ഈ ആണുങ്ങളുടെ പ്രശ്നങ്ങൾ ഒക്കെ ഈ പെണ്ണുങ്ങൾക്കു മനസ്സിലാകുമോ ? എന്റെ അമ്മുക്കുട്ടി വീടിനകത്തു അമാവാസി പോലെ അച്ഛമ്മ ഇല്ലേ…

നീയും ഞാനും ഒന്നാണ് ~ രചന: നിവിയ റോയ്

“ആഹാ …..പായസവുമുണ്ടോ …?”

ഉരുളിയിൽ നിന്നും ചൂടു പായസം സിത്താര ,വെള്ള സ്പടിക പാത്രത്തിലേക്കു പകരുന്നതിനിടയിൽ അയാൾ ചോദിച്ചു .

“ഇതെന്താപ്പോ ….ഇന്ന് എന്തെങ്കിലും വിശേഷമുണ്ടോ ….? ആരുടെയും പിറന്നാളൊന്നുമല്ലല്ലോ ….?ഉണ്ണിക്കുട്ടന് ഇഷ്ടമുള്ള സാമ്പാറും
പപ്പടവും…അമ്മുക്കുട്ടിക് ഇഷ്ടമുള്ള പച്ചടിയും ചേന ഉപ്പേരിയും….എനിക്കിഷ്ടമുള്ള അവിയൽ ….പിന്നെ നമുക്കെല്ലാവർക്കും ഇഷ്ടമുള്ള പായസവും .”

ചൂടുചോറിൽ കറികളൊക്കെ ധൃതിയിൽ കുഴച്ചു ഉരുളകളാകുന്നതിനിടയിൽ അയാളുടെ ചോദ്യം കേട്ട് കുട്ടികൾ അമ്മയെ നോക്കി കണ്ണിറുക്കി ചിരിക്കുന്നത് അയാൾ കണ്ടില്ല .

“കുറച്ചു പച്ചക്കറികൾ ഉണ്ടായിരുന്നു ചീത്തയായി തുടങ്ങി അതുകൊണ്ടു എല്ലാം എടുത്തു .പിന്നെ കഴിഞ്ഞ ഓണത്തി നു മേടിച്ച പായസക്കൂട്ടും ഉണ്ടായിരുന്നു .

ഗ്ലാസിൽ വെള്ളം ഒഴിച്ച് അയാളുടെ അടുത്തേക്ക് നീക്കി വയ്ക്കുന്നതിനിടയിൽ സിത്താര പറഞ്ഞു .

“നീയുംക്കൂടി ഇരിക്ക് സിത്തു …..നിനക്കു എപ്പോളും തിരക്കാണ് ഒന്നിച്ചിരുന്നു ഒന്നു ഊണുകഴിക്കാൻ കിട്ടുന്ന ആകെയുള്ള ഒരു ദിവസമാണ് ഈ ഞായറാഴ്ച .”

തന്റെ ഇടതുകൈ കൊണ്ടു അവളെ പിടിച്ചു വലിച്ചു അടുത്തിരുത്തികൊണ്ട് അയാൾ പറഞ്ഞു .
.
“ഇങ്ങനെ ഒരു അമ്മയെ കിട്ടിയത് മക്കളെ നിങ്ങളുടെ ഭാഗ്യമാണ് .എന്തു കൈപുണ്യമാണ്‌ നിങ്ങളുടെ അമ്മയ്ക്കു .ഒരു നേരത്തെ ഭക്ഷണം പോലും രുചിക്കും മെനയ് ക്കും കഴിക്കാൻ പറ്റിയില്ലെങ്കിൽ എന്തുണ്ടായിട്ടും കാര്യമില്ല .”

ഓരോ ഉരുളയും ആസ്വദിച്ചു കഴിക്കുന്നതിനിടയിൽ അയാൾ പറഞ്ഞു.

“എന്നിട്ടാണോ ….കഴിഞ്ഞ ആഴ്ച അമ്മയുമായിട്ടു വഴക്കിട്ടപ്പോൾ അച്ഛൻ പറഞ്ഞത് ഇങ്ങനെ ഒരുത്തിയെ ആണല്ലോ ….എന്റെ തലയിൽ കെട്ടിവച്ചതെന്നു “

പപ്പടം വായിലിട്ടു ഉറക്കെ ചവച്ചു കൊണ്ട് തന്റെ മുൻനിരയിലെ പല്ലുപോയ വിടവിൽ പപ്പടം പുറത്തേക്കു നീട്ടി ഗോഷ്ടികാണിച്ചു ചിരിച്ചുകൊണ്ട് ഉണ്ണിക്കുട്ടൻ ചോദിച്ചു .

“അത് പിന്നെ ….അത് …. വഴക്കിടുമ്പോൾ അങ്ങനെ എന്തൊക്കെ പറയും .”

