പ്രകാശന്റെ പെട്ടന്നുള്ള ആക്രോശം വിമലയെ അടിമുടി വിറപ്പിച്ചു. അവൾ എന്ത് മറുപടി പറയണം എന്നാലോചിച്ചു കുഴങ്ങി…

രചന: അമ്മാളു

അല്ല പ്രകാശേട്ടാ നിങ്ങടെ അമ്മക്ക് ഇവിടെ എങ്ങാനും അടങ്ങി ഇരുന്നാപ്പോരേ…ഈ വയസ്സാം കാലത്ത് പ്രത്യേകിച്ച് ഈ കോവിഡ് കാലത്ത്.. ഈ മക്കളെയോർത്തെങ്കിലും ഒന്നിവിടെ അടങ്ങിയിരുന്നൂടെ.

വയസ്സായവർക്കും കുട്ടികൾക്കുമാണ് രോഗപ്രതിരോധ ശേഷി ഏറ്റവും കുറവ്.. അതുകൊണ്ട് നമ്മള് ശ്രദ്ധിക്കുന്നപോലെയാ രോഗം വരുന്നതും വരാതിരിക്കുന്നതും.വിമല അവളുടെ അമർഷം പ്രമേശനെ അറിയിച്ചു.

വിമലേ നീ ഇങ്ങനെ എന്നോട് ചൂടാവല്ലേ.. അമ്മേന്റെ സ്വഭാവം നിനക്കറിഞ്ഞൂടെ.. അമ്മേനോടൊരു കാര്യം അരുത് എന്ന് പറഞ്ഞാൽ അതിപ്പോ സ്വന്തം മകനായ ഞാൻ ആണെങ്കിൽ പോലും അമ്മ അനുസരിക്കില്ലെന്ന് നിനക്കറിയില്ലേ.

എപ്പോഴത്തെയും പോലെ അല്ല പ്രകാശേട്ടാ ഇത്. നാളെ വല്ല വയ്യാവേലിയും ആയിട്ടുണ്ടെങ്കിൽ ഞാൻ ന്റെ മക്കളേം കൊണ്ട് ന്റെ വീട്ടിലേക്ക് പോകും പറഞ്ഞില്ലെന്നു വേണ്ട.. അതും പറഞ്ഞവൾ ഫോൺ കട്ട് ചെയ്തു.

ഇതിപ്പോ ആരെയാ ഒന്ന് പറഞ്ഞു മനസ്സിലാക്കിക്കുക… രണ്ടു പേരും ഒന്നിനൊന്നു മെച്ചമാ വാശിന്റെ കാര്യത്തിൽ. കാര്യം അവള് പറഞ്ഞതിൽ ന്യായം ഉണ്ടെങ്കിലും പക്ഷേ, അതും പറഞ്ഞു അമ്മേനെ സമീപിച്ചാൽ അമ്മ കട്ടക്കടുക്കില്ല.. നീ വെറുതെ അവള്ടെ വക്കാലത്തുമായിട്ട് എന്നേ മര്യാദ പഠിപ്പിക്കാൻ വരല്ലേ എന്നാവും മിക്കവാറും അമ്മയുടെ പ്രതികരണം.

എന്ന് കരുതി അമ്മയോട് പറയാതിരുന്നാൽ ഇവൾ പറഞ്ഞപോലെ തന്നെ ചിലപ്പോ ചെയ്തുകളയുകയും ചെയ്യും. ഇതിപ്പോ രണ്ടിലൊരാളോട് ഇടഞ്ഞാലേ കാര്യം നടക്കൂ എന്ന് മനസ്സിലാക്കിയ പ്രകാശൻ അമ്മയോട് കാര്യം പറയാൻ തന്നെ തീരുമാനിച്ചു. അല്ലെങ്കിൽ ചിലപ്പോ താൻ വീട്ടിലില്ലാത്ത പക്ഷം അമ്മയും അവളും തമ്മിൽ കൊടും വഴക്കാകും.

മനസ്സിൽ അങ്ങനെയും ചിന്തിച്ചു ആ രാത്രി പ്രകാശൻ ഓരോന്നാലോചിച്ചു കിടന്നു എങ്ങനൊക്കെയോ നേരം വെളുപ്പിച്ചു.

