പക ~ രചന: ആഷ ബിനിൽ
“ഇവളെ എനിക്ക് വിവാഹം കഴിക്കണം”
ആ ശബ്ദം കേട്ട് അവൾ വിടർന്ന കണ്ണുകളോടെ അമ്മയുടെ സാരിത്തലപ്പിൽ നിന്ന് മുഴമുയർത്തി നോക്കി. ഒരുവേള പോലും തനിക്ക് നേരെ ചൂണ്ടിയ വിരലുകളുടെ ഉടമ തന്നെ കടാക്ഷിക്കുന്നില്ല എന്നവൾ തിരിച്ചറിഞ്ഞു. ജീവിതം കൈവിട്ടു പോകുമെന്ന ഭയം അന്നാദ്യമായി അവളെ മൂടി.
“പറഞ്ഞത് കേട്ടില്ലെന്നുണ്ടോ..?”
അവൻ വീണ്ടും ശബ്ദമുയർത്തി.
“ബിനീഷേ.. മോനെ.. അത്.. അവൾ.. അവള് കുട്ടിയല്ലേ മോനെ”
അവളുടെ അച്ഛൻ ശിവന്റെ ശബ്ദം ചിലമ്പിച്ചിരുന്നു.
“കുട്ടിയോ? ഇവളോ? ഒരാഴ്ച മുന്പല്ലേ ഇവളുടെ പതിനെട്ടാം പിറന്നാളിന്റെ മധുരം താൻ വിളമ്പിയത്..? അന്നറിഞ്ഞില്ലല്ലോ ഞാൻ, എന്റെ കുടുംബമടക്കം നശിപ്പിക്കാനുള്ള ചതിയും കൊണ്ടാണ് താൻ നടക്കുന്നതെന്ന്..”
ശിവേട്ടാ എന്നു വിളിച്ചിരുന്ന നാവുകൊണ്ട് താൻ എന്നു വിളിച്ചു കേട്ടപ്പോൾ അയാളുടെ ഉള്ളം മുറിഞ്ഞു.
“ആഹ്. എന്തായാലും നിയമപരമായി പതിനെട്ട് വയസ് മതി പെണ്ണിനെ വിവാഹം കഴിക്കാൻ. എനിക്കിവളെ വേണം. അതും നാളെത്തന്നെ.”
ബിനീഷ് ക്രൂരഭാവത്തിൽ പറഞ്ഞവസാനിപ്പിക്കുമ്പോൾ അതുകേട്ട് ആ വൃദ്ധന്റെ ഹൃദയം നുറുങ്ങി. ആ നാട്ടിലെ ഒരാൾ പോലും തേവര് മഠത്തിലെ ദാമോദരന്റെ മരണത്തിന് കാരണക്കാരനായ തനിക്കു വേണ്ടി ഉയർത്തില്ല എന്നയാൾക്ക് ബോധ്യമായിരുന്നു.
“മോനെ.. അവൾ കുട്ടിയല്ലേ. പഠിക്കുന്നതല്ലേ ഉള്ളൂ. അവളുടെ പഠിപ്പ് കഴിഞ്ഞാലുടൻ ഞാൻ നിന്റെ കയ്യിൽ അവളെ പിടിച്ചേല്പിക്കാം. അതുവരെ…”
മുറ്റത്തേക്ക് കാർക്കിച്ചോരു തുപ്പായിരുന്നു ബിനീഷിന്റെ മറുപടി.
“ഇത് ഞാൻ തന്റെ മുഖത്തേക്ക് തരാത്തത്, കുറേക്കാലം ശിവേട്ടാ എന്നുവിളിച്ചു പുറകെ നടന്നതല്ലേ എന്നോർത്താണ്.
പഠിത്തം കഴിഞ്ഞു കൂട്ടിക്കൊണ്ടു പോയി തേവര് മഠത്തിലെ കെട്ടിലമ്മയായി വഴിക്കാനല്ല ഞാനിവളെ ചോദിച്ചത്. പ്രിയപ്പെട്ടവർ നഷ്ടപ്പെടുമ്പോഴുള്ള വേദന താനും അറിയണം. അതിനു വേണ്ടി മാത്രമാ. എനിക്കിവളെ വേണം. അതും നാളെത്തന്നെ. എന്താ പറ്റുവോ തനിക്ക്..?”
