പെയ്തൊഴിയാതെ ~ രചന: താമര
എന്റെ താലി ഊരി നന്ദേട്ടന്റെ കൈയിൽ കൊടുക്കുമ്പോൾ കണ്ണുനീർ പുറത്തേക്കൊഴുകാതിരിക്കാൻ കണ്ണുകൾ ഇറുകെ അടച്ചിരുന്നു ….
വേറെ ആരെയും നോക്കാതെ ആദിയുടെ കൈയും പിടിച്ചു അവിടെ നിന്നും ഇറങ്ങുമ്പോൾ എന്നിലേക്കെത്തുന്ന ശാപവാക്കുകൾ മനപൂർവമായി അവഗണിച്ചു…അവസാനമായി…. “നശിച്ചവൾ നീ എന്റെ വയറ്റിൽ തന്നേ ജനിച്ചല്ലോ” എന്നുള്ള അമ്മയുടെ വാക്കുകൾ ചെവിയിൽ പ്രതിഫലിച്ചു കൊണ്ടിരുന്നു… കാറിൽ കേറിയതും അതുവരെ നിയന്ത്രിച്ചു വച്ചിരുന്ന കണ്ണുനീർ പെയ്തു തുടങ്ങി….
“”നിന്റെ കരച്ചിലൊന്നു നിർത്തുന്നുണ്ടോ ആരു …. അത് കാണാൻ വയ്യാഞ്ഞിട്ടാണ്, നീ പറഞ്ഞപ്പോ ഞാനുടെ ഇതിനൊക്കെ ഇറങ്ങി തിരിച്ചത്..
“ഇനി കരഞ്ഞിട്ട് എന്തിനാ , ഞാൻ പറഞ്ഞതല്ലേ നമുക്ക് എല്ലാം തുറന്നു പറയാം എന്ന്…ഇനിയും വൈകിയിട്ടില്ല ….
കുറച്ചു കഴിഞ്ഞും എന്നിൽ നിന്നും മറുപടി കിട്ടാത്തത് കൊണ്ടാകും അവൻ ഒന്നും പറയാതെ വണ്ടി എടുത്തു.. എന്നോടുള്ള ദേഷ്യം ആക്സിലേറ്ററിൽ തീർക്കുന്നുണ്ട്….
“ആ യാത്ര ചെന്നു നിന്നത് ഒരു ഇരുനില വീടിന്റെ മുന്നിൽ ആയിരുന്നു….
“കാറിന്റെ ഡോർ തുറന്നിറങ്ങിയതും മായ വന്നെന്നെ പിടിച്ചു ..
“പിടിക്കണ്ടടി വീഴാറായിട്ടില്ല… അവൾക്കായി ഒരു മങ്ങിയ ചിരിയും കൊടുത്തു ഉള്ളിലേക്ക് നടന്നു കേറി… …
“എന്തായി ആദിയേട്ടാ… നന്ദേട്ടനെ കണ്ടോ…. മോനുണ്ടായിരുന്നോ…
മായയുടെ ആകാംഷ നിറഞ്ഞ ചോദ്യങ്ങൾക്കു.. വേദന നിറഞ്ഞ ഉത്തരം മാത്രവേ എന്റെ പക്കലുണ്ടായിരുന്നുള്ളു…. …..
“എന്താവാൻ എല്ലാം കഴിഞ്ഞു… മോനെ അവർ മാറ്റിയിരുന്നു കണ്ടില്ല.. ….
“അവരെ പറഞ്ഞിട്ടും കാര്യമില്ലലോ ജീവന് തുല്യം സ്നേഹിച്ചവൾ ഒരു കാരണവുമില്ലാതെ നിങ്ങളുടെ കൂടെ ജീവിക്കാൻ താല്പര്യം ഇല്ല… പിരിയാം എന്നു പറയുമ്പോൾ ആർക്കായാലും ഇതൊക്കെ തന്നേ അല്ലേ തോന്നുക….
“ഇവളോട് എത്ര വട്ടം ഞാൻ പറഞ്ഞു നമുക്ക് നന്ദേട്ടനോട് എല്ലാം പറയാം എന്നു. പക്ഷെ… എനിക്ക് പറയാനല്ലേ കഴിയു അവളല്ലേ എല്ലാം തീരുമാനിക്കേണ്ടത്…..
