എന്നാൽ ഏതൊരു പെണ്ണും ആഗ്രഹിക്കുന്നത് പോലെ ഒരിക്കലെങ്കിലും ഭർത്താവിൽ നിന്നും ഒരാശ്വാസവാക്ക് കിട്ടുകയില്ലാന്നറിഞ്ഞിട്ടും….

ഓപ്പോൾ ~ രചന: അമ്മാളു

“ചെറുതാണെങ്കിലും സ്വന്തമായി ഒരു ജോലി പെൺകുട്ട്യോൾക്കുള്ളത് ഭർത്താവിന്റെ വീട്ടിൽ അവർക്ക് വലിയ സ്ഥാനം ആകും ലഭിക്കുക.. ഇല്ലാച്ചാ ഓപ്പോളേ പോലെയാകും ന്റെ കുട്ടിയും..”

ഓപ്പോളുടെ ആ വാക്കുകൾ ഇന്നും കാതിൽ ഒരു മുഴക്കം പോലെ കേൾക്കാം.. അച്ഛനെക്കാളും എനിക്കെന്നും ഏറെയിഷ്ടം ഒപ്പോളോടായിരുന്നു..

അച്ഛന് ഞാനും ഓപ്പോളും ഒരുപോലെയാണ്.. അച്ഛന്റെ മൂത്തമകൾ ഒപ്പോളാണെന്നാ എപ്പളും പറയാറ്.. അമ്മ കുഞ്ഞിലേ മരിച്ച എനിക്ക് ഒപ്പോളായിരുന്നു എല്ലാം..

ഓപ്പോൾ അച്ഛന്റെ ഒരേയൊരു കൂടപ്പിറപ്പാണ് പേര് ശാരദ.. അച്ഛന്റെ കഷ്ടപ്പാടിലും സങ്കടങ്ങളിലും എന്നും ഏക ആശ്രയം ഒപ്പോളായിരുന്നു..

വീട്ടിലെ പ്രാരാബ്ദം മൂലം അച്ഛന് ഓപ്പോളേ വേണ്ട വിധം പഠിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല.. പഠിക്കാൻ കഴിയാത്തതിന്റെ സങ്കടം ഓപ്പോളുടെ ഉള്ളിൽ ഇന്നും ഒരു ചെറിയ നോവ് പടർത്തുന്നുണ്ട്..

എങ്കിലും ഇന്നുവരെയും അതോപ്പോൾ അച്ഛനെ അറിയിച്ചിരുന്നില്ല.. കാരണം അച്ഛന്റെ കണ്ണ് കലങ്ങുന്നത് ഓപ്പോൾക്ക് സഹിക്കില്ലായിരുന്നു.

വിവാഹപ്രായം കഴിഞ്ഞിട്ടും ആലോചനകൾ ഒന്നും തരപ്പെട്ടുവന്നിരുന്നില്ല ഓപ്പോൾക്ക്.. വരുന്നവർക്കാവശ്യം സ്വത്തും സമ്പത്തും ആയിരുന്നു.. അതിനുള്ള വക അച്ഛനുണ്ടായിരുന്നില്ല..

ആകെയുണ്ടായിരുന്നത്‌ ഈ വീടാണ്.. പേരിന് ഒരു ഡിഗ്രി കൂടെ ഉണ്ടെന്നല്ലാതെ ആഗ്രഹിച്ചപോലൊരു വിദ്യാഭ്യാസം ഓപ്പോൾക്ക് നേടാൻ കഴിയാത്തതിൽ വിധിയെ പഴിക്കുകയല്ലാതെ പാവത്തിന് വേറെ വഴിയൊന്നുമില്ലായിരുന്നു..

അച്ഛന്റെ ഏക സമ്പാദ്യം ആയിരുന്നു ഈ വീട്..പിന്നെ, കുറച്ച് കടബാധ്യതകളും.. എന്നിരുന്നാലും ആ കഷ്ടപ്പാടിലും സങ്കടങ്ങൾ ഉള്ളിലൊതുക്കി ഉള്ളത് കൊണ്ടോണം പോലെ ജീവിക്കാൻ അച്ഛൻ ഞങ്ങളെ പഠിപ്പിച്ചിരുന്നു..

