ഒരിക്കലും കാണാൻ ആഗ്രഹിക്കാത്ത മുഖം മുന്നിൽ നിൽകുമ്പോൾ അതുവരെ അവളിലുണ്ടായിരുന്നു സന്തോഷം കെടുത്തുന്നതായിരുന്നു ആ കാഴ്ച.

രചന: മഹാ ദേവൻ

കുറെ കാലങ്ങൾക്കുശേഷമായിരുന്നു അവളെ കാണുന്നത്.ഒരിക്കൽ പോലും മനസ്സിൽ ചിന്തിക്കാത്ത ആ കൂടിക്കാഴ്ചയിൽ ഒരു നിമിഷം നിശ്ചലമായി നിൽക്കുമ്പോൾ അവൻ ശ്രദ്ധിച്ചതൊക്കെയും അവൾക്ക് വന്ന മാറ്റങ്ങൾ ആയിരുന്നു.വാർദ്ധക്യം അവളെ പിടികൂടിത്തുടങ്ങിയിരിക്കുന്നു.കണ്ണുകൾ അവശതയെ എടുത്തുകാണിക്കുമ്പോഴും അവളിലെ പ്രസരിപ്പ് ഇപ്പോഴും കുറഞ്ഞിട്ടില്ലെന്ന് തോന്നി ജീവന്.

പണ്ടും അവൾ അങ്ങനെ ആയിരുന്നല്ലോ.നല്ല പ്രസരിപ്പോടെ ഓടി നടന്നവൾ.അവളുടെ കയ്യും പിടിച്ച് വയൽ വരമ്പുകൾ താണ്ടുമ്പോൾ മുത്തുപൊഴിയുംപോലെ ഉള്ള ചിരി ഇപ്പോഴും മുഴങ്ങുന്നുണ്ട് കാതിൽ.

ഇപ്പോൾ എന്നല്ല, അവളെ ഉപേക്ഷിച്ചു പോയ അന്ന് മുതൽ ഇന്ന് വരെ. !

വൃദ്ധസദത്തിന്റെ വാതിൽക്കൽ ആരെയോ കാത്തു നിൽക്കവേ മുന്നിലേക്ക് കാറിൽ നിന്നും ഇറങ്ങിയ ആ മുഖം കണ്ട് വിശ്വസിക്കാൻ കഴിയുന്നില്ലായിരുന്നു അവൾക്കും !

ഇനി ഒരിക്കൽ പോലും ഈ മുഖം കാണരുതേ എന്ന് പ്രാര്ഥിച്ചതാണ്. പക്ഷേ വീണ്ടും..

ഒരുമിച്ചൊരു ജീവിതം സ്വപ്നം കണ്ട് ഒരു വാക്ക് പോലും പറയാതെ പടിയിറങ്ങിപ്പോയവൻ ആണ് മുന്നിൽ.ആദ്യമൊക്കെ കാത്തിരിപ്പായിരുന്നു വരുമെന്ന വിശ്വാസത്തിന്റെ അറ്റം പിടിച്ചുകൊണ്ട്. !

പതിയെ പതിയെ ബാധ്യത ഒഴിവാക്കാൻ സ്വയം കണ്ടെത്തിയ മാർഗ്ഗമാവാം പറയാതെ പടിയിറങ്ങിയതെന്നോർത്ത്‌ ഉള്ള് നിറയ്ക്കുമ്പോൾ
വാശിയായിരുന്നു മനസ്സ് ഒരുത്തനു നൽകി മറ്റൊരുത്തന്റെ ഭാര്യയായി ജീവിതകാലം മുഴുവൻ അഭിനയിച്ചു ജീവിക്കില്ലെന്ന വാശി.അന്ന് മുതൽ ഇന്ന് വരെ ഈ വൃദ്ധസദനത്തിലെ അന്തേവാസികൾക്കൊപ്പം അവരുടെ ജീവിതത്തിന്റെ ഭാഗമായി സ്നേഹവും ശിസ്രൂഷയും നൽകി അവർക്കായി ജീവിതം ഉഴിഞ്ഞുവെക്കുമ്പോൾ മനസ്സിനെ സന്തോഷിപ്പിക്കാൻ ഇവിടുത്തെ ഓരോ അമ്മമാരുടെയും പുഞ്ചിരി മതിയായിരുന്നു.

