പെണ്ണ് ~ രചന: താമര
“എല്ലാ പെൺകുട്ടികളെയും പോലെ വിവാഹത്തിനെ കുറിച്ച് എനിക്കും ഒരുപാട് സ്വപ്‌നങ്ങൾ ഉണ്ടായിരുന്നു….. അച്ഛന്റെയും അമ്മയുടെയും ആഗ്രഹത്തിന് മുന്നിൽ ചെക്കനെ കാണാതെ തന്നെ സമ്മതം മൂളുമ്പോൾ അമ്മയുടെ സന്തോഷം ആയിരുന്നു മനസ് നിറയെ…..
കൂട്ടുകാരികൾ വിവാഹം ഉറപ്പിച്ചത് മുതലുള്ള ഫോൺകാളുകളെയും പങ്കുവയ്കപെട്ട അവരുടെ സ്വപ്നങ്ങളെയും കുറിച്ചുമൊക്കെ പറയുമ്പോൾ… പലപ്പോഴും പറയാൻ ഒരു വിശേഷം പോലും ഇല്ലാതെ ഒരു പുഞ്ചിരിയിൽ ഒതുക്കി അവർക്കിടയിൽ ഇരിക്കേണ്ടി വന്നപ്പോളും അതിൽ വേറെ ഒന്നും തോന്നിയിരുന്നില്ല. പരിചയക്കുറവ് കാരണം ആയിരിക്കും എന്നുള്ള സമാദാനം ആയിരുന്നു …
കഴുത്തിൽ താലികെട്ടാൻ ദിവസങ്ങൾ മാത്രമുള്ളപ്പോൾ ആണ് ആദ്യമായി അദ്ദേഹത്തെ കാണുന്നത്…. കണ്ടപ്പോൾ ആദ്യം നോക്കിയത് ഫോട്ടോയിൽ കണ്ടതുപോലെയാണോ എന്ന് മാത്രം ആണ്… വാക്കുകൾ മൗനങ്ങൾക്കു വഴി മാറിയപ്പോൾ അവിടേയും പരിജയകുറവാകാം കാരണം എന്ന് കരുതി സ്വയം ആശ്വാസം കണ്ടത്തി….
അദ്ദേഹത്തിന്റെ താലി കഴുത്തിൽ വീണപ്പോൾ എല്ലാ പെൺകുട്ടികളെയും പോലെ ആ താലി ആയുസൊടുങ്ങും വരെ എന്നിൽ ചേർന്നു കിടക്കണം എന്ന പ്രാർത്ഥനയായിരുന്നു മനസുനിറയെ…
എല്ലാ പ്രതീക്ഷകളോടും കൂടി ആദ്യരാത്രി മുറിയിലേക്ക് ചെന്ന എന്നെ സ്വീകരിച്ചത് ഉറക്കത്തിലേക്കു വഴുതിവീണ അദ്ദേഹം ആയിരുന്നു… എവിടെ കിടക്കണം എന്നോ, ആരോടു ചോദിക്കണം എന്നോ അറിയാതെ പതുങ്ങി നിൽക്കുമ്പോൾ എന്തിനു വേണ്ടിയോ അമ്മയുടെ മടിത്തട്ടു ആഗ്രഹിച്ചുപോയി.പെട്ടന്നു ഒരു ദിവസം അനാഥത്തിലേക്ക് വീണതുപോലെ ആയിരുന്നു….. പിറ്റേദിവസവും ഇങ്ങനെ കടന്നു പോയപ്പോൾ മൂന്നാമത്തെ ദിവസം എന്തിനു വേണ്ടിയാ എന്നെ അവഗണിക്കുന്നതു എന്നുള്ള പേടിച്ചു കൊണ്ടുള്ള ചോദ്യത്തിന് കവിളടച്ചു ഒരു അടിയായിരുന്നു മറുപടി… എന്താണ് സംഭവിച്ചതെന്നറിയാൻ നിമിഷങ്ങൾ എടുത്തു….സ്വന്തം വീട്ടിലെ രാജകുമാരി വേറെ ഒരു വീട്ടിലെ വേലക്കാരി ആകുന്നതു അനുഭവിക്കുകയായിരുന്നു അന്നുമുതൽ. ആരോടും ഒന്നും പറയാൻ കഴിയാതെ നീറുമ്പോൾ എന്തിനു വേണ്ടി അദ്ദേഹം എന്നോടിങ്ങനെ എന്നതിന് മാത്രം എന്റെ പക്കൽ ഉത്തരം ഇല്ലായിരുന്നു…
രാവന്തിയോളം വീട്ടിലെ പണികളൊക്കെ ചെയ്യുമ്പോളും വിശക്കുമ്പോൾ ആഹാരം കഴിക്കാനുള്ള സ്വാതന്ത്ര്യം പോലും അവിടത്തെ അമ്മ തന്നിരുന്നില്ല…… സന്തോഷത്തോടെ മകളെ പറഞ്ഞയച്ച അച്ഛനും അമ്മയ്ക്കും മുന്നിൽ കണ്ണീരോടെ ചെന്നു കേറാനുള്ള മടി കൊണ്ട് ഇല്ലാത്ത സന്തോഷം അഭിനയിച്ചു അവിടെ തന്നെ കഴിഞ്ഞു….
