രഹസ്യം ~ രചന: ഷിജു കല്ലുങ്കൻ
“അപ്പേ… ഇതാരുടെ ഫോട്ടോയാ അപ്പേ..? “
വൈകുന്നേരം അശ്വിൻ ഓഫീസിൽ നിന്ന് വരുമ്പോൾ കയ്യിൽ ഉയർത്തിപ്പിടിച്ച ഫോട്ടോയുമായി സാന്ദ്രക്കുട്ടി വരാന്തയിൽ നിൽപ്പുണ്ടായിരുന്നു.
“അതേയ് .. അത് ഒരു ആന്റി.. “
“ഈ ആന്റിയുടെ പേരാണോ അപ്പ എനിക്കിട്ടത്? ” അശ്വിൻ നടുങ്ങിപ്പോയി ഒരു നിമിഷത്തേയ്ക്ക്.
“ആരു പറഞ്ഞു ഈ കള്ളം?… എന്റെ സാന്ദ്രക്കുട്ടിയുടെത് നല്ല സ്റ്റൈലൻ പേരല്ലേ… “
“ആനിയാ പറഞ്ഞേ…. ആനി ഭയങ്കര കരച്ചിലാ.. “
“അമ്മയെ പേര് വിളിക്കരുതെന്ന് എത്ര പറഞ്ഞാലും നീ കേക്കൂല അല്ലേടി കാന്താരി..? “മകളുടെ സംസാരത്തിന്റെ ഗതി മാറ്റിവിടാൻ ശ്രമിച്ചു കൊണ്ട് അവൻ അകത്തേക്ക് വന്നപ്പോഴേ കണ്ടു ബെഡിൽ കമിഴ്ന്നു കിടന്ന് എങ്ങലടിക്കുന്നു ആനി.
എന്തൊക്കെയോ കുഴഞ്ഞു മറിഞ്ഞിട്ടുണ്ടെന്നു തീർച്ച.
“ആനി, എന്നതാ….. നിനക്കെന്നാ പറ്റി?” അടുത്തിരുന്നു തോളത്തേക്ക് വച്ച കൈ തട്ടിത്തെറിപ്പിച്ച് അവൾ ചീറി….
“ആദ്യം മകളുടെ ചോദ്യത്തിന് ഉത്തരം കൊടുക്ക്… എന്നിട്ട് വന്നാൽ മതി എന്റെ അടുത്തേക്ക്. “
“ആനീ, ഈ ഫോട്ടോ ആദ്യമായിട്ട് കാണുന്നതൊന്നും അല്ലല്ലോ നീയ്യ്.. കഴിഞ്ഞ അഞ്ചു വർഷങ്ങൾ ആയി എന്റെ ആൽബത്തിൽ ഉള്ള ഫോട്ടോ തന്നെയല്ലേ അത്? “
“ഈ അഞ്ചു വർഷങ്ങൾക്കിടയിൽ എപ്പോഴെങ്കിലും നിങ്ങൾ പറഞ്ഞിട്ടുണ്ടോ ഇവളുടെ പേര് സാന്ദ്ര എന്നാണെന്നും…. നിങ്ങളുടെ ആ പഴയ കാമുകിയുടെ പേരാണ് നമ്മുടെ മകൾക്കിട്ടത് എന്നും? “
“ആനീ… നീയെന്തൊക്കെയാ ഈ പറയുന്നത്..?” അവളെ ആശ്വസിപ്പിക്കണം എന്നും ചേർത്തു പിടിക്കണം എന്നും അശ്വിനു തോന്നി. പക്ഷെ വീണ്ടും അവന്റെ കൈകൾ തട്ടി മാറ്റിക്കൊണ്ട് ആനി കുതറി മാറി.