“മായെ നീ അവളുടെ കൂടെ ഉണ്ടാകണം…. ഞാൻ പോകുവാ കേറുന്നില്ല……
“അവൻ പോയോ മായേ…. അകത്തേക്ക് വന്ന മായയോട് അതു ചോദിക്കുമ്പോൾ വാക്കുകൾ വല്ലാതെ തളർന്നു പോയിരുന്നു…
“പോയി ആരുവേച്ചി….. കേറുന്നില്ലന്നു പറഞ്ഞു…
“നിങ്ങൾക്കും കൂടി ഞാൻ ഒരു ബാധ്യത ആയി ഇല്ലേ…
“എന്താ ആരുവേച്ചി ഇതു… അങ്ങനെയാണോ ചേച്ചി ഞങ്ങൾക്കു… ഞങ്ങളുടെ സ്വന്തം കൂടപ്പിറപ്പു തന്നേ അല്ലേ….
“ആം….
“ചേച്ചി പോകാൻ തന്നേ തീരുമാനിച്ചോ….. ഞങ്ങളുടെ കൂടെ…. നിന്നൂടെ… നന്ദേട്ടനോട് എല്ലാം പറഞ്ഞൂടെ….
“എന്റെ തീരുമാനങ്ങൾക്ക് മാറ്റം ഇല്ല മായ… പോണം…. അവളുടെ മുഖത്ത് നോക്കാതെ കണ്ണുകളെ ദൂരേക്ക് പായിച്ചു….
“ബന്ധങ്ങളുടെ ചങ്ങലകണ്ണികൾ എന്നെ മുറുക്കി തുടങ്ങിയിരിക്കുന്നു മായ…… അവയെ പൊട്ടിച്ചെറിഞ്ഞു സ്വതന്ത്രമായി എനിക്ക് പറക്കണം… പറന്നു പറന്നു ഒരു അപ്പൂപ്പൻ താടി പോലെ ആകാശചെരുവുകളിൽ അലിഞ്ഞിറങ്ങണം.ആരെയും കാണാതെ ആരോടും മിണ്ടാതെ.. ദൂരെ… ദൂരേക്ക് ഒഴുകികൊണ്ടിരിക്കണം……
“എന്തൊക്കെയാ ചേച്ചി പറയണേ….
“ഒന്നുല്ല പെണ്ണെ നീ പൊയ്ക്കോ എനിക്കല്പം കിടക്കണം….
💙
ഇന്ന് തന്നേ പോണോ ആരു… കാറിലേക്ക് അവളുടെ ചെറിയ ഷോൾഡർ ബാഗ് വാങ്ങി വയ്ക്കുന്നതിനിടയിൽ ആദി ചോദിച്ചു….
“പോണം ആദി… ഇനി ആരെയും കാണാൻ വയ്യ…..
“എന്നെ കാണാൻ ഇനി ആരും വരരുത്…. എനിക്ക് വേണ്ടി നിനക്ക് ചെയ്യാൻ… ഇനി അതു മാത്രമേ ഉള്ളൂ……
“കാറിൽ കേറി വണ്ടി നീങ്ങി തുടങ്ങിയതും മായക്കു നേരെ കൈകൾ വീശി കാണിച്ചു… കണ്ണിൽ നിന്നും അവളൊരു പൊട്ടായി മറയുന്നതു വരെ നോക്കി….
കുറെ മണിക്കൂറത്തെ യാത്രയ്ക്ക് ശേഷം വലിയ ഒരു ഗേറ്റിനു മുന്നിലായി കാർ നിർത്തി….
“ആശ്വാസം പാലിയേറ്റീവ് കെയർ സെന്റർ ” ആ പേരുകളിലൂടെ കണ്ണുകൾ ഓടിക്കൊണ്ടിരുന്നു….
“സ്റ്റിയറിങ്ങിൽ തലവച്ചു കിടക്കുന്ന ആദിയുടെ തലയിൽ പതിയെ തഴുകി…..
