കെട്ട്യോൻ ആണ് എന്റെ മാലാഖ ~ രചന: ഷിജു കല്ലുങ്കൻ
കല്യാണം കഴിഞ്ഞു! ക്ഷണിക്കപ്പെട്ടു വന്നവരിൽ വളരെ വേണ്ടപ്പെട്ടവർ ഒഴികെ എല്ലാവരും പിരിഞ്ഞു പോയിക്കഴിഞ്ഞു. സാബുമോന്റെ മനസ്സ് പെരുമ്പറ കൊട്ടാൻ തുടങ്ങി.
ആദ്യരാത്രി !!
കട്ടച്ചങ്കുകൾ എല്ലാരും കൂടി മുറ്റത്തു നിരന്നുകിടന്ന കസേരകൾ വലിച്ചുകൊണ്ടുവന്ന് ഒരു വട്ടമേശ സമ്മേളനത്തിനുള്ള കോപ്പുകൂട്ടുന്നുണ്ട്. എന്തു പണിയാണോ വരാൻ പോകുന്നത് എന്നാലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല.
ചങ്കുകളുടെയെല്ലാം ആദ്യരാത്രി കുളമാക്കി കയ്യിൽക്കൊടുക്കുക എന്ന മഹനീയ കലാപരിപാടി ആസൂത്രണം ചെയ്യാൻ മുന്നിൽ നിന്നവരുടെ കൂട്ടത്തിൽ സാബുമോനും ഉണ്ടായിരുന്നു. കല്യാണം കൂതറയാക്കുക എന്ന നാട്ടുനടപ്പിനെ, നാട്ടിലെ മൂത്ത കാരണവന്മാർ കുറുവടിയും വെട്ടുകത്തിയുമായി നേരിടാൻ തുടങ്ങിയപ്പോൾ കണ്ടെത്തിയ പുതിയ സൂത്രം.
വട്ടം കൂടിയിരുന്നുള്ള ആലോചന കാണുമ്പോഴേ അറിയാം കുപ്പിക്കുള്ള ഓർഡർ ഇപ്പൊ വരുമെന്ന്. സന്ധ്യയാകാൻ നോക്കിയിരിക്കുന്ന കൂട്ടുകാർ, അടിതുടങ്ങാനും തനിക്കിട്ടുള്ള പണി തുടങ്ങാനും.
‘താൻ കള്ളു മേടിച്ചു കൊടുത്തു കുടിച്ചാലല്ലേ ഇവന്മാർ കൂതറകളാകൂ’ എന്ന ആലോചന പോലും തെറ്റ്, അങ്ങനൊരുവട്ടം ആലോചിച്ച ആളാണ് ജയേഷ്.
ജയേഷിന്റെ കല്യാണം കഴിഞ്ഞദിവസം സന്ധ്യമയങ്ങിയപ്പോൾ ഭാര്യ രമണിയെയും കൊണ്ട് ഒരു ദർശനം.
“ജയേട്ടന്റെ കൂട്ടുകാരോട് ഞാൻ ഒരു കാര്യം പറയട്ടെ..? “
പുത്തൻ പെണ്ണിന്റെ കൊഞ്ചി കൊഞ്ചിയുള്ള ചോദ്യം എല്ലാവരും കാതുകൾ കൂർപ്പിച്ചു കേട്ടു.
“ജയേട്ടന്റെ കൂട്ടുകാർ എനിക്കെന്റെ ആങ്ങളമാരെപ്പോലെ അല്ലേ..? “
“അതേ…. ” കോറസ്.
“അതേയ്. .. എനിക്ക് കുഞ്ഞുന്നാൾ മുതൽ മദ്യത്തിന്റെ മണമടിച്ചാൽ ശർദ്ദിക്കും. ഇവിടിരുന്നുള്ള മദ്യപാനം ഒന്നൊഴിവാക്കിക്കൂടെ? “
ആങ്ങളമാരുടെ കലിപ്പൻ കണ്ണുകളെ നേരിടാനുള്ള ശക്തിയില്ലാതെ പെങ്ങളും അളിയനും തലതാഴ്ത്തി.
എല്ലാവരും ഒറ്റയടിക്ക് പിരിഞ്ഞു പോകുന്നത് കണ്ട ആഹ്ലാദത്തിൽ രമണിയെ പൊക്കിയെടുത്തുകൊണ്ട് ജയേഷ് മണിയറയിലേക്കു നടന്നു.
അന്നു രാത്രി, മണിയറയിൽ ഒളിച്ചു വച്ചിരുന്ന വോയിസ് റെക്കോർഡർ റെക്കോർഡ് ചെയ്ത ആദ്യരാത്രി ശബ്ദരേഖയിൽ നിന്ന് ‘ജയേട്ടാ….., എന്റെ രമണീ… ” എന്നീ രണ്ടു ശബ്ദങ്ങൾ അടർത്തിയെടുത്ത്, അതിൽ ഡി ജെ മിക്സ് ചെയ്തു റിങ് ടോൺ ആക്കി, അഞ്ചു രൂപ നിരക്കിൽ കവലയിൽ വിറ്റുകിട്ടിയ കാശു കൊണ്ട് ചങ്കുകൾ പിറ്റേന്ന് കള്ളുകുടിച്ചപ്പോളാണ് തനിക്കു കിട്ടിയ പണിയുടെ ആഴം ജയേഷിനു മനസ്സിലായത്.
