രചന: ശിവൻ മണ്ണയം
ഷിബുവിന്റെ ഭാര്യക്ക് സൗന്ദര്യമില്ലായിരുന്നു ..
ഞാനല്ല, ഷിബുവാണത് ഇതൊക്കെ പറഞ്ഞോണ്ട് നടന്നിരുന്നത്.
ഞങ്ങളുടെ നാടായ മണ്ടൻ കുന്നിലെ ഭർത്താക്കൻമാരിൽ ഏറ്റവും കോൺഫിഡൻസുള്ളവൻ ഈ ഷിബു വായിരുന്നു. ഗ്രേറ്റ് ഷിബു ! ഒരു കാലത്ത്,സുന്ദരീമണീനാരീപതികൾ, സ്വഭാര്യമാർ മറ്റൊരുവനൊപ്പം ചാടിപ്പോകുമെന്ന ഭയാശങ്കയാൽ മണ്ടൻ കുന്നിൽ ഉറങ്ങാതിരുന്നപ്പോൾ ,ഈ ഷിബു കാല് കവച്ച് വച്ച് കൂർക്കം വലിച്ചുറങ്ങി. മണ്ടൻ കുന്നിലെ മറ്റ് ഭർത്താക്കൻമാർ സുഹൃത്തുക്കളെ സംശയത്തോടെ സ്വീകരിച്ചപ്പോൾ ,ഷിബു സുഹൃത്തുക്കളെ ആഘോഷത്തോടെ എതിരേറ്റു,വരവേറ്റു! ഷിബു ഒരു സദസിൽ ഇങ്ങനെ പറഞ്ഞു: സൗഹൃദങ്ങളും ഹൃദയവിശാലതയും നഷ്ടമാകുന്നത് സുന്ദരിയായ ഭാര്യയെ സ്വന്തമാക്കുന്നതോടെയാണ്.ഒരു പുരുഷന്റെ ക്രിയേറ്റീവിറ്റി അവസാനിക്കുന്നിടത്താണ് സുന്ദരിയായ ഭാര്യ കടന്ന് വരുന്നത്. അവന്റെ ക്രിയേറ്റീവിറ്റി അവിടെ തീരുന്നു.സുന്ദരിയായ ഒരു ഭാര്യ ജീവിതത്തിലേക്ക് വന്നാൽ നമ്മുടെ ലഷ്യം തന്നെ വഴിതെറ്റിപ്പോകുകയാണ് സുഹൃത്തുക്കളേ, ഭാര്യയുടെ പൂർവകാല ജീവിതം തിരക്കിനടന്ന് സമയം പാഴാക്കി ജീവിതം നശിപ്പിക്കുന്നവരിൽ ചിലർ മാത്രം അവളുടെ പൂർവകാമുകനിൽ നിന്ന് തെറി കേട്ട് സ്വ ഉദ്യമത്തിൽനിന്ന് പിന്തിരിഞ്ഞ് സ്വാഭാവിക ജീവിതം വീണ്ടെടുക്കുന്നു. ബാക്കിയുള്ളവർ, ആകാശത്ത് കൂടെ പോകുന്ന ആ തെറി കേൾക്കാനായി കൊതിച്ച് കൊതിച്ച്, വലിയ ഏണി ചാരി വച്ച് കാത്തിരിക്കുകയും, ആ ആശ നിറവേറാതെ അകാല ചരമമടയുകയും, താമസംവിനാ നരകത്തിൽ പോവുകയും ചെയ്യുന്നു. ചിലർ ഭാര്യയുടെ ജാരനെ തേടി അലഞ്ഞ് പ്രാന്ത് പിടിച്ച് ചാവുന്നു. ചിലർ ഭാര്യയുടെ ജാരനെ കൈയ്യോടെ പിടികൂടുകയും ജാരനാൽ കൊല്ലപ്പെടുകയും ചെയ്യുന്നു. ചിലർ ഭാര്യയുടെ ജാരനെ കയ്യോടെ പിടിച്ച് ജയിച്ച് ജീവിതത്തിൽ തോല്ക്കുന്നു …..
ഷിബു മണ്ടൻ കുന്നിലെ ആദ്യത്തെ അത്ഭുത പുരോഗമനകലാതിലകമായത്, തന്റെ ഭാര്യക്ക് സർവത്ര സ്വാതന്ത്ര്യ ജീവിതം പകർന്നു നൽകിയാണ്. അവൾക്ക് എത്ര സ്വാതന്ത്ര്യം കൊടുത്താലും ,എത്ര കഞ്ചാവടിച്ച് കിറുങ്ങിയ പുരുഷനാലും അവൾ അപഹരിക്കപ്പെടില്ലെന്ന് ഷിബുവിന് ഉറപ്പായിരുന്നു.കാരണം അവൾ സുന്ദരിയായിരുന്നില്ല. എതെങ്കിലും ഒരു തിരക്കിൽ സ്വഭാര്യയെ മറന്ന് വച്ചു പോകപ്പെടുമ്പോൾ പോലും ഈ ഷിബു ഭയപ്പെട്ടിരുന്നില്ല. ആരാലും അപഹരിക്കപ്പെടാൻ തക്ക ഗുണമൊന്നും സ്വഭാര്യക്കില്ലെന്ന് മറ്റാരെക്കാളും ഷിബുവിന് ഉറപ്പുണ്ടായിരുന്നു.
