ഒരുകാലത്തു നിങ്ങൾ ഇതുപോലെ കിടക്കുമ്പോൾ ഇങ്ങനെ കിടന്ന് ബുദ്ധിമുട്ടിക്കാതെ ഒന്ന് ചത്തിരുന്നെങ്കിൽ എന്ന് ആ മനുഷ്യൻ അന്ന് ചിന്തിച്ചിരുന്നെങ്കിൽ…

രചന: മഹാ ദേവൻ

ചത്തൂടെ നിങ്ങൾക്ക്? ഇങ്ങനെ കിടന്ന് മനുഷ്യനെ ബുദ്ധിമുട്ടിക്കാതെ ” എന്ന് നിരന്തരം മുന്നിൽ വന്നു പുലമ്പുന്ന മകന് മുന്നിൽ വിതുമ്പാൻ പോലും കഴിയാതെ അയാൾ കിടന്നു.

ഒന്ന് എഴുനേൽക്കാൻ കഴിഞ്ഞിരുന്നെങ്കിൽ അവൻ പറഞ്ഞ പോലെ ആരെയും ബുദ്ധിമുട്ടിക്കാതെ ചാവാമായിരുന്നു.

പക്ഷേ, അതിന് പോലും അവസരം തരാതെ തളർത്തിക്കളഞ്ഞ ദൈവത്തിനെ അയാൾ വാക്കുകൾ കൊണ്ട് ശപിക്കുകയായിരുന്നു.

” ഇങ്ങനെ ഒരു ഒഴിയാബാധപോലെ കിടത്തി മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെ ഒന്ന് വിളിച്ചൂടെ അങ്ങോട്ട് .. അങ്ങനെ എങ്കിലും കുറച്ച് കരുണ കാണിച്ചൂടെ ദൈവേ ” എന്ന് മനമുരുകിപ്പറയുന്ന അയാളുടെ ദയനീയാവസ്ഥ ആ ചുവരുകൾക്കുള്ളിൽ വിങ്ങിപിടയുമ്പോൾ പുറത്ത് അച്ചന്റെ മരണശേഷം മാത്രം കിട്ടുന്ന സ്വത്തിൽ കണ്ണുംനട്ട് ഇരിക്കുകയായിരുന്നു മകൻ.

” ഇയാളെ ഒന്ന് അങ്ങോട്ട്‌ കെട്ടിയെടുക്കാതെ ഈ കാണുന്നതിൽ ഒന്നും ചെയ്യാൻ കഴിയില്ലല്ലോടി . എത്ര കാലായി ഇങ്ങനെ കിടക്കുന്നു മനുഷ്യനെ ബുദ്ധിമുട്ടിക്കാൻ ” എന്ന് ചോദിക്കുന്ന ഭർത്താവിന് മുന്നിൽ നിൽക്കുമ്പോൾ സീതക്ക് സത്യത്തിൽ അയാളോട് പുച്ഛമായിരുന്നു.

” എങ്ങിനെയാണ് ഇങ്ങനെ ഒക്കെ ചിന്തിക്കാൻ കഴിയുന്നത് ” എന്നോർത്തുകൊണ്ട് നിൽക്കുന്ന അവളെ ഒന്ന് ഇരുത്തിനോക്കികൊണ്ട് അയാൾ ചോദിക്കുന്നുണ്ടായിരുന്നു ” നീ ഇത് ഏത് ലോകത്താടി. ഇവിടെ ഒന്നും അല്ലെ മനസ്സ്.. ഞാൻ പറയുന്നത് വല്ലോം കേൾക്കുന്നുണ്ടോ നീ ” എന്ന്.

