പക്ഷേ ഉള്ളിനുള്ളിൽ ഒരു വല്ലാത്ത മോഹം. ഒരു ക്യാമ്പസിന്റെ തന്നെ ഒരുകാലത്തെ ആരാധന പാത്രമായിരുന്ന ഒരാളെ വിട്ടുകൊടുക്കാൻ മനസ്സുവന്നില്ല എന്ന് പറയുന്നതാണ് ശരി….

നിഴൽത്തുമ്പി ~ രചന: ഷിജു കല്ലുങ്കൻ

ശരീരത്തിനു നേരിയ വിറയൽ പോലെ. നെറ്റിയിലേക്ക് പൊടിഞ്ഞുതുടങ്ങിയ വിയർപ്പു തുള്ളികൾ അമല കർച്ചീഫുകൊണ്ട് ഒപ്പിയെടുത്തു. ജീവിതത്തിൽ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു സാഹസത്തിന് ഒറ്റയ്ക്ക് ഇറങ്ങിപ്പുറപ്പെടുന്നത്. വേണ്ടായിരുന്നു എന്ന് തോന്നുന്നു. ആനന്ദ് എത്ര പ്രകോപിപ്പിച്ചാലും എടുത്തുചാടി പുറപ്പെടരുതായിരുന്നു

വണ്ടി ഓടിച്ചു കൊണ്ടിരുന്ന പയ്യൻ ഫോണെടുത്ത് ആരെയോ വിളിച്ചു.

“സാറേ അരമണിക്കൂറിനുള്ളിൽ ഞങ്ങൾ എത്തും. “

അവൻ വിളിച്ചത് അഭിയെ ആണെന്ന് അമലയ്ക്ക് മനസ്സിലായി

ആനന്ദേട്ടന്റെ കൂട്ടുകാരനാണ് അഭി. അഭിയും ഭാര്യയും കഴിഞ്ഞദിവസം ഗൃഹപ്രവേശത്തിന് ക്ഷണിക്കാൻ വീട്ടിൽ വരുമ്പോഴാണ് ആദ്യമായി പരിചയപ്പെടുന്നത്. അഭിയും ഭാര്യ രജിതയും ആനന്ദിന്റെ കോളേജ് മേറ്റ്സ് ആണ്. അവർ ഫാമിലിയായി അയർലൻഡിൽ ആണ്. പുതുതായി പണിത വീടിന്റെ ഗൃഹപ്രവേശത്തിന് കൂട്ടുകാരെ എല്ലാം നേരിട്ട് ക്ഷണിക്കാൻ ഇറങ്ങിയതാണ്.

പക്ഷേ തീയതി അറിഞ്ഞപ്പോൾ ആകെ ഗുലുമാലായി. അതേ ഡേറ്റിൽ തന്നെ ആനന്ദിന് കളക്ടർ ഓഫീസിൽ മീറ്റിംഗ് ഉണ്ട്. ഒരു കാരണവശാലും ഒഴിവാക്കാൻ പറ്റാത്ത കാര്യം. അപ്പോൾ അഭിയാണ് ഈ നിർദ്ദേശം വച്ചത്.

“ഡാ എന്നാൽപ്പിന്നെ അമല വരട്ടെ. ഞങ്ങൾക്കാർക്കും നിന്റെ കല്യാണത്തിന് വരാൻ പറ്റിയില്ല. അതുകൊണ്ട് കൂട്ടുകാരിൽ പലർക്കും അമലയെ അറിയില്ലല്ലോ… “

“അതേ ആനന്ദ്… അമല വന്നോട്ടെ…. നീ ഞങ്ങൾക്ക് പഴയ മുഖം അല്ലേ.. എന്താ അമലേ ഒരു ദിവസം ഭർത്താവിനെ പിരിഞ്ഞിരിക്കാൻ വല്ല ബുദ്ധിമുട്ടും ഉണ്ടോ? “

അഭിയുടെ ഭാര്യ രജിത തന്റെ കണ്ണിലേക്കു നോക്കി ചോദിച്ചപ്പോൾ ‘എന്നെ രക്ഷിക്കൂ ‘എന്നൊരു ദയനീയ ഭാവത്തിൽ അമല ആനന്ദിനെ നോക്കി.

‘ഹേയ്… അതൊന്നും ശരിയാവില്ല രജിതാ, എന്റെ മണ്ണുണ്ണി അത്രക്കൊന്നും ആയിട്ടില്ല ‘ എന്ന് ആനന്ദ് മറുപടി പറയുമ്പോൾ അതു തന്നെ രക്ഷിക്കാൻ ആയിരുന്നോ അതോ ശിക്ഷിക്കാൻ ആയിരുന്നോ എന്ന് അമലക്ക് പിടികിട്ടിയില്ല.

മണ്ണുണ്ണി എന്ന പ്രയോഗം ഏറ്റു. അമലയിലെ ഉറങ്ങിക്കിടന്ന സിംഹം സടകുടഞ്ഞെണീറ്റു.

