അച്ഛന്റെ മകൻ ~ രചന: സുമയ്യ ബീഗം TA
ഇതുമോനാണ് സുധേ.
ആരുപറഞ്ഞു ?
ഞാൻ ?
ആഹാ ചേട്ടൻ വിചാരിച്ചാൽ മാത്രം മതിയോ ?
മ്മ് എനിക്കറിയാം ഇല്ലേൽ നീ നോക്കിക്കോ ?
എങ്ങാനും മോൾ ആയാലോ ?
പൊന്നുപോലെ വളർത്തും അല്ല പിന്നെ എന്റെ സുധേ ഞാൻ ഒരു ആഗ്രഹം പറഞ്ഞതാണ് ആദ്യത്തെ കുട്ടി ആണ്കുട്ടിയാണെങ്കിൽ കുടുംബത്തിന് ഒരു തണൽ ആകും. നമ്മളെയും ഇനി വരാൻ പോകുന്ന നമ്മുടെ പെൺപടകളെയും അവൻ സംരക്ഷിചോളും.
കൊള്ളാലോ ചേട്ടൻ നഴ്സറി തുടങ്ങാൻ പോവാ.
പിന്നെ നിന്നെ കെട്ടിയതു കണ്ടോണ്ടിരിക്കാൻ ആണോ ?
അയ്യടാ എനിക്കിപ്പോ തന്നെ പേടിയായിട്ടു വയ്യ.
ന്റെ സുധാമണി ഒന്നും കൊണ്ടു പേടിക്കണ്ട. ഈശ്വരൻ അമ്മയെയും കുഞ്ഞിനേയും രണ്ടാക്കി തരും.
സുധയുടെ വീർത്തവയറിൽ തലോടി രാജീവൻ ധൈര്യം പകർന്നു.
കർക്കിടകം തുള്ളിക്കൊരു കുടമായി പെയ്തിറങ്ങിയ ഒരു രാവിൽ സുധാമണി രാജീവൻ ആഗ്രഹിച്ചതുപോലെ ഒരാൺകുഞ്ഞിനു ജന്മമേകി. ഉണ്ണിക്കണ്ണനെപ്പോലെ ലക്ഷണമൊത്ത പൈതലിനെ സുധ കണ്ണനെന്നു വിളിപ്പേരിട്ടു.
സ്വന്തക്കാരെയും ബന്ധുക്കളെയും കൂട്ടുകാരെയും ചുറ്റുവട്ടത്തുള്ളവരെയും സാക്ഷിനിർത്തി ഇരുപത്തെട്ടു കെട്ടിന്റെ അന്ന് രാജീവ് അവന്റെ ചെവിയിൽ വിഷ്ണു എന്ന് ചൊല്ലി വിളിച്ചു.
സുധാമണിയുടെ ഓമനയായി രാജീവന്റെ പ്രാണനായി വിഷ്ണു വളർന്നു. ആദ്യം അവൻ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ച ദിവസം, കമിഴ്ന്നുവീണതു, മുട്ടിൽ ഇഴഞ്ഞത്, പതിയെ ഇരുന്നത്, കൊഞ്ചി കൊഞ്ചി ച്ഛ എന്ന് ആദ്യം വിളിച്ചത്, മെല്ലെ പിടിച്ചു നിന്നത്, പിച്ചവെച്ചതു, കാലിടറി വീണപ്പോൾ ഓടിച്ചെന്നു വാരിയെടുത്തത്, പിന്നെ മുറ്റത്തെ മാവിനുചുറ്റും ഓടി നടന്നത് അതൊക്കെ ഓരോ ഫ്രെയ്‌മുകളായി രാജീവൻ മനസ്സിൽ സൂക്ഷിച്ചു .
ആ മകനാണ് വെള്ളപുതച്ചു കിടക്കുന്നതു അനക്കമില്ലാതെ ഇനിയൊരിക്കലും ഉണരാത്ത ഉറക്കത്തിൽ.