അത്‌ കേട്ട് അവൾ ഒന്ന് ചിരിക്കുമ്പോലെ ചുണ്ടൊന്ന് കോട്ടികൊണ്ട് അയാൾക്ക് നേരെ തീരെ താല്പര്യം ഇല്ലാത്ത പോലെ നോക്കുമ്പോൾ അവൾ പറയുന്നുണ്ടായിരുന്നു

” ഞാൻ ഇതിൽ എന്ത് പറയാനാ… സ്വന്തം മകൻ അച്ഛന്റെ പുക കാണാൻ നിൽക്കുമ്പോൾ പിന്നെ എന്റെ വാക്കിന് എന്ത് പ്രസക്തി. എന്നാലും ഞാൻ ഒന്ന് പറയാട്ടോ.. നിങ്ങൾ ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും ക്രൂരതയാണ്. ഒന്നുല്ലെങ്കിൽ അച്ഛനല്ലേ.. നിങ്ങളെ ഇതുപോലെ എതിർത്തുനിന്ന് പറയാൻ മാത്രം ആളാക്കിയത് ആ മനുഷ്യൻ അല്ലെ. ഒരുകാലത്തു നിങ്ങൾ ഇതുപോലെ കിടക്കുമ്പോൾ ഇങ്ങനെ കിടന്ന് ബുദ്ധിമുട്ടിക്കാതെ ഒന്ന് ചത്തിരുന്നെങ്കിൽ എന്ന് ആ മനുഷ്യൻ അന്ന് ചിന്തിച്ചിരുന്നെങ്കിൽ ഇപ്പോൾ ഇതുപോലെ മനുഷ്യപറ്റില്ലാതെ ചിന്തിക്കാൻ നിങ്ങൾ ഉണ്ടാകുമായിരുന്നില്ല. അല്ലേലും ഈ കാലത്ത് ബന്ധങ്ങൾക്ക് ഒക്കെ ഇത്രേ വിലയുള്ളൂ..

വന്നു കേറിയവൾക്ക് ഇതൊന്നും പറയാനുള്ള അധികാരം ഇല്ലെന്ന് അറിയാം..പക്ഷേ, നിങ്ങൾക്കും വളർന്നു വരുന്നത് ഒരു മോൻ ആണ്. നാളെ ഇതുപോലെ നിങ്ങളെ ദൈവം കിടത്താതെ അങ്ങോട്ട്‌ പെട്ടന്ന് എടുക്കാൻ ഇപ്പഴേ പ്രാർത്ഥിച്ചുതുടങ്ങിക്കോ ” എന്ന്.

പിന്നെ അവൾ അകത്തേക്ക് നടന്നു.

റൂമിൽ അനങ്ങാൻ പോലും കഴിയാതെ അമ്മയച്ഛന്റെ അരികിലെത്തി കുറച്ചു വെള്ളം ആ ചുണ്ടുകളിൽ ഇറ്റിച്ചുകൊണ്ടുക്കുമ്പോൾ അയാൾ വിഷാദം കലർന്ന പുഞ്ചിരിയോടെ ചോദിക്കുന്നുണ്ടായിരുന്നു ” ഇപ്പോൾ അച്ഛനൊരു ഭാരാവാത്തത് മോൾക്ക് മാത്രല്ലേ? ജീവിതത്തിൽ കഷ്ട്ടപ്പെട്ടതെല്ലാം ന്റെ മോന് വേണ്ടി ആയിരുന്നു. പ്രാർത്ഥിച്ചതും അവന്റെ നല്ലതിന് ആയിരുന്നു. ഇപ്പോൾ ന്റെ മോനും പ്രാര്ത്ഥിക്കുന്നു, അച്ഛന് വേണ്ടി, ഈ ശല്യം ഒന്ന് ഒഴിഞ്ഞുകിട്ടാൻ.. ല്ലേ മോളെ? “

അത് പറയുമ്പോൾ ആ ചുണ്ടുകളിൽ ഒരു വരണ്ട ചിരി ഉണ്ടായിരുന്നു.

അയാളുടെ ചോദ്യങ്ങൾക്ക് മുന്നിൽ ഒന്നും പറയാൻ കഴിയാതെ ഇരിക്കുന്ന അവളുടെ കയ്യിൽ പതിയെ തൊട്ടു അയാൾ.

പിന്നെ ഒരു മൂലയിൽ നീക്കിവെച്ചിട്ടുള്ള ഇരുമ്പുപെട്ടിയിലേക്ക് വിരൽ ചൂണ്ടി അത്‌ എടുക്കാൻ ആവശ്യപെടുമ്പോൾ അവൾ കാര്യമറിയാതെ പോലെ അച്ഛനെ ഒന്ന് നോക്കികൊണ്ട് ആ പെട്ടിക്കരികിലെത്തി അതും എടുത്ത് അയാൾക്കരികിലിരുന്നു.