ശബ്ദത്തിലെ ക്രൗര്യം അവന്റെ കണ്ണുകളിലും കാണാനായി. ശിവൻ ഒരുവേള നിശബ്ദനായി.
“ഇവളെ എനിക്ക് തരാമെങ്കിൽ, എങ്കിൽ മാത്രം ഞാൻ മറക്കാം, താൻ എന്റെ കുടുംബത്തോട് ചെയ്തത് സകലവും. അല്ലെങ്കിൽ, തനിക്കറിയില്ല എന്നെ…”
അവന്റെ ഭാവം അയാളെ ഭയപ്പെടുത്തി. ആഴ്ചകൾക്ക് മുൻപ് വരെ അമ്പലപ്പറമ്പിലും ക്ലബ്ബിലും കളിപറഞ്ഞു നടന്നിരുന്ന ബിനീഷിനെ അയാൾക്ക് ഓർമവന്നു.
ഉത്തരവാദിത്തം ഇല്ലാത്ത ചെക്കൻ എന്ന് അവന്റെയച്ഛൻ ദാമോദരൻ പാതി തമാശയിലും പാതി കാര്യത്തിലും പറയുമ്പോൾ, അമ്മയില്ലാത്ത പയ്യനല്ലേ ദാമോദരാ എന്നു പറഞ്ഞു തിരുത്തിയത് താനായിരുന്നു.
എവിടെയാണ് തനിക്ക് പിഴച്ചത്..? ദാമോദരന്റെ വിശ്വസ്തനായ വലംകൈ ആയിരുന്നു താൻ. ബിനീഷ് മകനെപ്പോലെയല്ല, മകൻ തന്നെ ആയിരുന്നു, തനിക്കും ഭാര്യ സുലോചനയ്ക്കും. എത്ര തവണ ലക്ഷങ്ങൾ കുമിഞ്ഞുകൂടിയ ദാമോദരന്റെ അലമാരയുടെ താക്കോൽ തന്റെ കൈകളിൽ വന്നിരിക്കുന്നു. അന്നൊന്നും ഒരിഞ്ചു പോലും മനസ് ചഞ്ചലപ്പെട്ടില്ല.
ബാങ്കിൽ നിന്നെടുത്ത ഒരു ലോൺ അടച്ചുവീട്ടാൻ കഴിയാതെ ജപ്തിയുടെ വക്കിൽ നിന്ന സമയം, പെട്ടന്ന് തോന്നിയ പൊട്ടബുദ്ധിയിൽ ആ ഫിനാൻസിലെ കുറച്ചു പണമെടുത്തു മറിച്ചു. പിടിക്കപ്പെടില്ല എന്നായിരുന്നു വിശ്വാസം.
എല്ലാം തകർന്നത് എത്ര പെട്ടന്നാണ്. താൻ പണവും കൊണ്ട് മുങ്ങിയെന്ന് ആരോ പ്രചരിപ്പിച്ചത്, ഫിനാൻസ് കമ്പനി പൊട്ടിയതറിഞ്ഞു പണം നിക്ഷേപിച്ചവർ ഓടിക്കൂടിയത്, തിക്കിലും തിരക്കിലും ദാമോദരൻ നെഞ്ചു പൊട്ടി മരിച്ചത്. ഒടുവിൽ പണം തട്ടിയെടുത്തു കമ്പനി തകർന്നെന്ന് പ്രചരിപ്പിച്ചത് താൻ ആണെന്ന് വിശ്വസിച്ചു ബിനീഷ് തന്റെ ജീവനായ മകളെയാണ് ഇപ്പോൾ ചോദിക്കുന്നത്.
ചങ്കിൽ കൂടപ്പിറപ്പായി കൊണ്ടുനടന്നവൻ ആണ് പോയത്. ആ വേദന ഇപ്പോഴുമുണ്ട്. മകനായി കണ്ട ബിനീഷിന്റെ മുന്നിൽ കുറ്റബോധം കാരണം ശിരസ് കുനിയുന്നുണ്ട്. പക്ഷെ ശരണ്യ. തന്റെ മകൾ. അവൾ..???????
