ഓട്ടോക്കാരന്റെ പ്രതികാരം ~ രചന: അബ്ദുൾ റഹീം
ഓട്ടോ സ്റ്റാന്റിൽ വരി വരിയായി നിർത്തിയിട്ട ഓട്ടോകൾക്ക് പിന്നിൽ ഞാനും എന്റെ ഓട്ടോ പാർക്ക് ചെയ്തു. ഏറ്റവും പിന്നിലായതുകൊണ്ട് തന്നെ ഒരു ഓട്ടം കിട്ടാൻ അല്പം നേരം വൈകും എന്ന് മനസിലാക്കിയ ഞാൻ കയ്യിൽ സൂക്ഷിച്ചിരുന്ന ഒരു സിഗരറ്റ് എടുത്തു വലിക്കാൻ തുടങ്ങി.
അപ്പോഴാണ് ഒരു സുന്ദരി പെങ്കൊച്ച് എന്റെ ഓട്ടോയിലേക്ക് കയറി ഇരുന്നിട്ട് പറഞ്ഞത്.
“ചേട്ടാ…. ഒരു കോതമംഗലം.വേഗം പോണം ട്ടൊ.”
സിഗരറ്റ് വലിച്ചു തുടങ്ങിയതിനാൽ തന്നേ ഞാൻ അവളോട് പറഞ്ഞു.
“ഈ വണ്ടി ഇപ്പോ ഓട്ടം പോവുന്നില്ല. നീ മുമ്പിലുള്ള വല്ല ഓട്ടോയും പിടിച്ചോ… “
“ചേട്ടാ…. പ്ലീസ് ചേട്ടാ… എനിക്കിവിടെ ചേട്ടനെ മാത്രമേ… വിശ്വാസമുള്ളൂ…. “
അവൾ എന്നെ പൊക്കിപ്പറഞ്ഞപ്പേഴേക്കും ഞാൻ വീണു.
“എന്നാൽ ഞാൻ ഈ സിഗരറ്റ് ഒന്ന് വലിച്ചു തീർക്കട്ടെ.”
ഇതുകണ്ട അവൾ എന്റെ ചുണ്ടിൽ നിന്നും എരിയുന്ന ആ സിഗരറ്റ് കുറ്റി തട്ടിപ്പറിച്ചു പുറത്തേക്ക് വലിച്ചെറിഞ്ഞിട്ട് പറഞ്ഞു.
“ആ സിഗരറ്റ് കുറ്റിയോടൊപ്പം എരിഞ്ഞു തീരുന്നത് നിങ്ങൾ മാത്രമല്ല നിങ്ങളെ സ്നേഹിക്കുന്നവരുടെയും നിങ്ങളെ വിശ്വസിക്കുന്നവരുടെയും ഒരുപാട് സ്വപ്നങ്ങൾ കൂടിയാണ്.”
അവൾ ആ സിഗരറ്റ് കുറ്റി വലിച്ചെറിഞ്ഞപ്പോൾ എനിക്ക് ദേശ്യം തോന്നിയെങ്കിലും, അവളുടെ ആ വാക്കുകളിൽ എന്റെ ദേശ്യമെല്ലാം ഇല്ലാതായി.
അങ്ങനെ അവളെയും കൊണ്ട് പറ പറക്കുമ്പോഴാണ് അവളുടെ ഒരു ചോദ്യം.
“ചേട്ടൻ കല്യാണം കഴിച്ചതാണോ? “
“ഇല്ല, എന്താ… താൻ എന്റെ മണവാട്ടിയാകുന്നോ….”ഞാൻ ഒരു തമാശ രുപത്തിൽ മറുപടി കൊടുത്തു.
“ഞാനില്ലേ…..” അവളും തമാശക്ക് ഒരു കുറവും കാട്ടിയില്ല.
യാത്രയിലുടനീളം ഞങ്ങൾ സംസാരിച്ചുകൊണ്ടേയിരുന്നു. ഞങ്ങൾ തമ്മിൽ പരസ്പരം പരിചയപ്പെട്ടു. അങ്ങനെ ഞാൻ അവളുടെ വീട്ടുമുറ്റത്ത് അവളെ ഇറക്കി വിട്ടു. വണ്ടിയിൽ നിന്നിറങ്ങിയ അവൾ പറഞ്ഞു.
“ചേട്ടാ…. വീട്ടിലേക്ക് കയറിയാൽ ചായ കുടിച്ചിട്ട് പോവാം.”
“വേണ്ട, എനിക്ക് പോയിട്ട് വേറെ ഓട്ടം ഉള്ളതാ….”
“ചേട്ടാ… പ്ലീസ് ചേട്ടാ… ഒന്ന് വാ ചേട്ടാ….. “
അവൾ എന്നെ പിന്നെയും നിർബന്ധിച്ച് വിളിച്ചപ്പോൾ ഞാൻ അവളോടൊപ്പം വീട്ടിലേക്ക് കയറാനൊരുങ്ങി.