“അഞ്ചല്ല അൻപതു വർഷം കഴിഞ്ഞാലും നമ്മൾ ചെയ്ത തെറ്റുകൾക്ക് നമ്മൾ തന്നെ മറുപടി കൊടുക്കേണ്ടി വരും അശ്വിൻ… “
“ഞാനിവിടെ എന്തു തെറ്റു ചെയ്തെന്നാ നീയിപ്പോ പറയുന്നേ…..? ഒരു കുഞ്ഞു പിറന്നപ്പോൾ അവൾക്ക് മനോഹരമായ ഒരു പേര് ഇട്ടു. ഏത് അച്ഛനും അങ്ങനെയല്ലേ ചെയ്യൂ. അതിപ്പോ ഒരു സഹപാഠിയുടെ പേരായിപ്പോയി… അതിലെന്താ ഇത്ര ക്ഷമിക്കാൻ വയ്യാത്ത തെറ്റ്? “
“സഹപാഠി….? വെറുമൊരു സഹപാഠി മാത്രമായിരുന്നോ അവൾ നിങ്ങൾക്ക്?… മൂന്നുകൊല്ലം പ്രേമിച്ച് പിറകേ നടന്ന് ഒടുവിൽ പിച്ചിച്ചീന്തി കൊന്നു കളഞ്ഞില്ലേ നിങ്ങൾ ആ പാവത്തിനെ?? “ആനിയുടെ ശബ്ദം ക്രമാതീതമായി ഉയർന്നു.
“ആനി നിനക്കെന്താ ഭ്രാന്ത് പിടിച്ചോ?… ഒന്ന് ശബ്ദം താഴ്ത്തി സംസാരിക്ക്.. “
“എന്തിന് അശ്വിൻ…. എല്ലാവരും അറിയട്ടെ… കാണട്ടെ നാട്ടുകാർ കൂടി നിങ്ങളുടെ ഈ മാന്യതയുടെ മുഖം മൂടി. “
കാര്യമെന്താണെന്നറിയാതെ സ്തംഭിച്ചു നിന്നിരുന്ന സാന്ദ്രക്കുട്ടി ഉച്ചത്തിൽ കരയാൻ തുടങ്ങി. കുട്ടിയെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് ആനി ബെഡ്‌റൂമിന് വെളിയിൽ കടന്നു.
പുറത്ത് ഒരു കാർ വന്നു നിൽക്കുന്നതിന്റെ ശബ്ദം കേട്ടു. ആനി പുറത്തേയ്ക്ക് ഓടുന്നതും ഉച്ചത്തിൽ ഉള്ള കരച്ചിലും കേട്ടു.
നിറയെ ചുഴികളുള്ള ഒരു നദിയുടെ കുത്തൊഴുക്കിലൂടെ നിയന്ത്രണം നഷ്ടപ്പെട്ട് അലയുന്ന ഒരു കൊച്ചു വഞ്ചിയിൽ അകപ്പെട്ടു പോയവനെപ്പോലെ ആടിയുലഞ്ഞു പോയിരുന്നു അശ്വിൻ. ബെഡിന്റെ വിളുമ്പിൽ മുറുകെപ്പിടിച്ച് ഇരിക്കാൻ മാത്രമേ അയാൾക്ക് കഴിഞ്ഞുള്ളൂ.
അകത്തേക്ക് കടന്നു വന്ന ആനിയുടെ മൂത്ത ആങ്ങള അലക്സ് അവളെ
ഇടതു കൈകൊണ്ടു ചേർത്തുപിടിച്ച് ബെഡിൽ അശ്വിന്റെ അരികിലായി ഇരുന്നു
“ആനീ.. മോൾക്ക് എവിടുന്നു കിട്ടി ഈ പുതിയ അറിവുകൾ? “
“വല്യേട്ടാ… .. ” ആനി എങ്ങലടിച്ചു.
“ഈ പെണ്ണിന്റെ ഫോട്ടോ മറ്റൊരാളുടെ കയ്യിൽ ഞാൻ കണ്ടു”
“ആരുടെ? “
“ബാങ്കിൽ പുതുതായി സ്ഥലം മാറി വന്ന സദയയുടെ മൊബൈൽ ഫോണിൽ.”
“ഉം… എന്നിട്ട്? “
” അവൾ പറഞ്ഞു തന്നു, കോളേജ് പ്രേമത്തിനോടുവിൽ കാമുകൻ പിച്ചിച്ചീന്തി ആത്മഹത്യ ചെയ്യേണ്ടി വന്ന അവളുടെ ചേച്ചിയുടെ കഥ. ആ കാമുകന്റെ പേര് അശ്വിൻ എന്നാണെന്നും…. . ഒരു ടൂർ പ്രോഗ്രാമിനിടെ രണ്ടുപേരും ചേർന്നെടുത്ത ഒരു ഫോട്ടോയും ഉണ്ടായിരുന്നു അവളുടെ കയ്യിൽ. അതിലെ കാമുകന് ഇയാളുടെ ഈ വൃത്തികെട്ട മുഖമാണ് ഏട്ടാ….. “
തല കുമ്പിട്ടിരുന്ന അശ്വിന്റെ കണ്ണിൽ നിന്നും നീർക്കണങ്ങൾ ചാലിട്ടൊഴുകി.
