ദേവലക്ഷ്മി ~ രചന: കല്യാണി നാരായൺ
നാണത്തോടെയും പരിഭ്രമത്തോടെയും റൂമിനുള്ളിലേക്ക് കടന്നുവന്ന അവളെ കണ്ടപ്പോ എനിക്ക് പുച്ഛമാണ് തോന്നിയത്. ആരൊക്കെയോ വേഷം കെട്ടിച്ചു ഒരുക്കി വിട്ടേക്കുന്നു… കയ്യിലുള്ള പാൽ ഗ്ലാസിൽ പകുതിയേ ഉള്ളു ബാക്കി മുഴുവൻ നിന്നിടത്തും കുറെ വരുന്നവഴിക്കും തൂത്തു കാണും…
ശപിക്കുകയായിരുന്നു അവളുടെ അച്ഛനേം അമ്മയേം….. അവരുടെ മരണ ശേഷം തനിച്ചായ ഇവൾ, തന്റെ അച്ഛനും അമ്മയ്ക്കും ഇവളോട് തോന്നിയ അമിത സ്നേഹം, അനുകമ്പ, ആരോരുമില്ലാത്തതിന്റെ സഹതാപം, അങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത കാരണങ്ങൾ ഉണ്ട് ദേവ ലക്ഷ്മി ഇന്നെന്റെ ജീവിതത്തിന്റെ ഭാഗമാകാൻ…
അവളെന്റെ മുറപ്പെണ്ണ് തന്നെയാണ്. എനിക്ക് അവകാശപെട്ടവൾ പക്ഷെ അങ്ങനൊരു കണ്ണിലൂടെ ഇന്നെവരെ അവളെ കണ്ടിട്ടില്ല. എന്റെ സങ്കല്പങ്ങൾക്കു നേരെ വിപരീതമാണവൾ… തനി നാട്ടുമ്പുറത്ത്കാരി… തല നിറയെ എണ്ണയും വേഷ്ടിയും സാരിയും വലിയ കറുത്ത വട്ടപ്പൊട്ടും വച്ചു നടക്കുന്ന അസ്സൽ പട്ടിക്കാട്….. പുറത്ത് പഠിച്ചു വളർന്ന എനിക്കെന്തോ അവളെ ഭാര്യയായി പോയിട്ട് ഒരു പെണ്ണായി പോലും കാണാൻ പറ്റുന്നുണ്ടായിരുന്നില്ല….
ആദ്യരാത്രിയിലെ എന്റെ ഒഴിഞ്ഞുമാറ്റം അവളെ നോവിച്ചെന്ന് ആ കണ്ണിൽ പൊടിഞ്ഞ നനവ് കണ്ടപ്പോ മനസ്സിലായിരുന്നു പക്ഷെ അതൊന്നും ഗൗനിക്കാതെ ഞാൻ ഒരു സൈഡിലായി ചുരുണ്ടു കൂടിയുറങ്ങി… പിന്നീടങ്ങോട്ടും ഇത് തന്നെ ആയിരുന്നു പതിവ്… ഒഴിഞ്ഞുമാറ്റവും അവഗണനയും ഒക്കെ മാറി ഇപ്പം തരം കിട്ടുമ്പോഴെല്ലാം അവളെ കണ്ണുപൊട്ടുന്ന ചീത്തയും പറയാറുണ്ട്… ഒന്നും തിരിച്ചു പറയാറില്ല അവൾ…. കണ്ണും നിറച്ചു താഴേക്ക് നോക്കി നില്കും…. എന്റെ എല്ലാ കാര്യവും അവൾ തന്നെയാണ് നോക്കാറ്…. ഞാൻ മനഃപൂർവം വൈകി വരുന്ന രാത്രികളിൽ എന്നേം കാത്ത് ഉമ്മറത്തുണ്ടാകും അവള്… ഓഫീസിൽ മറന്ന് വയ്ക്കുന്ന ഫയൽ വീട്ടിൽ വന്ന് തപ്പുമ്പോൾ അതവളുടെ അശ്രദ്ധയാണെന്ന് പറഞ്ഞു അതിനും വഴക്കുണ്ടാക്കും…. ഒരിക്കൽ വീട്ടിൽ വച്ച