പക്ഷേ ഇപ്പോൾ….

ഒരിക്കലും കാണാൻ ആഗ്രഹിക്കാത്ത മുഖം മുന്നിൽ നിൽകുമ്പോൾ അതുവരെ അവളിലുണ്ടായിരുന്നു സന്തോഷം കെടുത്തുന്നതായിരുന്നു ആ കാഴ്ച. അവനോടുള്ള വെറുപ്പ് മുഖത്തു പ്രകടമാക്കികൊണ്ട് പതിയെ ഉള്ളിലേക്ക് പോകാൻ തിരിയുമ്പോൾ പിന്നിൽ നിന്നും അവന്റെ വിളി അവളുടെ കാതുകളെ തഴുകി കടന്നുപോയി,

” പാർവ്വതി… !”

ആ വിളിയിൽ ഒരു നിമിഷം അവൾ ആ പഴയലോകത്തേക്ക് എത്തിയ പോലെ ആയിരുന്നു.എന്നും ആ പാടവരമ്പിലൂടെ ഓടുമ്പോൾ പാർവതീ എന്നും വിളിച്ചുകൊണ്ട് ഓടിക്കിതച്ചു വരുന്ന അവന്റെ മുഖമായിരുന്നു അപ്പോൾ മനസ്സിൽ.അന്നൊക്കെ അവൻ കൈപ്പിടിയിൽ കരുതിവെക്കാറുള്ള കുന്നിക്കുരുവിനോടൊപ്പം അവൻ കൈമാറിയിരുന്നത് അവന്റെ ഹൃദയം ആയിരുന്നു.പക്ഷേ, പിന്നെ എന്തിനായിരുന്നു ഒരു വാക്ക് പോലും പറയാതെ….

അവന്റെ ആ വിളിയിലൂടെ മനസ്സിലേക്ക് തഴുകിത്തലോടിവന്ന ഓർമ്മകളിൽ നിന്നും മോചിതയാകുമ്പോൾ അവൾ പതിയെ അവനു നേരെ തിരിച്ചു പുച്ഛഭാവത്തോടെ തന്നെ.

പക്ഷേ, അവന് ആ നിമിഷങ്ങൾ എന്നോ നഷ്ടപ്പെട്ടുപോയ എന്തോ തിരികെ കണ്ടെത്തിയ ഒരു അനുഭൂതിയായിരുന്നു.

” പാർവ്വതി… എന്നെ.. എന്നെ മറന്നോ നീ ” എന്ന് ചോദിക്കുമ്പോഴും അവന്റെ ഉള്ളിൽ അവൾക്കായ് തുടിക്കുന്ന ഒരു കാമുകന്റെ ഹൃദയം ഉണ്ടായിരുന്നു

പക്ഷേ, അവളിൽ ആ വാക്കുകൾ അരോചകം തോന്നുന്നതായിരുന്നു.

മറക്കാനോ… ഈ മുഖം അങ്ങനെ മറക്കാൻ പറ്റുമോ.. സ്നേഹത്തിന്റെ വിലയറിയാത്ത നിങ്ങളെ എന്നും ഓർക്കാറുണ്ട് ഞാൻ വെറുപ്പോടെ മാത്രം.
മനസ്സിൽ കൊണ്ട് നടന്ന മോഹങ്ങൾക്ക് നിങ്ങൾ ഇട്ട വില എന്തായിരുന്നു? പോകാമായിരുന്നു നിങ്ങൾക്ക്. പക്ഷേ, അത്‌ ആണുങ്ങളെ പോലെ പറഞ്ഞിട്ട് വേണം. അതിന് ബന്ധങ്ങളുടെ വില അറിയണം. സ്നേഹത്തെ പണം കൊണ്ട് അളക്കാതെ മനസ്സുകൊണ്ട് കാണാൻ ശ്രമിക്കണം.നിങ്ങളെ പ്രതിഷ്ഠിച്ച എന്റെ മനസ്സിനെ ഞാൻ ശപിക്കാറുണ്ട് ഇപ്പോഴും.അന്ധമായി നിങ്ങളെ വിശ്വസിച്ചതിന്.