പരാതിയും പരിഭവങ്ങളുമൊന്നും ഓപ്പോൾ അച്ഛനോട് പറഞ്ഞിട്ടില്ല.. വയസ്സ് 30 കഴിഞ്ഞിട്ടും ആലോചനകളൊന്നും ഒത്തുവരാതായപ്പോൾ നാട്ടിലെ ഒരു തുണിക്കടയിൽ ഓപ്പോൾ ജോലിക്ക് കയറി..

തുച്ഛമായ വരുമാനമായിരുന്നുവെങ്കിലും ഓപ്പോൾക്ക് അത് വലിയൊരാശ്വാസമായിരുന്നു.. അതിൽ ഞങ്ങൾ മൂവരും സന്തുഷ്ടരായിരുന്നു.. അങ്ങനെ വർഷം ഒന്ന് കഴിയാറായപ്പോൾ സ്ഥാപന ഉടമയുടെ സുഹൃത്ത് വഴി ഒരു വിവാഹം ഓപ്പോൾക്ക് തരപ്പെട്ടു..

പെണ്ണിനെ കണ്ടിഷ്ടമായത് കൊണ്ട് അവർ കൂടുതലാലോചിച്ചു സമയം കളഞ്ഞില്ല.. വലിയ സമ്പാദ്യം ഒന്നും ഇല്ലാതിരുന്നതിനാൽ അടുത്ത ബന്ധുമിത്രാതികളുടെയും മറ്റും സഹായത്തോടെ ഓപ്പോൾക്ക് 15 പവൻ സ്വർണ്ണമേ കൊടുക്കാൻ സാധിച്ചുള്ളൂ അച്ഛന്..

അങ്ങനെ, എല്ലാവരുടെയും അനുഗ്രഹത്തോടെയും ആശീർവ്വാതത്തോടെയും ഓപ്പോളേ വിവാഹം കഴിപ്പിച്ചയച്ചു.. പുതിയ നാടും വീടും ആളുകളുമൊക്കെയായിരുന്നു പിന്നീടുള്ള ഓപ്പോളുടെ ജീവിതത്തിൽ..

ഇന്നേക്ക് വർഷം 7 കഴിഞ്ഞിരിക്കുന്നു.. രണ്ട് കുഞ്ഞുങ്ങൾ ആയിരിക്കുന്നു ഓപ്പോൾക്ക്.. കണ്ണനും മാളുവും.. കുഞ്ഞുങ്ങളെ ഒരു നോക്ക് കാണാൻ ഒരുപാടാഗ്രഹിച്ചിട്ടുണ്ട് ഞാനും അച്ഛനും..

പക്ഷേ, അന്നൊന്നും അദ്ദേഹം ഓപ്പോളേ വീട്ടിലേക്കയച്ചിരുന്നില്ല.. വല്ലപ്പോളും ഒരിക്കെ വരും.. വന്നാലും ഉടനെ തന്നെ പോകുമായിരുന്നു ഓപ്പോൾ..

”രണ്ടു ദിവസം നിന്നിട്ട് പോയാപ്പോരേ ഓപ്പോളേ ”..ന്ന് ചോദിക്കുമ്പോൾ ഒരു നേർത്ത ചിരി മുഖത്തു വരുത്തി ഓപ്പോളു പറയുമായിരുന്നു അദ്ദേഹത്തിന് ജോലിത്തിരക്കാ മോളെ ഓപ്പോൾ ഇല്ലെങ്കിൽ അവിടുത്തെ കാര്യങ്ങളൊക്കെ അവതാളത്തിലാകും ന്ന്..

ഇതുവരെയും ആരോടും ഒന്നും പറയാതെ പിടിച്ചു നിന്നു ഓപ്പോളവിടെ.. ഇനിയും വയ്യ ന്ന് തോന്നിട്ടുണ്ടാവും പാവത്തിന്..അതാവും അദ്ദേഹം കൂടെയില്ലാതെ ഇന്നാദ്യമായി ഓപ്പോൾ ഇവിടേക്ക് വന്നത്..

