കൂട് ~ രചന: ഹഫി ഹഫ്സൽ
” ഉറങ്ങിയോ ? ”
” ഇല്ല .. ഉറക്കം വരുന്നില്ല … ”
” ഹും.. മോൻ ഇനിയും ഉറങ്ങിയില്ല .. അതാ ഞാൻ മെസ്സേജ് അയക്കുന്നത് .. സംസാരിക്കുന്ന ശബ്ദം കേട്ടാൽ അവൻ ഉറക്കമുണരും ”.
” ഹും … സാരല്ല.. അവൻ ഉറങ്ങട്ടെ .. സമാധാനമായിട്ട് ഉറങ്ങട്ടെ … നീയും ഉറങ്ങിക്കോ .. രാവിലെ ഞാൻ വിളിക്കാം .. ‘
” … എനിക്കറിയാം ചന്ദ്രേട്ടാ … ഒരു വീടിനകത്ത് ഉണ്ടായിട്ടും പരസ്പരം നേരിൽ കാണാതെ .. ഇങ്ങനെ ഒരു മുറിയിൽ .. സാരമില്ല .. ഇനി ഒരാഴ്ച കൂടിയല്ലേയുള്ളു ? ”
” ഹാ .. അതേ … ഒരാഴ്ച കൂടി .. ഒരാഴ്ച ഇതിനകത്ത് കഴിച്ചു കൂടിയത് എങ്ങനെ എന്ന് എനിക്ക് ആലോചിക്കാൻ കഴിയുന്നില്ല .. നീ ഉറങ്ങിക്കോ … ”
” ശരി ചേട്ടാ … രാവിലെ നേരത്തെ എണീക്കണം …”
എത്ര കണ്ണടച്ച് കിടന്നിട്ടും ഉറക്കം വരുന്നില്ല .. ഞാൻ പതിയെ എഴുനേറ്റു ജന വാതിലിനരികിൽ ചെന്ന് പുറത്തേയ്ക്ക് നോക്കിയിരിപ്പായി .. ചിന്തകൾ ഏതോ വഴികളിലൂടെ അലയുമ്പോൾ ഫോൺ ബെൽ അടിക്കുന്ന ശബ്ദം കേട്ടു .. അമ്മയാണ് ….
” ഹലോ … ‘അമ്മ … ‘അമ്മ ഇനിയും ഉറങ്ങിയില്ലേ ?… ”
” ഇല്ല മോനെ .. അമ്മക്കുറക്കം വരണില്യ … കുറെ മസായില്യേ ഞാനീ മുറിക്കകത്ത് ..ഉറങ്ങാൻ ഒരു സമയം എന്നൊന്നും ഇല്യ .. ഉറക്കം വരുമ്പോ ഉറങ്ങണം അത്രന്നെ. …മോൻ എന്തെടുക്കാ ?… ”
” ഒന്നുല്ല അമ്മേ .. ഞാൻ വെറുതെ ജനവാതിൽ തുറന്നു കാറ്റ് കൊള്ളാണ് …
” പൊറത്ത് മഴയുണ്ടാ ? ”
” ഇല്ല ..നല്ല തണുത്ത കാറ്റ് ഉണ്ട് …മഴ പെയ്യുമെന്നു തോന്നുന്നു ”
” നല്ല വായു ശ്വസിച്ചിട്ടും കാറ്റ് കൊണ്ടിട്ടും എത്ര നാളായി …….” ‘അമ്മ ദീർഘ നിശ്വാസത്തോടെ എന്തോ ആലോചിച്ചിരുന്നിരിക്കണം .
