രചന: മഹാ ദേവൻ
അച്ഛന്റെ മരണശേഷം അമ്മ വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി വേറെ ഒരു വിവാഹം കഴിക്കുമ്പോൾ ആരതിക്ക് വയസ്സ് പതിനൊന്ന് ആയിരുന്നു. അത്യാവശ്യം കാര്യവിവരങ്ങൾ അറിയാനും മനസ്സിലാക്കാനുമുള്ള കഴിവ് തന്റെ മോൾക്ക് ആയിട്ടുണ്ട് എന്ന ബോധമുള്ളതു കൊണ്ട് തന്നെ വീട്ടുകാരുടെ നിർബന്ധത്തിനു മുന്നിൽ വഴങ്ങുന്നതിനു മുന്നേ ആരതിയുടെ കൂടി സമ്മതം വാങ്ങി അവളുടെ താല്പര്യത്തോടെ മറ്റൊരാൾക്ക് മുന്നിൽ അമ്മ കഴുത്ത് നീട്ടുമ്പോൾ ഏറെ സന്തോഷിച്ചതും ആരതി ആയിരുന്നു.
അഞ്ചു വയസ്സിൽ അച്ഛനെ നഷ്ടപ്പെടുമ്പോൾ അച്ഛൻ ദൂരെ ജോലിക്ക് പോയിരിക്കുകയാണ്, വരും എന്ന വിശ്വാസമായിരുന്നു.
അമ്മ പോലും അങ്ങനെ പറഞ്ഞ് ആശ്വസിപ്പിക്കുമ്പോൾ ഇനി വരില്ലെന്ന് അറിഞ്ഞത് സ്കൂളിൽ വെച്ച് സ്വന്തം കൂട്ടുകാരിയുടെ നാവിൽ നിന്നായിരുന്നു.
പുതിയ പേന ആരതിക്ക് നേരെ നീട്ടി ” ഇത് നീ എടുത്തോ “എന്ന് പറയുന്ന കൂട്ടുകാരിയോടു ” വേണ്ടെടി, നിന്റെ അച്ഛൻ വരുമ്പോൾ കൊണ്ടു വന്നതല്ലേ.. അത് നീ തന്നെ എടുത്തോ, എനിക്ക് എന്റെ അച്ഛൻ വരുമ്പോൾ കൊണ്ടു വരും ” എന്നും പറഞ്ഞ് സ്നേഹത്തോടെ നിരസിക്കുമ്പോൾ മനസ്സിൽ മുഴുവൻ അമ്മയുടെ വാക്കുകൾ ആയിരുന്നു ” മോളെ, ആരുടെയും ഒന്നും നമ്മൾ ആവശ്യമില്ലാതെ മോഹിക്കരുത് ” എന്ന്.
അതുകൊണ്ട് തന്നെ ആയിരുന്നു സ്നേഹത്തോടെ കൂട്ടുകാരി നീട്ടിയ പേന അതേ സ്നേഹത്തോടെ നിരസിച്ചതും !പക്ഷേ, അതിന് കൂട്ടുകാരി പറഞ്ഞ മറുപടി ആരതിയുടെ കുഞ്ഞുമനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തുന്നതായിരുന്നു.
“അതിനു നിന്റെ അച്ഛൻ മരിച്ചുപോയെന്ന് ന്റെ അമ്മ പറഞ്ഞിട്ടുണ്ടല്ലോ ഇത് ആരതിക്ക് കൊടുക്കണം. അവൾക്ക് ഇതൊന്നും വാങ്ങിക്കൊടുക്കാൻ അച്ഛൻ ഇല്ലല്ലോ എന്നും അമ്മ പറഞ്ഞല്ലോ ” എന്ന് പറയുന്ന കൂട്ടുകാരിക്ക് മുന്നിൽ നിറകണ്ണുകളുമായി നിഷേധാർത്ഥത്തിൽ തലയാട്ടുമ്പോൾ ” ഇല്ല. നിന്റെ അമ്മ കള്ളം പറയുന്നതാ. ന്റെ അച്ഛൻ വരും. ന്റെ അമ്മ ന്നോട് കള്ളം പറയില്ല ” എന്ന് പറയുന്ന ആ കുഞ്ഞ് മുഖം വിതുമ്പുന്നുണ്ടായിരുന്നു.
