മലർ വിഴി ~ രചന: സിയാ ടോം
മരണം രംഗ ബോധമില്ലാത്ത കോമാളി ആണെന്ന് പറയുന്നത് വളരെ ശരിയാണ്.
“സിയ അറിഞ്ഞോ? നമ്മുടെ മലർ മരിച്ചു…. ” ഉറക്കത്തിൽ വന്ന ഫോൺ കാൾ ആണ് എന്നെ വിളിച്ചുണർത്തിയത്.
മലർ.. മരിച്ചെന്നോ !!! കേട്ടത് വിശ്വസിക്കാൻ പറ്റാത്ത പോലെ.
ഇന്നലെ കൂടെ എന്നെ വിളിച്ചു സംസാരിച്ചതാണ്…അക്കാ വരുമ്പോൾ നല്ല മീൻ അച്ചാർ കൊണ്ടു വരണമെന്നു പറയാൻ……അവൾ എനിക്കായിട്ട് ഹൽവ വാങ്ങി വച്ചിട്ടുണ്ടെന്നു പറയാൻ…….ഇനി എന്നു കാണുമെന്നു ചോദിക്കാൻ..
“സൂയിസൈഡ് ആണെന്ന് കേട്ടു. ” വീണ്ടു ശബ്ദം ഫോണിൽ കൂടി ഒഴുകി വന്നു
ഇത്രയും നേരം നമ്മുടെ കൂടെ ഉണ്ടായിരുന്നവർ ഇനി ഇല്ല എന്ന് കേൾക്കമ്പോൾ ഉണ്ടാകുന്ന മാനസിക അവസ്ഥ..വിവരിക്കാൻ അറിയില്ല. ഒരു വല്ലാത്ത മരവിപ്പ് ആയിരുന്നു. അമ്മയെ കെട്ടിപ്പിടിച്ചു ചേർന്ന് കിടന്നു. ഏങ്ങലടി ശബ്ദം കേട്ടാണെന്ന് തോന്നുന്നു അമ്മ എണീറ്റത്
“എന്താ സിയ എന്ത് പറ്റി? “
“മലർ…. അവൾ ഇനി ഇല്ലമ്മേ ..” അമ്മ ചങ്കിൽ ഒന്ന് കൈ വയ്ക്കുന്നത്
കണ്ടു.
“അവൾ അങ്ങനെ ഒന്നും ചെയ്യില്ലമ്മേ. ഇന്നലെ കൂടി നമ്മളെ വിളിച്ചത് അല്ലേ?
അങ്ങനെ ചെയ്യുമോ… “
എനിക്ക് നിയന്ത്രിക്കാൻ ആയില്ല. പപ്പാ എഴുന്നേറ്റു എന്റെ ഫ്രണ്ട്സിനെ ആരെയൊക്കെയോ ഫോൺ വിളിച്ചു.
“അവിടുന്ന് ഫ്രണ്ട്‌സ് ഒക്കെ പോകുന്നുണ്ട്. കാണുവാൻ. നമുക്ക് പോയാലോ? “
“വേണ്ട പപ്പാ. എനിക്ക് അവളെ അങ്ങനെ കാണാൻ വയ്യ ” കരച്ചിൽ വന്നു മൂടി
അവൾ…….. മലർ വിഴി……
പുതിയ റൂം മേറ്റ് വരുന്നു എന്ന് പറഞ്ഞപ്പോൾ തോന്നിയ ദേഷ്യം അവളെ കണ്ട മാത്രയിൽ എങ്ങോ പോയി മറഞ്ഞു.കറുപ്പിന് ഇത്രയും അഴക് ഉണ്ടെന്ന് അവളെ കണ്ട ശേഷം ആണെനിക്ക് തോന്നിയത്.വരച്ചു വച്ച പോലെ ഇരിക്കുന്ന ഒരു തമിഴ് പെണ്ണ്.തമിഴ് കലർന്ന മലയാളത്തിൽ അവൾ കൊഞ്ചി കൊഞ്ചി സംസാരിക്കുന്നത് കേൾക്കാൻ നല്ല രസമാണ്.ചിരിയോടെ അല്ലാതെ അവൾ സംസാരിക്കുന്നത് ഞാൻ ഇതുവരെ കണ്ടിട്ടില്ല…എന്റെ മലർ എന്നാലും എന്തിനു നീ…എന്തേ എന്നെ മറന്നു…കണ്ണീർ വീണു തലയണ കുതിർന്നു.