പെൻഡ്രൈവ് കാണാതായപ്പോ സമനിലതെറ്റി ഞാനവളെ കൈവച്ചു…. എന്റെ അലർച്ച കേട്ടാണ് അമ്മ വന്നത് കാര്യം തിരക്കിയപ്പോൾ ഓഫീസിലെ ലെ ഇമ്പോര്ടന്റ്റ് ആയ കാര്യങ്ങൾ ഉള്ള പെൻഡ്രൈവ് ആണെന്നും അതവൾ കൊണ്ടുപോയി കളഞ്ഞെന്നും ഒട്ടും കരുണയില്ലാതെ പറഞ്ഞുകളഞ്ഞു……അവളിൽ കരച്ചിലിന്റെ നേർത്ത വിങ്ങിപ്പൊട്ടൽ പുറത്തേക്ക് വരുന്നത് കേൾക്കുന്നുണ്ടായിരുന്നു…
അമ്മ അവളെ നോക്കിയപ്പോ ഞാൻ കണ്ടിട്ടില്ലമ്മേ എടുത്തിട്ടില്ലമ്മേന്ന് അവള് നോവോടെ പറയുന്നുണ്ടായിരുന്നു… അതിന്റെ ദേഷ്യത്തിൽ പിന്നേം പൊട്ടിച്ചു ഒന്ന് അവൾക്കിട്ട്… കണ്ണുനീർ കവിളിണകളെ തലോടി ഇറങ്ങാൻ തുടങ്ങിയിട്ടും അതിനെ ശാസിച്ചു നിർത്തി അവളവിടെ നിന്നിറങ്ങി വീട് മുഴുവനും അതും നോക്കി നടക്കുന്നത് കണ്ടു…
“””നാശം അമ്മയോട് ഞാൻ അന്നേ പറഞ്ഞതല്ലേ ഈ നാശത്തിനെ എന്റെ തലയിൽ കെട്ടിവയ്ക്കല്ലേന്ന്…””” ഉച്ചത്തിൽ പറഞ്ഞവസാനിപ്പിച്ചതും കേട്ടതവളുടെ പൊട്ടി കരച്ചിലായിരുന്നു…..
മാസങ്ങൾ കടന്നു അനിയൻ വിനയ് വിവാഹം കഴിച്ചു…. അത് കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷം ഞാൻ പെട്ടിയിലേക്ക് എന്റെ സാധനങ്ങൾ ഒരുക്കി വയ്ക്കുമ്പോൾ അവളത് നോക്കി നിൽക്കുന്നുണ്ടായിരുന്നു… അമ്മയോടും അച്ഛനോടും യാത്ര പറഞ്ഞു അവരുടെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങി വിനയനോടും അവന്റെ ഭാര്യ ചാരുനോടും യാത്ര പറഞ്ഞിറങ്ങി….
മോനെ അവളോടൊന്ന് പറഞ്ഞിട്ട് പൊ എന്ന് അമ്മ പറഞ്ഞപ്പോൾ ഇറങ്ങാൻ നേരം ഒരു പ്രശ്നം വേണ്ടെന്ന് കരുതി ഞാൻ അവളുടടുത്തേക്ക് നടന്നു. അതുവരെ നിറഞ്ഞു നിന്ന മിഴികൾ എന്റെ നേർക്കു ഉയർന്നു… സാധാരണ ആ മിഴികളെന്നും താഴ്ന്നായിരിക്കും…
“ഞാൻ പോവാണ് അമേരിക്കയ്ക്ക് അവടെ ജോബ് ശെരിയായിട്ടുണ്ട്… ഇനി ചിലപ്പോ മടങ്ങി വന്നില്ലെന്നും ഇരിക്കും… തനിക്കു വേണെങ്കിൽ ഇവിടെ നിൽകാം അല്ല വേറെ എവിടേലും നിൽക്കണമെങ്കിൽ അങ്ങനെയും ആകാം…..” ഹൃദയം നുറുങ്ങുന്ന വേദനയിൽ അവളെന്നെ നോക്കുന്നത് കണ്ടിട്ടും കാണാത്തതുപോലെ നിന്നു… കണ്ണുനീർ മഴപോലെ കവിളിലൂടെ ഒലിച്ചിറങ്ങുന്നുണ്ട്…പക്ഷെ എന്നത്തേയും പോലെ മൗനം തന്നെ… ആ മൗനം എനിക്കുള്ള ആയിരം ചോദ്യങ്ങളാണെന്ന് അറിയാമായിരുന്നിട്ടും ഞാൻ മനഃപൂർവം കണ്ടില്ലാന്നു നടിച്ചു…