രാത്രി കിടക്കുമ്പോൾ ഇതേ ചോദ്യത്തിന് മുന്നിൽ അമ്മ കണ്ണ്നീര് കൊണ്ട് മറുപടി നൽകിയപ്പോൾ ആരതിക്കും മനസിലായി കൂട്ടുകാരി പറഞ്ഞ പോലെ തന്റെ അച്ഛൻ ഇനി വരില്ലെന്ന്. പുത്തൻ ഉടുപ്പ് വാങ്ങിത്തരാനോ , ചേർത്തൊന്ന് പിടിക്കാനോ ഉമ്മ തരാനോ ആ നെഞ്ചിൽ കിടന്ന് ഉറങ്ങാണോ ഇനി അച്ഛൻ ഇല്ലെന്ന് അവളും മനസിലാക്കിത്തുടങ്ങി.
പിന്നെ ഉള്ള ദിനങ്ങൾ അവൾക്ക് വേണ്ടി മാത്രം ജീവിക്കുന്ന അമ്മയെ കണ്ടായിരുന്നു അവൾ വളർന്നത്. അതുകൊണ്ട് തന്നെ പുതിയ ഒരു അച്ഛനെ കുറിച് മാമനും പിന്നെ അമ്മയും സംസാരിക്കുമ്പോൾ എതിർക്കാതിരുന്നതും.
പതിനൊന്നു വയസ്സിന്റെ പക്വതയിൽ അമ്മയുടെ കഷ്ടപ്പാടുകൾ അവൾക്ക് മനസിലാകാൻ കഴിയുമായിരുന്നു.
വിവാഹം കഴിഞ്ഞ് രണ്ടാനച്ഛനുമായുള്ള ദിവസങ്ങൾ കുറച്ച് കാലത്തെ ജീവിതത്തിൽ നിന്നും മനോഹരമായിരുന്നു. സ്നേഹത്തോടെ മാത്രം പെരുമാറുന്ന മാധവൻ സ്വന്തം മോളെ പോലെ ആരതിയെ ചേർത്തു പിടിക്കുമ്പോൾ അതിൽ ഒത്തിരി സന്തോഷിച്ചത് അമ്മയായ ലക്ഷ്മിയായിരുന്നു.
ഒരിക്കൽ രാത്രി കിടക്കുമ്പോൾ ” ഇനി നമുക്ക് ഒരു മോളുണ്ടായാൽ ന്റെ മോള് മാധവേട്ടന് ഒരു ബാധ്യതയായി മാറുമോ ” എന്ന് ചോദിക്കുന്ന ലക്ഷ്മിയെ ചേർത്തുപിടിച്ചുകൊണ്ട് അയാൾ പറയുമായിരുന്നു ” ന്റെ ലക്ഷ്മി. നിനക്കൊരു മോള് ഉണ്ടെന്ന് അറിഞ്ഞിട്ടല്ലേ ഞാൻ നിന്നെ കെട്ടിയത്. അത് അവളെ സ്വന്തം മോളായി അംഗീകരിച്ചുകൊണ്ട് തന്നെ ആണ്. ഇനി നമുക്ക് ഒരു മോളുണ്ടായാൽ അവൾ എനിക്കൊരു ബാധ്യത ആകുമെന്ന് നിനക്ക് ഒരു വേവലാതി ഉണ്ടെങ്കിൽ നമുക്ക് കുട്ടികൾ ഉണ്ടാകാതിരിക്കാനുള്ള മുൻകരുതൽ എടുക്കാലോ… ഇനി ഒരു കുട്ടി ഉണ്ടായാൽ അല്ലെ അങ്ങനെ ഒന്ന് ചിന്തിക്കേണ്ടൂ. ഇല്ലെങ്കിൽ കുഴപ്പമില്ലല്ലോ” എന്ന്.
ആ വാക്കുകളിൽ നിറഞ്ഞ് നിൽക്കുന്ന സ്നേഹത്തിനും ആത്മാർത്ഥതക്കും മുന്നിൽ നിറകണ്ണുകളോടെ അയാളുടെ നെഞ്ചിലേക്ക് ഇഴുകിച്ചേരുമ്പോൾ അവളുടെ നെറുകയിൽ ചുണ്ടുകൾ അമർത്തി ആ നിമിഷങ്ങളെ കൂടുതൽ സുന്ദരമാക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു അയാൾ.