പിറ്റേന്ന് ഞായറാഴ്ച ആയിരുന്നു..അതുകൊണ്ട് തന്നെയും അമ്മ വീട്ടിൽ ഉണ്ടാകും എന്നറിയാവുന്നത് കൊണ്ട് പ്രകാശൻ അമ്മയെ ഫോണിൽ വിളിച്ചു വിമലയുടെയും മക്കളുടെയും സേഫ്റ്റിയെ പറ്റി സംസാരിച്ചു.

” തല്ക്കാലം എനിക്കൊരാൾക്ക് ഉള്ള വരുമാനം കൊണ്ട് തന്നെ കഴിയാവുന്ന ചിലവല്ലേ അമ്മേ ഇപ്പൊ നമ്മുടെ വീട്ടിലുള്ളു. എന്തായാലും ഇപ്പൊ മക്കൾക്കൊന്നും സ്കൂൾ ഇല്ലല്ലോ, പോരാത്തേന് വീട്ടിലെ ചിലവിനുള്ളത് ഞാൻ അയച്ചു തരുന്നില്ലേ. അതുകൊണ്ട് അമ്മ ഇനി പുറത്ത് പണിക്കൊന്നും പോകണ്ട. മറ്റെന്തിനെയും നമുക്ക് തടുക്കാം പക്ഷേ അതുപോലെ നിസാരമല്ല ഈ കൊറോണ.

അതുകൊണ്ട് മക്കളെ ഓർത്തെങ്കിലും അമ്മ ഇനി പുറത്തേക്കൊന്നും പോകണ്ട.

പ്രകാശൻ ഒരു പൊട്ടിത്തെറി ആയിരുന്നു അമ്മയിൽ നിന്നും പ്രതീക്ഷിച്ചതെങ്കിലും അമ്മ അവൻ പറഞ്ഞ കാര്യത്തെ വളരെ സംയമനത്തോടെ തന്നെ നേരിടുകയായിരുന്നു. താൻ പറഞ്ഞതെല്ലാം അമ്മക്ക് സമ്മതമാണെന്ന് അമ്മയുടെ നീട്ടിയുള്ള മൂളലിൽ നിന്നും പ്രകാശന് മനസ്സിലായി. “

അങ്ങനെ അവൻ അമ്മയോടുള്ള കൃതജ്ഞത അറിയിച്ചു കൊണ്ട് ഫോൺ കട്ട്‌ ചെയ്തു.

അപ്പോഴും അമ്മക്കറിയാമായിരുന്നു ഇന്നല്ലെങ്കിൽ നാളെ ഈ പറഞ്ഞത് അവൻ തന്നെ മാറ്റി പറയുമെന്ന്. അല്ലെങ്കിൽ ഇന്ന് അവനെ കൊണ്ട് തന്നോട് അരുത് എന്ന് പറയിപ്പിച്ച വിമല തന്നെ നാളെ അമ്മയോട് പണിക്ക് പോകാൻ അവനെക്കൊണ്ട് തന്നോട് പറയുമെന്ന്.

എന്തായാലും മകന്റെ ഭാര്യക്കും മക്കൾക്കും ഇനി താൻ കാരണം ഒരു വയ്യാവേലി ഉണ്ടാവേണ്ടെന്നു കരുതി അമ്മ പ്രകാശൻ പറഞ്ഞപോലെ പിറ്റേന്ന് മുതൽ പണിക്ക് പോക്ക് നിർത്തിവെച്ചു.

അങ്ങനെ ഇരിക്കെ ഒരു മാസത്തിനു ശേഷമൊരു വെള്ളിയാഴ്ച വിമലക്ക് പ്രകാശന്റെ കാൾ വന്നു.

” വിമലേ ഞങ്ങളുടെ കമ്പനി എല്ലാ സ്റ്റാഫുകളെയും നാട്ടിലേക്കയക്കുകയാണ്. ഇവിടെ കോവിഡ് വർദ്ധനവ് കാരണം എല്ലാ ബിസിനസ്‌ സ്ഥാപനങ്ങളും അനിശ്ചിതകാലത്തേക്ക് അടച്ചു പൂട്ടി. അതുകൊണ്ട് ഞാനും നാളെ നാട്ടിലേക്ക് വരുവാ. “

പ്രകാശന്റെ വാക്കുകൾ വിമലയുടെ കാതിൽ ഒരു വെള്ളിടിപോലെ വന്നു പതിച്ചു. അവൾ ഒരു നിമിഷം നെഞ്ചത്ത് കൈവെച്ചു ദൈവത്തെ വിളിച്ചു.