അതിൽ നിന്നും ഒരു കെട്ടു പേപ്പർ എടുത്ത് അവളെ നോക്കി പുഞ്ചിരിയോടെ അയാൾ പറയുന്നുണ്ടായിരുന്നു ” ഇത്രേം കാലം അധ്വാനിച്ചിട്ടും അച്ഛനെന്നു പറയാൻ ഈ സമ്പാദ്യമേ ഉളളൂ. ഇതിനു വേണ്ടിയാണ് ന്റെ മോൻ അച്ഛന്റെ മരണം ആഗ്രഹിക്കുന്നതെങ്കിൽ മരിക്കുന്നതിന് മുന്നേ ഇത് അവന്റെ കയ്യിൽ ഏല്പിക്കാം.
മക്കളെ കണ്ടും മാമ്പൂ കണ്ടും മോഹിക്കരുതെന്ന് ഒരു ചൊല്ലുണ്ട്. ഈ എല്ലുന്തിയ ശരീരത്തിൽ ബാക്കി നിൽക്കുന്ന ജീവൻ മോള് സ്നേഹത്തോടെ നീട്ടുന്ന ഈ അന്നത്തിലും വെള്ളത്തിലും ആണ്. ഈ കട്ടിലിനെ ഒറ്റക്കാക്കി പോകുമ്പോൾ എന്റെ ചിതക്കൊപ്പം ഈ കട്ടിലും കത്തിക്കണം. എന്റെ മകന് വേണ്ടി ഇങ്ങനെ ഒരു കട്ടിൽ പണിയാൻ ദൈവം ഇടവരുത്താതിരിക്കട്ടെ. “

അത്‌ പറയുമ്പോൾ അയാൾ ഒന്ന് ഞെരുങ്ങി. പിന്നെ വെപ്രാളത്തോടെ ശ്വാസം നീട്ടിവലിക്കുമ്പോൾ അവൾ പേടിയോടെ ” ഏട്ടാ ” എന്നും വിളിച്ച് പുറത്തേക്ക് ഓടി.

തിരികെ ഭർത്താവിനെയും കൂട്ടി റൂമിലേക്ക് ഓടിയെത്തുമ്പോൾ അവസാനശ്വാസത്തിന്റെ അറ്റത്തേക്ക് അടുക്കുകയായിരുന്നു ആ ജീവൻ.

” ഏട്ടാ, വണ്ടി വിളിക്ക്, ഹോസ്പിറ്റലിൽ പോവാം ” എന്നും പറഞ്ഞ് വേവലാതോയോടെ അച്ഛന്റെ നെഞ്ചിൽ ഉഴിയുന്ന അവളെ ഒന്ന് നോക്കികൊണ്ട് അയാൾ പറയുന്നുണ്ടായിരുന്നു

” ഇനി തിരിച്ചുപിടിക്കാൻ ഉള്ള ജീവൻ ഒന്നും ആ ശരീരത്തിൽ ഇല്ല. പിന്നെ എന്തിനാണ് വെറുതെ ആൾക്കാരെ കാണിക്കാൻ ഒരു ഷോ.. ഇങ്ങനെ കിടക്കാതെ ചാവാണെങ്കിൽ ചാവട്ടെ.. ” എന്ന്.

അത്‌ കേട്ട് അവൾ അയാളെ രൂക്ഷമായി ഒന്ന് നോക്കി. പിന്നെ അവസാനപിടപ്പിൽ കണ്ണുകൾ തള്ളി വെപ്രാളത്തിൽ പിടയുന്ന അച്ഛന്റെ ചുണ്ടിൽ വെള്ളം എത്തിക്കുമ്പോൾ ഒരു തുളളി തൊണ്ടയിൽ നിന്ന് ഇറങ്ങിയ ആ നിമിഷം ആ കണ്ണുകൾ പതിയെ അടഞ്ഞു.

