രചന: Krishnendhu Sreekrishna
“ഹേയ്…അനൂ…”
ഒരുപാട് നാളത്തെ പ്രവാസിജീവിതത്തിന് ശേഷം നാട്ടിലേക്ക് തിരിച്ചുപോകുമ്പോഴാണ് അജിത്ത് അവളെ കണ്ടത്.കോളേജ് മുതലുള്ള ഒരു oneway പ്രണയമാണ്.അവള്‍ അവന് മുഖം കൊടുക്കാതെ തിരിഞ്ഞ് നടന്നു.പണ്ടും അവള്‍ അവന് മുഖം കൊടുത്തിരുന്നില്ല, എങ്കിലും അവന്‍ അവളെ വിടാതെ പിന്തുടര്‍ന്നിരുന്നു.അവന്‍ കാറില്‍ നിന്നും ഇറങ്ങി ഓടി അവളുടെ മുന്നിലായി നിന്നു.ഒരു നിമിഷം അവള്‍ പകച്ചുപോയി, അവനും.കാരണം അതവന്‍റെ പഴയ അനുവല്ലായിരുന്നു.അവളൊരുപാട് മാറിയിരുന്നു.മുഖമെല്ലാം കരുവാളിച്ച്,അവളിലെ ഊര്‍ജ്ജസ്വലത നഷ്ടമായിരിക്കുന്നു.
“അനൂ….നിനക്കെന്നെ മനസ്സിലായില്ലേ..”
“അജിത്ത്..വഴിമാറൂ..എനിക്ക് പോകണം.”
“നിനക്കെന്തുപറ്റി നീയൊരുപാട് മാറിയല്ലോ..” അവള്‍ കണ്ണുകൾ കൂര്‍പ്പിച്ച് അവന്‍റെ മുഖത്തേക്ക് നോക്കി.
“ജീവിതത്തിന്‍റെ ഓരോ ഘട്ടങ്ങളിലെത്തുമ്പോഴും മനുഷ്യന് മാറ്റങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ് അജിത്ത്….നീ മാറി നില്‍ക്കൂ..എനിക്ക് പോകണം.”
“ഇല്ലാ അനൂ..നിനക്കെന്താ സംഭവിച്ചത് എന്നെനിക്കറിയണം.കോളേജ് കഴിഞ്ഞ് ഞാന്‍ പ്രവാസിജീവിതം തിരഞ്ഞടുത്തത് നിനക്ക് വേണ്ടിയാണ്.അന്തസ്സായി നിന്നെ എന്‍റെ പെണ്ണാക്കാന്‍ വേണ്ടിയാണ്.ഒരുപാട് ദൂരെയാണെങ്കിലും നിന്നെ കുറിച്ച് ഓര്‍ക്കാത്ത ദിവസങ്ങള്‍ ഇല്ലായിരുന്നു.പലരോടും ചോദിച്ച് നിന്‍റെ വിവരങ്ങള്‍ അറിയാന്‍ ശ്രമിച്ചിരുന്നു.പിന്നീട് ഞാന്‍ അറിഞ്ഞു നീ ഇപ്പോൾ ആ പഴയ അനുവല്ല, നിന്‍റെ കളിചിരികള്‍ എല്ലാം മാഞ്ഞു എന്ന്. കാരണം എന്താണെന്നൊന്നും അറിയില്ലായിരുന്നു.പക്ഷേ എന്‍റെ ഈ വരവിനുദ്ദേശം നീ മാത്രമാണ്.നിന്നിലെ കളിചിരികള്‍ തിരികെ കൊണ്ടുവരാനാണ്.”
“അജിത്ത്. നിനക്കായി നല്ലൊരു ജീവിതം നല്‍കാന്‍ എനിക്ക് കഴിയില്ല. ദയവുചെയ്ത് എന്നെ വെറുതെ വിട്ടേക്കൂ…”
“എന്തുകൊണ്ട് കഴിയില്ല അനൂ..”
അവള്‍ ഒന്നും മിണ്ടാതെ നിന്നു.അവന് ദേഷ്യം അടക്കാനായില്ല അവന്‍ വീണ്ടും അവളോട് അതുതന്നെ ചോദിച്ചുകൊണ്ടിരുന്നു.
“നിന്‍റെ വിവാഹം ഒന്നും കഴിഞ്ഞിട്ടില്ല എന്നെനിക്കറിയാം..എന്നെ ഒഴിവാക്കാനായി നീ അങ്ങനെയൊരു കള്ളം പറഞ്ഞ് ബുദ്ധിമുട്ടണ്ടാ..നിന്‍റെ വിഷമം എന്തുതന്നെയായാലും കൂടെ ഞാനുണ്ടാകും..ഇനിയെങ്കിലും പറ,..”
