മനമറിയുംനേരം ~ രചന: Unni K Parthan
“ഇങ്ങനെയാണോ ഒരാളോടുള്ള ഇഷ്ടം അറിയിക്കുന്നത്..”
ഇടവഴിയുടെ നടുവിൽ..തന്റെ ആക്റ്റീവക്കു കുറുകെ ബൈക്ക് കൊണ്ട് നിർത്തിയ സുദേവിനെ നോക്കി കട്ട കലിപ്പിൽ പവിത്ര ചോദിച്ചു..
പവിത്രയുടെ ചോദ്യം കേട്ട് സുദേവ് ചിരിച്ചു…
“അതിന് എനിക്ക് തന്നോട് ഇഷ്ടമാണ് ന്ന് ആരാ പറഞ്ഞേ..”
സുദേവിന്റെ മറുചോദ്യം കേട്ട് പവിത്ര ഒന്ന് വിളറി…
“പിന്നെ ന്തിനാ എന്റെ വണ്ടിയുടെ വട്ടം കേറി നിന്നത്..” ശബ്ദം വല്ലാതെ നേർത്തിരിന്നു പവിത്രയുടെ…
“എനിക്ക് ഒരു ആലോചന വന്നിട്ടുണ്ട്..അതുമായി ഞാൻ മുന്നോട്ട് പൊയ്ക്കോട്ടേ എന്ന് അറിയാനായിരുന്നു…”
സുദേവിന്റെ മറുപടി ഒന്നുടെ അവളെ തളർത്തി..
“താൻ ന്തേ മിണ്ടാത്തെ…”
“തനിക്കു ആലോചന വരുന്നതിനു എന്നോട് ന്തിനാ അനുവാദം ചോദിക്കുന്നേ..”
ശബ്ദത്തിൽ കപട ഗൗരവം വരുത്തി പവിത്ര…
“കാരണം താൻ പറഞ്ഞത് തന്നേ..കൊറേ നാള് ഇങ്ങനെ പിന്നാലേ നടന്നു എന്നല്ലേയുള്ളൂ…ഞാൻ ഇത് വരെയും തന്നോട് സംസാരിക്കാൻ വന്നിട്ടില്ല ല്ലോ..ഇതിപ്പോ ഇങ്ങനെ ഒരു ആലോചന വന്നപ്പോൾ ആദ്യം ഓർത്തത് തന്റെ മുഖമാണ്..അതോണ്ട്…പറയണം ന്നു തോന്നി..”
“അയിന് നിങ്ങള് എന്നോട് ഇഷ്ടാണ് ന്ന് പറഞ്ഞിട്ടില്ല ലോ..”
മുടിയിഴ പതിയെ മാടിയൊതുക്കി പവിത്ര സുദേവിനെ നോക്കി ചോദിച്ചു..
“പറഞ്ഞാൽ…” പാതിയിൽ നിർത്തി സുദേവ്…
കുറച്ചു നേരത്തെ നിശബ്ദത…
“ശരിക്കും ഇയ്യാൾക്ക് എന്നേ ഇഷ്ടാണോ…” പവിത്രയുടെ ചോദ്യം സുദേവിനെ ഒന്ന് ഉലച്ചു..
“ഇഷ്ടം….അങ്ങനെ പറയാമോ എന്നെനിക്കറിയില്ല..പക്ഷേ തന്നെ കാണുമ്പോൾ ഉള്ളിൽ ഒരു പിടച്ചിലുണ്ടാവാറുണ്ട്..കാണാതിരുന്നാൽ ഉള്ളം നോവറുമുണ്ട്…ഇഷ്ടങ്ങളെക്കാൾ…ഇങ്ങനെയുള്ള നിമിഷങ്ങളല്ലേ കൂടുതൽ പ്രണയിച്ചു പോവുക..ആ പ്രണയത്തിനു ഇഷ്ടമെന്ന വിളിപേര് നൽകിയാൽ അതു കുറവല്ലേ..അതൊരു നോവല്ലേ..ആ നോവ് തരുന്ന നീറ്റൽ അതൊരു സുഖമല്ലേ..അനുഭവിച്ചറിയുന്ന സുഖമുള്ള അനുഭൂതി തരുന്ന നിമിഷങ്ങൾ…അത് ങ്ങനെ കൂടെ ചേർത്ത് പിടിക്കാനുള്ള മോഹം കൊണ്ടാ..നഷ്ടപെടുത്തി കളയാൻ ആഗ്രഹമില്ലാത്തോണ്ടാ..ഞാൻ ചോദിക്കുന്നേ..വന്ന ആലോചനയുമായി ഞാൻ മുന്നോട്ട് പോണോ..” പവിത്രയുടെ കണ്ണിലേക്കു നോക്കി സുദേവ്…
“ആ ആലോചന അങ്ങ് മറന്നേക്കൂ…ഇനി ഇങ്ങനെ വഴിയേ കേറി നിന്നു സംസാരിക്കാൻ നിക്കരുത് ന്ന്…മനസിലായില്ലേ എല്ലാം..” അതും പറഞ്ഞു ആക്റ്റീവ സ്റ്റാർട്ട് ചെയ്തു പവിത്ര മുന്നോട്ടെടുത്തു..പിന്നെ പെട്ടന്ന് ബ്രേക്ക് ചെയ്തു…
“പിന്നേ..ഈ പറഞ്ഞ നീറ്റാലൊക്കെ ഞാനും കുറച്ചായി അനുഭവിക്കുന്നുണ്ടായിരുന്നു ട്ടോ..ഈ ആലോചന വരാൻ ഇച്ചിരി വൈകിയോ ന്ന് മാത്രേ ഇപ്പൊ ഒരു…” പാതിയിൽ നിർത്തി പവിത്ര..
“ഇപ്പൊ ഒരു സുഖമൊക്ക എനിക്കും ഫീൽ ചെയ്യുന്നു ണ്ടേ…മനസിലായിലോ എല്ലാം..ല്ലേ..” ആക്റ്റീവ മുന്നോട്ട് പായിക്കും മുൻപേ പവിത്ര തിരിഞ്ഞ് നോക്കി ചിരിച്ചു..
ശുഭം..