്തപരിപാടി ഉണ്ടായിരുന്നു ….ഞാൻ മെസ്സേജ് വിട്ടു മറുപടി കണ്ടില്ല …ഒത്തിരി തിരക്കായിരുന്നു മാഷേ …..
അവൾ പിന്നെയും അയാൾക്കു മെസ്സേജുകൾ അയച്ചു ഒറ്റ വാക്കിൽ ഒതുങ്ങുന്ന മറുപടിക്കായ് പ്രതീക്ഷയോടെ കാത്തിരുന്നു …,
അതിനു ശേഷം അയാൾ എഴുതിയ കഥകളെല്ലാം തീവ്രമായ പ്രണയവും വിരഹത്തിന്റെ വേദനയും കലർന്നവയായിരുന്നു ….
പിന്നീട് അയാളുടെ കഥയുടെ എണ്ണം കുറഞ്ഞു
തുടങ്ങിയതുപോലെ തോന്നി …
എന്താ മാഷേ …ഇപ്പോ കഥയൊന്നും എഴുതാത്തത് …?
ഇപ്പോ എഴുതാൻ തോന്നുന്നില്ലടോ …?
എന്നാലും എന്നും അവൾ അയാൾക്ക് മെസ്സേജുകൾ അയച്ചുകൊണ്ടിരുന്നു .അയാളുടെ മറുപടി കുറഞ്ഞു
കുറഞ്ഞു വന്നു.
പതിയെ പതിയെ അയാളുടെ കഥകൾ അയാൾക്കൊപ്പം അപ്രത്യക്ഷമായി
പിന്നെ എപ്പോഴോ മിത്രക്കുട്ടിയുടെ മുഖത്തെ ചിരിയും കളിയും പതിയെ പതിയെ മാഞ്ഞു തുടങ്ങി …
അണ്ണാൻ കുഞ്ഞു അവളുടെ കഥ കേൾക്കാൻ മരക്കൊമ്പിലിരുന്നു മടുത്തു ചിലച്ചു പരിഭവം പറഞ്ഞു നടക്കാറുണ്ട് ചിലപ്പോൾ ….
ചങ്ങാലി പ്രാവുകൾ കുറുകി മടുത്തു പറന്നുപോയിട്ടുണ്ട്…
അമ്മ അച്ഛനോട് ആവലാതി പറയുന്ന കേട്ടു .ഈയിടെ
ആയിട്ട് മിത്രക്കുട്ടി ഒന്നും സംസാരിക്കുന്നില്ല …ഭക്ഷണവും ശരിക്കു കഴിക്കുന്നില്ല ….തീരെ മെലിഞ്ഞു തുടങ്ങിയിരിക്കുന്നു ….എപ്പോളും എന്തോ വല്യ ചിന്തയിലാണ് …..അത് കേട്ട് അച്ഛനും ചിന്തയിൽ മുങ്ങി …
ആയമ്മ തൊടിയിൽ നിന്നും മുല്ല മൊട്ടുകൾ പൊട്ടിച്ചു അവൾക്ക് കൊടുക്കും
മിത്രക്കുട്ടി മാല കെട്ടാണില്യേ …?
വേണ്ട ആയമ്മേ അല്പയുസ്സുക്കളായ അവയൊക്കെ ചെടികളിൽ തന്നെ നിൽക്കട്ടെ
എല്ലാം അവൾക്കു മടുത്തു … അയാളുടെ കഥകൾക്കായുള്ള തിരച്ചിൽ ഒഴിച്ച് ….
മിത്രക്കുട്ടി ഒരിക്കൽ ആയമ്മയോടു ചോദിച്ചു, അയമ്മേ …ആയമ്മയ്ക്ക് ആരോടെങ്കിലും ഇഷ്ടമുണ്ടായിരുന്നോ …?
ഒരു നേർത്ത മൗനത്തിനു ശേഷം ആയമ്മ പറഞ്ഞു
ഉണ്ടായിരുന്നു …മിത്രക്കുട്ടിയോട് ആയമ്മ കള്ളം പറയില്ല
ആരായിരുന്നു …?
ആയമ്മയുടെ അമ്മ ജോലിക്കു പോണ വീട്ടിലെ ചെക്കനെ
എന്നിട്ട് ആയമ്മ പറഞ്ഞോ ഇഷ്ടമാണെന്ന് ?