“ആദി….. യാത്ര പറയുന്നില്ല…… അവനോട് പറയുമ്പോൾ വാക്കുകൾ ഇടറാതിരിക്കാൻ ശ്രമിച്ചു….
തലയുയർത്തി എന്നെ നോക്കിയ അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു….
“അയ്യേ ആങ്കുട്യോള് കരയാൻ പാടുണ്ടോ…
പതിയെ അവന്റെ കൈ എടുത്തു എന്റെ കൈകുള്ളിലാക്കി…
“സങ്കടപെടരുത്ട്ടോ… എന്റെ നന്ദേട്ടനെയും മോനെയും നോക്കിക്കോണം… നിന്നെ ഏല്പിക്കുവാണ് അവരെ…. മായയെയും കെട്ടി സന്തോഷത്തോടെ ജീവിക്കണം.ഏതേലും ഒരു ലോകത്തിരുന്നു ഞാൻ അതു കാണും… ഇടയ്ക്ക് പെയ്യുന്ന ചാറ്റൽ മഴയിലും… വീശുന്ന ഇളം തെന്നലിലും ഞാൻ ഉണ്ടാകും……
പോട്ടെ……ഇറങ്ങിയാൽ ഞാൻ തിരിഞ്ഞു നോക്കില്ലാട്ടോ…. ഇനി എന്നെ തിരഞ്ഞു വരരുത്….. എല്ലാം കഴിയുമ്പോൾ..കഴിഞുന്നു അവരറിയിക്കുമ്പോൾ… ഞാൻ തന്ന letter നന്ദേട്ടന് post ചെയ്യണം ….
” നന്ദേട്ടനോട് പറയണം അമ്മയെയും അച്ഛനെയും നൊക്കണം എന്നു… ഞാൻ പറഞ്ഞില്ലേലും ചെയ്യും… എനിക്കറിയാം….. എന്നാലും എന്റെ സമാദാനത്തിനു…
അവരോട് ഒരിക്കലും പറയരുതെന്ന് പറയണം…. എവിടെയെങ്കിലും ഞാൻ ജീവിച്ചിരിപ്പുണ്ടന്നെങ്കിലും കരുതി ജീവിച്ചോട്ടെ പാവങ്ങൾ…
“നിനക്ക് ചിലപ്പോൾ തോന്നുണ്ടാകാം ആദി… ഞാൻ ചെയ്യുന്നത് ശെരികേടാണെന്നു…. പക്ഷെ എനിക്കിതാണ് ശെരി… എന്റെ മാത്രം ശെരികൾ…
“ഇ ലോകത്തു ഏറ്റവും വലിയ വേദനകളിൽ ഒന്നെന്താണന്നറിയോ നിനക്ക്… അമ്മയും അച്ഛനും ജീവിച്ചിരിക്കുമ്പോൾ തന്നെ മക്കൾ മരിച്ചു പോകുന്നത്… ആലോചിച്ചു നോക്കിയേ പിന്നീടുള്ള അവരുടെ ജീവിതം…. മക്കളെ ഓർത്തോർത്തു നീറി നീറി അവസാനിക്കും ആ ജന്മങ്ങൾ…
“അവർക്കു ഞാൻ കാരണം അങ്ങനെ ഒരു വേദന ഉണ്ടാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല…. ഇതിപ്പോ ഞാൻ എവിടെയെങ്കിലും സ്വന്തം ഇഷ്ടത്തിന് ജീവിക്കുന്നുണ്ടാകും എന്നു അവർ കരുതിക്കോളും….
“ഞാൻ ഇതൊക്കെ പറഞ്ഞിട്ടും നിനക്കെന്നോട് ഒന്നും പറയാനില്ലേ ആദി….
“കുറച്ചു നേരം നോക്കിട്ടും അവനിൽ നിന്നും മറുപടി ഒന്നും ഉണ്ടായില്ല.. അവന്റെ മൗനം കൂടുതൽ കൂടുതൽ എന്നെ വേദനിപ്പിച്ചുകൊണ്ടിരുന്നു…. പോകുന്നു എന്നു മാത്രം പറഞ്ഞു അവനെ ഒന്ന് നോക്കുക കൂടി ചെയ്യാതെ കാറിൽ നിന്നും ഇറങ്ങി നടക്കുമ്പോൾ ഇനിയൊരിക്കലും അവനെ കാണാൻ കഴിയില്ല എന്ന സത്യം എന്റെ ഉള്ളൂ പൊള്ളിച്ചു കൊണ്ടിരുന്നു….