വിവാഹം കഴിഞ്ഞതിന്റെ പുതുമോടിയെല്ലാം മാറിയപ്പോൾ അവിടുത്തെ അമ്മയും സഹോദരിമാരും ഓപ്പോളേ പലതും പറഞ്ഞു മനസ്സ് തളർത്തുമായിരുന്നത്രെ..

അമ്മയുടെയും സഹോദരിമാരുടെയും വാക്കുകൾ കേട്ട് അദ്ദേഹവും അവരോടൊപ്പം ചേർന്ന് അതിൽ അനന്തം കണ്ടെത്തുമായിരുന്നു.. ഓപ്പോളേ വേദനിപ്പിക്കുന്നത് അവർക്കൊരു ഹരമായിരുന്നു..

അദ്ദേഹത്തിന്റെ സഹോദരന്റെ ഭാര്യ സമ്പത്തുള്ള വീട്ടിലെ പെണ്ണാണെന്നും, അവരൊക്കെ വലിയ വലിയ ആളുകളാണെന്നും ഉയർന്ന വിദ്യാഭ്യാസവും ജോലിയുമൊക്ക ഉള്ളതാണെന്നും അല്ലാതെ നിന്നെപ്പോലെ ഒരു ഗതിയും പരഗതിയും ഇല്ലാത്തതല്ല ന്നും പറഞ്ഞു ഓപ്പോളേ എപ്പോഴും തരം താഴ്ത്തുമായിരുന്നത്രെ..

എങ്കിലും ഓപ്പോൾ ഒന്നും കണ്ടില്ല കേട്ടില്ലാന്ന് നടിച്ചു ജീവിച്ചു ഇത്രയും കാലം. അവിടുത്തെ അച്ഛന്റെ വക കിട്ടിയ സ്വത്തിൽ തറവാട് വീടും ഒരേക്കർ ഭൂമിയും അദ്ദേഹത്തിന്റെ പേർക്കായിരുന്നു..

അദ്ദേഹത്തെ വശത്താക്കി സഹോദരിമാർ ഭൂമി കൈക്കലാക്കി.. അവിടുത്തെ മൂത്ത മരുമകൾ എന്ന സ്ഥാനം ഓപ്പോൾക്കായിരുന്നിട്ടും അതൊന്നും വക വെക്കാതെ അവർ ഓപ്പോളേ നോവിച്ചുകൊണ്ടേയിരുന്നു..

ഒടുവിൽ തഞ്ചത്തിന്‌ അദ്ദേഹത്തിൽ നിന്നും തറവാട് വീട് എഴുതി വാങ്ങാൻ ഉള്ള അവരുടെ ശ്രമം മനസ്സിലാക്കി ഓപ്പോൾ ആദ്യമായി അവരെ എതിർത്തു സംസാരിച്ചു…അതിന് അദ്ദേഹം ഓപ്പോളേ ഒരുപാട് ശകാരിച്ചു..

ഒപ്പം മാനസികമായി തളർത്തുകയും ചെയ്തു.ഉള്ളതെല്ലാം സഹോദരിമാർക്ക് എഴുതി കൊടുത്തു..ഇപ്പൊ കിടപ്പാടവും, നാളെ ഈ കുഞ്ഞുങ്ങളേം കൊണ്ട് നമ്മളെന്തു ചെയ്യും എന്ന ഓപ്പോളുടെ ചോദ്യത്തിന് അദ്ദേഹത്തിന്റെ വക കവിളിൽ അഞ്ചു വിരൽപ്പാടായിരുന്നത്രെ സമ്മാനം ന്ന് ഓപ്പോൾ പറഞ്ഞു കഴിഞ്ഞപ്പോൾ ആ കണ്ണുകളിൽ നിന്നും രണ്ടു തുള്ളി കണ്ണുനീർ വീഴുന്നത് ഞാനാദ്യമായി കണ്ടു..

