വാക്ക് ~ രചന: Meera Saraswati
”ഡീ അങ്ങോട്ടു നോക്കെഡീ.. നിന്റെ മാമൻ മൂസറും പരിവാരങ്ങളും.. ഏന്തോ ഉടായിപ്പ് മണക്കുന്നുണ്ടല്ലൊ.”
സ്കൂളിനടുത്തുള്ള കടയിൽ നിന്നും വാങ്ങിയ പുളിയച്ചാറും നുണഞ്ഞ് കൊണ്ട് നടന്നു വരുമ്പോഴാണു സ്കൂൾ ഗേറ്റിൽ അരഭിത്തിയോടു ചാരിയിരുന്ന് സൊറ പറയുന്ന സൈറയുടെ മാമൻസ് ആൻഡ് ടീമിനെ അവൾ കാണുന്നത്. കയ്യിലെ പകുതി കഴിച്ച പുളിയച്ചാർ താഴെയിട്ട് ബാക്കിയുള്ളവ കൈവെള്ളയിൽ മടക്കി ഒളിപ്പിച്ചു വെച്ചു രണ്ടാളും.
“ഇങ്ങേരും വായനോട്ടം തുടങ്ങിയോ” എന്ന് പിറുപിറുത്ത് കൊണ്ട് മുന്നോട്ട് നടന്നപ്പോഴേക്കും ആളുടെ വിളിവന്നിരുന്നു. സ്വിച്ചിട്ട പോലെ രണ്ടാളും അവിടെ നിന്നു.
“ഡീ തീർന്നെഡീ തീർന്ന്.. നിന്റെ മൊരടൻ മാമൻ പുളിയച്ചാറ് കണ്ടു. ചെവി പൊത്തിക്കോ ഇനി തലങ്ങും വിലങ്ങും ഉപദേഷങ്ങളുടെ പെരുമഴയാകും.”
” സൈറാ, ഇതെന്റെ ചെങ്ങായിയാ അജ്മൽ. ഡെന്റിസ്റ്റാണ്.” കൂടെയുള്ള ചെറുപ്പക്കാരനെ നോക്കിയാണു അസർ പറഞ്ഞത്.
” ഹയ്യ്.. കൊള്ളാലോ നല്ല മൊഞ്ചുള്ള വായനോക്കി ഡാക്കിട്ടർ..” എന്നിലെ കോഴി സടകുടഞ്ഞെഴുന്നേറ്റു. പക്ഷെ ആ സന്തോഷം അധികം നിലനിന്നില്ല.
” ഡീ പാത്തു നീയിങ്ങു വന്നേ..” അവരിൽ നിന്നും കുറച്ച് മാറിനിന്നാണു വിളിച്ചത്.
“പടച്ച റബ്ബേ അപ്പൊ എന്നെ മാത്രേ കണ്ടുള്ളൂ.. ഞാനിന്ന് തീർന്ന്.. പിറുപിറുത്തും കൊണ്ട് അവൾ അസറിനരികിലേക്ക് നീങ്ങി.
” നിനക്ക് നാണമുണ്ടോടി ചെറുക്കനും പെണ്ണും സംസാരിക്കുന്നിടത്ത് വായുംപൊളിച്ചിരിക്കാൻ..”
ചെറുക്കനും പെണ്ണുമോ?!! അപ്പൊ ഇതൊരു പെണ്ണുകാണൽ ചടങ്ങാണൊ..സൈറയെ നോക്കിയപ്പോൾ അവളുടെ മുഖം നാണത്താൽ ചുക ചുകന്നിട്ടുണ്ട്. ചെറുക്കൻ നേരത്തെ കണ്ട അതേ പുഞ്ചിരിയോടെ സംസരിക്കുന്നുണ്ട്.
“അപ്പൊ അവളുടെ എക്സാമോ?”
