അങ്ങനൊരു സ്നേഹകൊട്ടാരമുള്ളപ്പോൾ ഇവനെപ്പോലുള്ള നായകളെ ഒക്കെ കണ്ടില്ലെന്നു നടിക്കാൻ ആരും പറഞ്ഞു തരേണ്ട കാര്യമില്ല…

രചന: സുമയ്യ ബീഗം T A

പെണ്ണേ എനിക്കിപ്പോ നിന്നെ കാണണം.

കർക്കടകം തിമിർത്തുപെയ്യുന്ന രാവൊന്നിൽ ആത്മാർത്ഥമായ ആഗ്രഹത്തോടെ അവനതു പറയുമ്പോൾ ആർത്തലച്ചൊരു പെരുമഴ അവളുടെ ഉള്ളിൽ പെയ്തു തുടങ്ങി.

നാളെ വിളിക്കാം ചേട്ടായി എന്നുപറഞ്ഞു ഫോൺ കട്ട്‌ ചെയ്ത് പുതപ്പിനുള്ളിലേക്കു കേറി ആവുന്നത്ര സ്വരമടക്കി കരയുമ്പോൾ ലോകത്തുള്ള സർവ്വ ദൈവങ്ങളും ഉറക്കത്തിൽ ആയിരുന്നിരിക്കും. അതോണ്ട് ആണല്ലോ അവളെന്നുമൊരു മഴയായി പൊഴിഞ്ഞു തീരുന്നതു.

രാവിലെ നിത മാഡത്തിന്റെ കുഞ്ഞിനെ മാറോടു ചേർത്തു സെറിലാക് കോരി കൊടുക്കുമ്പോൾ ഓടിട്ട തന്റെ വീട്ടിൽ നിലാവ് പോലെ ചിരിക്കുന്ന പൊടിമോളെ ഓർത്തു. അവൾക്കിപ്പോൾ രണ്ടര കഴിഞ്ഞു. കളിയും ചിരിയുമൊക്കെ ആയി വീട്ടിൽ ഓടിനടക്കുന്നു. മനുകുട്ടൻ രാവിലെ എഴുന്നേറ്റു കാർട്ടൂൺ കാണുന്നുണ്ടാവും . ചേട്ടായി ചിലപ്പോൾ ഇന്ന് തൊട്ട് പണിക്ക് പോകും. ലോക്ക് ഡൗൺ ആയതുകൊണ്ട് എത്ര ദിവസങ്ങളായി വീട്ടിൽ ഇരുപ്പ് തുടങ്ങിയിട്ട് . അമ്മ മോളെ അങ്കണവാടിയിൽ കൊണ്ടിരുത്തി തൊട്ടപ്പുറത്തെ സുധാകരൻ മാഷിന്റെ വീട്ടിൽ മാഷിന്റെ മോളെ പ്രസവ കുളി കുളിപ്പിക്കാൻ പോകുന്നുണ്ടായിരുന്നു . പ്രസവിച്ച പെണ്ണിനെയും കുഞ്ഞിനേയും ഒക്കെ കുളിപ്പിക്കാൻ അമ്മ കൂടി ഇടയ്ക്ക് പോകുന്നത് കൊണ്ടാണ് മൊത്തത്തിൽ കാര്യങ്ങൾ നടന്നുപോകുന്നത്. അംഗനവാടി ഇല്ലാത്തതു കൊണ്ട് ചേട്ടനെ ഏല്പിച്ചു ഓടിപ്പോകും അതുപോലെ ഓടി എത്തും. ആണുങ്ങൾ എത്രത്തോളം കുഞ്ഞിനെ ശ്രദ്ധിക്കും എന്ന് അമ്മയ്ക്കറിയാം കണ്ണൊന്നു തെറ്റിയാൽ കാന്താരി എന്തേലും ഒപ്പിക്കും.

അച്ഛന് എന്നും ഓരോ അസുഖങ്ങൾ ആണ്. പ്രഷർ, ഷുഗർ എന്നുവേണ്ട എല്ലാമുണ്ട്. ചേട്ടായിക്ക് ആണെങ്കിൽ പണി ഉണ്ടേൽ ഉണ്ട് ഇല്ലെങ്കിൽ ഇല്ല എന്ന അവസ്ഥ ആണ്. പാവം അമ്മ വയസുകാലത്തു അവരും ഓടുകയാണ് എല്ലാർക്കും വേണ്ടി.

സ്വന്തമായി ഒരു വീട് അല്പം സമ്പാദ്യം അതൊക്കെ ഒരു അത്യാവശ്യമായപ്പോൾ ആണ് മോൾക്ക്‌ രണ്ടു വയസ്സ് കഴിഞ്ഞപ്പോൾ കുഞ്ഞിനെ അമ്മയെ ഏല്പിച്ചു ഞാൻ നിത മാഡത്തിന്റെ വീട്ടിൽ ഹോം നേഴ്സ് ആയി എത്തിയത്.