നീണ്ട 4 വർഷം അമ്മേടെ മരണവാർത്ത അറിഞ്ഞാണ് നാട്ടിലേക്ക് പോയത്…. അന്നവൾ അവിടെത്തന്നെ ഉണ്ടായിരുന്നു കാൽമുട്ടിൽ മുഖം ചെരിച്ചു പിടിച്ചു നിറമിഴികളോടെ അമ്മയെനോക്കി ഇരിപ്പുണ്ട്….. എന്നെകണ്ടപ്പൊ ആ കണ്ണൊന്നു വിടർന്നു പിന്നെയത് നിശബ്ദമായി അണപൊട്ടി ഒഴുകി…. എന്നത്തെയുംപോലെ…..അമ്മേടെ മരണാനന്തര ചടങ്ങുകൾ എല്ലാം കഴിഞ്ഞ് പോകാൻ ഇനിയും രണ്ടാഴ്ച സമയം ഉള്ളപ്പോഴാണ് ലക്ഷ്മി എന്റെ വീട്ടിലുള്ളവർക് എന്താണെന്ന് ഞാൻ മനസിലാക്കിയത്…
ഒരു ദിവസം വിനയ് അവൾ കൊടുത്ത “ചായ” ഗ്ലാസിൽ തന്നെ തുപ്പി അവളെ തള്ളിയിടുന്നത് കണ്ടു.. നിറഞ്ഞ കണ്ണും തുടച്ചവൾ അടുക്കളപ്പുറത്തേക്ക് ഓടിപ്പോവുന്നത് നിസ്സംഗതയോടെ നോക്കി നിൽക്കാനല്ലാതെ മറ്റൊന്നിനും അപ്പൊ കഴിഞ്ഞില്ല……രണ്ട് ദിവസങ്ങൾക്കിപ്പുറം ചാരുവിന്റെ കമ്മൽ കാണുന്നില്ലെന്ന് പറഞ്ഞു ചാരു അവളെ തല്ലി…ഞാൻ എടുത്തിട്ടില്ല ചാരു എന്നവൾ കണ്ണീരിനിടയിലും പറയുന്നുണ്ടായിരുന്നു… പിറ്റേന്ന് കാണാതെപോയ കമ്മൽ ചാരു ഇട്ട് നടക്കുന്നതും കണ്ടു….. പക്ഷെ അവളോടൊരു സോറിയോ അല്ലെങ്കിൽ കാണാതെ പോയ കമ്മൽ കിട്ടിയെന്നോ ഒന്നും പറഞ്ഞ്കേട്ടില്ല…
അല്ലെങ്കിലും ഏട്ടന് വേണ്ടാത്തവളെ അവരെന്തിനു സ്നേഹിക്കണമല്ലേ…..? അച്ഛന്റെ കൂടെ മാത്രം കാണാം ഇത്തിരി സന്തോഷത്തോടെ… വാർദ്ധക്യം ബാധിച്ച അച്ഛന് മരുന്ന് കൊടുത്തും കാൽ തിരുമ്മി കൊടുത്തും ആ മടിയിൽ തലചായ്ച്ചും ഒക്കെ… എന്തോ ഇപ്പൊ അവളോട് വല്ലാത്തൊരു സ്നേഹം തോന്നുന്നു. പ്രണയമാണോ സഹതാപം കൊണ്ടുള്ള സ്നേഹമോ അറിയില്ലാ…. എല്ലാം ഉള്ളിലടക്കി ഈ വീട്ടിലുള്ളവർക്ക് വേണ്ടി സ്വയം ഉരുകുന്നത് കാണുമ്പോൾ….. ഇത്രയും കാലം അവളെ ശ്രദ്ധിച്ചില്ലല്ലോന്ന് ഓർത്ത് എനിക്കെന്തോ ആദ്യമായി കുറ്റബോധം തോന്നി തുടങ്ങി ഒപ്പം തന്റെപെണ്ണിനോട് ഒരു ഇഷ്ടവും…..