അതായിരുന്നു പെട്ടെന്ന് അവൾക്ക് ചോദിക്കാൻ തോന്നിയത്. അതൊക്കെ ഇനി അവൻ തീരുമാനിച്ചോളും എന്ന അസർന്റെ ഒഴുക്കൻ മട്ടിലുള്ള മറുപടി അവളിലെ കോപത്തെ ആളിക്കത്തിച്ചു.
” ഡൊ, താൻ എന്ത് കോപ്പിലെ അമ്മാവനാണെടോ. പതിനെട്ട് തികയാൻ കാത്ത് നിൽക്കുകയാണു കെട്ടിച്ചു വിടാൻ. അവൾടെ ആഗ്രഹം എന്താനെന്ന് ഇതുവരെ ചോദിച്ച് മനസ്സിലാക്കിയിട്ടുണ്ടോ? അത് പോട്ടെ അവളാണു ഞങ്ങൾടെ ക്ലാസ്സിൽ ഏറ്റവും നന്നായി പഠിക്കുന്ന കുട്ടിയെന്ന് തനിക്കറിയാവോ. എക്സാമിനു ഇനി രണ്ടു മാസം കൂടിയെ ഉള്ളൂ. ഞങ്ങളെയൊക്കെ വേണ്ടതിനും വേണ്ടാത്തതിനുമൊക്കെ ഉപദേഷിക്കാറുണ്ടല്ലോ.. ആതിന്റെ ഒരംശമെങ്കിലും
സ്വന്തം വീട്ടുകാരെ ഉപദേഷിച്ചൂടെ. അതെങ്ങനെ പെണ്ണുങ്ങൾക്ക് വിദ്യഭ്യാസം ഒന്നും ആവശ്യമില്ലന്ന ചിന്താഗതിയും കൊണ്ട് നടക്കയല്ലെ.. ഡോക്ടറാണു പോലും. മൊരടൻ…”
വായിൽ തോന്നിയതൊക്കെ വിളിച്ചു പറഞ്ഞപ്പോഴാണു ആരോടാണു പറഞ്ഞതെന്ന ബോധമുണ്ടായത് തന്നെ. അവൾക്കാകെ പരവേഷം തോന്നി. ആകാശവും ഭൂമിയുമൊക്കെ തനിക്ക് ചുറ്റും കറങ്ങുന്നതായി തോന്നി. നിന്ന നിൽപ്പിൽ അപ്രത്യക്ഷമായെങ്കിൽ എന്ന് ഒരു വേളയവൾ ആഗ്രഹിച്ചു. ഭയത്തോടെ അവന്റെ മുഖത്തവൾ നോക്കിയപ്പോൾ കണ്ടത് തന്റെ കയ്യിൽ നിന്നും ഊർന്ന് വീണ പുളിയച്ചാർ നുണയുന്ന അസർനെയാണു. അവളവനെ അത്ഭുതത്തോടെ കണ്ണു മിഴിച്ചു നോക്കി..
“ഡീ ഉണ്ടക്കണ്ണീ..നിക്ക് ഇനീം ചങ്ങായിമാരുണ്ട് നാളെ തന്നെ വീട്ടിലേക്ക് പറഞ്ഞു വിടാട്ടോ..”
കണ്ണിറുക്കി പറഞ്ഞും കൊണ്ട് ഒരു കുസൃതി ചിരിയോടെ അജ്മൽനടുത്തേക്ക് നടന്നൂ അവൻ.
