പ്രവാസി ~ രചന: നിഷാ മനു
കല്യാണം കഴിഞ്ഞ് രണ്ടു മാസത്തെ ലീവും കഴിഞ്ഞു. പോവാൻ ദിവസങ്ങൾ അടുത്ത് നിൽക്കുമ്പോൾ ആണ് അവൾക്ക് വിശേഷം ഉണ്ട് എന്നറിഞ്ഞത്.. മനസില്ലാമനസോടെ അവൻ പോവാൻ തയ്യാറായി ..
എന്റെ ശ്രീ. നീ ഇങ്ങനെ വിഷമിക്കല്ലടോ നിന്റെ പ്രസവം ആവുമ്പോഴേക്കും ഞാൻ എത്തില്ലേ. ആ കണ്ണൊക്കെ ഒന്ന് തുടച്ചെ . ചിരിച്ചോണ്ട് വേണം എന്നെ യാത്രയാക്കാൻ.
മോനെ കാർത്തി വണ്ടി വന്നൂട്ടോ അച്ഛൻ വിളിച്ചു പറഞ്ഞു.
തോളിൽ ചാരി നിൽക്കുന്ന അവളുടെ നെറ്റിയിൽ ഒരു ചുംബനവും കൊടുത്ത് അവളുടെ കൈയിൽ മുറുകെ പിടിച്ചു കൊണ്ട് അവർ പുറത്തേക്ക് ഇറങ്ങി.
താഴെ എല്ലാരും നിൽക്കുന്നുണ്ട് . എല്ലാരോടും യാത്രയും പറഞ്ഞു. വണ്ടിയുടെ അടുത്തേക്ക് അവൻ നടന്നു ഒന്ന് തിരിഞ്ഞു നോക്കിയത് പോലും ഇല്ല. ചിലപ്പോൾ അവൻ കരയുന്നത് ആരും കാണണ്ട എന്നു കരുതിയിട്ടാവും. വണ്ടി പതിയെ നീങ്ങി തുടങ്ങി കാർ കണ്ണിൽ നിന്നും മായുന്നത് വരെ അവൾ അവിടെ നോക്കി നിന്നു.
മോളെ ഇങ്ങു പോരെ. ഈ സമയത്ത് ഇങ്ങനെ വിഷമിക്കാൻ പാടില്ല അച്ഛൻ പറഞ്ഞു
മോളെ കുറച്ചു ദിവസം വീട്ടിൽ കൊണ്ട് പോയി നിർത്തികോട്ടെ അവിടെ ആവുമ്പോൾ കുട്ടികൾഓക്കേ ഉള്ളതല്ലേ ശ്രീ യുടെ അച്ഛൻ പറഞ്ഞു..
എന്നാൽ കുറച്ചു ദിവസം മോള് പോയി നിന്നോ അച്ഛനും അമ്മയും വിളിക്കാൻ വരാം. കാർത്തിക് ന്റെ അച്ഛൻ പറഞ്ഞു .
ഇല്ല അച്ഛാ ഞാൻ ഇപ്പോൾ പോവുന്നില്ല. അച്ഛനും അമ്മയും ഇവിടെ തനിച്ചല്ലേ ശ്രീ പറഞ്ഞു.
എന്നാ മോള് വിളിച്ചാൽ മതിട്ടോ അപ്പുനെ പറഞ്ഞു വിടാം ഞങ്ങൾ ഇറങ്ങട്ടെ..കാർത്തി അവിടെ എത്തിട്ടു വിളിച്ചാൽ അച്ഛനെയും ഒന്നു വിളിക്കാൻ പറയണംട്ടോ. ശ്രീ യുടെ വീട്ടുകാർ യാത്രയും പറഞ്ഞു ഇറങ്ങി.
എല്ലാരും പോയി കഴിഞ്ഞു വീട് ഉറങ്ങി . അവൾക്ക് തനിച്ചായത് പോലെ തോന്നി.