മാഡത്തിന്റെ കുഞ്ഞിനെ നോക്കണം പ്രായമുള്ള അച്ഛനും അമ്മയ്ക്കുമൊപ്പം കൂട്ടിരിക്കണം അത്രേം പണിയേ ഉള്ളു. വീടിനകത്തും പുറത്തും വേറെ പണിക്കർ ഉണ്ട്. നമ്മുടെ നാട് അല്ലാത്തത് കൊണ്ട് നാട്ടുകാരിയായ എന്നോട് മാഡത്തിന്റെ അമ്മയ്ക്ക് ഒരു പ്രത്യേക ഇഷ്ടമാണ്. ഇടയ്ക്കൊക്കെ എന്തേലും മിണ്ടിയും പറഞ്ഞുമിരിക്കണമെങ്കിൽ ഞാനേയുള്ളു.

എന്താണ് കാവ്യ രാവിലെ വല്യ ആലോചനയിലാണല്ലോ? മോൻ നിന്റെ മുടിയിൽ പിടിച്ചു വലിക്കുന്നത് കാണുന്നില്ലേ?

മാഡത്തിന്റെ അച്ഛനാണ്. സോറി സാർ ഞാൻ വീട്ടിലെ കുഞ്ഞുങ്ങളുടെ കാര്യം ഓർത്തു പോയി.

അവർക്കൊക്കെ സുഖല്ലേ മോളെ.

മാഡത്തിന്റെ അമ്മയാണ്.

സുഖം ആണ് അമ്മ.

അതുപറഞ്ഞപ്പോൾ എന്തോ ഒരു തുള്ളി കണ്ണീർ അടർന്നു കവിളിലെത്തി.

അത് ആരും കാണാതിരിക്കാൻ കുഞ്ഞിനെ മേല്കഴുകിക്കാൻ ടൗവലുമെടുത്തു ബാത്‌റൂമിൽ കേറി.

അമ്മയില്ലാതെ മക്കൾക്ക് എന്ത്‌ സുഖമുണ്ടായിട്ട് എന്താണ്?

പൊടിമോൾക്കു കൊടുക്കേണ്ട ഒരായിരം ഉമ്മ ഒരൊറ്റ ഉമ്മയായി മാഡത്തിന്റെ മോനു കൊടുക്കുമ്പോൾ ആ പിഞ്ചുകുഞ്ഞു അവളുടെ കവിളിൽ മുഖം ഉരുമ്മി സ്നേഹം പ്രകടിപ്പിച്ചു.

സത്യത്തിൽ പൊടിമോളെ പോലെ തന്നെ ഈ കുഞ്ഞും.

അവന്റെ അമ്മ എപ്പോളും ജോലി ആയി തിരക്കിലാണ് മിക്കപ്പോഴും അവനെന്റെ കൂടെയാണ് ഉറങ്ങുക പോലും.

അങ്ങനൊക്കെ ചിന്തിക്കുമ്പോൾ മനസിന്റെ ഭാരം കുറെ കുറയും.

അമ്മമാർ ജോലിക്ക് പോകുമ്പോൾ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ എല്ലാ കുട്ടികൾക്കും എന്തൊക്കെയോ നഷ്ടപെടുന്നുണ്ട്. പാവപ്പെട്ടവന്റെ മാത്രല്ല എല്ലാ വീട്ടിലും ഇങ്ങനൊക്കെ അവസ്ഥകൾ ഉണ്ടെന്ന വാസ്തവം കുറച്ചൊക്കെ മനസ്സിനെ സ്വത്വനിപ്പിക്കും.

മോന് തിരിച്ചറിവായി തുടങ്ങി അമ്മക്ക് ആ പിള്ളേരോടാണ് ഇഷ്ടം ഞങ്ങളെ വേണ്ട എന്നൊക്കെ പരാതി തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം വിളിച്ചപ്പോൾ സംഭാഷണം കരച്ചിലിൽ ആണ് അവസാനിച്ചത്.

ആരോ കൂട്ടുകാർ അവനെ വാശിപിടിപ്പിക്കാൻ പറഞ്ഞത്രേ നല്ല വെളുത്ത സുന്ദരൻ വാവയെ കിട്ടിയപ്പോൾ നിന്നെ നിന്റെ അമ്മ ഇട്ടിട്ടു പോയെന്നു.