കുനിഞ്ഞിരുന്നു ചിരിക്കുന്ന അമ്മയെ നോക്കി അച്ഛനെ വിഷമിപ്പിക്കണ്ടാന്നു കരുതി ചോറിനൊപ്പം ചിരിയെയും അമ്മുക്കുട്ടി വളരെ പാടുപെട്ടു വിഴുങ്ങുന്നതായാൾ കണ്ടു .

“പിന്നെ ഞങ്ങളുടെ വഴക്കൊക്കെ കണ്ടിട്ട് ഞാൻ ഇനി കല്യാണമേ കഴിക്കില്ലെന്ന് പറഞ്ഞു എന്റെ മോളു അച്ഛനെ സന്തോഷിപ്പിക്കരുത് ” തന്റെ ഷിർട്ടിന്റെ പോക്കറ്റിൽ അടിച്ചുകൊണ്ടു അയാൾ പറഞ്ഞു .

“പിന്നെ….. ഞാൻ കല്യാണം കഴിക്കും ….”

“ങ് ഹാ ….കഴിച്ചോ ?കാശു മോഹിച്ചു വരുന്ന ഒരുത്തനെയും ഇവിടെ കേറ്റില്ല .
നിന്റെ അമ്മയെ ഞാൻ ഒരു പൈസ സ്ത്രീധനം വാങ്ങാതെയാണ് കല്യാണം കഴിച്ചത് .”

അവിയലിന്റെ രുചി ആസ്വദിച്ചുകൊണ്ട് അയാൾ പറഞ്ഞു .

“അത് നന്നായി ഇല്ലെങ്കിൽ അച്ഛനിപ്പോളും കെട്ടാതെ നിന്നേനെ.”തലയാട്ടി ഉണ്ണിക്കുട്ടൻ പറയുന്നതുകേട്ട് ഉയർന്നു വന്ന പൊട്ടിച്ചിരിക്കിടയിൽ അയാളുടെ ചിരിയും പങ്കുചേർന്നു.

“പിന്നെ ….അച്ഛാ എനിക്ക് സ്വർണവും വേണം കാശും വേണം “

ഗൗരവത്തിൽ അമ്മുക്കുട്ടി പറഞ്ഞു

“ങേ ….. “വായും തുറന്നും കണ്ണും തുറിച്ചയാൾ ഇരുന്നു.

കുട്ടികളെ ചിരിപ്പിക്കാനുള്ള അയാളുടെ പതിവ് ഗോഷ്ടികളാണിതൊക്കെ.

“സുരേഷേട്ടാ …. നിങ്ങളൊന്നു വെറുതെയിരി ഇങ്ങനെ ചിരിപ്പിച്ചാൽ ചോറുവല്ലോ കുട്ടികളുടെ നിറുകയിലും കയറും “.

പതിയെ സ്നേഹപൂർവം അയാളുടെ കൈയിൽ അടിച്ചുകൊണ്ടു സിതാര പറഞ്ഞു .

ഇങ്ങനെ പോയാൽ … സ്ത്രീധനം ഒന്നും വേണ്ടന്നു കെട്ടാൻ വരുന്നവൻ പറഞ്ഞാലും പെൺകുട്ടികൾ പെറ്റവീടിന്റെ അസ്ഥിവാരം വരെ തോണ്ടിക്കൊണ്ടുപോകമല്ലോ ?.

ചില്ലു ഗ്ലാസിൽ നിന്നും ഒരു കവിൾ ഇളം ചൂടുവെള്ളം കുടിച്ചിറക്കികൊണ്ട് അയാൾ പറഞ്ഞു .

“പിന്നെ ഞാൻ പറഞ്ഞു വന്നത് നിങ്ങടെ അമ്മയെക്കുറിച്ചാണ് .പണ്ട് നിങ്ങടെ അമ്മേ ഞാൻ കെട്ടികൊണ്ടുവരുമ്പോൾ ഉണ്ടല്ലോ നിങ്ങടെ അച്ഛമ്മ …. എന്റെ അമ്മ ….ഇടക്കൊക്കെ മൂശാട്ടതരാമൊക്കെ
കാണിക്കുമായിരുന്നു “.

“അതിനു സംശയിക്കാനൊന്നുമില്ല അച്ഛന്റെ അല്ലേ അമ്മ”.

സുരേഷിനെപോലെ ഗോഷ്ടികാട്ടികൊണ്ടു ഉണ്ണിക്കുട്ടൻ പറഞ്ഞു

“ഉണ്ണീ ……”ശാസനയുടെ രൂപത്തിൽ സിതാര അവനെ നീട്ടി വിളിച്ചു .

“നീ ഒന്നു മിണ്ടാതിരിക്കട അച്ഛനൊന്നു പറയട്ടേയ് …”

അവന്റെ തുടയിൽ ചെറുതായി തല്ലികൊണ്ടു അമ്മുക്കുട്ടി പറഞ്ഞു .

“അപ്പോൾ അമ്മയ്ക്കു വിഷം തോന്നാറില്ലേ …?”അവന്റെ തമാശകേട്ട് ആരും ചിരിക്കാത്ത ചമ്മലോടെ ഉണ്ണിക്കുട്ടൻ ചോദിച്ചു “പിന്നെ …..ഞാൻ പറയാം ” അയാൾ തുടർന്നു .

