പേരമരവുംമുല്ലവള്ളിയും
രചന: അമ്മാളു
ചായ്പ്പിലെ പേരമരത്തിലേക്ക് ഇഴതൂർന്നു വളർന്ന മുല്ലവള്ളിയിൽ വിരിഞ്ഞ പൂക്കൾ ഓരോ ദിനവും കൊഴിഞ്ഞു വീണുകൊണ്ടിരുന്നു.
പൂക്കൾ ശേഖരിക്കാൻ കുട്ടികളോ പൂവിനെത്തേടിയെത്താൻ ശലഭങ്ങളോ എത്തിയിരുന്നില്ല കാരണം ഇരുവരും തന്നെ കൂട്ടിലടക്കപ്പെട്ടിരുന്നു.
തന്റെ നിർബന്ധമാണ് ഈ പേരമരം ഇന്നും മുറിക്കപ്പെടാതെ നിൽക്കുന്നത്. കാരണം , മനസ്സിന്റെ വിങ്ങലുകളിൽ ഒളിപ്പിച്ചു വെച്ച രൂപത്തിന് പേരമരവും മുല്ലവള്ളിയും തണലായിരുന്നു.
അനശ്വരമെന്ന് വിശേഷിപ്പിക്കാമോ എന്നറിയില്ല…. എങ്കിലും എന്റേത് പ്രണയമായിരുന്നു… കാർത്യായനിയെന്ന കാത്തുവും ദാമോധരനെന്ന ദാമുവും ആസ്വദിച്ച പ്രണയം.
അൻപതാം വയസ്സിൽ ഈ ഫ്ലാറ്റിൽ ഒറ്റപ്പെടുമ്പോൾ വീർപ്പുമുട്ടുമ്പോൾ പലതവണ ആഗ്രഹിച്ചതാണ് എന്റെ നാട്ടിലെ കാവിലെ തടി ബെഞ്ചിൽ തലചായ്ച്ചു ഉറങ്ങണമെന്ന്.
നിനച്ചതാണ് വയലിന് നടുവിലെ തോട്ടിൽ കുളിക്കണമെന്നത്. അണുക്കളെയോ രോഗങ്ങളെയോ പ്രായത്തെയോ ഭയക്കാതെയുള്ള സ്നാനം.
നാളെ എന്റെ ദിനമാണ് കൊഴിഞ്ഞുപോയ അല്ല തല്ലിക്കൊഴിച്ച പ്രണയവും വിട്ടുകളഞ്ഞ ഗ്രാമവും കാണാനുള്ള യാത്ര…. !!
***************
പാടവരമ്പിലെ തോടിന്റെ ഇരു വശങ്ങളിൽ പുല്ലുകൾ വിളഞ്ഞു നിന്നിരുന്നു…അവയെ പിന്നിലേക്ക് വളച്ചുകൊണ്ട് പാവാടയുടെ തുമ്പിൽ പിടിച്ചുകൊണ്ടു വശം ചേർന്ന് അവളിരുന്നു..
ഒരടിയോളം അകലത്തിലാണ് എന്റെ സ്ഥാനം…. ഞങ്ങളുടെ പിന്നിലായി വളർന്നു നിന്നിരുന്ന പേരമരവും അതിലേക്കു പന്തലിച്ച മുല്ലവള്ളിയും നൽകിയ സുഗന്ധം ഞങ്ങളുടെ പ്രണയത്തിന്റെ ആക്കം കൂട്ടിയിരുന്നു.
വീശിയ ഇളം കാറ്റിൽ അടർന്നു വീണ ഒരു മുല്ലപ്പൂവ് അവളുടെ കൺപീലികളിൽ തട്ടി വീണു…. അവളുടെ കണ്ചിമ്മലുകൾ കുസൃതിയായി എന്നിൽ പതിച്ചു..
” പ്രണയം പൂക്കളാണല്ലേ ??!!”
ശബ്ദം താഴ്ത്തിയാണ് ഞാൻ അവളോട് ചോദിച്ചത്…
ഇരുവശത്തേക്കും അവൾ തിരിഞ്ഞു നോക്കി..ദൂരെയുള്ള പുരയിലേക്ക് നോക്കി അവൾ മൊഴിഞ്ഞു…
” പൂക്കളും പ്രണയമാണ് “
മെല്ലെ പുഞ്ചിരിക്കാനാണ് എനിക്ക് തോന്നിയത്…. ശെരിയായ ന്യായം പറഞ്ഞു എനിക്ക് ഒരിക്കലും അവളെ ജയിക്കാനായിട്ടില്ല..
കുളത്തിൽ നിന്നും മീൻ പിടിക്കുന്നത് ഞാൻ നിർത്തിയത് അവളുടെ നിഷ്കളങ്കമായ ഒരൊറ്റ ചോദ്യത്തിൽ നിന്നുമാണ്..
