രചന: അനീഷ് ദിവാകരൻ
അമ്മ വരുന്നതിന്റെ തലേ ദിവസം രാത്രികളിൽ രാജുമോൻ ഉറങ്ങാറേ ഇല്ല….ഒറ്റയ്ക്ക് ആണ് അമ്മ കാർ ഓടിച്ചു വരാറുള്ളത് . അമ്മ വരുമ്പോൾ എന്തൊക്ക ആവും തനിക്കു വേണ്ടി അമ്മയുടെ കൈകളിൽ ഉണ്ടാവുക .പുതിയ കളിപ്പാട്ടങ്ങൾ , പുതിയ ഉടുപ്പുകൾ ഇനി ഇതൊക്ക കൂടാതെ വേറെ എന്തെങ്കിലും ഉണ്ടാവുമോ ….?, അതൊക്കെ ആവും അവന്റെ രാത്രികാലങ്ങളിലെ ചിന്തകൾ .
സ്ക്കൂളിൽ പഠിക്കുന്ന അനാഥ കുട്ടികളെ കാണാൻ D.E.O യുടെ ഒപ്പം ഒരു ദിവസം വന്നതാണ് ഈ അമ്മയും .അന്ന് D.E.O വന്നത് പ്രമാണിച്ചു രാജു മോനു സ്പെഷ്യൽ ലീവ് അനാഥ ആലയം മാനേജ്മെന്റ് സന്തോഷത്തോടെ അനുവദിച്ചു കൊടുത്തിരുന്നു. ഭക്ഷണം കഴിഞ്ഞു നേരെ റൂമിൽ പോയി റസ്റ്റ് എടുക്കാൻ ആയിരുന്നു രാജുമോനോടുള്ള നിർദേശം . D.E.O യുടെ മനുഷ്യന്റെ ശരീരത്തിലെ ഏറ്റവും ലോലമായ ഭാഗം ഏതെന്നുള്ള ചോദ്യത്തിന് അന്ന് ഡെസ്കിന്റെ അടിയിൽ നിന്ന് വന്ന ഉത്തരം D E O യെ വല്ലാതെ അമ്പരപ്പിച്ചു കളഞ്ഞു. നിങ്ങളുടെ ആസനം എന്ന ഉത്തരം കേട്ട് അനാഥ ആലയം മാനേജർ ക്ലാസ്സ് ടീച്ചറി നെ തറപ്പിച്ചു നോക്കിയിട്ട് അൽപ്പം വെള്ളം കുടിച്ചിട്ട് വരാമെന്നു പറഞ്ഞു അപ്പോൾ തന്നെ ക്ലാസ്സിൽ നിന്നും ഇറങ്ങി പോയി.
രാജു മോൻ ഡെസ്കിനടിയിൽ നിന്നു ഇറങ്ങി വരുന്നത് കണ്ടു പേടിച്ചു വിറച്ച പാവം ക്ലാസ്സ് ടീച്ചർ ,സത്യത്തിൽ അത് കൊണ്ട് ഒരു കാര്യവും ഇല്ലെങ്കിലും ,ചൂരൽ പൊക്കി പിടിച്ചു കോമരം തുള്ളുന്നത് പോലെ ഉറഞ്ഞു തുള്ളുന്നുണ്ടായിരുന്നു. D E O യ്ക്കു സംശയമായി രാജു മോൻ എന്താ അങ്ങനെ ഉത്തരം പറഞ്ഞത് എന്ന്….