എന്നെ കാണാതെ അമ്മ കണ്ണീർ ഒപ്പുന്നതും മൂക്ക് ചീറ്റുന്നതും ഞാൻ അറിയുന്നുണ്ടാരുന്നു. പപ്പാ റൂമിൽ നിന്നും പുറത്തു ഇറങ്ങിയിട്ടില്ല. എന്റെ വീട്ടിൽ വിളിച്ചു അവൾ മിക്കപ്പോഴും സംസാരിക്കും…..അവൾക്കു അമ്മയും പപ്പയും തമിഴ് സംസാരിക്കുന്നത് കേൾക്കാൻ വല്യ ഇഷ്ടം ആണ്. അമ്മ എപ്പോഴും പറയും എനിക്ക് ഒരു ആൺകുട്ടി ഉണ്ടായിരുന്നുവെങ്കിൽ ഉറപ്പായും മലരിനെ കൊണ്ടു കെട്ടിക്കും എന്ന്,
എത്ര സുന്ദരിയാണ്…കണ്ടാൽ ആരും കണ്ണെടുക്കില്ല…അമ്മ അവളെ കൊഞ്ചിക്കുന്നത് കാണാം. എനിക്ക് കുശുമ്പ് തോന്നുന്നു എന്നു പറയുമ്പോൾ അമ്മ പറയും ആ കൊച്ചു അമ്മാ ….. അപ്പാ എന്നു വിളിക്കുന്നത് കേട്ടാൽ മതീല്ലോ.ഒരുമ്മ കൊടുക്കാൻ തോന്നും.
അടഞ്ഞ കണ്ണുകൾ വലിച്ചു തുറന്നു നോക്കി…നേരം എത്ര ആയി… അറിയില്ല ഫോൺ എടുത്തു നോക്കി…
2am. വാട്സ്ആപ്പ് ഗ്രുപ്പിൽ എല്ലാം മലരിന്റെ മരണം ഷെയർ ചെയ്യപ്പെട്ടിട്ടുണ്ട്. RIP…..ഹാർട്ട് ഫെൽട് കണ്ടോളൻസ്….കുറേ ചവറു വാക്കുകൾ…നഷ്ടം ആയവർക്കല്ലേ വേദന തോന്നൂ..അവളുമായിട്ടുള്ള വാട്സ് ആപ്പ് ചാറ്റ് എന്റെ മുന്നിൽ അനാഥമായി കിടന്നു.ഒരു മെസേജിന് മറുപടി തരുവാൻ..ഒരു വിളിക്കു കാതോർക്കുവാൻ…ഇനി അവൾ ഇല്ല….ഒരു വിഷമം വന്നു നെഞ്ചിൽ പൊതിഞ്ഞു.
എനിക്ക് വല്ലാതെ തണുത്തു..റൂമിൽ ഒറ്റക്ക് ആണ്……കണ്ണിൽ കുത്തുന്ന കൂരിരുട്ട്…….
“എനിക്കു തണുക്കുന്നു.. കൊഞ്ചം തള്ളി കിടക്കു” എന്നു പറഞ്ഞു എന്റെ കമ്പിളിക്കടിയിൽ നുഴഞ്ഞു കയറുന്ന അവൾ…
“അക്കാ സീറോ വാട്സ് ബൾബ് ഇടണേ ഇരുട്ട് എനക്ക് റൊമ്പ ഭയം..”
“അക്കാ നീ നൈറ്റ് ഡ്യൂട്ടി പോകണ്ട. റൂമിൽ തനിയെ തൂങ്കാൻ എനക്ക് ഭയം…”.