” അതിനെന്താ … അമ്മേ … ഒരാഴ്ച കൂടി കഴിഞ്ഞാൽ ഞാൻ ഈ മുറിയുടെ പുറത്തിറങ്ങുമല്ലോ …എന്നിട്ട് ഞാൻ അമ്മയെ കാറ്റ് കൊള്ളാൻ കൊണ്ട് പോകാലോ ”
” ഹാ … അതൊന്നും വേണമെന്നില്ല്യ ഈ അമ്മക്ക്. അച്ഛൻ മരിച്ച ശേഷം ഈ മുറി വിട്ടമ്മ പുറത്തിറങ്ങിയിട്ടില്ല . ഇപ്പോൾ ആണെങ്കിൽ ഒട്ടും വയ്യ . എനിക്കെന്റെ കുട്ടിയെ ഒന്ന് കണ്ടാൽ മതി .മോനൊന്നിവിടം വരെ വരോ ? ”
” ഇപ്പഴോ ? ”
” ഹാ .. ഇപ്പൊ തന്നെ ”
” ..വേണ്ടമ്മേ … ഞാൻ …ഞാനായപ്പോൾ നിരീക്ഷണത്തിൽ അല്ലേ… എനിക്ക് അസുഖം ഉണ്ടെങ്കിൽ അമ്മയ്ക്കും അത് പ്രശ്നം ആകും … ”
” ഇനിയമ്മക്ക് എന്ത് വരാനാ … മോൻ ഒന്ന് ഈ വഴി വരൂ …വാതിൽക്കൽ വരെ വന്നാൽ മതി ”
അമ്മയെ സമാധാനിപ്പിക്കാൻ ഏറെ ശ്രമിച്ചെങ്കിലും എന്റെ മകനെ പോലെ അല്ലെങ്കിൽ അതിനേക്കാൾ വാശി പിടിക്കുന്ന ഒരു കുഞ്ഞിനെ പോലെ ‘അമ്മ പറഞ്ഞപ്പോൾ പറ്റില്ല എന്ന് പറയാൻ എനിക്കായില്ല ..സാധാരണ പ്രവാസ കാലത്തെ അവധിയിൽ വരുമ്പോൾ അമ്മയെ കണ്ടു കവിളിൽ ഒരു മുത്തം ലഭിച്ച ശേഷമേ ഞാൻ വീടിനകത്ത് കയറാറുള്ളൂ .. നിർബന്ധിത ഒളിവു ജീവിതം കാരണം അകലെ നിന്ന് മാത്രം ഒരു മിന്നായം പോലെ എല്ലാവരെയും കണ്ടു മുറിക്കകത്തേക്കോടിയതാണ് ഞാൻ . എന്റെയും എല്ലാവരുടെയും സുരക്ഷക്ക് ഇത് എന്റെ കടമായാണെന്നു എനിക്കറിയാം എങ്കിലും അരികിലുണ്ടായിട്ടും ഒളിച്ചിരിക്കാൻ വിധിക്കപ്പെട്ട ഈ പാവം രാജ കുമാരന്റെ കഥ ഈ ഒളിവു കാലം കഴിഞ്ഞാൽ മോനോട് പറഞ്ഞു കൊടുക്കണം .
ഞാൻ മുറിയുടെ വാതിൽ തുറന്നു … വേറെ ആരും ഉണരാതിരിക്കാൻ ഒരു കള്ളനെ പോലെ ഇരുട്ടിൽ തപ്പി തടഞ്ഞു കൊണ്ട് ഇടയ്ക്കു മൊബൈൽ ഫോൺ സ്ക്രീൻ വെളിച്ചം മാത്രം ഉപയോഗിച്ച് കൊണ്ട് ഞാൻ ഗോവണിയിറങ്ങി . ഞാനേറെ ഓടി നടന്ന വഴികളെല്ലാം കണ്ണടച്ച് ഓടാൻ എനിക്ക് കഴിയുമായിരുന്നു . പക്ഷെ മൊബൈൽ സ്ക്രീനിന്റെ അരണ്ട വെളിച്ചത്തിലും ഞാൻ തപ്പി തടഞ്ഞു കൊണ്ടാണ് താഴെ അമ്മയുടെ മുറിക്കടുത്തെത്തിയത് .
” ന്റെ കുട്ടി …….. ന്റെ കുട്ടി ആകെ ക്ഷീണിച്ചല്ലോ ”
വാതിൽ പടിയിൽ കണ്ണും നട്ടിരിക്കുന്ന ‘അമ്മ ആ അരണ്ട വെളിച്ചത്തിലും കൺ നിറയെ എന്നെ കണ്ടിരിക്കുന്നു .