പത്തു വർഷത്തെ കാത്തിരിപ്പിനൊടുവിൽ കിട്ടിയ പവിഴം ആണവൾ. നല്ലവൻ ആണെങ്കിലും പ്രതികാരം കൊണ്ട് കണ്ണു മൂടിയ ബിനീഷിന് മുന്നിലേക്ക് അവളെ ഇട്ടു കൊടുക്കാൻ വയ്യ. അയാൾ കണ്ണുകൾ മുറുകി അടച്ചു.
“ശിവാ. എന്താ തന്റെ തീരുമാനം?”
ബിനീഷ് വീണ്ടും ചോദിച്ചു. അയാൾ സ്വപ്നത്തിൽ നിന്നെന്നവണ്ണം ഉണർന്നു.
“പറ്റില്ല ബിനീഷേ. ദാമോദരനോട് ചെയ്തതിൽ എനിക്ക് അതിയായ കുറ്റബോധം ഉണ്ട്. അറിഞ്ഞുകൊണ്ടല്ലെങ്കിലും ഞാനാണ് അവനെ…”
അയാൾ അല്പമൊന്ന് മൗനമായി. പിന്നെ മെല്ലെ എങ്കിലും ഉറപ്പുള്ള ശബ്ദത്തിൽ പറഞ്ഞു:
“പക്ഷെ ആ കുറ്റബോധത്തിന്റെയോ കടപ്പാടിന്റെയോ പേരിൽ എന്റെ കുട്ടിയുടെ ജീവിതം ഹോമിക്കാൻ ഞാൻ സമ്മതിക്കില്ല ബിനീഷേ.
നിനക്കവളോട് പ്രണയം ആണെന്ന് പറഞ്ഞിരുന്നെങ്കിൽ പ്രായം പോലും നോക്കാതെ ഞാൻ സമ്മതിച്ചേനെ. കാരണം നിന്നെ എനിക്കത്ര ഇഷ്ടമാ. പക്ഷെ നിന്റെ പ്രതികാരത്തിന്റെ പാത്രമാകാൻ ഞാനെന്റെ മകളെ തരില്ല”
ശിവൻ പറഞ്ഞു തീരും മുൻപ് ബിനീഷിന്റെ കൈകൾ അയാളുടെ കഴുത്തിൽ പിടി മുറുക്കിയിരുന്നു. സുലുവും ശരണ്യയും തടയാൻ ചെന്നെങ്കിലും അവൻ അവരുടെ കൈകൾ ഊക്കോടെ തട്ടിയെറിഞ്ഞു. വീടിന് ചുറ്റും നിരന്ന ബിനീഷിന്റെ കൂട്ടുകാർ അവരുടെ ഭയം വർദ്ധിപ്പിച്ചു.
“അതേഡോ. പ്രതികാരം തന്നെയാ. എന്റെ അച്ഛന്റെ ഇല്ലാതാക്കിയ, എന്നെ അനാഥനാക്കിയ നിന്നോടുള്ള പ്രതികാരം. അതിപ്പോ എന്റെയൊരു വാശിയായി. എനിക്കവളെ വേണമെഡോ…”
അവന്റെ കൈകൾ അയാളിൽ പിടിമുറുകുമ്പോൾ, അച്ഛന്റെ ജീവനുവേണ്ടി മകൾ ആ കാലിൽ വീണു യാചിച്ചു.
“എനിക്ക്.. എനിക്ക് സമ്മതമാണ് കല്യാണത്തിന്. അച്ഛനെ ഒന്നും ചെയ്യരുത്”
ആ വാക്കുകൾ കേൾക്കെ അയാളിലെ ബിനീഷിന്റെ പിടി അയഞ്ഞു. സുലു ഞെട്ടലോടെ മകളെ നോക്കി.
“എന്തോ.. എങ്ങനെ..??”
കളിയാക്കുന്ന മട്ടിലുള്ള ബിനീഷിന്റെ ചോദ്യത്തിന് യന്ത്രികമായി ശരണ്യ മറുപടി കൊടുത്തു:
“അച്ഛനെ ഒന്നും ചെയ്യരുത്. കല്യാണത്തിന് എനിക്ക് സമ്മതമാണ്.”