നിശ്ചലമായ എ ശരീരത്തിലേക്ക് സങ്കടത്തോടെ നോക്കി ഇരിക്കുമ്പോൾ ” ആ തീർന്നല്ലോ, ന്നാ ഞാൻ എല്ലാവരേം വിവരം അറിയിക്കട്ടെ ” എന്നും പറഞ്ഞ് പുറത്തേക്കിറങ്ങാൻ തുടങ്ങുന്ന ഭർത്താവിന്റെ കയ്യിൽ അച്ഛൻ തന്ന വിൽപത്രം ഏല്പിക്കുമ്പോൾ അവൾ വെറുപ്പോടെ പറയുന്നുണ്ടായിരുന്നു ” ദേ, വെച്ചോ.. അച്ഛന്റെ സമ്പാദ്യം. ഇതിന് വേണ്ടിയല്ലേ നിങ്ങൾ…..നിങ്ങൾ ഒരു മകനാണോ? നിങ്ങൾക്ക് വേണ്ടി ജീവിച്ച ഈ മനുഷ്യന് വേണ്ടി ഒരു നിമിഷം പോലും നിങ്ങൾ ജീവിച്ചില്ലല്ലോ. സ്വന്തം സ്വാർത്ഥതക്ക് വേണ്ടി…. ഛെ “

അതും പറഞ്ഞ് അവൾ വെറുപ്പോടെ തല വെട്ടിക്കുമ്പോൾ അവൾ കയ്യിൽ വെച്ചു തന്ന പേപ്പറിലേക്ക് നോക്കി സന്തോഷത്തോടെ പുറത്തേക്ക് നടന്നു.

കയ്യിൽ കിട്ടിയ സ്വത്തിന്റ സന്തോഷത്തിൽ വീട്ടിൽ മരണം അറിഞ്ഞു വന്നവർക്ക് മുന്നിൽ മകന്റെ കടമ ഉത്തരവാദിത്വത്തോടെ ചെയ്തു അവൻ.

കർമ്മങ്ങൾക്ക് ശേഷം എല്ലാവരും പിരിഞ്ഞു പോയതിനു ശേഷം അച്ഛൻ കിടന്നിരുന്ന മുറിയിലെത്തി അവിടെ കിടന്ന കട്ടിൽ പുറത്തേക്കിട്ട് പുതിയ ഒരു കട്ടിൽ ആ മുറിയിലിട്ട് അതിൽ ഇരുന്നു അവൻ. പിന്നെ അതിയായ സന്തോഷത്തോടെ ഭാര്യ കയ്യിൽ ഏല്പിച്ച കവറിൽ നിന്നും അതിലുള്ള പേപ്പർ പുറത്തേക്കെടുത്തു തുറക്കുമ്പോൾ അവന്റ കണ്ണുകൾ അതിലെഴുതിയ അക്ഷരങ്ങളിലൂടെ പായുകയായിരുന്നു..

” അച്ഛന്റെ മോന്… ജീവിതത്തിൽ നമ്മൾ ഒരാൾക്ക് വേണ്ടി എന്ത് ചെയ്യുമ്പോഴും തിരിച്ചൊന്നും ആഗ്രഹിക്കാൻ പാടില്ലെന്ന. പക്ഷേ, അച്ഛൻ ആഗ്രഹിച്ചിട്ടുണ്ട്..മോന്റെ അച്ഛാ എന്നുള്ള ഒരു വിളി. സ്നേഹത്തോടെ അടുത്തൊന്നു ഇരുന്നിരുന്നെങ്കിൽ എന്ന്. ഇടക്കെപ്പോഴോ അച്ഛനും തോന്നി അച്ഛനെന്ന വാക്കിന്റെ സ്ഥാനം മകൻ ഒരു അച്ഛനാകും വരെ ആണെന്ന്. പിന്നെ ബാധ്യതയാണ് എന്നെ പോലെ പലരും.

ഞാൻ സമ്പാദിച്ചതെല്ലാം എന്റെ മകന് വേണ്ടി ആയിരുന്നു. പക്ഷേ, നിന്റെ ഈ മനസ്സ് കൊണ്ട് നാളെ നീ നേടാൻ പോകുന്ന സമ്പാദ്യം തന്നെ നിനക്ക് ഇന്ന് നൽകണം ഇന്ന് തോന്നിയത് കൊണ്ട് ഞാൻ എനിക്ക് എന്റെ ജീവനോളം വലിയ ഒന്ന് നിനക്ക് വേണ്ടി അച്ഛൻ മാറ്റിവെക്കുന്നു.