വിഷ്ണു… അലറി എഴുന്നേറ്റു. ചുറ്റും നിന്ന അളിയന്മാരും കൊച്ചച്ഛനും കൂടി വട്ടം പിടിച്ചു താങ്ങി ഇരുത്തി.
……………………..
അമ്മുക്കുട്ടി, എനിക്കൊരു നൂറു രൂപ വേണം വേഗം തായോ ?
എന്തിനാ കണ്ണാ ഇപ്പോൾ നൂറുരൂപ?
ഒരു കാര്യമുണ്ട്.
വെറുതെയാ അമ്മേ ഈ ഏട്ടൻ കൂട്ടുകാരന്റെ ഒപ്പം സിനിമക്ക് പോകാനാണ് പൈസ ചോദിക്കുന്നത്.
നീ പോടീ വാവേ. ഞാൻ പറഞ്ഞിട്ടുണ്ട് നിന്നോട് എന്റെ കാര്യത്തിൽ ഇടപെടേണ്ട എന്ന് ഒറ്റ ഒരെണ്ണം തന്നാൽ ഉണ്ടല്ലൊ.
കല്യാണിമോളെ അടിക്കാനായി കൈ നീട്ടിയ കണ്ണനെ പിടിച്ചുമാറ്റുമ്പോൾ സുധ പിറുപിറുത്തു. രണ്ടുവയസ്സിന്റെ വ്യത്യാസെ ഉള്ളൂ എപ്പോഴും വഴക്കാണ് തമ്മിൽ തമ്മിൽ. പെണ്ണും ആണും വിട്ടുകൊടുക്കില്ല. കണ്ണാ നിനക്ക് ദേഷ്യമിത്തിരി കൂടുന്നുണ്ട് കേട്ടോ.
അങ്ങനെ പറ അമ്മേ കല്യാണി കൊഞ്ഞനം കുത്തി.
അമ്മേ പൈസ തരുന്നോ ? എന്റെ കയ്യിൽ ഇല്ല കണ്ണാ അല്ലേലും നിന്റെ ഇപ്പോഴത്തെ കൂട്ടുകെട്ട് അത്ര നന്നല്ല എന്ന് അച്ഛനിന്നു പറഞ്ഞതേയുള്ളൂ. സിനിമ കാണാൻ പൈസ തന്നാൽ ആദ്യം വീട്ടിൽ നിന്നും ഇറക്കിവിടുക എന്നെയാരിക്കും.
അമ്മ തരത്തില്ല.
ഇല്ല. കണ്ണൻ പറമ്പിലോട്ട് ചെല്ല് പണിക്കാര് വന്നിട്ടുണ്ട് ദാ അവർക്കു കൊടുക്കാനുള്ള ചായ.
ഒറ്റ തട്ടായിരുന്നു പത്രത്തിലെ ചൂടുചായ. കുറെ കല്യാണിമോളുടെ ദേഹത്തും വീണു.
മോളുടെ ദേഹത്ത് ചായ വീണപ്പോൾ പരിഭ്രമിച്ചു തുടച്ചുകളയുന്നതിനിടെ താഴെ വീണ പാത്രം കാലുകൊണ്ട് തൊഴിച്ചു വിഷ്ണു ഇറങ്ങിപ്പോയി.
നാശത്തിന്റ തുടക്കം പതിനാറുകാരനായ വിഷ്ണു മാറുകയാരുന്നു അച്ഛനെ അനുസരിക്കാതെ അമ്മയെ വകവെക്കാതെ കുഞ്ഞിപ്പെങ്ങളെ സ്നേഹിക്കാതെ.
അമ്മയുടെ മടിയിൽ തലവെച്ചു കിടക്കുന്ന സുധാമണിയുടെ തേങ്ങൽ നേർത്തു നേർത്തു വന്നു. അഴിഞ്ഞുലഞ്ഞ മുടിചുരുളും അഴിഞ്ഞുവീഴാറായ സാരിയും നേരെയാക്കി അനിയത്തിമാർ കണ്ണീർവാർത്തു കൂട്ടിരുന്നു.
…………………………..