അവൾ ആണ് ഇന്ന് ആറടി താഴ്ചയിൽ പച്ചമണ്ണ് പുതച്ചു തണുത്തു മരവിച്ചു. കൂരിരുട്ടിൽ തനിയെ കിടക്കുന്നതു.
മലർ…… നിശബ്‌ദമായി തേങ്ങി…ഒരു വിറയൽ എന്നെ ബാധിക്കുന്നത് ഞാൻ അറിഞ്ഞു
“അക്കാ “………..മലർ വിളിച്ചു
“അമ്മേ ” ഏതോ ഒരു സ്വപ്നത്തിൽ നിന്നാണ് ചാടി എണീറ്റത്. പരിചയം ഇല്ലാതെ സ്ഥലം.ചുറ്റും നോക്കി…
“വെളുപ്പിന് വന്നു നോക്കുമ്പോ എന്തോ പിച്ചും പേയും പറയുന്നു.നല്ല ചൂട് ഉണ്ടാരുന്നു കുറെ നേരം നോക്കി കുറയുമോന്ന് പിന്നെ വണ്ടി വിളിച്ചു ഇങ്ങ് പോന്നു ” അമ്മ തലയുടെ അടുത്ത് ഇരിപ്പുണ്ട്.
“ലീവ് വിളിച്ചു പറഞ്ഞിട്ടുണ്ട് കേട്ടോ ” പപ്പാ ആണ്. പെട്ടന്ന് ഒരാൾ ഞങ്ങളെ ക്രോസ് ചെയ്തു പോയി ഞാൻ ചാടി എണീറ്റു
“മലരിനെ പോലെ അല്ലേ അമ്മേ ” ഞാൻ ചോദിച്ചു.
“നീയവിടെ കിടക്ക് ” അമ്മ ശാസിച്ചു.
മൂന്നാല് ദിവസത്തെ ആശുപത്രി വാസം കഴിഞ്ഞു വരുമ്പോൾ അല്പ സ്വല്പം ഓക്കെ ആയിരുന്നു. ചെറു ചൂട് വെള്ളത്തിൽ നല്ലൊരു കുളി കഴിഞ്ഞപ്പോൾ ഒരു ഉന്മേഷം തോന്നി.
തിരിച്ചു വരുവാനുള്ള ബാഗ് പാക്ക് ചെയ്യുമ്പോൾ മനസ്സിൽ വിങ്ങൽ ആയിരുന്നു.
മലർ ഇനി ആ റൂമിൽ ഇല്ല എന്നെ സത്യം എനിക്ക് ഉൾക്കൊള്ളാൻ ആവുന്നില്ല. അവൾക്കു ആയി അമ്മ തയാറാക്കിയ അച്ചാർ ഞാൻ എടുത്തു മാറ്റി വച്ചു.
ഇനി ആർക്ക് കൊടുക്കാൻ?ചോദിച്ച ആൾ ഇനി ഇല്ലല്ലോ…
“വിഷമിക്കാതെ ഇരിക്കണം സാരമില്ല.. പോയവർ പോയി..ദൈവം ആ കൊച്ചിനു അത്രേ ആയുസ് കൊടുത്തിട്ടുള്ളൂ എന്നു വിചാരിച്ചാൽ മതി ” പപ്പാ തലയിൽ തലോടി പറഞ്ഞു
സീറ്റിൽ തല ചായ്ച്ചു കിടന്നു..ഞാൻ ലീവിനു പോയാൽ വണ്ടിയിൽ കയറുമ്പോൾ തൊട്ട് ഇറങ്ങുമ്പോൾ വരെ നിർത്താതെ വിളിക്കുന്നവൾ….
“നീയില്ലാതെ ഈ ഫോണിൽ വിളിക്കാൻ വേരെയാരും ഇല്ല വിഴി ” “അതാണ് ഞാൻ വിളിക്കുന്നത് “
ലാസ്റ്റ് എടുത്ത ഫോട്ടോയിൽ അവൾ എന്റെ തോളിൽ ചാരി ഇരിക്കുന്നു “എനക്ക് അക്കയുടെ നിറം മതിയാരുന്നു “
“ഉനക്ക് എന്നെ കുറച്ചിൽ? നീ അഴക് അല്ലെ . കറുപ്പിന് ഏഴഴക് എന്ന് ചുമ്മാ പറഞ്ഞതാണ്. നിന്നെ കണ്ടാൽ പറയും എഴുപത് അഴക് ആണെന്ന് “അതും പറഞ്ഞു അവളുടെ കവിളിൽ കടിച്ചപ്പോൾ അവൾ കുലുങ്ങി ചിരിച്ചു.