“ഞാൻ വൈകിട്ട് വീട്ടിലേക്കിങ്ങനെ വരുമ്പോൾ ….”

അയാൾ തന്റെ ചുമലുകൾ ഉയർത്തി കൈകൾ ചലിപ്പിച്ചുകൊണ്ടു ആംഗ്യം കാണിക്കുന്നത് കണ്ടു അല്പം ശുണ്ഠിയോടെ സിത്താര പറഞ്ഞു .

“സുരേഷേട്ടാ നിർത്തുന്നുണ്ടോ….?എപ്പോളും ഉണ്ട് നിങളുടെ ഒരു തമാശ കളി ….ചോറാണ് മുന്നില്ലെന്നോർത്തോ “

“അത് ശരിയാ ….പാടില്ല “.

കുട്ടികളെനോക്കി ചൂണ്ടു വിരൽ അടികൊണ്ടു അയാൾ നിശ്ശബ്ദനായി
.
“എന്നിട്ട് പറ അച്ഛാ …”

അമ്മുക്കുട്ടി തന്റെ മുന്നിലെ സ്റ്റീൽ ഗ്ലാസിലെ വെള്ളം ഒരു കൈ കൊണ്ട് തിരിച്ചുകൊണ്ട് പറഞ്ഞു .

“ങ് ഹാ …..അങ്ങനെ അച്ഛൻ വരുമ്പോൾ …..ഹോ …..അമ്മയുടെ മുഖം ….എന്റെ പൊന്നോ ….ഒന്നേ നോക്കു ….കറണ്ട് കട്ട് വന്നപോലെ ….ഒന്നും മിണ്ടാതെ അച്ഛൻ അവിടുന്ന് രക്ഷപെട്ട് വരുമ്പോൾ …ദേ …..നിങ്ങടെ അച്ഛമ്മ മുൻപിൽ മുഖത്ത് അമാവാസിയുമായി …..ഒരു ഗ്ലാസ്സ് ചൂടു ചായ സ്വപ്നം കണ്ടാണ് അച്ഛൻ വരുന്നത് …..ചായ പോയിട്ട് ഒരു ഗ്ലാസ്സ് വെള്ളമെടുത്ത് തരാൻ ആരുമില്ല …. ഇല്ലെങ്കിൽ അച്ഛന്റെ സ്കൂട്ടറിന്റെ ഒച്ച കേൾക്കുമ്പോളെ അമ്മ ഓടിവന്നു സുരേഷേട്ടാ ….ചായ വേണോ അതോ …..?അപ്പോൾ പുറകിൽ നിന്നും അച്ഛമ്മ മോനെ.. ….കാപ്പി മതിയോടാ …..?രണ്ടുപേരെയും വിഷമിപ്പിക്കണ്ടാന്നു കരുതി ഞാൻ പറയും ചാപ്പി മതിയെന്ന് ……”

അത് പറഞ്ഞു സുരേഷ് പൊട്ടിച്ചിരിച്ചു കൂടെ കുട്ടികളും .

“ഒന്നു പോ ….സുരേഷേട്ടാ നിങ്ങളുടെ പുളുവടി കുറച്ചു കൂടുന്നുണ്ട് …..”

കഴിച്ച പ്ളേറ്റുകൾ അടുക്കിവയ്ക്കുന്നതിനിടയിൽ അവൾ
പറഞ്ഞു .

“അച്ഛൻ പിന്നെ എങ്ങനെ ഇതൊക്കെ സോൾവ് ചെയ്തു “

ഗ്ലാസിൽ അടിയിലുള്ള പായസം സ്പൂൺ മാറ്റി തന്റെ വിരലിൽ തോണ്ടി നുണഞ്ഞു കൊണ്ടു ഉണ്ണിക്കുട്ടൻ ചോദിച്ചു.”ഡാ… ഉണ്ണിക്കുട്ടാ ….”

അവന്റെ തോളിൽ തടവിക്കൊണ്ട് അയാൾ തുടന്നു. “

“അച്ഛൻ പറയാം നിനക്കു ഭാവിയിൽ ഇതൊക്കെ ഉപകാരപ്പെടും “.

“പിന്നെ എന്റെ കെട്ടിയോളെ നിങ്ങളു രണ്ടാളും വല്ലോം പറഞ്ഞാൽ ഉണ്ടല്ലോ ….?ഞാൻ ശരിയാക്കും “

അവൻ ഭീഷണി മുഴക്കി .

“കേട്ടോടി നിന്റെ മകൻ പറയുന്നത് …?”

പാത്രവുമായി അടുക്കളയിലേക്കു നീങ്ങുന്ന സിത്താരയെ നോക്കി അയാൾ വിളിച്ചു പറഞ്ഞു .

“പിന്നെ എന്റെ അച്ഛനെയും അമ്മയെയും വല്ലോം പറഞ്ഞാലുണ്ടല്ലോ നിന്നെ ഞാൻ ശരിയാക്കും .”

