റോഡിൽ ആണെങ്കിൽ ഭയങ്കര മഴ, അരണ്ട വെളിച്ചത്തിൽ പച്ച മാക്സി ഇട്ടു കുറച്ചു മുകളിലേക്ക് തെറുത്തു പിടിച്ചു ചേച്ചി…

കനകചേച്ചി ~ രചന: Uma S Narayanan

“ഇന്ദു ചായ ആയില്ലേ നീ എന്താ ആലോചന രാവിലെ തന്നെ “

അടുക്കളയിലേക്ക് ചായക്കായി വന്ന അഭി ഇന്ദു ആലോചിച്ചു നിൽക്കുന്നത്
കണ്ടു ചോദിച്ചു

ഇന്ദു ആലോചനയിൽ നിന്നുണർന്നു സ്റ്റൗവിൽ വെള്ളം തിളച്ചു മറിയുന്നു വേഗം ചായ കൂട്ടി അഭിക്ക് കൊടുത്തു

” ഏട്ടാ ഞാനിന്നു രാവിലെ സ്വപ്നം കണ്ടു”

“സ്വപ്നമോ എന്ത്‌ സ്വപ്നം “

അഭി അലസതയോടെ ചോദിച്ചു

“രാവിലെ വെളുപ്പിന് അഞ്ചു മണിക്ക് കണ്ട സ്വപ്നം ഫലിക്കും എന്നല്ലേ ചൊല്ല് ഏട്ടാ “

അഭിയോട് ഇന്ദുവിനു രാവിലെ ആദ്യം പറയാൻ അതായിരുന്നു വിഷയം.

“അതു നമ്മുടെ കനക ചേച്ചി ഇല്ലേ ചേച്ചിയേയാ സ്വപ്നം കണ്ടത് “

“എന്തെന്നാ “

“കനകച്ചേച്ചി എന്നോട് മിണ്ടുന്നത് ഞാൻ പടിക്കൽ മഴയത്തു നിൽക്കുമ്പോ കനകചേച്ചിയുണ്ട് റോഡിൽ കൂടി കുട പിടിച്ചു നടന്നു വരുന്നു റോഡിൽ ആണെങ്കിൽ ഭയങ്കര മഴ അരണ്ട വെളിച്ചത്തിൽ പച്ച മാക്സി ഇട്ടു കുറച്ചു മുകളിലേക്ക് തെറുത്തു പിടിച്ചു ചേച്ചി. ചളിവെള്ളത്തിൽ കൂടി നടന്നു വരുന്നു വെളുത്ത കണങ്കാലിൽ നിറയെ മുത്തു വെച്ച പാദസരം ചളിവെള്ളത്തിൽ കിലുങ്ങുന്നുണ്ട് .. “

“എന്നിട്ട് കാര്യം പറ “

“ചേച്ചി ചോദിച്ചു എന്റെ രാജേട്ടനെ കണ്ടോന്നു ഞാൻ പറഞ്ഞു ഇതാ കുറച്ചു മുൻപ് ഇതിലെ നടന്നു പോയിന്നു അപ്പോ ചേച്ചി പറയുവാ ഇന്ദു നീയൊന്നു വീട്ടിലേക്കു ചെല്ല് കുട്ടികൾ മാത്രം ഉള്ളു അവിടെ ഞാൻ രാജേട്ടനെ വിളിച്ചു വരാമെന്നു പറഞ്ഞു തീരും മുൻപ് ചേച്ചി നടന്നു മറഞ്ഞു “

“അതിലിപ്പോ എന്താ ഇത്ര അതിശയം ഞാൻ വിചാരിച്ചു വല്ല പ്രേതത്തിനെ മറ്റോ ആകുമെന്ന് “

“ഒന്നുമില്ല എന്നാലും എന്തോ ഒരു വല്ലായ്മ തോന്നുന്നു എന്ത് പറ്റി ആവോ ഇന്നു ചേച്ചിയെ സ്വപ്നം കാണാൻ. “

“കുറച്ചു കാലം ആയില്ലേ നമ്മളോട് അവർക്ക് അകൽച്ച അതു കൊണ്ടു അവരോടു മിണ്ടാൻ ചെല്ലാൻ ആകും സ്വപ്നം കണ്ടത്.. “

“ആവോ എന്താ അറിയില്ല ചേട്ടൻ പോയി കുളിച്ചു വാ ഞാൻ ദോശ ഉണ്ടകട്ടെ. “

ദോശ കല്ല് സ്റ്റൗവിൽ വെച്ചു ദോശ മാവ് കോരി ഒഴിച്ച് പരത്തി തുടങ്ങി ഇന്ദു .
അപ്പോഴും അവളുടെ മനസ് കനകയെ ചുറ്റി പറ്റി തന്നെ ആയിരുന്നു..

