ഒന്നിച്ചു സ്കൂളിലേക്കുള്ള യാത്രകളിലെല്ലാം സംസാരം എപ്പോഴും ഇതുവരെയും സാധിക്കാത്ത ഒരാഗ്രഹം ഉള്ളിൽ കിടന്നു വീർപ്പു മുട്ടുന്നതിനെ കുറിച്ചായിരുന്നു…

രചന: ശാലിനി മുരളി

മകനും മരുമകളും യാത്ര പറഞ്ഞിറങ്ങുന്നതും നോക്കി ഒരു നെടുവീർപ്പോടെ നിൽക്കുമ്പോൾ വീണ്ടും ഒറ്റപ്പെടലിന്റെ വേദന തന്നെ ചുറ്റി വരിയുന്നത് പോലെ തോന്നി..

അല്ലെങ്കിലും ഇനി ആര് എന്ത് പറഞ്ഞിട്ടും പ്രയോജനം ഒന്നുമില്ല.പണവും സൗകര്യവും മാത്രമാണ് ഇന്നത്തെ കുട്ടികൾക്ക് പ്രധാനം. ബന്ധങ്ങൾ ഒക്കെ അതിന് ശേഷം മാത്രം! വലിയ വീട്ടിലെ കുട്ടികളുടെ ആലോചന വരുമ്പോഴൊക്കെ മകനും വലിയ താല്പ്പര്യം ഒന്നും ഇല്ലായിരുന്നു.പിന്നെ ഇതാകട്ടെ സമ്പത്ത് മാത്രമല്ല പഠിപ്പും ഉള്ള പെൺ കുട്ടിയാണെന്ന് അറിഞ്ഞപ്പോൾ ലേശം താല്പ്പര്യം തോന്നിയെന്നതാണ് സത്യം. അന്നും ഇന്നും പണത്തെക്കാൾ ഒരുപാട് മൂല്യം കൊടുത്തിരുന്നത് വിദ്യാഭ്യാസത്തിനു തന്നെ ആയിരുന്നു.

സ്കൂൾ ടീച്ചർ ആയിട്ടും പഠിക്കാൻ ഒരിക്കലും മക്കളെ നിർബന്ധിച്ചിരുന്നില്ല. അവരുടെ ഇഷ്ടത്തിന് പഠിക്കട്ടെ.അലട്ടിയും ശാസിച്ചും പിന്നാലെ നടക്കുമ്പോഴാണ് അവർക്ക് മടിയും വാശിയും തോന്നുന്നത്. എന്നിട്ടും പഠിക്കാൻ രണ്ട് പേരും ഉത്സാഹം കാണിച്ചു.

രണ്ട് ആണ്മക്കളും നല്ല ജോലിയായി പുറം രാജ്യങ്ങളിൽ ചേക്കേറിയപ്പോഴാണ് പക്ഷെ ഒറ്റപ്പെടലിന്റെ തീവ്രത അറിഞ്ഞു തുടങ്ങിയത്.

മക്കളുടെ ജോലിയും വിവാഹവുമൊന്നും കാണാൻ സാറിന് ഭാഗ്യമുണ്ടായില്ല.
പെട്ടെന്ന് ഉണ്ടായ നെഞ്ചു വേദന അദ്ദേഹത്തെ ഞങ്ങളിൽ നിന്നെല്ലാം എന്നന്നേക്കുമായി അകറ്റി മാറ്റിയപ്പോൾ ഒരുതരം മരവിപ്പ് മാത്രമായിരുന്നു മനസ്സിൽ.

ഒന്നിച്ചു സ്കൂളിലേക്കുള്ള യാത്രകളിലെല്ലാം സംസാരം എപ്പോഴും ഇതുവരെയും സാധിക്കാത്ത ഒരാഗ്രഹം ഉള്ളിൽ കിടന്നു വീർപ്പു മുട്ടുന്നതിനെ കുറിച്ചായിരുന്നു.

തങ്ങൾക്ക് രണ്ടാൾക്കും മാത്രമായി ഒരു തീർത്ഥ യാത്ര ആയിരുന്നു അദ്ദേഹത്തിന്റെ സഫലമാക്കാതെ പോയ ഒരേയൊരു ആഗ്രഹം!