ഷിബു തന്റെ വീടിലേക്ക് മദ്യപൻമാരെ ക്ഷണിച്ചു വരുത്തി അവരോടൊപ്പം തലമറന്ന് തല കുത്തിമറിഞ്ഞു. തന്റെ ഭാര്യ വരുന്നവരാൽ ആകർഷിക്കപ്പെടില്ലെന്ന് ഷിബുവിന് ഉറപ്പുണ്ടായിരുന്നു; കാരണം അവൾ വിരൂപയായിരുന്നു.
പക്ഷേ ഒരു നാൾ ആ വാർത്ത കേട്ട് ഷിബു ഞെട്ടി “തന്റെ ഭാര്യ സലീന ഒളിച്ചോടിയിരിക്കുന്നു, അതും തന്റെ വീട്ടിൽ സ്ഥിരം മദ്യപിക്കാൻ വരുന്ന പുരുഷനോടൊപ്പം.. “
ഷിബുവിന് അത്ഭുതം തോന്നി. കണ്ടാൽ ഒരു ഭംഗിയുമില്ലാത്ത തന്റെ ഭാര്യയെ തട്ടിക്കൊണ്ട് പോകാനും ഒരുത്തനോ? അയാൾ അത്ഭുതപ്പെട്ടു.
പക്ഷേ, പതിയെ അയാൾക്ക് കാര്യങ്ങൾ മനസിലായിത്തുടങ്ങി.
ഭാര്യയുള്ളപ്പോൾ ജീവിതം എത്രമാത്രം സ്മൂത്തായാണ് മുന്നോട്ട് പോയിരുന്നത് ..! ഒന്നിനും ഒരു ടെൻഷനുമില്ലായിരുന്നു .. ജീവിതചക്രം കറങ്ങുമ്പോൾ അപശബ്ദങ്ങൾ ഉണ്ടാകില്ലായിരുന്നു .. പെട്ടെന്ന് ചക്രത്തിന്റെ കറക്കം നിലക്കില്ലായിരുന്നു ….. നിലച്ചാലും ഭാര്യ അത് അറിയിക്കില്ലായിരുന്നു.
അപ്പോൾ ഷിബുവിന് മനസിലായി, തന്റെ ഭാര്യ സുന്ദരിയായിരുന്നില്ല; പക്ഷേ നല്ല ഭാര്യയായിരുന്നു…! സുന്ദരിമാരെ പലരും തട്ടിക്കൊണ്ട് പോകാം,അവരെ നമുക്ക് നൈസായി കൈയൊഴിയുകയും ചെയ്യാം, നമ്മളെ അത് ബാ ബാധിക്കില്ല.ഒരു സുന്ദരി പോയാൽ വേറൊരു സുന്ദരി.. ഈസിയാണത്, സുന്ദരിമാർക്കാണോ ഈ ലോകത്ത് പഞ്ഞം? പക്ഷേ ഒരു നല്ല ഭാര്യക്ക് പകരം മറ്റൊരു നല്ല ഭാര്യ…. അത് തേടി കണ്ടു പിടിക്കുന്നത് അത്ര ഈസിയല്ല. നല്ല ഭാര്യമാർ സുന്ദരിമാരായിരിക്കണമെന്നില്ല, നല്ല ഭാര്യമാർ ജീവിത യാത്രയിൽ കിട്ടുന്ന നിധിയാണ്, സൗന്ദര്യം ശരീരത്തിലല്ല പ്രവൃത്തിയിലാണ്, തിരിച്ചറിയുക! നന്മ നിറഞ്ഞ ആ ഭാര്യമാരെ ചേർത്തു പിടിക്കണം. കളയരുത്.. സുന്ദരിമാരല്ല, നല്ല ഭാര്യമാരാണ് പലപ്പോഴും അപഹരിക്കപ്പെടുന്നത്. അവരെ ഹൃദയത്തോട് ചേർത്ത് വക്കൂ സുഹൃത്തുക്കളേ, നിങ്ങൾ അവഗണിച്ചാൽ വേറൊരു തീരം തേടുകയല്ലാതെ എന്താണവർക്ക് വേറൊരു വഴി..? നഷ്ടം നിങ്ങൾക്ക് തന്നെ!
ബാഹ്യ സൗന്ദര്യത്തിലൊന്നും ഒരു കാര്യവുമില്ല സുഹൃത്തുക്കളേ.വിവാഹ ശേഷംപതിയെ മാത്രമേ ദമ്പതികൾ അത് മനസിലാക്കുകയുള്ളൂ.അത് മനസിലാക്കിയാൽ പിന്നെ അവർ പിരിയുകയില്ല .അപ്പോൾ അവർ പറയും ,സൗന്ദര്യം കോപ്പാണ്…!