“എന്താ എന്നെ ഒറ്റക്ക് വിടാൻ ആനന്ദേട്ടന് പേടിയാണോ? “

അപ്രതീക്ഷിതമായി അമല പ്രതികരിച്ചപ്പോൾ ആനന്ദ് കണ്ണുമിഴിച്ചു പോയി. പക്ഷേ അഭിയും രജിതയും അതിനെ കയ്യടിച്ചാണ് സ്വാഗതം ചെയ്തത്.

കല്യാണംകഴിഞ്ഞ് കുറേ നാൾ കഴിഞ്ഞപ്പോൾ മുതൽ കേൾക്കുന്നതാണ് ഈ മണ്ണുണ്ണി എന്നുള്ള വിളി. താൻ ഒട്ടും അന്തർമുഖി ആയ ഒരു പെൺകുട്ടി അല്ലായിരുന്നു എന്ന് അവൾ ഓർത്തു. ആനന്ദിന്റെ വ്യക്തി പ്രഭാവത്തിനു മുൻപിൽ താൻ ഒന്നുമല്ലാതായി പോകുന്നു എന്ന ഒരു അപകർഷതാബോധം ആണ് തന്നെ എല്ലാത്തിൽനിന്നും വലിഞ്ഞു നിൽക്കാൻ പ്രേരിപ്പിച്ചു കൊണ്ടിരിക്കുന്നത്.

ആറു മാസങ്ങൾക്കുമുമ്പ് ആനന്ദ് തന്നെ പെണ്ണുകാണാൻ വന്ന അന്നുമുതൽ മനസ്സിൽ കയറി കൂടിയതാണ് ഈ അപകർഷതാബോധം.

കേന്ദ്ര ഗവൺമെന്റ് ഉദ്യോഗസ്ഥൻ, കാണാൻ വല്യ തരക്കേടില്ലാ ബ്രോക്കർമാർ ആരോ ആണ് അച്ഛന്റെ അടുത്ത് ഈ കല്യാണാലോചന കൊണ്ടുവന്നത്.

വളരെ സിമ്പിൾ ആയി മുഖവുരകൾ ഒന്നുമില്ലാതെ തനിക്ക് പെണ്ണുകണ്ടു വലിയ പരിചയമില്ല എന്നും ഇത് ആദ്യത്തെ പെൺകുട്ടി ആണ് എന്നും ഇഷ്ടമായെങ്കിൽ പറയണം എനിക്ക് ഇഷ്ടപ്പെട്ടു എന്ന് തുറന്നു പറഞ്ഞപ്പോൾ, എന്നെ കാണാൻ വരുന്ന ആദ്യത്തെ ചെറുക്കനും നിങ്ങൾ തന്നെയാണ് എന്ന് തമാശരൂപത്തിൽ മറുപടി പറയാൻ ചമ്മൽ തോന്നിയിരുന്നില്ല.

പെണ്ണിനും ചെറുക്കനും പരസ്പരം ഇഷ്ടമായ സ്ഥിതിക്ക് അപ്പോൾ തന്നെ ഒരു തീരുമാനം എടുക്കാം എന്നായി രണ്ടു കൂട്ടരും. എന്തിനേറെ അങ്ങോട്ടും ഇങ്ങോട്ടും വാക്ക് പറഞ്ഞ് ഉറപ്പിച്ച ശേഷമാണ് ആനന്ദിന്റെ വീട്ടുകാർ അന്ന് മടങ്ങിയത്.

പെണ്ണു കണ്ടു മടങ്ങുന്ന ചെക്കനെയും കൂട്ടരെയും മതിലിനു മുകളിലൂടെ എത്തി വലിഞ്ഞു നോക്കിയ അയൽവീട്ടിലെ സുഷമ ചേച്ചി മതിൽ ചാടിക്കടന്ന് രണ്ട് മിനിറ്റ് കൊണ്ട് വീട്ടിലെത്തി. വന്ന പാടെ കിതച്ചു കൊണ്ട് ചോദിച്ചു.

“അത് ആനന്ദ് അല്ലേ ഇപ്പോൾ ഇവിടുന്നു പോയത്? “

“അതെ. ” അമല മറുപടി പറഞ്ഞു.

ആനന്ദ് നിന്നെ കെട്ടാൻ പോവുക?

“പിള്ളേര് തമ്മിൽ അങ്ങ് ഇഷ്ടപ്പെട്ടു സുഷമേ, കല്യാണം ഏകദേശം ഉറപ്പിച്ചാ ചെക്കനും കൂട്ടരും മടങ്ങിയത്. ” സുഷമയുടെ വെപ്രാളം കണ്ടുനിന്ന അമലയുടെ അമ്മ പറഞ്ഞു.

” ദൈവമേ,,,,, ആനന്ദ് നിന്നെ കെട്ടാൻ പോകുവാണോ?….” എന്ന സുഷമ ചേച്ചിയുടെ ഒറ്റ നിലവിളിയോടെ കാര്യങ്ങൾ മുഴുവൻ തകിടം മറിഞ്ഞു. പിന്നെ എന്തൊക്കെയാണ് നടന്നതെന്ന് ഊഹിച്ചെടുക്കാൻ പോലും ബുദ്ധിമുട്ടാണ്.