അയാളുടെ സ്നേഹം, കരുതൽ ചേർത്തുപിടിക്കലുമെല്ലാം ലക്ഷ്‌മിയെ ഒരുപാട് സന്തോഷിപ്പിക്കുമ്പോഴും എപ്പഴോ അതിന്റ രീതികൾ മാറുന്ന പോലെ തോന്നിത്തുടങ്ങിയിരുന്നു ആരതിക്ക്.
അത് തോന്നിത്തുടങ്ങിയത് ക്ലാസ്സിൽ കൂട്ടുകാരിയുടെ സംശയാസ്പദമായ ചോദ്യങ്ങളിൽ നിന്നായിരുന്നു !
” എടി. നിന്റെ രണ്ടാനച്ഛൻ എങ്ങനാ നിന്നെ ചേർത്തു പിടിക്കാറുണ്ടോ..?ഉമ്മയോകക്കെ തരുമോ, വേറെ എവിടെ എങ്കിലും തൊടാറുണ്ടോ? ” എന്നൊക്കെ കൂട്ടുകാരികൾ ചോദിക്കുമ്പോൾ ഇവർ ഇതൊക്കെ എന്തിനാണ് ചോദിക്കുന്നത് എന്ന സംശയത്തോടെ ഉവ്വെന്ന് തലയാട്ടുമ്പോൾ അവരിൽ ചിലർ അടക്കിപ്പിടിച്ചു ചിരിക്കുന്നുണ്ടായിരുന്നു.എന്താണ് കാര്യം എന്നറിയാതെ അവരെ നോകുമ്പോൾ ആണ് കൂട്ടത്തിൽ ബോൾഡ് ആയ മന്യ അവൾക്കരികിലേക്ക് ഒന്നുകൂടി ചേർന്ന് ഇരുന്നുകൊണ്ട് പറഞ്ഞത് “മോളെ… കാലം അത്ര നല്ലതല്ലെന്ന് നിനക്കും അറിയാലോ… ഒന്നാമതെ അയാൾ നിന്റെ അച്ഛൻ അല്ല. അമ്മ രണ്ടാമതും കെട്ടിയത് കൊണ്ട് ആ പേര് സ്വീകരിച്ച ഒരാൾ. അയാൾ കെട്ടിപിടിക്കുന്നതും ഉമ്മ വെക്കുന്നതും എന്ത് ഉദ്ദേശത്തോടെ ആണെന്ന് ആർക്ക് അറിയാം.
ചെറുപ്പക്കാരേക്കാൾ ശ്രദ്ധിക്കണം ഇപ്പോഴത്തെ മധ്യവയസ്ക്കരേ. പേരിന് അച്ഛൻ എന്ന ലേബൽ ഉള്ളത് കൊണ്ട് നിന്റെ ശരീരത്തിൽ തൊടാനും ചേർത്തു പിടിക്കാനും ഉമ്മ വെക്കാനുമൊക്ക അയാൾക്ക് ലൈസൻസ് ഉണ്ട്. അത് അയാൾ തന്ത്രപരമായി ഉപയോഗിക്കുകയാണെങ്കിൽ…….?മോളെ ഒന്നുടെ പറയാം.. അയാൾ നിന്റെ അച്ഛൻ അല്ല.. അച്ഛൻ എന്ന പഥം പേറുന്ന ഒരാൾ..അത്രേ ഉളളൂ.. അതുകൊണ്ട് അച്ഛനോടുള്ള അമിതസ്നേഹം കാണിക്കാതെ ശ്രദ്ധിച്ചാൽ നിനക്ക് കൊള്ളാം. “
അന്ന് മുതൽ അവളുടെ മനസ്സ് മുഴുവൻ കൂട്ടുകാരികൾ പറഞ്ഞ വാക്കുകൾ ആയിരുന്നു.അച്ഛനെന്ന പേരിൽ അവസരം മുതലാകുകയാണോ എന്ന് തോന്നിത്തുടങ്ങിയ നിമിഷം മുതൽ അയാളുടെ കൺവെട്ടത്തു നിന്നും ഒഴിഞ്ഞുമാറാൻ ശ്രമിക്കാറുണ്ട് പലപ്പോഴും അവൾ.