” അങ്ങനൊന്നുല്ല.. ‘അമ്മാ …… ഇവിടെ വന്ന ശേഷം തിന്ന് തിന്ന് വെയ്റ്റ് കൂടീട്ടുണ്ടെന്നാ എനിക്ക് തോന്നുന്നത് … ”
വാതിൽ പടിയിൽ നിന്ന് കൊണ്ട് തന്നെ ഞാൻ അമ്മക്ക് മറുപടി നൽകി ..
” മോനിങ് വന്നേ …. ‘അമ്മ ഒന്ന് ശരിക്ക് കാണട്ടെ ”’
” അത് വേണ്ടമ്മാ …. ”
” അല്ലെങ്കിൽ ഞാൻ അങ്ങട് വരും ” ‘അമ്മ ശോഷിച്ച കൈകൾ കട്ടിലിൽ അമർത്തി എഴുന്നേൽക്കാൻ തുനിഞ്ഞു ..
” വേണ്ട ….. ഞാൻ വരാം ” മടിച്ചു മടിച്ചു ഞാൻ അമ്മയുടെ അടുക്കലെത്തി കട്ടിലിനു താഴെ അമ്മയുടെ മടിയിൽ കൈ വെച്ചിരുന്നു ….. ”
എന്റെ തലയിൽ അമ്മയുടെ ശോഷിച്ച വിറയാർന്ന വിരലുകൾ ഓടി നടന്നു . അമ്മയെന്നെ മടയിലേക്കടുപ്പിച്ചു തലയിലും കവിളിലും തുരു തുരെ ചുംബിച്ചു എന്റെ മകനെ ഞാൻ ചുംബിക്കുന്നത് പോലെ അല്ലെങ്കിൽ അതിനേക്കാൾ വാത്സല്യത്തോടെ ….. അമ്മയുടെ കണ്ണുകൾ നിറഞ്ഞിരുന്നു ….
” ‘അമ്മ ഇനി കിടന്നോളു … അവരെല്ലാം എണീറ്റാൽ എന്നെ വഴക്ക് പറയും …. ”
ഞാൻ അവിടെ നിന്നും എഴുനേറ്റു തിരിഞ്ഞു നടന്നു .. ‘അമ്മ ഒന്നിനും മറുപടി പറയുന്നില്ല …. എന്നെ തന്നെ നോക്കി കൊണ്ടിരിക്കുകയാണ് … അകലെ ജന വാതിലിനു പുറത്ത് മകനെ കണ്ടു, ഒന്നും ഉരിയാടാനാകാതെ കണ്ണ് നിറച്ചു നിന്ന ഞാൻ എന്ന അച്ഛന്റെ വേദന അമ്മയുടെ കണ്ണുകളിൽ ഊർന്നിറങ്ങുന്ന തുള്ളികൾക്കറിയാം … വാതിൽ പടിയിൽ നിന്നും ഞാൻ മറയുന്നത് വരെ ‘അമ്മ അതേ ഇരിപ്പാണ് … ”
തിരിച്ചു മുറിയിലേക്ക് പോകാൻ ഗോവണി കയറാൻ തുടങ്ങുമ്പോൾ പുറത്ത് കനത്ത മഴയുടെ ശബ്ദം .. പുതു മഴ മണ്ണിൽ ചുംബിച്ച മോഹിപ്പിക്കുന്ന ഗന്ധം ഉയരുന്നു … ഉമ്മറത്തിരുന്നു കൊണ്ട് മഴയൊന്നു കണ്ടാലോ …. ഞാൻ ഉമ്മറത്ത് പോയി ഇരിക്കാൻ തന്നെ തീരുമാനിച്ചു . അമ്മയുടെ മുറി കടന്നു വേണം പുറത്തിറങ്ങാൻ .. ഞാൻ അമ്മയുടെ മുറിയുടെ മുൻപിലൂടെ ഒരു നോട്ടം മാത്രം അമ്മയുടെ മുറിയിലെറിഞ്ഞു കൊണ്ട് കടന്നു പോകാൻ ശ്രമിക്കുമ്പോഴും ‘അമ്മ അതെ ഇരിപ്പു തന്നെ .. കണ്ണുകൾ വാതിൽ പടിയിലേക്കു തന്നെ ….. ഞാൻ അമ്മയുടെ മുറിയിലേക്ക് ചെന്നു… അമ്മയുടെ മുഖത്ത് ഭാവ മാറ്റമൊന്നും ഉണ്ടായിരുന്നില്ല ….