തിരിച്ച് വീട്ടിലേക്ക് നടക്കുമ്പോൾ ആകാംക്ഷ മറച്ചു വെക്കാൻ പാത്തുവിനായില്ല. നീയീ കല്ല്യാണത്തിനു സമ്മതിക്കുമോ എന്ന ചൊദ്യത്തിനു ‘വേറെ നിവൃത്തിയില്ലെഡാ’ എന്ന ഒറ്റവാക്കിൽ ഉത്തരമായിരുന്നു സൈറയുടേത്. തനിക്കു താഴെ വളരുന്ന രണ്ട് പെണ്മക്കളെ ഓർക്കണമെന്ന ഉമ്മയുടെ ഒർമ്മപ്പെടുത്തലുകൾ തുടങ്ങിയിട്ട് ഒരിത്തിരി നാളായിട്ടുണ്ട്. എന്നാലും പതിനെട്ടായ ഉടനെ കെട്ടിച്ചു വിടുമെന്ന് അവളും പ്രതീക്ഷിച്ചിരുന്നില്ലാ.. അതിനേക്കാൾ ഏറെ ഡോക്ടറായ അസർ തന്നെ മുൻകയ്യെടുക്കുമെന്നും. വഴിയിലുടനീളം മൗനം രണ്ട് പേരെയും കൂട്ടു പിടിച്ചു.. സൈറയിൽ നിന്നും പാത്തുവിലേക്കുള്ള ദൂരം അധികമൊന്നുമില്ലെന്ന് പാത്തുവിന് അറിയാമായിരുന്നു..
🌺🌺🌺🌺🌺🌺🌺
” ഡീ, അപ്പൊ നാളെ സ്കൂളിൽ വരില്ലെ നീ..”
തെല്ലോരു നിരാശയോടെ പാത്തു ചോദിച്ചു. കല്ല്യാണക്കാര്യത്തിൽ തീരുമാനമായെന്നു അറിയിക്കാൻ വിളിച്ചതായിരുന്നു സൈറ. നാളെ രാവിലെ വീട്ടിലോട്ടു വാ അപ്പോൾ പറയാം എന്നു മാത്രം പറഞ്ഞവൾ.
പിറ്റേന്ന് പാത്തുവിനെ കണ്ടതും സൈറ ഓടിവന്നു കെട്ടിപിടിച്ചു. സ്കൂൾ യൂണിഫോമിൽ അവളെ കണ്ടതും പാത്തു അത്ഭുതപ്പെട്ടു. അസർ അജ്മലിനോട് സംസരിച്ച് കല്ല്യാണം രണ്ട് വർഷം കഴിഞ്ഞു നടത്താമെന്ന തീരുമാനത്തിൽ എത്തിയെന്നും പ്ലസ് റ്റു കഴിഞ്ഞ് ഇഷ്ടമുള്ള കോഴ്സിനു ചേർന്ന് പഠിക്കാൻ അജ്മൽ പറഞ്ഞിട്ടുണ്ടെന്നും മറ്റും ആവേശത്തോടെ പറയുന്ന സൈറയെ കണ്ടപ്പോൾ അവളുടെ കണ്ണും സന്തോഷത്താൽ നിറഞ്ഞിരുന്നു. ടീവി കാണുന്നു എന്ന വ്യാചേനെ സോഫയിലിരുന്ന് അവരുടെ പ്രവർത്തികൾ വീക്ഷിക്കുന്ന അസറിലേക്ക് നോട്ടം തെന്നിമാറിയതും അവൻ മീശയും പിരിച്ചു കണ്ണിറുക്കി കാണിച്ചും കൊണ്ട് ചിരിച്ചു. തെല്ലൊരു ജാള്യതയോടെ അവളപ്പോൾ മിഴികൾ പിൻവലിച്ചു.
🌺🌺🌺🌺🌺🌺🌺
കൃത്യം ഒരു വർഷം കഴിഞ്ഞതും സൈറയുടെ അതേ അവസ്ത്ഥയായിരുന്നു പാത്തുവിന്റെതും. ആരോടും പറഞ്ഞിട്ട് ഒരു കാര്യവും ഇല്ലെന്ന് അറിയുന്നതിനാൽ തന്നെയും പെണ്ണുകാണൽ ചടങ്ങിനായ് ഒരുങ്ങി. ചുറ്റുമുള്ള തമാശകളും പൊട്ടിച്ചിരികളുമൊക്കെ അലോസരമായി തോന്നി തുടങ്ങി. സൈറയെ മുരടൻ രക്ഷപ്പെടുത്തിയ പോലെ തന്നെയും രക്ഷപ്പെടുത്താൻ ആരെങ്കിലു വരണേ എന്ന് ആത്മാർത്തമയി ആഗ്രഹിച്ചു.