സുഷമ പഠിച്ച കോളേജിൽ അവരുടെ സീനിയർ ആയിരുന്നത്രെ ആനന്ദ്! ആനന്ദിനെ വിവാഹം കഴിക്കണമെന്ന് ആഗ്രഹിക്കാത്ത പെൺകുട്ടികൾ കോളേജിൽ കുറവായിരുന്നു, ആനന്ദിന്റെ പെയിന്റിംഗ്, ആനന്ദിന്റെ അനുസരണയില്ലാത്ത തലമുടി, ആനന്ദ് ധരിച്ചുകൊണ്ടിരുന്ന വസ്ത്രങ്ങൾ….. ആനന്ദ്… ആനന്ദ്… ആനന്ദ്… ആദ്യം ഓർത്തു സുഷമ ചേച്ചിക്ക് ആനന്ദിനോട് ഒരു വല്ലാത്ത ക്രഷ് ആണെന്ന്. പക്ഷേ കുറച്ച് ദിവസങ്ങൾ കൊണ്ട് മനസ്സിലായി അത് ഒരാളുടെ ക്രഷ് അല്ല ആനന്ദ് ഒരു കാലത്തെ ഒരു ക്യാമ്പസിന്റെ വികാരം തന്നെയായിരുന്നു എന്ന് .

ടൗണിൽ പോകുമ്പോൾ, ബസ്റ്റോപ്പിൽ, അമ്പലത്തിൽ പോയപ്പോൾ അങ്ങനെ ഓരോ സ്ഥലത്തും സ്വന്തം അസ്ഥിത്വം നഷ്ടപ്പെടുന്നതും അമല എന്ന പേരിനു പകരം ആനന്ദിന്റെ പെണ്ണ് എന്ന പുതിയ ലേബൽ സ്ഥാനം പിടിക്കുന്നതും ഒരു പിടച്ചിലോടെ അറിഞ്ഞു.

ഈ കല്യാണം വേണ്ട എന്ന് പലവട്ടം മനസ്സ് പറഞ്ഞു. ഇത്രയും പെൺകുട്ടികളുടെ ആരാധകനായ ഒരു മനുഷ്യൻ എത്തരക്കാരൻ ആയിരിക്കുമെന്ന് തന്നെത്താനെ ചോദിച്ചു.

പക്ഷേ ഉള്ളിനുള്ളിൽ ഒരു വല്ലാത്ത മോഹം. ഒരു ക്യാമ്പസിന്റെ തന്നെ ഒരുകാലത്തെ ആരാധന പാത്രമായിരുന്ന ഒരാളെ വിട്ടുകൊടുക്കാൻ മനസ്സുവന്നില്ല എന്ന് പറയുന്നതാണ് ശരി.

സന്തോഷത്തിലേറെ സംശയത്തോടു കൂടിയാണ് ആനന്ദിന്റെ ഭാര്യയായി ഈ കുടുംബത്തിലേക്ക് കാലെടുത്തു കുത്തിയത്.

ഓരോ നോട്ടത്തിലും വലിയ സൗന്ദര്യമോ കായിക ബലമോ ഒന്നുമില്ലാത്ത ഒരു സാധാരണക്കാരനായ മനുഷ്യൻ മാത്രമായിരുന്നു ആനന്ദ്, കൂടുതൽ അടുക്കും വരെ.

പക്ഷേ ഭാര്യയായിക്കഴിഞ്ഞപ്പോൾ അറിഞ്ഞു താൻ സൂര്യന്റെ മുന്നിൽ കത്തിച്ചു വച്ച നിലവിളക്കിന് തുല്യം എന്ന്. അത്രക്കുണ്ടായിരുന്നു ആ വ്യക്തിപ്രഭാവം.

അപ്പോൾ മുതൽ തുടങ്ങിയതാണ് ഈ ഉൾവലിവ്. താൻ കോളേജിൽ എല്ലാവരോടും നന്നായി സംസാരിക്കുകയും അത്യാവശ്യം നന്നായിത്തന്നെ കവിതകൾ എഴുതി അവയൊക്കെത്തന്നെ സ്റ്റേജിൽ ആലപിക്കുകയും ചെയ്തിരുന്ന അമല മോഹൻ ആണെന്ന് പതിയെപ്പതിയെ അവളും മറന്നു തുടങ്ങി. ആ അമല മോഹനിൽ നിന്ന് അമല ആനന്ദിലേക്ക് എത്താതെ ആനന്ദിന്റെ ഭാര്യ മാത്രമായി മാറാൻ വേണ്ടി വന്നത് വെറും മൂന്നു മാസങ്ങൾ.

തന്നിലെ മാറ്റത്തിനൊപ്പം അറിയാതെ തന്നെ ഉടലെടുക്കുന്ന വെറുപ്പ് എന്ന വികാരത്തേക്കുറിച്ച് അവൾ ഇടക്കിടക്ക് ഭയപ്പാടോടെ ഓർത്തു.