തടിച്ചു വെളുത്തു കുറുകിയ കനക ഇന്ദുവിന്റെ അപ്പച്ചിയുടെ മകൻ രാജന്റെ ഭാര്യയാണ് രാജൻ വെളുത്തു മെലിഞ്ഞ കണ്ടാൽ പാവം തോന്നുന്ന ഒരാളും അതുകൂടാതെ അഭിയുടെ വകയിലൊരു കസിനുമാണ് കനക ചേച്ചി. രണ്ടു പേർക്കും അവരോടു ബന്ധം ഉണ്ടായിട്ടും .കുറച്ചു വർഷങ്ങളായി ഇന്ദുവിന്റെ വീടും രാജന്റെ വീടും തമ്മിൽ അടുപ്പമില്ല അതിനു കാരണം രാജന്റെ സ്വഭാവം തന്നെ.

വണ്ടി കച്ചോടം നടത്തുന്ന രാജനോട് പുതിയ വണ്ടി വാങ്ങിയപ്പോൾ പറഞ്ഞില്ല എന്നതായിരുന്നു അന്നത്തെ കാരണം പിന്നെ കുടിയും തന്നെ കുടിച്ചു കുത്തി മറിഞ്ഞു ഓരോന്ന് വിളിച്ചു പറഞ്ഞു. എപ്പോ നോക്കിയാലും എവിടെയെങ്കിലുമൊക്കെ കിടന്നു പലരോടും വഴക്കു ഉണ്ടാക്കിയുമാണ് രാജന്റെ ജീവിതം

കനകക്കും രാജനും മക്കൾ നാലാണ് അതും നാലു.പെണ്മക്കൾ..

ദേവുവും അഞ്ജുവും മാളുവും പൊന്നുവും മൂത്ത രണ്ടു പേരെ നല്ല നിലയിൽ തന്നെ വിവാഹം ചെയ്‌തയച്ചു. അവരോടും രാജൻ വലിയ അടുപ്പമില്ല. അതിനും എന്തെങ്കിലും കാരണം കണ്ടു
പിടിച്ചു കാണും.

കനക മാത്രം രാജൻ അറിയാതെ മൂത്ത മക്കളെ കാണാൻ പോകും പിന്നെ ഉള്ള രണ്ടുപേർ വീട്ടിലുണ്ട് വിദ്യാർത്ഥികളും..അവരുടെ അടുത്തേക്ക് ആണ് തന്നോട് ചെല്ലാൻ സ്വപ്നത്തിൽ പറഞ്ഞത്..

എന്താണാവോ സംഭവം അങ്ങനെ പറയാൻ എന്നാലും കനക ചേച്ചിയെ സമ്മതിക്കണം രാജേട്ടൻ കുടിച്ചു കുത്തി മറിഞ്ഞു വന്നാലും ചേച്ചി ഒരു പരിഭവമോ പരാതിയോ ഇല്ലാതെ കുഞ്ഞിനെ പോലെ എത്ര നന്നായി ആണ് നോക്കുക കുളിപ്പിച്ച് വൃത്തിയാക്കി ചോറ് വായിൽ കൊടുത്തു കൊച്ചുകുഞ്ഞിനെ എന്നെപ്പോലെ ഉറക്കും ആരാണ് കുടിച്ചു നടക്കുന്ന ഭർത്താവിനെ ഇങ്ങനെ നോക്കുക…

പിറ്റേന്ന് എണിറ്റു വരുമ്പോൾ രാജേട്ടന് ഒന്നും ഓർമ്മ ഉണ്ടാവില്ല കുടിക്കരുത് പറഞ്ഞു ചേച്ചി അംഗനവാടിയിലേക്ക് പോകും ചേച്ചിക് അവിടെ വർക്കർ ആയാണ് ജോലി. രാജേട്ടന് വണ്ടിക്കച്ചോടവും ആറു മാസം കച്ചോടം എങ്കിൽ ആറുമാസം കുടി ആയിരിക്കും.