എന്റെ കയ്യും പിടിച്ച് അവൾ വീട്ടിനുള്ളിലേക്ക് പ്രവേശിച്ചു. പുറത്ത് നിറയെ ചെരിപ്പും വാഹനങ്ങളും കണ്ടപ്പോൾ തന്നെ എനിക്ക് ചെറിയൊരു പന്തിക്കേട് തോന്നിയിരുന്നു. വീടിനുള്ളിലെത്തിയപ്പോഴേക്കും എല്ലാം മനസ്സിലാകുകയും ചെയ്തു.
വീട്ടിനുള്ളിൽ നിറയെ ആളുകളുണ്ട്. അവളെ പെണ്ണുകാണാൻ വന്ന ചെറുക്കനും ഫാമിലിയും. അതുപോലെ അവളുടെ ഫാമിലിയും.
എന്റെ കയ്യും പിടിച്ച് അവരുടെ മുമ്പിലേക്ക് കടന്നു വന്നത് കണ്ട ചെറുക്കന്റെ അപ്പൻ ചോദിച്ചു.
“ആരാണ് അവൻ?”
ചോദ്യം കേട്ട പാടെ അവൾ മറുപടി കൊടുത്തു.
“ഇയാളും ഞാനുമായി ഒരുപാട് നാൾ പ്രണയത്തിലാണ്. അതുകൊണ്ട് തന്നെ ഞാൻ ഇയാളെ മാത്രമേ വിവാഹം കഴിക്കൂ… നിങ്ങൾക്ക് നിങ്ങൾക്ക് പോകാം “
അവളുടെ വാക്കുകൾ കേട്ട ഞാൻ അന്തം വിട്ട് നിന്നു. എനിക്ക് കാര്യങ്ങൾ പിടികിട്ടി. അവൾക്ക് ഇപ്പോൾ വിവാഹത്തിന് താല്പര്യം ഇല്ല. അതിന് വേണ്ടി അവൾ കളിച്ച കളിയാണ് ഇതെല്ലാം. ഓട്ടോ സ്റ്റാന്റ് തൊട്ട് അവൾ ഈ കളി തുടങ്ങിയിരുന്നു. അതുകൊണ്ട് തന്നെയാണ് കൂട്ടത്തിൽ വിവാഹ പ്രായമായ എന്നെത്തന്നെ അവൾ തിരഞ്ഞെടുത്തത്. അതുകൊണ്ട് തന്നെയാണ് അവൾ എന്നെ മാത്രമേ വിശ്വസമുള്ളൂ എന്ന് എന്നോട് പൊക്കിപ്പറഞ്ഞത്.
അവളുടെ വാക്കുകൾ കേട്ട അവളെ കാണാൻ വന്ന ചെറുക്കനും കൂട്ടരും അവളുടെ ഉപ്പയെയും വീട്ടുകാരെയും കുറ്റം പറഞ്ഞു വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി.
അവളുടെ ഉപ്പയുടെയും ഉമ്മയുടെയും കുടുംബത്തിന്റെയും മുന്നിൽ ഇതൊരു അഭിമാന പ്രശ്നമായി മാറി.
അവളാണെങ്കിൽ വിവാഹം മുടങ്ങിയതിന്റെ സന്തോഷത്തിലുമാണ്.
ഏതായാലും അവൾ എനിക്കൊരു പണിതന്നതല്ലേ തിരിച്ച് അവൾക്കും ഒരു പണികൊടുക്കാം എന്ന് ഞാൻ തീരുമാനിച്ചു.
ഓട്ടക്കാരനായതിനാൽ തന്നെ ധാരാളം വിവാഹാലോചനകൾ മുടങ്ങിയ എനിക്ക് ഇത് കിട്ടിയ അവസരമാണെന്ന് ഞാൻ മനസ്സിലാക്കി. അതുകൊണ്ട് തന്നെ ഞാൻ അവസരം മുതലെടുത്തു. ഞാൻ അവളുടെ അച്ചനോടായ് പറഞ്ഞു.
“ഞങ്ങളോട് ക്ഷമിക്കണം അഛാ…അച്ഛനോട് എല്ലാം മുന്നേ തുറന്ന് പറയണമെന്നുണ്ടായിരുന്നു പക്ഷെ അച്ഛൻ എതിർക്കുമെന്ന് അവൾ പറഞ്ഞപ്പോൾ ഞാൻ പിന്നെ പിന്മാറി. ഇനിയിത് മറച്ചു വെക്കുന്നതിൽ അർത്ഥമില്ല അച്ഛനെന്നെ മരുമകനായി സവീകരിക്കണം. ഇല്ലെങ്കിൽ ഇല്ലെങ്കിൽ ഞങ്ങൾക്ക് വളഞ്ഞ വഴി ഉപയോഗിക്കേണ്ടി വരും. “
മകളുടെ ഇഷ്ടത്തിന് ഇന്നേവരെ എതിര് നിലക്കാത്ത അവളുടെ അച്ഛൻ എന്റെ വാക്കുകൾ വിശ്വസിച്ചു എന്നെ അവരുടെ മരുമോനാക്കാൻ തീരുമാനിച്ചു.
അവൾ ഇതെല്ലാം കണ്ട് പകച്ചു പണ്ടാരമടങ്ങി നിന്നുപോയി..