ആനന്ദിന്റെ പെയിന്റിംഗിനോട് വെറുപ്പ് !

അവൻ സ്നേഹിക്കുന്ന സംഗീതത്തെയും സിനിമകളോടും വെറുപ്പ് !

അവന്റെ വസ്ത്രധാരണ രീതികളോട്, അവന്റെ അലസമായിക്കിടക്കുന്ന മുടിയിഴകളെപ്പോലും അവൾ വെറുത്തു തുടങ്ങി. ആനന്ദിനോട് സ്ത്രീകൾ സംസാരിക്കുന്നതു പോലും അവളെ അരിശം കൊള്ളിച്ചു.

പക്ഷേ ആനന്ദ് തെല്ലും മാറിയില്ല, അതേ സ്നേഹം, അതേ കരുതൽ ചേർത്തു നെഞ്ചോട് നിർത്തുമ്പോൾ ഒരു വട്ടം ചോദിച്ചു.

“ആനന്ദേട്ടാ…. നിങ്ങൾക്ക് എന്നേക്കാൾ നല്ല എത്രയോ പെൺകുട്ടികളെ കിട്ടുമായിരുന്നു, എന്നിട്ടെന്തേ എന്നെപ്പോലുള്ള ഒരു മണ്ണുണ്ണിയെ കെട്ടി…? “

“നിന്നെക്കാൾ നല്ലവർ ഉണ്ടാവും പക്ഷേ അവരൊന്നും നീ അല്ലല്ലോ അമലേ…. “

“ഇപ്പോഴാണെങ്കിലും തിരുത്തി ചിന്തിച്ചു കൂടെ… ഞാൻ ഒന്നിനും തടസ്സം ആവില്ല. “

“അമലേ… വിവാഹം കഴിക്കുന്നതിനു മുൻപ് നീയൊരു പെണ്ണാണ്, നിന്നെ ലോകത്തിലെ എല്ലാ സ്ത്രീകളുമായി എനിക്ക് താരതമ്യം ചെയ്യാൻ കഴിയും. പക്ഷേ വിവാഹം കഴിഞ്ഞപ്പോൾ നീയെന്റെ ഭാര്യ ആണ്. എന്റെ ഒരേയൊരു ഭാര്യ…….. മനസ്സിലായോ മണ്ണുണ്ണിക്ക്, ഒരെണ്ണം മാത്രം ഉള്ളതിനെ എന്തിനോട് ഞാൻ താരതമ്യം ചെയ്യും എന്റെ മണ്ണുണ്ണി ഭാര്യേ……? “

തമാശയായിട്ടാണ് പറഞ്ഞു നിർത്തിയതെങ്കിലും മനസ്സിനെ സമാധാനിപ്പിക്കാൻ അത് ധാരാളം ആയിരുന്നു, കുറച്ചു ദിവസത്തേക്ക് മാത്രം.

ആനന്ദിന്റെ ഓരോ ചെറു ചലനങ്ങൾ പോലും സൂക്ഷ്മ ദൃഷ്ടിയോടെ വീക്ഷിക്കാൻ ഉള്ളിലിരുന്ന് ആരോ പറയുന്നു. അവന്റെ ഫോൺ കാളുകൾ, സോഷ്യൽ അക്കൗണ്ടുകൾ എന്തിനേറെ ധരിക്കുന്ന വസ്ത്രത്തിന്റെ പോക്കറ്റിൽ പോലും പരിശോധന നടത്തിത്തുടങ്ങിയിരുന്നു.

അപ്പോഴാണ് ഈ ഗൃഹപ്രവേശനത്തിനുള്ള ക്ഷണവുമായി അഭിയും രജിതയും വരുന്നത്.

രണ്ടു നിലകളിലായി പണിതീർത്ത മനോഹരമായ വീടിന്റെ മുറ്റത്തേക്ക് ഡ്രൈവർ കാർ കയറ്റി നിർത്തുമ്പോൾ പുറത്ത് ആരും തന്നെ ഇല്ലായിരുന്നു. പുറത്തേക്കു ഇറങ്ങിവന്ന് അമലയെ സ്വീകരിച്ചത് അഭിയായിരുന്നു.

അകത്ത് വിശാലമായ ഹാളിൽ നിറയെ ആളുകൾ. ഹാളിന്റെ ഒരു വശത്ത് മുകളിലേക്കുള്ള സ്റ്റെയർ കേസിന്റെ അരികിൽ താൽക്കാലികമായി അറേഞ്ച് ചെയ്തിരിക്കുന്ന ഒരു ചെറിയ സ്റ്റേജ്. സ്റ്റേജിന് മുകളിൽ മൈക് കയ്യിൽപിടിച്ച് എന്തോ പ്രോഗ്രാമിന് തയ്യാറായി നിൽക്കുന്ന കട്ടിക്കണ്ണട വെച്ച കുറ്റിമുടിക്കാരനെ അന്ന് കല്യാണത്തിന് കണ്ട ഓർമ്മ വന്നു.

