വിശപ്പ് – രചന: അബ്ദുൾ റഹീം
ചേച്ചീ വല്ലതും തരണേ….
ചേട്ടാ വിശക്കുന്നു…ചേട്ടാ…
നഗരത്തിന്റെ തിരക്കേറിയ ആ ഇടവഴിയിലൂടെ നടന്നവരുടെയെല്ലാം കാതുകളിൽ ഈ യാചനയുടെ ശബ്ദം പതിഞ്ഞിരിക്കണം.
മുഷിഞ്ഞ വസ്ത്രം ധരിച്ച ആ ചെറിയ പെൺകുട്ടിയുടെ ചെളിപുരണ്ട ശരീരവും പാറിപ്പറക്കുന്ന മുടികളും മെലിഞ്ഞൊട്ടിയ ശരീരവും കണ്ടാൽ തന്നെ ഏതൊരു മനുഷ്യത്വമുള്ള മനുഷ്യനും അവളോട് സഹതാപം തോന്നിപ്പോകും.
പക്ഷെ പലരും അവരെ കണ്ടില്ലെന്ന് നടിച്ച് മുന്നോട്ട് പോയി. അതിലൊന്നും അവൾ തളർന്നില്ല…അവൾ യാചന തുടർന്നുകൊണ്ടേയിരുന്നു. യാത്രക്കിടയിൽ കഴിക്കാനായി കരുതിവെച്ചിരുന്ന റൊട്ടിക്കഷ്ണം ഞാൻ അവൾക്ക് നേരെ നീട്ടി.
എന്റെ കയ്യിൽ നിന്നും റൊട്ടിക്കഷ്ണം വാങ്ങിയ അവൾ ഒരു ചെറുപുഞ്ചിരി സമ്മാനിച്ചുകൊണ്ട് ക്യാമറക്ക് നേരെ വിരൽചൂണ്ടിക്കൊണ്ട് പറഞ്ഞു ഇത് ഒരു prank show ആണ്.
ഇളിഭ്യനായെങ്കിലും നിഷ്കളങ്കമായ അവരുടെ മുഖത്ത് സ്നേഹചുംബനങ്ങൾ സമ്മാനിച്ച് മുന്നോട്ട് നീങ്ങവേ ഒരിക്കൽ കൂടി ഞാൻ പിന്നോട്ട് തിരിഞ്ഞുനോക്കി.
ആ സമയത്ത് അവിടെക്കണ്ട കാഴ്ച്ച എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. അവൾ കുപ്പയിലേക്ക് വലിച്ചെറിഞ്ഞ ആ റൊട്ടിക്കഷ്ണം ആർത്തിയോടെ വാരി വലിച്ചു കഴിക്കുന്ന ഒരു തെരുവ് ബാലൻ.
അവന്റെ അടുത്ത് പോയി ഇരുന്നുകൊണ്ട് ഞാൻ പറഞ്ഞു…അഴുകിയ സ്ഥലത്തേക്ക് വലിച്ചെറിഞ്ഞ ഈ റൊട്ടി തിന്നാൻ കൊള്ളില്ല…ആ സമയത്ത് അവന് പറഞ്ഞ മറുപടി കേട്ട് ഞാൻ പോലും അറിയാതെ എന്റെ കണ്ണ് നിറഞ്ഞുപോയി…
ചേട്ടാ…അവർ വിശപ്പ് അഭിനയിക്കുകയാണ്…ഞാൻ വിശപ്പ് അനുഭവിക്കുന്നവനാണ്…വിശപ്പറിഞ്ഞവനെ ഭക്ഷണത്തിന്റെ വിലയറിയൂ…