ഓഫീസിൽ കേറി ഫോര്മാലിറ്റി ഒക്കെ തീർത്തു എനിക്കായി അനുവദിച്ച മുറിയിലേക്ക് നടക്കുമ്പോൾ… ഓർമ്മകൾ വേലിയേറ്റം സൃഷ്ടിച്ചു കൊണ്ടിരുന്നു…..
മനസിനകത്തെവിടെയോ ഒരുകോണിലായി ഉരുക്കൂട്ടിയ കാർമേഘം, ഏതോ വഴിയിൽ പെയ്തൊഴിയാൻ വെമ്പുന്ന മനസുമായി തീരങ്ങൾ തേടി അലയുന്നുണ്ടാവാം….
“സന്തോഷം നിറഞ്ഞ ജീവിതം ആയിരുന്നു നന്ദേട്ടനോപ്പം…. കല്യാണം കഴിഞ്ഞു നന്ദേട്ടന്റെ വീട്ടിൽ ചെന്നു കേറുമ്പോൾ അമ്മയും അനിയത്തിയും മാത്രം ഉള്ള ആ കുടുംബത്തെ ഞാൻ എന്റെ നെഞ്ചോട് ചേർക്കുകയായിരുന്നു…
ഒരു ചെറിയ ഹാർഡ്‌വെയർ ഷോപ്പ് ആയിരുന്നു നന്ദേട്ടന്.. പെങ്ങളെ കെട്ടിച്ചു വിട്ട് കഴിഞ്ഞപ്പോൾ കടങ്ങൾ ഏറെയായി… അതിനിടയിലും സന്തോഷത്തോടെ തന്നേ ജീവിച്ചു….
ഞങ്ങളുടെ സന്തോഷത്തിനു മാറ്റുകൂട്ടാൻ ഉണ്ണിക്കണ്ണനെ കൂടെ ഞങ്ങൾക്ക് കിട്ടിയപ്പോൾ ജീവിതത്തിനു നിറച്ചാർത്തു ഏറിവന്നു…
അതിനിടയിൽ എനിക്കൊരു ഗവണ്മെന്റ് ജോലി കൂടെ കിട്ടിയപ്പോൾ സന്തോഷമായിരുന്നു മനസു നിറയെ…. എന്റെ നന്ദേട്ടനെ എനിക്ക് സഹായിക്കാൻ പറ്റുമല്ലോ എന്നുള്ള സന്തോഷം…. ആദ്യത്തെ പോസ്റ്റിങ്ങ് എറണാകുളത്തായിരുന്നു…
ആകെ ഉണ്ടായിരുന്ന വിഷമം നന്ദേട്ടനെയും മോനെയും വിട്ടു നിൽക്കണമ് എന്നതായിരുന്നു..
എറണാകുളത്തെ ഹോസ്റ്റലിലേക്ക് മാറിയപ്പോൾ ആദ്യമൊക്കെ വല്ലാത്ത വിഷമം ആയിരുന്നു… ആദി അവിടെ ഉള്ളതായിരുന്നു നന്ദേട്ടനുള്ള ആകെ ആശ്വാസം… എന്റെ കളിക്കൂട്ടുകാരൻ.. പിറക്കാതെ പോയെ കൂടപ്പിറപ്പു….
“കടങ്ങളൊക്കെ ഏകദേശം ഒതുങ്ങി തുടങ്ങി… വീണ്ടും സന്തോഷം നിറഞ്ഞ ദിവസങ്ങൾ….
പെട്ടന്നു ഒരുദിവസം ഓഫീസിൽ ബോധം നഷ്ടമായി വീണപ്പോളാണ്.. സന്തോഷങ്ങളുടെ അടിത്തറ ഇളകി തുടങ്ങിയെന്നു മനസിലായത്… ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയപ്പോൾ നടത്തിയ ടെസ്റ്റിൽ ഇടയ്ക്കിടക്ക് വിരുന്നു വന്നിരുന്ന തലവേദന വില്ലനായിരുന്നു എന്നു മനസിലായി….