D.E.Oനോട് പുറകു തിരിഞ്ഞു നിൽക്കാൻ പറഞ്ഞ രാജു മോൻ അന്ന് D.E.Oയ്ക്കു കൊടുത്തത് രാജു മോൻ പറഞ്ഞ ഭാഗത്ത് രാജു മോൻ വക നല്ല അഞ്ചാറു അടിപൊളി ഇടിപൊളി പെടപെടപ്പൻ ചൂരൽ കഷായം. അന്ന് സകല സംശയവും തീർത്തു തുള്ളിക്കൊണ്ട് അഗതി മന്ദിരത്തിലെ സ്കൂളിൽ നിന്നിറങ്ങി D.E.O ഓടിപോയ വഴിയിൽ പിന്നെ ഇന്നേവരെ പുല്ലു പോലും മുളച്ചില്ല എന്നത് ആ അനാഥ ആലയം തൂപ്പുകാർ ഇപ്പോഴും നന്ദിയോടെ പരസ്പരം പറയുന്ന സത്യം…
രാജുമോനെ അന്ന് അരികത്തു വിളിച്ചിരുത്തി ഒരു പാട് നേരം ആ അമ്മ ഉപദേശിച്ചു .രാജുമോനെ കുറിച്ച് അനേഷിച്ച ആ അമ്മയ്ക്കു കിട്ടിയത് ഏവരെയും ഞെട്ടിപിക്കുന്ന കഥകൾ. പണ്ട് നടന്ന ഒരു ആക്‌സിഡന്റ് ആണത്രേ
രാജു മോനെ മുടന്തൻ ആക്കിയത് ആ ആക്‌സിഡന്റ് അവനെ അനാഥൻ ആക്കുകയും ചെയ്തു. മാത്രമല്ല എല്ലാ കുട്ടികൾക്കും അവനെ ഭയമായിരുന്നു. ഒരു അസ്സൽ കുട്ടി ഗുണ്ട. അത് കൊണ്ട് തന്നെ ഒരു കുട്ടികളും അവനെ കളിക്ക് കൂട്ടാറില്ല. ആ ആക്‌സിഡന്റ്ആയിരിക്കാം ഒരു പക്ഷെ രാജുമോനെ ഇങ്ങനെ ഒക്കെ ആക്കിയത് എന്നാണ് അനാഥാലയം നടത്തിപ്പുകാർക്ക് അവനെ കുറിച്ച് പറയാനുള്ളത്. രാജുമോന്റെ അച്ഛനമ്മമാർ എവിടെ നിന്നു വന്നവർ ആണെന്നുള്ള അനേഷണം ഇപ്പോഴും വഴി മുട്ടി നിൽക്കുന്നു.
ഏതായാലും ഉപദേശം കഴിഞ്ഞു ,പറഞ്ഞതെല്ലാം അംഗീകരിച്ചു ഇനി മുതൽ നല്ല കുട്ടി ആയിരിക്കും എന്നുറപ്പ് കൊടുത്ത രാജ് മോനോട് ബൈ പറഞ്ഞു അന്ന് നടന്നു പോയ ആ അമ്മയ്ക്കും കിട്ടി രാജു മോന്റെ വക നല്ലൊരു ഏറ് അതും നല്ല മുഴുത്ത പച്ച പേരക്ക കൊണ്ട്. എന്നാൽ നല്ല വേദനയോടെ തിരിഞ്ഞു നടന്നു വന്ന ആ അമ്മ , എന്നും കിട്ടാറുള്ളതുപോലെ വഴക്കും ചീത്ത പറച്ചിലും പ്രതീക്ഷിച്ചു തല താഴ്ത്തി നിന്ന രാജു മോനെ കെട്ടിപിടിച്ചു നൽകിയ മുത്തം ആദ്യമായി അവനെ കരയിപ്പിച്ചു. സ്നേഹം എന്താണ് എന്നു അറിഞ്ഞു കൊണ്ടുള്ള ആദ്യ കരച്ചിൽ .
പിന്നെ കൃത്യമായ ഇടവേളകളിൽ കൈ നിറയെ സമ്മാനങ്ങളുമായി രാജുമോന്റെ സ്ഥിരം സന്ദർശകയായി ആ അമ്മ മാറി.ആ അനാഥാലയത്തിലെ ഗുണ്ട ആയിരുന്ന രാജുമോൻ അമ്മ യുടെയും പിന്നീട് ആ അനാഥാലയത്തിന്റെയും ഓമനയായി മാറാൻ അധികം നാൾ വേണ്ടി വന്നില്ല .അവിവാഹിതയായ ലോക പ്രെശസ്തയായ ഒരു എഴുത്ത്കാരിയാണ് തന്നെ കൊണ്ട് അമ്മ എന്ന് വിളിപ്പിച്ചതെന്നു മാത്രം രാജു മോൻ അന്ന് അറിഞ്ഞില്ല.