“കഴിയില്ല അജിത്ത് …ഒരു പെണ്ണിന് ഏറ്റവും വലുത് അവളുടെ മാനമാണ്. അതെനിക്ക് എന്നേ നഷ്ടപ്പെട്ടിരിക്കുന്നു.” അവള്‍ അവനുനേര്‍ക്ക് പൊട്ടിതെറിച്ചു. പെട്ടെന്നുള്ള അവളുടെ മറുപടി അവനെ ആകെ അസ്വസ്ഥനാക്കി.
“അനൂ..നീയെന്തൊക്കെയാ…..” അവള്‍ അവനുനേര്‍ക്ക് അരുത് എന്നര്‍ത്ഥത്തില്‍ കയ്യുയര്‍ത്തി.
“ഇനി എന്നോട് ഒന്നും ചോദിക്കരുത്…please..”
അവളുടെ കണ്ണുകള്‍ അനുസരണയില്ലാതെ ഒഴുകി.അവനെ മറികടന്നുപോയി. അവള്‍ പോയിമറയുന്നത് അവന്‍ നോക്കിനിന്നു.അന്നത്തെ ദിവസം അവന് ഒന്നിലും ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ലാ .വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടിലെത്തിയ അവനെ നാട്ടുക്കാരും വീട്ടുക്കാരും സ്നേഹം കൊണ്ട് മൂടി.പുറമെചിരിച്ച് അവരോടൊപ്പം കൂടിയെങ്കിലും ഉള്ളിൽ ഒരു കനല്‍ അപ്പോഴും എരിയുന്നുണ്ടായിരുന്നു.പിറ്റേന്ന് അവളെ കാണാന്‍ തന്നെ അവന്‍ തീരുമാനിച്ചു. രാവിലെ തന്നെ അവളുടെ വീട്ടിലേക്ക് പുറപ്പെട്ടു.അവന്‍റെ കാര്‍ ഒരു കൊച്ചുകൂരയുടെ മുന്നിലായി നിന്നു.അവള്‍ അവനെ അമ്പരപ്പോട് കൂടി നോക്കി.
“അനൂ….എനിക്കറിയണം നിനക്ക് എന്താ സംഭവിച്ചതെന്ന്..”
“നിന്നോട് ഞാന്‍ പറഞ്ഞതല്ലേ എന്നോട് ഒന്നും ചോദിക്കരുതെന്ന്. നിനക്കറിയോ..എപ്പോഴൊക്കെയോ നിന്നെ ഞാനും സ്നേഹിച്ച് തുടങ്ങിയിരുന്നു.എന്‍റെ പുറകെ നടന്ന് നിന്‍റെ ജീവിതം പാഴാകാതിരിക്കാനാണ് എനിക്ക് അങ്ങനെ പറയേണ്ടിവന്നത്.ഇതില്‍ കൂടുതൽ ഒന്നും ഞാന്‍ പറയില്ലാ..എന്നെ കൊണ്ട് കഴിയില്ലാ….”
അവള്‍ നിലത്തിരുന്ന ഏങ്ങിയേങ്ങി കരഞ്ഞു.അവനവളെ പിടിച്ചഴുന്നല്‍പ്പിച്ചു. നിര്‍ബന്ധങ്ങള്‍ക്കൊടുവില്‍ അവള്‍ എല്ലാം അവനോട് പങ്കുവെച്ചു.
“എനിക്ക് 20 വയസ്സ് തികയുന്ന ദിവസം ഒരു അപകടത്തില്‍ അച്ഛനും അമ്മയും എന്നെ വിട്ടുപോയി.പിന്നീടുള്ള എന്‍റെ ജീവിതം അച്ഛന്‍റെ അകന്ന ബന്ധത്തില്‍ ഉള്ള അമ്മാവന്‍റെ വീട്ടിലായിരുന്നു.അവരെന്നെ സ്വന്തം മകളെ പോലെ കണ്ടു. അവര്‍ക്ക് ഒരു മകന്‍ മാത്രമേയുള്ളൂ.അവനെനിക്ക് സ്വന്തം അനിയനെപോലെയാണ്. ദിവസങ്ങള്‍ കഴിയുന്തോറും അവന്‍റെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ കണ്ടുതുടങ്ങി.ഒരിക്കല്‍ അവനെന്നെ കേറിപിടിക്കാന്‍ ശ്രമിച്ചപ്പോള്‍ ഞാനവനെ തല്ലി,ഒരുപാട് വഴക്ക് പറഞ്ഞു കുറേ ഉപദേശിച്ചു.പിന്നീട് നോട്ടം കൊണ്ട് പോലും അവനെന്നെ ഉപദ്രവിച്ചില്ല.