പുറത്തെ നിശബ്ദതയിൽ നിന്ന് പൊടുന്നനെ ആൾക്കൂട്ടത്തിന് നടുവിലേക്ക് വലിച്ചെറിയപ്പെട്ടപ്പോൾ അമല അതുവരെ സംഭരിച്ച മുഴുവൻ ധൈര്യവും ഒരു നിമിഷം കൊണ്ട് ചോർന്നു പോയി.

വീടിനെ മൊത്തം നടുക്കിക്കൊണ്ട് സ്റ്റേജിൽ നീന്ന് മൈക്കിലൂടെ കുറ്റിത്തലമുടിക്കാരന്റെ കൂക്കുവിളി മുഴങ്ങി !

“പൂയ്….. അറ്റെൻഷൻ പ്ലീസ്…. “

ഹാൾ മുഴുവൻ നിശബ്ദം.

“ഇതാരാണ് വന്നിരിക്കുന്നത് എന്ന് നിങ്ങൾക്കറിയാമോ?…… ദി വൺ ആൻഡ് ഒൺലി ഗ്രേറ്റ്‌ ആനന്ദ്സ് വൈഫ് !!!!!! ആനന്ദിന്റെ ഭാര്യക്ക് ഒരു നിറഞ്ഞ കയ്യടി കൊടുത്തൂടെ????? “

ഹാളിലെ മുഴുവൻ കണ്ണുകളും തന്റെ മേൽ പതിക്കുന്നത് അമല അറിഞ്ഞു. ആ കണ്ണുകളെക്കാൾ അവളെ വിറപ്പിച്ചത് ആ അഭിസംബോധന ആയിരുന്നു ‘ആനന്ദിന്റെ ഭാര്യ ‘. കണ്ണിൽ ഇരുട്ടു കയറുന്നതു പോലെയും, താൻ താഴെ വീണുപോകുമെന്നും അവൾക്ക് തോന്നി.

ഭാഗ്യത്തിന് അതേ സമയത്തു തന്നെ രജിത വന്ന് അമലയുടെ കയ്യിൽ പിടിച്ചു. രജിതയുടെ കയ്യിൽ മുറുകെപ്പിടിച്ചു മുന്നോട്ടു നടക്കുമ്പോൾ ഓരോ മുഖങ്ങളെയായി അവൾ പരിചയപ്പെടുത്തിക്കൊണ്ടിരുന്നു. പാന്റും കുർത്തയും ധരിച്ച് മുടി ഉയർത്തിക്കെട്ടിയ ഒരു സ്ത്രീയുടെ മുന്നിലെത്തിയപ്പോൾ രജിത നിന്നു. കൈകൾ കെട്ടി അമലയെത്തന്നെ സാകൂതം വീക്ഷിച്ചു നിക്കുകയായിരുന്നു അവർ.

“ഇത് നീര ദേവ്….. അമല കെട്ടിട്ടുണ്ടാവും..” രജിതയുടെ വാക്കുകൾ ചെവിയിൽ നിന്ന് തലച്ചോറിൽ എത്തിയ നിമിഷം അമല പിടഞ്ഞുണർന്നു.

നീര ദേവ് !

കല്യാണം ഉറപ്പിച്ചശേഷം ആനന്ദിന്റെ കോളേജ് ജീവിതത്തെപ്പറ്റിയുള്ള സംശയങ്ങൾ കൊണ്ട് മനസ് ഉഴറി നിൽക്കുമ്പോൾ ആണ് അമ്മാവന്റെ മകൻ അതുലിനെ ആനന്ദിന്റെ പ്രേമബന്ധങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ചുമതപ്പെടുത്തിയത്.

“ഇച്ചേച്ചി, കക്ഷി കോളേജിൽ ഭയങ്കര പോപ്പുലർ ആയിരുന്നെങ്കിലും അങ്ങനെ പെൺകുട്ടികളുമായി അഫയർ ഒന്നും ഉള്ളതായി ആരും പറഞ്ഞില്ല. പിന്നെ ആകെ മൊത്തം അങ്ങേരുടെ പേരിനൊപ്പം ഒരു പെണ്ണിന്റെ പേര് പറഞ്ഞു കേട്ടത് ഒരു നീരജ വാസുദേവന്റെ ആണ്….. ആളെ ഇച്ചേച്ചി അറിയും. “

“ആര്….? ” സംശയത്തോടെ അവനെ നോക്കി.

“നമ്മുടെ നീര ദേവ്….. പ്രശസ്ത ചിത്രകാരി… പക്ഷേ അത് അങ്ങനെ ഉള്ള ബന്ധം ഒന്നുമല്ല എന്നാണ് അറിഞ്ഞത്, ഒരേ ഇന്ട്രെസ്റ്റ് ഉള്ള രണ്ടു പേർ തമ്മിലുള്ള ഒരു സൗഹൃദം..പലരും അതിനെ വളച്ചൊടിച്ചു പല തരത്തിൽ വ്യാഖ്യാനം കൊടുക്കുന്നു എന്നാണ് അവരെ വ്യക്തിപരമായി അറിയുന്നവർ പറഞ്ഞത്. “

അന്നേ മനസിലുടക്കി കിടന്ന പേരാണ് നീര ദേവ് !