പ്രായം ഒത്തിരിയൊന്നും ആയിട്ടില്ലല്ലോ തീർത്ഥ യാത്രയ്ക്ക് പുറപ്പെടാൻ. ഇളയ മകൻ അച്ഛനെ ചൊടിപ്പിക്കാൻ ഇടയ്ക്ക് ഒക്കെ പറഞ്ഞു. പിന്നെ നടക്കാൻ വയ്യാതെ ആവുമ്പോഴാണോ പോകണ്ടത്..അച്ഛനും മറുപടിക്ക് മുട്ടൊന്നുമുണ്ടായിരുന്നില്ല..

വീട്ടിലെ വലിയൊരു വെളിച്ചം അണഞ്ഞു പോയതോടെ മക്കളും ചിരിയും കളിയും കുറച്ചു..ജീവിതത്തെ ഗൗരവത്തോടെ കാണാൻ തുടങ്ങി..

അമ്മ വിഷമിക്കേണ്ട നമുക്ക് എല്ലാവർക്കും കൂടി ഒരിക്കൽ എല്ലായിടത്തും ഒന്നു പോകണം.അച്ഛനും നമ്മുടെ കൂടെ ഉണ്ടാവും..

ഒന്നും മിണ്ടാനാവാതെ കണ്ണട ഊരി സാരിത്തുമ്പിൽ ഒന്ന് തുടച്ചു. പക്ഷെ മൂത്ത മകൻ വിവാഹം കഴിഞ്ഞതോടെ ഭാര്യയോടൊപ്പം വിദേശത്ത് താമസം ആക്കിയപ്പോഴും ഇളയ ആൾ കൂട്ടിന് ഉണ്ടല്ലോ എന്നൊരു ആശ്വാസം മാത്രമായിരുന്നു കൂട്ട്.

അമ്മയെ തനിച്ചാക്കി പോകുന്നതിന്റെ വിഷമത്തിൽ അവന് ജോലി സ്ഥലം മാറേണ്ടി വന്നു.

അവന്റെ പഠിപ്പിനും ജോലിക്കും ചേരുന്ന ആലോചന വന്നപ്പോൾ കൂടുതൽ ഒന്നും ചിന്തിച്ചില്ല. അവനും അത് ഇഷ്ടപ്പെട്ടു എന്നറിഞ്ഞു വിവാഹം നടത്തി കൊടുക്കുമ്പോൾ തന്നെ ഇങ്ങനെ ഒറ്റയ്ക്ക് ചുമതലകൾ എല്ലാം ഏൽപ്പിച്ചു കടന്നു കളഞ്ഞ ഭർത്താവിന്റെ ഫോട്ടോയിൽ നോക്കി ഇടയ്ക്ക് സ്വയം പലതും പറഞ്ഞു.

ഇളയ മരുമകൾ വീട്ടിലെ ഏക സന്താനമായിരുന്നത് കൊണ്ട് അച്ഛനും അമ്മയ്ക്കും അവളെ പിരിഞ്ഞിരിക്കാൻ വലിയ വിഷമം ഉള്ളത് പോലെ തോന്നി..
ഒരു വലിയ വീടും അച്ഛന്റെ ബിസിനസ്സും ഒക്കെ അവൾക്ക് മാത്രം അവകാശപ്പെട്ടത് ആയിരുന്നു.ആ ഒരു വിചാരം എല്ലാവരിൽ നിന്നും ഒരകലം പാലിപ്പിച്ചിരുന്നോ എന്നൊരു സംശയം ഇടയ്ക്കൊക്കെ തോന്നി.പക്ഷെ ഒരിക്കലും ഒരു അമ്മായിയമ്മയുടെ സ്ഥാനത്തു നിന്നായിരുന്നില്ല രണ്ട് മരുമക്കളെയും സ്നേഹിച്ചത്..

പെണ്മക്കൾ ഇല്ലാത്ത അമ്മമാർക്ക് വീട്ടിൽ കയറി വരുന്ന പെൺകുട്ടികൾ സ്വന്തം മകള് തന്നെ ആയിരിക്കും എപ്പോഴും..പക്ഷെ ആദ്യത്തെ കുറച്ചു നാളുകൾ അവൾ എങ്ങനെ ഒക്കെയോ അഡ്ജസ്റ്റ് ചെയ്യുകയായിരുന്നോ എന്നിപ്പോൾ സംശയം തോന്നുന്നു..