******************

പ്രകാശേട്ടാ നിങ്ങളിങ്ങനെ ഇരുന്നാലെങ്ങനെയാ. എന്തെങ്കിലും ഒരു വരുമാനമില്ലാതെ എങ്ങനെയാ ഇനി മുന്നോട്ടു പോവുക. ഇതിപ്പോ ന്തേലും ഒന്ന് തീരുമാനിക്കാതെ ങ്ങനെയാ.. പ്രകാശേട്ടാ ഞാൻ പറയുന്നത് കേൾക്കുന്നുണ്ടോ നിങ്ങൾ. പ്രകാശന്റെ നെഞ്ചിലേക്ക് കിടന്നുകൊണ്ട് വിമല ചോദിച്ചു.

എന്റെ വിമലേ നിനക്കെന്താ വേണ്ടേ.. പ്രകാശൻ അല്പം അരിശത്തോടെ ആയിരുന്നു പ്രതികരിച്ചത്.

അപ്പൊ പ്രകാശേട്ടൻ ഞാൻ പറഞ്ഞതൊന്നും കേട്ടില്ലേ….?പ്രകാശേട്ടാ നിങ്ങളിങ്ങനെ പണിക്ക് പോകാതിരുന്നാലെങ്ങനെയാന്ന് ഈ വീട്ടിലെ ചിലവ് നടക്കണ്ടേന്ന്….??

നിനക്കറിയില്ലേ വിമലേ എന്റെ അവസ്ഥ. ഗൾഫിൽ നിന്നും വന്നവരെ ഈ നാട്ടുകാർ ഇപ്പൊ എങ്ങനെയാണ് കാണുന്നതെന്ന് നിനക്കും അറിയില്ലേ..ഒരാളും നമ്മളെ പോലുള്ളവർക്ക് ഒരു പണിയും തരാൻ തയ്യാറാവില്ല., പ്രത്യേകിച്ച് കൊറോണ ഭീതിയിൽ ഇരിക്കുന്ന ഈ സമയത്ത്.

എങ്കിൽ നിങ്ങൾ അമ്മയോട് പറയൂ എന്തെങ്കിലും ഒന്ന് ചെയ്യാൻ.

നീ എന്തൊക്കെയാണ് വിമലേ ഈ പറയുന്നത്. അമ്മയെ പണിക്ക് വിടാനോ..അതും ഈ രോഗം ഇങ്ങനെ വ്യാപിച്ചിരിക്കുന്ന സമയത്തോ.. ഒരുമാസം മുൻപ് നീ തന്നെ അല്ലേ അമ്മേനോട്‌ പോവണ്ടന്ന് പറയാൻ പറഞ്ഞെ..എന്നിട്ടിപ്പോ വീണ്ടും അമ്മയോട് പോകാൻ പറഞ്ഞാൽ..അതും അമ്മ നിന്നെയോ എന്നെയോ പോലെ ചെറുപ്പമല്ലെന്നറിയില്ലേ നിനക്ക്.

അതൊന്നും എനിക്കറിയണ്ട പ്രകാശേട്ടാ എനിക്കെന്റെ മക്കളെ പട്ടിണിക്കിടാൻ വയ്യ. നിങ്ങൾക്ക് അമ്മയ്ക്കും മോനും പറ്റില്ലെങ്കിൽ പറഞ്ഞോ ഞാൻ എന്റെ വീട്ടിലേക്ക് പൊയ്ക്കോളാം.

ഒന്ന് നിർത്തുന്നുണ്ടോ വിമലേ നീ.. നിന്റെ പറച്ചില് കേട്ടാൽ തോന്നൂലോ മക്കളെ പറ്റി എനിക്ക് യാതൊരു ചിന്തയുമില്ലെന്ന്. ഏത് നേരവും നീയും നിന്റെ മക്കളും നീയും നിന്റെ മക്കളും.

അല്ലെടി പുല്ലേ എനിക്കറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ.. എന്നാടി ഇവര് നിന്റെ മാത്രം മക്കളായത്.. അങ്ങനെ ഒറ്റക്കവകാശം സ്ഥാപിക്കാൻ മാത്രം നീ കെട്ടിക്കേറി വന്നപ്പോൾ കൊണ്ടുവന്നതാണോ ഈ മൂന്നെണ്ണത്തിനേം.