ഇനി വിഷ്ണു ക്ലാസ്സിൽ വരണ്ട.
എന്താ സാറെ ഞാൻ ചെയ്തത് ?ആദ്യം അതുപറ ?
നിനക്ക് അറിയില്ലല്ലേ ?എന്തൊരു കോലമാടോ ഇതു ?ഇങ്ങനാണോ വിദ്യാർത്ഥികൾ സ്കൂളിൽ വരുക ?ഗോപുരം പോലുള്ളമുടി ഊശാന്താടി, ഇറക്കമില്ലാത്ത ഇറുകി പിടിച്ച ജീൻസ്. താനൊക്കെ എന്താ വല്ല ഫാഷൻ ഷോക്കും പോകുവാണോ ?
ഇതിലൊക്കെ എന്തിനാ സാറെ ഇത്ര മസിലുപിടിക്കുന്നതു ?ഞങ്ങൾ ഞങ്ങൾക്കിഷ്ടമുള്ള പോലെ നടക്കും നിങ്ങൾ പഠിപ്പിച്ചാൽ മതി അല്ലാതെ നന്നാക്കാൻ വരണ്ട.
അഹങ്കാരി ഒരു അധ്യാപകനോടാണ് നീ സംസാരിക്കുന്നതെന്ന് ഓർത്തോ ?ഗുരുശാപത്തിനോളം വലിയൊരു ശാപം വേറെ ഇല്ല. ഒരു കാലത്തും പിന്നെ ഗതി പിടിക്കില്ല.
ഓ ഒന്ന് പോ സാറെ ചുമ്മാ എന്നെകൊണ്ട് വേറൊന്നും വിളിപ്പിക്കരുത്. ഞാൻ ക്ലാസ്സിലോട്ട് പോകുക ഇനി വല്ലതും പറയാൻ ഉണ്ടേൽ അങ്ങോട്ട് വന്നാൽ മതി.
ആരെയും കൂസാതെ ഓഫീസ് റൂമിൽ നിന്നും ഇറങ്ങിപോവുന്ന വിഷ്ണുവിനെ കണ്ടപ്പോൾ അമ്പരപ്പാണ് തോന്നിയത്.
സാറെ ഇവനൊക്കെ വല്ല കഞ്ചാവും ആയിരിക്കും സാർ വിഷമിക്കണ്ട. ക്ലാർക് ജോസഫ് എന്നെനോക്കി പറഞ്ഞപ്പോൾ ഹെഡ് മാസ്റ്റർ എന്ന എന്റെ പദവിയോട് തന്നെ എനിക്കു പുച്ഛം തോന്നി.
അന്നുതന്നെ സ്കൂൾ കൗൺസിലർ സെറീനയുമായി അരമണിക്കൂറോളം സംസാരിച്ചു. അടിയും ഭീഷണിയും വകവെക്കാത്ത ന്യൂ ജനറേഷനെ തളയ്ക്കാൻ എന്തേലും മനഃശാസ്ത്രപരമായ സമീപനം കൊണ്ടേ ആകു എന്നുറപ്പായിരുന്നു.
സെറീന അവനുമായി സംസാരിച്ചു എന്റെ അടുത്ത് പെരുമാറിയതിനേക്കാൾ മോശമായിരുന്നു പ്രതികരണം.
അന്നുനടന്ന സ്റ്റാഫ് മീറ്റിംഗിൽ സ്കൂളിലെ നിയമങ്ങൾ പാലിക്കാത്ത വിഷ്ണു അടക്കമുള്ള നാലുപേരെ സസ്പെൻസ് ചെയ്തു പിറ്റേന്ന് രാവിലെ നാലുപേരുടെയും രക്ഷാകർത്തകളോട് സ്കൂളിലെത്താൻ കർശനമായി നിർദ്ദേശം കൊടുത്തു.