“അപ്പാ കരയുന്നു… ” സാന്ദ്രക്കുട്ടിക്ക് സങ്കടം സഹിക്കാനായില്ല. അവൾ ഓടിച്ചെന്ന് അയാളുടെ കഴുത്തിനു ചുറ്റും കൈകൾ ചുറ്റി മുഖത്തു മുഖമുരുമി ഒരു പൂച്ചകുട്ടിയെപ്പോലെ തന്റെ സ്നേഹം പ്രകടിപ്പിച്ചു.
പക്ഷെ ഒന്ന് ചലിക്കാൻ പോലുമാവാത്ത വണ്ണം നിർവ്വികാരനായിപ്പോയിരുന്നു അശ്വിൻ.
“വല്യേട്ടാ…., പത്തുവർഷങ്ങൾക്ക് മുൻപ് നടന്ന ഒരു കുറ്റകൃത്യത്തിന് ഇന്ന് പ്രതിയെ അറസ്റ്റ് ചെയ്തു ശിക്ഷിക്കാൻ നിങ്ങൾക്ക് അധികാരം ഇല്ലേ…? “
അവൾ അശ്വിനെ വെറുപ്പോടെ നോക്കിക്കൊണ്ട് എഴുന്നേറ്റു….
“കൊണ്ടുപോയിക്കോളൂ ഏട്ടാ…. ഞാനും എന്റെ മോളും മാത്രം മതി… ഞങ്ങൾ ജീവിച്ചുകൊള്ളാം….ആർക്കും ഒരു ശല്യമാവാതെ. വഞ്ചകനും കൊലപാതകിയുമായ ഒരുവനൊപ്പം ജീവിക്കാൻ ഇനി ആനിക്ക് ആവില്ല… “
ആർത്തലച്ചു കരയുന്ന അനിയത്തിയെ വീണ്ടും കയ്യിൽ പിടിച്ച് അടുത്തിരുത്തി അവളുടെ തലയിൽ മെല്ലെ തലോടിക്കൊണ്ട് അലക്സ് ചോദിച്ചു.
“അശ്വിനും സാന്ദ്രയും പഠിച്ച കോളേജിൽ പഠിച്ച മാറ്റാരെയെങ്കിലും മോൾക്ക് ഓർമ്മയുണ്ടോ? “
അവൾ തലയുയർത്തി പുരികക്കൊടികൾ അല്പം വളച്ച് ചോദ്യാർത്ഥത്തിൽ അലെക്സിനെ നോക്കി.
“പ്രിൻസിനെയും അവൻ പഠിച്ചിരുന്ന കോളേജും അത്ര പെട്ടെന്ന് നീ മറക്കാൻ വഴിയില്ലല്ലോ ആനീ… “
തന്റെ നേരെ മൂത്ത ഏട്ടൻ, താൻ പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ ബൈക്കപകടത്തിൽ മരണമടഞ്ഞ പ്രിൻസ്. മദ്യവും മയക്കുമരുന്നും നശിപ്പിച്ചു കളഞ്ഞ ജന്മം എന്ന് അമ്മ വിലപിക്കുന്നത് ഇപ്പോഴും ചെവികളിൽ ഉണ്ട്.