കേൾക്കാൻ ഇമ്പമുള്ള പുത്തൻ റിങ്ടോൺ 5രൂപ മുടക്കി വാങ്ങിയവരുടെ കൂട്ടത്തിൽ ജയേഷിന്റെ പാവം അച്ഛനും ഉണ്ടായിരുന്നു.
ഇന്നത്തെ വട്ടമേശ കാണുമ്പഴേ അറിയാം പണി ഉറപ്പ്. സാബുമോൻ പതിയെ കൂട്ടത്തിൽ അശുവായ ബിജുക്കുട്ടനെ വിളിച്ചു മാറ്റിനിർത്തി ചോദിച്ചു.
“എന്താടാ ഇന്നത്തെ പ്ലാൻ…. നമുക്കിട്ടു പണി ഉറപ്പാ അല്ലെ? “
“ഹേയ്… അങ്ങനെ ഒരു പ്ലാനും ഇല്ലടാ സാബു. നീ നമ്മുടെ ചങ്കല്ലേ… “
സാബുവിനു തീരെ വിശ്വാസം വന്നില്ല.
“ആഹ്… പിന്നെ… നീ അവന്മാർ എന്നാ ചോദിച്ചാലും അങ്ങ് മേടിച്ചു കൊടുത്തേക്ക്, കള്ളു കിട്ടുമ്പോൾ പിന്നെ കലിപ്പൊന്നും കാണത്തില്ലന്നേയ്…. “
ചങ്കുകൾ ആവശ്യപ്പെട്ട അത്രയും മദ്യം എത്തിച്ചുകൊടുത്തപ്പോൾ ചെറിയൊരു ആശ്വാസം തോന്നി.ചോദിച്ചതെല്ലാം കൊടുത്ത കട്ടച്ചങ്കിന്റെ ആദ്യരാത്രി കുളമാക്കാൻ അത്ര ദുഷ്ടന്മാർ ഒന്നും അല്ല തന്റെ കൂട്ടുകാർ.
മണി ഒൻപത്. വെറുതെ ഒരു മൂളിപ്പാട്ടും പാടി മുറിക്കകത്തേക്ക് ഒരു സന്ദർശനത്തിനു പോയി. മുറിക്കകത്തു പെങ്ങളും കുറച്ചു കൊച്ചുപിള്ളേരും അവർക്കൊപ്പം നിഷയും.
മുഖത്ത് കുറച്ചു ഗൗരവം ഒക്കെ വലിച്ചു വെച്ച് പെങ്ങളോട് ഒരു കലിപ്പ്.
“ഇതെന്താ ഇന്നെല്ലാരും കൂടെ എന്റെ മുറിയിൽ സ്ഥിരതാമസം ആക്കാനാണോ പ്ലാൻ…. ഒന്ന് പോയേ… “
ഇതുവരെ കണ്ടിട്ടില്ലാത്ത സാബുമോന്റെ പുതിയ മുഖം കണ്ട് ‘ഉം, ഉം…. ‘ എന്ന് ഇരുത്തി മൂളിക്കൊണ്ട് പെങ്ങൾ പിള്ളേരേം പെറുക്കിയെടുത്തു മുറിവിട്ടു പോയി.
സാബുമോന്റെ സീരിയസായ മുഖഭാവം കണ്ട് പേടിച്ച് ഒതുങ്ങി നിൽക്കുകയായിരുന്നു നിഷ.
“എനിക്കൊന്നു കുളിക്കണം… “ഗൗരവം വിടാതെ സാബുമോൻ.
“ഉം… ” എന്തു പറയണം എന്നറിയാതെ നിഷ മൂളി.
“നിഷ കുളിച്ചോ? “
“ഉം… “
“വേണേൽ ഒന്നുകൂടി കുളിച്ചോ…. രാത്രി രണ്ടു കുളിക്കുന്നത് നല്ലതാ….”
അവൾ കുറച്ചു നേരം മുറിയിൽ നിന്ന് മാറിയാൽ മുറി മൊത്തം ഒന്ന് പരിശോധിക്കാം എന്നോർത്ത് സാബുമോൻ പറഞ്ഞു.
“വേണ്ട, ഞാൻ ഇപ്പൊ കുളിച്ചതെ ഒള്ളു..”
അവളെ അല്പനേരം മാറ്റി നിർത്താൻ ഇനിയെന്താ വഴി. മുറി മൊത്തം ഒന്ന് പരിശോധിച്ചാൽ ചിലപ്പോൾ പണി വരുന്ന വഴി പിടി കിട്ടിയേനെ.
കട്ടച്ചങ്ക് സിജിക്കിട്ടു കൊടുത്ത പണി സാബുവിന് ഓർമ്മ വന്നു.
കഴിഞ്ഞ വിഷുക്കാലത്തിനു തൊട്ടു മുൻപ് ആയിരുന്നു സിജിയുടെയും ബിന്ദുവിന്റെയും കല്യാണം. പൊതുവേ മൂളിപ്പാട്ടുകാരനായ സിജി ആദ്യരാത്രിയുടെ ആക്രാന്തം കൂടി ആയപ്പോൾ മണിയറ അലങ്കരിച്ചിരുന്ന മുല്ലപ്പൂ മാലയിൽ ഒരെണ്ണം വലിച്ചു പറിച്ചെടുത്ത് ‘ കരളേ എന്റെ കരളിന്റെ കുളിരെ….. ‘ എന്ന് പാട്ടും പാടി ബെഡിന്റെ മുകളിൽ ഇരുന്ന ബിന്ദുവിന്റെ മുകളിലേക്ക് ശ്രീനിവാസൻ സ്റ്റൈലിൽ ഒരു ചാട്ടം വച്ചുകൊടുത്തു.