നിങ്ങളുടെ ചിരിയിൽ മയങ്ങിപ്പോയതിന്.

പക്ഷേ, ഇന്നിപ്പോൾ ഞാൻ സന്തോഷവതിയാണ്. ഒരുപാട് അമ്മമാർ ഉണ്ട് എനിക്ക്. എന്നെ സ്നേഹിക്കാനും എനിക്ക് സ്നേഹിക്കാനും.ഈ സ്നേഹത്തിന് കളങ്കമില്ല.ഇവിടെ ചിരിക്കുമ്പോൾ ചതിയുടെ മണം ഉണ്ടാകാറില്ല.ആരുടെയോ കാരുണ്യം കൊണ്ടാണ് ഇവിടെ ഇത്രയും ജീവിതം കഴിഞ്ഞുപോകുന്നതെങ്കിലും ഉള്ളതിൽ സന്തോഷം കണ്ടെത്താൻ ശ്രമിക്കാറുണ്ട് ഇവിടെ എല്ലാവരും.ഇവിടുത്തെ ഓരോ പുഞ്ചിരിയും മനസ്സിനെ ചേർത്തുപിടിക്കുമ്പോൾ മനസ്സുകൊണ്ട് പ്രാർത്ഥിക്കാൻ ഇപ്പോൾ ഒന്ന് മാത്രേ ഉളളൂ.. ഇവരെ ഒക്കെ സന്തോഷിപ്പിക്കാൻ ശ്രമിക്കുന്ന ഒരു നല്ല മനസുണ്ട് എവിടെയോ.. അയാൾക് നല്ലത് മാത്രം വരുത്തണെ എന്ന്. അല്ലെങ്കിൽ ചിലപ്പോൾ ഇവിടെ ഉള്ള ചിരികളും നിറംകെട്ടുപോകും.

ഇവിടെ ഇവർക്കൊപ്പം ഇവർക്ക് വേണ്ടി ജീവിക്കാൻ തുടങ്ങിയത് മുതൽ മറക്കാൻ ശ്രമിക്കുന്ന ഒറ്റ മുഖം നിങ്ങളുടെ ആയിരുന്നു.പക്ഷേ, ഇപ്പോൾ വീണ്ടും ഓർമ്മിപ്പിക്കാനായി… “

അവളുടെ വാക്കുകൾ ശാന്തമായിരുന്നെങ്കിലും അതിൽ അവൾക്ക് അവനോടുള്ള അരിശവും നീരസവും കലർന്നിരുന്നു.

പക്ഷേ, അപ്പോഴും അവന്റ മുഖത്തൊരു പുഞ്ചിരി ഉണ്ടായിരുന്നു.അവളുടെ ദേഷ്യവും കോപവും വാക്കുകളിൽ നിന്ന് മനസ്സിലാക്കാൻ കഴിയുമ്പോഴേക്കും അവൾക്ക് മുന്നിൽ ഒന്നും പറയാതെ നിൽക്കുകയായിരുന്നു ജീവൻ.

തെല്ല് കിതപ്പോടെ അവൾ പറഞ്ഞ് നിർത്തുമ്പോൾ ഒരു വിഷാദം നിറഞ്ഞ പുഞ്ചിരി അവൾക്ക് സമ്മാനിച്ചുകൊണ്ട് അവൻ അവൾക്കരികിലെത്തി.

പിന്നെ അവളോട്‌ മാത്രമെന്നപോലെ പതിയെ പറഞ്ഞു അവൻ ” വെറുപ്പുമ്പോഴും ഓർക്കാൻശ്രമിക്കുന്നുണ്ടല്ലോ, മറക്കാൻ ശ്രമിക്കുമ്പോഴും നല്ലതിന് വേണ്ടി പ്രാര്ത്ഥിക്കുന്നുണ്ടല്ലോ. സന്തോഷം ” എന്ന്.