തലയിലെ ഒരു ഞരമ്പ് പൊട്ടാറായി പോയി എന്നും. ഒരു ഓപ്പറേഷൻ കൊണ്ട് പോലും ഒന്നും ചെയ്യാൻ കഴിയില്ലായെന്നും അറിഞ്ഞപ്പോൾ തകർന്നുപോയിരുന്നു… ജീവിച്ചു കൊതിതീരാത്ത എന്റെ ജീവിതത്തോട് പ്രണയം ആയിരുന്നു… പക്ഷെ അതിലുപരി മരണം എന്നെ പ്രണയിക്കുമ്പോൾ…. എന്റെ പ്രണയം വെറും പരാജയം ആയിപോയി….
വെപ്രാളം പിടിച്ചു നന്ദേട്ടനെ അറിയിക്കാൻ പോയ ആദിയെ തടയുമ്പോൾ മനസിൽ കുറച്ചേറെ തീരുമാനങ്ങൾ എടുത്തിട്ടുണ്ടായിരുന്നു ഞാൻ….
അവന്റെ കാലുപിടിച്ചാണ് നന്ദേട്ടനെ അറിയിക്കില്ലെന്ന വാക്ക് ഞാൻ വാങ്ങിയെടുത്തതു… അറിഞ്ഞാൽ എല്ലാം വിറ്റിട്ടായാലും എന്നെ ചികിത്സയ്ക്കും… ഡോക്ടർമാർ മരണം വിധിച്ച എന്നിൽ ഒരു പരീക്ഷണം നടത്തി.. വീണ്ടും നന്ദേട്ടനെ കടത്തിലേക്കു തള്ളിയിടാൻ മനസ്സ് അനുവദിച്ചില്ല….
എന്റെ തീരുമാനം പലർക്കും തെറ്റായിരിക്കാം.. പക്ഷെ എനിക്കതു ശെരിയായിരുന്നു…അതിലുപരി എന്നെയോർത്തു നീറി നീറി വിറങ്ങലിക്കുന്ന ആ മുഖങ്ങൾ കണ്ടു കൊണ്ട് മരണത്തെ പുൽകാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല എന്നതായിരുന്നു സത്യം.. .
പതിയെ നന്ദേട്ടനിൽ നിന്നും വീട്ടുകാരിൽ നിന്നും അകന്നു തുടങ്ങി… ഫോൺ വിളിക്കാതെയായി…. നന്ദേട്ടന്റെയോ വീട്ടുകാരുടെയോ കാളുകൾ എടുക്കാതെയായി….
ഒരുദിവസം നന്ദേട്ടനെ വിളിച്ചു നിങ്ങളോടൊപ്പം എനിക്കിനി ജീവിക്കാൻ കഴിയില്ല പിരിയാം എന്നു പറയുമ്പോൾ… അതിലുപരിയായി എന്റെ പൊന്നുമോനെ നോക്കാൻ താല്പര്യം ഇല്ല എന്നു നന്ദേട്ടനെ അറിയിച്ചപ്പോൾ ഇങ്ങനെ ഒരു വിധി തന്ന ഈശ്വരന്മാരെ പോലും വെറുത്തു പോയി…
നേരിട്ടുകണ്ടു താലി ഊരി നന്ദേട്ടന്റെ കൈകളിൽ കൊടുക്കുമ്പോൾ തന്നേ.. എന്റെ മരണം സംഭവിച്ചിരുന്നു….
ആ കണ്ണുകളിലേ നിസഹായത കണ്ടില്ലന്ന് നടിച്ചു…. ആദിയോട് പറഞ്ഞു ബാക്കി ദിവസങ്ങൾ പാലിയേറ്റീവ് കെയർ സെന്ററിൽ ആക്കാൻ തീരുമാനിക്കുമ്പോൾ മരണശേഷം മാത്രമേ നന്ദേട്ടൻ അറിയാവൂ എന്നു അവനോട് വാക്ക് വാങ്ങിയിരുന്നു….