“കണ്ടോടി എന്റെ മകൾ പറയുന്നത് …”

കൈകഴുകാൻ എഴുനെല്കുന്നതിനിടയിൽ ,അടുക്കളയിലേക്കു നോക്കി അയാൾ ഉറക്കെ വിളിച്ചു പറഞ്ഞു .

“പറ അച്ഛാ എന്നിട്ടു അച്ഛൻ എങ്ങനെ സോൾവ് ചെയ്തു ” വിരലിൽ പറ്റിപ്പിടിച്ചിരിക്കുന്ന പായസം നുണഞ്ഞു കൊണ്ടു ഉണ്ണിക്കുട്ടൻ ചോദിച്ചു.

“നിങ്ങൾ രണ്ടാളും കൈ കഴുകി കോലയിലേക്കു വാ … അവിടെ പുറത്തെ കാറ്റൊക്കെ കൊണ്ടിരുന്നു നമുക്ക് ബാക്കി കഥ പറയാം “.

കൈ കഴുകി തന്റെ മുണ്ടിന്റെ അറ്റം കൊണ്ടു തുടക്കുന്നതിനിടയിൽ അയാൾ പറഞ്ഞു .

“സിത്തു ……..നീയും കൂടി വാ …..” വരാന്തയിലേക്കു നടക്കുന്നതിനിടയിൽ അയാൾ അടുക്കളയിലേക്കു നോക്കി വിളിച്ചു .

മക്കൾ കഥ കേൾക്കാനായി അയാളുടെ അടുത്തിരുന്നു .അയാൾ തുടർന്നു
“എന്നും ചായ കുടികഴിഞ്ഞു അച്ഛനും അമ്മയും കുറച്ചു നേരം പുറത്തിരിക്കും ആ സമയത്താണ് ഞങ്ങൾ ഭാവിപരിപാടികൾ ചർച്ചചെയ്യുന്നത് .”

മുഖത് ഒരല്പം ഗൗരവം വരുത്തി അയാൾ പറഞ്ഞു .

“അങ്ങനെ പുറത്തു വന്നിരിക്കുമ്പോൾ അച്ഛൻ പതിയെ അമ്മയുടെ തലയിലൊക്കെ ഒന്നു തടവി ചോദിക്കും ,പൊന്നേ …. മുത്തേ ….സ്വത്തെ ….പഞ്ചാരേ ….”എന്നൊക്കെ ആദ്യം വിളിക്കും .അമ്മയുടെ മുഖം അപ്പോൾ പതിയെ തെളിഞ്ഞു വരാൻ തുടങ്ങും അപ്പോൾ ഞാൻ ചോദിക്കും .എന്താ വല്ലതിരിക്കുന്നതു അമ്മ നിന്നെ വല്ലതും പറഞ്ഞോ …..?ചോദിച്ചു തീരുന്നതും അമ്മ ഒരു പൊട്ടി കരച്ചിലാണ് …..പാവം അന്ന് അവളൊരു തൊട്ടാവാടിയായിരുന്നു .

“ഇന്നോ ……?”തന്റെ കൈയിലെ നെയിൽ പോളിഷ്‌ നഖം കൊണ്ട് ചുരണ്ടുന്നതിനിടെയിൽ അമ്മുക്കുട്ടി ചോദിച്ചു .

“ഇന്നോ …..,എന്റെ പൊന്നോ ….കൈത ഓല കണ്ടിട്ടുണ്ടോ …? അതു തന്നേ….”താടിക്കു കൈകൊടുത്തു അയാൾ പറഞ്ഞു.

“കൈത ഓലയോ …?”നെറ്റി ചുളിച്ചു അമ്മുക്കുട്ടി ചോദിച്ചു . “അതെ രണ്ടറ്റത്തും മുള്ളാണ് ….അത് പോലെയാണ് ഇപ്പോൾ …..”

“ദേ ….സുരേഷേട്ടാ ഞാനിപ്പോൾ അങ്ങോട്ട് വന്നാലുണ്ടല്ലോ ….?” ഊണുമേശ തുടച്ചു വൃത്തിയാകുന്നതിനിടയിൽ സിത്താര പറഞ്ഞു . കൈകൾ വാകൊണ്ടു പൊത്തി ഭയപ്പെട്ടിരിക്കുന്നപോലെ അയാൾ ചുരുണ്ടിരുന്നു .

“അമ്മയെ സോപ്പ് ഇട്ടതോടെ അതോടെ അച്ഛന്റെ പ്രശ്നങ്ങൾ ഒക്കെ തീർന്നില്ലേ….” അമ്മുക്കുട്ടി ചോദിച്ചു

“നമ്മൾ ആണുങ്ങളുടെ പ്രശ്നങ്ങൾ ഒക്കെ അങ്ങനെ തീരുമോ അച്ഛാ അല്ലേ….?”പുതിയതായി വാങ്ങിയ ടോയ് കാറിന്റെ സ്ക്രൂ അഴിക്കുന്ന തിരക്കിനിടയിൽ ഉണ്ണിക്കുട്ടൻ ചോദിച്ചു .