നീര മുന്നോട്ടു വന്ന് അമലയെ കെട്ടിപ്പുണർന്നു.

“ഞാൻ കണ്ണു നിറയെ ഒന്നു കാണുകയായിരുന്നു ആനന്ദിന്റെ നിഴൽത്തുമ്പിയെ….”

“ഓയ്…. എന്നതാ അവിടെ നടക്കുന്നേ….. ” സ്റ്റേജിൽ നിന്ന് കുറ്റിത്തലമുടിക്കാരൻ ആർത്തു ചിരിച്ചു കൊണ്ട് വിളിച്ചു ചോദിച്ചു.

“ആനന്ദ് കൂടി വന്നിരുന്നെങ്കിൽ ഒരു ഫാമിലി ഫോട്ടോ എടുക്കാമായിരുന്നു…എക്സും ഫിക്സും നടുക്ക് ആനന്ദും…” ചുറ്റും കൂട്ടച്ചിരി ഉയർന്നു.

നീര അമലയെ വിട്ട് സ്റ്റേജിനു നേരെ ഒരു ചുവടു നടന്നു. കത്തുന്ന കണ്ണുകളുമായി. ചിരി പിടിച്ചു കെട്ടിയപോലെ നിന്നു. കുറ്റിത്തലമുടിക്കാരൻ മൈക് മേശപ്പുറത്തു വെച്ച് നിശബ്ദനായി സ്റ്റേജിൽ നിന്നിറങ്ങി ഫുഡ്‌ കൗണ്ടറിന്റെ അരികിലേക്ക് നടന്നു പോയി.

നീര തിരിച്ചു വന്ന് അമലയുടെ കയ്യിൽ പിടിച്ചു.

“താൻ വാടോ…. തെറ്റു ചെയ്യാത്ത പെണ്ണിന്റെ നോട്ടത്തിനു മുന്നിൽ നെഞ്ചും വിരിച്ചു നിക്കാൻ ഇവനൊന്നും പറ്റില്ല. കണ്ടില്ലേ….. “

അറിയാതെ നീരക്കൊപ്പം നടക്കുകയായിരുന്നു അമല.

“ആ ചങ്കോറപ്പ് ഞാൻ കണ്ടിട്ടുള്ളത് നിന്റെ ആനന്ദിൽ ആണ് അമല…..ആരുടെ മുന്നിലും കുലുങ്ങാതെ… എന്നിട്ട് അവനെവിടെ? “

“ആനന്ദേട്ടന് ഇന്നൊരു അർജെന്റ് മീറ്റിംഗ് ഉണ്ടായിരുന്നു. “

“നന്നായി… എനിക്ക് തന്നെ തനിച്ചു കിട്ടിയല്ലോ ഇത്തിരി നേരം… പിന്നെ അവന്മാർ പറയുന്നതൊന്നും കേട്ട് താൻ കുലുങ്ങേണ്ട കേട്ടോ…. ഒരു നല്ല സുഹൃത്ത് ബന്ധത്തിന്റെ പാതി വഴി പോലും നടന്നിട്ടില്ല ഞങ്ങൾ ഒരുമിച്ച്. “

മുറ്റത്തിറങ്ങി ലോണിന്റെ അരികിൽ ഇരുമ്പു കൊണ്ടു തീർത്തിട്ടിരുന്ന മനോഹരമായ ചാരുബഞ്ചിലേക്ക് അമലയും നീരയും ഇരുന്നു.

“ആനന്ദ് ഭാഗ്യവാനാണെടോ…. അവൻ ആഗ്രഹിച്ച അവന്റെ നിഴൽത്തുമ്പിയെത്തന്നെ അവന് പ്രിയതമയായി കിട്ടിയില്ലേ….. “

“എനിക്ക് മനസിലായില്ല…. ” അമല കണ്ണിന്റെ പുരികങ്ങൾ മേല്പോട്ട് വളച്ച് നീരയെ നോക്കി.

“അപ്പൊ അവൻ ഒന്നും നിന്നോട് പറഞ്ഞിട്ടില്ല….? “

“ഇല്ല… എന്താ..? “

“അമലേ നിന്നെയാണ് അവൻ പ്രേമിച്ചത്… നിന്നെയൊരാളെ മാത്രം……”

“അതിന് ആനന്ദ് എന്നെ മുൻപ് കണ്ടിട്ടുണ്ടോ? “

“ക്യാൻവാസിലേക്കുള്ള പുതിയ ചിത്രങ്ങൾ തേടി അലഞ്ഞു തിരിഞ്ഞു നടക്കുന്ന ഒരു സ്വഭാവം അവനുണ്ടായിരുന്നു. ഞങ്ങൾ ഒരുമിച്ചു പി ജി ക്കു പഠിക്കുമ്പോൾ ഒരു വൈകുന്നേരം ഏതോ ഒരു കോളേജിലെ പരിപാടിക്കിടയിൽ സ്വന്തം കവിത മനോഹരമായി ആലപിക്കുന്ന ഒരു പെൺകുട്ടിയുടെ മുഖവും മനസ്സിൽ പേറിയാണ് അവൻ വന്നത്. “