ഞാൻ കുറച്ചു നേരം കിടക്കട്ടെ . അച്ഛാ
പതിയെ അവൾ മുറിയിലെക്ക് നടന്നു. കാർത്തി ഇട്ടിരുന്ന ഒരു ഷർട് അവിടെ ഉണ്ടായിരുന്നു അവൾ അതെടുത്തു നെഞ്ചോടു ചേർത്ത് വച്ച് പൊട്ടി കരഞ്ഞു. ക്ഷീണം കൊണ്ടാവാം അവൾ മയങ്ങി പോയി. മൊബൈൽ അടിക്കുന്ന ശബ്ദം കേട്ടിട്ടാണ് ഉറക്കത്തിൽ നിന്നും എഴുന്നേറ്റത്.
ഹലോ. ശ്രീ ഞാൻ എത്തിട്ടോ. എല്ലാം ഒന്നു ശെരിയാക്കി രാത്രി വിളിക്കാട്ടോ….അച്ഛനോടും അമ്മയോടും പറയണേ.
എന്നും അവന്റെ ഫോൺ വിളിയും കാത്തിരിക്കും അവൾ
ആ ഒറ്റപ്പെടൽ മാറി വരാൻ കുറച്ചു ദിവസങ്ങൾ വേണ്ടി വന്നു അവൾക്ക് .
അങ്ങനെ ഏഴാം മാസം വയറു കാണാൻ ചടങ്ങ് കഴിഞ്ഞു.
വൈകുന്നേരം കാർത്തിക് വിളിച്ചു.
ഹലോ ശ്രീ പരുപാടി എങ്ങനെ ഉണ്ടയിരുന്നു. തറവാട്ടിൽ നിന്നും എല്ലാരും വന്നായിരുന്നോ
ആ ഉണ്ടായിരുന്നു ഏട്ടാ. എല്ലാരും ചോദിച്ചുട്ടോ.
എന്തായി ഡെലിവറി ഡേറ്റ് ആവുമ്പോഴേക്കും ചേട്ടൻ വരുമോ.?
ഞാൻ പറഞ്ഞിട്ടുണ്ട് മാനേജർ സാർനോട് നിനക്ക് കുഴപ്പമില്ലല്ലോ ഇപ്പോൾ. നന്നയി ഭക്ഷണം കഴിക്കണംട്ടോ .
ഇടവും വലവും നിന്ന് അമ്മയും അച്ഛനും എന്നെ കൊണ്ട് ഭക്ഷണം കഴിപ്പിക്കിക്കുന്നുണ്ട്. ആരൊക്ക ഉണ്ടെങ്കിലും എന്റെ ഏട്ടൻ ഉള്ളത് പോലെ ആവില്ലല്ലോ.
പരമാവധി വരാം നോക്കാo . എന്നാ ശെരി പിന്നെ വിളിക്കാം
മ് ശെരി ഏട്ടാ.
ലേബർറൂമിൽ വേദനകൊണ്ട് പുളയുമ്പോഴും അവൾക് അവന്റെ മുഖം ഒന്നുകണ്ടാൽ മാത്രം മതി എന്ന ചിന്തയായിരുന്നു.
പ്രസവം കഴിഞ്ഞു ദിവസങ്ങൾ കടന്നു പോയിരിക്കുന്നു ഉണ്ണീടെ പേര് വിളിയും കഴിഞ്ഞു.
ഹലോ ശ്രീ പരുപാടി ഓക്കെ നന്നായോ ? ഉണ്ണി ആരെ പോലെയാ? കാണാൻ തോന്നിട്ടു വയ്യ എന്താ ചെയ്യാ ഞങ്ങൾ പ്രവാസികളുടെ കാര്യം ഇങ്ങനെയാ ഒരു നല്ല ദിവസത്തിനും നാട്ടിൽ എത്താൻ കഴിയില്ല . എന്നോട് ദേഷ്യം തോന്നുന്നുണ്ടാവും അല്ലെ.? നിങ്ങളെ കാണാൻ ഇഷ്ടം ഇല്ലാഞ്ഞോ വരാൻ താൽപ്പര്യം ഇല്ലാഞ്ഞോ അല്ലടോ ഇവിടെ പണിയൊക്കെ കുറവാ. എന്തായാലും ഇനി ഒരു വർഷം കൂടെ കഴിഞ്ഞേ ലീവ് ഉണ്ടാവുന്ന പറഞ്ഞെ. എന്നാ ശെരി പിന്നെ വിളിക്കാം ഫോണിലെ പൈസ തീർന്നു തോന്നുന്നു.