“അക്കാ എനക്ക് ഉങ്കളെ റൊമ്പ റൊമ്പ പുടിക്കും”അവൾ ചിരിച്ചു
“അതെന്താ?? “
“നീങ്ക എനക്ക് അക്കാ മട്ടും അല്ല ഒരു അമ്മ മാതിരി ” അവൾ അന്ന് കെട്ടിപ്പിടിച്ചു കരഞ്ഞു ഓർത്തു.
നീയും മലർ…….
നീ എന്റെ കൂടെപ്പിറപ്പ് അല്ലാരുന്നോ?? എന്റെ മകൾ അല്ലാരുന്നോ?? കണ്ണുകൾ ഇറുക്കി മൂടി ഇരുന്നു. എന്നിട്ടും എന്തേ…..
അവളില്ലാത്ത റൂമിൽ കയറാൻ പോലും എനിക്ക് മടി തോന്നി..റൂമിൽ അവളുടെ മണം ഇനിയും തങ്ങി നിൽക്കുന്നു പോലെ…വിരിച്ചു ഇട്ട ബെഡ് പോലും…അങ്ങനെ തന്നെ ഇരിക്കുന്നു..അവളുടെ മണമുള്ള തലയിണയിൽ മുഖം അമർത്തി കരഞ്ഞു….പൊട്ടി പൊട്ടി കരഞ്ഞു…
എന്നെ ഓർത്തില്ലേ മലർ?? ഞാൻ നിനക്ക് അമ്മയാണ് എന്ന് പറഞ്ഞിട്ട്. അടുക്കി വച്ച അവളുടെ ഡ്രസ്സ്….ഉപയോഗിച്ച് പേസ്റ്റ്, ബ്രഷ്, സോപ്പ്. തോർത്ത്… എല്ലാം അവളെ ഓർമിപ്പിക്കുന്നു…..
എനിക്ക് തല പെരുക്കുന്ന പോലെ…നീയില്ലാതെ ലോകം ഞാൻ എങ്ങനെ ജീവിച്ചു തീർക്കും??… നിന്റെ ഓർമ്മകൾ എപ്പോ എന്നെ വിട്ടു പോകും??….
ദിവസങ്ങൾ പോയി മറഞ്ഞു..മലരിന്റെ ഓർമ്മകൾ എന്നിൽ നിറഞ്ഞു നിന്നു. പുതിയ ഒരാൾ ആ റൂമിലേക്ക് വരരുത് എന്ന് ആത്മാർത്ഥമായി പ്രാർത്ഥന ചെയ്ത ദിനങ്ങൾ..പക്ഷേ പുതിയ ഒരു കുട്ടി വന്നു..