അതും പറഞ്ഞവൻ ഉള്ളിലേക്ക് നടക്കുമ്പോൾ അവൻ പറഞ്ഞതിന്റ അർത്ഥം മാത്രം അവൾക്ക് മനസ്സിലായിലായിരുന്നു.” വെറുപ്പോടെ മാത്രം ഓർക്കുന്ന ഇയാൾക്ക് വേണ്ടി ഞാൻ എന്തിന് പ്രാർത്ഥിക്കണം ” എന്ന് ചിന്തയോടെ അവളും അകത്തേക്ക് നടക്കുമ്പോൾ ജീവൻ നടന്നത് അവിടുത്തെ ഓഫീസ് ലക്ഷ്യമാക്കിയായിരുന്നു.

കുറച്ച് നേരം കഴിഞ്ഞു തിരികെ ഇറങ്ങി വേറെ ആർക്കും മുഖം കൊടുക്കാതെ അവൻ പുറത്തേക്കിറങ്ങുമ്പോൾ പിന്നിൽ നിന്നും ” സാറ് പോവാണോ ” എന്ന് ചോദിക്കുന്ന പാർവ്വതിയെ അവൻ തിരിച്ചറിഞ്ഞിരുന്നു. അല്ലെങ്കിലും ഒരിക്കലും ആ ശബ്ദം അവന് മറക്കാൻ കഴിയില്ലല്ലോ.പതിയെ അവൾക്ക് നേരെ തിരിയുമ്പോൾ ” സാറേ ” എന്ന വിളി മാത്രം അവനെ വല്ലതെ വിഷമിപ്പിച്ചു.അത്‌ പാർവ്വതിയാകുമ്പോൾ…

” അല്ല, സാറ് പറഞ്ഞല്ലോ. നിങ്ങൾക്ക് വേണ്ടി ഞാൻ പ്രാറ്ത്ഥിച്ചുവെന്ന്. ശരിയാണ്. പക്ഷേ അത്‌ ഒരിക്കലും ഈ മുഖം കാണരുതേ എന്നായിരുന്നു. അവിടെയും ദൈവം എന്നെ ചതിച്ചു. ” എന്ന് പറയുന്ന അവളുടെ വാക്കുകളിലെ പുച്ഛം മനസ്സിലാക്കികൊണ്ട് തന്നെ ആയിരുന്നു അവൻ അവൽക്കരികിലേക്ക് നടന്നടുത്തതും.

പാർവ്വതി. നീ എന്നെ കാണാതിരിക്കാൻ വേണ്ടി ഒരു വട്ടം പ്രാർത്ഥിക്കുമ്പോൾ എന്റെ നന്മക്ക് വേണ്ടി നൂറ് വട്ടം പ്രാര്ഥിക്കാറുണ്ട്.

അപ്പൊ പിന്നെ നീ കൂടുതൽ എന്താണോ പ്രാർഥിച്ചത് അത്‌ ദൈവം നടത്തിത്തന്നു എന്ന് മാത്രം കരുതുക. ദൈവം നിന്നോട് കൂടെതന്നെ ഉണ്ടെന്നും. ” അതും പറഞ്ഞവൻ തിരിഞ്ഞു കാറിനടുത്തേക്ക് നടകുമ്പോൾ ഒന്നുകൂടി പറഞ്ഞു
” നിന്നോട് പറയാതെ പോയത് എന്റെ തെറ്റ്. പക്ഷേ, ഉപേക്ഷിക്കാൻ അല്ലായിരുന്നു. ഞാൻ പോയാലും നിനക്ക് ഒരു ജീവിതം കിട്ടും എന്ന് അറിയാമായിരുന്നു. പക്ഷേ, ഞാൻ അന്ന് പോയില്ലായിരുന്നെങ്കിൽ…. ” എന്നും പറഞ്ഞ് ഒരു ദീർഘനിശ്വാസത്തോടെ അവൻ ഒന്നുകൂടി പറഞ്ഞു…” പ്രണയം ഒരിക്കലും മരിക്കില്ല പാർവ്വതി. ആ പ്രണയവുമായി ഞാൻ ഇനിയും വരും നിനക്കായി, നിനക്ക് എന്നെ മനസ്സിലാക്കാൻ കഴിയുമെങ്കിൽ ” എന്നും പറഞ്ഞ് ജീവൻ കാറിലേക്ക് കയറുമ്പോൾ എല്ലാം കേട്ട് പിന്നിൽ അവിടുത്തെ മാനേജർ നിൽപ്പുണ്ടായിരുന്നു.