ബിനീഷ് ശിവന്റെ മേലുള്ള പിടി വിട്ട് അവളുടെ നേരെ തിരിഞ്ഞു.
“സമ്മതം എന്നു ചുമ്മാതങ്ങു പറഞ്ഞാൽ പോര. ഈ വീടും ദേ ഈ നിക്കുന്ന നിന്റെ അച്ഛനേം അമ്മയേം ഇവിടെ ഉപേക്ഷിച്ചിട്ടു വേണം നാളെ നീ ഇവിടെനിന്ന് ഇറങ്ങുന്നത്. ഇവിടുത്തേതായി ഒരു സൂചിപ്പിന്ന് പോലും നിന്റെ കയ്യിലോ ശരീരത്തോ ഉണ്ടാകാൻ പാടില്ല. തിരിച്ചു ഇവിടേയ്ക്ക് വരാമെന്നോ ഇവരെ ഇനി കാണാമെന്നോ ഒരു വിചാരവും വേണ്ട. മനസിലായോ നിനക്ക്..?”
അതിനും ശരണ്യ നിറകണ്ണുകളോടെ തലയാട്ടി. തന്റെ കൂടെ വന്നവർക്ക് എന്തോ നിർദേശങ്ങൾ കൊടുത്ത ശേഷം പുറത്തേക്ക് പോയ ബിനീഷ് ഒരു മണിക്കൂറിനകം ചുവന്ന നിറത്തിലൊരു പാട്ടുസാരിയും കുറച്ചു ആഭരണങ്ങളുമായി തിരികെ വന്നു. തീർത്തും അവജ്ഞയോടെ അവനത് കയ്യിലേക്ക് കൊടുക്കുമ്പോൾ ആ പെണ്ണിന്റെ കണ്ണുകൾ ദയനീയതയോടെ തുളുമ്പിനിന്നു.
പിറ്റേന്ന് അമ്പലത്തിൽ വച്ചൊരു താലിച്ചരടിൽ അവളുടെ ജീവിതം മുറുകുമ്പോൾ നിശബ്ദം കണ്ടുനിൽക്കാൻ മാത്രമേ ശിവനും സുലോചനയ്ക്കും കഴിഞ്ഞുള്ളൂ.
പടിപ്പുരയ്ക്ക് മുന്നിൽ അവളെ ഇറക്കിവിട്ട ശേഷം ഒന്ന് നോക്കുകകൂടി ചെയ്യാതെ വണ്ടിയെടുത്തു പോകുമ്പോൾ, ബിനീഷിന്റെ മനസിൽ അച്ഛന്റെ മുഖം മാത്രമായിരുന്നു. പതിനഞ്ചാം വയസിൽ അമ്മ മരിച്ചപ്പോൾ അമ്മക്കുട്ടിയായ താൻ ആകെ തകർന്നിരുന്നു. അന്ന് മുതൽ ആ സ്നേഹം കൂടി തന്ന് തന്നെ ചേർത്തുനിർത്തിയ അച്ഛൻ മാത്രം.
എന്ത് ചെയ്യണമെന്നറിയാതെ ഏറെനേരം ആ നിൽപ്പ് നിന്നശേഷം നിലവിളക്കും ആരതിയുമില്ലാതെ, ബന്ധുക്കളുടെ അകമ്പടിയില്ലാതെ ശരണ്യ ആ വലിയ വീട്ടിലേക്ക് വലതുകാൽ വച്ചു കയറി.
മുൻപ് പലതവണ ഈ പടികടന്നു വന്നിട്ടുണ്ടെങ്കിലും ഇപ്പോൾ ഇതാദ്യമായി വല്ലാത്തൊരു അപരിചിതത്വം തോന്നുന്നു. ഈ വീടിനോട് മാത്രമല്ല, ദിവസങ്ങൾക്ക് മുൻപ് വരെ ബിനീഷേട്ടാ എന്നു വിളിച്ചു നടന്നിരുന്ന ആ മനുഷ്യനോടും.