” മോളെ, ഇന്ന് സ്പെഷ്യൽ ക്ലാസ് ഇല്ലേ, അച്ഛൻ കൊണ്ടു വിടാം “
ശനിയാഴ്ച ആയതിനാൽ അവളെ കൊണ്ടുവിടാൻ ബൈക്കിനടുത്തേക്ക് അയാൾ ഇറങ്ങുമ്പോൾ ഒരുങ്ങി ഇറങ്ങാൻ നേരം അവൾ താല്പര്യം ഇല്ലാത്ത മട്ടിൽ പറയുന്നുണ്ടായിരുന്നു ” വേണ്ട, ഞാൻ തനിയെ പൊയ്‌ക്കോളാ.. നടക്കാവുന്ന ദൂരമല്ലേ ഉളളൂ ” എന്ന്.
ലക്ഷ്മിയെ കെട്ടി ഈ വീട്ടിലേക്ക് വന്ന കാലം മുതൽ അവളെ കൊണ്ടു വിടുമ്പോൾ ഒന്നും ഇല്ലാത്ത എതിർപ്പ് കണ്ട് ആദ്യം അയാൾ ഒന്ന് അമ്പരന്നെങ്കിലും പിന്നെ ശരിയെന്നും പറഞ്ഞ് അവൾ പോകുന്നത്തും നോക്കി നിൽക്കുമ്പോൾ മാധവന്റെ മനസ്സ് പറയുന്നുണ്ടായിരുന്നു ” പെണ്ണ് വലുതായി. ഒറ്റയ്ക്ക് വിടാൻ പാടില്ലായിരുന്നു ” എന്ന്.
അന്ന് രാത്രി ടീവി കണ്ടുകൊണ്ടിരിക്കുന്ന അവൾക്കരികിൽ ഇരുന്നുകൊണ്ട് വാത്സല്യത്തോടെ ആ മുടിയിലൂടെ തലോടുമ്പോൾ അവൾ പെട്ടന്നായിരുന്നു ആ കൈകൾ തട്ടിമാറ്റികൊണ്ട് അയാളിൽ നിന്നും മാറിയിരുന്നത്.അവളുടെ ആ പ്രതികരണത്തിൽ ഒരു നിമിഷം സ്തബ്ധനായി നിൽക്കുമ്പോൾ അവൾ പുച്ഛത്തോടെ പറയുന്നുണ്ടായിരുന്നു. അച്ഛനൊന്നും അല്ലല്ലോ ഇങ്ങനെ തൊടാനും തലോടാനും.”എന്ന്.
ഉത്തരമില്ലായിരുന്നു അയാൾക്ക്. പതിയെ അവിടെ നിന്നും ഒരു നേർത്ത പുഞ്ചിരിയോടെ എഴുന്നേൽക്കുമ്പോൾ വാതിൽക്കൽ അതെല്ലാം കേട്ട് നിൽക്കുന്ന ലക്ഷ്മിയെ കണ്ട് മാധവൻ ഒന്ന് ചിരിച്ചു. ” നിന്റെ മോള് പറഞ്ഞത് കേട്ടല്ലോ ലക്ഷ്മി. ഇനി നീ പറയില്ലല്ലോ എനിക്ക് അവൾ ഒരു ബാധ്യത ആകില്ലലോ എന്ന്. ഇപ്പോൾ ഞാൻ അവൾക്കാണ് ബാധ്യത ” എന്ന്.
അത് കേട്ട് ഒരു നിമിഷം എന്ത് പറയണമെന്ന് അരിയാതെ നിന്ന ലക്ഷ്മി പെട്ടന്നായിരുന്നു മകൾക്ക് നേരെ പാഞ്ഞടുത്തത് ” നീ അദ്ദേഹത്തോട് എന്താടി പറഞ്ഞത് “എന്നും ചോദിച്ചുകൊണ്ട്.
