വിവാഹനാളുകളിൽ ചേർത്തുപിടിക്കുമ്പോൾ എല്ലാം അവൻ പറയുമായിരുന്നു ” നീ ശരിക്കും ഒരു തീപ്പെട്ടിരികൊള്ളി തന്നെ ആണല്ലോടി പെണ്ണെ ” എന്ന്.

രചന: മഹാ ദേവൻ

” ടീ.. അങ്ങോട്ട്‌ മാറികിടന്നേ നീ.. കാണുമ്പോൾ തന്നെ എന്തോ പോലെ ഉണ്ട്. “

എന്നും പറഞ്ഞ് തിരിഞ്ഞു മാറികിടക്കുന്ന വിനുവിനെ നോക്കി കയ്യിൽ തലയിണയുമായി അടുത്ത മുറിയിലേക്ക് നടക്കുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുനു.

സ്നേഹത്തോടെ മാത്രം കണ്ടിരുന്ന ആ മുഖത്തുനിന്ന് ഇങ്ങനെ ഒരു അവഗണന ഒരിക്കലും പ്രതീക്ഷിച്ചതല്ല.

” ആദ്യപ്രസവം സുഗമമായി നടന്നപ്പോൾ അടുത്തിരിക്കാൻ വിനു ഇല്ലായിരുന്നു. ഒരു പ്രവാസിയുടെ അവസ്ഥകളെ മനസിലാക്കാൻ കഴിയുന്നത് കൊണ്ട്, ഭർത്താവിന്റെ സാനിധ്യം മനസ്സ് ഏറെ കൊതിക്കുന്നുണ്ടെങ്കിലും സാഹചര്യങ്ങളോട് പൊരുത്തപ്പെടാൻ മനസ്സിനെ പ്രാപ്‌തയാക്കിയിരുന്നു സുമ.

അടുത്തിരുന്ന ഒന്ന് തലോടാൻ, ഇടക്കൊരു ചുംബനം കൊണ്ട് സ്നേഹത്തെ വരച്ചിടാൻ എന്നും ആ കൈകളിൽ തെരുപ്പിടിച്ചുകൊണ്ട് അവൾക്കായ് മാത്രം സന്തോഷം പകുത്തുനൽക്കാൻ എല്ലാം അവനും കൊതിച്ചിരുന്നുവെങ്കിലും ലീവ് എന്ന വാക്കിനോട് പുച്ഛം കാണിക്കുന്ന മുതലാളിമാർക്ക് മുന്നിൽ ദിവസങ്ങളെണ്ണി കാത്തിരിക്കാനായിരുന്നു യോഗം.

വിവാഹനാളുകളിൽ ചേർത്തുപിടിക്കുമ്പോൾ എല്ലാം അവൻ പറയുമായിരുന്നു ” നീ ശരിക്കും ഒരു തീപ്പെട്ടിരികൊള്ളി തന്നെ ആണല്ലോടി പെണ്ണെ ” എന്ന്.

അത്‌ കേൾക്കുമ്പോൾ അവളിൽ ഉണ്ടാകുന്ന വികാരം സന്തോഷമാണോ സങ്കടമാണോ എന്ന് മനസ്സിലായില്ലെങ്കിലും ആ കളിയാക്കലുകൾക്ക് എന്നും ഒരു സ്നേഹത്തിന്റെ ആവരണമുണ്ടായിരുന്നു, പക്ഷേ…..

” ന്റെ പെണ്ണെ, ഞാൻ അറിഞ്ഞൊന്നു കെട്ടിപിടിച്ചാൽ നീ പൊടിഞ്ഞുപോകുമല്ലോ, ഇനി നിന്നെ ഒക്കെ ശരിയാക്കിയെടുത്തിട്ട് വേണം എനിക്ക് ഗള്ഫിലോട്ട് പറക്കാൻ. ഇതിപ്പോ നീ സാരിയൊന്നും ഉടുത്ത്‌ എങ്ങോട്ടും ഇറങ്ങല്ലേട്ടോ… വടിയിൽ തുണിചുറ്റിയ പോലുണ്ടെന്നും പറഞ്ഞ് ആളുകൾ കളിയാക്കും ” എന്നും പറഞ്ഞ് ചിരിക്കുന്ന അവനെ അവൾ ഇച്ചിരി സങ്കടത്തോടെ നോക്കുമ്പോൾ പുറത്തേക്കല്ലെങ്കിലും അവളുടെ മനസ്സ് അവനോടായ് ചോദിക്കുന്നുണ്ടായിരുന്നു,

” ചേർത്തുപിടിച്ചു സ്നേഹം ചാലിച്ച് കളിയാക്കുന്നതിനേക്കാൾ സങ്കടം ഒന്നുമല്ലല്ലോ ഏട്ടാ മറ്റൊരാളുടെ വെറും വാക്കുകൾ കൊണ്ടുള്ള കളിയാക്കലുകൾ ” എന്ന്.