“അതു തന്നേ കുട്ടാ ….ഈ ആണുങ്ങളുടെ പ്രശ്നങ്ങൾ ഒക്കെ ഈ പെണ്ണുങ്ങൾക്കു മനസ്സിലാകുമോ ?എന്റെ അമ്മുക്കുട്ടി വീടിനകത്തു അമാവാസി പോലെ അച്ഛമ്മ ഇല്ലേ ?അച്ഛമ്മയെകൂടി സോപ്പ് ഇടണ്ടേ…..?രാത്രി അത്താഴമൊക്കെ കഴിഞ്ഞു അച്ഛമ്മ ഇങ്ങനെ ചാരു കസേരയിൽ ഇരുന്നു ടി വി കാണും . അപ്പോ അച്ഛൻപതിയെ ചെന്ന് കസേരയുടെ അടുത്ത് തറയിലിരുന്ന് അച്ഛമ്മയോടു ചോദിക്കും .ഏതാണമ്മേ ഈ സീരിയൽ അച്ഛമ്മ ഗൗരവത്തിൽ തന്റെ കണ്ണാടി ദേ ഇങ്ങനെ ഇളക്കി ഉറപ്പിച്ചു കൊണ്ടു പറയും.കരയുന്ന സുന്ദരി .”

“കരയുന്ന സുന്ദരിയോ …..?”

വിശ്വാസം വരാത്ത പോലെ അമ്മുക്കുട്ടി ചോദിച്ചു .

“അങ്ങനെ ഏതാണ്ടാന്ന് അമ്മുക്കുട്ടി …….എല്ലാത്തിലും കരച്ചിൽ അല്ലേ ….?
അതുകേട്ടു അച്ഛൻ അച്ഛമ്മയോടു ചോദിക്കും എന്റെ അമ്മേ അത്അമ്മായിയമ്മയും മരുമകളും തമ്മിലുള്ള തല്ലല്ലേ ? അച്ഛമ്മ അതുകേൾകാത്തപോലെ ഗൗരവത്തിൽ ടി വി നോക്കികൊണ്ടിരിക്കും .
ഒരു രണ്ടുമിനിട്ടു കഴിഞ്ഞു അച്ഛൻ വീണ്ടും ചോദിക്കും അമ്മേ …..അടുത്ത സീരിയൽ എന്താണ് ?.

അതിന്റ പേര് ആലോചിക്കുന്നപോലെ അയാൾ കണ്ണുകൾ വട്ടത്തിൽ ചുഴറ്റി .

കുട്ടികൾ അതുകണ്ടു ചിരി തുടങ്ങി .

“കിട്ടിപ്പോയി ചിരിക്കുന്ന സുന്ദരി …”

“ഒന്നു പോ ….അച്ഛാ ചിരിക്കിടയിൽ അമ്മുക്കുട്ടി പറഞ്ഞു .”

അച്ഛൻ അച്ഛമ്മയോടു പറയും അത് മരുമകളും നാത്തൂന്മാരും തമ്മിലുള്ള ചേരിപ്പോരല്ലേ ….?
അച്ഛമ്മക്ക് തീരെ ഇഷ്ടമായില്ലന്നു മുഖം കണ്ടാൽ മനസ്സിലാകും .”

“അച്ഛാ ഈ അമ്മായി അച്ഛൻ പോരെന്നും അളിയൻ പോരെന്നും എന്നൊന്നും കേട്ടിട്ടില്ലല്ലേ ?”

ഉണ്ണിക്കുട്ടൻ ചോദിച്ചു .

“എടാ …ഉണ്ണിക്കുട്ടാ നമ്മൾ ആണുങ്ങൾ പാവത്തുങ്ങൾ ആന്നെന്നു പറയുന്നത് സീരിയലുകാര് മാത്രമാണ് അതുകൊണ്ടു ഇന്നുമുതൽ സീരിയലിനെ കുറ്റം പറയുന്ന പരിപാടി നിർത്തി .”

അയാൾ കൈരണ്ടും ചലിപ്പിച്ചുകൊണ്ടു പറഞ്ഞു .