കാരണം പിന്നീടുള്ള അവളുടെ പെരുമാറ്റം ആരെയും അമ്പരപ്പിക്കുന്നതായിരുന്നു.എന്തിനും ഏതിനും അമ്മേ എന്ന്‌ വിളിച്ചിരുന്ന അവൾക്ക് താൻ എന്തെങ്കിലും ചെയ്തു കൊടുക്കുന്നതും സംസാരിക്കാൻ ചെല്ലുന്നതും ഒക്കെ ആരോചകമായി.

പാകം ചെയ്തു വെച്ച കറികൾക്ക് രുചി കുറവ് പറഞ്ഞും വൃത്തിയില്ലായ്മ ആരോപിച്ചും അവൾ പുറത്ത് നിന്ന് ഭക്ഷണം ഓർഡർ ചെയ്തു കഴിക്കാൻ തുടങ്ങി..

“വിനീതേട്ടാ അമ്മയ്ക്ക് ഇപ്പോൾ കണ്ണൊന്നും കാണുന്നില്ല.കറിയിലൊക്കെ നരച്ച മുടി കിടക്കുന്നു.എനിക്ക് ഇതൊക്കെ അറപ്പാണ് കേട്ടോ.. നമുക്ക് ഒരു സെർവന്റിനെ വെയ്ക്കാം.അല്ലെങ്കിൽ എന്റെ വീട്ടിലോട്ട് മാറി താമസിക്കാം..”

കാതിലേക്ക് ഈയം ഉരുക്കിയൊഴിച്ച പോലെയുള്ള വാക്കുകൾ കേട്ട് നിന്നിടത്തു തന്നെ തറഞ്ഞു പോയി.

മകന്റെ മുഖത്ത് ധർമ്മസങ്കടം വ്യക്തമായിരുന്നു.പക്ഷെ കേൾക്കാത്ത മട്ടിൽ അവൻ അവിടെ നിന്നും മാറി കളഞ്ഞത് അവളെ വല്ലാതെ ചൊടിപ്പിച്ചു.

“അമ്മയ്ക്ക് മുറിയിലെവിടെയെങ്കിലും ഇരുന്നാൽ പോരേ.ഈ വയസ്സാം കാലത്ത് ഒറ്റയ്ക്ക് എവിടെ പോകുവാ ?”

മാസ തുടക്കത്തിൽ പെൻഷൻ വാങ്ങാൻ ബാങ്കിലേക്ക് പോകാനിറങ്ങുമ്പോൾ അവൾ ചൊടിച്ചു.

“ഇവിടെ ഈ നക്കാപ്പിച്ച കാശൊന്നും ആവശ്യമില്ലല്ലോ.അച്ഛൻ അറിഞ്ഞാൽ വഴക്ക് പറയും.മരുമകന്റെ അമ്മ പെൻഷൻ വാങ്ങാൻ ക്യു നിൽക്കുന്നു എന്ന് പറഞ്ഞ്.”

“മോളെ ഇതിൽ നാണക്കേടിന്റെ കാര്യമെന്താണുള്ളത്? വർഷങ്ങളോളം സ്കൂളിൽ കുട്ടികൾക്ക് അക്ഷരം പറഞ്ഞു കൊടുത്തതിന്റെ പ്രതിഫലം അല്ലെ.. ആരോടും ഇരന്നു വാങ്ങുന്നതല്ലല്ലോ..”

ഒരു പുച്ഛം മാത്രമായിരുന്നു അവളുടെ മുഖത്തു തെളിഞ്ഞത്..ആകെയൊരു സന്തോഷം പെൻഷൻ വാങ്ങാൻ പോകുന്ന യാത്രകളായിരുന്നു. പഴയ സഹപ്രവർത്തകരെ ആരെയെങ്കിലുമൊക്കെ കാണാനും മിണ്ടാനുമൊക്കെ കിട്ടുന്ന അവസരം.തിരികെ വരുമ്പോൾ അടുക്കളയിൽ ഒരു പുതിയ ആളിനെ കണ്ട് ഒന്ന് ഞെട്ടി.ചോദ്യത്തോടെ നോക്കിയപ്പോൾ അവർ സ്വയം പരിചയപ്പെടുത്തി.വീട്ട് ജോലിക്ക് വന്നതാണത്രെ! ആയിക്കോട്ടെ.. വായിക്ക് രുചിയായി മകനും മരുമകളും കഴിക്കട്ടെ..ഇനിയീ വയസ്സായ അമ്മ വെയ്ക്കുന്നതൊന്നിനും വൃത്തിയും വെടിപ്പും രുചിയുമൊന്നും ഉണ്ടാവില്ല. വെള്ളിനൂലുകൾ പൂത്തു പൂവിട്ടു നിൽക്കുന്ന തലയും പ്രായമായ രൂപവും അവൾക്ക് കാണുന്നതേ വെറുപ്പ് ഉളവാക്കിത്തുടങ്ങിയിരുന്നു..