“താൻ എന്റെ ബെഡ് യൂസ് ചെയ്തോളു ” ഞാൻ എന്റെ ബെഡ് അവൾക്കായി ഒഴിഞ്ഞു കൊടുത്തു. വയ്യ മലർ നിന്റെ മണം ഉള്ള ബെഡ് അത് എനിക്ക് ഒരാശ്വാസം ആണ്…
കപ്ബോഡിൽ ഇരുന്ന അവളുടെ ഡ്രസ്സ് എല്ലാം ഞാൻ അടുക്കി ഒരു പെട്ടിയിൽ വച്ചു……അവൾ ഉപയോഗിച്ച് വസ്തുക്കൾ……അവളുടെ കൊലുസിലെ പൊട്ടിയ ഒരു മണി..ജോഡി നഷ്ടപ്പെട്ടു പോയ ഒറ്റ ജിമുക്ക…ഉടഞ്ഞ കുപ്പിവള പൊട്ടുകൾ…പാതി തീർന്ന ഫെയർ ആൻഡ് ലവ്‌ലി ക്രീം……നിറം പോയ ഹെയർ പിൻസ്…..ഉറഞ്ഞ് പോയ നെയിൽ പോളിഷ് ബോട്ടിൽ…അരികു പൊട്ടിയ മുഖകണ്ണാടി…..എല്ലാം അപൂർണമായവ …..അവളുടെ ജീവിതം പോലെ…
ഓർമ്മകളുടെ കയത്തിൽ മുങ്ങി പൊങ്ങി കുറെ ദിവസങ്ങൾ….നീയില്ലാതെ വയ്യ മലർ……മലർ എന്നിൽ ഇത്രയധികം വേരാഴ്ത്തിയെന്ന് ഇപ്പോഴാണ് ഞാൻ തിരിച്ചറിഞ്ഞത്…..തനിയെ ഇരിക്കുന്ന സമയങ്ങൾ ഞാൻ മനപ്പൂർവ്വം ഒഴിവാക്കി…ഡ്യൂട്ടിയിലെ തിരക്ക് എനിക്ക് വല്ലാത്ത ഒരു ആശ്വാസം തന്നു..ഒന്നും ഓർക്കണ്ടല്ലോ..റൂമിൽ അധികം സമയം ഇരിക്കാതെ ആയി…
ഒരു ദിവസം ഡ്രസ്സ് വാഷ് ചെയ്യുമ്പോളാണ് എനിക്കു ഒരു വിസിറ്റർ ഉണ്ടെന്ന് വന്നു പറയുന്നത്.പരിചയം ഇല്ലാത്ത മുഖംവെളുത്ത മെലിഞ്ഞു ഉയരം ഉള്ള ഒരു ചെറുപ്പക്കാരൻ…ചുളിവുകൾ നിവരാത്ത ഒരു ഷർട്ട് അതിന് ചേരാത്ത ഒരു പാന്റ്.ഓർമ്മയിൽ എങ്ങും ഇങ്ങനെ ഒരു മുഖം ഇല്ല..
“അക്കാ എൻ പേര് അൻപ്. മലർ “
“മലരിന്റെ ആരാ? “ഞാൻ പെട്ടന്ന് ചോദിച്ചു.
അവൻ ഒരു ലെറ്റർ എടുത്തു എന്റെ നേരെ നീട്ടി.
“എന്നുടെ ഡയറിയിൽ വച്ചിരുന്നത് “
“പ്രിയപ്പെട്ട അൻപ്..നിന്നെ എനിക്ക് ഒരുപാട് ഇഷ്ടമാണ്.നിനക്കും അങ്ങനെയാണ് എന്നും എനിക്കറിയാം. പരസ്പരം പറഞ്ഞില്ലെങ്കിൽ കൂടി. നിന്റെ രോഗത്തെ പറ്റി നീ പറയാതെ ഞാൻ അറിഞ്ഞു.എനിക്ക് സഹിക്കാൻ വയ്യ. നീയില്ലാത്ത ലോകം എനിക്ക് ആലോചിക്കാൻ വയ്യ..അത്രക്ക് ഇഷ്ടപ്പെട്ടു പോയി. ചിലപ്പോൾ എന്റെ തീരുമാനം തെറ്റായിരിക്കും. പക്ഷെ ഇങ്ങനെ നീറി നീറി ജീവിക്കാൻ വയ്യ. എനക്ക് ഒരു സങ്കടം എന്റെ അക്കാവെ ഓർത്തു മാത്രം. സഹിക്കില്ല അറിഞ്ഞാൽ. നീ പോണം അക്കാവെ കാണാൻ. എന്ന് വെറുക്കരുത് എന്ന് പറയണം. ഇനിയും ഒരു ജന്മം ഉണ്ടേൽ കാണാം. ഞാൻ അവിടെ കാത്തിരിക്കും. നീ വേഗം വരണം “
ഞാൻ മെല്ലെ മുഖം ഉയർത്തി നോക്കി
“തൂങ്കി ഒരു മാസം ആയി ” മലർ പോയി ഒരു മാസം ആയോ…ഒരു മാസം ഞാൻ അവളില്ലാത്ത ലോകത്ത് ജീവിച്ചല്ലേ…. എനിക്ക് അത്ഭുതം തോന്നി….