തന്നെ അടിച്ചതിലല്ല മറിച്ചു അവരോടൊപ്പം ചേർന്ന് അദ്ദേഹവും ഓപ്പോളേ വേലയും കൂലിയുമില്ലാത്തവൾ എന്നും പറഞ്ഞു നിരന്തരം താഴ്ത്തി കെട്ടി സംസാരിച്ചിരുന്നതായിരുന്നു തന്നെ ഏറെ വിഷമിപ്പിച്ചിരുന്നത് എന്ന് ഓപ്പോൾ പറഞ്ഞപ്പോൾ സങ്കടം നിക്കും സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു..

എന്നാൽ ഏതൊരു പെണ്ണും ആഗ്രഹിക്കുന്നത് പോലെ ഒരിക്കലെങ്കിലും ഭർത്താവിൽ നിന്നും ഒരാശ്വാസവാക്ക് കിട്ടുകയില്ലാന്നറിഞ്ഞിട്ടും ഓപ്പോളും ആഗ്രഹിച്ചിരുന്നു..

“വേലയും കൂലിയുമില്ലാത്ത നീ ഇക്കാര്യത്തിൽ ഇടപെടണ്ട.. ഇക്കാര്യത്തിൽ തീരുമാനം എടുക്കാൻ പടിപ്പുള്ളവർ ഉണ്ടിവിടെ “.. എന്നുള്ള അദ്ദേഹത്തിന്റെ ആ വാക്കുകൾ ആണ് ഓപ്പോളേ ഏറെ സങ്കടത്തിലാക്കിയത്..

ഇത്രയും പറഞ്ഞു ഒരു പൊട്ടിക്കരച്ചിലോടെ ഓപ്പോളെന്റെ തോളിലേക്ക് ചായുമ്പോൾ തേങ്ങിക്കൊണ്ട് ആ വാക്കുകൾ പറഞ്ഞു..

“ചെറുതാണെങ്കിലും സ്വന്തമായി ഒരു ജോലി പെൺകുട്ട്യോൾക്കുള്ളത് ഭർത്താവിന്റെ വീട്ടിൽ അവർക്ക് വലിയ സ്ഥാനം ആകും ലഭിക്കുക.. ഇല്ലാച്ചാ ഓപ്പോളേ പോലാകും ന്റെ കുട്ടിയും “ന്ന്….

അന്നത്തെ ഓപ്പോളുടെ ആ വാക്കുകൾ ആണ് ഇന്നെന്നെ ഇവിടെ വരെ എത്തിച്ചത്..ഇന്നെനിക്ക് ബേധപ്പെട്ട ഒരു ജോലിയുണ്ട്.. ഇന്ന് അഭിയേട്ടൻ എന്നോട് ചോദിച്ചില്ലേ “നിനക്കെങ്ങനെ ഇവിടെയുള്ളോരെ വരച്ച വരയിൽ നിർത്താൻ കഴിയുന്നു എന്ന്.. ?

“ഒരു ജോലിയില്ലാതെ ഞാൻ ഇവിടേക്ക് വന്നിരുന്നെങ്കിൽ ന്റെ ഓപ്പോളുടെ അവസ്ഥ ആകുമായിരുന്നു നിക്കും.. പത്തു രൂപ സ്വന്തം ഉണ്ടാക്കുന്ന പെണ്ണുങ്ങളെ കുറിച്ച് അഹങ്കാരികളും തന്നിഷ്ടക്കാരികളും ആണെന്ന് പറയുന്നവരോട് നിക്ക് പറയാനുള്ളത് ഇതാണ്.

ഇന്ന് നിങ്ങൾ പറയുന്നത് പോലെ അല്പം തന്നിഷ്ടം ഒക്കെ കാണിച്ചാലെ ജീവിക്കാൻ പറ്റു എന്നുള്ള അവസ്ഥയാണ് പല സ്ത്രീകളുടെയും..

അതുകൊണ്ട് വിവാഹം എന്ന് കേൾക്കുമ്പോൾ ചാടി അതിലേക്കു വീഴുന്ന ഒരു കൂട്ടം പെൺകുട്ട്യോളോട് അവനവനു പറ്റുന്ന ഒരു കൈതൊഴിലെങ്കിലും ചെയ്യാൻ പ്രാപ്തമാക്കാതെ വിവാഹം കഴിക്കരുതെന്നാണ് എന്റെ അഭിപ്രായം..