വിവാഹം ~ രചന: അമ്മാളു
നന്ദേ നിക്ക് വിവാഹം കഴിക്കണം..
ഹഹഹഹ… നന്ദ പൊട്ടിച്ചിരിച്ചു.
നീ എന്തിനാ ചിരിക്കുന്നെ.. ഇവിടിപ്പോ ചിരിക്കാൻ മാത്രം ആരേലും എന്തേലും പറഞ്ഞോ.
ലച്ചൂന്റെ ചോദ്യം അല്പം കനത്തിൽ ആയിരുന്നു.
അല്ല പിന്നെ, ഇതൊക്കെ കേട്ടാൽ ആരാ പെണ്ണേ ചിരിക്കാതിരിക്കുന്നെ.
ഏതൊക്കെ കേട്ടാൽ..?? ലച്ചു നെറ്റി ചുളിച്ചു കൊണ്ട് നന്ദിനിയുടെ കണ്ണുകളിലെക്ക് നോക്കി ചോദിച്ചു.
അല്ല ലച്ചു നീ സീരിയസ് ആയിട്ടാണോ..?
അതെ നന്ദാ..
അവസാന സെമസ്റ്റർ ഡിഗ്രി പരീക്ഷ കഴിഞ്ഞു കൂട്ടുകാരോട് യാത്ര പറഞ്ഞിറങ്ങാൻ നിൽക്കവേ നന്ദിനിയേ മാത്രം മാറ്റി നിർത്തി ലച്ചു ഇത് പറയുമ്പോൾ നന്ദക്ക് ചിരി അടക്കാൻ കഴിഞ്ഞിരുന്നില്ല.
ലച്ചൂന്റെ കാര്യങ്ങൾ ഒക്കെയും അറിയാവുന്ന അവളുടെ ഒരേയൊരു സുഹൃത്ത് നന്ദയായിരുന്നു
ലച്ചു അത് പറയുമ്പോൾ അവളുടെ മുഖത്തെ എന്നത്തേയും കളി ചിരികളും പൊട്ടത്തരവും ഒന്നും ഇല്ലായിരുന്നു.
പഠിക്കുന്നത് ഇരുവരും ഒന്നിച്ചാണെങ്കിലും പ്രായത്തിൽ ലച്ചുനേക്കാൾ 3 വർഷം മുന്നിലായിരുന്നു നന്ദ.
ഇന്നവൾക്ക് വയസ്സ് ഇരുപത് തികഞ്ഞു. അവളെക്കാൾ മൂന്ന് വയസ് മുന്നിലുള്ള നന്ദക്ക് പോലും വിവാഹജീവിതത്തെ പറ്റി ഒരു ചിന്തയോ അല്ലെങ്കിൽ പ്രായത്തിനനുസരിച്ചുള്ള പക്വതയൊ കൂടി വന്നിട്ടില്ല.
എന്നാൽ ലച്ചു അങ്ങനാരുന്നില്ല. വളർച്ചയുടെ ഓരോ പടവുകൾ കയറുമ്പോഴും അവളുടെ ഉള്ളിൽ സ്വന്തം വിവാഹം മാത്രമായിരുന്നു ലക്ഷ്യം.
കല്യാണത്തെ പറ്റി അമ്മയോട് പറഞ്ഞപ്പോൾ അമ്മയുടെ മറുപടി അവൾ പ്രതീക്ഷിച്ചപോലെ തന്നെ വാഴക്കായിരുന്നു.
അമ്മയുടെ ഭാഗം ഇപ്പളെ വിവാഹം ഒന്നും കഴിക്കണ്ട അതിനുള്ള പ്രായം നിനക്കായിട്ടില്ല എന്നതായിരുന്നു.
പക്ഷേ ലച്ചുനു തന്റെ തീരുമാനത്തിൽ നിന്നും പിന്മാറാൻ ഉദ്ദേശം ഇല്ലായിരുന്നു.
അവൾ വീണ്ടും വാശി പിടിച്ചുകൊണ്ടേയിരുന്നു.
പരീക്ഷകൾ എല്ലാം തരക്കേടില്ലാതിരുന്നത് കൊണ്ട് വിജയം ഉറപ്പിച്ചിരുന്ന ലച്ചു മനപ്പൂർവ്വം അവയിൽ ഉഴപ്പ് കാണിച്ചു.
അവൾക്കറിയാമായിരുന്നു നല്ല മാർക്കോടെ വിജയിച്ചാൽ തുടർന്ന് പഠിക്കേണ്ടി വരുമെന്ന്.
അതുകൊണ്ടവൾ മനപ്പൂർവ്വം പരീക്ഷകളിൽ ഉഴപ്പുകയായിരുന്നു.
