രചന: ദിവ്യ കശ്യപ്
അവൻ വരുന്നൂത്രേ!!!
എന്റെ നെറുകയെ ചെമപ്പിക്കാൻ…ആ കുങ്കുമവർണം എന്റെ കവിളിലേക്ക് ഒലിപ്പിച്ചിറക്കാൻ…അവൻ എന്ന ഓർമകളിൽ വിരിയുന്ന ഈ നുണക്കുഴിയിൽ ചേഞ്ചുവപ്പ് ചാലിച്ചൊഴിക്കാൻ…
ഇടതൂർന്ന ആ കണ്പീലികളിൽ തട്ടി അന്നാദ്യമായി ഒരു മഴത്തുള്ളി എൻ കൈവെള്ളയിൽ ചിന്നിചിതറിയപ്പോൾ…
എങ്ങു നിന്നോ വന്നൊരിളംങ്കാറ്റിൽ ആ കരിമുടിയിഴകൾ നെറ്റിയിലേക്കു പാറി വീണപ്പോൾ…
മൗസിഡ്രാമിലെ മഴപ്പച്ചയിൽ കുളിരിനെ തോൽപ്പിച്ചവൻ മുന്നേ നടന്നപ്പോൾ..
പിന്നീടെപ്പോഴോ ആ കൈകൾ എന്നെ ചേർത്തു പിടിക്കാനായി നീണ്ടു വന്നപ്പോൾ…
ഗാരോ ഖാസി മലനിരകളിലെ ചരിവുകളിലെവിടെയോ മലർന്നു കിടന്നു ആകാശ പൊയ്കയിലെ മഞ്ഞിന്റെ കൂടെ എന്നെയും ക്ഷണിച്ചപ്പോൾ…
ലൂഷായികുന്നുകളിലെ കാപ്പി മണമേറ്റു ആ മുടിയിഴകൾ മാടിയൊതുക്കി അവനൊപ്പം ബുള്ളറ്റിൽ പാഞ്ഞപ്പോൾ…
അവനെ ഞാൻ പ്രണയിക്കുകയായിരുന്നു…
കാപ്പി മണ്ക്കുന്നരാ കാറ്റിൻ പൂമ്പൊടി സ്ഥിരം തട്ടിയാണാ പ്രണയം തുടിക്കുന്ന കള്ളകൃഷ്ണമണിക്കു കടുംകാപ്പി നിറം വന്നതെന്ന് വിശ്വസിക്കാനാണെനിക്കിഷ്ടം….
ഒന്നുംപറയാതെ നോട്ടങ്ങൾ കൈമാറി യോരാ കാലങ്ങൾ അത്രയും ഹൃത്തട ത്തിൽ അവൻ എന്ന മൂന്നക്ഷരം മാത്രമായിരുന്നു…
ഹൃദയത്തിൻ തോപ്പിലെ പ്രണയമന്ദാരത്തിൻ പുഷ്പങ്ങൾക്കൊക്കെയും ചോപ്പു നിറമാണിപ്പോഴും…..
ബാംഗ്ലൂരിലെ പഠനച്ചൂടിൽ നിന്നു ഒരൽപം ആശ്വാസത്തിനായന്നു ചിന്നസ്വാമി സ്റ്റെഡിയത്തിൻ ഗാലറിയിലിരിക്കുമ്പോൾ.. തലക്ക് മീതെ പറന്നു വന്നൊരാ പന്ത് പിടിക്കാനായി ഒന്നിച്ചു ചാടിയതും…
കിട്ടാതെ വന്നപ്പോൾ അത് തട്ടിയെടുത്ത അവനെ കുറുമ്പോടെ നോക്കിയതും…
നാട്ടിലെ ക്ഷേത്രനടക്കു മുന്നിൽ നിന്ന കൂപ്പുകൈകളെ ആവോളം നോക്കി ആസ്വദിച്ചു നിന്നതും…
ആ നവരത്നമോതിരത്തിൻ രത് നങ്ങൾക്കിടയിലെ പച്ചത്തിളക്കമാകാൻ മോഹിച്ചതും…
നെഞ്ചിലെ രോമത്തിൽ പറ്റി പിടിച്ചുകിടക്കുന്നൊരാ കാഞ്ചനക്കണ്ണനോട് അസൂയ മൂത്തതും…
അവനെന്റെ മാത്രം പ്രണയമായിരുന്നതിനാലാണ്…
വിരഹത്തിൻ തീച്ചൂളയിൽ എരിയിച്ചു നിർത്തി അവൻ കൂടൊന്നു കൂട്ടാൻ ദൂരങ്ങൾ താണ്ടിയപ്പോൾ..
സ്വപ്നങ്ങളൊക്കെയും വാരിപ്പിടിച്ചു ഞാൻ നെഞ്ചിലെ നോവ് പെയ്തിറക്കി…
നിശയുടെ ഇരുളിമയിലെവിടോ ഒരു നുറുങ്ങുവെട്ടമായി മായാതെ മങ്ങാതെ ഞാൻ കാത്തുസൂക്ഷിച്ചു അവനെ…
ഉള്ളം പോള്ളുന്ന വിരഹവേദനയിൽ കനവിൽ നിന്നായിരം ചുടുനിണ കണങ്ങൾ ഏറ്റുവാങ്ങി ഞാൻ..
സ്വപ്നങ്ങൾ പങ്കുവെച്ച.. ദുഃഖങ്ങൾ പങ്കുവെച്ച… കാലത്തിനിനി സ്നേഹത്തിൻ വർണം….പ്രണയത്തിൻ വർണ്ണം…
കാലങ്ങൾ താണ്ടി ദൂരം കുറച്ചവൻ എത്തുന്നു എനിക്കായി…എനിക്കായി മാത്രം…
നെഞ്ചിലെ കാഞ്ചനക്കണ്ണനെ മാറ്റി ഞാനിനി ആ നെഞ്ചിൻ പുതപ്പായി മാറിടും…
വിരഹത്തിൻ വേദന പ്രണയത്തിൽ മുക്കി ഞാൻ ആ ഹൃദയത്തിൽ ഇറ്റിച്ചു നല്കിടും..
ആ കൈകളിൻ കരുതലിൽ..ആ നെഞ്ചിലെ ചൂടിൽ ഉടൽ ചേർത്തു വെച്ചു നിദ്രയെ പൂകിടാൻ എത്രയോ നാളായി…ഞാൻ….
മഞ്ഞച്ചരടിൽ കൊരുത്തിടാൻ ഒരു നുള്ളു പൊന്നിനാൽ കൂട്ടിയൊരു മിന്നുന്ന താലിക്കായി..കാത്തിരിപ്പൂ ഞാൻ..എന്റെ..അവനായി…
എന്തെന്നാൽ അവൻ എന്റെ പ്രണയമാണ്…
അവൻ…അവൻ വരുന്നു…എന്റെ നെറുകയെ ചെമപ്പിക്കാൻ…എന്റെ പ്രണയമാകാൻ…എന്നെ പ്രണയിനിയാക്കാൻ…അവൻ..എന്റെ മാത്രം പ്രണയം…ഒരു ദിവ്യപ്രണയം
ദേവന്റെ ത്രിക്കണ്ണിൽ ഇടം നേടും നേരവും ഒന്നിച്ചുതന്നെയായിരിക്കണം എന്ന ആഗ്രഹം മാത്രമായി..ഞാനും..അവനും..
കാത്തിരിപ്പൂ…അവനായി…..