ജീവിതത്തിൽ ഏറ്റവും സുന്ദരിയായി നിൽക്കേണ്ട ഒരു അവസരത്തിൽ ഏറ്റവും ബോറായി നോക്കുകുത്തിയായി നിൽക്കേണ്ടി വരുന്ന അവസ്ഥ…

രചന: മഞ്ജു ജയകൃഷ്ണൻ

ജീവിതത്തിൽ ഏറ്റവും സുന്ദരിയായി നിൽക്കേണ്ട ഒരു അവസരത്തിൽ ഏറ്റവും ബോറായി നോക്കുകുത്തിയായി നിൽക്കേണ്ടി വരുന്ന അവസ്ഥ.ഭാവി ഭർത്താവ് ആണെങ്കിൽ നല്ല കിടിലൻ ലുക്കിലും .കട്ട ശോകം എന്നല്ലാതെ എന്ത് പറയാൻ ആണ് .എന്തിലും കുറ്റം മാത്രം കണ്ടു പിടിക്കുന്ന നാട്ടുകാർക്ക് നല്ല കോളായിരുന്നു

ഡിസംബർ 14 ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത ദിവസം .അന്നായിരുന്നു എന്റെ കല്യാണനിശ്ചയം നടന്നത് .സ്വപ്‌നങ്ങൾ യാഥാർഥ്യമാവുന്നതിന്റെ ആദ്യപടി .ഡ്രസ്സ്‌ വൈക്കത്തു നിന്നു എടുക്കാം എന്ന് എല്ലാവരും പറഞ്ഞപ്പോൾ നമുക്ക് ഒരു പുച്ഛം .അല്ലെങ്കിലും മുറ്റത്തെ മുല്ലക്ക് പണ്ടും ഇപ്പോഴും മണം ഇല്ലല്ലോ

വച്ചു പിടിച്ചു എറണാകുളത്തേക്കു .ഒരുപാട് നല്ല സാരികൾ കണ്ടു എങ്കിലും കുറച്ചു ഹെവി ആയിക്കോട്ടെ വച്ചു കല്ലും മുത്തും എന്നു വേണ്ട ഒരുമാതിരി എല്ലാ ഐറ്റംസ് ഉള്ള ഒരു സാരീ തന്നെ അങ്ങ് എടുത്തു .

രാവിലെ തന്നെ ബ്യൂട്ടിപാർലറിൽ ഹാജർ വച്ചു .ഉണ്ടായിരുന്ന മുടി പല അടവുകളും പയറ്റി പകുതിയും മുക്കാലും വെട്ടി നിരപ്പാക്കി .അടുത്ത അക്രമം എന്റെ പാവം പുരികക്കൊടികളോട് ആയിരുന്നു . പഴയ സിനിമകളിലെ നസീറിന്റെ പഴുതാര മീശയെ ഓർമ്മിപ്പിക്കും വിധം ഒരു നേരിയ വര ആക്കി .

അതു അഡ്ജസ്റ്റ് ചെയ്യാൻ പിന്നെ ഐബ്രോപെൻസിൽ .റോസ് പൗഡർ ,ലിപ്സ്റ്റിക് അവിടെ ഉണ്ടായിരുന്ന ഒരുവിധം എല്ലാ ഐറ്റംസും എന്നിൽ പരീക്ഷിച്ചേ ആ ചേച്ചി അടങ്ങിയുള്ളൂ .ലാസ്റ്റ് കണ്ണാടിയിൽ നോക്കിയ ഞാൻ തന്നെ പേടിച്ചു പോയി .പോരാത്തതിന് കള്ളിയങ്കാട്ടു നീലിയെ പോലെ തലയിൽ കുറേ മൊട്ടു സൂചിയും അറ്റത്തു കുറേ മുത്തുകളും .മേമ്പൊടിയായി നേരത്തെ പറഞ്ഞ നാലഞ്ചു കിലോ ഭാരം വരുന്ന സാരിയും

കരയാൻ തുടങ്ങിയപ്പോൾ വിളി വന്നു സമയം ആയത്രേ .അതെ കോലത്തിൽ ഞാൻ ആ ചടങ്ങിനു കേറി .കണ്ട ഉടനെ ഭാവി ഭർത്താവിന് ചിരി സഹിക്കാൻ പറ്റുന്നില്ല .

കല്യാണത്തിന് അതു കൊണ്ട് മേക്കപ്പ് ചെയ്യാൻ വന്ന ചേച്ചിയോട് ഒറ്റ ആവശ്യമേ പറഞ്ഞുള്ളു .ഏറ്റവും കുറഞ്ഞ രീതിയിൽ മേക്കപ്പ് മതി .ഇല്ലെങ്കിലും ഒരു കുഴപ്പവും ഇല്ല .എല്ലാ കുട്ടികളും തിരിച്ചാണല്ലോ മോളെ പറയുന്നത് എന്നുള്ളതിന് ചമ്മിയ ചിരിയോടെ മറുപടി പറഞ്ഞു “മേക്കപ്പ് ഒട്ടും ഇഷ്ടം അല്ലാത്തത് കൊണ്ടാ”. നിശ്ചയത്തിനു പൂതന ആയിരുന്നതു കല്യാണത്തിന് താടക ആവരുതല്ലോ

കല്യാണത്തിന് പോരെ ബ്യൂട്ടീഷ്യൻ ഒക്കെ എന്ന അമ്മയുടെ ചോദ്യത്തിനു
എന്റെ വക ഡയലോഗ് “എല്ലാവരും എന്നെ കാണാനാ വരുന്നേ “.അതു അറം പറ്റി പോയി .എല്ലാവരും കണ്ടു തൃപ്തി അടഞ്ഞു .