ചെറുക്കന്റെ വീട്ടിൽ നിന്നും വന്നവരുടെ കൂടെ സൈറയുടെ ഉമ്മയെയും കണ്ടപ്പോൾ അൽഭുതം കൂറി. അവളുടെ ബന്ധുക്കളാരെങ്കിലും ആ കുമെന്ന ചിന്ത അൽപ്പം ആശ്വാസം പകർന്നെങ്കിലും ആരുടേയും മുഖങ്ങളിലേക്ക് നോക്കിയില്ല. വളയിടൽ ചടങ്ങു കഴിഞ്ഞതും ചെറുക്കനും പെണ്ണും സംസാരിക്കട്ടെ എന്നും പറഞ്ഞ് ബാക്കിയുള്ളവർ മുറിവിട്ടിറങ്ങി. ജനാലയിലൂടെ പുറത്തേക്ക് കണ്ണും നട്ടവൾ നിന്നു.
“ഡൊ ഒന്നു മുഖത്തേക്ക് നോക്കെടൊ..”
അരികിലായ് പരിചയമുള്ള ശബ്ദം കേട്ടതും അവൾ ഞെട്ടി പിടഞ്ഞു നോക്കി.
“അസർ”
അവൾക്ക് വല്ലാതെ ദേഷ്യ്ം തോന്നി അവനോട്. കണ്ണു നിറഞ്ഞു ചുവന്നു വന്നു.
“ഞാൻ പറഞ്ഞതല്ലേ ന്റെ ആഗ്രഹങ്ങളെ പറ്റിയൊക്കെ.. എന്നോട് പക പോക്കുകയാണൊ.” അവളൊന്ന് വിതുമ്പി.
അവനവളുടെ ചുണ്ടിൽ വിരൽ ചേർത്തു പിടിച്ചതും ഒരു വേളയവൾ നിശ്ചലമായി.
” അന്ന് നീ സൈറക്ക് വേണ്ടി സംസാരിച്ചപ്പോഴേ ഉറപ്പിച്ചതാ ഈ കാന്താരിയെ ആർക്കും വിട്ടു കൊടുക്കില്ലെന്ന്. അതുകൊണ്ട് തന്നെയാ നിന്റെ ഇക്കയോടു നിന്നെയെനിക്ക് തന്നെ തരണേ എന്നു അവശ്യപ്പെട്ടതും. വീട്ടിൽ കല്ല്യാണാലോചന നടക്കുംമ്പോൾ അവൻ എന്നെ വിളിച്ചറിയിച്ചതും അത് കൊണ്ട് തന്നെയാ. പിന്നേ സൈറയ്ക്കും വാക്ക് കൊടുത്തിരുന്നു അവളുടെ സ്വപ്നങ്ങൾക്ക് നിറമേകാൻ സഹായിച്ചവളുടെ സ്വപ്നങ്ങൾക്ക് നിറമേകിക്കോളാം എന്ന്.. “
“അല്ലെങ്കിലും ഞാൻ അല്ലെങ്കിൽ വേരൊരാൾ ഇന്നിവിടെ വരുമായിരുന്നു. അവൻ തന്റെ ഇഷ്ടങ്ങൾക്ക് എതിരാകുമെങ്കിൽ എന്തു ചെയ്യും. നിന്നെ എത്ര വേണേലും ഞാൻ പഠിപ്പിക്കാഡി. ഇതെന്റെ വാക്കാ..ഇനിയെന്നുമീ മുരടന്റേത് മാത്രമായിക്കൂടെ..”
അവളുടെ ഇടുപ്പിലൂടെ കൈയ്യിട്ട് തന്നിലേക്ക് ചേർത്തുനിർത്തിയവൻ ചോദിച്ചു. സമ്മതമെന്നോണം ഒരു ചെറു പുഞ്ചിരിയോടെ അവളവനോട് ചേർന്നു നിന്നു…
🌺🌺🌺🌺