“ങ്ഹാ ….നമുക്ക് കഥയിലേക്ക് മടങ്ങി വരാം ….ചാരുകസേരയിൽ വച്ചിരിക്കുന്ന അച്ഛമ്മയുടെ കൈ പതിയെ തടവിക്കൊണ്ട് അച്ഛൻ ചോദിക്കും അതുകഴിഞ്ഞുള്ളത് അമ്മായിയമ്മയും മരുമോളും നാത്തൂന്മാരുമുള്ള കൂട്ടത്തല്ലായിരിക്കും അല്ലേ അമ്മേ …?അച്ഛമ്മ അതൊന്നും ശ്രദ്ധിക്കാത്ത പോലെ ഇരിക്കും .ഈ അമ്മായിയമ്മയും മരുമകളും തമ്മിൽ അടിയില്ലാത്ത ഒരു സീരിയലിന്റെ പേരുപറയാമോ അമ്മേ …?എന്റെ അമ്മേ …..ബുദ്ധിയുള്ള ഏതെങ്കിലും അമ്മായിഅമ്മ മരുമകളോട് വഴക്കടിക്കുമോ ?ഒന്നു വീണു കാലോടിഞ്ഞാൽ ആരു ഒന്നു കുഴമ്പിടും കെട്ടിച്ചു വിട്ട ചേച്ചിമാർക്കു വരാൻ പറ്റുമോ ?അവർക്കവിടുത്തെ കാര്യം നോക്കണ്ടേ ?മകന് പറ്റുമോ ….?ദേ എന്റെ പോലത്തെ ബോസുമാരായിരിക്കും ഓഫീസിൽ …….പിന്നെ ആരാ ഉള്ളത് ……അതിനാണ് ഈ മരുമോളെ അങ്ങ് മകളെപ്പോലെ സ്നേഹിക്കണമെന്നു പറയുന്നത് .”

ഒരു ദീർഘ നിശ്വാസത്തോടെ അയാൾ തുടർന്നു .

“ഞാൻ പറഞ്ഞത് അച്ഛമ്മക്ക് പിടിച്ചില്ല ചാരുകസേരയിൽ നിന്നും ചാടിപിടഞ്ഞു എഴുന്നേറ്റു ധൃതിയിൽപോകുന്നതിനിടയിൽ തറയിൽ കുറച്ചു വെള്ളം വീണുകിടന്നതു കണ്ടില്ല .പാവം ….അച്ഛമ്മ അതിൽ ചവിട്ടി തെന്നി വീണു . നിലവിളിക്കുന്നതിനിടയിലും അച്ഛമ്മ ചോദിക്കുന്നുണ്ടായിരുന്നു എടാ … നിന്റെ നാക്ക് കാരിനാക്കാണോ എന്ന് ?.

അയാൾ തടിയിൽ കൈ കൊടുത്തു ദുഃഖിതനെ പോലെ ഇരുന്നു …

“പാവം അച്ഛമ്മ “അമ്മുക്കുട്ടി പറഞ്ഞു .

“എന്റെ അമ്മയുടെ അടുത്ത് വഴക്കിട്ടിട്ടല്ലേ ?”

തന്റെ പണി തുടർന്നുകൊണ്ട് ഉണ്ണിക്കുട്ടൻ പറഞ്ഞു

“പോടാ …….പാവം എന്റെ അമ്മ .അയാൾ തുടർന്നു പിന്നെ നിങ്ങളുടെ അമ്മയുടെ ശ്രുശ്രുഷയായിരുന്നു അച്ഛമ്മക് .ആദ്യം ഒക്കെ ബുദ്ധിമുട്ടായിരുന്നു….അന്നൊക്കെ അച്ഛമ്മയുടെ മൂശാട്ടതരത്തിനു കുറവൊന്നും ഉണ്ടായിരുന്നില്ല …. നിങ്ങടെ അമ്മ അതൊക്കെ ക്ഷമിച്ചു ….അച്ഛനു വേണ്ടി …അച്ഛനെ വിഷമിപ്പിക്കാതിരിക്കാൻ …..എനിക്ക് വേണ്ടി അവൾ ഒരുപാടു സഹിച്ചിട്ടുണ്ട് അവളെന്റെ ഭാഗ്യം ആണ് .”

കൈകൾ പിന്നിലായി തറയിൽകുത്തി നീട്ടിവച്ച കാലുകൾ ആട്ടി മുഖമുയർത്തി തെളിഞ്ഞ നീലാകാശം നോക്കി അയാൾ പറഞ്ഞു .തമാശയുടെ മൂടുപടം അയാളുടെ മുഖത്ത് നിന്നും മെല്ലെ ഊർന്നു വീണു . ആവശ്യത്തിലും കൂടുതൽ
വെളുപ്പ്‌ നിറം തോന്നിപ്പിക്കുന്ന അയാളുടെ മുഖം കുറച്ചുകൂടി വിളറിയ പോലെ കണ്ണുകളിൽ നനവ് പടർന്നു.

“അച്ഛൻ സെന്റി ആയല്ലോ …..?”.

അഴിച്ചിട്ട ടോയ് കാറിൽ നിന്നും കണ്ണുയർത്തി ഉണ്ണിക്കുട്ടൻ ചോദിച്ചു .

പെട്ടന്ന് പരിസരം ഓര്മവന്നപോലെ അയാൾ പറഞ്ഞു .

“ങ്‌ഹാ ….മക്കളെ നമുക്ക് വൈകിട്ട് ടൗണിൽ പോകാം അച്ഛൻ ഇന്നലെ വരുന്ന വഴികണ്ടു വലിയ സർക്കസുകാര് വന്നിട്ടുണ്ട് വലിയ കൂടാരം ഉണ്ടാകുന്നുണ്ടായിരുന്നു .”