പിന്നെ മുറിക്കുള്ളിൽ ത്രശൂർപൂരത്തിന്റെ വെടിക്കെട്ടായിരുന്നു നടന്നത്.
വിഷുവിനു വിൽക്കാൻ കവലയിൽ കൊണ്ടുവന്ന ‘ഏറുപടക്കങ്ങൾ’ മൊത്തമായി വാങ്ങി മണിയറയിലെ കാട്ടിലിനു മുകളിൽ വിരിച്ച് അതിനു മുകളിൽ ബെഡ് വിരിച്ചു ഭംഗിയായി അലങ്കരിച്ചിരുന്നു ചങ്കുകൾ.
ഇപ്പോഴും ബെഡ് കാണുമ്പോൾ ബിന്ദുവിന് ഒരു നടുക്കവും കൊച്ചുപിള്ളേർക്ക് ഉണ്ടാവുന്ന പോലത്തെ ഇക്കിളും ഉണ്ടാവും.
സാബുമോൻ, സൂത്രത്തിൽ എന്തോ അന്വേഷിക്കുന്ന പോലെ ബെഡിനടിയിലും തലയിണക്കീഴയും ഒന്നു തപ്പി നോക്കി. ഒന്നും കിട്ടിയില്ല.
കുളിച്ചിട്ടു വരുമ്പോഴും നിഷ ആദ്യം നിന്നിടത്തു തന്നെ നിൽക്കുന്നു. പേടിച്ചിട്ടുണ്ടെന്നു വ്യക്തം. പെണ്ണിന് ആദ്യം മുതലേ ഇച്ചിരി പേടി ഉള്ളത് നല്ലതാ, ഇല്ലെങ്കിൽ തലയിൽ കേറിയിരുന്നു നിരങ്ങും. മനസ്സിൽ ഓർത്തുകൊണ്ട് ശബ്ദത്തിന് അല്പം കൂടി കനം കൂട്ടിക്കൊണ്ട് പറഞ്ഞു.
“അവിടെ ഇരുന്നോളൂ…. ഇപ്പൊ വരാം.”
വരാന്തയിൽ ഇറങ്ങിയപ്പോഴേ കേട്ടു പുറത്ത് ഒച്ചപ്പാടും ബഹളവും. കള്ള് അതിന്റെ പണി തുടങ്ങിക്കഴിഞ്ഞു.
കുളിച്ചു വസ്ത്രം മാറി അങ്കത്തിനു പോകും മുൻപ് അനുഗ്രഹം മേടിക്കാൻ നിൽക്കുമ്പോലെ വന്നു നിൽക്കുന്ന സാബുമോനെ കണ്ടിട്ട് ബിജുക്കുട്ടന് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല.
കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു കൊണ്ട് അവൻ സാബുമോന്റെ ചെവിയിൽ പറഞ്ഞു.
” പൊന്നു മുത്തേ ആദ്യരാത്രി ആഘോഷിക്കാൻ ഇന്നു മുറിയിലേക്ക് പോകരുത്….കാളരാത്രി ആയിപ്പോകും, നല്ല ചിമിട്ടൻ പണി ഒപ്പിച്ചിട്ടൊണ്ട് ചങ്കോള്…… “
പറഞ്ഞത് പൂർത്തിയാക്കും മുൻപേ വന്നു ഒരുഗ്രൻ കൊടുവാള്….
മണവാളചെക്കന്റെ പുത്തൻ ജൂബയും മുണ്ടും നിറയെ മദ്യവും ചിക്കൻ കറിയും. എന്നിട്ടും ചങ്കിനെ താഴെ ഇട്ടില്ല സാബുമോൻ.
പിന്നെയും ചെവിയിൽ ചോദിച്ചു
“എന്നതാടാ ബിജുക്കുട്ടാ പണി..? “
പക്ഷേ ഒരു മറുപടി പറയാനുള്ള ത്രാണിയൊന്നും ആ പാവത്തിന്റെ അഞ്ചടി നൽപ്പത്തഞ്ചു കിലോ ശരീരത്തിൽ അവശേഷിച്ചിട്ടില്ലായിരുന്നു. ഒടിഞ്ഞു കുത്തി താഴെക്കിരുന്ന ചങ്കിനെ കൂട്ടുകാർ താങ്ങി മുറ്റത്തരുകിലെ വാഴയിൽ ചാരി ഇരുത്തി.
മുണ്ടും ജൂബയും ഊരി പൈപ്പ് വെള്ളത്തിൽ കഴുകി കുടഞ്ഞെടുത്തിട്ടും മണം പോകുന്നില്ല. ഡ്രസ്സ് മാറ്റണമെങ്കിൽ റൂമിൽ പോണം. ഈ വൃത്തികെട്ട നാറ്റവും വെച്ച് ആദ്യരാത്രി എങ്ങനെ മണിയറയിലേക്ക് കയറിചെല്ലും?
അഥവാ പോയി കാര്യങ്ങൾ നിഷയോട് പറഞ്ഞ് വീണ്ടും കുളിച്ചു ഡ്രസ്സ് മാറ്റാം എന്നുവച്ചാലും പ്രശ്നം തീരുന്നില്ല. ബിജുക്കുട്ടൻ വീഴും മുൻപ് പറഞ്ഞ എട്ടിന്റെ പണി, അതോർക്കുമ്പോൾ ഒട്ടും പോകാൻ തോന്നുന്നില്ല.