പൊടുന്നനെ അ ടിവയറ്റിൽ തോന്നിയൊരു വേദന വളരുന്നതും തു ടകൾ നനയുന്നതും അവളറിഞ്ഞു. ഡേറ്റ് ആയിട്ടില്ല. എന്നിട്ടും..? ടെൻഷൻ കൂടിയാൽ ചിലപ്പോഴൊക്കെ നേരത്തെ എത്തുമെന്ന് സ്കൂളിൽ ക്ലാസിന് വന്ന ഹെൽത്തിലെ മിസ് പറഞ്ഞതോർമ്മ വന്നു… ഒരു ടവ്വൽ പോലും കയ്യിലില്ലാത്ത തന്റെ നിസ്സഹായാവസ്ഥ ആലോചിച്ച് അവൾക്ക് വേദന തോന്നി. കണ്ണുകൾ ഇടതടവില്ലാതെ പെയ്തുകൊണ്ടിരുന്നു.
ആദ്യം കണ്ട മുറിയിലെ അലമാര തുറന്നു നോക്കി. കാലങ്ങളുടെ പഴക്കം തോന്നിക്കുന്ന കുറെ അധികം വസ്ത്രങ്ങൾ മറ്റും അടുക്കി വച്ചിരിക്കുന്നു. ഒക്കെ ബിനീഷേട്ടന്റെ അമ്മയുടേതാകണം. കയ്യിൽ കിട്ടിയൊരു സെറ്റുമുമുണ്ടും ബ്ലൗസുമെടുത്തു, ഒപ്പം ഏറ്റവും പഴയതെന്ന് തോന്നിയൊരു ബെഡ്ഷീറ്റും തോർത്തും. തലവഴി തണുത്ത വെള്ളം വീണിട്ടും മനസ് അല്പം പോലും തണുത്തില്ല.
പണ്ടെന്നോ അമ്മമ്മ കാണിച്ചു തന്ന ഓർമയിൽ ബെഡ്ഷീറ്റ് കീറി ഉടുത്തു. വസ്ത്രം ധരിച്ചു നേരത്തെ കയറിയ റൂമിലേക്ക് തന്നെ വന്നു. ക്ഷീണം കാരണം കണ്ണുകൾ താനേ അടഞ്ഞുപോയി.
“നിന്റെ വാശിക്ക് കൂട്ടുനിന്നു എന്നുള്ളത് സത്യമാണ്. പക്ഷെ നമ്മുടെ കൺമുന്നിൽ വളർന്ന കുട്ടിയാ ശരണ്യ. അച്ഛൻ തെറ്റ് ചെയ്തതിന് നീ അതിനെ ശിക്ഷിക്കരുത്.”
കയ്യിലെ ഗ്ലാസ്സും ചുണ്ടിൽ എരിഞ്ഞു തുടങ്ങിയ സിഗരറ്റും പിടിച്ചു വാങ്ങി ബിനീഷിനെ നിർബന്ധപൂർവം വീട്ടിലേക്ക് അയച്ചുകൊണ്ട് കൂട്ടുകാർ പറഞ്ഞു. സത്യമാണ്. കൺമുന്നിൽ വളർന്ന കുട്ടിയാണ് ശരണ്യ. പത്തുപന്ത്രണ്ട് വയസ് ഇളയതായത് കൊണ്ടുതന്നെ, അവളോട് ഒരുതരം വാത്സല്യം മാത്രമേ തോന്നിയിട്ടുള്ളൂ. ആ അവൾ ഇന്ന് തന്റെ ഭാര്യയാണ്.
വീടിനകത്തേക്ക് കയറിയപാടെ ജോലിക്കു നിൽക്കുന്ന സ്ത്രീകൾ രണ്ടാളും പാഞ്ഞുവന്നു.
“അവളെവിടെ..?”
ആ ചോദ്യം കേട്ടവർ പകച്ചുനോക്കി.
“ചോദിച്ചത് കേട്ടില്ലേ..”
“ആരാ.. കുഞ്ഞേ..? ഇങ്ങോട്ടാരും വന്നിട്ടില്ലല്ലോ”
കോപം ജ്വലിക്കുന്ന കണ്ണുകളുമായി ശിവന്റെ വീട്ടിലേക്ക് പാഞ്ഞവൻ തിരികെ വന്നത് കലങ്ങിയ കണ്ണുകളുമായിട്ടാണ്. അവളെവിടെ ചെന്നിട്ടില്ല…! പിന്നെ എവിടെ പോയി കാണും? പോകാൻ സാധ്യതയുള്ള എല്ലായിടത്തും അന്വേഷിച്ചു തളർന്നാണ് വന്നിരിക്കുന്നത്.