“അവൾ ഇന്ത അളവുക്ക് എൻമേൽ പാസം വച്ചിരുന്താൾ എന്ന് തെരിയാമ പോയിട്ടെൻ ” അവൻ വിതുമ്പി.
ഞാൻ ഒന്നും മിണ്ടിയില്ല. ഒരിക്കൽ പോലും അവൾ എന്നോട് ഇതിനെക്കുറിച്ചു ഒരു സൂചന പോലും തന്നിട്ടില്ല.
“ഞാൻ എന്നാ പണ്ണട്ടും? ” അവൻ എന്നെ നോക്കി……
കൈയിൽ ഉള്ള കവറിൽ നിന്നും ഒരു പേപ്പർ എടുത്തു നീട്ടി.
“ലുകീമിയ “-ബ്ലഡ് കാൻസർ ഞാൻ ഞെട്ടലോടെ അവനെ നോക്കി.
“ലാസ്റ്റ് സ്റ്റേജ്…” എനിക്ക് വാക്കുകൾ നഷ്ടപ്പെട്ടു. പരസ്പരം സ്നേഹിച്ച രണ്ടു പേർ.എങ്ങനെ ഇങ്ങനെ സാധിക്കുന്നു…
രണ്ടു മുഴം മുല്ലപ്പൂ വാങ്ങി അവന്റെ കൈയിൽ കൊടുത്തു.ഇതേ ഉള്ളൂ എനിക്ക് തരുവാൻ. എന്റെ കണ്ണീർ അതിൽ വീണലിഞ്ഞു പ്രതീക്ഷിക്കാതെ അവൻ എന്റെ തോളിൽ മുഖം ചേർത്ത് കരഞ്ഞു.
“എന്നോടെ കടൈസി ആസൈ. ഉങ്കളെ പാക്കണം ” ഞാൻ അവന്റെ നെറ്റിയിൽ മൃദുവായി ചുംബിച്ചു.
“ഇതേയുള്ളൂ… തരുവാൻ.. നിനക്കും അവൾക്കും ” അവിടെ ഇനിയും നിന്നാൽ എന്നെ തന്നെ നഷ്ടപ്പെടും എന്നു തോന്നി. തിരിച്ചു നടന്നു.
അൻപ്….നീ എന്തിന് വന്നു…..വേദനിക്കുന്ന എന്റെ മുറിവുകൾ വീണ്ടും മുറിപ്പെടുത്താനോ?
ഞാൻ റൂo ഷിഫ്റ്റ് ചെയ്തു.മലർ നിന്നെ എനിക്ക് ആ റൂമിൽ കാണാം. ഇപ്പൊ……അൻപ് കൂടെ…അവന്റെ മണം എന്റെ മൂക്കിൽ നിന്ന് പോകുന്നില്ല…പക്ഷേ എനിക്ക് ഒന്നു ഉറങ്ങണം. നിന്റെ ഓർമ്മകൾ…അൻപിന്റെ വേദനകൾ എന്നെ കൊല്ലാതെ കൊല്ലും മുൻപ്…നിന്നിൽ നിന്നു എവിടെ ഞാൻ പോയൊളിക്കും…അടുത്ത ജന്മം നീയെനിക്കു മകൾ ആവണം….എന്റെ ഉദരത്തിൽ നിന്നേ ചുമക്കണം…എന്റെ മാ റിടം നിനക്കായി ചു രക്കണം..എന്റെ നെഞ്ചിൽ നിന്നെ കിടത്തി ഉറക്കണം… “അക്കാ” എന്നല്ല “അമ്മ” എന്ന് നീ എന്നെ വിളിക്കണം…നിനക്കായ് അൻപിനെ ഞാൻ കണ്ടെത്തും..ഇനി ഞാൻ ഉറങ്ങട്ടെ മലർ…… സുഖമായി.. സമാധാനമായി….