മോന് ചോക്ലേറ്റ്, നൂഡിൽസ് കാർട്ടൂൺ ചാനൽ ഇതൊക്കെ വേണ്ടേ അച്ഛ തന്നെ കഷ്ടപെട്ടാൽ എല്ലാം കൂടി നടക്കില്ല അതോണ്ട് അല്ലേ അമ്മ വല്ല ആളുകളുടെയും വീട്ടിൽ ജോലിക്ക് നില്കുന്നത്. പിന്നെ നമുക്കും സ്വന്തമായി ഒരു കുഞ്ഞു വീട് വേണ്ടേ നല്ല ഭംഗിയുള്ള കിളിക്കൂട് പോലൊരു വീട്. അപ്പൊ പിന്നേ അമ്മേടെ മോൻ ഇങ്ങനെ വഴക്കുണ്ടാക്കാവോ?

എന്നാലും രാത്രി പെട്ടന്ന് മഴക്കൊപ്പം കൊള്ളിയാൻ മിന്നുമ്പോൾ എനിക്ക് അമ്മയെ കാണണമെന്ന് തോന്നും. സാരമില്ല എനിക്ക് ഒന്നും വേണ്ട. നമുക്ക് ഇതുപോലെ കഴിയാം അമ്മ വേഗം വാ.

അമ്മേടെ മോന് ഉമ്മ. വേഗം വരാവേ എന്നുപറഞ്ഞു ഫോൺ വെക്കുമ്പോൾ ചുറ്റും ഇരുട്ടായിരുന്നു.

ലോക്ക് ഡൗൺ തുടങ്ങിയിട്ട് മാസങ്ങളായി. പത്രത്തിലും ടിവിയിലും നല്ല വർത്തകളല്ല. ദൂരെ ഇരിക്കുന്നവരെ ഇനിയെന്ന് കാണുമെന്നുപോലും ഉറപ്പില്ല. ഒരുപക്ഷെ ഇനിയൊരിക്കലും…

കാവ്യ..

എന്താണ് അമ്മേ ?

കുട്ടികൾ ഉറക്കമല്ലേ? കിച്ചണിൽ ഒന്ന് ഹെൽപ് ചെയ്യുമോ ഈവെനിംഗ് ഗസ്റ്റ്‌ ഉണ്ട്. ഇപ്പോൾ നിത വിളിച്ചിരുന്നു അവളുടെ ഫ്രണ്ടും ഫാമിലിയും.

അതിനെന്താ ഞാൻ റെഡി.

ആക്റ്റീവ് ആയിരിക്കുന്ന എനെർജിറ്റിക് ആയ സെർവന്റ്സ് ആണ് എല്ലാർക്കും വേണ്ടത്. നമ്മളിങ്ങനെ സെന്റി അടിച്ചു പിരാന്ത് ആയി ഇരിക്കുന്നത് അവരറിയണ്ടല്ലോ. കുറച്ചു നേരത്തേക്ക് എല്ലാം മറന്നേ പറ്റു.

കിച്ച്നിൽ നിൽക്കുന്ന അക്ക തമിഴത്തിയാണ് അവര് നന്നായി പാചകം ചെയ്യും എന്നാലും നമ്മുടെ ടേസ്റ്റ് ആവണമെങ്കിൽ നമ്മൾ തന്നെ വെക്കണം.

അക്ക ചപ്പാത്തി ഇണ്ടാക്കിയപ്പോൾ ഞാൻ ചില്ലി ചിക്കനും വെജിറ്റബിൾ കുറുമയും ഉണ്ടാക്കി.

പിന്നെ ഫ്രൈഡ് റൈസ്, ജ്യൂസ്‌, സാലഡ് അങ്ങനെ അങ്ങനെ. ഇടയ്ക്ക് കുഞ്ഞു എഴുന്നേറ്റപ്പോൾ മാഡത്തിന്റെ അമ്മ എടുത്തു. അതോണ്ട് ഒരു ആറര വരെ കിച്ചണിൽ തന്നെയായിരുന്നു.

രാവിലെ കുളിച്ചതാണ് ഗസ്റ്റ്‌ ഒക്കെ ഉണ്ടല്ലോ അതോണ്ട് വൃത്തിയില്ലാത്ത നിൽക്കണ്ട എന്നുകരുതി കുട്ടികളെ കുളിപ്പിച്ചു ഒരുക്കിയതിനു ശേഷം ഞാനും മേൽകഴുകി ഒരു ചുരിദാറെടുത്തിട്ടു.

വൈകിട്ട് അത്താഴത്തിനു അവര് എത്തി. ലോക് ഡൗൺ ആയതുകൊണ്ട് അങ്ങനെ വിരുന്നും സത്കാരവുമൊന്നുമില്ല. പണിയും കുറവുണ്ട്.