ജീവൻ പറഞ്ഞതിന്റെ പൊരുൾ ഒന്നും മനസ്സിലാകാതെ അതേ പുച്ഛത്തോടെ തിരിയുമ്പോൾ ആണ് അവളും പിന്നിൽ നിൽക്കുന്ന ആളെ കണ്ടത്. അയാളെ കണ്ടതും മുഖത്തൊരു ചിരി വരുത്താൻ ശ്രമിച്ചുകൊണ്ട് അവൾ ഉള്ളിലേക്ക് പോകൻ തിരിയുമ്പോൾ മാനേജർ അവളോടായി ചോദിക്കുന്നുണ്ടായിരുന്നു ” പാർവതിക്ക് അറിയാമല്ലേ അയാളെ ” എന്ന്.

അയാളുടെ ചോദ്യം കേട്ട് ഒന്ന് അമ്പരന്നെങ്കിലും പിന്നെ താല്പര്യം ഇല്ലാത്തപ്പോലെ ” അറിയാം ” എന്ന് തലയാട്ടുമ്പോൾ അയാൾ ഒന്നുകൂടി പറയുന്നുണ്ടായിരുന്നു

” പാർവതിക്ക് അറിയാവുന്നത് നിന്നെ ഒരു പകൽ വെളുക്കുമ്പോൾ ഉപേക്ഷിച്ചുപോയ കാമുകനെ അല്ലെ ? പക്ഷേ, ഇന്ന് ഈ സ്ഥാപനം നിലനിൽക്കാൻ വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ജീവൻ എന്ന വെക്തിയെ അറിയില്ലല്ലോ ” എന്ന്.

ആ വാക്കുകൾ അവൾക്ക് വല്ലാത്തൊരു ഷോക്ക് ആയിരുന്നു. ആ അമ്പരപ്പിൽ നിൽകുമ്പോൾ ആയിരുന്നു ജീവൻ പറഞ്ഞ വാക്കുകളുടെ പൊരുൾ അവൾക്ക് മനസ്സിലായതും.കാണാതിരിക്കാനും നല്ലത് മാത്രം വരാനും പ്രാർഥിച്ചത് ഒരാൾക്ക് വേണ്ടി ആയിരുന്നു എന്ന സത്യം.അപ്പൊ അയാൾ പറഞ്ഞ പോലെ ദൈവം അല്ല ചതിച്ചത്. കൂടെ നിന്ന ദൈവം കൂടുതൽ പ്രാർത്ഥിച്ചതെന്താണോ അത്‌ നടത്തിത്തന്നപ്പോൾ അതിനുള്ളിൽ ഇങ്ങനെ ഒന്ന് ഒളിഞ്ഞിരിപ്പുണ്ടെന്ന് അറിഞ്ഞില്ല എന്നൊക്ക ചിന്തിച്ചുകൊണ്ട് നിൽക്കുമ്പോൾ മാനേജർ അവൾക്ക് നേരെ പുഞ്ചിരിച്ചുകൊണ്ട് തുടർന്നു

മോൾക്ക് അറിയോ.. ആർക്കും അറിയാത്ത ഒരു കാര്യം ഉണ്ട് അവന്റെ ജീവിതത്തിൽ. ചിലപ്പോൾ മോളോട് പോലും പറയാത്ത ചില സങ്കടങ്ങൾ. അതിൽ ഒന്നാണ് ഈ വൃദ്ധസദനം.