കുട്ടികൾ തുള്ളിച്ചാടി അയാളെ കെട്ടിപിടിച്ചു. കുറച്ചു നേരം അവരുടെ സന്തോഷത്തിൽ അയാൾ പങ്കു ചേർന്നു .

“അച്ഛനൊന്നു മയങ്ങട്ടെ …..നാലുമണിയാകുമ്പോൾ വിളിക്കാൻ മറക്കരുത് “.

തറയിൽ നിന്നും എഴുനെല്കുന്നതിനിടയിൽ അയാൾ പറഞ്ഞു .

“അച്ഛാ ….”ഉണ്ണിക്കുട്ടൻ പതിയെ വിളിച്ചു.

“എന്താ മോനെ ….?”

അച്ഛനോട് പറയാല്ലേ ….?

അവൻ പതിയെ ചേച്ചിയെ നോക്കി ചോദിച്ചു.

“നീ പറ ….”

അമ്മു തലയാട്ടികൊണ്ടുഅവനെ അച്ഛന്റെ മുൻപിലേക്ക് ഉന്തിക്കൊണ്ട് പറഞ്ഞു .
“എന്തോ കാര്യാ സാധ്യത്തിനുള്ള നിപ്പാണല്ലോ ….?

അയാൾ തന്റെ നെറ്റിചുളിച്ചു പുരികം താഴ്ത്തി ചുണ്ടുകുർപ്പിച്ചു അവരെ നോക്കി

അച്ഛാ ഇന്നെന്താ അമ്മ പായസം വച്ചതെന്നറിയാമോ ?”

“അവൾ പറയുന്നത് നിങ്ങളും കേട്ടതല്ലേ ?ഇല്ലേ …?.” അയാൾ പഴയ നില തുടർന്നു

“അതല്ല കാര്യം ….ഇന്ന് അമ്മയുടെ പിറന്നാളാണ് ….അച്ഛൻ ഓർക്കുനെങ്കിൽ ഓർക്കട്ടേ പറയണ്ടാന്നു അമ്മ പറഞ്ഞു .”

അതുകേട്ടു അയാളുടെ മുഖത്തുണ്ടായ ഭാവപ്പകർച്ച കണ്ടു കുട്ടികൾ പൊട്ടിചിരിച്ചുകൊണ്ടു പിന്നാമ്പുറത്തേക്കു ഓടി ….അടുക്കളയിലേക്കു നടക്കുമ്പോൾ അയാൾക്കു വിഷമം തോന്നി

“സിത്തു …..”

“ഉം …..”പാത്രം കഴുകുന്നതിനിടയിൽ അവൾ മൂളി.അവളുടെ തോളിൽ പിടിച്ചു കൊണ്ട് അയാൾ പറഞ്ഞു

“ഞാൻ നിന്റെ പിറന്നാൾ ആണെന്ന്ഓർത്തില്ല. …..മനപൂർവം അല്ലാ ….സിത്തു …ഈ പ്രാവശ്യം എങ്കിലും മറക്കാതെ ഓർത്തു നിനക്കൊരു സമ്മാനവും വാങ്ങിക്കണമെന്നു ഞാൻ ഓർത്തിരുന്നതാണ് പക്ഷേ …..”

അയാൾ നിരാശയോടെ തലകുടഞ്ഞ്‌ കൊണ്ട് പറഞ്ഞു

“സാരമില്ല സുരേഷേട്ടാ നിങ്ങൾ എന്റെ പിറന്നാളല്ലേ മറന്നുള്ളു എന്നേ മറന്നില്ലല്ലോ അതുമതി .”

“എന്താ സിത്തു നീ ഈ പറയുന്നത് ……”

അവളുടെ വാക്കുകളിൽ ഒളിഞ്ഞു കിടന്ന സങ്കടം മനസിലാക്കി അവളുടെ തോളിൽ പിടിച്ചു കുലുക്കി കൊണ്ടു അയാൾ പറഞ്ഞു .

“ദേ …. ഇങ്ങോട്ടു നോക്കിക്കേ ……”

അവളെ തനിക്കഭിമുഖമായി പിടിച്ചുകൊണ്ടു അയാൾ പറഞ്ഞു ….”ഇന്ന് കുട്ടികളെ സർക്കസ്സുകാണിക്കാൻ നമ്മൾ പോകുന്നു ………ഭക്ഷണം പുറത്തുന്നു കഴിക്കുന്നു പിന്നെ നിനക്കു ഒരു സാരി മേടിക്കുന്നു “

മറയ്ക്കുവാൻ ശ്രമിച്ചിട്ടും അവളുടെ മുഖത്ത് വിരിഞ്ഞ പുഞ്ചിരി കണ്ടപ്പോൾ അയാൾ പറഞ്ഞു .

“ഹാവൂ …..ആശ്വാസമായി .ഇന്ന് കുടുംബത്തിന്റെ സമാധാനം തകർക്കാൻ ഈ ഒരു പ്രശ്നം ധാരാളമാണ് .വേണമെങ്കിൽ ഡിവോഴ്സ് വരെ എത്തും .”