റിസൾട്ട് വന്നപ്പോൾ ക്ലാസ്സിൽ പിന്നോക്കം നിന്ന നന്ദയേക്കാളും പിന്നിൽ ആയി ലച്ചുവിന്റെ സ്ഥാനം.
അങ്ങനെ പഠിക്കാൻ ഇനി കഴിയില്ല എന്നവൾ ഉറപ്പിച്ചു പറഞ്ഞു വീട്ടിൽ.
തനിക്കില്ലാത്ത ദണ്ണം എന്തിന് മറ്റുള്ളോർക്ക് എന്ന് അച്ഛനുമമ്മയും ചിന്തിച്ചിട്ടാവണം മകളുടെ വാശിക്ക് സമ്മതം മൂളി അവർ.
ഒന്ന് രണ്ടു മാസത്തിനിടയിൽ ചെറുക്കനെ കണ്ടുപിടിക്കലും പെണ്ണ് കാണലും നിശ്ചയവും ഒക്കെ ഭംഗിയായി നടന്നു.
അങ്ങനെ വിവാഹം അടുത്തു തുടങ്ങി എല്ലാവരും അവരവരുടെ തിരക്കുകളിൽ മുഴുകി.
വീടുമുഴുവൻ ബന്ധുമിത്രാദികളും കുട്ടികളും കളിചിരികളും പാട്ടും ബഹളവുമൊക്കെയായി എല്ലാവരും വളരെ സന്തോഷത്തിലായിരുന്നു.
വാലിട്ടെഴുതിയ അവളുടെ കുഞ്ഞു കണ്ണുകൾ മിഴിനീർക്കങ്ങളാൽ തിളങ്ങുന്നത് കണ്ട നന്ദ തനിക്കരികിലേക്ക് ചേർന്ന് നിന്ന് ആരും ശ്രദ്ധിക്കാത്ത വിധം അവളെ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു.
മൂന്ന് വർഷത്തെ കോളേജ് ക്യാമ്പസിനകത്തെ പരിചയമേ അവർ തമ്മിലുള്ളൂവെങ്കിലും നന്ദ അവളുടെ കൂടെ പിറക്കാത്ത കൂടപ്പിറപ്പുകൂടിയായിരുന്നു തനിക്ക്.
തന്റെ എല്ലാ കുസൃതികൾക്കും ക്യാമ്പസിൽ മറ്റുള്ളവർക്ക് മുൻപിൽ ഒരു കോമാളി കളിച്ചു നടന്ന് എല്ലാവരെയും രസിപ്പിക്കുമ്പോഴും തന്റെ ഉള്ള് പിടയുന്നത് നന്ദക്ക് മാത്രം കാണാമായിരുന്നു.
വിവാഹം കഴിഞ്ഞു ലച്ചു യാത്രയായി.
ഒരു ദിവസം പോലും വീട്ടിൽ നിന്ന് മാറി നിന്നിട്ടില്ലാത്ത ലച്ചുന് ആദ്യ ദിവസം ഭർത്താവിന്റെ വീട്ടിൽ ആകെയൊരു വീർപ്പുമുട്ടൽ അനുഭവപ്പെട്ടു.
ആളും ബഹളവും എല്ലാം തീർന്നു അല്ല തീർത്തു നന്ദൻ മുറിയിലേക്ക് വരുമ്പോൾ ലച്ചു ജനലിന്റെ ഓരം ചേർന്ന് പുറത്തേക്ക് നോക്കി നിൽക്കുകയായിരുന്നു.
നന്ദൻ വന്നതറിയാതെ ലച്ചു അതേപടി നിൽപ്പാണ്.
അച്ഛന്റെയും അമ്മയുടെയും ഇന്നത്തെ സന്തോഷം അവരിലെ മാറ്റം അവൾക്കെത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നുണ്ടായിരുന്നില്ല.
ആലോചനയിൽ മുഴുകിയിരുന്ന ലച്ചുവിന്റരികിലേക്ക് നന്ദൻ ചെന്നതും പെട്ടന്നവൾ തിരിഞ്ഞു നോക്കി.
തന്റെ മുഖത്തെ സങ്കടം അവളറിയാതെ തന്നെ അവൻ വായിച്ചെടുത്തിരുന്നു.
ലച്ചു…ഞാനൊരു കാര്യം ചോദിക്കട്ടെ.
ഉം.. ലച്ചു മൂളി…
താൻ ഒരു വിവാഹം കഴിച്ചു ജീവിക്കുന്നത് കണ്ടാലെങ്കിലും അച്ഛനുമമ്മയും ഒന്നിക്കുമെങ്കിൽ അതെങ്കിലും അവർക്കു വേണ്ടി ചെയ്യണം ന്ന് വിചാരിച്ചല്ലേ ഇത്ര വേഗം ഒരു വിവാഹം കഴിക്കണമെന്ന് താൻ വാശി പിടിച്ചത്.. ?