പോകാൻ തീരുമാനിച്ചതിന്റെ തലേദിവസം അച്ഛനെന്നെ അരികിൽ വിളിച്ചു…
“ചെയ്തത് തെറ്റായിപ്പോയെന്ന് അച്ഛനിപ്പോ തോന്നാറുണ്ട് ഹരി… പാവാണ് ദേവു… വെറുതെ ആാാ കുട്ട്യേ കുറെ വിഷമിപ്പിച്ചു… നീ കെട്ടിയ താലി
കഴുത്തിൽ ഉള്ളത്കൊണ്ടാ അവളിന്നും ഇവടെ നില്കണത്… ചാരുനും വിനുനും അവൾ ഒരു വീട്ടുപ്പണിക്ക് വന്ന പെണ്ണിനെപ്പോലാ… നീയും കുറെയൊക്കെ കണ്ടു കാണുവല്ലോ… നീയതിനെ നാളെ പോവുമ്പോ ഇവിടന്ന് കൊണ്ടോവോ ? വല്ല അഗതി മന്ദിരത്തിലോ എവിടാച്ചാൽ ആക്കിയാൽ മതി…. നീ പോയിക്കഴിഞ്ഞ് ഞാനൂടെ മരിച്ചാൽ ചിലപ്പോ അവരതിനെ വെറും അടുക്കളക്കാരിയാക്കും…..
നിന്റെ അനിയനും ഭാര്യയും ആണല്ലോ എന്നോർത്ത് ന്റെ കുട്ടി അതെല്ലാം സഹിക്കും…..” പറഞ്ഞു കഴിയുമ്പോഴേക്കും അച്ഛൻ നിറഞ്ഞുവന്ന മിഴികൾ തുടയ്ക്കണുണ്ടായിരുന്നു… എന്റെ കണ്ണും നിറഞ്ഞു പതിയെ എഴുന്നേറ്റപ്പോൾ കണ്ടു നിസ്സഹായയായി നിന്ന് കരയുന്ന ദേവൂനെ……
“ഞാൻ നാളെ പോകും ഇയാളും ബാഗൊക്കെ പാക്ക് ചെയ്തോളു..”
” ഞാനെങ്ങും വരുന്നില്ല അച്ഛനെതനിച്ചാക്കി..” അത്രയും ശബ്ദം താഴ്ത്തിയായിരുന്നു അവളത് പറഞ്ഞത്…
“അതൊന്നും പറഞ്ഞാൽ പറ്റില്ല കാണണമെന്ന് തോന്നുമ്പോൾ വരാം…” എന്റെ ഒച്ച അല്പം ഉയർന്നതുകൊണ്ടാവാം മറുപടിയൊന്നും കേട്ടില്ല പെട്ടിയിൽ കുറെ സാരിയും വേറെ എന്തെല്ലാമോ അടുക്കി പെറുക്കി വയ്ക്കുന്നത് കണ്ടു…പിറ്റേന്ന് അച്ഛന്റെ കാലിൽ വീണ് ഞാനും അവളും യാത്ര പറഞ്ഞു…ന്റെ കുട്ടിക്ക് നല്ലതെവരൂന്ന് അച്ഛനവളെ കെട്ടിപിടിച്ച് പറയുന്നുണ്ടായിരുന്നു.. ഒരു നേർത്ത പുഞ്ചിരി അവൾ അച്ഛനും ചാരുനും വിനയ്‌ക്കും സമ്മാനിച്ചു… അവളെന്ന ശല്യം ഒഴിഞ്ഞു പോകുന്നതിന്റെ അളവറ്റ സന്തോഷം വിനുവിലും ചാരുവിലും തെളിഞ്ഞ് കാണാമായിരുന്നു…..
എന്നോടൊപ്പം കാറിൽ അവളൊരക്ഷരം പറയാതെ മിഴികളടച്ചു ഇരിക്കയായിരുന്നു… നീണ്ട യാത്രയ്ക്ക് ശേഷം വണ്ടി നിന്നപ്പോ സമയം വൈകീട്ട് 7 മണിയോടടുത്തിരുന്നു….. അവൾ പതിയെ കണ്ണുതുറക്കുന്നതും ചുറ്റിലും നോക്കുന്നതും കണ്ടു…… അഗതിമന്ദിരത്തിലൊക്കെ ഒരുപാട്പേരുണ്ടാവില്ലേ അതാവും… പതിയെ ഇറങ്ങിച്ചെന്നു അവളിരുന്ന ഭാഗത്തെ ഡോർ തുറന്നു കൊടുക്കുമ്പോൾ അവളൊന്നു കണ്ണടച്ച് ദീർഘശ്വാസം വലിച്ചുവിടുന്നുണ്ടായിരുന്നു……. തളരാതിരിക്കാൻ സ്വയം തയ്യാറെടുത്തതായിരുന്നെന്ന് ഒറ്റനോട്ടത്തിൽ മനസിലായി….
“ഹരിയേട്ടൻ പൊക്കോളു ഞാൻ തനിയെ കേറിക്കോളാം..”
“എവിടേക്കു ?”
“ഉള്ളിലേയ്ക്ക്..”