“കൊച്ചേട്ടൻ..? “
“ഉം…. അവന്റെ അപകടമരണവുമായി ബന്ധപ്പെട്ട് പലതവണ ആ കോളേജിൽ കയറി ഇറങ്ങിയിട്ടുണ്ട് ഞാൻ. ഒരു ദിവസം പ്രിൻസിപ്പാൾ എനിക്ക് ഒരു വ്യക്തിയെ പരിചയപ്പെടുത്തി. സ്നേഹിച്ച പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചതിന്റെ പേരിൽ അവൾ ആത്മഹത്യ ചെയ്തപ്പോൾ സമൂഹം വേട്ടയാടുന്ന ഒരു ഇരുപതു വയസ്സുകാരനെ… “
“പ്രിൻസിപ്പളിന്റെ മുറിയിലെ കമ്പ്യൂട്ടറിൽ അവന്റെ മെയിലിലേക്ക് അവൾ ആത്മഹത്യ ചെയ്യും മുൻപ് അയച്ച അവസാനത്തെ സന്ദേശം അവൻ എനിക്ക് കാണിച്ചു തന്നു “
‘അശ്വിൻ എന്നും നിന്റേതായി ജീവിക്കാൻ കൊതിച്ചവളാണ് ഞാൻ. നിനക്ക് ഞാനല്ലാതെ ആരുമില്ല എന്നെനിക്കറിയാം. കോളേജിന്റെ ഇടനാഴിയിൽ ആ നരാഥമൻ എന്നെ കടിച്ചുകീറുമ്പോൾ കരഞ്ഞു കൊണ്ട് ഞാൻ പറഞ്ഞിരുന്നത് അതു മാത്രം ആയിരുന്നു… എന്റെ അശ്വിന് ഞാനല്ലാതെ ആരുമില്ല, എന്നെ ഉപദ്രവിക്കരുത് എന്ന്… ഇന്ന് നിന്റെ സാന്ദ്ര ഇല്ല അശ്വിൻ. എല്ലാം നഷ്ടപ്പെട്ടവളായി എനിക്ക് ജീവിക്കേണ്ട അശ്വിൻ. എന്നോട് നീ ക്ഷമിക്കണം.
എന്നെ മറക്കാൻ നിനക്കാവില്ല എന്നെനിക്കറിയാം, പക്ഷെ നീ മറ്റൊരു കുട്ടിയെ വിവാഹം കഴിക്കണം നിനക്ക് ഒരു മോൾ പിറന്നാൽ അവളെ സാന്ദ്ര എന്ന് പേരിട്ടു വിളിക്കണം.നിന്റെ മാത്രം ആയിരിക്കാൻ കൊതിച്ച സാന്ദ്ര. ‘
ഒരു പോലിസ് ഓഫീസർ ആണെന്ന് പോലും നോക്കാതെ എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞ അവനെ അന്ന് തോളിൽ തട്ടി ആശ്വസിപ്പിച്ച് കൂടെ കൂട്ടിയതാണ് ഞാൻ. ആനീ….. ഒരു നിധി പോലെ നിനക്ക് ഞാൻ സമ്മാനിച്ച അശ്വിൻ വെറുക്കപ്പെടേണ്ടവൻ അല്ല. സാന്ദ്ര എന്ന പേരിന് പരിശുദ്ധമായ സ്നേഹം എന്നാണ് ഇവൻ കണ്ടെത്തിയ അർത്ഥം.”
“വല്യേട്ടാ ഞാൻ……ഇതൊന്നും എനിക്കറിയില്ലായിരുന്നു… നിങ്ങൾ രണ്ടുപേരും എന്നോടൊന്നും പറഞ്ഞില്ല..”
കണ്ണീരിന്റെ ഉപ്പുപുരണ്ട ആനിയുടെ ചൊടികൾ വിറകൊള്ളുന്നത് അലക്സ് കണ്ടു.
“സാരമില്ല, അവൻ നിന്റെ അശ്വിൻ അല്ലേ.. ” അലക്സ് അവളെ ആശ്വസിപ്പിച്ചു.
ആനി എഴുന്നേറ്റു ചെന്ന് അശ്വിന്റെ മുന്നിൽ മുട്ടുകുത്തി അവന്റെ മടിയിലേക്ക് മുഖം ചേർത്ത് വിങ്ങിപ്പൊട്ടിക്കരഞ്ഞു.
“എന്നോട് ക്ഷമിക്കൂ അശ്വിൻ…..” അവന്റെ കൈകൾ അവളുടെ മുടികൾക്കിടയിലൂടെ ഒരു സാന്ത്വനം പോലെ പരതിനടന്നു.
അലക്സ് എഴുന്നേറ്റു.
“പിന്നെ നിന്റെ പുതിയ കൂട്ടുകാരി ഉണ്ടല്ലോ…. സദയ, അവളുടെ അഡ്രസ് എനിക്കൊന്ന് വേണം. ഒന്ന് സംസാരിക്കാൻ വേണ്ടി മാത്രം. “
“അശ്വിൻ ഞാൻ ഇറങ്ങുന്നു.” പറഞ്ഞിട്ട് തിരിഞ്ഞു നടക്കുന്നതിനിടയിൽ അലക്സ് ആനിയെ നോക്കി.