എന്റെ കുട്ട്യേ …അവരൊക്കെ വല്യ കാശുകാരാണ് മിത്രക്കുട്ടിയെപോലെയൊക്കെ .ഞങ്ങള് പാവങ്ങള് ….
പാവങ്ങൾക്ക് എന്താ സ്നേഹിച്ചുകൂടെ ?
ചിലർക്ക് അതൊന്നും പറഞ്ഞിട്ടില്ല …
അപ്പോ എനിക്ക് ആരെയും സ്നേഹിക്കാൻ പറ്റില്ല
അല്ലെ ? എനിക്ക് കാലില്ലല്ലോ..?
അതൊന്നും കുഴപ്പമില്ല
കുട്ടിയെ കണ്ടാ ആർക്കാണ് ഇഷ്ടപ്പെടാത്തത്. കുട്ടീടെ സൗന്ദര്യം ഇവിടങ്ങളിൽ ആർക്കും ഇല്ല.
നല്ല മനസുള്ള ഒരുപാട് പേരുണ്ട് ഈ ലോകത്തു.മിത്രക്കുട്ട്യേ സ്നേഹിക്കാൻ പറ്റുന്ന ഒരാള് അക്കൂട്ടത്തിൽ ഉണ്ട് …
എഴുത്തു കാർക്ക് നല്ല മനസ്സ് ഉണ്ടാവോ …?അവൾ ഓർത്തു …
ആയമ്മ പറഞ്ഞിട്ടില്ലേ ആയമ്മയുടെ അമ്മ പണ്ട് ജോലിക്കു നിന്നത് എന്റെ അച്ഛന്റെ വീട്ടിൽ ആണെന്ന് ….
ഉം …..?ആയമ്മ മൂളി …
അപ്പോ ആ ചെക്കൻ …..?
മറുപടി ഒരു മൗനത്തിൽ ഒതുക്കി നടന്ന് പോകുന്ന ആയമ്മയെ നോക്കി അവളിരുന്നു
അന്ന് രാത്രി അവൾ അച്ഛനോട് ചോദിച്ചു
അച്ഛന് ആരോടെങ്കിലും ഇഷ്ടം തോന്നിയിട്ടുണ്ടോ…?
അച്ഛന്റെ മിത്രക്കുട്ടി എന്താ ഇപ്പോ അങ്ങനെ
ചോദിച്ചത് …?
പറ അച്ഛാ ….
മിത്രകുട്ടിയുടെ അമ്മയോട് ….മിത്രകുട്ടിയുടെ അമ്മയ്ക്കു അച്ഛനോടും …..
അച്ഛൻ അത് പറഞ്ഞു ചിരിക്കുമ്പോൾ ആയമ്മയെ അവൾ ഓർത്തു
സ്വന്തമല്ലെങ്കിലും ഇഷ്ടപ്പെടുക …. പ്രണയം എത്ര വിചിത്രമാണെന്നു അവൾ ചിന്തിച്ചു …
ഓരോന്ന് ചിന്തിച്ചു ചിന്തിച്ചു ചിന്തകൾ മാത്രമായി അവളുടെ ജീവിതം
അവളുടെ കൈയും കാലും തീരെ ശോഷിച്ചു …മുഖത്തെ ചുവപ്പു രാശി വിളറി തുടങ്ങി …അമ്മ മതിലിലേക്കു നോക്കി കരയുക പതിവായി ….
അന്നൊരു ദിവസം പതിവുപോലെ അവൾ വീൽചെയർ ഉരുട്ടി ജന്നൽ ഓരത്തു വന്നിരുന്നു ….
വിരലുകൾ പതിവുപോലെ മൊബൈലിൽ പരാതി ….
അവളുടെ കണ്ണുകൾ പെട്ടന്ന് ഒരു നിമിഷം പീലിക്കുടഞ്ഞു ചുണ്ടുകൾ തമ്മിൽ പറഞ്ഞു മാഷിന്റെ കഥ ….
അവൾ വായിക്കുവാൻ തുടങ്ങി …
എന്റെ അക്ഷരങ്ങൾ എന്നെ ഉപേക്ഷിച്ചു പോയി ….കുറച്ചു നാളുകൾക്കു മുൻപ് ഒരു ആശുപത്രിയുടെ ഇടനാഴിയിൽ വെച്ച് അവളുടെ വീൽ ചെയറിനൊപ്പം എന്റെ അക്ഷരങ്ങൾ ഉരുണ്ടു പോയി …..