അവൻ ലീവ് തീർന്ന് ഗൾഫിലേക്ക് മടങ്ങുമ്പോൾ എന്തോ അടർത്തിമാറ്റുന്ന വേദന ആയിരുന്നു അവളിൽ. ആ നോവുകളുടെ ആക്കം കുറച്ചത് അവന്റെ ജീവൻ തന്നിൽ വളർന്നുതുടങ്ങി എന്നറിഞ്ഞത് മുതൽ ആയിരുന്നു. !

ഗർഭാവസ്ഥയിൽ ശരീരം തടിച്ചുതുടങ്ങുമ്പോൾ അത് അവളിൽ ഒരുതരം സന്തോഷം നിലനിർത്തി.
ഇനി ഭർത്താവ് പോലും തീപ്പെട്ടിക്കൊള്ളി എന്ന് വിളിച്ച് കളിയാക്കില്ലല്ലോ എന്ന സന്തോഷം…

ആര് എന്തൊക്ക പറഞ്ഞാലും അതിന്റ നൂറിരട്ടി മൂർച്ച തോന്നും പ്രിയപ്പെട്ടവന്റെ സ്നേഹമെന്ന വാക്കിനൊപ്പമാണെങ്കിൽ കൂടി ഇതുപോലെ താഴ്ത്തികെട്ടുന്ന വാക്കുകൾ എന്ന് ഓർക്കുമ്പോൾ ഇന്നത്തെ ഈ അവസ്ഥയിൽ വല്ലാത്തൊരു സന്തോഷം തന്നെ അവളിലുണ്ടായിരുന്നു.

അവളിലെ ആ മാറ്റം അവനിലും ഒരുപാട് സന്തോഷം നൽകിയിരുന്നു.

അതിലേറെ സന്തോഷം താൻ ഒരു അച്ഛനായി എന്നത് തന്നെ ആയിരുന്നു.

വർഷങ്ങൾ മുന്നിൽ ഓടിമറയുമ്പോൾ അവൾ രണ്ടാമതും ഗർഭം ധരിച്ച നാളിൽ സ്നേഹത്തോടെ ചേർത്തുപിടിക്കാൻ അവനുണ്ടായിരുന്നു. ഗൾഫിലെ ജീവിതം മതിയാക്കി നാടിന്റെ പച്ചപ്പിലേക്ക് മോഹങ്ങളെ വീണ്ടും പറിച്ചുനടുമ്പോൾ അവൾക്കും അതൊരു വല്ലാത്ത നിമിഷങ്ങൾ നൽകിയിരുന്നു.

ഗർഭനാളുകളിൽ ഒരു പെണ്ണ് കൊതിക്കുന്നതെന്തോ അതെല്ലാം തനിക്കും കിട്ടാൻ പോകുന്നു എന്ന സന്തോഷം ! ഒരു ചേർത്തുപിടിക്കൽ. ! കൂടെ ഉണ്ടെന്ന വാക്കുകൾ, ശരീരം നുറുങ്ങുന്ന വേദനയിലും കരുതലും പുഞ്ചിരിയും കൊണ്ട് മനസ്സിന് ആശ്വാസമാകുവാൻ ! രാത്രി വയർ വലിഞ്ഞുമുറുകുമ്പോൾ നെഞ്ചിലേക്ക് ചേർത്തുപിടിച്ചൊന്നു വയർ താങ്ങി വേദനയോടൊപ്പം സഞ്ചരിച്ചുകൊണ്ട് വേദനയുടെ ആക്കം കുറയ്ക്കാൻ !

പക്ഷേ, രണ്ടാമത്തെ ഗർഭം ധരിച്ച നാളുകളിൽ അവളുടെ ശരീരം കൂടുതൽ തടിച്ചപ്പോൾ അവന്റെ ചേർത്തുപിടിക്കലുകളുടെ നിമിഷങ്ങൾ അവൾക്ക് അന്യമാവുകയായിരുന്നു.

” നീ ഇങ്ങനെ തിന്നിരിക്കാതെ ഒന്ന് അനങ്ങി വല്ലതും ചെയ്യ്. കണ്ടില്ലേ, ഇപ്പോൾ തന്നെ വീപ്പക്കുറ്റിപോലെ ആയി. ഇപ്പഴേ ഇതാണ് അവസ്ഥ എങ്കിൽ പെറ്റൊന്നെണീക്കുമ്പോൾ എന്താകും? “

അവന്റെ നീരസം കലർന്ന വാക്കുകൾക്ക് മുന്നിൽ നിറകണ്ണുകളുമായി നിൽക്കുമ്പോൾ അവളിലെ പ്രതീക്ഷകൾ ആയിരുന്നു ആ കണ്ണുനീരിനോടൊപ്പം ഒഴുകിയിറങ്ങി കളം വിട്ട് പോയത്.