ലച്ചു ആശ്ചര്യത്തോടെ നന്ദനെ നോക്കി.
നന്ദന്റെ ചോദ്യതിനുള്ള ഉത്തരം അവളിലെ സങ്കടങ്ങളെ പിടിച്ചു നിർത്താൻ കഴിഞ്ഞില്ല എന്നതായിരുന്നു.
ഏങ്ങലടിച്ചു കരയുന്ന ലച്ചുവിന്റെ മുഖം ഇരുകൈളാലും ഉയർത്തി പിടിച്ചു നന്ദൻ പറഞ്ഞു തുടങ്ങി..
എന്തിനാടോ ഈ സങ്കടം ഇതുവരെയും കരയുകയായിരുന്നില്ലേ.. ഇനി വേണ്ടാ.
നന്ദന്റെ വാക്കുകൾ തന്നിൽ ആകെയൊരാശയക്കുഴപ്പം തീർക്കുകയായിരുന്നു അപ്പോൾ.
എങ്ങനെ അറിഞ്ഞു തന്റെ മനസ്സ് എന്ന അർത്ഥത്തിൽ ലച്ചു മുഖമുയർത്തി ആശ്ചര്യത്തോടെ നോക്കി നന്ദനെ.
നന്ദിനിക്കുട്ടിയോട് മനസ്സ് തുറന്നപോലെ എന്നോട് മനസ്സ് തുറക്കാൻ കഴിയില്ലേ ഇന്നുമുതൽ “ലക്ഷ്മി നന്ദൻ എന്ന ന്റെ ലച്ചൂട്ടിക്ക്.
നന്ദിനി… ??ലച്ചു ചോദ്യഭാവത്തിൽ പറഞ്ഞു.
അതെ ലച്ചു ലച്ചൂന്റെ സ്വന്തം നന്ദ.. അവൾ ഞങ്ങളുടെ നന്ദിനിക്കുട്ടിയാണ്.
ഇവിടുത്തെ അച്ഛന്റെ ഇളയ സഹോദരന്റെ മകൾ.
തന്നെ പരിചയപ്പെട്ട നാൾ മുതൽ ഉള്ള വിശേഷങ്ങൾ അവൾ എന്റടുത്തു വന്നു പറയുമായിരുന്നു.
അച്ഛൻ ബിസിനസ്‌മാൻ അമ്മ ഹൗസ് വൈഫ് ഇരുവരുടെയും ഒരേയൊരു മകൾ ലക്ഷ്മി മേനോൻ എന്ന അവളുടെ പ്രിയ കൂട്ടുകാരി ലച്ചു.
അപ്പൊ എല്ലാം അറിഞ്ഞുകൊണ്ടാണോ എന്നെ വിവാഹം കഴിക്കാൻ തീരുമാനിച്ചത്. ലച്ചു സംശയത്തോടെ ചോദിച്ചു.
അല്ല..
പിന്നെ.. ?
നന്ദിനിക്കുട്ടിയുടെ ഈ കുസൃതി കൂട്ടുകാരിയെ എനിക്ക് ഇഷ്ടമായിരുന്നു.
പക്ഷേ, ഞാൻ അതവളോട് പറഞ്ഞില്ല. അവൾ എന്ത് വിചാരിക്കും എന്നോർത്ത് ഒരു മടി ഉണ്ടായിരുന്നു പറയാൻ.
പക്ഷേ, അപ്രതീക്ഷിതമായി ഒരിക്കെ നന്ദൂട്ടി എന്നെ കാണാൻ ഓഫീസിലേക്ക് വരികയുണ്ടായി.
അന്ന് കുറെ നേരം സംസാരിച്ചിട്ടാ പോയത്.
അന്നത്തെ അവളുടെ സംസാരത്തിൽ മുഴുവനും താനായിരുന്നു. തന്റെ പ്രശ്നങ്ങൾ ആയിരുന്നു.
“ലച്ചു കല്യാണം കഴിക്കണമെന്ന് വാശി പിടിച്ചു കരയുകയാണ് വല്യേട്ടാ എന്നവൾ പറയുമ്പോൾ ” തന്റെ പ്രശ്നങ്ങളെ ഞാൻ ന്റെ നന്ദൂട്ടിയുടെ പ്രശ്നങ്ങളായാണ് കണ്ടത്.
പക്ഷേ എന്നെ അതിശയിപ്പിച്ചുകൊണ്ടവൾ ” വല്യേട്ടന് എന്റെ ലച്ചൂനെ വിവാഹം കഴിക്കാമോ എന്ന് ചോദിച്ചപ്പോൾ ദൈവത്തോട് ഒരായിരം നന്ദി പറയുകയായിരുന്നു ഞാൻ.