” അമ്മേ … ” ഞാൻ അമ്മയുടെ ചുമലിൽ കൈ വെച്ച് കൊണ്ട് വിളിച്ചു …. പെട്ടെന്ന് ഏതോ ഓർമ്മയിൽ നിന്നും വഴുതി വീണത് പോലെ ‘അമ്മ എന്റെ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചു ….
” അമ്മക്ക് മഴ കാണണോ …?.. പുറത്ത് നല്ല മഴയുണ്ട് ….. ”
‘അമ്മ മറുപടിയൊന്നും പറയുന്നില്ല .. മുഖം കൂടുതൽ കൂടുതൽ പ്രകാശിക്കുന്നത് കാണാം …. ഞാൻ അമ്മയുടെ കൈകൾ പിടിച്ചു എണീറ്റ് നില്ക്കാൻ സഹായിക്കാൻ ശ്രമിച്ചു ….. മുഖം ഒരു ചിരിയിൽ പ്രകാശിക്കുന്നതല്ലാതെ അമ്മക്ക് എഴുന്നേൽക്കാൻ ആകുന്നില്ല … ഞാൻ ഉമ്മറത്തെ വാതിൽ തുറന്നു വെച്ച് അവിടെ ഒരു കസേര അമ്മക്കിരിക്കാൻ തയ്യാറാക്കി വെച്ച് കൊണ്ട് അമ്മയുടെ അടുക്കലെത്തി. അമ്മയെ രണ്ട കൈകളിലായി വാരിയെടുത്തു ഉമ്മറത്തെ കസേരയിൽ ഇരുത്തി ….
‘അമ്മ ദീർഘമായി ശ്വസിച്ചു .. ഞാനും … മഴയോട് കൂറ് പുലർത്തിയാകണം തെരുവ് വിളിക്കുകൾ എല്ലാം അണഞ്ഞിട്ടുണ്ട് . ഇടയിൽ ചെറിയ രീതിയിലുള്ള മിന്നൽ വെളിച്ചത്തിൽ അമ്മയുടെ മുഖത്തെ മായാത്ത ചിരി എനിക്ക് കാണാം …..
അൽപ നേരം അവിടെ ചിലഴിച്ച ശേഷം ഞാൻ അമ്മയെ വാരിയെടുത്തു മുറിയിൽ കൊണ്ട് ചെന്നാക്കി കട്ടിലിൽ കിടത്തി ….
” ‘അമ്മ സുഖമായി ഉറങ്ങികോളൂട്ടോ ….. ”’ അമ്മയോട് യാത്ര പറഞ്ഞു തിരിഞ്ഞു നടക്കുമ്പോൾ അമ്മയുടെ വിരലുകൾ എന്റെ കയ്യിൽ പിടിയിട്ടിരുന്നു . ‘അമ്മ ഒരിക്കൽ കൂടി അമ്മയുടെ അടുക്കലേക്കെന്നെ വലിച്ചു എന്റെ കവിളിൽ ഉമ്മ നൽകി അതേ ചിരിയോടെ തിരിഞ്ഞു കിടന്നു .
ഞാൻ വീണ്ടും വീടിന്റെ ഉമ്മറത്തിരുന്നു കൊണ്ട് കുറച്ച് സമയം കൂടി ചിലവഴിച്ചു .കൂടുതൽ നേരം അമ്മയെ ഇരുത്തിയാൽ ‘അമ്മ തണുത്ത് വിറക്കും എന്നറിയുന്നത് കൊണ്ടാണ് അമ്മയെ മുറിയിലാക്കിയത് .
