പിന്നീടൊരിക്കലുമവള്‍ കണ്ടിട്ടില്ലാത്ത എന്നാലൊരിക്കലും ഹൃദയത്തില്‍ നിന്നു പോവാത്ത ആ മനോഹരരൂപം വീണ്ടും കാണാനവള്‍ വല്ലാതെ കൊതിച്ചിട്ടുണ്ട്…

താംബൂലം ~ രചന: ഓമന ആര്‍ നായര്‍

അച്ഛന്റെ വിരലുകള്‍ അവളെ തഴുകി. മഷി പുരട്ടിയ വെറ്റിലയിലേക്ക് അവളോട് നോക്കാന്‍ പറഞ്ഞു.

ഇത്തിരിനേരമവള്‍ ധ്യാനത്തിലിരുന്നു. സഹസ്രാരപത്മമുണര്‍ന്നു. ഏതോ സ്വപ്നത്തിലെന്നവണ്ണം മഷി പുരട്ടിയ വെറ്റിലയിലേക്കവള്‍ നോക്കി..പെട്ടെന്ന്
ഒരു തേജോമയരൂപം അവള്‍ ആ വെറ്റിലയില്‍ കണ്ടു..കിരീടമണിഞ്ഞ്  സൂര്യനുദിച്ചപോലൊരു രൂപം.

അത് ആ വില്ലാളിയുടേതാണെന്നവള്‍ക്കു തോന്നി..കന്യകയും അഞ്ചുവയസ്സിനു താഴേയുമായ ആ കുഞ്ഞ്  ബാലാഞ്ജനം നോക്കിയപ്പോഴാണ് ആ കാഴ്ച കാണുന്നത്.

അവള്‍ ഓരോന്നായി പറഞ്ഞു അച്ഛനോട് താന്‍ കണ്ട ആളുടെ രൂപം.

പാതിരാക്കുന്നത്ത് മനയിലെ തിരുമേനി മകളെ ജ്യോതിഷം പഠിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് മഷിനോട്ടം പഠിപ്പിക്കുന്നത്..മഹാവിദ്വാനായ അദ്ദേഹത്തിന്റെ ഒരേ ഒരു സന്തതി ….ശ്രുതി.

മകള്‍ വെറ്റിലയില്‍  കണ്ടതാരെയാണ്.അദ്ദേഹത്തിനറിഞ്ഞൂടാ…

അദ്ദേഹം മകളെ അരികിലിരുത്തി ചോദിച്ചു. മോള്‍ ഏതെങ്കിലും കഥ വായിച്ചുവോ??? അതോ കഥ കേട്ടുവോ…അമ്മ പറഞ്ഞു തന്നുവോ??

മകള്‍ പറഞ്ഞു..അമ്മമ്മ പറഞ്ഞു തന്നു അര്‍ജ്ജുനന്റെ കഥ..

തിരുമേനി നിശ്ശബ്ധനായി.കുഞ്ഞാണവള്‍ അവളുടെ ഹൃദയത്തില്‍ വില്ലാളി വീരനായ അര്‍ജ്ജുനനായിരുന്നു..താംബൂലം നോക്കുമ്പോള്‍. ആ രൂപം അവള്‍ കണ്ടിരിക്കുന്നു ..ഭാഗ്യവതി.

+++++++++++++++

വര്‍ഷങ്ങള്‍ പന്ത്രണ്ട് കടന്നുപോയി ശ്രുതി ഇന്ന് യുവതിയാണ്. യോഗക്ലാസ്സു നടത്തുന്നു ആസ്ട്രോളജിയില്‍ നല്ല അറിവാണ്..താംബൂലപ്രശ്നം പഠിച്ചിട്ടുണ്ട് പിന്നെ അച്ഛനില്‍ നിന്നു പഠിച്ച മഷിനോട്ടം.പക്ഷെ മഷിയുണ്ടാക്കാന്‍ അച്ഛനു ഇനിയും രണ്ടു വര്‍ഷം കാത്തിരിക്കണം.

ഒരു വ്യാഴവട്ടത്തിലൊരിക്കലെ അഞ്ജനം ഉണ്ടാക്കാവൂ എന്നാണ് വിധി.

സ്ത്രീയായ ശ്രുതിക്ക് അതിന് ആവില്ല കാരണം നാല്പത്തൊന്നു നാളത്തെ മണ്ഡലവ്രതം നോല്ക്കണം (ഇടക്ക് അവളില്‍ സ്ത്രീ സഹജമായ അശുദ്ധി കടന്നു വരും.) വ്രതാവസാനം അഞ്ജനാമന്ത്രം

”ഓം നമോ ഭഗവതീ ത്രിലോചനം,ത്രിപുരം ദേവീ അഞ്ജനീം മേ കല്യാണം കുരു,കുരു ,സ്വാഹാഃ  ”

എന്നു ചൊല്ലിയാണ് മഷിക്കൂട്ടു തയ്യാറാക്കേണ്ടത്…ഗണപതി, ഹനുമാന്‍ എന്നീവരെ പ്രീതിപ്പെടുത്തേണ്ടതുണ്ട്…