അവൾ പല ആവർത്തി അത് വായിച്ചു ….
അവളുടെ കൂട്ടുപിരികത്തിനുള്ളിൽ തിളങ്ങിയ ചുവന്ന കല്ല് പൊട്ട് എന്നെ ഏറെ മോഹിപ്പിച്ചു …
നീലരാശി കലർന്ന അവളുടെ കൺമണിയിൽ എനിക്ക് എന്നെ അന്ന് നഷ്ടമായി ….അവളെ ഞാൻ തിരിയുകയായിരുന്നു ….എന്റെ അക്ഷരങ്ങളെയും കൊണ്ടു അവൾ മടങ്ങി വരുന്നതും കാത്ത് ഞാൻ തളർന്നു തുടങ്ങിയിരിക്കുന്നു …അവളെന്റെ പ്രണയമാണ് …
അത് വായിച്ചു അവൾ കുടുകുടെ ചിരിച്ചു കണ്ണുകൾ കരകവിഞ്ഞൊഴുകി …
എന്താ മിത്രക്കുട്ടി ചിരിക്കണെ ….? കഥ വായിച്ചിട്ട് ….
എന്റെ ഈശ്വര എനിക്ക് സന്തോഷമായി …എന്റെ കുട്ടീടെ കളിചിരി മടക്കി തന്നൂലോ….ആയമ്മയുടെ ദീഘനിശ്വാസത്തിൽ സന്തോഷം നിറഞ്ഞു നിന്നു …
അവൾ അയാൾക്കു മറുപടി എഴുതി, മാഷേ ….ഞാൻ …..എന്നെയാണ് മാഷ് അന്ന് ആശുപത്രിയിൽ കണ്ടത് ….
ഇയാളെയോ …?ഇയാൾ കുട്ടികളെ ഡാൻസ് പഠിപ്പിക്കുകയല്ലേ …?
അല്ല മാഷേ ….എനിക്ക് നടക്കാൻ വയ്യ …വീൽചെയറിൽ അന്ന് മാഷ് കണ്ടത് എന്നെ ആണ് …എന്റെ അവസ്‌ഥ അറിഞ്ഞാൽ എന്നോട് കൂടാൻ മാഷിന് ഇഷ്ടമില്ലെങ്കിലോ എന്ന് ഓർത്തു….അതുകൊണ്ടാണ് മറച്ചു വെച്ചത് ക്ഷമിക്കണോട്ടോ മാഷേ…..
അയാൾക്കു ഒരു സംശയം പോലെ ….
മാഷിന് ഒരു കറുത്ത കണ്ണടയില്ലേ …? ഉം …?
ചിരിക്കുമ്പോൾ മാഷിന്റെ കണ്ണ് ചെറുതാവില്ലേ …?
ഉം ….ശരിയാണ് ….അയാൾ തുടർന്നു
എന്റെ മിത്രക്കുട്ടി ….,ഞാൻ എന്തു മാത്രം വേദനിച്ചു എന്നറിയാമോ …?ആരാണെന്നോ …എവിടെയാണെന്നോ എനിക്കറിയാതെ …..എന്റെ അക്ഷരങ്ങളുമായി മിത്രക്കുട്ടി കടന്നു കളഞ്ഞല്ലേ ….?
ഒന്ന് ഉറങ്ങാനോ എന്തെങ്കിലും എഴുതാനോ പോലും പറ്റുന്നില്ല….അനുഭവിച്ചറിയാത്ത പ്രണയത്തെ അക്ഷരങ്ങൾ കൊണ്ട് ഞാൻ കടലാസ്സിൽ എഴുതിയിട്ടുണ്ട് …
പെണ്ണെ നീ എന്റെ ഹൃദയത്തിൽ മൗനം കൊണ്ട് പ്രണയം കോറിയിട്ടു…..ഞാൻ വരും എന്റെ കൂടെ കൂട്ടാൻ …സമ്മതമല്ലേ …?
അത് വായിച്ചു വീൽച്ചെയറിൽ മിത്രക്കുട്ടി ചാരിക്കിടന്നു …. മനസ്സിൽ ഉറഞ്ഞു കൂടിയ വിഷമങ്ങൾ …,മാഷിന്റെ ഊഷ്മളമായ വാക്കുകളിൽ ഉരുകി നീർമണികളായ് അടർന്നു വീണു …..