അച്ഛന്റെ ബിസിനസ് തകർന്നതും എന്തിനും ഏതിനും അമ്മയോട് വഴക്കിട്ടു കള്ളും കുടിച്ച് കൂട്ടുകാരോടൊത്ത് പാടത്തും കടത്തിണ്ണയിലും കഴിച്ചുകൂട്ടിയ എത്രയെത്ര ദിനരാത്രങ്ങൾ.
അന്നൊക്കെയും കെട്ടിയ പെണ്ണും മകളും വീട്ടിൽ തനിച്ചാണെന്ന് പോലും ചിന്തിക്കാതെ ഉത്തരവാദിത്വങ്ങളെ മുഴുവനായല്ലെങ്കിലും സാഹചര്യസമ്മര്ദങ്ങള് മൂലം അവഗണിച്ചപ്പോൾ അമ്മയുടെ ഭാഗം ന്യായീകരിക്കാൻ അമ്മയും പഞ്ചപുച്ഛമടക്കി നിന്നിരുന്നില്ല.
ഡിവോഴ്സ് എന്നും പറഞ്ഞു കോടതി കേറിയിറങ്ങിയ എത്രയെത്ര ദിനങ്ങൾ..
ഇരുവരുടെയും വാശി ജയിക്കാൻ തമ്മമ്മിൽ കുറ്റപ്പെടുത്തിയപ്പോൾ പഴിചാരിയപ്പോൾ വഴക്കുകൾക്കിടയിൽ കിടന്നു വീർപ്പു മുട്ടുകയായിരുന്ന മകളെ കുറിച്ചവരും ഓർത്തില്ല.
പക്ഷേ, അന്നൊരുനാൾ നിശ്ചയം കഴിഞ്ഞു നന്ദക്കൊപ്പം താൻ പുറത്തു പോയ ദിവസം തന്റെ അച്ഛനെ കാണാൻ ഞാൻ വീട്ടിൽ വന്നിരുന്നു.
ഇരുവരോടും മകളുടെ ഉള്ളിലെ എരിയുന്ന കനലുകളെ അണയ്ക്കാൻ ഇനിയെങ്കിലും അവൾക്കു വേണ്ടിയെങ്കിലും സന്തോഷത്തോടെ ജീവിക്കണമെന്നപേക്ഷിക്കുമ്പോൾ എന്റെ കാലിൽ വീണാമനുഷ്യൻ ഒരായുസ്സിന്റെ പാപം കഴുകിക്കളയുകയായിരുന്നു.
എന്റെ ബുദ്ധിമോശം കൊണ്ട് നിക്കൊന്നും അവൾക്കായി ചെയ്ത് കൊടുക്കാൻ കഴിഞ്ഞില്ല മോനെ എന്തിനേറെ പറയുന്നു അവളുടെ പ്രശ്നങ്ങൾ കേൾക്കാനോ, അവളെ മനസ്സിലാക്കാനോ ഞാൻ ഒന്ന് ശ്രമിച്ചിരുന്നില്ല.
മോൻ ഈ അച്ഛനോട് ക്ഷമിക്കണം എന്നദ്ദേഹം പറയുമ്പോൾ അച്ഛന് പിന്നിൽ നിന്നമ്മയുടെയും മിഴികൾ നീർക്കങ്ങളാൽ തിളങ്ങുകയായിരുന്നു.
ഒരന്ന്യ പുരുഷന്റെ അടുതിങ്ങനെ നിൽക്കുന്നത് പോലും ലച്ചു ആദ്യമായിട്ടാണ്.
പക്ഷേ, അവൾക്കതിന്റേതായ ഒരു പേടിയോ വെപ്രാളമോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല അപ്പോൾ.
അച്ഛനോടെന്നപോൽ എല്ലാം തുറന്നു പറയാനും വിഷമം വരുമ്പോൾ നെഞ്ചോരം ചേർന്ന് പൊട്ടിക്കരയാനും ഒക്കെയുള്ള സുരക്ഷിതമായ ഇരു കൈകൾ ആയിരുന്നു നന്ദനപ്പൊൾ ലച്ചൂട്ടിക്ക്.
ഇരുപത് വർഷക്കാലം ഉള്ളിൽ കൊണ്ടുനടന്നൊരു ഭാരം നന്ദനിലൂടെ ഇറക്കിവെച്ചപ്പോൾ ഒരു കുഞ്ഞിനെപ്പോലവൾ സങ്കടം തീരും വരെ നന്ദന്റെ നെഞ്ചോരം ചേർന്ന് പൊട്ടിക്കരയുകയായിരുന്നു.
ഒപ്പം ആ നിമിഷം ഒരച്ഛന്റെ, ചേട്ടന്റെ, ഭർത്താവിന്റെ എല്ലാ കരുതലും സ്നേഹവും അവളാസ്വദിക്കുന്നുണ്ടായിരുന്നു.