“മോളെ, എല്ലാ കാര്യങ്ങളും എല്ലാവരോടും പറയാൻ പറ്റുന്നവ ആയിരിക്കില്ല. ചിലത് മനസ്സിൽ തന്നെ സൂക്ഷിക്കേണ്ടി വരും. അതിനെ രഹസ്യം എന്ന് പറയും. എനിക്കും അശ്വിനും ഇടയിലെ ഈ രഹസ്യം ഇപ്പോൾ നമ്മൾ മൂന്നുപേർക്കു മാത്രം സ്വന്തം ആണ്. ഓർക്കുക.”
രണ്ടു കൈകൾ കൊണ്ട് ആനിയെയും മോളെയും നെഞ്ചിലേക്ക് ചേർത്തു പിടിച്ച് അനങ്ങാതെ ഇരിക്കുമ്പോൾ അശ്വിൻ ഓർക്കുകയായിരുന്നു.
അതേ ചില കാര്യങ്ങൾ എന്നും രഹസ്യമായിത്തന്നെ ഇരിക്കണം.
അന്ന് കോളേജിന്റെ കറുത്ത ഇടനാഴികളിൽ എവിടെയോ സാന്ദ്രയെ കടിച്ചു കീറിയ മനുഷ്യമൃഗത്തിന്റെ പേര് പ്രിൻസ് എന്നായിരുന്നു എന്നത് ഒന്നാമത്തെ രഹസ്യം.
അവനെ ബൈക്കിൽ നിന്ന് അടിച്ചു വീഴ്ത്തി കല്ലുകൊണ്ട് തലക്കിടിച്ചു കൊന്നത് സാന്ദ്രയുടെ ജീവന്റെ ജീവനായ കാമുകൻ അശ്വിൻ ആയിരുന്നു എന്നത് രണ്ടാമത്തെ രഹസ്യം.
ഇന്നും പശ്ചാത്താപമില്ലാതെ, രണ്ടാമതൊരാൾ അറിയാതെ താൻ മനസ്സിൽ സൂക്ഷിക്കുന്ന രഹസ്യങ്ങൾ.
കാറിന്റെ ഡോർ തുറന്ന് അകത്തേക്കിരിക്കുമ്പോൾ അലക്സ് ഓർത്തത് മറ്റൊന്നായിരുന്നു.
അന്ന് ഓഫിസിൽ പ്രിൻസിപ്പാളിന്റെ മുറിയിൽ വച്ച് തന്റെ അനുജന്റേത് അപകടമരണമല്ല എന്നും, തന്നെ കെട്ടിപ്പിടിച്ചു കരഞ്ഞ ചെറുപ്പക്കാരൻ തന്നെയാണ് അവനെ കൊലപ്പെടുത്തിയത് എന്നും വ്യക്തമായി മനസ്സിലാക്കിയിട്ടും ഒന്നും അറിയാത്തവനെപ്പോലെ എല്ലാം ക്ഷമിച്ച് അവനെ കൂടെ കൂട്ടി പിന്നീട് സ്വന്തം സഹോദരിയെ വിവാഹം കഴിച്ചു കൊടുക്കാൻ തന്നെ പ്രേരിപ്പിച്ച വികാരം എന്താണ്..?
ഓരോ വട്ടവും അശ്വിനെ കാണുമ്പോൾ ഇതേ ചോദ്യം മനസ്സിലേക്ക് ഓടി എത്തും.
വരാന്തയിലേക്ക് ഇറങ്ങി വന്ന ആനി ചിരിച്ചു കൊണ്ട് കൈ ഉയർത്തി വീശി. ഒരു നിമിഷം അലെക്സിനു തോന്നി ആ വരാന്തയിൽ ഉള്ളത് ആനിയല്ല, പത്തൊൻപതു വയസ്സ് പ്രായമുള്ള സാന്ദ്ര എന്ന പെൺകുട്ടി ആണെന്ന്.
തിരികെ കൈ വീശുമ്പോൾ അയാൾ ഓർത്തു ഈ തോന്നൽ തന്നെ ആവാം തന്റെ ചോദ്യത്തിനുള്ള ഉത്തരവും എന്ന്. ചിരിച്ചുകൊണ്ട് ഒന്നുകൂടി കൈ ഉയർത്തിയിട്ട് അയാൾ കാർ മുന്നോട്ടെടുത്തു.