അങ്ങനെ, മദ്യപിച്ചു കിറുങ്ങി ഓഫായ തന്റെ കൂട്ടുകാർക്ക് മദ്യപിക്കാത്ത സാബുമോൻ തന്റെ ആദ്യരാത്രി ഉറങ്ങാതെ കാവലിരുന്നു.
പിറ്റേന്ന് ഉച്ചക്ക് ചോറൂണ് കഴിഞ്ഞു വിശ്രമിക്കുമ്പോൾ നിഷയുടെ ഫോൺ ബെല്ലടിക്കാൻ തുടങ്ങി.
കൂട്ടുകാരി രേഷ്മയാണ്. ഫോൺ ചെവിയുടെ അടുത്തെത്തിച്ചപ്പോഴേ അറിഞ്ഞു അവൾ തനിച്ചല്ല കൂട്ടുകാരായ പെൺപട നാലും ഉണ്ട്.
“ഹലോ.. “
“എടീ.. പറയ്… “
“എന്തു പറയാൻ..? “
“അതേ.. . നിന്റെ ഫസ്റ്റ് നൈറ്റ്..? “
“അയ്യേ… നാണമില്ലേ നിങ്ങക്ക്… “
എന്തിന് നാണം,… നീ പറയടീ… ഇവളുമാർ മൂന്നും രാവിലെ മുതൽ ഒടുക്കത്തെ ത്രില്ലിൽ നടക്കുവാ നീ പറയുന്നത് കേൾക്കാൻ… പറയടീ.. “
“ഹേയ്… ഒന്നും ഉണ്ടായില്ലെടീ പറയാൻ..”
“അയ്യേ…. അതെന്നാ പറ്റി? “
“സാബുവേട്ടന്റെ ഫ്രണ്ട്‌സ് വെള്ളമടിച്ചു കുറച്ച് ഓവർ ആയി, അവരുടെ പിറകേ പോയ പുള്ളിക്കാരൻ വന്നപ്പോൾ വെളുപ്പാൻകാലം ആയി. ഞാൻ ക്ഷീണം കൊണ്ട് ഉറങ്ങിപ്പോയിരുന്നു. “
“അയ്യേ… ലോകതോൽവി… ഇങ്ങനേം ഉണ്ടോ ഒരു കെട്ടിയോൻ …? “
“നീ അങ്ങനെ കളിയാക്കുവൊന്നും വേണ്ട, ഇന്ന് നീ നോക്കിക്കോ.. “
“ഓ ആയിക്കോട്ടെ… ചുമ്മാ ആശിച്ചു, എന്നാ ചെയ്യാനാ നാളെ വിളിക്കാം. “
ആശിച്ചിരുന്നത് കേൾക്കാൻ കഴിയാത്തത്തിന്റെ നൈരാശ്യത്തിൽ രേഷ്മയും കൂട്ടുകാരും പെട്ടെന്ന് തന്നെ ഫോൺ കട്ടു ചെയ്തു. നന്നായി എന്ന് നിഷക്ക് തോന്നി. മനസ്സിലുള്ള നിരാശക്കൊപ്പം അവരുടെ ചോദ്യങ്ങൾ കൂടി നേരിടാൻ വയ്യ.
വൈകുന്നേരം ബിജുക്കുട്ടനെ കയ്യോടെ പൊക്കി സാബുമോൻ.
“എടാ സത്യം പറ, എന്തായിരുന്നു ഇന്നലത്തെ പ്ലാൻ? “
“നിന്റെ ആദ്യരാത്രി അലമ്പാക്കുക എന്നത്. “
“അതേ… അതെങ്ങനെ ? “
“അതല്ലേ നടന്നത്… ഞാൻ വെള്ളമടിച്ചു നിന്റെ മേൽ വാള് വച്ചത്, നിന്നെ ടെൻഷൻ അടിപ്പിച്ചത്… നീ മണിയറയിൽ പോലും പോകാതെ ഞങ്ങൾക്ക് കാവലിരുന്നത്…. “
“ഛെ.. അപ്പൊ മറ്റൊന്നും ഇല്ലാരുന്നോ?”
“നിന്നെക്കൊണ്ട് തോറ്റു ! “
ബിജുക്കുട്ടൻ ചിരിച്ചുകൊണ്ട് നടന്നകന്നു.
സാബുമോന് വലിയ ആശ്വാസം തോന്നി. ഇന്നലെ ഒരു ദിവസം പോയാലെന്നാ, പ്രശ്നം ഒന്നും ഇല്ലാതെ കഴിച്ചല്ലോ. ഇന്ന് ഇന്നലത്തെ സങ്കടം കൂടി തീർക്കണം.
പതിവിലും നേരത്തേ അത്താഴവും കഴിച്ച് മുറിയിലെത്തി കട്ടിലിൽ കയറി പ്രിയതമക്കു വേണ്ടി കാത്തിരുന്നു സാബുമോൻ.
അപ്പോളാണ് വാതിലിൽ ആരോ മുട്ടുന്നത്… നോക്കുമ്പോൾ അപ്പൻ.