അച്ഛൻ കിടന്നിരുന്ന ഈ മുറി.

ഞാൻ ഈ മുറിവിട്ട് ഒഴിയുമ്പോൾ ഇവിടെ വേറെ ഒരു കട്ടിൽ നീ ഇടുമെന്ന് അച്ഛന് അറിയാം.. അല്ലെങ്കിലും അച്ഛൻ കിടക്കുന്ന പഴഞ്ചൻ കട്ടിൽ മോന് വേണ്ട അതങ്ങ് കത്തിച്ചേക്ക്. എന്നിട്ട് നല്ല ഉറപ്പുള്ള ഒരു കട്ടിൽ ഇടണം. ഈ അച്ഛനെ പോലെ ഒരു അവസ്ഥ വന്നാൽ ന്റെ മോൻ അതിന് പോലും മകന്റെ മുന്നിൽ കൈനീട്ടേണ്ട സ്ഥിതി വരരുത്. അതുകൊണ്ട് തന്നെ ആണ് ഈ മുറി നിന്റെ പേരിൽ എഴുതുന്നത്. നാളെക്ക് ഉപകാരപ്പെടും.

പിന്നെ ബാക്കിയുള്ള എല്ലാ സ്വത്തും ഈ അച്ഛൻ നിന്റെ മകന്റ പേരിൽ ആണ് എഴുതിവെക്കുന്നത്. അതും അവന് എന്തെങ്കിലും ഒന്ന് ചെയ്യണമെങ്കിൽ പതിനെട്ടു വയസ്സ് തികയുകയും വേണം. അതുവരെ ഈ വസ്തു വിൽക്കാനോ പണയപ്പെടുത്തയാണോ കഴിയില്ല എന്ന് സാരം.

ഇതിപ്പോ ഞാൻ ചാവാൻ കിടക്കുമ്പോൾ പോലും നിന്നോട് ഇങ്ങനെ ചെയ്തത് എന്താണെന്ന് നീ ചിന്തിക്കുന്നുണ്ടാകും അല്ലെ?

സ്നേഹം കൊണ്ടാ മോനെ.. എന്റെ മോനോടുള്ള ഈ അച്ഛന്റെ സ്നേഹം.
അച്ഛന്റെ സ്വത്തിന് വേണ്ടി നീ അച്ഛന്റെ മരണം ആഗ്രഹിച്ച പോലെ നിന്റെ വയസ്സ് കാലത്ത് നിന്റെ സ്വത്തിനു വേണ്ടി നിന്റെ മരണം നിന്റെ മകൻ ആഗ്രഹിക്കാതിരിക്കാൻ വേണ്ടി.

അത്‌ ഒരച്ഛനും സഹിക്കാൻ കഴിയില്ല കുഞ്ഞേ..

അപ്പൊ അച്ഛന്റെ മുറി ഇനി ന്റെ മോന് ഉള്ളതാണ്. നാളെ അച്ഛന്റെ മരണം കൊതിക്കുന്ന ഒരു മകൻ ആവാതിരിക്കട്ടെ നിന്റെ മകൻ. അങ്ങനെ ഒരു അവസ്ഥ ന്റെ കുട്ടിക്ക് ഉണ്ടായാൽ എന്റെ ആത്മാവ് അത്‌ സഹിക്കില്ല മോനെ.. ഞാൻ നിന്റെ അച്ഛനായി പോയില്ലേ “

ആ വാക്കുകളിലൂടെ സഞ്ചരിക്കുന്ന അവന്റെ കണ്ണുകളിൽ നിന്ന് അവൻ പോലും അറിയാതെ രണ്ട് തുളളി കണ്ണുനീർ അടർന്നുവീഴുമ്പോൾ തെക്കേത്തൊടിയിൽ കെട്ടടങ്ങാത്ത കനൽ അപ്പോഴും നീറിനീറികത്തുന്നുണ്ടായിരുന്നു.