പ്രകാശന്റെ പെട്ടന്നുള്ള ആക്രോശം വിമലയെ അടിമുടി വിറപ്പിച്ചു. അവൾ എന്ത് മറുപടി പറയണം എന്നാലോചിച്ചു കുഴങ്ങി.. അന്നാദ്യമായായിരുന്നു പ്രകാശൻ വിമലയോട് അത്തരത്തിൽ ദേഷ്യപ്പെടുന്നതവൾ കണ്ടത്.

ആ രാത്രി വിമലക്ക് ഉറക്കം വന്നതേയില്ല.. പ്രകാശന്റെ വാക്കുകൾ അവന്റെ ദേഷ്യം.. എല്ലാം അവളെ നന്നേ മുറിവേൽപ്പിച്ചു. അതുകൊണ്ട് തന്നെയും അവൾക്ക് പിറ്റേന്ന് പ്രകാശനെ ഫേസ് ചെയ്യാൻ ഒരു മടിയായിരുന്നു. എന്നാൽ പ്രകാശൻ അമ്മക്ക് വേണ്ടി വക്കാലത്ത് പിടിച്ചത് അവള്ടെ ഉള്ളിൽ അമ്മയോടുള്ള ദേഷ്യം വർദ്ധിപ്പിക്കാൻ കാരണമായി. അതുകൊണ്ട് തന്നെയും പ്രകാശൻ വീട്ടിൽ ഇല്ലാത്ത നേരങ്ങളിൽ എല്ലാം അവൾ അമ്മയോടുള്ള ദേഷ്യം മക്കളെ ശകാരിച്ചും ദേഹോപദ്രവവും ചെയ്തും ഓരോന്ന് കാട്ടി തുടങ്ങി.

അത് മനസ്സിലാക്കിയെന്നോണം അമ്മ വീണ്ടും പഴേപോലെ പുറം പണിക്ക് പോകാൻ തീരുമാനിച്ചു..അത് കണ്ടതും വിമലയുടെ ഉള്ളിൽ ഒരു വിജയീഭാവം ഉടലെടുത്തു.

പക്ഷേ പ്രകാശൻ അതിന് തടയിടും എന്നവൾ കുരുതിയതേയില്ല. പിറ്റേന്ന് പണിക്കെന്നും പറഞ്ഞ് പുറത്ത് ഇറങ്ങിയ അമ്മയേ കൂട്ടി തിരികെ പ്രകാശൻ കയ്യിൽ ഒരു കൂടയും ആയി കയറി വന്നപ്പോൾ അക്ഷരാർത്ഥത്തിൽ വിമലക്ക് കടുത്ത ദേഷ്യം വന്നു. അത് മൈൻഡ് പോലും ചെയ്യാതെ പ്രകാശൻ കൂടയിൽ നിന്നും നാലു കോഴിക്കുഞ്ഞുങ്ങളെ പുറത്തേക്കെടുത്തു വിമലക്ക് നേരെ നീട്ടി.

ഇതെന്താണെന്നർത്ഥത്തിൽ വിമല പ്രകാശനെ നോക്കിയപ്പോൾ പ്രകാശന്റെ മറുപടി ഇങ്ങനെ ആയിരുന്നു…” നിനക്കിനി നിന്റെ മക്കളെ പട്ടിണിക്കിട്ടിട്ട് ഉറക്കം വരാതിരിക്കണ്ട… നാളെ ആട്ടിൻ കൂട് പണിയാൻ ആളെത്തും.. ശേഷം മറ്റന്നാ രണ്ട് ആടും ഓരോ കുട്ടികളും എത്തും.. പിന്നെ അത്യാവശ്യം വേണ്ട കപ്പ, കാച്ചിൽ, ചേന ചേമ്പ് മുതലായ ഐറ്റംസ് ഒക്കെ അമ്മ പറമ്പിൽ നട്ടിട്ടുണ്ട്. രണ്ടു ദിവസത്തിനകം ബാക്കി വേണ്ടുന്ന കുറച്ചു പച്ചക്കറി വിത്തുകളും കൂടി അമ്മ നട്ടുതരും. അപ്പൊ ഇനി മുതൽ അതിന് വെള്ളമൊഴിച്ചും ആടിനേം കോഴീനെയും ഒക്കെ വളർത്തിയായാലും തല്ക്കാലം നിന്റെ മക്കളെ പട്ടിണിക്കിടാതിരിക്കാൻ നിനക്ക് തന്നെ പറ്റും. അതുകൊണ്ട്, ഇനി ഇവിടെ ആര് പണിക്ക് പോണം ആര് പോകണ്ട എന്നൊക്കെ ഞാൻ തീരുമാനിക്കും.