അവൻ തളർച്ചയോടെ അമ്മയുടെ മുറിയിലേക്ക് നടന്നു. ഇപ്പോഴും അമ്മയുടെ സാന്നിധ്യം തോന്നാറുണ്ടവിടെ. പക്ഷെ ഇത്തവണ അവനെ വരവേറ്റത് കട്ടിലിൽ അമ്മയുടെ സെറ്റും മുണ്ടുമുടുത്തു വാടിത്തളർന്ന് കിടക്കുന്ന ശരണ്യയായിരുന്നു. പെട്ടന്ന് തോന്നിയ സന്തോഷം എഴുന്നേൽപ്പിച്ചിരുത്തി അവളുടെ മുഖത്തൊന്ന് കൊടുത്തുകൊണ്ടാണ് പ്രകടിപ്പിച്ചത്.
“മനുഷ്യനെ ഇത്രനേരം തീ തീറ്റിച്ചിട്ട് കിടന്നുറങ്ങുന്നോടി?”
അപ്പോഴും ഒന്നും മനസിലാകാതെ അവന്റെ മുഖത്തേക്ക് നിർവികാരയായി നോക്കിയിരുന്നു അവൾ. അടി കിട്ടിയതുപോലും അറിഞ്ഞിട്ടില്ല എന്നു തോന്നി. ബെഡിലാകെ പരന്ന രക്തം കണ്ടവൻ ഒരുനിമിഷം അമ്പരന്നു പോയെങ്കിലും തൊട്ടടുത്ത നിമിഷം മുതൽ കുറ്റബോധം വേട്ടയാടി തുടങ്ങിയിരുന്നു.
അവളെ ഒന്നുകൂടി നോക്കി പുറത്തേക്ക് പോയവൻ മടങ്ങിവന്നത് ഒരു വലിയ പാക്കറ്റ് പാഡും അവൾക്കിടാൻ കുറച്ചു വസ്ത്രങ്ങളുമായിട്ടാണ്. ബെഡ്ഷീറ്റും മറ്റും ജോലിക്കാർ വൃത്തിയാക്കിയിരുന്നു.
ദിവസങ്ങൾ കടന്നു പോകവേ, തന്റേയുള്ളിലെ പ്രതികാരം ആവിയായി പോകുന്നതവൻ അറിഞ്ഞു. അല്ലെങ്കിലും കമ്പനി പൊട്ടിയെന്ന് പ്രചരിപ്പിച്ചത് പ്രസാദാണ്. തന്റെ കൂട്ടുകാരൻ. അവസ്ഥ കണ്ട് അച്ഛന്റെ കമ്പനിയിൽ താൻ ജോലി കൊടുത്തവൻ.
നിവൃത്തികേട് കൊണ്ട് കമ്പനിയിൽ നിന്ന് ഒരുലക്ഷം രൂപ മറിച്ചെന്ന കുറ്റമേ ശിവേട്ടൻ ചെയ്തിട്ടുള്ളൂ. അതും അച്ഛൻ കണ്ടറിഞ്ഞു ചെയ്തിരുന്നെങ്കിൽ, ഒഴിവായി പോയേനെ.
ഒരുനിമിഷത്തെ വാശിപ്പുറത്തു പിടിച്ചെടുത്തത് ഒരു പാവം പെണ്ണിന്റെ ജീവിതം തന്നെയാണെന്ന് ബോധ്യം വന്നത് കൂട്ടുകാർ കോളേജിൽ പോകുന്നത് ജനലിൽ കൂടി നോക്കി നിൽക്കുന്നവളെ കാണുമ്പോഴാണ്. അടുക്കളയിലെ സ്‌ലാബിൾ ചേച്ചിമാർ സംസാരിക്കുന്നത് പോലുമറിയാതെ വെറുതേയിരുന്നു പുഞ്ചിരിക്കുന്നവളുടെ കൺകോണിലെ നനവ് കാണിമ്പോഴാണ്. വരുന്ന പത്രങ്ങളോരോന്നും അരിച്ചുപെറുക്കി വായിച്ചു, പഴയൊരു നോട്ട് ബുക്കിൽ കുത്തിക്കുറിക്കുന്നവളെ കാണുമ്പോഴാണ്.