രാജു മോനു മായി അമ്മ ഇന്ത്യ യുടെ ഒട്ട് മിക്ക സ്ഥലങ്ങളിലും കറങ്ങി. അമ്മ യുടെ സാമീപ്യം അവനെ വല്ലാതെ മാറ്റിക്കളഞ്ഞു. വയസ്സിനു മൂത്തവരെ ബഹുമാനിക്കാനും കൂട്ടുകാരെ സ്നേഹിക്കാനും രാജു മോൻ പഠിച്ചു. മാത്രമല്ല അമ്മയുടെ ശി ഷ്യത്യോത്തിൽ അവൻ നല്ലൊരു പാട്ടുകാരൻ ആയി മാറി .ചെസ്സ് കളിയിൽ അവനെ വെല്ലാൻ ആ നാട്ടിൽ തന്നെ ആരുമില്ലാത്ത അവസ്ഥയായി . രാജു മോൻ നല്ലൊരു പദവിയിൽ എത്തും എന്ന് അമ്മ എപ്പോഴും പറയാറുള്ളത് ആ അനാഥാലയത്തിലെ എല്ലാവരും ശരി വെക്കാൻ തുടങ്ങി .
അന്ന് ഒരിക്കൽ അമ്മ വരേണ്ട ദിവസം ഒരു പാട് നേരം കാത്തിരുന്നിട്ടും അവനു അമ്മയെ കാണാൻ കഴിഞ്ഞില്ല .വൈകുന്നേരം ആയപ്പോൾ ആ കുഞ്ഞു മനസ്സിൽ ആധി ആയി .അമ്മയ്ക് ഇനി തനിക്കു വേണ്ടിയുള്ള കളിപ്പാട്ടങ്ങൾ വാങ്ങാൻ കഴിഞ്ഞു കാണില്ലേ .രാജു മോന് അമ്മയുടെ കളി പാട്ടങ്ങൾ വേണ്ടമ്മേ അമ്മ ഒന്നിങ്ങു വന്നിരുന്നെങ്കിൽ അമ്മ കെട്ടിപിടിച്ചു അരികത്തിരുത്തുമ്പോൾ എന്ത് രസമാ അമ്മയുടെ ചൂട് പിടിച്ചെങ്ങിനെ ഇരിക്കാൻ അമ്മ പറഞ്ഞു തരുന്ന കഥകൾ കേൾക്കാൻ …
ആ അമ്മയുടെ സ്നേഹത്തണലിൽ അലിഞ്ഞഞ്ഞിലിഞ്ഞു ഇല്ലാതെ ആവാൻ ആ മനസ്സ് എന്നത്തെയും പോലെ അന്നും വല്ലാതെ കൊതിച്ചു .അന്ന് അമ്മയെ നഷ്ടപെട്ട മകന്റെ ദുഃഖം രാജു മോനും ആദ്യമായി മനസ്സിലായി .അമ്മയെ കാണാതിരുന്ന ആ രാത്രിയിൽ അവൻ ഉറങ്ങിയില്ല .കൈ കൊണ്ട് മുഖം പൊത്തി നിശബ്ദമായി കരഞ്ഞ രാജു മോനെ ഇരുട്ടിന്റെ ഏകാന്തതയിൽ ആരും കണ്ടില്ല .അടുത്ത ദിവസം രാജു മോൻ അതിരാവിലെ എഴുന്നേറ്റു കഴിഞ്ഞ പ്രാവശ്യം അമ്മ വന്നപ്പോൾ തന്ന ഉടുപ്പുകൾ ഇട്ട് റെഡി ആയി നിന്നു കാരണം രാത്രിയിൽ അൽപ്പ സമയത്തെ ഉറക്കത്തിൽ അവൻ സ്വപ്നം കണ്ടായിരുന്നു അമ്മ തന്റെ അടുത്ത് വരുന്നതും തന്നെ കെട്ടിപിടിച്ചു ഉമ്മകൾ കൊണ്ട് മൂടുന്നതും . അവൻ അനാഥ ആലയത്തിന്റെ ഗേറ്റിൽ പിടിച്ചു വഴി കണ്ണു മായി അതിരാവിലെ മുതൽ കാത്തുനിന്നു .പല കാറുകൾ വന്നു പോയിട്ടും അമ്മയുടെ നീല കളറിലുള്ള കാർ മാത്രം രാജു മോൻ പിന്നെയും കണ്ടില്ല .
