ഉമ്മറ പടിയിലെ ചാരു കസേരയിൽ കാല് നീട്ടി വെച്ചു കിടക്കുമ്പോൾ പിന്നിൽ നിന്നും വിളി കേട്ട് അവൻ തിരിഞ്ഞു നോക്കി…

പ്രിയപെട്ടവൻ ~ രചന: Unni K Parthan

വള്ളി നിക്കർ ഇട്ട്..തേഞ്ഞു തീർന്ന ചെരിപ്പും..ബട്ടൻസ് പൊട്ടിയ ഷർട്ടും…ഇട്ട് കേറി വരുന്ന അവനെ കണ്ട് എല്ലാരും മുഖം തിരിച്ചു..

നല്ലൊരു വിഷു ആയിട്ട് കേറി വരാൻ കണ്ടൊരു നേരം.. മാരണം മൂക്കിള ഒലിപ്പിച്ചു ഉമ്മറ പടിയിലേക്ക് കയറിയ അവനെ നോക്കി സുഭദ്ര പല്ലിറുമ്മി പറഞ്ഞു.

വയർ വല്ലാതെ ചുളുങ്ങിയിരുന്നു അവന്റെ…പക്ഷെ മുഖത്തു പുഞ്ചിരി മായാതെ കാത്തു സൂക്ഷിച്ചു അവൻ…അവൻ എല്ലാരേയും ചുറ്റിനും നോക്കി…അമ്മാവൻ, അമ്മായി അവരുടെ മക്കൾ..ചെറിയമ്മ, ചെറിയച്ഛൻ അവരുടെ മക്കൾ..വലിയ ആ കുടുംബത്തിൽ എല്ലാരും ഒത്തു കൂടിയതാണ്…

മുത്തശ്ശാ….അവൻ നീട്ടി വിളിച്ചു…

മുത്തശ്ശന്റെ കർണാ…ന്താ മോൻ വരാൻ നേരം വൈകിയത്..

പണിയുണ്ടായിരുന്നു മുത്തശ്ശാ…അമ്മയെ സഹായിക്കാൻ നിന്നു…പശുവിനു പുല്ല് പറക്കാൻ പോയി…പിന്നെ തൊഴുത്തിലെ ചാണം വരാൻ നിന്നു..എല്ലാം കഴിഞ്ഞപ്പോൾ നേരം ഒരുപാടായി…

കർണൻ പറഞ്ഞത് കേട്ട് മുത്തശ്ശൻ അവനെ ചേർത്ത് പിടിച്ചു..ഞാൻ കുളിച്ചിട്ടില്ല മുത്തശ്ശാ..അവൻ അകന്നു നിൽക്കാൻ ശ്രമിച്ചു….

വിഷു കൈ നീട്ടം കിട്ടിയോ നിനക്ക്..

ഇല്ല….അവൻ തലയാട്ടി കൊണ്ടു പറഞ്ഞു..

മുത്തശ്ശൻ പോക്കറ്റിൽ നിന്നും പത്തു രൂപ എടുത്തു അവന്റെ കയ്യിൽ വെച്ചു കൊടുത്തു…

വേഗം അവൻ ട്രൗസറിന്റെ പോക്കറ്റിൽ കയ്യിട്ടു…എന്നിട്ട് മുത്തശ്ശന്റെ കയ്യിൽ വെച്ചു കൊടുത്തു….എന്റെ കൈനീട്ടം ആണ് ട്ടാ…ഒരു രൂപ ഒള്ള്..ചിലവായി പോകാതിരിക്കാൻ തെക്കേ പറമ്പിലെ മാവിൻ ചുവട്ടിൽ കുഴിച്ചിട്ടിട്ട് നാള് കൊറേ ആയി..മണ്ണ് ണ്ട്..മുത്തശ്ശന് തരാൻ ഇതേ ഉള്ളു ന്റെ കൈയിൽ…ചിരിച്ചു കൊണ്ടു അവൻ അത് പറയുമ്പോൾ മുത്തശ്ശൻ അവനെ ചേർത്തു പിടിച്ചു….

വാ….ഊണ് കഴിക്കാം മുത്തശ്ശൻ വിളിച്ചു..അത് കേട്ട് എല്ലാരുടെയും മുഖം ചുളിഞ്ഞു…

വേണ്ട മുത്തശ്ശാ..അമ്മ വീട്ടിൽ കാത്തിരിക്കും..അമ്മ സദ്യ ഒരുക്കിട്ടുണ്ട്..ചോറും മോര് കറിയും..അതാണ് സദ്യ…ഞാൻ പോവാ..

അതും പറഞ്ഞു അവൻ തിരിഞ്ഞോടി..പെട്ടന്ന് അവൻ നിന്നു…

മുത്തശ്ശാ…അവൻ നീട്ടി വിളിച്ചു..

അമ്മ പറഞ്ഞു എല്ലാ മക്കളും വരുമ്പോൾ ഏറ്റവും ഇളയ മകളെ മറക്കല്ലേ ന്ന്….ഇടറി കൊണ്ടു പറയുമ്പോൾ അവന്റെ തൊണ്ട ഇടറിയിരുന്നു…

*****************

കർണാ….

ഉമ്മറ പടിയിലെ ചാരു കസേരയിൽ കാല് നീട്ടി വെച്ചു കിടക്കുമ്പോൾ പിന്നിൽ നിന്നും വിളി കേട്ട് അവൻ തിരിഞ്ഞു നോക്കി..

മുത്തശ്ശന്റെ ആണ്ടു ബലി ആണ്…മുടക്കരുത്…മോനേ ഉള്ളു ഇപ്പൊ എല്ലാത്തിനും..ബാക്കി എല്ലാർക്കും തിരക്കാണ്.

മുത്തശ്ശൻ അവനോടു പറയുന്നത് പോലെ അവനു തോന്നി…

അച്ഛാ…ഇതാണോ നമ്മുടെ പുതിയ വീട്…അപ്പു അവന്റെ തോളിൽ കേറി ചോദിച്ചു..

പുതിയ വീടല്ല അപ്പു ഇതാണ് അച്ഛൻ ജനിച്ച വീട്..നമ്മുടെ വീട്…നമ്മുടെ മുത്തശ്ശൻ ഉണ്ടാക്കിയ വീട്..

അപ്പുവിനെ ചേർത്തു പിടിച്ചു പറയുമ്പോൾ തെക്കേ പറമ്പിലെ മാവിലെ ചെറു കാറ്റ് അവരെ തലോടി പോയി..

ശുഭം..