എല്ലാം അറിയാമായിരുന്നത് ആദിക്കും മായക്കും മാത്രം ആണ്… വേദനയോടെ ആണെങ്കിലും ആദി എല്ലാറ്റിനും ഒപ്പം തന്നേ നിന്നു എന്റെ നിർബന്ധത്തിനു വഴങ്ങി.. എന്റെ സന്തോഷത്തിനു വേണ്ടി…
ഇപ്പോൾ ഞാൻ ഏറ്റവും ആഗ്രഹിക്കുന്നത് എന്റെ മരണം ആണ്.. ഈ വേദനകളിൽ നിന്നും എത്രയും വേഗം ഒരു മോചനം ആണ്… ശരീരത്തിന്റെ വേദനയെക്കാളും ഏറെ ഉറ്റവരെ പിരിഞ്ഞ വേദനയാണ്. എന്റെ നന്ദേട്ടൻ, മോൻ അച്ഛൻ, അമ്മ.. ആരെയും.. ആരെയും .. കണ്ടു കൊതിതീർന്നില്ല… കണ്ട സ്വപ്ങ്ങളൊക്കെയും പാതി വഴിയിൽ എന്നെ നോക്കി പരിഹസിക്കുന്നുണ്ട്…. അസ്തമിക്കാൻ പോകുന്ന സൂര്യനെ പോലെ എന്റെ സ്വപ്നങ്ങളും, ജീവിതവും എല്ലാം അതിന്റെ ചക്രവാളത്തിനടുത്തെത്തിയിരിക്കുന്നു….
💓
അമ്മ വിളിച്ചു വ നന്ദേട്ടൻ വീട്ടിൽ വന്നിട്ടുണ്ടന്നു പറഞ്ഞപ്പോൾ ശ്വാസം നിലച്ചതുപോലെ തോന്നി ……
“നന്ദേട്ടന്റെ വരവ് ഏതു നിമിഷവും പ്രതീക്ഷിച്ചതു തന്നെയാണ്… നന്ദേട്ടന്റെ ചോദ്യങ്ങൾക്കു ഉത്തരം പറയാനും ഞാൻ ബാധ്യസ്ഥനാണ്.. എന്റെ ആരു അവളുടെ ആദിക്കു കൊടുത്ത അവസാനത്തെ ജോലി….
വീട്ടിൽ എത്തുമ്പോളേക്കും അമ്മ നന്ദേട്ടന് ചായ കൊടുക്കുവായിരുന്നു…
നന്ദേട്ടന് അഭിമുഖമായി ചെന്നിരിക്കുമ്പോൾ രണ്ടുപേർക്കും ഒന്നും പറയാൻ ഉണ്ടായിരുന്നില്ല…
കണ്ടു കഴിഞ്ഞാൽ ഒരു സമയം വാ അടച്ചു വയ്ക്കാത്ത എന്റെ ആരുവിന്റെ കുറവ് ശെരിക്കും ഞങ്ങൾക്കിടയിൽ ഫീൽ ചെയ്തു…
മൗനം ഭേദിച്ചു നന്ദേട്ടൻ തന്നേ പറഞ്ഞു തുടങ്ങി…
“അവളെന്നെ തോൽപിച്ചു അല്ലേടാ ആദി…. അവസാനം വരെ സ്നേഹിച്ചു സ്നേഹിച്ചു…. അവളുടെ നന്ദേട്ടൻ കടക്കാരൻ ആകാതിരിക്കാൻ വേദന സഹിച്ചു അവൾ പോയി അല്ലേ…
“ഒരു നിമിഷം എങ്കിലും എനിക്കെന്റെ പെണ്ണിനോട് ദേഷ്യം തോന്നിയിരുന്നു ആദി… ജോലിയൊക്കെ ആയി കഴിഞ്ഞപ്പോൾ പുതിയ മേച്ചില്പുറം തേടി അവളു പോയിട്ടുണ്ടാവും എന്നു ആരൊക്കയോ പറഞ്ഞത് ഞാനും ചിലപ്പോളൊക്കെ വിശ്വസിച്ചു….