പിന്നെ അവൾ എഴുതി ഒരു നൂറ് സമ്മതം …. ഒരു തുടിക്കുന്ന കടും ചുവന്ന ഹൃദയവും അതിനൊപ്പം അയാൾക്ക് അയച്ചു
പിന്നെ അവൾ തന്റെ വീൽചെയർ ഉരുട്ടി അവിടമാകെ ചുറ്റി നടന്നു….ആയമ്മയുടെ കൈയിൽ നിന്നും പൊടി അരി വാങ്ങി ചങ്ങാലികൾക്ക് വിതറി….
അണ്ണാൻകുഞ്ഞിനോടു കഥകൾ പറഞ്ഞു ….അന്ന് രാത്രി അച്ഛന്റെ തമാശകൾ കേട്ട് അവൾ കുടുകുടെ ചിരിച്ചു …..അമ്മയെ കെട്ടിപിടിച്ചു കഥകൾ പറഞ്ഞുറങ്ങി …
രാത്രിയിൽ ഇടയ്ക്കു എഴുന്നേറ്റ അമ്മ തന്റെ വിരൽ തുമ്പ് മിത്രക്കുട്ടിയുടെ മൂക്കിന്റെ അറ്റത്തു വെച്ചു ….
അമ്മ പരിഭ്രമത്തോടെ അവളെ കുലുക്കി വിളിച്ചു ….അപ്പോഴേക്കും നിശബ്ദമായ ഒരു ചിരി ചുണ്ടിൽ അവശേഷിപ്പിച്ചു ….മിത്രക്കുട്ടി ഒരു സ്വപ്നത്തിന്റെ ചിറകിലേറി പുതിയൊരു ലോകത്തേക്ക്
യാത്രയായിരുന്നു ….
അപ്പോഴും മാഷിന്റെ ഫോണിൽ അവളുടെ ചുവന്നു തുടുത്ത ഹൃദയം മിടിച്ചുകൊണ്ടിരുന്നു …..
ഹാപ്പി എൻഡിങ് …..
മിത്ര ക്കുട്ടിയെ ഓർത്തു നൊമ്പരം തോന്നിയ എന്റെ എല്ലാ പ്രിയ സുഹൃത്തുകൾക്കു വേണ്ടി …..
മിത്രക്കുട്ടിയുടെ കാത്തിരിപ്പിനൊടുവിൽ അവളെ തേടി മാഷ് എത്തി …അവളെ അയാൾ തന്റെ ജീവിതത്തിലേക്ക് കൂട്ടികൊണ്ടു പോയി….മരുന്നിനേക്കാൾ ഏറേ അയാളുടെ പ്രണയവും പരിചരണവും നഷ്ടപ്പെട്ടു പോയ അവളുടെ ആരോഗ്യം പതിയെ വീണ്ടെടുത്തു … അവൾ പതിയെ തന്റെ കാലുകൾ അനക്കി തുടങ്ങി…ഒരിക്കൽ അയാൾ അവളുടെ കാലിൽ ചിലങ്ക അണിയിച്ചു തന്നോട് ചേർത്തു പിടിച്ചു നടത്തിച്ചു …അവൾ ഓരോ ചുവടുകൾ വയ്കുമ്പോളും ചിലങ്കകൾ ചിരിച്ചു …അവളും ചിരിച്ചു …ആ ചിരിയിൽ അവൾ അറിയാതെ തന്നെ അവളുടെ ചുവടുകളുടെ വേഗത കൂടി …അവളറിയാതെ അയാൾ തന്റെ കൈകൾ പിൻവലിക്കുമ്പോൾ പണ്ട് മറന്ന നൃത്തചുവടുകളിക്കു അവളുടെ പാദങ്ങൾ ചലിച്ചു …ചിലങ്കയുടെ പൊട്ടിച്ചിരി ആ മുറിയാകെ നിറയുമ്പോൾ ….വിസ്മയത്തോടെ ആ നർത്തകിയെ നോക്കി നിൽക്കേ മാഷിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു നിർവൃതിയോടെ….
എൻറെ പ്രിയ സുഹൃത്തുക്കൾക്ക് … കഥയുടെ ഇഷ്ടമുള്ള പര്യാവസാനം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തിനായി സ്നേഹപൂർവ്വം സമർപ്പിക്കുന്നു …നിവ്യ റോയ്…