ഇത്രകാലം നിന്റെ പഴി കേട്ടിട്ടും ഒരക്ഷരം ന്നോടു പോലും തുറന്നു പറയാതെ നീറി നീറി രാപ്പകലില്ലാതെ നിനക്കും നിന്റെ മക്കൾക്കും വേണ്ടി തന്നെയാടി എന്റെ അമ്മ കഷ്ടപ്പെട്ടത്. എന്നിട്ടും അത് നിനക്ക് മാത്രം മനസ്സിലാവുന്നില്ലെങ്കിൽ ഇനി നീ മനസ്സിലാക്കേണ്ട.. അതുകൊണ്ട്, നാഴികക്ക് നാല്പത് വട്ടം നീ പറയുന്ന നിന്റെ ഈ മക്കളെ പട്ടിണിക്കിടാതിരിക്കാൻ നീ തന്നെ പണിയെടുത്താലും മതി ഈ കുടുംബം മുന്നോട്ടു പോകാൻ. ” അതും പറഞ്ഞ് മുറിക്കുള്ളിലേക്ക് പോയ പ്രകാശന്റെ ഇങ്ങനൊരു മുഖം വിമല ആദ്യമായി കാണുകയായിരുന്നു.

അതുപോലെ തന്നെ സ്വയം നാവ് വളച്ചു വരുത്തി വെച്ച കാര്യം ആയതിനാൽ അപ്പോൾ അവൾക്ക് പ്രകാശനെ അനുസരിക്കുകയല്ലാതെ വേറെ നിര്വാഹമില്ലായിരുന്നുതാനും….😊

Nb : കോവിഡ് കാലമാണ് ഇനി പഴയ പോലെ നമ്മൾ എല്ലാവരും പ്രകാശന്റെ പാത പിന്തുടരേണ്ട കാലം വളരെ അടുത്തെത്തിയിരിക്കുകയാണ്. അതുകൊണ്ട് ആദ്യം തമ്മമ്മിൽ പഴി ചാരാതെ അവനവനാൽ കഴിയുന്ന കാര്യങ്ങൾ അവനവൻ തന്നെ ചെയ്യാൻ ശ്രമിക്കുക. ഇവിടെ പ്രകാശന്റെ അമ്മയെ പോലുള്ളവരും ഭാര്യയെ പോലുള്ളവരും നമ്മളിൽ തന്നെ ഉണ്ട്. അതുകൊണ്ട് തിരിച്ചറിവ് ഇല്ലാതെ അങ്ങോട്ടും ഇങ്ങോട്ടും പോരടിച്ചും തമ്മിൽ തല്ലിയും ജീവിക്കുന്ന എല്ലാ അമ്മായിയമ്മമാർക്കും മരുമക്കൾക്കും ഇത്തരത്തിൽ പണി കൊടുത്താലേ പ്രകാശനെ പോലുള്ളവർക്ക് സമാധാനം ഉണ്ടാവുകയുള്ളൂ എന്ന് ഇതിനാൽ വ്യക്തമാക്കിക്കൊള്ളുന്നു…😉

സ്നേഹക്കൂടുതൽ കൊണ്ടാകാം ഇവർ ഇങ്ങനെ.. പക്ഷേ, അതിനിടയിൽ കിടന്നു നട്ടം തിരിയുന്ന പ്രകാശന്മാർക്ക് ഇങ്ങനെ അല്ലാതെ പ്രതികരിക്കാൻ പ്രത്യേകിച്ച് ഈ കൊറോണ കാലത്ത് സാധിക്കില്ല എന്നതിനുള്ള ഉത്തമ ഉദാഹരണം ആണ് എന്റെ ഈ കൊച്ചു കഥ.

So, ഇഷ്ടമായാലും ഇല്ലെങ്കിലും എനിക്കായി ഒരു വരി കുറിക്കുമല്ലോ കൂട്ടുകാരെ…