” ജീവിച്ചു മരിക്കാൻ അവയ്ക്കും അവകാശമില്ലേ ??”
ശെരിയാണ്.. അവൾ പഠിപ്പിക്കുന്നതും പറയുന്നതും ശെരികൾ.. പ്രണയം മൂര്ധന്യാവസ്ഥയിൽ എത്തിയപ്പോൾ ശരീരത്തിലേക്ക് പ്രണയത്തെ ഉൾക്കൊള്ളാൻ വിസമ്മതിച്ചപ്പോഴും അവളുടെ ന്യായം അര്ഥപൂര്ണമായിരുന്നു.
” പ്രണയത്തിന്റെ അവസാനമാണ് കാമം”
അതിനർത്ഥം താലിച്ചരടാണെന്ന് പറയാതെയവൾ പറഞ്ഞപ്പോൾ… ആദ്യം അറിയിച്ചത് എന്റെ തറവാട്ടിലായിരുന്നു…ഉയർന്ന സാമ്പത്തികത്തിന്റെ അഹങ്കാരം പടർന്നിരുന്ന എന്റെ കാരണവർ വിലക്കിയെങ്കിലും..എന്റെ മനസ്സിൽ ഒരു നാടുകടക്കൽ പദ്ധതി ഉയർന്നിരുന്നു.
പേരമരത്തിന്റെ താഴെ മുല്ലപ്പൂക്കൾ പൊട്ടിക്കുകയായിരുന്ന അവളിലേക്ക് പദ്ധതി പകർന്നപ്പോൾ മൗനത്തിന്റെ വിലക്കായിരുന്നു അവൾ നൽകിയത്..
പൂക്കൾ മുട്ടുൾപ്പടെ എന്റെ കൈകളിലേക്ക് അവൾ പകർന്നു.
അതിന്റെ ഗന്ധം നുകരാൻ അവൾ എന്നോട് ആവശ്യപ്പെട്ടു.. അവളുടെ ഇടംകയ്യാൽ എന്റെ മിഴികൾ അവൾ മൂടി..
” ഈ പൂക്കൾക്ക് ഇപ്പോൾ വശ്യമായ സൗരഭ്യമുണ്ട് അതാണ് ഇപ്പോൾ നമ്മുടെ പ്രണയം….”
താഴെ കിടന്നിരുന്ന അഴുകിയ പൂക്കൾ എന്റെ കൈകളിൽ നൽകി വീണ്ടും മണത്തുനോക്കാൻ അവൾ ആവശ്യപ്പെട്ടു…
” തളർന്നു കിടക്കുന്ന അമ്മയെയും പ്രായമായ അച്ഛനെയും ഉപേക്ഷിക്കുന്ന എന്റെ പ്രണയം ഇവയെപ്പോലെ അരോചകമായിരിക്കും….. “
അവളുടെ മിഴികളിലേക്ക് ഞാൻ നോക്കിയില്ല.. കാരണം തിളക്കമുള്ള ആ കണ്ണുകളിൽ മറ്റൊന്ന് കാണാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല….
പതിവുപോലെ വിദൂരതയിലേക്ക് നോക്കി ഞങ്ങൾ ഇരുന്നു…
” നിന്റെ പ്രണയം മുഴുവനായും നീ എന്നിലേക്ക് പകർന്നു ദാമു. ഒരുപക്ഷെ ഒരു ഭാര്യയിൽ നീ അത് നല്കണമെന്നില്ല…. നീ വീട്ടുകാർ പറയുന്നത് കേൾക്കുക…”
“എങ്ങനെ….? ഞാൻ വിളിച്ചാൽ നീ വരുമല്ലോ…. എനിക്കും അവകാശപ്പെട്ട വീടാണ്…. ആർക്കും നമ്മളെ ഇറക്കി വിടാൻ കഴിയില്ല… “
” ദാമു….. അറുത്തുമാറ്റുന്നത് നമ്മെ ഇരുവരെയുമാകും. മനുഷ്യത്വത്തെ അപേക്ഷിച്ചു പാരമ്പര്യവും അന്തസ്സുമാണ് നിന്റെ വീട്ടുകാർക്ക് വലുത് ..