“പക്ഷെ തോറ്റു പോയി… ഒരിക്കലെങ്കിലും അവൾക്കു പറയാമായിരുന്നു… ചേർത്ത് പിടിച്ചേനെ ഞാൻ… എവിടെ വേണോ കൊണ്ട് പോയേനെ… ഒന്നിനും അവസരം തന്നിലല്ലോടാ അവൾ…
അവളുടെ കത്ത് കിട്ടിയപ്പോൾ ഞാൻ തളർന്നു പോയി…. ഇത്രയും വലിയ ഒരു ശിക്ഷ ഞാൻ പ്രതീക്ഷിച്ചില്ല ആദി… അവളെ അവസാനമായി കാണാൻ പോലും അവൾ അനുവദിച്ചില്ല എന്നെ….
അതിന്റെ കാരണങ്ങൾ കത്തിലുണ്ട് കേട്ടോ അവളെല്ലാം പറഞ്ഞിട്ടുണ്ട്.. എന്റെ സംശയം എല്ലാം തീർത്തിട്ടുണ്ട്…. നീയും വായിക്കു എന്നു പറഞ്ഞു നന്ദേട്ടൻ ആ കത്ത് എന്റെ കൈയിൽ തരുമ്പോൾ… നിലതെറ്റിയതു പോലുള്ള നന്ദേട്ടന്റെ സംസാരം എന്നിൽ നോവുണർത്തി… കത്ത് വാങ്ങാൻ തുടങ്ങിയ എന്റെ കൈകളും വിറച്ചിരുന്നു..
അവളുടെ അക്ഷരങ്ങളിലൂടെ ഞാൻ കണ്ണോടിച്ചു..
“എന്റെ നന്ദേട്ടന്,
എന്നോട് വെറുപ്പുണ്ടോ നന്ദേട്ടാ…. ഞാൻ നന്ദേട്ടനെ ഉപേക്ഷിച്ചു പോയതാണെന്ന് തോന്നുന്നുണ്ടോ…. എനിക്ക് നന്ദേട്ടനെയും നമ്മുടെ മോനെയും കുടുംബത്തെയും ഒക്കെ വിട്ടു പോകാൻ കഴിയുന്നു തോന്നുന്നുണ്ടോ…
പക്ഷെ ദൈവത്തിനു എന്നെ ഇഷ്ടായത്രേ.. എന്റെ ബാക്കി ജീവിതം അവിടെ ജീവിച്ചാൽ മതിന്ന പുള്ളിക്കാരൻ പറയുന്നേ… ഞാൻ പറഞ്ഞു നോക്കി… എനിക്ക് നന്ദേട്ടൻ ഇല്ലാണ്ട് പറ്റില്ലാന്ന്. പക്ഷെ കേൾക്കുന്നില്ല നന്ദേട്ടാ… അതിനുള്ള ഭാഗ്യം ഈ ജന്മത്തിൽ ഇനി ഇല്ലാന്ന്..
ഈ കത്ത് കൈയിൽ കിട്ടുമ്പോളേക്കും ഞാൻ അങ്ങു എത്തിയിട്ടുണ്ടാകും…. ചികിൽസിച്ചിട്ടും കാര്യം ഇല്ല ഒത്തിരി വൈകി പോയി നന്ദേട്ടാ… അതുകൊണ്ടാണ് ഞാൻ ഇങ്ങനെ ഒരു തീരുമാനം എടുത്തത്… വീണ്ടും നന്ദേട്ടനെ തീരാ കടത്തിലാക്കിട്ടു പോകാൻ എനിക്ക് താല്പര്യം ഇല്ല… അങ്ങനെ ആയാൽ ഇടയ്ക്ക് തളർന്നു പോയാൽ ചായ്ക്കാൻ എന്റെ തോളുണ്ടാകില്ലലോ….
എനിക്കറിയാം ഞാൻ പറയുന്നതൊന്നും ഒരിക്കലും ന്യായം അല്ലെന്നു…. അതിലൊക്കെ ഉപരി എന്റെ നന്ദേട്ടന്റെ കരയുന്ന മുഖം കണ്ടോണ്ട് പോകാൻ വയ്യാഞ്ഞിട്ടാണ്….