മഴയും കണ്ടു അങ്ങനെ ഇരിക്കുമ്പോൾ എന്തോ ഒരു ആശ്വാസം …പ്രവാസ നാളുകളിൽ മുറിക്കകത്ത് നിന്നുയരുന്ന കൂർക്കം വലി ശബ്ദം കാരണം ഉറക്കം നഷ്ടപ്പെടാറുണ്ട് . അപ്പോൾ യൂട്യൂബിൽ മഴയുടെ ശബ്ദം പ്ലേയ് ചെയ്തു കൊണ്ട് നന്നായി ഉറങ്ങാറുണ്ട് ഞാൻ . ഇന്നിപ്പോൾ ഈ ഒരാശ്വാസം മഴ കണ്ടത് കൊണ്ടാണോ അതോ അമ്മയെ കണ്ടത് കൊണ്ടാണോ എന്താ എന്നറിയില്ല ശരീരവും മനസ്സും ആകെ തണുത്തിരിക്കുന്നു …
” ചന്ദ്രാ ”
പെട്ടെന്നാ വിളി കേട്ടു തിരിഞ്ഞു നോക്കുമ്പോൾ ഉമ്മറത്തെ കൂട്ടിനകത്തു തണുത്ത് വിറയ്ക്കുന്ന പാറു തത്തയാണ് …വര്ഷങ്ങളായിട്ടു വീട്ടിലെ ഒരു അംഗം ആണ് ആ തത്ത . ഞാൻ അതിനരികിലെത്തി … ഞാൻ അതിന്റെ കണ്ണുകളിലേക്ക് നോക്കി … ആ കമ്പികൾക്കിടയിലുള്ള കാഴ്ചകൾ മാത്രമാണ് അതിന്റെ ലോകം . അതിനെ ബന്ധിച്ച ഞാൻ കാണുന്നതും അത് തന്നെ .. ഞാൻ പാറുവിന്റെ കൂടു തുറന്നു വെച്ചു..
” പാറു … ഞാൻ നിന്റെ കൂടു തുറന്നു വെച്ചിട്ടുണ്ട് .. മഴ ശമിച്ചാൽ നീ കൂടിനു പുറത്തിറങ്ങണം . ഒരു പക്ഷെ നീ ഒരു പക്ഷിയാണെന്നു നീ തന്നെ മറന്നു കാണും .. നിനക്കൊരു പക്ഷെ ഉടൻ പറക്കാൻ ആകണമെന്നില്ല .. എന്നാലും നീ പറക്കണം .. ഉയരങ്ങളിലേക്ക് നിന്റെ ചിറകുകൾ വിരിച്ചു നീ പറക്കണം .. ഈ ഭൂമിയുടെ സൗന്ദര്യം ആസ്വദിക്കണം … ഒരു ഇണയെ കണ്ടെത്തണം .. സമയമേറെ വൈകിയിരിക്കുന്നു ……നിന്നെ വാർദ്ധക്യം ബാധിച്ചിരിക്കാം . എന്റെ സംരക്ഷണനയിലാണെങ്കിലും ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും. ബന്ധനം ബന്ധനം തന്നെയാണെന്ന് ഞാൻ മനസ്സിലാക്കുന്നു ” …..
ഞാൻ ഉമ്മറത്ത് നിന്നും മുറിക്കകത്തേക്ക് പോയി . അമ്മയുടെ മുറിയിൽ ഒരിക്കൽ കൂടി കണ്ണോടിച്ചു . ‘അമ്മ നല്ല ഉറക്കമാണ് .. എനിക്കും ഇന്ന് നന്നായി ഉറങ്ങാനാകും …. ഞാൻ മുറിക്കകത്ത് എത്തി കട്ടിലിൽ കിടന്നതും പെട്ടെന്ന് തന്നെ സുഖ നിദ്രയിലാണ്ടു .
***************
” ചന്ദ്രാ ”
മുറിക്കകത്ത് , ജന വാതിൽ പടിയിലിരുന്നു കൊണ്ട് തൊടിയിൽ അമ്മയുടെ ചിതയെരിഞ്ഞടങ്ങുന്നത് കണ്ടു കണ്ണ് നീര് തൂകുമ്പോൾ, പുറത്ത് മര ചില്ലയിൽ ഇരിന്നു കൊണ്ട് പാറു അവൾക്കറിയാവുന്ന രീതിയിൽ എന്നെ സമാധാനിപ്പിക്കുന്നതാകാം .