ആഴ്ചകളും മാസങ്ങളും കടന്നു പോയിരിക്കുന്നു. കുട്ടിയുടെ പിറന്നാൾ ദിവസം എത്താറായിക്കുന്നു.
ഉണ്ണിക്കുട്ടന്റെ പിറന്നാൾ നന്നായി തന്നെ ആഘോഷിക്കണാം. ആദ്യത്തെ കണ്മണി അല്ലെ അച്ഛൻ പറഞ്ഞു.
ഏട്ടൻ ഇല്ലാണ്ട് എങ്ങനെയാ ആഘോഷം ഒന്നും വേണ്ട അച്ഛാ.
അവന്റെ ഒരു കുറവും ഇല്ലാതെ പിറന്നാൾ ആഘോഷം നന്നായിതന്നെ നടത്തണം എന്നാ അവൻ പറഞ്ഞേക്കുന്നെ
അവൾക്ക് മറുപടി ഒന്നും ഉണ്ടായില്ല
പിറന്നാൾ ദിവസവും വന്നെത്തി
ഹലോ ശ്രീ . പിറന്നാൾ ആയിട്ട് അമ്പലത്തിൽ പോയില്ലേ
എല്ലാരും വന്നു തുടങ്ങിയോ ? ഞാൻ ഇല്ലാത്ത കുറവൊന്നും കാണിക്കരുത്ട്ടോ ആ പിന്നെ ഞാൻ തന്റെ പിറന്നാളിനു വാങ്ങി തന്ന ആ സെറ്റ് സാരി ഉടുക്കു തനിക്കു നന്നായി ചേരും അത്.. എന്നാ ശെരി വൈകുന്നേരം വിളിക്കാം
എന്തോ അവൾക്ക് മനസിന് ഒരു സമാധാനം ഉണ്ടായില്ല മനസ്സിൽ മാത്രം കെട്ടി കിടന്ന കണ്ണീർ പുറത്തേക് ഒഴുകി തുടങ്ങിയിരിക്കുന്നു.
മോളെ ശ്രീകൂട്ടി. ഇനിയും ഒരുങ്ങിയില്ല? അമ്മ ചോദിച്ചു. എല്ലാരും എത്തി തുടങ്ങി. മോള് സാരി മാറി താഴത്തെക്കു വരുട്ടോ . ഇത് കുറച്ചു മുല് പൂവ് ആണ് . തലയിൽ ചൂടികോളു.
അവൾ അലമാരയിൽ നിന്നും സാരി എടുത്തു കൈ വിരൽ കൊണ്ട് പതിയെ തലോടി പിറന്നാളിനു ഞാൻ അറിയാതെ എനിക്ക് ഏട്ടൻ വാങ്ങി തന്ന സമ്മാനം . തുറന്നിട്ട ജനൽ പാളികളിലൂടെ ആകാശം നോക്കി അവൾ നിന്നു. പഴയ ഓർമ്മകൾ മനസ്സിൽ ഒരു കുളിർ മഴയായി പെയ്തു തുടങ്ങി. ഇതൊക്കെയാണ് ഓരോ ഗൾഫു കാരുടെയും ഭാര്യ മാരുടെ അവസ്ഥ. ഓർമകൾക്ക് മരണം ഇല്ലല്ലോ. അവൾ പതുക്കെ പറഞ്ഞു.
എന്റെ പെണ്ണ് ഇതു വരെ റെഡിആയില്ലേ?
ഞെട്ടലോടെ അവൾ തിരിഞ്ഞു നോക്കി.
ഏ . ഏ എന്റെ ഏട്ടൻ.
അവളുടെ സ്വരം ഇടറി പോയി മുഖം ചുവന്നു തുടുത്തു ഹൃദയം അതിവേഗത്തിൽ മിടിക്കാൻ തുടങ്ങി കയ്യും കാലും കുഴഞ്ഞു പോവുന്ന പോലെ തോന്നി.
എന്താടോ ഇങ്ങനെ നിൽക്കുന്നെ ഒരു കള്ള ചിരിയോടെ അവൻ ചോദിച്ചു.
സ്വപ്നം ആണോ ഇത്? അവൾ പതിയെ അവളുടെ കയ്യിൽ ഒന്ന് നുള്ളി നോക്കി. അല്ല വേദനയുണ്ട് . കണ്ണു ബലമായി അടച്ചു വീണ്ടും തുറന്നു നോക്കി. ആകെ കിളി പോയ മട്ടാണ്.