അഞ്ജനകല്ല്, കരിക്കട്ട, പച്ചകര്‍പ്പൂരം, ചന്ദനം എന്നീവ ആവണക്കെണ്ണയില്‍ ചാലിച്ചാണ് ഈ മഷിക്കൂട്ട് തയ്യാറാക്കുന്നത്,

പാതാള മഷി ഉണ്ടാക്കാനും അച്ഛനറിയാം ..ശ്രുതി പഠിച്ചിട്ടില്ലാത്ത വിദ്യയാണ്. പാതാള മഷി താംബൂലത്തിലോ ചെമ്പുതകിടിലോ ഇട്ടു നോക്കിയാല്‍ ഭൂമിയിലെ നിധിശേഖരം കണ്ടെത്താം എന്നാണ്.

പക്ഷെ സാത്വികനായ അച്ഛന്‍ തിരുമേനി അതിലൊന്നും താല്പര്യമില്ലാത്ത ആളാണ്. അര്‍ഹതയില്ലാത്തതൊന്നും നേടരുതെന്ന് മകളെ പഠിപ്പിക്കാറുമുണ്ട്.

അച്ഛനരുകില്‍ താംബൂലപ്രശ്നം നോക്കാന്‍ ഒരുപാട് ആളുകള്‍ ഇല്ലത്തു വരാറുണ്ട് മഹാജ്യോതിഷിയാണ് തിരുമേനി.

താംബൂലം നോക്കാനും ഒരുപാട് കാര്യങ്ങള്‍ അറിയേണ്ടതുണ്ട്.

താംബൂലാഗ്രത്തില്‍ ലക്ഷ്മീദേവിയും, മദ്ധ്യത്തില്‍ സരസ്വതിയും കടക്കല്‍ ജ്യേഷ്ഠാ ഭഗവതിയും ഉള്ളില്‍ വിഷ്ണുവും, വലതു ഭാഗത്ത് പാര്‍വ്വതിയും,ഇടതു ഭാഗത്ത്  ഭൂമിദേവിയും.പുറത്തുചന്ദ്രനും,കോണുകളില്‍ ശിവനും,ബ്രഹ്മാവും, ഉപരി ഭാഗത്ത് ഇന്ദ്രനും ആദിത്യനും , എല്ലായിടത്തും കാമദേവനും കുടികൊള്ളുന്നു എന്നാണ് ശാസ്ത്രം.

ഇതില്‍ നിന്നു തന്നെ വെറ്റിലയുടെ വൈശിഷ്ഠ്യം നിങ്ങള്‍ മനസ്സിലാക്കിയില്ലേ..

ദക്ഷിണ എന്ന ദേവി വെറ്റിലയില്‍ കുടിയിരുപ്പാണെന്നും പറയപ്പെടുന്നു.
അതിനാലാണ് ദക്ഷിണ വെക്കുവാന്‍ വെറ്റിലയും പഴുക്കയും എടുക്കുന്നത്.

വെറ്റില മറ്റുള്ളവര്‍ക്കു നേരെ നീട്ടുമ്പോള,ശത്രുവിനാണെങ്കില്‍ അഗ്രഭാഗം ഉയര്‍ത്തിയിട്ട് കൊടുക്കണം.മിത്രത്തിന് വെറ്റിലയുടെ അഗ്രഭാഗം താഴ്ത്തി കൊണ്ടു കൊടുക്കണം. സേവകര്‍ക്ക് വെറ്റിലയുടെ അഗ്രഭാഗം മുകളിലേക്ക് ഉയര്‍ത്തിവേണം നല്കാന്‍. ഈ നിര്‍ദ്ദേശം സാക്ഷാല്‍ പരമശിവന്‍ പാര്‍വ്വതീ ദേവിക്കു പറഞ്ഞു കൊടുത്തതാണ്.(സിദ്ധയോഗം എന്നാണിത് അറിയപ്പെടുന്നത്)

ഇനിയുമുണ്ട് താംബൂലവിശേഷം.വെറ്റിലക്ക് രണ്ടംഗുലം വീതിയും ആറംഗുലം നീളവും വേണമെന്നാണ്. (ഇതിനേക്കാള്‍ കൂടുന്നതും കുറയുന്നതും അശുഭം.)

വെറ്റിലപ്രശ്നം നോക്കാന്‍ വരുന്നയാള പൃച്ഛകന്‍,നോക്കുന്ന ജ്യോതിഷി ദൈവജ്ഞന്‍.

പൃച്ഛകന്‍ കൊണ്ടു വരുന്ന താംബൂലം വെളുത്തപക്ഷത്തില്‍ തളിരിട്ടതോ..കൃഷ്ണ പക്ഷത്തില്‍ തളിരിട്ടതോ ആവാം .

കൃഷ്ണ പക്ഷത്തില്‍ തളിരിട്ട വെറ്റില ഇരുണ്ട പച്ചയാണ് ഇത് പിതൃക്കളെ സൂചിപ്പിക്കുന്നു.