നിന്റെ കുടുംബം നമ്മെ വകവരുത്തും മരണം ഒരിക്കൽ സംഭവിക്കും ഭയന്നിട്ടല്ല…എന്റെ അച്ഛനും അമ്മയ്ക്കും ഞാനേയുള്ളൂ “
ഏറെ നേരം ഞാൻ അവളുടെ മിഴികളിലേക്ക് തന്നെ നോക്കിയിരുന്നു…. എന്നാൽ അവൾ എന്നെയൊന്നു നോക്കിയതേയില്ല…. അവൾ പോകുമ്പോൾ അന്ന് ശേഖരിച്ച മുല്ലപ്പൂക്കൾ എന്റെ കൈകളിൽ അവൾ ഏൽപ്പിച്ചിരുന്നു…
ആ നാടിനെ പ്രവർത്തികളെ വെറുക്കുകയായിരുന്നു പിന്നീടുള്ള ഓരോ നിമിഷവും…നാടിനെ വിട്ടുപോകുവാനാണ് തുടർ വിദ്യാഭ്യാസത്തിന് അന്യദേശം തിരഞ്ഞെടുത്തത്….ഹൃദയത്തിന്റെ കോണിൽ അവളെ തളച്ച് വേറൊരു പെൺകുട്ടിയെ ഭാര്യയായി തിരഞ്ഞെടുക്കുകയും ചെയ്തു..
***************
ഒരുപാട് വർഷങ്ങൾക്കു ശേഷമാണു ഈ നാട്ടിൽ തിരികെയെത്തുന്നത് ആകെ പോകുവാൻ അവളുടെ വീട് മാത്രം
തങ്ങളുടെ സ്വപ്‌നങ്ങൾ ഒളിഞ്ഞിരിക്കുന്ന പാടം തരിശുനിലമായി മാറിയിരിക്കുന്നു.. പേരമരമോ മുല്ലവള്ളിയോ ഇല്ലാതെ അനാഥമായ
തങ്ങളുടെ ലോകം..
അവളുടെ വീട്ടുപടിക്കലെത്തിയപ്പോൾ ആദ്യം ശ്രദ്ധവീണത് മുന്നിലെ പേരമരമായിരുന്നു.. അതിലാകെ പടർന്നിരിക്കുന്ന മുല്ലവള്ളിയും…അവളും ഭർത്താവും സന്തോഷത്തോടെ എന്നെ ആനയിച്ചു… അവളുടെ കണ്ണുകളിലെ തിളക്കം നഷ്ടമായിരുന്നു.. പക്ഷേ മുഖം പ്രസന്നമായിരുന്നു..അവൾ അവളുടെ ഭർത്താവിൽ സന്തോഷവതിയെന്ന് അവളുടെ മുഖം തെളിയിച്ചു…
ഊണ് കഴിഞ്ഞു മുറ്റത്തേക്കിറങ്ങി പേരമരച്ചുവട്ടിൽ സ്ഥാനമുറപ്പിച്ചു…. വളരെ നാളുകൾക്കു ശേഷമാണു മണ്ണിൽ നഗ്നപാദനായി സ്പർശിക്കുന്നത് തന്നെ എന്തോ ഒരു കുളിര് ദേഹമാസകലം പകർന്നു…പതിനെട്ടു വയസ്സ് തോന്നിക്കുന്ന ഒരു പെൺകുട്ടി എന്റരികിലേക്ക് വന്നു…കൃത്യം കാത്തുവിന്റെ പകർപ്പ്… എന്നോട് എന്തൊക്കെയോ കുശലം അവൾ ചോദിച്ചു.
എണീറ്റു നിന്ന് മുല്ലപ്പൂക്കൾ ശേഖരിക്കുകയായിരുന്ന അവളിൽ തന്നെ ഞാൻ കണ്ണുനട്ടു…
അടർന്നു വീണ ഒരു പൂവ് അവളുടെ മിഴിയിലൂടെ ഊർന്ന് വീണു. ഭൂതകാലസ്മരണ പോലെ അവളോട് ഞാൻ ചോദിച്ചു..
“പ്രണയം പൂക്കളാണല്ലേ ??”
ആ കുരുന്നു കണ്ണുകളിൽ ഒരുതരം പ്രകാശം മിന്നിമാഞ്ഞു. കുസൃതിച്ചിരിയോടെ അവൾ മൊഴിഞ്ഞു..
” പൂക്കളും പ്രണയമാണ് “
വീണ്ടും ആ കണ്ണുകളിൽ നിന്നും മിഴികളടർത്തി മുല്ലപ്പൂക്കളിലേക്ക് ഞാൻ കണ്ണുനട്ടു…
” അവൾ പറഞ്ഞത് ശെരിയാണ്… തന്റേത് പ്രണയമായിരുന്നു.. അത് അവളിൽ നിറയ്ക്കുകയും ചെയ്തു….പ്രണയം പ്രകൃതിയാണ്… അനശ്വരമാണ് “
ഭൂതകാലത്തിന്റെ അനന്തതയിലേക്ക് മെല്ലെ ഞാൻ ഊളയിട്ടു.. ശെരിയുടെ മാത്രം ലോകത്തിലേക്ക്….