“എന്താപ്പാ..? “
“നിന്റെ ഫോൺ എന്തിയെടാ ഉവ്വേ? “
കൂട്ടുകാരുടെ ശല്യം ഇല്ലാതെ രണ്ടാം രാത്രി എങ്കിലും ആദ്യരാത്രി ആക്കാൻ വേണ്ടി സ്വിച് ഓഫ് ചെയ്തു മേശപ്പുറത്തു വച്ചിരിക്കുന്ന മൊബൈൽ ഫോണിൽ നോക്കിയാണ് അപ്പന്റെ ചോദ്യം.
“ഉം… മനസ്സിലായി….. ഇതാ നിന്റെകൂട്ടുകാരൻ ആ പോലിസുകാരൻ ചെക്കനാ… എന്തോ അത്യാവശ്യം നിന്നോട് സംസാരിക്കണം എന്ന്. “
“ഹലോ എബി എന്നതാടാ? “
“ടാ ഒരു ചെറിയ പ്രശ്നം ഉണ്ട്. നിന്റെ അളിയൻ ചെക്കനേം നാലു കൂട്ടുകാരേം കൂടി എസ് ഐ പൊക്കി സ്റ്റേഷനിൽ കൊണ്ടു വന്നിട്ടൊണ്ട്. “
“എനിക്കെവിടെയാടാ അളിയൻ? സുനിലയുടെ കല്യാണം കഴിഞ്ഞിട്ടില്ലല്ലോ…. നീ എന്നാ ഡ്യൂട്ടിക്കിടക്ക് പറ്റാണോ? “
“പറ്റു നിന്റെ…. ടാ, ഞാൻ പറയുന്ന കേൾക്ക്,.. നിന്റെ ഭാര്യയുടെ ആങ്ങളചെക്കനും കൂട്ടുകാരും… . അഞ്ചേണ്ണോം നല്ല ഫിറ്റാ. അടിച്ചു കോൺ തെറ്റി കാർ ഓടിച്ചു വരുവാരുന്നു. ഞാനും ഉണ്ടായിരുന്നു ചെക്കിങ് സ്‌ക്വാഡിൽ. ചെക്കനെ ഇന്നലെ കല്യാണത്തിന് കണ്ട പരിചയം വച്ചു ചോദിച്ചതാ… “
“എടാ… അവൻ കൊച്ചു പയ്യനല്ലേ..? “
“ആന്ന്… അഞ്ചെണ്ണോം പിള്ളേരു സെറ്റ്, കഷ്ടി 18 വച്ചു കാണും, എന്തായാലും നീ പെട്ടന്ന് സ്റ്റേഷനിലോട്ട് വാ.. “
സ്റ്റേഷനിൽ ചെല്ലുമ്പോൾ പ്ലസ് ടു കഴിഞ്ഞു നിൽക്കുന്ന കുഞ്ഞളിയനും കൂട്ടുകാരും കൂഞ്ഞിക്കൂടി തറയിൽ ഇരിക്കുന്നു . എബിന്റെ സഹായത്തോടെ എസ് ഐ യോട് സംസാരിച്ചു ഫൈൻ അടച്ചു പിള്ളേരെ വെളിയിൽ കൊണ്ടുവരുമ്പോൾ എസ് ഐ യുടെ താക്കീത് വന്നു.
“പിന്നെ സാബുവേ ഇവന്മാരെ ഒറ്റ ഒരുത്തനെപ്പോലും ഇന്നിനി വണ്ടീടെ ഡ്രൈവിംഗ് സീറ്റിൽ കണ്ടേക്കല്ലു കേട്ടോ.. “
‘ഇല്ല സാറേ ഞാൻ എന്റെ വീട്ടിലേക്കാണ് കൊണ്ടു പോകുന്നത്’ എന്നു പറഞ്ഞെങ്കിലും പിള്ളേര് കരച്ചിൽ തുടങ്ങി.
“അളിയാ.. ചേച്ചി അറിയല്ലേ….”
“അളിയാ വീട്ടിൽ അറിഞ്ഞാൽ ഞങ്ങളെ തല്ലി കൊല്ലും പ്ലീസ് അളിയാ….”
“അല്ലെടാ.. കോട്ടയത്തു കിടക്കുന്ന നിന്നെയൊക്കെ എന്തിനാ ഈ വെള്ളമടിക്കാൻ ഇടുക്കിക്ക് കെട്ടിയെടുത്തേ? ” സാബുമോന് കലിപ്പ് അടക്കാൻ കഴിഞ്ഞില്ല.
“അത് അളിയാ,.. പെങ്ങളെ ഇടുക്കിയിൽ കെട്ടിച്ചതിന്റെ ചിലവ് മൂന്നാറിൽ ചെയ്യണം എന്ന് ഇവന്മാർ..” ചെക്കൻ പൂർത്തിയാക്കാതെ തല താഴ്ത്തി.
അവസാനം എബിയേയും കൂട്ടി രണ്ടു വണ്ടികളിലായി അഞ്ചെണ്ണത്തിനെയും ഹൈറേഞ്ചു കടത്തി, പറ്റു വിട്ടെന്നും ഇനി വണ്ടി ഓടിക്കാൻ കുഴപ്പമില്ലെന്നും ഉറപ്പിച്ചിട്ടു വണ്ടി തിരിക്കുമ്പോൾ രാത്രി മൂന്നു മണി. ഇതുവരെ വീട്ടിൽ നിന്ന് ആരും ഫോൺ ചെയ്യാത്തത് എന്താണ് എന്നാലോചിച്ചു ഫോൺ നോക്കുമ്പോളാണ് മനസ്സിലാകുന്നത് അതിപ്പോഴും സ്വിച് ഓഫ് ആണ് എന്ന്.