ഒന്പതാംമാസം സിസേറിയൻ വേണ്ടിവരുമെന്ന് ഡോക്ടർ പറഞ്ഞപ്പോൾ അവന്റെ ആധികലർന്ന നോട്ടത്തിലും വാക്കുകളിലും അവൾ പിന്നെയും ഇടക്കെങ്ങോ നിറംകെട്ടുപോയ സ്നേഹത്തെ നിറവർണ്ണശോഭയോടെ കണ്ടു.

പക്ഷേ, പിന്നെ ഒരിക്കൽപോലും അങ്ങനെ നിണമണിഞ്ഞ നിമിഷങ്ങൾ അവൾക്കായ് അവൻ കാത്തുവെച്ചില്ലായിരുന്നു.

സിസേറിയൻ കഴിഞ്ഞ നാളുകളിൽ കുഞ്ഞിനരികിൽ ചേർന്നിരിക്കുമ്പോൾ പോലും പലപ്പോഴും അവളെ നോക്കാൻ മടിക്കുകയായിരുന്നു അവൻ. പതിയെ പതിയെ അതിനൊരു മാറ്റം വന്നെങ്കിലും അന്ന് അവൾ അവനരികിൽ ചേർന്ന് കിടന്നൊന്ന് കെട്ടിപ്പിടിക്കാൻ നോക്കുമ്പോൾ ആ കൈ തട്ടിമാറ്റികൊണ്ടവൻ പറയുമായിരുന്നു ” ഈ തടിച്ച ശരീരം കാണുമ്പോഴേ എനിക്ക്…..അതിന് പുറമെ വയറിലെ വിരൽ കൊണ്ട് വികൃതമായ പാടുകളും തുന്നികെട്ടിയ കത്രികപ്പാടും……

എനിക്ക് അതൊന്നുമുള്ള നിന്റെ ശരീരം അല്ല വേണ്ടത്. ഞാൻ കൊതിച്ച പെണ്ണാവാൻ ഒരിക്കലും നിനക്ക് കഴിഞ്ഞിട്ടില്ല. കെട്ടിയ കാലത്ത് കൊള്ളിപോലെ ആയിരുന്നു. ഇപ്പഴോ…..

അതുകൊണ്ട് ഇനി എന്നെ കെട്ടിപ്പിടിക്കാൻ ഒന്നും നീ വന്നേക്കരുത്. എനിക്കത് ഇഷ്ട്ടമല്ല. നിന്റെ താല്പര്യങ്ങളെ തൃപ്തിപ്പെടുത്താമെന്നു വെച്ചാലും നിന്റെ വയറിലെയും അടിവയറ്റിലെ ഈ കത്രികപാടും എന്തോ…….പ്ലീസ്…. “

അത്‌ അവന്റെ അപേക്ഷയായിരുന്നോ….അറിയില്ല.

പക്ഷേ, ഒന്ന് മാത്രം അവൾക്ക് മനസിലായി…ദാമ്പത്യമെന്ന വസ്തുതയെ രണ്ട് മുറിയിടങ്ങളിലേക്ക് മാറ്റാൻ പറയാതെ പറയുകയാണ് അദ്ദേഹമെന്ന്.

ഇനിയുള്ള കാലം മറ്റുള്ളവർക്ക് മുന്നിൽ നല്ല ദമ്പതികളായി,വീടിന്റെ ചുവരുകൾക്കുള്ളിൽ രണ്ടറ്റങ്ങളിലെ മുറിയിടങ്ങളിലേക്ക് ഒതുങ്ങി ……

പക്ഷേ, എന്നും അവൻ സ്നേഹമുള്ളവൻ ആയിരുന്നു.കുട്ടിളെയും സുമയെയും പൊന്ന് പോലെ നോക്കുമ്പോഴും അവന്റെ മുറിയിൽ മാത്രമായിരുന്നു അവൾക്ക് തീണ്ടൽ. കാലങ്ങളായി.. !

ഇനിയെന്ത്…… അറിയില്ല…പക്ഷേ, അവൾ സ്വയം ആശ്വസിക്കാൻ തിരഞ്ഞെടുത്ത ആ വാക്ക് അതുമാത്രമായിരുന്നു,

” ലൈംഗികത മാത്രമല്ലല്ലോ ജീവിതം എന്നത്….അത്‌ ഒഴിച്ചാൽ സ്നേഹം കോണ്ട് മൂടുന്ന ഭർത്താവിൽ ഞാൻ സന്തോഷവതിയാണെന്ന് ! കാത്തിരിക്കാം..ജീവിതം മുന്നിൽ കിടക്കുകയാണല്ലോ “