അവിടത്തമ്മയുടെ ഫ്രണ്ടിന്റെ മുന്നിൽ കന്യകാത്വ പരിശോധനക്ക് നിന്നപ്പോളായിരുന്നു ആദ്യമായി ഞാൻ പ്രതികരിച്ചത്…. എന്നിലെ സ്ത്രീയുടെ അഭിമാനത്തിനേറ്റ മുറിവ് എന്നെ വല്ലാതെ ചൊടിപ്പിച്ചപ്പോൾ അതിനുള്ള മറുപടി അദ്ദേഹത്തിന്റെ കൈകൾ കൊണ്ടായിരുന്നു തന്നിരുന്നത്.. കവിളിൽ കുത്തിപ്പിടിച്ചു അടിക്കുമ്പോൾ ചെവിയോട് ചേർന്നുകിടന്ന കമ്മൽ തുളഞ്ഞു ചതയിൽ കേറിയപ്പോൾ എന്നെപോലെ ആ കമ്മലുകൾക്കും വേദനിച്ചിട്ടുണ്ടാകാം… ആ വേദനകൾക്കിടയിലും ഞാൻ കണ്ണ് ഒന്ന് ചിമ്മാതെ അയാളെ നോക്കുകയായിരുന്നു അയാളുടെ വേറെ ഒരുമുഖം ആയിരുന്നു ഞാൻ കണ്ടത്…
അയാളുടെ അപ്പോളത്തെ ഭാവം മുമ്പോരിക്കലും ആരിലും ഞാൻ കണ്ടിരുന്നില്ല… ചെന്നിയിൽ പിടഞ്ഞു പൊങ്ങി വന്നു വെട്ടുന്ന ഞരമ്പുകൾ ആ വേദനയിലും എന്നിൽ അത്ഭുതം നിറച്ചു…..
എല്ലാം സഹിച്ചിട്ടും സഹിക്കാൻ കഴിയാതെ വന്നത് കൂട്ടുകാരനുമൊത്തു അരുതാത്ത സാഹചര്യത്തിൽ അയാളെ കണ്ടപ്പോളാണ്…. അത് ചോദ്യം ചെയ്തപ്പോൾ കൂട്ടുകാരനില്ലാതെ അയാൾക്ക് ജീവിക്കാൻ പറ്റില്ലെന്നും.ഈ കല്യാണം ഒരു പരീക്ഷണം ആയിരുന്നെന്നും അയാളുടെ അമ്മയും അറിഞ്ഞു കൊണ്ടാണ് ഇതൊക്കെയും എന്ന് പറഞ്ഞപ്പോൾ തിരികെ മറുപടി ഇല്ലാതെ നിന്നുപോയി….
എന്നെ വീട്ടിൽ കൊണ്ട് വിടണം എന്ന് മാത്രമേ ആവശ്യപ്പെട്ടുള്ളു…. ആ പടി ഇറങ്ങുമ്പോൾ ഇനി ഒരു മടക്കം ഉണ്ടാവില്ലെന്ന് മനസിൽ ഉറപ്പിച്ചിരുന്നു… വിധിയെ ഓർത്തു നിറയാൻ നിന്ന കണ്ണുകളെ ശാസിച്ചു കൊണ്ട് അവിടെ നിന്നിറങ്ങി….
വീട്ടിലെത്തി അമ്മയുടെ മടിയിൽ കിടന്നു എല്ലാം കരഞ്ഞു തീർത്തപ്പോൾ അതുവരെയുള്ള സങ്കടങ്ങളെല്ലാം പെയ്തൊഴിഞ്ഞിരുന്നു… ദിവസങ്ങൾ കടന്നുപോകുംതോറും എന്നെ കുറിച്ചുള്ള കഥകളുടെ നിറങ്ങളും മാറിയിരുന്നു ..കല്യാണത്തിന് ശേഷവും കാമുകനെ മറക്കാൻ കഴിയാത്തത് കാരണം ഭർത്താവ് ഉപേക്ഷിച്ചു എന്ന കഥകൾക്ക് മുന്നിൽ പരിഹാസപത്രമായപ്പോൾ എന്റെ സ്വപ്നങ്ങളും സത്യങ്ങളും എല്ലാം ആ കമ്മലോളം ചതഞ്ഞു ആരഞ്ഞിരുന്നു…
പെണ്ണ് പലപ്പോഴും പഴി കേൾക്കാൻ മാത്രം വിധിക്കപെട്ടവളാണെന്നു പിന്നീടുള്ള ഓരോ ദിവസങ്ങളും എനിക്ക് കാണിച്ചു തന്നു.. ഒരിക്കലും മാറാത്ത മനുഷ്യന്റെ ചിന്താഗതികളും…