പക്ഷെ, ഒരു കൂസലുമില്ലാതെ ഇരിക്കുന്ന മകളുടെ ഭാവത്തിനു മുന്നിൽ അടിക്കാൻ ഓങ്ങിയ കൈ പതിയെ താഴ്ത്തുമ്പോൾ അയാൾ അവളെ അരികിലേക്ക് വിളിച്ചു. പിന്നെ ആരതിയെ നോക്കി ചിരിയോടെ പറയുന്നുണ്ടായിരുന്നു
” മോളെ… പിതൃത്വം കൊണ്ട് മാത്രേ അച്ഛനാവാൻ പറ്റൂ എന്ന് ചിന്തിക്കരുത്. ഒരു കുട്ടിയെ സ്നേഹിക്കാനും സംരക്ഷിക്കാനുമുള്ള മനസ്സ് ഉണ്ടെങ്കിൽ അച്ഛൻ എന്ന വാക്കിന് അർത്ഥമുണ്ടാകും.സ്വന്തം ചോരയിൽ പിറന്ന കുഞ്ഞിനെ മകളായി കാണാൻ ആണ് ഞാൻ ആഗ്രഹിച്ചതെങ്കിൽ നിന്റെ അമ്മയോട് ഒരിക്കലും ഞാൻ പറയില്ലായിരുന്നു എന്റെ ചോരയിൽ എനിക്ക് ഇനി കുട്ടി വേണ്ടെന്ന്. എനിക്ക് നിന്റെ ചോരയിൽ പിറന്ന ഒരു മോളുണ്ടല്ലോ എന്ന്. പിന്നെ.. ചിലപ്പോൾ എന്റെ തലോടൽ ഉമ്മകൾ ചേർത്തുപിടിക്കൽ … എല്ലാം നിനക്ക് വേറെ ഒരു രീതിയിൽ തോന്നിയിട്ടുണ്ടെങ്കിൽ അത് എന്റെ കുഴപ്പമല്ല.. സമൂഹത്തിന്റെ ആണ്. സ്വന്തം കുഞ്ഞിനെ പോലും പീഡിപ്പിക്കുന്ന ഈ ലോകത്ത് പേരിനു മാത്രം ഒരു അച്ഛൻ വേഷം എടുത്തണിഞ്ഞ എന്റെ സ്നേഹത്തിനും നിങ്ങളൊക്കെ കൽപ്പിക്കുന്ന വില കാമത്തിന്റ ആണെന്ന് തിരിച്ചറിയാൻ വൈകി. ഇനി ഉണ്ടാകില്ല മോളെ….തെറ്റുകൾ തിരുത്താൻ ഉള്ളതല്ലേ… തിരുത്താം.പക്ഷേ, മനസ്സിൽ രക്തബന്ധം കൊണ്ട് അല്ലെങ്കിലും ആത്മബന്ധം കൊണ്ട് നീ എന്റെ മോളാണ്. അതിന് ഒരു അർത്ഥമേ ഉളളൂ… ഞാൻ നിന്റെ അച്ഛനാണ് എന്നത് തന്നെ “
അതും പറഞ്ഞ് അയാൾ നിറയാൻ തുടങ്ങിയ കണ്ണുകൾ തുടച്ചുകൊണ്ട് അവിടെ നിന്നും പിൻവാങ്ങുമ്പോൾ പറഞ്ഞത് തെറ്റായിപോയോ എന്ന ചിന്തയിൽ കിടന്ന് ഉരുകുകയായിരുന്നു ആരതി.
അതേ സമയം അയാളോടൊപ്പം നിറകണ്ണുകളുമായി അകത്തേക്ക് നടക്കുമ്പോൾ ലക്ഷ്മി പറയുന്നുണ്ടായിരുന്നു ” രക്തബന്ധത്തിൽ ഒരു കുട്ടി നല്ലതാ…ആത്മബന്ധം ഇങ്ങനെ ചോദ്യചിന്ഹമായി നിൽക്കുമ്പോൾ.. ” എന്ന്.
” സ്നേഹിക്കാൻ മനസ്സുണ്ടെങ്കിൽ രണ്ടും ഒന്നാണ് ” എന്ന് കൂടി പറഞ്ഞ അവളെയും ചേർത്തു പിടിച്ച് നടക്കുമ്പോൾ മാധവന്റ മനസ്സ് പറയുന്നുണ്ടായിരുന്നു ” മോൾ എങ്ങിനെ ഒക്കെ ചിന്തിച്ചാലും അവളുടെ അച്ഛൻ അല്ലെ ഞാൻ ” എന്ന്.
അതേ സമയം സോഫയിൽ നിസ്സംഗതയോടെ ഇരിക്കുന്ന ആരതിയുടെ മനസ്സും വല്ലാതെ പിടക്കുകയായിരുന്നു മാധവന്റ വാക്കുകൾ ഓർക്കുമ്പോൾ
” മനസ്സിൽ രക്തബന്ധം കൊണ്ട് അല്ലെങ്കിലും ആത്മബന്ധം കൊണ്ട് നീ എന്റെ മോളാണ്. അതിന് ഒരു അർത്ഥമേ ഉളളൂ… ഞാൻ നിന്റെ അച്ഛനാണ് എന്നത് തന്നെ “