“എന്നും സന്തോഷത്തോടെ ഇരിക്കണംട്ടോ… തളർന്നു പോകരുത്. കണ്ണനെ നന്നായിട്ട് വളർത്തണം.. അച്ഛനും അമ്മയും.. അവരെ ഒന്നും അറിയിക്കരുത്.. അവരെന്നെ ശപിച്ചോട്ടെ.. പക്ഷെ എവിടെങ്കിലും ജീവിച്ചിരുപ്പുണ്ടന്ന് വിശ്വസിച്ചോട്ടെ പാവങ്ങൾ…
ആദിയോട് ദേഷ്യം തോന്നല്ലേ ഏട്ടാ. എന്റെ കൂടെ നിന്നു എന്നെ ഉള്ളൂ പാവത്തിന്റെ ഉള്ളൂ വിങ്ങുന്നതു എനിക്ക് കാണാം…. അവനോടൊപ്പം എന്നും നന്ദേട്ടനുണ്ടാകണം…
ജീവിച്ചു കൊതി തീർന്നില്ല…. കണ്ട സ്വപ്നങ്ങളൊക്കെ പാതിയിൽ മുറിഞ്ഞു പോയി. നമ്മൾ ഇഴചേർത്ത നൂലുകൾ നിറം മങ്ങി പൊട്ടിത്തുടങ്ങി. ….. എനിക്ക് ചുറ്റും ഇപ്പോൾ ഇരുട്ടുമത്രേ ഉള്ളൂ നന്ദേട്ടാ നിറങ്ങളൊക്കെ ആ ഇരുട്ടിലെവിടെയോ പോയൊളിച്ചു…. വരും ജന്മങ്ങളിലെങ്കിലും ഈശ്വരൻ നന്ദേട്ടനോടൊപ്പം ഒരുപാടുകാലം ജീവിക്കാനുള്ള ഭാഗ്യം എനിക്ക് തരട്ടെ… പറയാൻ ഏറെ ഉണ്ട് നന്ദേട്ടാ…. ഒരു ജന്മം മുഴുവൻ പറയാനുള്ളത്. പക്ഷെ വാക്കുകൾ തൊണ്ടക്കുഴിയിൽ തന്നേ ഇരുന്നു ശ്വാസം കിട്ടാതെ പിടയുന്ന പോലെ….
അവസാനമായി ഒന്ന് കൂടെ… ജീവിതത്തതിൽ ഒരു കൂട്ടു തേടണം… ഒറ്റയ്ക്കായി പോകരുത്…..
നന്ദേട്ടന്റെ മാത്രം ആരു…. “
വായിച്ചു കഴിഞ്ഞതും ആ വിറയലോടു തന്നേ നന്ദേട്ടനെ തിരികെ ഏൽപ്പിച്ചു..അവളുടെ വാക്കുകൾ നെഞ്ചിൽ വരെ കുത്തുന്നുണ്ട് …
“എന്റെ ആരുവിന്റെ അവസാന സമ്മാനം… അല്ലേ ആദി… ഇതു ഞാൻ എന്റെ ഹൃദയത്തിൽ സൂക്ഷിക്കും.എന്റെ ജീവിതാവസാനം വരെ… …
എല്ലാ ദുഖങ്ങളും എനിക്ക് നൽകിയിട്ടു പോയില്ലേ….. അവളുടെ ആഗ്രഹം പോലെ തന്നേ നടക്കട്ടെ…..
“പോകുവാണ് ആദി അവളുടെ ആഗ്രഹം പോലെ എന്നും ഉണ്ടാകും നിന്നോടൊപ്പം…..
“ഇടറുന്ന കാലടിയോടെ മുന്നോട്ട് നടക്കുന്ന ആ മനുഷ്യന് എന്തും താങ്ങാനുള്ള ശ്കതി കൊടുക്കണേ എന്നു മാത്രമേ ഈശ്വരനോട് എനിക്ക് അപ്പോൾ പ്രാർത്ഥിക്കാൻ കഴിഞ്ഞുള്ളു….