അവൻ വളർന്നത് ഇവിടെ ആയിരുന്നു. അവന്റെ അമ്മ അവനെ പെറ്റിട്ടത് ഇവിടെ ആയിരുന്നു. ഇവിടെ ഉള്ള ആളുകളെ കണ്ടാണ് അവൻ വളർന്നത്. ഇവിടുത്തെ ഓരോരുത്തരുടെയും സ്നേഹം അനുഭവിച്ചുകൊണ്ട്. അവർ എങ്ങനെ ഇവിടെ എത്തിപ്പെട്ടു എന്ന് ചോതിച്ചാൽ അതും വലിയൊരു കഥയാണ്. അതിലേക്കൊന്നും ഞാൻ കടക്കുന്നില്ലെങ്കിലും ഒന്ന് മാത്രം ഞാൻ പറയാം. ഒറ്റപ്പെട്ടുപോയ അവന്റെ അമ്മ ഇവിടെ എത്തുമ്പോൾ അവർ ജീവനെ ഗർഭം ധരിച്ചിരുന്നു.

ഇവിടെ വളർന്ന അവൻ ഒരു പ്രായം എത്തിയപ്പോൾ ആണ് സ്വന്തം കാലിൽ നിന്ന് പഠിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചതും അങ്ങനെ നിങ്ങളുടെ ഒക്കെ നാട്ടിൽ അവനെ ഒരു വീട്ടിൽ ആക്കുന്നതും. അവിടുത്തെ ചെറിയ ജോലികൾ ചെയ്‌തും ആ വീട്ടിൽ ഒരാളെ പോലെ നടന്ന അവനെ പഠിപ്പിക്കാൻ അവർ തയാറാക്കുമ്പോൾ ഈൗ നരകത്തിൽ നിന്നും അവനെങ്കിലും രക്ഷപ്പെട്ടാലോ എന്നാ സന്തോഷം ആയിരുന്നു എനിക്കും അവന്റെ അമ്മക്കുമൊക്കെ.ആ കാലത്തായിരുന്നു. അവന്റെ അമ്മക്ക് അസുഖം കൂടിയത്. അന്ന് നിന്നോട് പോലും പറയാതെ അവിടെ നിന്ന് ഇറങ്ങിത്തിരിക്കുമ്പോൾ അവനെ കാത്തിരുന്നത് വലിയ ഒരു ചുമതലയായിരുന്നു.

മരണത്തിന്റ അവസാനനിമിഷത്തിൽ അവന്റെ അമ്മ ആവശ്യപ്പെട്ടത് നമ്മളെ ചേർത്തു പിടിച്ച ഇവിടുത്തെ ആളുകളെ മറക്കരുത് മോനെ എന്നായിരുന്നു. നീ ഇവിടെ വരുന്നവർക്ക് മകനാകണം, ഇവിടെ ഉള്ളവർ എല്ലാം നിന്റെ അമ്മമാർ ആണ് . നീ സംരക്ഷിക്കണം ഇവരെ എന്നൊക്കെ പറഞ്ഞ് ആ അമ്മ കണ്ണടക്കുമ്പോൾ ആ ചെറുപ്രായത്തിൽ അമ്മക്ക് കൊടുത്ത വാക്ക് പാലിക്കാൻ ചുമലിലേറ്റാൻ കഴിയാത്ത അത്ര ഭാരവുമായി ഇറങ്ങിയതാണ് അവൻ ഇവിടെ നിന്ന്. അന്ന് മുതൽ ഇവർക്ക് വേണ്ടി മാത്രം ജീവിക്കുമ്പോൾ അവൻ പറഞ്ഞിരുന്നു നിന്നെ കുറിച്ചൊക്കെ.അതോടൊപ്പം അവൻ ഒന്നുകൂടി പറയുമായിരുന്നു ഇനി ഒരിക്കലും അവളെ കാണാതിരിക്കാൻ ശ്രമിക്കാം എന്ന്. പക്വത ഇല്ലാത്ത പ്രായത്തിന്റെ വെറും തമാശയായി നീ അതിനെ തള്ളിക്കളഞ്ഞുകൊണ്ട് വേറെ ഒരു ജീവിതത്തിലേക്ക് കടന്നേക്കുമെന്നും.അവന് വേണേൽ നിന്നെ വിളിക്കാമായിരുന്നു. പക്ഷേ, അതിന് ശ്രമിക്കാത്തത് മനപ്പൂർവം ആയിരുന്നു. ഒരു വിളി കൊണ്ട് പോലും ഇനിയും നിന്ന് മോഹിപ്പിക്കാതിരിക്കാൻ. കാത്തിരിക്കാൻ പറഞ്ഞാൽ അത്‌ എത്ര കാലം നീണ്ടുപോകുമെന്ന് അവന് പോലും പറയാൻ കഴിയില്ലെന്ന് ഉറപ്പുള്ളതിനാൽ.