“പിന്നെ അവൻ ക്യാൻവാസിൽ വരച്ച ഓരോ ചിത്രങ്ങളും അവളുടെ ഓരോ ഭാഗങ്ങൾ ആയിരുന്നു. മാസങ്ങളോളം…. ഒരുപാട് ക്യാൻവാസുകൾ… അതെല്ലാം ചേർത്തു വച്ച് അവൻ നാലു വർഷങ്ങൾക്കു മുൻപ് കാണിച്ചു തന്ന രൂപമാണ് ഇന്നെന്റെ കണ്മുന്നിലൂടെ നടന്നു വന്നത്.. “

സ്വന്തം വീട്ടിൽ ആനന്ദിന്റെ പണിപ്പുരയിൽ അടുക്കി വച്ചിരിക്കുന്ന മാറാല പിടിച്ച ചിത്രങ്ങൾ ഒരിക്കൽ പോലും ഒന്ന് വിടർത്തി നോക്കാൻ താൻ മിനക്കെട്ടിട്ടില്ല എന്ന് ഓർത്തപ്പോൾ അമലയുടെ ഉള്ളിൽ നിന്നും ഒരു തേങ്ങൽ വെളിയിലേക്ക് വന്നു.

“…….ആ ചിത്രക്കൂട്ടിന് അവൻ ഇട്ട പേരായിരുന്നു നിഴൽത്തുമ്പി…. എന്നും നിഴലുപോലെ കൂടെ കൊണ്ടു നടക്കാൻ ആഗ്രഹിച്ച ഓണത്തുമ്പി. “

കണ്ണുനീർ മഴമേഘങ്ങളെപ്പോലെ വിരുന്നു വന്ന് തന്റെ കൺപോളകൾക്കുള്ളിൽ കൂടു കൂട്ടുന്നത്‌ അമല അറിഞ്ഞു.

“അമല മോഹനൻ സ്റ്റേജിൽ നിന്ന് ചൊല്ലിയ കവിതയുടെ പേരായിരുന്നു നീരാ…. നിഴൽത്തുമ്പി. ഞാൻ ഇതുവരെ അറിഞ്ഞില്ല ഇതൊന്നും…. “

അമല നീരയെ കെട്ടിപ്പിടിച്ചു എങ്ങലടിച്ചു കരഞ്ഞു.

“എനിക്ക് മനസ്സിലാകും അമലേ…. എല്ലാം മനസ്സിലാകും … നിനക്കറിയുമോ ചങ്കുറപ്പുള്ള ഏതൊരു പുരുഷനും അവന്റെ ഭാര്യയിൽ അന്വേഷിക്കുന്നത് അവന്റെ ഏറ്റവും നല്ല സുഹൃത്തിനെ ആയിരിക്കും… “

“…. തന്നെക്കാൾ താഴെയാണ് ഭാര്യയുടെ സ്ഥാനം എന്ന് വിശ്വസിക്കുന്ന പുരുഷൻ ഇടയ്ക്കിടക്ക് സ്വന്തം നട്ടെല്ല് അളന്നു നോക്കുന്നത് നല്ലതായിരിക്കും എന്ന് എന്നോട് പറഞ്ഞിട്ടുള്ളത് നിന്റെ ആനന്ദ് തന്നെയാണ് “

അമലയെ എഴുന്നേൽപ്പിച്ചു മുന്നോട്ട് നിർത്തിക്കൊണ്ട് നീര പറഞ്ഞു.

“ഒരിക്കൽ ഞാൻ അവനോടു ചോദിച്ചു നിനക്കെന്നെ കല്യാണം കഴിച്ചു കൂടെ എന്ന്…?…. അതിനവൻ പറഞ്ഞ മറുപടി എന്താണെന്നു അമലക്കറിയുമോ? “

അമല ആകാംഷയുടെ മുൾമുനയിൽ ആയിരുന്നു.

“ഒരേ സബ്ജെക്ട് പഠിപ്പിക്കുന്ന രണ്ട് അധ്യാപകർ ഒരേ ക്ലാസ്സിൽ നിന്നാൽ ബോറല്ലേ എന്ന്.. “

നീര ചിരിച്ചു.

“എന്റെ പ്രണയിനിയിൽ ഞാൻ എന്നും തേടുന്നത് എന്റെ കുന്നുകൾ അല്ല എന്റെ കുഴികൾ ആണ്…. അതായിരിക്കും ഞങ്ങളെ സമന്മാർ ആക്കി നിലനിർത്തുക എന്നതായിരുന്നു അവന്റെ തത്വശാസ്ത്രം “

നീരയുടെ ചിരിക്ക് ഒരു നിരാശയുടെ ചുവയുണ്ടെന്ന് അമലക്ക് തോന്നി.