അന്ന് ലോകം ഉണർന്നത് ഞെട്ടലോടെ ആ വാർത്ത ശ്രേവിച്ചായിരുന്നു .ലോക പ്രെശസ്ത എഴുത്ത്കാരി കാർ ആക്‌സിഡന്റിൽ പെട്ട് അത്യസന്ന നിലയിൽ….ആകെ തകർന്ന ആ നീല കാറിനു ചുറ്റും രാജുമോന് വേണ്ടിയുള്ള കളി പാട്ടങ്ങൾ ചിന്നി ചിതറി കിടപ്പുണ്ടായിരുന്നു ഒപ്പം രാജു മോനെ ആ എഴുത്തുകാരി ക്കായി ദത്തു തയ്യാറാക്കിയ രേഖകളും .
അന്ന് ആക്‌സിഡന്റ് നടന്ന ഭാഗത്തു നിന്ന് ഇടിച്ച വണ്ടി യുടെ വിവരങ്ങൾ കിട്ടിയ കേരള പോലീസ് നേരെ പോയി നിന്നത് തമിഴ് നാട്ടിലെ ഒരു ഗ്രാമത്തിൽ . കേരള സിംഹം എന്നറിയപ്പെടുന്ന കേരള S.I. അബൂബക്കർ സാറിന്റെ കുറച്ചു കാലം മുൻപ് ആ ഗ്രാമത്തിൽ നിന്ന് അപ്രത്യക്ഷം ആയവരെ കുറിച്ചുള്ള അനേഷണം ചെന്ന് നിന്നത് രാജു മോന്റെ കുടുംബത്തിൽ . ഏക്കർ കണക്കിന് ഉള്ള രാജുമോന്റെ അച്ഛന്റെ കൃഷി സ്ഥലം ഇപ്പോൾ നോക്കി നടത്തുന്നത് രാജു മോന്റെ കൊച്ചച്ചൻ . തുടർന്ന് നടന്ന ചോദ്യം ചെയ്യലിൽ പണ്ട് കേരളത്തിൽ നടന്ന രാജു മോൻ ഉൾപ്പെട്ട ആക്‌സിഡന്റ് നടത്തിയതു കൊച്ചച്ചൻ ഗോവിന്ദചാമി ആണെന്ന് പോലീസിന് ബോധ്യമായി .മാത്രമല്ല അന്ന് ആക്‌സിഡന്റിൽ നിന്ന് രക്ഷപെട്ടു പോയ രാജു മോന്റെ മേലെ ഒരു കണ്ണ് എപ്പോഴും ഗോവിന്ദ ചാമിയ്ക്കു ആരും അറിയാതെ ഉണ്ടായിരുന്നു
ഈ അടുത്ത കാലത്ത് ആണ് രാജു മോൻ വയസായ ഒരു സ്ത്രീ യോടൊപ്പം സ്ഥിരം ഒരു നീല കാറിൽ സഞ്ചരിക്കുന്നത് ഗോവിന്ദ ചാമി ഗുണ്ടകൾ വഴി അറിഞ്ഞത് .ഏക്കർ കണക്കിന് ഉള്ള സ്വത്തിന്റെ അവസാന ഉടമയെയും ഒഴിവാക്കാൻ നടന്ന ശ്രേമം ആണ് ലോക പ്രശസ്ഥ എഴുത്ത്കാരിയുടെ ആക്‌സിഡന്റിൽ കലാശിച്ചതെന്നു ലോകം ഞെട്ടലോടെ അറിഞ്ഞു .
ഗോവിന്ദചാമിയെ അപ്പോൾ തന്നെ കേരള പോലീസ് ഇരുമ്പഴിക്കുള്ളിലാക്കി. അബുബർ സാറിന് ഉടനെ തന്നെ പ്രേമോഷനും കിട്ടി .പിന്നീട് നടന്ന നീണ്ട ചികിത്സയിൽ ജീവിതം തിരിച്ചു പിടിച്ച എഴുത്തു കാരി യുടെ അടുത്തേക്ക് നീല കളറിലുള്ള സ്വന്തം ആഡംബര കാറിൽ രാജു മോൻ ഓടിയെത്തി . ആ അമ്മയെ സ്നേഹം കൊണ്ട് മൂടാൻ . അവനു അന്ന് വരെ അഭയം ആയിരുന്ന അനാഥ ആലയത്തിന്റെ വാതിൽ അന്ന് അവന്റെ മുന്നിൽ എന്നന്നെയ്ക്കുമായി അടയുക ആയിരുന്നു ,സ്നേഹത്തിന്റെ , നന്മയുടെ പുതിയ ഒരു വാതിൽ തുറക്കാൻ മാത്രമായി .