“അപ്പൊ ഞാനോ? ഞാൻ മുറ്റത്താണോ കിടക്കേണ്ടത് ?” കുസൃതിയോടെ ചോദിച്ചതും അവൾ അത്ഭുതമൂറുന്ന കണ്ണുകളോടെ എന്നെ തന്നെ നോക്കുന്നത് കണ്ടു…… പിന്നൊന്നും നോക്കീല അവളെയങ് എടുത്ത് പൊക്കി… ഇപ്പം ആ രണ്ട് കണ്ണും പുറത്തേയ്ക്ക് ചാടും അത്രയ്ക്കു വിടർന്നിട്ടുണ്ട്…..
“”കുറച്ചു കഷ്ടപെട്ടായാലും അവരുടെ തന്നെ ഇങ്ങോട്ടേക്കുള്ള ബ്രാഞ്ചിലേക്ക് ജോലി മാറി…. വയസ്സ് പത്ത് മുപ്പത് ആയേ ഇനിയേലും ഒരു കുടുംബോം കുട്യോളും ഒക്കെ വേണ്ടേ…..”” അവളപ്പോഴും ഒന്നും മനസിലാവാതെ എന്റെ മുഖത്തേയ്ക്ക് തന്നെ ഉറ്റു നോക്കി നില്കുവായിരുന്നു..
“””ദേവൂ … ഒത്തിരി വേദനിപ്പിച്ചെന്ന് അറിയാം പൊറുത്തു തരാൻ പറ്റുവോ നിനക്ക്…””” പറഞ്ഞ് പൂർത്തിയാക്കും മുൻപ് കണ്ണും നിറച്ചവളെന്നെ വാരിപുണർന്നു കഴിഞ്ഞിരുന്നു….മുഖം നിറച്ചും ഞാൻ ചുംബനങ്ങൾ കൊണ്ട് മൂടി കൂമ്പിയടഞ്ഞ മിഴികളുമായി നിൽക്കുന്ന അവളെ ഞാൻ റൂമിലേക്ക് എടുത്ത് കൊണ്ടുപോകുമ്പോൾ നാണം കൊണ്ടവളുടെ കവിളിൽ ചുവപ്പ് പടർന്നിരുന്നു… ക്ഷീണിച്ചു വിയർത്തൊട്ടി എന്റെ നെഞ്ചിൽ കിടക്കുമ്പോൾ അവളൊന്നേ എന്നോട് പറഞ്ഞുള്ളൂ “””ഹരിയേട്ടാ അച്ഛനെ ഇങ് കൂട്ടിയിട്ട് വരണേ എനിക്കൊരു സമാധാനം കിട്ടണില്ലാന്ന്…””” പടർന്നിറങ്ങിയ സിന്ദൂരത്തിൽ അമർത്തി മുത്തുമ്പോൾ അത്രയും നാൾ അകറ്റിനിർത്തിയതിന് ഹൃദയത്തിൽ നിന്നും അവളോട് മാപ്പും കൂടെ പറഞ്ഞിരുന്നു…
നമ്മുടെ അച്ഛനേം അമ്മേം സ്വന്തമെന്ന് കരുതി പരിചരിക്കേം നമ്മളെ ജീവൻ തന്ന് സ്നേഹിക്കേം ചെയ്യുന്ന ഒരു പെണ്ണിനെ അല്ലാതെ വേറെ എന്താ വേണ്ടത് അല്ലേ…. ഞാനത് മനസിലാക്കാൻ അല്പം വൈകിപ്പോയി.. ഇപ്പൊ എനിക്കിഷ്ടാണ് എന്റെ ഈ പട്ടിക്കാടിനെ… അവള്ടെ മുടിയിലെ കാച്ചിയ എണ്ണയെ., കറുത്ത വട്ടപൊട്ടിനെ, അവളുടുക്കുന്ന നേര്യതിനെ.. എല്ലാം…. ഇന്നവൾ നാല് പേരുടെ പിന്നാലെ ഓടി പാഞ്ഞു നടക്കുവാ… മൂന്ന് കുസൃതികളും പിന്നൊന്ന് എന്റെ അച്ഛനും…. നിന്ന് തിരിയാൻ നേരല്യ അതിന് …. എന്നാലും അവളെക്കാൾ സന്തോഷവതി ഇന്നീലോകത്ത് ഒരുപക്ഷെ ആരും ഉണ്ടായിരിക്കില്ല അത്രയ്ക്ക് നല്ലവളാണെന്റെ ദേവു……
ശുഭം