അവളുടെ പ്രവർത്തികൾ കണ്ട് അവൻ പൊട്ടി ചിരിച്ചു.
ഞാൻ തന്നെയാടാ . അമ്മ പറഞ്ഞു ഞാൻ ഇല്ലാണ്ട് പിറന്നാൾ ആഘോഷിക്കണ്ട എന്നുപറഞ്ഞന്നോ? . ഈ ഇടയായി എപ്പോഴും കരച്ചിൽ ആണെന്നും . ആരോടും മിണ്ടുന്നില്ല എന്നൊക്ക കേട്ടപ്പോൾ സഹിച്ചില്ല കേറിയങ്ങു പൊന്നു. ഇപ്പോൾ സന്തോഷം ആയോ അവൻ അവളെ അരുകിൽ ചേർത്ത് നിർത്തി. മുടിയിൽ തലോടി കൊണ്ട് ചോദിച്ചു.
എങ്ങനെ ഉണ്ട് എന്റെ സമ്മാനം ?
ഈ ലോകം തന്നെ വാങ്ങി തന്നാലും കിട്ടാത്ത സന്തോഷം ഈ നിമിഷം ഞാൻ അനുഭവിച്ചു. . അതു പറയുമ്പോൾ അവളുടെ കണ്ണ് നിറഞ്ഞു.
എന്തിനാ എന്റെ പെണ്ണ് കരയുന്നെ? ഞാൻ ഇല്ലേ ..ഇനിയും എനിക്ക് നിന്റെ കണ്ണു നിറയുന്നത് കാണാൻ പറ്റില്ല . അവൻ അവളുടെ കണ്ണുനീർ തുടച്ചു.
പോയി മുഖം കഴുകി സാരി ഉടുക്ക് ആ മുല്ല പൂ കൂടെ വച്ചോളു
ഞാൻ താഴെ ഉണ്ടാവും അല്ലങ്കിലെ താഴെ വന്നവർ നമ്മളെ തെറ്റിധരിക്കും അതും പറഞ് ഒരു പുഞ്ചിരിയും പാസാക്കി അവൻ പുറത്തേക്കു നടക്കുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടായിരുന്നു.
ജീവിതം കര പറ്റിക്കാൻ വേണ്ടി സ്നേഹ ബന്ധങ്ങളെ ഹൃദയത്തിൽ ചേർത്ത് കര കാണാ കടലും താണ്ടി മരുഭൂമിയിൽ പോയവർ തന്റെ വയറു നിറക്കാതെ മിച്ചം പിടിച്ച പണം ഒരു രൂപ പോലും കുറയാതെ നാട്ടിലേക് അയക്കുന്നതും ആരോഗ്യ കാലം മുഴുവൻ അവിടെ പണി എടുത്ത് ഒടുവിൽ വാർദ്ധക്യത്തെ കൂട്ട് പിടിച്ച് നാട്ടിൽ എത്തുമ്പോൾ കൂട്ടു നിൽക്കാനോ കൂടെ നിൽക്കാനോ ഭാര്യ മാത്രം. ജീവിക്കാൻ മറന്നു പോയ ജീവിതത്തേകുറിച്ച് ഓർത്ത് ആ ചാരു കസേരയിൽ അങ്ങനെ ഇരിക്കുമ്പോൾ ഒരു നെടു വീർപ്പപിനും അപ്പുറം താൻ ആർക്കും ആരും അല്ല എന്ന ആ തിരിച്ചറിവ്.
അവസാനം ആറടി മണ്ണിൽ സുഖ നിദ്ര പ്രാപിക്കുമ്പോൾ നാട്ടുകാർ പറയും പൂത്ത കാശുണ്ടാകിട്ടല്ലേ അവൻ പോയത്. അവനു കാലം കൊടുത്ത പേര് പ്രവാസികൾ…
കുറച്ചു ദിവസം മുൻപ് ഒരു ന്യൂസ് കണ്ടിരുന്നു അതു കൊണ്ട് എഴുതാൻ തോന്നി തെറ്റുകൾ ഷെമിക്കണംട്ടോ