“ഡാ നിന്റപ്പൻ വിളിച്ചിരുന്നു ഇടയ്ക്ക്…. നീ എസ് ഐ യുമായി സംസാരിച്ചു നിൽക്കുമ്പോൾ” സാബു ഫോൺ നോക്കുന്ന കണ്ട എബി പറഞ്ഞു.
“എന്നാ പറഞ്ഞു? “
“ഞാൻ വിവരങ്ങൾ ഒന്നും വിട്ടു പറഞ്ഞില്ല, പക്ഷേ രാത്രി വരാൻ വൈകും നിങ്ങൾ കിടന്നോ എന്ന് പറഞ്ഞിട്ടുണ്ട്. “
“അങ്ങനെ രണ്ടാം രാത്രിയും മൂഞ്ചി…..” തന്നത്താൻ പറഞ്ഞു കൊണ്ട് സാബു ദീർഘനിശ്വാസം ഉതിർത്തു.
രണ്ടാം ദിവസവും പുതുമണവാളൻ പെണ്ണിനെ ഇട്ടിട്ട് കൂട്ടുകാരെ സഹായിക്കാൻ രാത്രി മുഴുവൻ തെണ്ടി നടന്നു എന്നു പറഞ്ഞത് തൊള്ളതൊടാതെ വിഴുങ്ങാൻ പാകത്തിന് മണ്ടിയൊന്നുമല്ലായിരുന്നു കോട്ടയംകാരി നിഷമോൾ.
അവൾ രാവിലെ തന്നെ ഫോണെടുത്ത് കൂട്ടുകാരി രേഷ്മക്കു കുത്തി.
ഒറ്റ റിങ്ങിനേ അവിടെ ഫോൺ അറ്റൻഡ് ചെയ്തു.
“എടീ പറയ്…. അടിച്ചു പൊളിച്ചു അല്ലേ…. പറയ്.. പറയ്.. കേൾക്കട്ടെ !”
“എന്തോന്നു പറയാൻ… “നിഷയുടെ ശബ്ദത്തിൽ സങ്കടവും ദേഷ്യവും ഒന്നിച്ചു വന്നു.
“എന്നതാടീ ഇന്നലെ രാത്രിയും…..”
“ആളു വന്നില്ല …. ഏതോ കൂട്ടുകാർക്ക് വേണ്ടി പോലിസ് സ്റ്റേഷനിൽ പോയീന്നോ… വന്നപ്പോ വെളുപ്പാൻ കാലമായന്നോ…. “
“ദൈവമേ.. സ്ലീവാച്ചൻ !!!! .. ” രശ്മിയുടെ ഫോണിലൂടെ ഉള്ള അലർച്ച കേട്ട് നിഷ പേടിച്ച് ഇരുന്നിടത്തു നിന്ന് ഒരു മുഴം പൊങ്ങി നേരെ നിന്നു.
“എന്തോന്ന് സ്ലീവാച്ചൻ…? “
“നീ കെട്ട്യോളാണെന്റെ മാലാഖ സിനിമ കണ്ടിട്ടില്ലേ..? “
“ഉവ്വ്… “
“അതിലെ ഇടുക്കിക്കാരൻ സ്ലീവാച്ചൻ തന്നെയാടീ നിന്റെ ഇടുക്കിക്കാരൻ സാബുമോൻ…. ഭാര്യയുടെ അടുത്ത് വരാൻ പേടിച്ച് രാത്രി മുങ്ങി നടക്കുന്ന സാബുമോൻ… “
“ഹേയ്… ഇത് ശരിക്കും എന്തോ അത്യാവശ്യം ഉണ്ടായിട്ട് പോയതാടീ…. “
“എന്റെ പൊന്നുമോളെ ഇടുക്കീലേക്ക് നിന്നെ കെട്ടിച്ചു വിടുന്നു എന്ന് കേട്ടപ്പോ മുതൽ ഞങ്ങൾ മൂന്നുപേരും കൂടി ഇരുന്ന് പത്തു പ്രാവശ്യം എങ്കിലും കണ്ടിട്ടുണ്ടാവും ആ സിനിമ. “
സങ്കടവും ദേഷ്യവും എല്ലാം പോയി പെട്ടന്ന് വല്ലാത്തൊരു ഭയം നിഷയിലേക്ക് കുടിയേറി. സാബുമോൻ നല്ല കരുത്തുള്ള ചെറുപ്പക്കാരൻ ആണ്. നല്ല വിദ്യാഭ്യാസം ഉണ്ടായിട്ടും ജോലിക്ക് പോകാതെ സ്വന്തം ഭൂമിയിൽ അധ്വാനിച്ചു ജീവിക്കുന്നവൻ.
അവളുടെ ആലോചനകളെ ഞെട്ടിച്ചു കൊണ്ട് രശ്മിയുടെ അടുത്ത ചോദ്യം വന്നു.