ശുക്ലപക്ഷത്തില്‍ തളിരിട്ട താംബൂലം വെളുപ്പുകലര്‍ന്ന പച്ചയാണ്.ഇത് ദൈവീക സാന്നിദ്ധ്യവും  സൂചിപ്പിക്കുന്നു.

താംബൂലപ്രശ്നം നോക്കാനെത്തുന്ന പൃച്ഛകന്‍ ദൈവജ്ഞന് ദക്ഷിണയായി നാണയമോ സ്വര്‍ണ്ണമോ വെള്ളിയോ സമര്‍പ്പിക്കും. എന്നാലിത് വെറ്റിലയുടെ മുകളില്‍ വെച്ചാല്‍ അശുഭ ഫലമാണ്.

ജ്യോതിഷിയെ കാണാന്‍ വരുന്നയാള്‍ മുടന്തനോ അംഗവൈകല്യമുള്ളവനോ ആയിരുന്നാല്‍ തീരാദുരിതം ഫലം.

താംബൂലം കൊണ്ടുവരുന്നതെങ്ങിനെ?? അഗ്രഭാഗം പുറകിലേക്ക് തിരിയരുത്. തെക്കു പടിഞ്ഞാറോട്ട് തിരിയരുത്. വെറ്റില കെട്ടിവെച്ചു കൊണ്ടുവരരുത് ഫലം ദോഷം.

വെറ്റില വാടിയതായാല്‍ കൊണ്ടുവരുന്നയാള്‍ രോഗിയാണ് വെറ്റിലയില്‍ ദ്വാരമോ പുഴുക്കുത്തോ ഉണ്ടെങ്കില്‍ അയാള്‍ ജീവിതക്ലേശവും ദാരിദ്ര്യം അനുഭവിക്കുന്നവരാണ്. വെറ്റിലയില്‍ പുഴു ഉണ്ടെങ്കില്‍ സര്‍പ്പദോഷം ഉള്ളവരാണ്.

വെറ്റില ഒന്നാണ് കൊണ്ടു വരുന്നതെങ്കില്‍ ദുഃഖവും രണ്ടാണെങ്കില്‍  ജീവിതപരാജയവും,മൂന്നാണെങ്കില്‍ ദാരിദ്ര്യവും ഫലം.

വെറ്റില ഒരിക്കലും കമിഴ്ത്തി വെക്കരുത് തീരാ ദുരിതമാണ് ഫലം

നാലിനു മുകളില്‍ ശുഭ ഫലം കൊണ്ടു വരുന്നത്   ഒരു കെട്ടാണെങ്കില്‍ ആകെ ഗുണിച്ച് അഞ്ചുകൊണ്ടു ഹരിച്ചാണ് ഫലപ്രവചനം.

ഒന്നാണെങ്കില്‍ ദേവത ആദിത്യന്‍ രണ്ട് ചന്ദ്രന്‍ ഇങ്ങിനെ ഗണിക്കുന്നു….

കൊണ്ടു വരുന്ന വെറ്റില നിലത്തു വീണാല്‍ മരണം ഫലം.

ഇതെല്ലാം നോക്കിയാണ് താംബൂല പ്രശ്നം നോക്കുന്നത്.

+++++++

പതിവുപോലെ ശ്രുതി തനിച്ചിരിക്കുമ്പോള്‍ സ്വന്തം മനോ രാജ്യത്തില്‍ മുഴുകി..
മനസ്സില്‍ അഞ്ചാം വയസ്സില്‍ മഷിനോട്ടത്തില്‍ കണ്ട തേജോരൂപം..

പിന്നീടൊരിക്കലുമവള്‍ കണ്ടിട്ടില്ലാത്ത എന്നാലൊരിക്കലും ഹൃദയത്തില്‍ നിന്നു പോവാത്ത ആ മനോഹരരൂപം വീണ്ടും കാണാനവള്‍ വല്ലാതെ കൊതിച്ചിട്ടുണ്ട് ..

ദ്രൗപതിയുടെ ഹൃദയേശ്വരനെ,സൂഭദ്രയുടെ  പ്രാണേശ്വരനെ…

തോന്നലില്‍ നിന്നുടലെടുത്ത ആ മോഹന രൂപം ഇനിയുമൊരു തോന്നലില്‍ അവളുടെ അരികിലെത്തുമോ????

ടെലിപ്പതിയെന്നോ അതീന്ദ്രിയ ജ്ഞാനമെന്നോ ഇതിനെ വിളിക്കാമോ??

അറിഞ്ഞൂടാ അവള്‍ക്കൊന്നും ഒന്നുമാത്രം.ആ വീര കഥയോ?സങ്കല്പത്തില്‍ വന്ന ആ രൂപമോ അവളെ വല്ലാതെ ആകര്‍ഷിച്ചിരിക്കുന്നു…

അവള്‍ സങ്കല്പിച്ചു.. ആ അര്‍ജ്ജുനനെ…

പാവം കുട്ടി..