അന്ന് അമ്മാവനും അമ്മായിയും കല്ല്യാണത്തിന് പോയ രാത്രി, ഓര്‍ക്കാനാഗ്രഹിക്കാത്ത ആ രാത്രി അവന്‍ മദ്യപിച്ച് വന്ന് എന്നെ…….തടയാന്‍ ഒരുപാട് ശ്രമിച്ചു.പക്ഷേ കഴിഞ്ഞില്ലാ.പിറ്റേന്ന് ബോധമുണര്‍ന്നപ്പോഴാണ് മനസ്സിലായത് ജീവന്‍ ബാക്കിയുണ്ടെന്ന്.ഇതിലും ഭേദം അവനെന്നെ കൊല്ലാമായിരുന്നു. എന്നാല്‍, ഒന്നും സംഭവിച്ചിട്ടില്ലാത്ത രീതിയിലുള്ള അവന്‍റെ പെരുമാറ്റം എന്നെ അത്ഭുതപ്പെടുത്തി.
സ്വന്തം മാനം പോയത് വിളിച്ചുപറയാന്‍ ഏതുപെണ്ണാ ധൈര്യപ്പെടുക അതായിരുന്നു അവന്‍റെയും വിശ്വാസം.എന്നാല്‍ അമ്മാവനോടും അമ്മായിയോടും എല്ലാം ഞാന്‍ തുറന്നുപറഞ്ഞു.അവനുള്ള ശിക്ഷ ഞാന്‍ കൊടുത്തോട്ടെ എന്ന് ചോദിച്ചു.തിരിച്ച് അവര്‍ എന്നോട് പറഞ്ഞത് ജീവന്‍ എങ്കിലും ബാക്കിനല്‍കണം എന്നാണ്.അവന്‍റെ ഭക്ഷണത്തില്‍ ഞാന്‍ ഉറക്കഗുളിക ചേര്‍ത്തു.അവന്‍ മയക്കത്തിലായിരുന്നപ്പോള്‍ അവന്‍റെ ജനനേന്ദ്രിയം ഞാന്‍ മുറിച്ചുമാറ്റി.ഇതിനേക്കാള്‍ വലിയൊരു ശിക്ഷ അവന് നല്‍കാനില്ലായിരുന്നു.പിന്നീട് ആ വീട്ടില്‍ നിന്നും പടിയിറങ്ങുമ്പോള്‍ ആ അച്ഛനും അമ്മയും കണ്ണുകൾ കൊണ്ട് ഒരായിരം തവണ മാപ്പ് പറയുന്നുണ്ടായിരുന്നു.
തിരിച്ചും മാപ്പ് പറയാന്‍ ഞാന്‍ മറന്നില്ല.പിന്നീടാണ് ഇവിടേക്ക് വന്നത്.ഇവിടേയും ചില നോട്ടങ്ങള്‍ എന്‍റെ ശരീരത്തിലേക്ക് ചൂഴ്ന്നിറങ്ങുമ്പോള്‍ സുരക്ഷക്കായി എന്നും എന്‍റെ കയ്യില്‍ ഇതുണ്ടാകും.” എന്നും പറഞ്ഞ് അവളുടെ കയ്യിലെ വാക്കത്തിയിലേക്ക് പകയോടെ നോക്കി.
അവന്‍ അതവളുടെ കയ്യില്‍ നിന്നും വാങ്ങി വലിച്ചെറിഞ്ഞു.ഇരുകൈകള്‍ കൊണ്ടും അവളുടെ മുഖം കോരിയെടുത്തു.
“ഇനി നിനക്കിതിന്‍റെ ആവശ്യമില്ല.നിന്‍റെ സുരക്ഷക്കായി ഇനിയെന്നും ഞാന്‍ കൂടെയുണ്ടാകും.ഞാന്‍ സ്നേഹിച്ചത് നിന്‍റെ ശരീരത്തെയല്ല..ഈ മനസ്സാണ്. ഞാന്‍ കൊണ്ടുപോവാ നിന്നെ എന്‍റെ ജീവിതപങ്കാളിയായി.”
അവളുടെ കണ്ണുകൾ നിയന്ത്രണമില്ലാതെ നിറഞ്ഞൊഴുകി.അവനവളെ നെഞ്ചോട് ചേര്‍ത്ത് പിടിച്ചു.
ഇവിടെ തുടങ്ങുകയായ് അനുവിന്‍റെയും അജിത്തിന്‍റെയും പ്രണയകഥ.