എന്നിട്ടും വീട്ടിലെ കാര്യങ്ങൾ ഭദ്രമായി തന്നെ ചേച്ചി കൊണ്ടു പോകും.
കുടിച്ചു റോഡിൽ കിടക്കുമ്പോൾ ആരെങ്കിലും വീട്ടിൽ എടുത്തു കൊണ്ടു വന്ന പിന്നെ അവരോടു ആകും ചേച്ചിയുടെ ദേഷ്യം അവർ ആണ് കുടിപ്പിച്ചു വിട്ടതെന്ന തരത്തിൽ ആകും പിന്നെ ചേച്ചിയുടെ ചീത്ത അതുകൊണ്ട് ആരും രാജേട്ടനെ വീട്ടിൽ. കൊണ്ടു പോയാക്കാറില്ല.

“”ഇന്ദു നിയിത് വരെയും ദോശ ഉണ്ടാക്കിയില്ലേ ദോശ കരിഞ്ഞു ചട്ടിയിൽ പിടിച്ചത് കണ്ടില്ലേ നിനക്കിതു എന്ത് പറ്റി “

കുളിച്ചു വന്ന അഭി ചോദിച്ചു

“അയ്യോ ഞാൻ പിന്നെയും ആ സ്വപ്നം തന്നെ ആലോചിച്ചു ഏട്ടാ “

“അല്ല ഇന്ദു ഇന്ന് അല്ലെ വിജിയുടെ കല്യാണത്തിന് വിളിച്ചത് പോണ്ടേ അതിനു “

“എന്താണാവോ ഏട്ടാ. ഒരു മൂഡില്ല അതു പത്തു മണിക്ക് അല്ലെ മുഹൂർത്തം ഏട്ടൻ പോയി വരൂ “

“നീ കൂടെ വാ ഒരുമിച്ചു പോയി പോരാം സമയം എട്ടുകഴിഞ്ഞു വേഗം പണിയൊരുക്കി ഒരുങ്ങ് “

ഇന്ദു വേഗം ദോശ ഉണ്ടാക്കി അഭിക്ക് കൊടുത്തു.

അപ്പോളാണ് പുറത്ത് കാളിംഗ് ബെൽ അടിച്ചത്.

” രാവിലെ തന്നെ ആരാണാവോ “

ഇന്ദു അതും പറഞ്ഞു വാതിൽ തുറന്നു

“അഭിയേട്ടൻ ഉണ്ടോ “

പുറത്ത് കനക ചേച്ചിയുടെ മൂത്ത മോളുടെ ഭർത്താവിന്റെ അനിയൻ ദിനു നിനൽകുന്നു

“ഉണ്ടല്ലോ എന്താണ് ദിനു ഇതുവഴി “

“പറയാം ചേച്ചി ഏട്ടനെ വിളിക്കു വേഗം”

“എന്താ ദിനു കാര്യം “

ഇന്ദുവിന്റെ പിന്നാലെ എത്തിയ അഭി ചോദിച്ചു

“അഭിയേട്ട ഒരു പ്രശ്നം കനകചേച്ചി മരിച്ചു “

“അയ്യോ എന്താണ് ദൈവമേ ഞാൻ കേൾക്കുന്നത് എന്തു പറ്റി എങ്ങനെ എപ്പോ “

ഇന്ദുവിന്‌ തല കറങ്ങും പോലെ തോന്നി പെട്ടന്ന് അടുത്തുള്ള തൂണിൽ ഇന്ദു മുറുകെ പിടിച്ചു

അഭി ഇന്ദുവിനെ പകപ്പോടെ ഒന്ന് നോക്കി. അപ്പോൾ ആ സ്വപ്നം എന്ന മട്ടിൽ.

“അതു ചേച്ചിക്ക് ശ്വാസം മുട്ടലും പനിയുമായിരുന്നു രണ്ടു ദിവസം ആയി തൃശൂർ മെഡിക്കൽ കോളേജിൽ ആയിരുന്നത്ര ഇന്നു വെളുപ്പിന് അഞ്ചു മണിക്ക് ആണ് പെട്ടന്ന് മരിച്ചു എന്ന് ഫോൺ വന്നത് അപ്പൊ നിങ്ങൾഒന്നും അറിഞ്ഞില്ലേ “

“ഇല്ല ദിനു രാജേട്ടന്റെ സ്വഭാവം അറിയാലോ ഇപ്പോൾ കുറച്ചു ആയി വലിയ അടുപ്പം ഇല്ല. “

“എന്ന ഞാൻ അങ്ങോട്ട്‌ ചെല്ലട്ടെ അവിടെ ആരുമില്ല കുട്ടികൾ മാത്രം ഉള്ളു കേട്ടു “

“അപ്പൊ മൂത്തവരോ “

“അവർ എത്തിയിട്ടുണ്ട്. ചേച്ചി “

“നില്ക്കു ഞാനും വരുന്നു”

ഇന്ദു അപ്പൊ തന്നെ അവരുടെ കൂടെ ഇറങ്ങി.