മകനാകട്ടെ ഭാര്യ കാണാതെ വന്ന് എന്തെങ്കിലും ഒന്ന് ചോദിച്ചിട്ട് പോകും.
അവനും ഇപ്പോൾ അമ്മയോട് മിണ്ടാൻ ഭയമായിരിക്കുന്നു!

പഴയത് പോലെ തമാശകൾ കേൾക്കാൻ കൊതിയാവുന്നു. കുറിക്ക് കൊളുന്ന തമാശകൾ പറയാൻ അവന് പണ്ടേ നല്ല ചാതുര്യമായിരുന്നു..പക്ഷെ വാക്കുകൾക്ക് ക്ഷാമം വന്നത് പോലെ എണ്ണിതിട്ടപ്പെടുത്തി പറയുമ്പോൾ അവന്റെ കണ്ണുകൾ പുറത്തേക്കായിരുന്നു തിരഞ്ഞു കൊണ്ടിരുന്നത്..

അമ്മയും മകനും അടുത്ത് സംസാരിക്കുന്നതും ഇടപഴകുന്നതും അവൾക്ക് ഇഷ്ടമല്ല.

മൂത്ത മകൻ ഫോൺ വിളിക്കുമ്പോഴൊക്കെ അമ്മ വരുന്നോ ഞങ്ങളുടെ ഒപ്പം എന്നൊരു ഭംഗി വാക്കെങ്കിലും ചോദിച്ചിരുന്നു.പക്ഷെ സ്നേഹ പൂർവ്വം ആ വിളി നിരസിക്കുമ്പോൾ പ്രായമാകുതോറും ആർക്കും ഒരു ഭാരമാകാൻ ഇടയാക്കരുതേ എന്നൊരു പ്രാർത്ഥന മാത്രമേ ഉണ്ടായിരുന്നുള്ളൂ.അങ്ങോട്ടും ഇങ്ങോട്ടും ഓടിനടക്കാൻ തീരെ താല്പ്പര്യം ഇല്ല.

പുതിയ ജോലിക്കാരിയും ഭരണം ഏറ്റെടുത്തതോടെ അടുക്കളയിൽ ചുറ്റിതിരിയാൻ പോലും അനുവാദം ഇല്ലാതായി..ടീച്ചറമ്മയ്ക്ക് അവിടെ എവിടേലും പോയി ഇരുന്നൂടെ..

സ്വന്തം അടുക്കളയിൽ പോലും സ്ഥാനം നഷ്ടപ്പെട്ട ഒരമ്മയുടെ ഏക ആശ്വാസം പ്രാർത്ഥനയും മൗനവ്രതവുമല്ലാതെ പിന്നെ എന്താണ്..

മകൻ ഒരു അച്ഛനാകാൻ പോകുന്നു എന്ന വാർത്ത അറിഞ്ഞപ്പോൾ ഏറെ സന്തോഷിച്ചത് താനായിരുന്നു. ഒരു പേരക്കുട്ടിയെ കൊഞ്ചിക്കാനും വീട്ടിലെ മൂകത വല്ലവിധേനയൊന്നു അടങ്ങാനും ഒരുപാട് ആഗ്രഹിച്ചിരുന്നു..

ഇഷ്ടമുള്ള പലഹാരം ഉണ്ടാക്കാൻ വാത്സല്യത്തോടെ അടുക്കളയിൽ രണ്ടും കല്പിച്ച് കയറിയപ്പോൾ അതൊന്നു രുചിച്ചു നോക്കാൻ പോലും അവൾ മെനക്കെട്ടതുമില്ല .