മൂന്നാഴ്ചയ്ക്കിപ്പുറം, അവളെ തിരികെ സ്വന്തം വീട്ടിൽ കൊണ്ടുപോയി ആകുമ്പോൾ ഒരുപാടൊന്നും പറയാൻ ഉണ്ടായിരുന്നില്ല.
“ചെയ്‌തെത് തെറ്റാണെന്ന് മനസിലായതുകൊണ്ട് ഒരു പോറൽ പോലും ഏല്പിക്കാതെ തിരികെ ഏല്പിക്കുകയാണ്.”
അത്രയും പറഞ്ഞു തിരികെ നടക്കാൻ ഒരുങ്ങിയവന്റെ കൈപിടിച്ചു കഴുത്തിൽ കിടന്ന താലി അഴിച്ചുകൊടുത്തു അവൾ. അപ്പോൾ മാത്രം, അവന്റെ കണ്ണിലും നനവുണ്ടായി.
“മൂന്നാഴ്ച്ച കൊണ്ടു ബിനീഷിന് മടുത്തോടി നിന്നെ..? ഞങ്ങളൊക്കെ ഇവിടുണ്ട് കേട്ടോ. ഒന്ന് പരിഗണിക്കണം..”
കവലയിലെ കലുങ്കിലിരുന്ന് അതു പറഞ്ഞവന്റെ കരണം പുകയ്ക്കുമ്പോൾ, അവളുടെ കണ്ണിൽ ആദ്യമായി അഗ്നി തെളിഞ്ഞു. ആ നോട്ടം തൊട്ടപ്പുറത്തെ ആൽച്ചുവട്ടിലിരുന്ന ബിനീഷിൽ ചെന്ന് നിന്നതും അവൻ തലതാഴ്ത്തി.
കാലം കടന്നുപോയി. പുതിയ വിഷയം കിട്ടിയപ്പോൾ നാട്ടുകാരവരെ മറന്നു. ഡിഗ്രിയും പീജിയും ബി എഡ്ഡും കഴിഞ്ഞു പിഎസ്സി എഴുതി അവൾ നാട്ടിലെ ഹൈസ്‌കൂളിൽ ടീച്ചർ ആയി ജോലിക്ക് കയറിയിട്ടും ആ മരച്ചുവട്ടിലെ ഇരിപ്പവൻ മുടക്കിയില്ല. കൺകോണിൽ അവിടേയ്ക്കൊരു കനത്ത നോട്ടം എറിയാൻ അവളും.
ആദ്യത്തെ ശമ്പളം അച്ഛന്റെ കയ്യിൽ ഏൽപ്പിച്ച ദിവസമാണ് ബിനീഷിനെ വിവാഹം ചെയ്യണമെന്നവൾ അയാളോട് പറഞ്ഞത്. അച്ഛന്റെ അനുഗ്രഹം വാങ്ങി ഒരിക്കൽ കൂടി തേവര് മഠത്തിന്റെ പടി കടന്നു ചെന്നപ്പോൾ അവൻ ഉമ്മറത്തുതന്നെ ഇരിപ്പുണ്ടായിരുന്നു. അപ്പോഴും അവന്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന താലി അധികാരത്തോടെ എടുത്താ മുഖത്തേക്ക് നീട്ടി അവളവനെ നോക്കി.
“ഇത് ഒരിക്കൽ കൂടി ഈ കഴുത്തിൽ കെട്ടിത്തരണം എന്നുപറയാൻ വന്നതാണ്.”
ഒരല്പം പോലും പതറാതെ, കണ്ണുകളിൽ പ്രണയം നിറച്ചു മനസു നിറഞ്ഞ ചിരിയോടെ പറയുന്ന അവളെ കണ്ട് അവനിൽ ആദ്യം അമ്പരപ്പാണുണ്ടായത്. അത് മെല്ലെ പുഞ്ചിരിയായി പരിണമിച്ചു. പിടിച്ചെടുത്തവന്റെ അല്ല, നേടിയെടുത്തവന്റെ ചിരി.
അവസാനിച്ചു.