“നിന്റെ സ്ലീവാച്ചൻ… അല്ല സാബുമോൻ പറമ്പിൽ എന്തൊക്കെ പണി ചെയ്യും..? “
“..അതുപിന്നെ… തൂമ്പ പിടിച്ചു കിളക്കും.. റബ്ബർ വെട്ടും…. അങ്ങനെ…. എല്ലാ പണിയും… “
“ഓഹ്… ദൈവമേ.. തൂമ്പാകയ്യിൽ പിടിച്ചു ഞെരിക്കും പോലെ നിന്നെ പിടിച്ചു ഞെരിച്ചു റബ്ബർ ടാപ്പ് ചെയ്യും പോലെ…… “
“അയ്യോ… !!!” പറമ്പിൽ പണിത് നല്ല ബലിഷ്ടമായ ശരീരം ആണ് സാബുമോന്, താൻ വെറും പൂവു പോലെ.. നിഷ അറിയാതെ കാറിപ്പോയി.
“ആട്ടെ കക്ഷി ഇപ്പോൾ എന്തു ചെയ്യുന്നു..? “
“രാവിലെ വന്നു കിടന്നു സുഖമായി ഉറങ്ങുന്നു.. “
“പകൽ മുഴുവൻ കിടന്നുറങ്ങി രാത്രി ഉണർന്നിരിക്കാൻ ഉള്ള തന്ത്രപരമായ നീക്കം… നിഷേ നീ സൂക്ഷിച്ചോ… ഇന്നായിരിക്കും ആ രാത്രി….” രേഷ്മയുടെ സ്വരത്തിന് പ്രേതസിനിമയുടെ ക്ലൈമാക്സിനു മുൻപ് വാണിങ് കൊടുക്കുന്ന സന്യാസിയുടെ ധ്വനി.
“നീയെന്നെ പറഞ്ഞു പേടിപ്പിക്കല്ലേ രേഷ്മ…..” നിഷയുടെ സ്വരത്തിലെ വിറയൽ ശരിക്കും തിരിച്ചറിഞ്ഞു രേഷ്മ.
“നീയൊരു കാര്യം ചെയ്യ് അപ്പപ്പോൾ കാര്യങ്ങൾ വിളിച്ച് ഞങ്ങളെ അറിയിക്ക്… ഞങ്ങൾ പറഞ്ഞു തരാം എന്തു ചെയ്യണമെന്ന്. “
“ഉം.. “
സമയം രാവിലെ 11.30
“ഹലോ.. “
“എന്തായെടീ..?? “
“ടീ…. എഴുന്നേറ്റു… കോഴിപ്പൂവൻ നടക്കും പോലെ എന്റെ ചുറ്റും നടക്കുവാരുന്നു….ഇപ്പൊ ബാത്‌റൂമിൽ… “
“കർത്താവേ… ഇന്ന് തന്നെയാണ് ആ ദിവസം…. യുദ്ധതിനുള്ള തയ്യാറെടുപ്പ്….”
“ടീ വരുന്നുണ്ട്… ഞാൻ വെക്കുവാ… “
ഉച്ചക്ക് 2.15
“ഹലോ.. “
“ഉച്ചക്ക് ചോറുണ്ണാൻ ഇരുന്നപ്പോൾ സുനില ഒരു കോമഡി പറഞ്ഞു. “
“എന്നതാ? “
“പ്രിമാര്യേജ് കോഴ്സിന് പോയപ്പോൾ ക്ലാസ്സെടുത്ത അച്ചൻ സാബുനോട് ചോദിച്ചു നിന്റെ ശരീരത്തിലെ ഏറ്റവും വിശുദ്ധ വസ്തു ഏതാണെന്ന്. “
“എന്നിട്ട്? “
“സാബുമോൻ പറഞ്ഞു, വെന്തിഞ്ഞ ആണ് എന്ന്. എല്ലാരും കൂട്ടച്ചിരി ചിരിച്ചു പോലും. കേട്ടിട്ട് എനിക്കും ചിരി അടക്കാൻ കഴിഞ്ഞില്ല. “
“അയ്യോ… ശുദ്ധമണ്ടത്തരം… വിദ്യാഭ്യാസം ഉണ്ടായിട്ടും തെല്ലും വിവരം ഇല്ലാത്ത മലമൂടൻ !!! നീ ഒരു ദക്ഷിണ്യവും പ്രതീക്ഷിക്കണ്ട !!!”
“അയ്യോ… ” നിഷയുടെ കരച്ചിലിന്റെ ഒരു ചീള് രേഷ്മയുടെ കാതിൽ പതിച്ചു.
രാത്രി 9.30
“ഹലോ.. “
“ഇന്ന് എങ്ങും പോയിട്ടില്ല.”
“എന്തിയെ? “
“പുറത്ത് മുറ്റത്ത് കൂടെ നടക്കുന്നു. “
“കൈകൾ കൂട്ടിതിരുമുന്നുണ്ടോ? “
“ഉവ്വാടീ… ഉവ്വ്… ഇടയ്ക്കിടയ്ക്ക് കൈ കുടയുന്നു, കൈകൾ പൊക്കിയും താഴ്ത്തിയും ചെറുതായി ചാടുന്നും ഉണ്ട്… എനിക്ക് ജനലിലൂടെ കാണാം. “
“കർത്താവേ.. വാമപ്പ് ചെയ്യുന്നു… ഗുസ്തിക്കാരു ഗുസ്തി പിടിക്കാൻ പോകുന്നതിനു മുൻപുള്ള പരിപാടി….. “
“ടീ വരുന്നുണ്ടെന്ന് തോന്നുന്നു… “
“വെക്കല്ലേ വെക്കല്ലേ….. ടീ നീ ഫോൺ കട്ട് ചെയ്യാതെ, അങ്ങേരു കാണാതെ മേശയുടെ ഡ്രോയിൽ ഇട്… അവൻ നിന്നെ പിച്ചിച്ചീന്തുമ്പോൾ ഒരു പ്രാവശ്യം ഹെല്പ് എന്നൊന്ന് പറഞ്ഞാൽ മതി….. പിന്നീടുള്ള കാര്യം ഞങ്ങളേറ്റു…. നീ ഞങ്ങടെ മുത്താണെടീ…. നിന്നെ ഞങ്ങൾ ഒരു സ്ലീവാച്ചനും വിട്ടു കൊടുക്കില്ല മോളെ….. “
സാബുമോൻ മുറിയുടെ വാതിൽക്കൽ എത്തിയ ശബ്ദം കേട്ട് ഫോൺ കട്ടു ചെയ്യാതെ മേശയുടെ ഡ്രോയിലേക്ക് വെച്ച് അടച്ചു ഭദ്രമാക്കി വച്ചു നിഷ.