രാവിലെ അസ്സംബ്ലി നടന്നു കൊണ്ടിരിക്കെ രാജീവ് എത്തി. മാന്യൻ ഒറ്റ നോട്ടത്തിൽ മതിപ്പു തോന്നുന്ന വ്യക്തിത്വം. വിഷ്ണുവിന്റെ കാര്യങ്ങൾ ചർച്ച ചെയ്തു. നാളെത്തന്നെ യൂണിഫോമിൽ മുടിയും താടിയും ഒക്കെ വെട്ടിച്ചു മകനെ കൊണ്ടുവരും എന്നുറപ്പു തന്നു അയാൾ യാത്ര പറഞ്ഞു…
പിന്നെ ഇന്ന് നേരം വെളുത്തപ്പോൾ ആദ്യം എത്തിയ വാർത്ത വിഷ്ണുന്റെ ആത്മഹത്യയാണ്.
മുറ്റത്തെ കസേരയിൽ ചാരിയിരുന്ന അലവിമാഷിന്റെ മുഖത്തു എന്തെന്നില്ലാത്ത വേദന നിറഞ്ഞു.
…….
രാജീവ്, ഇന്നലെ ചെക്കനോട് മുടിവെട്ടാൻ പറഞ്ഞു. അവൻ കൂട്ടാക്കിയില്ല ചേട്ടാ. രാജീവ് നിർബന്ധം പിടിച്ചു കവലയിലെ ശശിടെ ബാർബർ ഷോപ്പിൽ കൊണ്ടുപോയി മുടി പറ്റെ വെട്ടിച്ചു. താടിയും വടിപ്പിച്ചു. അതുകഴിഞ്ഞു വീട്ടിൽ വന്നു അച്ഛനുമായി ചെക്കൻ ഭയങ്കര ബഹളമരുന്നു. അവസാനം റൂമിൽ കേറി വാതിലടച്ചതാണ്.
പാതിരാത്രി ആയിട്ടും അനക്കമൊന്നുമില്ലാഞ്ഞപ്പോൾ രാജീവ് വാതിൽ ചവുട്ടിപൊളിച്ചു അന്നേരം കണ്ടത് തൂങ്ങിനില്ക്കുന്ന ചെക്കനെയാ.
അയൽക്കാരൻ വിനു സുധയുടെ അകന്ന ബന്ധത്തിലെ അമ്മാവനോടും മക്കളോടും വിശദീകരിച്ചു.
കലികാലം ശിവ ശിവ. എങ്ങനെ വളർത്തിയ ചെക്കനാണ് ദേവിയെ ഈ പണി കാണിച്ചത് അമ്മായി കണ്ണീർ തുടച്ചു.
അഹങ്കാരം തന്നിഷ്ടം അല്ലാതെന്താ. അമ്മാവൻ തന്നോട് തന്നെ പറഞ്ഞു.
…. ……
മാസങ്ങൾക്കു ശേഷം ആളും അനക്കവുമില്ലാത്ത ഉമ്മറത്ത് സന്ധ്യ വിളക്ക് കൊളുത്തി കല്യാണിമോൾ നാമം ചൊല്ലി.
തൂണും ചാരി വിഷ്ണുവിന്റെ കുഴിമാടത്തിലേക്കു നോക്കി പ്രതിമ കണക്കെ ഇരുന്ന രാജീവന്റ അടുത്ത് സുധാമണി വന്നിരുന്നു.
എന്റെ ചേട്ടൻ ഇനി സങ്കടപെടരുത്. തന്നിഷ്ടക്കാരനായ മകനെ ഇനിയും വളർത്തി നാടിനും വീടിനും ദുരന്തം വിതയ്ക്കുന്നതിലും ഭേദം അവൻ ഈ കുഴിമാടത്തിൽ നമുക്കരുകിൽ ഉറങ്ങുന്നത് തന്നെയാണ്.
രാജീവ് നിറഞ്ഞൊഴുകിയ മിഴികളുമായി സുധയുടെ വയറിലേക്ക് മുഖം പൂഴ്ത്തവേ ആ ആണ്ടിലെ കർക്കിടകം തുള്ളിക്കൊരു കുടമായി പെയ്തു തുടങ്ങി…