പക്ഷേ, ആ പെൺകുട്ടി നീ ആയിരുന്നു എന്ന് ഞാൻ അറിയുന്നത് ഈ നിമിഷം ആണ്. അവൻ വീണ്ടും നിന്നെ കണ്ട ഈ നിമിഷം !

എനിക്ക് ഒന്നേ പറയ്യാൻ ഉള്ളൂ മോളെ.

ഇനിയും അവനെ വെറുക്കരുത്.സ്നേഹിച്ച പെണ്ണിനെ ഹൃദയം പറിച്ചെറിയുംപോലെ അറുത്തുമാറ്റിയത് അവന്റെ അമ്മയുടെ വാക്കുകൾക്ക് ജീവൻ പകരാൻ വേണ്ടിയായിരുന്നു !ഇവിടുത്തെ ഒരുപാട് അമ്മമാരുടെ കണ്ണുനീർ ഒപ്പാൻ !മക്കൾ ഉപേക്ഷിച്ചു ഇവിടെ വരുന്ന ഒരാളുടെയും കണ്ണുകൾ നിരയാതിരിക്കാൻ ……”

അയാളുടെ ഓരോ വാക്കുകളും അവിശ്വസനീയമായാണ് അവൾ കേട്ടത്.
ആരെയും മുൻകൂട്ടി മനസിലാക്കാൻ കഴിയില്ലെന്ന് തിരിച്ചറിയുമ്പോൾ പലപ്പോഴും വെറുപ്പോടെ മാത്രം കണ്ട ആ മുഖം ഒരിക്കൽ കൂടി മനസ്സിലേക്ക് വരുന്നുണ്ടായിരുന്നു ഒരുപാട് ജീവിതങ്ങളെ ചേർത്ത് പിടിക്കുന്ന ദൈവത്തെ പോലെ..

അന്ന് ഒരു വാക്ക് പറഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുമ്പോഴും അന്ന് അത്‌ പറഞ്ഞിരുന്നെങ്കിൽ ചിലപ്പോൾ ഇതുപോലെ ഈ അമ്മമാരുടെ സന്തോഷം കാണാൻ സാധിക്കിലായിരുന്നു.അന്ന് മനസ്സുകൊണ്ട് വെറുത്ത മനുഷ്യനെ ഇന്ന് മനസുകൊണ്ട് പൂജിക്കുമ്പോൾ അവൻ അവസാനമായി പറഞ്ഞ ആ വാക്കുകൾ അവളുടെ മനസ്സിലൂടെ ഒന്ന് തഴുകിത്തലോടികടന്നുപോയി !

” പ്രണയം ഒരിക്കലും മരിക്കില്ല പാർവ്വതി. ആ പ്രണയവുമായി ഞാൻ ഇനിയും വരും നിനക്കായി, നിനക്ക് എന്നെ മനസ്സിലാക്കാൻ കഴിയുമെങ്കിൽ “

അതോടൊപ്പം ആ പാടവരമ്പിലൂടെ അവൾക്ക് പിന്നാലെ അവൻ കിതപ്പോടെ ഓടുന്നുണ്ടായിരുന്നു കയ്യിൽ കരുതിയ ഒരു കൂട്ടം പ്രണയത്തിന്റെ കുന്നിക്കുരുവുമായി !!!