വന്നപാടെ കാട്ടിലിലേക്ക് ഇരുന്നുകൊണ്ട് സാബുമോൻ പറഞ്ഞു.
“വാടോ ഇവിടെ വന്നിരിക്ക്…. എങ്ങനെ സോറി പറയണമെന്നു പോലും എനിക്കറിയില്ല. “
ഭയം മൂലം നിഷക്ക് നിന്നിടത്തു നിന്ന് അനങ്ങാൻ കഴിഞ്ഞില്ല.
“എന്താടോ.. പിണക്കമാണോ… ഇന്ന് നമുക്ക് കളയാൻ സമയമില്ല… താൻ ഇങ്ങോട്ട് വരുന്നില്ലെങ്കിൽ ഞാൻ അങ്ങോട്ട് വരാം… “
സാബുമോൻ കട്ടിലിൽ നിന്ന് എഴുന്നേറ്റു.
ഭയം കൊണ്ടു കണ്ണുകൾ ഇറുക്കിയടച്ചു കിലുകിലാ വിറച്ചു നിഷ.ഏതുനേരവും അതു സംഭവിക്കാം. തന്നെ പൊക്കിയെടുത്തു ബെഡിലേക്കേറിഞ്ഞു……….
സാബുമോൻ നിഷയുടെ കൈകളിൽ തൊട്ടതും വെട്ടിവിറച്ചു കൊണ്ട് കരച്ചിലിന്റെ ശബ്ദത്തിൽ നിഷ പുലമ്പി….
“സ്ലീവാച്ചാ…. എന്നെ പീഡിപ്പിക്കല്ലേ സ്ലീവാച്ചാ…. ഞാനൊരു പാവമാ…. “
നടുങ്ങിപ്പോയി സാബുമോൻ… അടുത്ത നിമിഷത്തിൽ ഉച്ചത്തിൽ പൊട്ടിച്ചിരിച്ചു.
“ഊ…. ഓ… കെട്ട്യോളാണ് എന്റെ മാലാഖ സിനിമ കണ്ടിരുന്നു അല്ലെ താൻ.? “
നിഷ പതിയെ കണ്ണു തുറന്നു. സാബുമോൻ അവളുടെ കണ്ണുകളിലേക്ക് സ്നേഹത്തോടെ നോക്കിക്കൊണ്ട് ആ മുഖം പിടിച്ചുയർത്തി മൃദുവായി ആ നെറ്റിയിൽ ചുംബിച്ചു.
തന്റെ ഭയം പതിയെ അലിഞ്ഞില്ലാതാകുന്നത് നിഷ അറിഞ്ഞു. അവന്റെ നെഞ്ചിലേക്ക് പതിയെ ചാഞ്ഞു രണ്ടു കരങ്ങൾ കൊണ്ടും മുറുകെ പുണരുമ്പോൾ സാബുമോന്റെ ചുണ്ടുകൾ നിഷയുടെ ചെവിയോടു ചേർന്നു.
“ഈ മലനാട് മുഴുവൻ തിരഞ്ഞാലും നിനക്കു കിട്ടുക ഒന്നോ രണ്ടോ സ്ലീവാച്ചൻമാരെ മാത്രമായിരിക്കും. ബാക്കിയെല്ലാം ജോർജുകുട്ടിമാരാണെടോ…..സ്വന്തം ഭാര്യയെയും മക്കളെയും പ്രാണനുതുല്യം സ്നേഹിച്ച് അവരെ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകാൻ മടിക്കാത്ത ജോർജ്കുട്ടിമാർ… “
ഒരു നിമിഷം കൊണ്ട് സ്ലീവാച്ചൻ ജോർജ്കുട്ടി ആയി മാറിയപ്പോൾ നിഷക്ക് സന്തോഷം അടക്കാനായില്ല. അവൾ സാബുമോനെ ചുംബനങ്ങൾ കൊണ്ട് പൊതിഞ്ഞു.
സാബുമോന്റെ കരവലയത്തിൽ ഒതുങ്ങി ബെഡിലേക്ക് പതിയെ ചായുമ്പോൾ നിഷ കയ്യെത്തിച്ച് ടേബിൾ ഡ്രോ തുറന്ന് തന്റെ മൊബൈൽ ഫോൺ സ്വിച്ചോഫ് ചെയ്തു.
അങ്ങനെ ഞങ്ങളുടെ ആദ്യരാത്രിയുടെ ശബ്ദരേഖ നിങ്ങളിപ്പോൾ കേൾക്കണ്ട !