ഓരോന്ന് വിളമ്പി കൊടുക്കുമ്പോൾ കൂട്ടത്തിൽ ഉള്ള ഒരുത്തൻ ഒരു അവിഞ്ഞ നോട്ടം നോക്കുന്നത് കണ്ടില്ലെന്നു നടിച്ചു. മാഡത്തിന്റെ ഫ്രണ്ടിന്റെ ആങ്ങള ആണ് കൂടെ ചില്ലലമാരിയിൽ വെയ്ക്കാൻ തോന്നുന്ന പോലൊരു പാവക്കുട്ടി ഭാര്യയും.

എന്നിട്ടും കുറുക്കന്റെ കണ്ണ് കോഴിക്കൂട്ടിൽ തന്നെ ശവങ്ങൾ.

എത്ര ഉണ്ടേലും ചിലർക്കു കുപ്പയിൽ ചികയുന്നതാണ് ഇഷ്ടം.

ഇങ്ങനെയുള്ളവരെ ഒക്കെ എങ്ങനെ കൈകാര്യം ചെയ്യണമെന്നൊക്കെ നേരത്തെ മനസിലാക്കിവെച്ചിട്ടുണ്ട്.

പ്രാണൻ പറിച്ചെടുത്ത പോലെയാണ് ചേട്ടായിടെ അടുത്ത് നിന്നും മാറി നില്കുന്നത്. അങ്ങനൊരു സ്നേഹകൊട്ടാരമുള്ളപ്പോൾ ഇവനെപ്പോലുള്ള നായകളെ ഒക്കെ കണ്ടില്ലെന്നു നടിക്കാൻ ആരും പറഞ്ഞു തരേണ്ട കാര്യമില്ല.

അവര് പോകാനിറങ്ങിയപ്പോൾ അയാൾ അടുത്തുവന്നു സ്വരം താഴ്ത്തി ഇംഗ്ലീഷിൽ എന്തൊക്കെയോ പറഞ്ഞു. കുറച്ചൊക്കെ മനസിലാവുന്ന കൊണ്ടു ഇത്രേം മനസ്സിലായി ഞങ്ങളുടെ വീട്ടിൽ സെർവന്റിന്റെ ആവശ്യമുണ്ട് വന്നാൽ ഇതിൽ കൂടുതൽ സാലറി തരാമെന്നു.

കൈ അമ്മയ്ക്ക് ആപ്പിൾ ചെത്താനെടുത്ത കത്തിയിലേക്കു അമർത്തി തിരിഞ്ഞതും നിത മാഡമെത്തി.

രൂപേഷ്, വൈഫ്‌ വിളിക്കുന്നു. പിന്നെ അവളൊരു സെർവന്റായി ജോലി ചെയ്യുന്ന ആളൊന്നുമല്ല ആദ്യായിട്ടാണ് എന്റെ ജാമ്യത്തിൽ അവളുടെ ഭർത്താവ് വിട്ടതാണ്. ഞങ്ങൾ ഒരു നാട്ടുകാരാണ്. മാഡം അയാളുടെ ഭാഷയിൽ അയാൾക്ക്‌ വാണിംഗ് കൊടുക്കുമ്പോൾ ഒന്നുമറിയാത്ത പോലെ ഞാനെന്റെ ജോലി തുടർന്നു.

ഒരു ഇളിച്ച മുഖവുമായി അയാൾ മാഡത്തിനൊപ്പം പോകുമ്പോൾ ഉമ്മറത്ത് തിമിർത്തുപെയ്യുന്ന മഴയെയും നോക്കിയിരിക്കുന്ന ചേട്ടായിയെയും മക്കളെയും ഓർമ്മ വന്നു.

കണ്ണുകൾ വീണ്ടും പെയ്തുതുടങ്ങി. ഇനി എന്ന് കാണും എന്നറിയില്ല അതോണ്ട് തന്നെ ഇനിയെന്നും ഉള്ളിൽ കർക്കിടകം തോരാതെ പെയ്യും.

മൂന്നുപേരുടെയും ഫോട്ടോയെടുത്തു കെട്ടിപിടിച്ചു കിടക്കുമ്പോൾ ഫോൺ ഓഫ്‌ ആക്കി. ഇന്നവരെ വിളിക്കുന്നില്ല. അതിനുള്ള ശക്തിയില്ല. സ്വരുക്കൂട്ടിയ ആത്മധൈര്യം ഒക്കെ ചോർന്നു തുടങ്ങിയിരിക്കുന്നു.

(നാടിനെയും വീടിനെയും ഉറ്റവരെയും വേർപിരിഞ്ഞു മഹാവ്യാധിയിൽ ആകുലതയോടെ കഴിയുന്ന എല്ലാ പ്രവാസികൾക്കും പ്രാർത്ഥനകൾ. ഒരു നല്ല നാളെ പ്രതീക്ഷിച്ചു കാത്തിരിക്കുന്നുനിങ്ങൾക്കൊപ്പം ഞങ്ങളും )