“ഇന്ദു. കുറച്ചു കഴിഞ്ഞു പോയാൽ പോരെ പോരാത്തതിന് നിന്നെ കാണുമ്പോൾ എന്താ രാജേട്ടൻ പറയുക എന്നറിയില്ല.. “

“പോരാ ഏട്ടാ എന്ത് വേണമെങ്കിൽ പറയട്ടെ എനിക്ക് തിരിച്ചു പറയാൻ അറിയാം എന്റെ സ്വപ്നത്തിൽ വന്നു ചേച്ചി പറഞ്ഞു അങ്ങോട്ട് ചെല്ലാൻ അതായിരിക്കും ആ സ്വപ്നം കാണാൻ കാര്യം..”

വീട്ടിൽ എത്തിയപ്പോൾ മക്കൾ നാലുപേരും അമ്മയെ വിളിച്ചു ഭയങ്കര കരച്ചിൽ എങ്ങനെ ആശ്വസിപ്പിക്കും എന്നറിയാതെ ഇന്ദു കുഴങ്ങി.

പെട്ടന്നാണ് മുറ്റത്തു ഒരു ആംബുലൻസ് വന്നു നിന്നത് അതിൽ നിന്ന് രാജേട്ടൻ ഇറങ്ങി പിന്നാലെ ചേച്ചിയുടെ ശരീരം പിടിച്ചു കൊണ്ടു മൂത്ത മക്കളുടെ ഭർത്താക്കന്മാരും..

ഇന്ദുവിനെ കണ്ടതെ രാജന്റെ നിയന്ത്രണം വിട്ടു രാജൻ ഒറ്റ കുതിപ്പിന് ഇന്ദുവിന്റെ അടുത്തെത്തി എന്താണ് സംഭവിക്കുന്നത് മനസിലാകും മുന്നേ ഇന്ദുവിനെ കെട്ടിപിടിച്ചു കൊണ്ടു ഒറ്റ കരച്ചിൽ.

“ഇന്ദുട്ടി പെങ്ങളെ . അവൾ എന്നെ വിട്ടു പോയി..എല്ലാം എന്റെ കുഴപ്പം കൊണ്ട”

ഏങ്ങലോടെ രാജൻ പറഞ്ഞു പിന്നെ പോക്കറ്റിൽ നിന്ന് എന്തോ എടുത്തു ഇന്ദുവിന്റെ കൈയിൽ വെച്ചു. കൊടുത്തു.

ഇന്ദു അതു നോക്കിയപ്പോൾ കനക ചേച്ചിയുടെ താലിമാല ആയിരുന്നു.

“എനിക്കു വേണ്ട ഇന്ദു ഇത് അവളിത് ബാക്കി വച്ചു പോയില്ലേ… “

“കരയല്ലേ രാജേട്ടാ എന്താ ചെയ്യുക എല്ലാം വിധിയായിപ്പോയി “

രാജനെഎങ്ങനെ ആശ്വസിപ്പിക്കും എന്നറിയാതെ ഇന്ദു നിന്നു.

അപ്പോൾ മക്കളുടെ അടുത്ത് ആരുമില്ല എന്നു പറയാൻ ആകുമോ കനകചേച്ചി തന്റെ സ്വപ്നത്തിൽ വന്നത് അതും അഞ്ചു മണിക്ക് തന്നെ ഉത്തരം കിട്ടാതെ ഇന്ദുവിന്റെ മനസിൽ ചോദ്യം ബാക്കിയായി.

അവളുടെ കവിളിൽ കൂടി കണ്ണുനീർ ഒഴുകി ഇറങ്ങി.

അപ്പോൾ താഴെ നിലത്തു തലക്കൽ കൊളുത്തി വെച്ച നിലവിളക്കിന്റെ ദീപപ്രഭയിൽ വലിയ സിന്ദൂരപൊട്ടു ചാർത്തിയ കനകയുടെ മുഖത്തൊരു പുഞ്ചിരി തെളിഞ്ഞതായി ഇന്ദുവിന്‌ തോന്നി….