പിറ്റേന്ന് പറമ്പിലെ ഒരു മൂലയിൽ കാക്കകൾ കൊത്തി വലിക്കുന്ന പലഹാരം കണ്ട് കണ്ണ് നിറഞ്ഞു..

ബേക്കറിയിലെ വില കൂടിയ സാധനങ്ങൾ മേശമേൽ എപ്പോഴും നിറഞ്ഞു. വയറ്റിലുള്ള കുട്ടിക്ക് ഇതൊക്കെ ആണത്രേ നല്ലത്..മൂന്ന് മാസം കഴിഞ്ഞപ്പോഴേക്കും വീട്ടിൽ പോയി റസ്റ്റ്‌ എടുക്കാൻ വിളി വന്നുകൊണ്ടിരുന്നു.

” അതിന് പോകാനുള്ള സമയം ആയില്ലല്ലോ ? “

മകന്റെ ചോദ്യത്തിന് അവൾ കൊടുത്ത മറുപടി കേട്ട് ഞെട്ടി.

“ഇവിടെ നിന്ന് എനിക്കെന്തെങ്കിലും സംഭവിച്ചാൽ ആര് സമാധാനം പറയും. ഇവിടെ എന്ത് സൗകര്യമാണുള്ളത്. എനിക്ക് ഇഷ്ടമുള്ളതൊക്കെ കഴിക്കാൻ തോന്നുമ്പോൾ ആരുണ്ടാക്കിത്തരും..കണ്ണും കാതും കേൾക്കാത്ത അമ്മയുണ്ടാക്കിത്തരുന്നതൊക്കെ ഞാനെങ്ങനെ വിശ്വസിച്ചു കഴിക്കും ? “

മകൻ തന്റെ നേർക്ക് ദയനീയമായൊരു നോട്ടം നോക്കിയത് കണ്ടില്ലെന്ന് നടിച്ചു. ഒന്നും പറയണ്ട എന്ന് മാത്രം കണ്ണുകൾ കൊണ്ട് ഒരു താക്കീത് കൊടുത്തു മുറിയിലെ ഇരുട്ടിൽ അഭയം പ്രാപിച്ചു..കണ്ണീരൊഴുകിയിറങ്ങിയത് തടയാനുള്ള കെൽപ്പ് പോലുമില്ലായിരുന്നു..

ജോലിക്കാരിയെ പറഞ്ഞു വിട്ടിരുന്നു അതിനു മുൻപ് തന്നെ. അത് എന്ത് കൊണ്ടായിരുന്നു എന്ന് മനസ്സിലായത് ഇപ്പോഴായിരുന്നു.

എന്തൊക്കെയോ പായ്ക്ക് ചെയ്ത് പിറ്റേന്ന് രാവിലെ തന്നെ മകനോടൊപ്പം അവൾ യാത്ര പറഞ്ഞിറങ്ങുമ്പോൾ നല്ലത് വരട്ടെ എന്ന് ഉള്ളു കൊണ്ട് പ്രാർത്ഥിച്ചു.

“മോൻ വൈകിട്ട് ഇങ്ങ് വരില്ലേ?” ചോദ്യം മകനോടായിരുന്നുവെങ്കിലും ഉത്തരം തന്നത് അവളായിരുന്നു..

“ഇല്ല വിനീതേട്ടന് അവിടെ നിന്നും ജോലിക്ക് പോകാല്ലോ..”

മകന്റെ ശബ്ദം നഷ്ടമായത് അറിഞ്ഞിരുന്നില്ല! അല്ലെങ്കിൽ പലതും പേടിച്ച് അവൻ മൗനം പാലിക്കുന്നതാവാം!

മകളായി കണ്ടിട്ടും തിരിച്ച് തന്നെ ഒരു അമ്മയായി കാണാനുള്ള വകതിരിവ് അവൾക്കില്ലാതെ പോയി..

ഗേറ്റ് കടന്ന് പോകുന്ന കാർ കണ്ണിൽ നിന്നും മറയുവോളം നോക്കിനിന്നു..പിന്നെ തിരികെ അനക്കമറ്റതും തെളിച്ചം കുറഞ്ഞതുമായ അകത്തളങ്ങളിലേക്ക് ഇടറുന്ന ചുവടുകളോടെ ഒരു ഇരുൾ രൂപമായി അവരും അലിഞ്ഞു ചേർന്നു ..