അവന്റെ നിഴലിൽ വീണു തീർന്നു പോകുന്ന ഒരു പെൺകുട്ടിക്ക് വേണ്ടിയല്ല അമലേ ആനന്ദ് അനേകം പെൺകുട്ടികളുടെ സ്നേഹാദരങ്ങൾ നിരസിച്ചത്… അവൻ നിന്നിൽ കണ്ടെത്തിയത് അവനിൽ ഇല്ലാത്ത എന്തൊക്കെയോ ആയിരുന്നു….”നീര എഴുന്നേറ്റു. ഇരുവരും ഹാളിനുള്ളിലേക്ക് തിരിച്ചു നടക്കുമ്പോൾ അവസാനമായി അമലയെ പിടിച്ചു മുന്നിൽ നിർത്തി അവളുടെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് നീര പറഞ്ഞു.

“നിന്നെ കണ്ടെത്തിയ നിമിഷം മുതൽ ആനന്ദ് ജീവിച്ചത് അവന്റെ നിഴൽത്തുമ്പിക്കുവേണ്ടി ആയിരുന്നു. സ്വന്തം ചിറകുള്ള, സ്വന്തം നിഴലുള്ള ആനന്ദിന്റെ നിഴൽത്തുമ്പി. “

വിറക്കാത്ത കാൽവയ്‌പ്പുകളോടെ അമല സ്റ്റേജിലേക്ക് നടന്നു കയറി. അവൾ മൈക് കയ്യിലെടുക്കുമ്പോൾ എല്ലാവരും നിശബ്ദരായി.

“ഇടത്തും വലത്തും നിർത്തി നിങ്ങൾക്ക് ഫാമിലി ഫോട്ടോ എടുക്കാൻ ആനന്ദിന് എക്സും ഫിക്സുമായി ഒന്നേ ഉള്ളു കേട്ടോ….. ആനന്ദിന്റെ നിഴൽത്തുമ്പി. പഴയ അമല മോഹൻ എന്ന കവയിത്രി ഇപ്പോഴത്തെ അമല ആനന്ദ് ! ഈ ഞാൻ !”

ഒരു നിമിഷത്തെ നിശബ്ദതയെ തകർത്തെറിഞ്ഞു കൊണ്ട് ആദ്യത്തെ കയ്യടി ശബ്ദം ഉയർന്നത് കട്ടിഗ്ലാസ്സും കുറ്റിത്തലമുടിയും ഉള്ള ജോസഫ് സക്കറിയയുടെ കൈകളിൽ നിന്നായിരുന്നു.

പിന്നെ കയ്യടികളും ആരവങ്ങളും തന്നെ പൊതിയുമ്പോൾ അമല ചുറ്റും ചെവിയോർത്തു ആനന്ദിന്റെ ഭാര്യ എന്ന വിളിക്കായി, അമല ആനന്ദ് മാത്രമായിരുന്നു എല്ലാവരുടെയും നാവിൽ.

ആനന്ദ് വൈകുന്നേരം വീട്ടിലേക്ക് കാലെടുത്തു വെച്ചത് വലിയ അങ്കലാപ്പിലാണ്. ഗൃഹപ്രവേശത്തിന് പോയ അമലയുടെ കാര്യം ഓർത്തപ്പോഴേ പേടി തോന്നി.

ചിരിച്ചു കൊണ്ട് ഹാളിൽ തന്നെയുണ്ട് ആൾ.

“ഓ.. സമാധാനം ആയി ! എങ്ങനെ ഉണ്ടായിരുന്നു മണ്ണുണ്ണി ഗൃഹപ്രവേശം? “

“മണ്ണുണ്ണി അല്ല മാഷേ….. നിഴൽത്തുമ്പി, ഇന്നുമുതൽ ആനന്ദിന്റെ നിഴൽത്തുമ്പി. “

വിശ്വസിക്കാനാവാതെ നിന്ന ആനന്ദിനെ കഴുത്തിലൂടെ കൈകൾ കൊണ്ടു ചുറ്റി ആ നെഞ്ചിലേക്ക് ചേരുമ്പോൾ അമലയുടെ ഉള്ളിൽ അതുവരെ അടക്കിപ്പിടിച്ചിരുന്ന തേങ്ങൽ മിഴിമുത്തുകളായി ആനന്ദിന്റെ ഷർട്ടിനെ നനയിച്ചു.

തുളുമ്പിയ അവളുടെ മിഴികളെ ചുണ്ടുകൊണ്ട് തുടച്ച് ആനന്ദ് ചോദിച്ചു.

“നീര….? “

“ഉം… കണ്ടു “

“എന്റെ കവയിത്രിയുടെ ഇത്രയും നാളത്തെ മൗനത്തെ ഞാൻ എന്തു വിളിക്കണം…? “

“ഇരുളുള്ളപ്പോൾ നിഴലില്ലല്ലോ ആനന്ദേട്ടാ… “

“അപ്പോൾ ഇനിയങ്ങോട്ട്…? “

“എന്നും വസന്തം…. നിഴൽത്തുമ്പിക്കു പാറി പറക്കാനുള്ള വസന്തം. “