“നിങ്ങൾ എന്നെയും മക്കളെയും എത്ര മാത്രം സ്‌നേഹിക്കുന്നുണ്ടെന്ന് എനിക്കറിയാം .എന്നെയും മക്കളെയും പോറ്റാനുള്ള നെട്ടോട്ടത്തിലല്ലേ നിങ്ങൾ എന്റെ പിറന്നാൾ മറന്നത് സാരമില്ല.. …പിന്നെ ചെറിയൊരു വിഷമം ഉണ്ടായിരുന്നു കേട്ടോ …….”

അവൾ ചിരിച്ചുകൊണ്ട് ബാക്കിയുള്ള പത്രങ്ങൾ കൂടി കഴുകാൻ തുടങ്ങി .

“എന്റെ സിത്തു അവളെ വീണ്ടും തന്റെ നേരെ തിരിച്ചു കൊണ്ട് അയാൾ പറഞ്ഞു ………നിനക്കറിയാമോ ചില ദിവസം ഞാൻ ഓഫീസിൽ നിന്നും വരുന്നത് തലപുകഞ്ഞാണ് …….ജോലിയുടെ ടെൻഷനും …..കൂടെയുള്ളവരുടെ ഈഗോയും…..…….ബോസ്സിന്റെ വഴക്കും …. ഹോ …. “

അയാൾ തല കുടഞ്ഞു കൊണ്ടു തുടർന്നു .

“പക്ഷെ നിന്റെ ചിരിച്ച മുഖവും പിന്നെ സ്നേഹത്തോടെ നൽകുന്ന ആ കടുപ്പമുള്ള പാൽചായയും ……”

അവളുടെ മുഖത്ത് പ്രതേകിച്ചു ഭാവഭേദങ്ങൾ ഒന്നും കാണാതെ അയാൾ തുടർന്നു .

“എന്റെ ഓഫീസിൽ എത്ര പെണ്ണുങ്ങൾ ഉണ്ടന്നറിയാമോ ?”

ആ ചോദ്യം അവളുടെ ഉള്ളിൽ ഒരു ചലനം സൃഷ്ട്ടിച്ചിരിക്കുന്നുവെന്ന്
അവളുടെ കണ്ണുകൾ അയാളോട് പറഞ്ഞു .

കൂടുതൽ ഉത്സാഹത്തോടെ അയാൾ തുടർന്നു.

“എല്ലാം നല്ല സുന്ദരികൾ …..”

തന്റെ കൈയിലെ വെള്ളത്തുള്ളികൾ ദേഷ്യം നടിച്ചു അവൾ അയാളുടെ മുഖത്ത് കുടഞ്ഞിട്ടു ….

അവളെ കൂടുതൽ ചേർത്തു നിർത്തി അയാൾ പറഞ്ഞു .

“എന്റെ സിത്തുവിനെയല്ലാതെ ഈ മനസ്സിൽ പോലും നിന്റെ സുരേഷേട്ടൻ മറ്റാരെയും ചിന്തിച്ചിട്ടു പോലുമില്ല …….എനിക്കും മക്കൾക്കും വേണ്ടി രാപ്പകൽ അധ്വാനിച്ചു അടുക്കളയിലൊരാൾ നീറിപ്പുകയുന്നുടെന്നു എനിക്കറിയാം ….”

വിഷമം വരുമ്പോൾ കൂടുതൽ വിളറാറുള്ള അയാളുടെ മുഖത്തേക്കു അവൾ നോക്കി .

“ഇതിൽ കൂടുതൽ എന്തുവേണം ഒരു ഭാര്യക്കു സമ്മാനമായി …..” അയാളുടെ മാറിലേക്ക് അവൾ തല ചായ്ച്ചു നിന്നുകൊണ്ടു പറഞ്ഞു .

അപ്പോൾ അവളുടെ മുടിയിൽ ചൂടിയ പിച്ചിപ്പൂവിന്റെ ഗന്ധം നുകർന്നു അവളെ തന്നിലേക്കു ചേർത്തു പിടിച്ചു നിൽകുമ്പോൾ അയാളോർത്തു ഈ ലോകത്തിലെ ഏറ്റവും ഭാഗ്യവാൻ താനാണെന്ന് .

അയാളുടെ നെഞ്ചിന്റെ ചൂടേറ്റു നിനക്കുമ്പോൾ അവളും ഓർത്തു ഈ ലോകത്തിലെ ഏറ്റവും ഭാഗ്യവതി താനാണെന്ന് .

അപ്പോൾ അങ്ങോട്ടേയ്ക്ക് ഓടിവന്ന കുട്ടികൾ എല്ലാം മറന്നു ഒന്നായി നിൽക്കുന്ന അച്ഛനെയും അമ്മയെയും കണ്ടു ,വാതിൽ മറയത്തു നിന്ന് വാ പൊത്തി ചിരിക്കുന്നുണ്ടായിരുന്നു ….